Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം


റമദാന്‍ പാഠശാല

 

# സുബൈര്‍ കുന്ദമംഗലം

 
 




റമദാന്റെ ചന്ദ്രക്കീറ് ദൃശ്യമാകുന്നതോടെ ദൈവദാസന്മാരുടെ ഒരു വര്‍ഷക്കാലത്തെ നീണ്ട കാത്തിരിപ്പിന് വിരാമമായി.പാപച്ചുമടുകള്‍ ഇറക്കിവെച്ച് ഭക്തിയുടെ തെളിനീരില്‍ നീരാടാനായി സ്രഷ്ടാവ് ഒരുക്കിവെച്ച അസുലഭ സന്ദര്‍ഭം. ശഅ്ബാന്‍ പിറന്നതോടെ അവര്‍ പ്രാര്‍ഥനയിലായിരുന്നു: "അല്ലാഹുവേ, ശഅ്ബാനില്‍ നീ ഞങ്ങളെ അനുഗ്രഹിക്കണമേ, റമദാനിലേക്ക് എത്തിക്കുകയും ചെയ്യണമേ.'' വീടും പരിസരവും വൃത്തിയാക്കി അതിലേറെ ഹൃദയ പരിശുദ്ധി കൈവരിച്ച് ആത്മീയോല്‍ക്കര്‍ഷത്തിന്റെയും പാപവിമുക്തിയുടെയും പശ്ചാത്താപത്തിന്റെയും നിമിഷങ്ങള്‍ക്ക് വേണ്ടി അവര്‍ അക്ഷരാര്‍ഥത്തില്‍ നോമ്പ് നോറ്റിരിക്കുകയായിരുന്നു.
ഇസ്ലാമിലെ എല്ലാ ആരാധനകളുടെയും മൌലിക ലക്ഷ്യം ആത്മസംസ്കരണവും ജീവിത സൂക്ഷ്മതയുമാണ്. റമദാന്‍ വ്രതത്തിന്റെയും മുഖ്യ ലക്ഷ്യം അതുതന്നെ. "സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട പോലെ നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടി.''
നോമ്പിലൂടെ കൈവരേണ്ടത് ദൈവഭക്തിയാണെന്ന് ഈ സൂക്തം ഉദ്ബോധിപ്പിക്കുന്നു. വ്രതം ഇന്നത്തെ മുസ്ലിംകള്‍ക്ക് മാത്രം നിയമമാക്കപ്പെട്ടതല്ലെന്നും പൂര്‍വ സമുദായങ്ങള്‍ക്കും അത് നിര്‍ബന്ധമാക്കപ്പെട്ടിരുന്നുവെന്നും ഉപര്യുക്ത സൂക്തം സൂചന നല്‍കുന്നുണ്ട്. ഡോ. യൂസുഫുല്‍ ഖറദാവി എഴുതുന്നു: "വ്രതം ഇസ്ലാമിന് മുമ്പ് തന്നെ അറബികള്‍ക്ക് പരിചിതമായിരുന്നു. ആശൂറാഅ് ദിനത്തെ മഹത്വപ്പെടുത്തി ജാഹിലിയ്യാ കാലത്ത് അവര്‍ വ്രതമനുഷ്ഠിച്ചിരുന്നു. അതിനാല്‍ നബി(സ) അവരോട് ആശൂറാ ദിവസം നോമ്പെടുക്കാന്‍ കല്‍പിച്ചപ്പോഴും പിന്നീട് റമദാനിലെ വ്രതം കല്‍പിച്ചപ്പോഴും അതുകൊണ്ടുദ്ദേശിച്ചതെന്തെന്ന് അവര്‍ക്ക് ബോധ്യമായി. പൊടുന്നനെ അവരത് നടപ്പില്‍ വരുത്തുകയും ചെയ്തു'' (നോമ്പിന്റെ കര്‍മശാസ്ത്രം).
ഇടുങ്ങിയ ക്ഷുദ്ര പ്രലോഭനങ്ങളില്‍നിന്ന് മനുഷ്യ ഹൃദയത്തെ സ്ഫുടം ചെയ്തെടുത്ത് വിശുദ്ധിയുടെ ചക്രവാളങ്ങളിലേക്ക് ഉയര്‍ത്തുകയാണ് വ്രതം. ഭക്തനായ നോമ്പുകാരന്‍ തന്റെ പ്രാര്‍ഥനകളിലൂടെ വാനകവാടങ്ങള്‍ മുട്ടിയാല്‍ അത് തുറക്കപ്പെടാതിരിക്കില്ല. പ്രവാചകന്‍ അരുളി: "നോമ്പുകാരന്‍, നീതിമാനായ ഭരണാധികാരി, മര്‍ദിതന്‍ എന്നീ മൂവരുടെ പ്രാര്‍ഥന അല്ലാഹു തിരസ്കരിക്കില്ല'' (തിര്‍മിദി, അഹ്മദ്).
ദാഹിച്ചു തൊണ്ട വരളുമ്പോഴും വിശന്ന് എരിപൊരി കൊള്ളുമ്പോഴും ദൈവകല്‍പനയെത്തുന്നതുവരെ സഹിച്ചിരിക്കാന്‍ പ്രായോഗിക പരിശീലനം നല്‍കുന്നത് വ്രതമത്രെ. പിശാചിന്റെ നിരന്തര പ്രേരണ അവഗണിച്ച് ലൈംഗിക ബന്ധത്തില്‍ നിന്നകന്ന് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും നോമ്പ് നല്‍കുന്ന ആത്മീയ പ്രചോദനം തന്നെ. അഥവാ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ദൈവഹിതത്തിന് അനുഗുണമായി കടിഞ്ഞാണിടുക വഴി കര്‍ക്കശമായ ആത്മനിയന്ത്രണമാണ് നോമ്പുകാരന്‍ കൈവരിക്കുന്നത്. ദിവസവും നീണ്ട മണിക്കൂറുകളിലായി വര്‍ഷം തോറും ഇതാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ചന്ദ്രമാസക്കാലത്ത് നടക്കുന്ന ഈ പരിശീലനക്കളരിയില്‍ എല്ലാ ഋതുക്കളിലും അവന്‍ കച്ച കെട്ടിയിറങ്ങുന്നു. റമദാനില്‍ നിര്‍ബന്ധമായും മറ്റു മാസങ്ങളില്‍ ഐഛികമായും നടക്കുന്ന ഈ തുടര്‍ പ്രക്രിയയേക്കാള്‍ മനുഷ്യനെ സഹനശീലം പരിശീലിപ്പിക്കുന്ന മറ്റെന്ത് വഴിയാണുള്ളത്.
ബഹളമയവും സംഘര്‍ഷഭരിതവുമായ ജീവിതത്തിന്റെ നടുക്കടലില്‍ ഏത് പരീക്ഷണത്തെയും ക്ഷമയോടും ചങ്കുറപ്പോടും കൂടി നേരിടാന്‍ അവനെ പ്രാപ്തനാക്കുന്ന വ്രതം ഒരു പരിചയാണെന്ന് നബി(സ) ഉണര്‍ത്തിയിട്ടുണ്ട്. നിഷിദ്ധങ്ങള്‍ വര്‍ജിക്കാനും ലൌകികാസക്തി കടിഞ്ഞാണിട്ട് നിയന്ത്രിക്കാനും ദൈവപ്രീതിക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കാനുമാണ് വ്രതം ഉദ്ബോധിപ്പിക്കുന്നത്. "മനുഷ്യ പുത്രന്റെ കര്‍മങ്ങളെല്ലാം അവനുള്ളതാകുന്നു. നോമ്പൊഴികെ. അത് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം കൊടുക്കുക'' (ബുഖാരി, മുസ്ലിം) എന്ന് അല്ലാഹു പറഞ്ഞതിന്റെ പൊരുള്‍ അതത്രെ.
വ്രതമാസത്തെ ക്ഷമയുടെ മാസമെന്നാണ് പ്രവാചകന്‍ വിളിച്ചത്. "എല്ലാ സംഗതികള്‍ക്കും സകാത്തുണ്ട്. ശരീരത്തിന്റെ സകാത്താണ് വ്രതം. വ്രതം ക്ഷമയുടെ പകുതിയാണ്.'' സ്വശരീരത്തോടും മനസ്സിനോടും പട നയിച്ച് വിജയശ്രീലാളിതനാകുന്ന വിശ്വാസി ദൈവമാര്‍ഗത്തില്‍ സമരസജ്ജനായി രംഗപ്രവേശം ചെയ്യാനും പ്രാപ്തനായിത്തീരുന്നു. ബദ്ര്‍ നല്‍കുന്ന സന്ദേശം അതാണല്ലോ.
ദൈവം തമ്പുരാന്‍ നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്ന അളവറ്റ അനുഗ്രഹങ്ങളില്‍ പാവങ്ങള്‍ക്കും അശരണര്‍ക്കും അവകാശമുണ്ടെന്നും നോമ്പ് ഉദ്ബോധിപ്പിക്കുന്നു. അനുഗ്രഹങ്ങള്‍ താല്‍ക്കാലികമായി നിഷേധിക്കപ്പെടുമ്പോള്‍ അവന്‍ അതിന്റെ യഥാര്‍ഥ മൂല്യവും പൊരുളും ഗ്രഹിക്കുന്നു. അത് സഹജീവിയോട് സഹാനുഭൂതിയും സ്നേഹവും വളര്‍ത്തുന്നു. റമദാനെ സഹാനുഭൂതിയുടെ മാസമെന്ന് നബി(സ) വിശേഷിപ്പിച്ചത് ഇതുകൊണ്ടാണ്. പ്രകൃത്യാ ഉദാരശീലനായ പ്രവാചകന്‍(സ) റമദാനില്‍ അടിച്ചുവീശുന്ന കാറ്റിനേക്കാള്‍ ഉദാരത കാണിച്ചത് ഇതുകൊണ്ടാണ്.
ഉന്നതമായ സ്വഭാവത്തിനും ഉത്തമ സംസ്കാരത്തിനും ഉടമയാകാന്‍ വ്രതം പ്രേരിപ്പിക്കുന്നുണ്ട്. മനുഷ്യ പ്രകൃതിയില്‍ തിന്മയും മ്ളേഛവികാരങ്ങളും കുടികൊള്ളുന്നുണ്ട്. അവയെ നിയന്ത്രിക്കുകയും ക്രമത്തില്‍ ഉന്മൂലനം ചെയ്യുകയുമാണ് ഇസ്ലാമിന്റെ ലക്ഷ്യം. "വ്യാജ വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കാത്തവന്‍ തന്റെ അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിന് താല്‍പര്യമില്ലെന്ന്'' (ബുഖാരി) നബി(സ) അരുളിയത് അതുകൊണ്ടത്രെ. "തങ്ങളുടെ വ്രതം കൊണ്ട് ദാഹമല്ലാതെ മറ്റൊന്നും നേടാന്‍ കഴിയാത്ത എത്രയെത്ര നോമ്പുകാരുണ്ട്. തങ്ങളുടെ രാത്രി നമസ്കാരം കൊണ്ട് ഉറക്കച്ചടവല്ലാതെ മറ്റൊന്നും സമ്പാദിക്കാനാവാത്ത എത്രയെത്ര രാത്രി നമസ്കാരക്കാരുണ്ട്'' (ദാരിമി) എന്ന് നബി(സ) ചോദിക്കുന്നതിന്റെ പൊരുളും ഇതുതന്നെ.
ഉയര്‍ന്ന ഇസ്ലാമിക വ്യക്തിത്വം പുലര്‍ത്തുന്ന ഭക്തനായ നോമ്പുകാരന്‍ റമദാന്‍ ദിനങ്ങളില്‍ പരസ്പരം ശകാരിക്കുകയോ ശണ്ഠ കൂടുകയോ ചെയ്യില്ല. മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്നത് കാണുക: "നിങ്ങള്‍ നോമ്പുകാരനായിരിക്കെ വഷളത്തരത്തില്‍ ഏര്‍പ്പെടുകയോ ബഹളം വെക്കുകയോ അരുത്. ആരെങ്കിലും നിങ്ങളെ ശകാരിക്കുകയോ ശണ്ഠക്ക് വരികയോ ചെയ്താല്‍, ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞുകൊള്ളട്ടെ.''
വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി വ്രതമനുഷ്ഠിച്ചവന്റെ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും. അത്തരം വിശ്വാസികള്‍ റയ്യാന്‍ എന്ന കവാടത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു: "സ്വര്‍ഗത്തിന് റയ്യാന്‍ എന്നൊരു കവാടമുണ്ട്. അന്ത്യനാളില്‍ നോമ്പുകാരന്‍ അതിലൂടെയാണ് പ്രവേശിക്കുക. 'നോമ്പുകാര്‍ എവിടെ? അവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഈ വഴി പ്രവേശനമില്ല' എന്ന് വിളംബരം ചെയ്യപ്പെടും. അവര്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ കവാടം അടക്കപ്പെടുകയായി.''
ഡോ. ഖറദാവി എഴുതുന്നു: "റമദാന്‍ സവിശേഷമായ പാഠശാലയത്രെ. ഓരോ വര്‍ഷവും ഇസ്ലാം അത് തുറക്കുന്നു. മഹത്തായ മൂല്യങ്ങളുടെയും ഉന്നതമായ ആശയങ്ങളുടെയും പ്രായോഗിക പരിശീലനമാണവിടെ നടക്കുന്നത്. അത് ഉപയോഗപ്പെടുത്തി അതുവഴി നാഥന്റെ അനുഗ്രഹങ്ങള്‍ നേടിയെടുത്തവനത്രെ കച്ചവടത്തില്‍ ലാഭം കൊയ്തവന്‍'' (നോമ്പിന്റെ കര്‍മശാസ്ത്രം).

[email protected]

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly