ആന്ധ്രപ്രദേശില്‍ പുതിയ രാഷ്ട്രീയ പ്രഭാതത്തിന് തുടക്കമിട്ട് 'സിറ്റിസണ്‍സ് ഫോര്‍ വെല്‍ഫയര്‍ ആന്റ് ജസ്റിസ്'(ഇണഖ) നിലവില്‍വന്നു. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ജ.ഇ ആന്ധ്രപ്രദേശ് ഘടകമാണ് പുതിയ രാഷ്ട്രീയ ഫോറത്തിന് രൂപം നല്‍കിയത്. എസ്.ഐ.ഒ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും വിഷന്‍ 2016 ദേശീയ ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ സിദ്ദീഖിയാണ് ഫോറത്തിന്റെ കണ്‍വീനര്‍.
ഹൈദരാബാദിലെ ഓപ്പണ്‍ എയര്‍ തീയേറ്റര്‍ പബ്ളിക് ഗാര്‍ഡനിലാണ് ലോഞ്ചിംഗ് പരിപാടി നടന്നത്. സി.ഡബ്ളിയു.ജെ-ജ.ഇ നേതാക്കള്‍ക്കു പുറമെ നാഗേശ്വര്‍ റാവു എം.എല്‍.സി, അബ്ദുന്നാസര്‍ ആബര്‍, ഹാമിദ് മുഹമ്മദ് ഖാന്‍, മുഷ്താഖ് മലിക് തുടങ്ങിയ പ്രമുഖരും സംബന്ധിച്ചു. ആയിരക്കണക്കിന് സ്ത്രീ പുരുഷന്മാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
നീതിപൂര്‍വകമായ ഭരണ നിര്‍വഹണം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വികസന കാര്യങ്ങളില്‍ തുല്യാവസരം, സാമൂഹിക-രാഷ്ട്രീയ ജീവിതത്തില്‍ നന്മയുടെ സംസ്ഥാപനം, തിന്മയുടെ ഉച്ഛാടനം തുടങ്ങിയവയാണ് സി.ഡബ്ളിയു.ജെയുടെ ലക്ഷ്യങ്ങള്‍. പ്രാദേശിക തലത്തില്‍ യഥാര്‍ഥ ജനാധിപത്യം കൊണ്ടുവരുന്നതിന് സി.ഡബ്ളിയു.ജെ ശ്രമിക്കും. അഴിമതിക്കാരും ക്രിമിനലുകളുമായ കേവല രാഷ്ട്രീയക്കാര്‍ക്ക് പകരം സംശുദ്ധ സ്വഭാവവും കഴിവും പ്രാപ്തിയുമുള്ള മികച്ച പൌരന്മാരെ പ്രാദേശിക നേതൃത്വ തലങ്ങളിലേക്ക് പകരം വെക്കും. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സാധ്യമാവുന്നത്ര ക്രേന്ദ്രങ്ങളില്‍ മത്സരിക്കും.
ക്ഷേമപദ്ധതികളുടെ യഥാര്‍ഥ ഫലം സാധാരണക്കാരന് എത്തിക്കുന്നതിന് പാര്‍ട്ടി ഊന്നല്‍ നല്‍കുമെന്ന് കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍ സിദ്ദീഖി പറഞ്ഞു. മുസ്ലിംകള്‍ മാത്രമല്ല, എല്ലാ സമുദായക്കാരും സി.ഡബ്ളിയു.ജെയില്‍ ഉണ്ടാവുമെന്നും മൊത്തം സമൂഹത്തിന്റെ ഉന്നമനമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുക്കാല്‍ഭാഗം വെള്ളയും അതിനുമുന്നിലായി പച്ചയും ചുവപ്പും ചേര്‍ന്നതാണ് സി.ഡബ്ളിയു.ജെയുടെ പതാക.