>>കവര്‍സ്റ്റോറി
മദീനാ പലായനത്തിലെ സ്ത്രീസാന്നിധ്യം
ബനാന്‍ ത്വന്‍ത്വാവി അത്ത്വാര്‍
രണ്ടാം അഖബാ ഉടമ്പടിയെക്കുറിച്ച് കഅ്ബുബ്‌നു മാലിക് (റ) പറയുന്നു: ''..... ഞങ്ങള്‍ അന്നു രാത്രി, ഞങ്ങളുടെ നാട്ടുകാരോടൊപ്പം, ഞങ്ങളുടെ വീടുകളില്‍ കിടന്നുറങ്ങി. സമയം പാതിരയായപ്പോള്‍ നബി(സ)യുമായി മുന്‍കൂട്ടി പറഞ്ഞുറപ്പിച്ചത് പ്രകാരം വീടുകളില്‍നിന്ന് പുറത്തിറങ്ങി. പാത്തും പതുങ്ങിയുമായിരുന്നു നടത്തം. മലഞ്ചെരുവില്‍ അഖബയുടെ അടുത്ത് ഞങ്ങള്‍ സമ്മേളിച്ചു. കഅ്ബിന്റെ മകള്‍ നുസൈബ് (ഉമ്മു അമ്മാറ), അംറിന്റെ മകള്‍ അസ്മാഅ് (ഉമ്മു മനീഅ്) എന്നീ രണ്ട് വനിതകള്‍ ഉള്‍പ്പെടെ ഞങ്ങള്‍ എഴുപത്തിമൂന്ന് പേരുണ്ടായിരുന്നു'' (സീറത്തു ഇബ്‌നി ഹിശാം).
* * * *
ഉമ്മു സലമ(റ) പറയുന്നു: ''........ മദീനയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചപ്പോള്‍ ഭര്‍ത്താവ് അബൂസലമ അദ്ദേഹത്തിന്റെ ഒട്ടകത്തെ യാത്രക്കൊരുക്കി എന്നെ അതില്‍ കയറ്റിത്തന്നു. എന്റെ മകന്‍ സലമയെ ഞാന്‍ മടിയില്‍ ഇരുത്തി. അദ്ദേഹം ഒട്ടകത്തെ തെളിച്ച് നടന്നു തുടങ്ങി. എന്റെ ബന്ധുക്കളായ മുഗീറ വംശജര്‍ ഇത് കണ്ട് പ്രകോപിതരായി. അവര്‍ പറഞ്ഞു: നിങ്ങള്‍ സ്വന്തം കാര്യം നോക്കിയാല്‍ മതി. ഇവളെയുമായി എങ്ങോട്ടാ? അവളെയും കൊണ്ട് നാടുകളിലൂടെ ചുറ്റിനടക്കാന്‍ ഞങ്ങള്‍ താങ്കളെ അനുവദിക്കുകയോ? അവര്‍ അദ്ദേഹത്തിന്റെ കൈയില്‍നിന്ന് കടിഞ്ഞാണ്‍ പിടിച്ചുവാങ്ങി എന്നെ അദ്ദേഹത്തില്‍നിന്ന് വേര്‍പ്പെടുത്തി. ഇത് കണ്ടപ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കളായ അബ്ദുല്‍ അസദ് വംശജര്‍ ദേഷ്യപ്പെട്ടു. അവര്‍ പറഞ്ഞു: ദൈവമാണ, നിങ്ങള്‍ അവളെ ഞങ്ങളുടെ ബന്ധുവില്‍നിന്ന് വേര്‍പ്പെടുത്തുന്ന പക്ഷം ഞങ്ങളുടെ മകനെ ഞങ്ങള്‍ അവള്‍ക്ക് വിട്ടുകൊടുക്കുകയില്ല. അതിനിടെ എന്റെ കുഞ്ഞുമോന്‍ സലമയെ ചൊല്ലി ഇരുപക്ഷവും പിടിവലിയായി. തല്‍ഫലമായി കുഞ്ഞിന്റെ കൈയൊടിഞ്ഞു. ഭര്‍തൃബന്ധുക്കള്‍ അവനെയും കൊണ്ടുപോയി. എന്നെ എന്റെ ബന്ധുക്കള്‍ തടഞ്ഞുവെച്ചു. (ഇതൊന്നും കൂസാതെ) എന്റെ ഭര്‍ത്താവ് അബൂസലമ മദീനയിലേക്ക് പോയി. അങ്ങനെ ഞാനും ഭര്‍ത്താവും കുഞ്ഞും മൂന്നിടങ്ങളിലായി ഒറ്റപ്പെട്ടു. ഞാന്‍ എല്ലാ ദിവസവും രാവിലെ അബ്ത്വഹില്‍ പോയിരുന്ന് കരയുമായിരുന്നു. ഇങ്ങനെ ഒരു വര്‍ഷമോ അതിനടുത്തോ കഴിഞ്ഞു. അങ്ങനെയിരിക്കെ, എന്റെ പിതൃവ്യ പുത്രന്മാരിലൊരാള്‍ എന്റെ സങ്കടാവസ്ഥ കണ്ട് കരുണ തോന്നി എന്റെ ബന്ധുക്കളോട് പറഞ്ഞു: നിങ്ങള്‍ ഈ പാവത്തെ പോവാന്‍ അനുവദിക്കുന്നില്ലേ? നിങ്ങള്‍ അവളെയും ഭര്‍ത്താവിനെയും കുഞ്ഞിനെയും വേര്‍പ്പെടുത്തിക്കളഞ്ഞല്ലോ? ഇതു കേട്ടപ്പോള്‍ എന്റെ ബന്ധുക്കള്‍ പറഞ്ഞു: നീ വേണമെങ്കില്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് പോയിക്കൊള്ളൂ. അവര്‍ കുഞ്ഞിനെ എനിക്ക് തിരികെ തന്നു. ഞാന്‍ കുഞ്ഞിനെ മടിയില്‍ വെച്ച് ഒട്ടകപ്പുറത്ത് യാത്രയായി. മദീനയിലെ ഭര്‍ത്താവുമായി സന്ധിക്കുകയായിരുന്നു ലക്ഷ്യം. യാത്രയില്‍ ഞാന്‍ തനിച്ചായിരുന്നു.......'' (സീറത്തു ഇബ്‌നി ഹിശാം).
* * * *
''.......... മദീനയിലേക്ക് പലായനം ചെയ്യാന്‍ തീരുമാനിച്ച നബി(സ) അബൂബക്കറിനെ ചെന്നു കണ്ടു. അബൂബക്കറിന്റെ വീടിന്റെ മുകളിലെ ചെറിയ വാതിലിലൂടെ ഇരുവരും പുറത്തുകടന്നു. മക്കയുടെ താഴ്ഭാഗത്തുള്ള സൗര്‍ ഗുഹയായിരുന്നു അവരുടെ ലക്ഷ്യം. ഇരുവരും ഗുഹയില്‍ പ്രവേശിച്ചു. നാട്ടില്‍ പകല്‍ സമയത്ത് ആളുകള്‍ തമ്മില്‍ നടക്കുന്ന സംസാരങ്ങള്‍ ശ്രദ്ധിക്കാനും അവ വൈകുന്നേരത്തോടെ ഇരുവരെയും ധരിപ്പിക്കാനും അബൂബക്കര്‍(റ) മകന്‍ അബ്ദുല്ലയെ ചുമതലപ്പെടുത്തി. അടിമ ആമിറുബ്‌നു ഫുഹൈറയോട് പകല്‍ ആടുകളെ മേച്ച് മടങ്ങുമ്പോള്‍ ഗുഹാവഴി വന്നുപോകാന്‍ നിര്‍ദേശിച്ചു. ഇരുവര്‍ക്കും ആവശ്യമായ ഭക്ഷണം അബൂബക്കറി(റ)ന്റെ മകള്‍ അസ്മാഅ് വൈകുന്നേരങ്ങളില്‍ കൊണ്ടുപോയി കൊടുത്തു.....
ഇരുവരും ഗുഹയില്‍ മൂന്ന് ദിവസം താമസിച്ചു. അതിനിടെ, ജനങ്ങള്‍ അവരെക്കുറിച്ച് നിശ്ശബ്ദരായി. നേരത്തെ കൂലി നിശ്ചയിച്ചുറപ്പിച്ചത് പ്രകാരം ഒരാള്‍, രണ്ടു പേരുടെയും ഒട്ടകങ്ങളുമായി അവിടെ എത്തി. അസ്മാഅ് (റ) അവര്‍ക്കാവശ്യമായ ഭക്ഷണപ്പൊതിയുമായി വന്നു. ഭക്ഷണപ്പൊതി കെട്ടാന്‍ അവര്‍ മറന്നിരുന്നു. ഇരുവരും യാത്രയായപ്പോള്‍ അത് കെട്ടാനായി അസ്മാഅ് ചെന്നു. പക്ഷേ, അവരുടെ വശം കയറില്ലായിരുന്നു. അവര്‍ ഉടനെ അരപ്പട്ട അഴിച്ചെടുത്ത് ഭക്ഷണപ്പൊതി കെട്ടി. ഇതു കാരണം അവര്‍ 'ദാത്തുന്നിത്വാഖ്' (അരപ്പട്ടയുള്ളവള്‍) എന്നറിയപ്പെട്ടുപോന്നു. അസ്മാഇനെ ചിലര്‍ 'ദാത്തുന്നിത്വാ ഖൈന്‍' (രണ്ട് അരപ്പട്ടയുള്ളവള്‍) എന്നും വിളിച്ചുവരുന്നുണ്ട്. അരപ്പട്ട രണ്ടായി പകുത്ത് ഒന്ന് കൊണ്ട് ഭക്ഷണപ്പൊതിയും മറ്റേത് കൊണ്ട് അരയും കെട്ടിയതിനാലാണ് ഈ വിളിപ്പേര് വന്നത്'' (സീറത്തു ഇബ്‌നി ഹിശാം).
* * * *
അബൂബക്കറി(റ)ന്റെ മകള്‍ അസ്മാഅ് (റ) പറയുന്നു: '' നബിയും അബൂബക്കറും മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ അബൂ ജഹ്‌ലുള്‍പ്പെടെ ഏതാനും ഖുറൈശികള്‍ അബൂബക്കറിന്റെ വീട്ടില്‍ വന്നു. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു. അവര്‍: അബൂബക്കറിന്റെ മകളേ, നിന്റെ പിതാവെവിടെ? ഞാന്‍: ദൈവമാണ, എന്റെ പിതാവ് എവിടെയാണെന്ന് എനിക്ക് അറിയില്ല. അപ്പോള്‍ അബൂജഹ്ല്‍ കൈപൊക്കി എന്റെ കവിളില്‍ അടിച്ചു. അടിയുടെ ആഘാതത്തില്‍ എന്റെ കമ്മല്‍ തെറിച്ചുപോയി. അയാള്‍ ദുഷ്ടനായിരുന്നു'' (സീറത്തു ഇബ്‌നി ഹിശാം).
* * * *
അസ്മാഅ് തുടരുന്നു. ''.............നബിയും അബൂബക്കറും മദീനയിലേക്ക് ഹിജ്‌റ പോയപ്പോള്‍ തന്റെ പണം മുഴുവന്‍ കൈവശം വെച്ചു. അത് അയ്യായിരമോ ആറായിരമോ ദിര്‍ഹമുണ്ടായിരുന്നു. അതിനിടെ, എന്റെ പിതാമഹന്‍ അബൂഖുഹാഫ -അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു- എന്റെ അടുത്ത് വന്നുകൊണ്ട് പറഞ്ഞു: ദൈവമാണ, ശരീരത്തിന്റെ പേരില്‍ മാത്രമല്ല, സമ്പത്തിന്റെ പേരിലും അവന്‍ നിങ്ങളെ വേദനിപ്പിച്ചിരിക്കുകയാണ്. ഞാന്‍ പറഞ്ഞു: ഉപ്പാപ്പ, അങ്ങനെയല്ല. അദ്ദേഹം ഞങ്ങള്‍ക്ക് ധാരാളം സമ്പത്ത് വിട്ടേച്ചാണ് പോയിരിക്കുന്നത്. ഇതും പറഞ്ഞ് ഞാന്‍ കുറച്ച് കല്ലുകള്‍ എടുത്ത്, പിതാവ് വീട്ടില്‍ പണം വെക്കാറുണ്ടായിരുന്ന സ്ഥലത്ത് വെച്ചു. അതിന്മേല്‍ ഒരു തുണികൊണ്ട് മൂടിയിട്ട്, ഉപ്പാപ്പയുടെ കൈപിടിച്ച് ഞാന്‍ പറഞ്ഞു: ദാ, ഇവിടെ തപ്പി നോക്കൂ. ഇവിടെയാണ് പണം വെച്ചിരിക്കുന്നത്. ഉപ്പാപ്പ തപ്പി നോക്കിയിട്ട് പറഞ്ഞു: നിങ്ങള്‍ക്ക് വല്ലതും വിട്ടേച്ചാണ് പോയതെങ്കില്‍ കുഴപ്പമില്ല. ഇതില്‍ നിങ്ങള്‍ക്കുള്ള സന്ദേശമുണ്ട്. യഥാര്‍ഥത്തില്‍ പിതാവ് ഞങ്ങള്‍ക്കു വേണ്ടി ഒന്നും വിട്ടേച്ചിരുന്നില്ല. ഉപ്പാപ്പയെ സമാധാനിപ്പിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം'' (സീറത്തു ഇബ്‌നി ഹിശാം).
* * * *
അനസി(റ)ല്‍നിന്ന് ബൈഹഖി ഉദ്ധരിക്കുന്നു: ''നബി(സ) ഹിജ്‌റ ചെയ്ത് മദീനയിലെത്തി. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന അന്‍സ്വാറുകള്‍ നബി(സ)യെ സമീപിച്ച് അപേക്ഷിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളുടെ ആതിഥ്യം സ്വീകരിച്ചാലും. നബി(സ) പറഞ്ഞു: നിങ്ങള്‍ ഒട്ടകത്തെ വിട്ടേക്കൂ. അത് നിര്‍ദേശിക്കപ്പെട്ടതാണ് (അത് മുട്ടുകുത്തുന്നേടത്താണ് താമസിക്കുക എന്ന സൂചന). ഒട്ടകം മുട്ടുകുത്തിയത് അബൂഅയ്യൂബില്‍ അന്‍സ്വാരിയുടെ വീട്ടുപടിക്കലായിരുന്നു. നജ്ജാര്‍ വംശത്തിലെ പെണ്‍കുട്ടികള്‍, ഞങ്ങള്‍ നജ്ജാര്‍ വംശത്തിലെ പെണ്‍കുട്ടികളാണ്, മുഹമ്മദ് എത്ര നല്ല അയല്‍ക്കാരന്‍ എന്ന് ദഫ് കൊട്ടി പാടിക്കൊണ്ടിരുന്നു. നബി(സ) അവരെ സമീപിച്ച് ചോദിച്ചു: നിങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്നുവോ? അവര്‍ പ്രതികരിച്ചു: ദൈവദൂതരേ, ദൈവമാണ, ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. നബി(സ) പ്രതിവചിച്ചു: ദൈവമാണ, ഞാന്‍ നിങ്ങളെയും സ്‌നേഹിക്കുന്നു. ദൈവമാണ, ഞാന്‍ നിങ്ങളെയും സ്‌നേഹിക്കുന്നു, ദൈവമാണ, ഞാന്‍ നിങ്ങളെയും സ്‌നേഹിക്കുന്നു'' (ഇബ്‌നു കസീര്‍, അല്‍ബിദായ വന്നിഹായ).
* * * *
അബൂ അയ്യൂബില്‍ അന്‍സ്വാരി(റ) പറയുന്നു: ''നബി(സ) എന്റെ വീട്ടില്‍ അതിഥിയായി എത്തിയപ്പോള്‍ താഴെ നിലയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഞാനും ഭാര്യ ഉമ്മു അയ്യൂബും വീടിന്റെ മുകളിലായിരുന്നു പാര്‍ത്തിരുന്നത്. ഞാന്‍ നബിയോട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഞാന്‍ വീടിന്റെ മുകളിലും താങ്കള്‍ താഴെയും കഴിയുന്നതില്‍ എനിക്ക് വല്ലാത്ത പ്രയാസമുണ്ട്. അതിനാല്‍ താങ്കള്‍ മുകളില്‍ കഴിയണം. ഞങ്ങള്‍ താഴെ താമസിച്ചുകൊള്ളാം. നബി(സ): വീടിന്റെ താഴെ കഴിയുന്നതാണ് നമ്മെ കാണാന്‍ വരുന്നവര്‍ക്ക് സൗകര്യമാവുക. അങ്ങനെ, നബി(സ) താഴെയും ഞങ്ങള്‍ മുകളിലുമായി കഴിഞ്ഞുവന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വെള്ളം സൂക്ഷിച്ചിരുന്ന ഒരു മണ്‍കുടം പൊട്ടി. വെള്ളം നബിയുടെ മേല്‍ ഇറ്റിവീഴുമെന്ന് ഞങ്ങള്‍ ഭയന്നു. ഞാനും ഉമ്മു അയ്യൂബും ഞങ്ങള്‍ക്ക് ആകെ ഉണ്ടായിരുന്ന ഒരു പുതപ്പെടുത്ത് വെള്ളം തുടച്ചെടുത്തു.... ഞങ്ങള്‍ നബിക്കാവശ്യമായ അത്താഴം തയാറാക്കി താഴേക്കെത്തിക്കും. അദ്ദേഹം കഴിച്ചതിന്റെ മിച്ചം അദ്ദേഹം കൈവെച്ച സ്ഥലം നോക്കി ഞാനും ഉമ്മു അയ്യൂബും കഴിക്കുമായിരുന്നു. നബി കഴിച്ച ഭക്ഷണത്തിന്റെ ബര്‍ക്കത്ത് നേടിയെടുക്കുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം'' (സീറത്തു ഇബ്‌നി ഹിശാം).
* * * *
മദീനാപലായനത്തിലെ സ്ത്രീസാന്നിധ്യത്തെക്കുറിച്ച ചില ചരിത്ര രേഖകളാണ് നാം മുകളില്‍ കണ്ടത്. ഹിജ്‌റക്ക് കളമൊരുക്കിയ രണ്ടാം അഖബാ ഉടമ്പടി വേളയില്‍ സ്ത്രീപങ്കാളിത്തമുണ്ടായി. ഹിജ്‌റയില്‍ പ്രായോഗികമായിത്തന്നെ പുരുഷനോടൊപ്പം സ്ത്രീകളും പങ്കാളികളായി. പുരുഷന്മാരെപ്പോലെ സ്ത്രീകളും പലായനത്തിന്റെ പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ സ്വയം സന്നദ്ധരായി. ഉമ്മു സലമയുടെ ത്യാഗപരിശ്രമം അതിന്റെ നേര്‍ ചിത്രമാണ്. നബി(സ)യുടെ പലായന രഹസ്യം കാത്തുസൂക്ഷിക്കുന്നതിലും അവര്‍ മാതൃകയായി. പുരുഷന്മാരെപ്പോലെ ആഇശ, അസ്മാഅ് എന്നീ വനിതകള്‍ക്കും യാത്രയുടെ സ്വകാര്യത സൂക്ഷിക്കാന്‍ അവസരം ലഭിച്ചു. പലായന പദ്ധതി നടപ്പാക്കുന്നതിലും വിജയിപ്പിക്കുന്നതിലും ശാരീരികമായും സാമ്പത്തികമായും പിന്തുണക്കുന്നതിലും അവര്‍ മികച്ച മാതൃകയായി. അസ്മാഇന്റെ പ്രവര്‍ത്തനത്തില്‍ അതാണ് നാം കണ്ടത്. ഗുഹയിലേക്ക് ഭക്ഷണമെത്തിക്കുക, യാത്രാ സൗകര്യങ്ങളൊരുക്കുക, പിതാവിന്റെ അസാന്നിധ്യത്തില്‍ വീട്ടുചെലവുകള്‍ക്ക് വഴി കണ്ടെത്തുക മുതലായവയും അവര്‍ സ്വന്തം ചുമതലായി ഏറ്റെടുത്തു. അതിനിടെ അബൂജഹ്‌ലിന്റെ പീഡനവുമേറ്റു.
മദീനയില്‍ നബി(സ)യെ സ്വീകരിക്കാനും വന്‍ സ്ത്രീസാന്നിധ്യമുണ്ടായി. അവരില്‍ സത്യവിശ്വാസത്തിന്റെ വികാരങ്ങള്‍ തിരതല്ലി. അദ്ദേഹത്തെ ശത്രുക്കളില്‍നിന്ന് രക്ഷിച്ചെടുക്കാനായതിന്റെ സന്തോഷം അവരില്‍ ദൃശ്യമായി. പുരുഷന്മാരെപ്പോലെ, നബി(സ)യെ സ്വീകരിക്കാനും അതിഥിയായി സല്‍ക്കരിക്കാനും സേവനം ചെയ്യാനും അദ്ദേഹത്തിന്റെ സൗഖ്യത്തിനായി ഉറക്കമിളക്കാനും സാന്നിധ്യത്തിലൂടെ ബര്‍ക്കത്ത് നേടാനും അവര്‍ക്കും അവസരമുണ്ടായി. ഉമ്മു അയ്യൂബിന്റെ അനുഭവ വിവരണം അതാണ് നമുക്ക് നല്‍കുന്നത്.
ഹിജ്‌റയില്‍ മാത്രമല്ല, ഇസ്‌ലാമിക ചരിത്ര നാള്‍വഴികളിലെ മറ്റു പല രംഗങ്ങളിലും ഇതേവിധം പങ്കാളിത്തം വഹിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. പ്രവാചകത്വലബ്ധിവേളയില്‍ പ്രവാചക പത്‌നി ഖദീജ നടത്തിയ ആശ്വാസവചനങ്ങള്‍ കാലവും ചരിത്രവും പുളകോല്ലാസത്തോടെ ഏറ്റുപാടുന്നവയാണ്. ഖദീജ(റ) പറഞ്ഞു: ''.... അങ്ങനെയല്ല, ദൈവമാണ, അല്ലാഹു താങ്കളെ ഒരിക്കലും കൈയൊഴിയുകയില്ല. തീര്‍ച്ചയായും താങ്കള്‍ കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുന്നു, അതിഥികളെ സല്‍ക്കരിക്കുന്നു, ഭാരങ്ങള്‍ പേറുന്നു, ഇല്ലാത്തവന് നേടി കൊടുക്കുന്നു, കാല വിപത്തുകള്‍ക്ക് ഇരയാവുന്നവരെ സഹായിക്കുന്നു.'' മക്കയുടെ മണ്ണില്‍ സുമയ്യയുടെയും യാസിറിന്റെയും രക്തം കൂടിക്കലര്‍ന്നതുമുതല്‍ പുരുഷനും സ്ത്രീയും പരീക്ഷണത്തിന്റെയും പീഡനത്തിന്റെയും പേജുകള്‍ ഒന്നിച്ചെഴുതുകയായിരുന്നു. ആദര്‍ശ സംരക്ഷണത്തിനായി സ്വന്തത്തെ ബലിനല്‍കാനും, ദൈവേതര ശക്തികളുടെ അഹങ്കാരത്തെ തളക്കാനും അവര്‍ കൂട്ടുചേര്‍ന്നു. നൂറ്റാണ്ടുകളുടെ നീളത്തില്‍ ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍!
ഇന്നിപ്പോള്‍ നമ്മുടെ ഹൃദയങ്ങളില്‍ ദൈവിക പ്രകാശം നഷ്ടപ്പെട്ടു. ബുദ്ധിയിലും അതിന്റെ ചൈതന്യം കെട്ടു. ദീനിനേക്കാളും പരലോകത്തേക്കാളും നമ്മുടെ ഇഛകള്‍ക്കും താല്‍പര്യങ്ങള്‍ക്കുമാണ് നാം മുന്‍ഗണന നല്‍കുന്നത്. നമ്മിലെ ദൈവിക സംരക്ഷണം ലഭിച്ചവരൊഴികെയുള്ളവര്‍ മിഥ്യക്കും ദൈവേതര ശക്തികള്‍ക്കും ദാസ്യവൃത്തി ചെയ്യാന്‍ മത്സരിക്കുകയാണിന്ന്. തദ്ദേശീയമായും അന്തര്‍ദേശീയമായും അതാണ് നടക്കുന്നത്. ചിലരുടെ നിലപാട് കണ്ടാല്‍ അവര്‍ ഖുര്‍ആന്റെയും പ്രവാചകന്റെയും, സ്ത്രീയും പുരുഷനും ഒന്നിച്ചു ചേര്‍ന്ന മോഹന ചരിത്രത്തിന്റെയും വക്താക്കളല്ല എന്നാണ് തോന്നുക.
* * * *
മേല്‍ സ്മൃതി ചരിത്രത്തില്‍ നിന്ന് വേര്‍പിരിഞ്ഞ നിലയിലാണ് ഇന്ന് പലരും ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുന്നത്. നമ്മുടെ വര്‍ത്തമാനകാല ജീവിതം ആദ്യകാല ചരിത്രത്തെ അവഹേളിക്കുന്ന തരത്തിലാണ്. നമ്മുടെ വിദൂര ഭൂതത്തിന് അനുയോജ്യമാംവിധം വര്‍ത്തമാനകാലം സൃഷ്ടിക്കാന്‍ ക്രിയാത്മകവും സജീവവുമായ ഇടപെടല്‍ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.
നാം പണ്ടു നടന്ന ഹിജ്‌റയെ സംബന്ധിച്ച് സംസാരിക്കുന്നു. അതേസമയം നമ്മെയും നമ്മുടെ സമുദായത്തെയും രാജ്യങ്ങളെയും നിലവിലെ സാഹചര്യത്തില്‍ നിന്ന് മറ്റൊരു സാഹചര്യത്തിലേക്ക് കൊണ്ടുപോകേണ്ടതുണ്ടെന്ന ചിന്ത നമ്മെ അലട്ടുന്നില്ല. ഹിജ്‌റ സ്വഹാബികളെയും അവരുടെ സമൂഹത്തെയും ലോകത്തെയും മുഴുലോക ചരിത്രത്തെ തന്നെയും അടിമുടി മാറ്റുകയുണ്ടായി. പ്രഥമ പലായനത്തിന്റെ ആത്മാവ് ആവാഹിച്ച പുതിയൊരു പലായനത്തിനു മാത്രമേ നമ്മെ പുതുക്കിയെടുക്കാനാവൂ. നമുക്ക് നമ്മുടെ ഹൃദയവും ബുദ്ധിയും ജീവിതവുമായി, അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്കും തിരുചര്യയിലേക്കും പലായനംചെയ്യാം. എല്ലാ ജീവിതമേഖലകളിലും ദൈവിക സന്മാര്‍ഗത്തിലേക്ക് തിരിച്ചു നടക്കാം. പുതിയൊരു മനുഷ്യന്‍, പുതിയൊരു സമൂഹം, പുതിയൊരു ലോകം എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം. ധാര്‍മികവും ഭൗതികവുമായ മോചനത്തിനും ഇഹ-പര ക്ഷേമ മോക്ഷങ്ങള്‍ക്കും ഇതുമാത്രമേ വഴിയുള്ളൂ. പ്രഥമ ഹിജ്‌റയില്‍ പങ്കുവഹിച്ചതുപോലെ പുതിയ ഹിജ്‌റയിലും വനിതകള്‍ക്ക് പങ്ക് വഹിക്കാന്‍ കഴിയും. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സേവിക്കുന്നതില്‍ മാത്രമല്ല, ലോകത്തെയും മാനവരെയും രക്ഷിച്ചെടുക്കുന്നതിലും അവരുടെ പങ്ക് അടയാളപ്പെടുത്തപ്പെടും. ഇത് കേവല സങ്കല്‍പമല്ല, നമുക്ക് അതിനെ ഭാവി ജീവിതവുമായി ബന്ധപ്പെടുത്താം.
വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി