Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>മുദ്രകള്‍



'നമ്മള്‍ ജയിക്കുന്നില്ല;
പുറത്ത് കടക്കാന്‍ നേരമായി'

 


 
 


അമേരിക്കയുടെ വിദേശനയ ഉപദേഷ്ടാക്കളില്‍ പ്രധാനിയാണ് റിച്ചാര്‍ഡ് ഹാസ്. 'അനിവാര്യ യുദ്ധം, ഐഛിക യുദ്ധം' (War of Necessity, War of Choice) എന്ന കൃതിയുടെ കര്‍ത്താവ്. അമേരിക്ക ഇപ്പോള്‍ അഫ്ഗാനില്‍ നടത്തുന്ന യുദ്ധം ഇതില്‍ ഏതിനത്തില്‍ വരുമെന്ന കാര്യത്തില്‍ ഹാസിന് സംശയമൊന്നുമില്ല. ഒബാമയെ സംബന്ധിച്ചേടത്തോളം ഇതൊരു ഐഛിക യുദ്ധമാണ്. വേണമെങ്കില്‍ നടത്താം. അല്ലെങ്കില്‍ നിര്‍ത്തിപ്പോകാം. പക്ഷേ, ഒബാമ യുദ്ധം തുടര്‍ന്നേ മതിയാവൂ എന്ന് വാശിപിടിക്കുകയാണ്; അതൊരു അനിവാര്യതയാണെന്ന മട്ടില്‍.
2001-ല്‍ അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് അഫ്ഗാനില്‍ യുദ്ധം തുടങ്ങിയപ്പോള്‍ അതൊരു അനിവാര്യതയായിരുന്നുവെന്നാണ് ഹാസിന്റെ പക്ഷം. 'താലിബാനെ തകര്‍ത്ത് അമേരിക്കക്ക് സ്വയം രക്ഷ' നോക്കേണ്ടതുണ്ടായിരുന്നല്ലോ. പക്ഷേ, ഇറാഖിലും അഫ്ഗാനിലും അടുത്ത ഘട്ടം എന്ത് എന്ന കാര്യത്തില്‍ ബുഷിന് വ്യക്തമായ ഒരു ധാരണയുണ്ടായിരുന്നില്ല.
ഒബാമ അധികാരത്തില്‍ വന്ന ശേഷം സംഘര്‍ഷം മൂര്‍ഛിപ്പിക്കുന്ന നയമാണ് അഫ്ഗാനില്‍ കൈക്കൊണ്ടത്. താലിബാനോടൊപ്പം അല്‍ഖാഇദയെയും നേരിടേണ്ട സ്ഥിതിവിശേഷം സംജാതമാവുകയും ചെയ്തു. ഒബാമയുടെ നയത്തിലെ വൈരുധ്യങ്ങളും ഹാസ് ചൂണ്ടിക്കാട്ടുന്നു. 2011-ല്‍ അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് പറയുന്ന അമേരിക്ക തന്നെയാണ്, താലിബാനെ പേടിപ്പിക്കാനും കര്‍സായിയുടെ പേടി മാറ്റാനും മുപ്പതിനായിരം സൈനികരെ അഫ്ഗാനിലേക്ക് അയക്കുമെന്ന് പറയുന്നതും. 2009 ആഗസ്റ്റില്‍ നടന്ന അഫ്ഗാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വന്‍ കൃത്രിമങ്ങള്‍ നടത്തിയാണ് കര്‍സായി അധികാരം നിലനിര്‍ത്തിയത് എന്ന വസ്തുത ജനങ്ങളുടെ കണ്ണില്‍ അമേരിക്കയുടെ നില കൂടുതല്‍ പരുങ്ങലിലാക്കുന്നു. ഇതെല്ലാം വെച്ച് ഹാസ് എത്തിച്ചേരുന്ന നിഗമനം വളരെ കൃത്യമാണ്; അമേരിക്ക ഒരിക്കലും അഫ്ഗാനില്‍ വിജയിക്കാന്‍ പോകുന്നില്ല, അവിടെ പൊടിച്ച് കളയുന്ന പണത്തിനോ ഒഴുക്കുന്ന രക്തത്തിനോ യാതൊരു ന്യായവുമില്ല.
ഒബാമക്ക് മുമ്പില്‍ ഒന്നിലധികം വഴികളുണ്ട്. പക്ഷേ ഇതിലൊരു വഴിയും അത്ര സുഖമുള്ളതല്ല. ഇതിലാദ്യത്തേത്, താലിബാനെ നേരിട്ടും അഫ്ഗാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കിയും ഒരു വര്‍ഷം കൂടി ചെലവിട്ട് 2011-ല്‍ സൈനികരുടെ എണ്ണം കുറച്ച് കൊണ്ട് വരിക എന്നതാണ്. ഇത് ചെലവേറിയതും (ഒരു വര്‍ഷം അഫ്ഗാനില്‍ തുടരണമെങ്കില്‍ അമേരിക്കക്ക് 100 ബില്യന്‍ ഡോളര്‍ ചെലവുണ്ട്) രാഷ്ട്രീയമായി പരാജയപ്പെടാന്‍ സാധ്യതയുള്ളതുമാണ്. താലിബാന്‍ അനുദിനം ശക്തിപ്പെടുന്നതും കര്‍സായി ഭരണത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതുമാണ് കാരണം.
മറ്റൊരു ഓപ്ഷന്‍ ഉടന്‍ പിന്മാറ്റമാണ്. അത് അഫ്ഗാനെ മറ്റൊരു ലബ്‌നാനാക്കുമെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല സംശയം. അമേരിക്കയുടെ 'ഭീകരവിരുദ്ധ' നയത്തിന്റെ പരാജയമായും അത് വിലയിരുത്തപ്പെടും. താലിബാനെ ഭരണത്തില്‍ പങ്കാളികളാക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. അതിന് താലിബാന് ഒട്ടും താല്‍പര്യമില്ല. നിലവിലുള്ള സ്ഥിതിഗതികള്‍ വെച്ച് ഏറെ വൈകാതെ അധികാരം തിരിച്ചുപിടിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. പിന്നെ എന്തിന് ഒരു കൂട്ടുകൃഷി? അഫ്ഗാനെ ഭാഗിച്ച്, പഷ്തൂണ്‍ ഭൂരിപക്ഷമുള്ള തെക്കന്‍ മേഖല താലിബാന് വിട്ടുകൊടുക്കുക എന്നതാണ് മറ്റൊരു മാര്‍ഗം, മറ്റു പ്രദേശങ്ങളിലേക്ക് താലിബാന്‍ കടന്നുവരരുത് എന്ന ഉപാധിയോടെ. ഇതും ഭയങ്കര അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ഹാസിന്റെ പക്ഷം. പഷ്തൂണുകളില്‍ വലിയൊരു വിഭാഗം പാകിസ്താനിലാണല്ലോ. 'പഷ്തൂണിസ്താന്‍' ഉണ്ടായിക്കഴിഞ്ഞാല്‍, ആ രാഷ്ട്രത്തിലേക്ക് തങ്ങളെയും ചേര്‍ക്കണമെന്ന് പാക് പഷ്തൂണുകള്‍ ആവശ്യപ്പെട്ടാല്‍? അപ്പോള്‍ പാകിസ്താനെയും വെട്ടിമുറിക്കേണ്ടിവരും. മാത്രമല്ല, ഇങ്ങനെയൊരു വിഭജനമുണ്ടായാല്‍ താജിക്, ബലൂഷ്, ഹസാറ തുടങ്ങിയ വംശീയ ന്യൂനപക്ഷങ്ങളും കലാപക്കൊടി ഉയര്‍ത്തും.
ഇങ്ങനെ ഒട്ടുവളരെ നിരീക്ഷണങ്ങളടങ്ങിയതാണ് റിച്ചാര്‍ഡ് ഹാസ്, ന്യൂസ് വീക്വാരിക (2010 ജൂലൈ 18)യില്‍ എഴുതിയ ലേഖനം. തലക്കെട്ട്: 'നമ്മളവിടെ ജയിക്കുന്നില്ല; പുറത്ത് കടക്കാന്‍ നേരമായി.'


'ഫിത്‌ന'ക്കാരന്റെ ഇസ്‌ലാംവിരുദ്ധ ആഗോള കൂട്ടായ്മ
ഇസ്‌ലാമിനെ വികലമാക്കി ചിത്രീകരിച്ച് 'ഫിത്‌ന' എന്ന പേരില്‍ യു.ട്യൂബ് ചിത്രം നിര്‍മിച്ച ഹോളണ്ടിലെ ഫ്രീഡം പാര്‍ട്ടി നേതാവ് ഗീര്‍ട്ട് വില്‍ഡേഴ്‌സ് ഒരു അന്താരാഷ്ട്ര ഇസ്‌ലാംവിരുദ്ധ കൂട്ടായ്മക്ക് രൂപം നല്‍കുന്നു. ഇന്റര്‍നാഷ്‌നല്‍ ഫ്രീഡം അലയന്‍സ് എന്നായിരിക്കുമത്രെ അതിന്റെ പേര്. ഹോളണ്ടിലെ 150 അംഗ പാര്‍ലമെന്റില്‍ 24 സീറ്റുള്ള തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവായ ഗീര്‍ട്ട് പറയുന്നത്, താന്‍ പുതുതായി രൂപം നല്‍കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കല്ലെന്നും അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും വേണ്ടി ഇസ്‌ലാമിനെതിരെ ഒന്നിക്കുന്നവരുടെ കൂട്ടായ്മയാണെന്നുമാണ്. തന്നെ പിന്തുണക്കുന്ന വ്യക്തികളെയും പാര്‍ട്ടികളെയും കൂട്ടായ്മയില്‍ ചേര്‍ക്കും. ഇസ്രയേലിന്റെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വികലമായി വ്യാഖ്യാനിച്ചുകൊണ്ടാണ് ഗീര്‍ട്ട് 'ഫിത്‌ന' എന്ന ചിത്രം നിര്‍മിച്ചത്. ഈ ചിത്രത്തിന്റെ പ്രചാരണത്തിനായി മാത്രം അമേരിക്ക, ഇറ്റലി, ആസ്‌ത്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇയാള്‍ സന്ദര്‍ശിക്കുകയുണ്ടായി. തന്റെ പുതിയ കൂട്ടായ്മയിലും ഹോളണ്ടിന് പുറമെ അമേരിക്ക, ബ്രിട്ടന്‍, കാനഡ, ജര്‍മനി, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വ്യക്തികളും സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കുമെന്നാണ് ഗീര്‍ട്ടിന്റെ അവകാശവാദം.
ഹോളണ്ടിലേക്ക് മുസ്‌ലിംകളുടെ കുടിയേറ്റം നിര്‍ത്തിവെക്കണമെന്നും ഗീര്‍ട്ട് വില്‍ഡേഴ്‌സ് ആവശ്യപ്പെട്ടു. ''താന്‍ പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ മുസ്‌ലിം കുടിയേറ്റ നിരോധം ഉടന്‍ നടപ്പാക്കും. യൂറോപ്പിലേക്കുള്ള മുസ്‌ലിംകളുടെ കുടിയേറ്റം വളരെ വര്‍ധിച്ചിട്ടുണ്ട്. ഇരട്ട പൗരത്വമുള്ള മുസ്‌ലിംകളില്‍നിന്ന് അതെടുത്ത് കളഞ്ഞ് അവരെ രാജ്യത്ത് നിന്ന് പുറത്താക്കാനാവും.''
ഇസ്‌ലാം ഒരു മതം എന്നതിലുപരി ഐഡിയോളജിയാണ് എന്നതിനാല്‍ വര്‍ധിച്ചുവരുന്ന കുടിയേറ്റത്തിലൂടെ ഭാവി ഹോളണ്ടില്‍ മുസ്‌ലിംകള്‍ ഇസ്‌ലാമിക നിയമം നടപ്പാക്കിയേക്കുമെന്ന് ഗീര്‍ട്ട് ഭയക്കുന്നു. തീവ്രവാദികളായ മുസ്‌ലിംകളുടെ പൗരത്വം പിന്‍വലിക്കണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഹോളണ്ട് നീതിന്യായ മന്ത്രി ഹിര്‍ഷ് ബലിന്‍ ആവശ്യപ്പെട്ടതും ഗീര്‍ട്ട് സാന്ദര്‍ഭികമായി ഓര്‍മിപ്പിച്ചു.
അസ്ഹര്‍ പുള്ളിയില്‍


ബുര്‍ഖാ നിരോധത്തിലെ ഇരട്ടത്താപ്പ്
മുസ്‌ലിം സ്ത്രീകളുടെ മുഖമുള്‍പ്പെടെയുള്ള ശരീര ഭാഗങ്ങള്‍ മറക്കുന്ന വസ്ത്രധാരണ (നിഖാബ്)ത്തിനെതിരെ ഫ്രഞ്ച് പാര്‍ലമെന്റ് കൊണ്ടുവന്ന നിയമം ഒറ്റപ്പെട്ടതല്ല. ബെല്‍ജിയം നേരത്തെ ഇത്തരമൊരു നിയമം പാസ്സാക്കിയെടുത്തിട്ടുണ്ട്. സ്‌പെയിനും ഇറ്റലിയും ഹോളണ്ടും നിയമനിര്‍മാണത്തിനുള്ള ആലോചനയിലാണ്. ഈ ബുര്‍ഖാ ഭയം (ബുര്‍ഖാഫോബിയ) യൂറോപ്പിലുടനീളം പടരുന്നുണ്ടെന്നാണ് വാര്‍ത്തകള്‍ നല്‍കുന്ന സൂചനകള്‍.
ഫ്രാന്‍സില്‍ പാര്‍ലമെന്റിന്റെ അധോസഭ വന്‍ ഭൂരിപക്ഷത്തോടെ (ഒന്നിനെതിരെ 335 വോട്ട്. സോഷ്യലിസ്റ്റുകളും ഗ്രീന്‍ പാര്‍ട്ടിയും വിട്ടുനിന്നു) നിയമത്തിന് അനുമതി നല്‍കിയെങ്കിലും ഇത് ഉപരിസഭയില്‍ കൂടി പാസ്സാക്കി ഭരണഘടനാ സമിതി അംഗീകരിക്കേണ്ടതുണ്ട്. എങ്കിലേ നിയമമാവൂ. ഭരണഘടനാ സമിതി നിഷ്പക്ഷമായാണ് കാര്യങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ വ്യക്തിക്ക് താന്‍ ഇഷ്ടപ്പെടുന്നത് ധരിക്കാനുള്ള അവകാശത്തിനെതിരെയുള്ള കൈയേറ്റമായി നിയമത്തെ കാണേണ്ടിവരും. നിര്‍ദിഷ്ട കരട് നിയമപ്രകാരം ബുര്‍ഖ ധരിച്ച് പൊതു സ്ഥലങ്ങളിലെത്തുന്ന സ്ത്രീക്ക് 150 യൂറോയാണ് പിഴ. ഒരു സ്ത്രീയെ ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന ആള്‍ക്ക് ശിക്ഷ വളരെ കടുത്തതാണ്- 25000 യൂറോ പിഴയും ഒരു വര്‍ഷത്തെ ജയില്‍ വാസവും.
വ്യക്തിയുടെ വസ്ത്രധാരണാവകാശത്തിനെതിരെയുള്ള ഈ നിയമത്തെ യൂറോപ്പിലെ തന്നെ പല സംഘടനകളും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. യൂറോപ്പിലെ മനുഷ്യാവകാശ പാര്‍ലമെന്റ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിനെതിരെ യൂറോപ്യന്‍ രാഷ്ട്രങ്ങളെ താക്കീത് നല്‍കുകയുണ്ടായി. 47 രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മനുഷ്യാവകാശ പാര്‍ലമെന്റ് കഴിഞ്ഞ ജൂണ്‍ 25-ന് ഐകകണ്‌ഠ്യേനയാണ് സ്ത്രീയുടെ നിഖാബ് ധരിക്കാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിച്ചത്. ആംനസ്റ്റി ഇന്റര്‍നാഷ്‌നലും ബുര്‍ഖാ നിരോധ നിയമത്തെ വിമര്‍ശിക്കുകയുണ്ടായി.
ബ്രിട്ടനും ഫ്രാന്‍സിന്റെ മാതൃക പിന്തുടരുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ടോറി പാര്‍ട്ടി എം.പി ഫിലിപ്പ് ഹാല്‍ബോണ്‍ അത്തരമൊരു നിയമം നിര്‍മിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, ബ്രിട്ടീഷ് കുടിയേറ്റ കാര്യമന്ത്രി ഡാമിയന്‍ ഗ്രീന്‍, ഫ്രഞ്ച് സ്റ്റൈല്‍ ബുര്‍ഖാ നിരോധം ബ്രിട്ടനില്‍ നടപ്പില്ലെന്ന് തുറന്നടിക്കാനുള്ള ആര്‍ജവം കാണിച്ചു. അത് ബ്രിട്ടീഷ് മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് (unBritish) വരെ അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസിയുടെ ഉള്ളിലിരിപ്പും ഡാമിയന്‍ വെളിപ്പെടുത്തി. ഫ്രാന്‍സില്‍ കണ്ടമാനം ബുര്‍ഖാ ധാരികളുള്ളതുകൊണ്ടൊന്നുമല്ല ഈ നിരോധം. ഒരു കണക്ക് പ്രകാരം, അഞ്ഞൂറില്‍ താഴെ വരുന്ന സ്ത്രീകളേ ബുര്‍ഖയിട്ട് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ. വളരെ അപൂര്‍വമായ ഈ വസ്ത്രധാരണത്തിനെതിരെ പിന്നെ എന്തിനാണ് കാടിളക്കിയുള്ള ഈ പ്രചാരണം? മറ്റു ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അവരിതിനെ ആയുധമാക്കുകയാണ്.
ഏതായാലും ബുര്‍ഖാ നിരോധം വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പ്രവാചകനെ അപമാനിക്കുന്ന കാര്‍ട്ടൂണുകള്‍ നിരന്തരം പ്രത്യക്ഷപ്പെട്ടപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരക്ഷരം മിണ്ടാതിരുന്ന യൂറോപ്യന്‍ ഭരണകൂടങ്ങള്‍ ബുര്‍ഖാ നിരോധത്തിന് കച്ചകെട്ടുന്നത് ഇരട്ടത്താപ്പല്ലാതെ മറ്റെന്ത്?

 

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly