'ജമാഅത്തിന്റേത് മതപരിത്യാഗം' എന്ന ശീര്‍ഷകത്തില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, ദേശാഭിമാനി (29-6-10)യില്‍ എഴുതിയ ലേഖനത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ പോലുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ട പ്രസ്ഥാനങ്ങള്‍ സാമ്രാജ്യതത്തിന്റെ തണലില്‍ വളര്‍ന്നുവെന്നും ഇസ്‌ലാമിസ്റ്റുകള്‍ 'സാമ്രാജ്യത്വത്തെ കൈയയച്ചു സഹായിച്ചുവെന്നും' തട്ടിവിടുന്നു. ''ഇഖ്‌വാന്‍ സ്ഥാപക നേതാവ് ഹസനുല്‍ ബന്ന ബ്രിട്ടീഷ് വിരോധിയായിരുന്നുവെന്നും, അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ ഗൂഢമായി വധിച്ചതാണെന്നും'' (സിറാജ് ദിനപത്രം 16.3.10) അല്‍പം മുമ്പ് എഴുതിയ ആള്‍ തന്നെയാണ്, ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ സാമ്രാജ്യത്വത്തെ കൈയയച്ചു സഹായിച്ചുവെന്ന് വാദിക്കുന്നത്!
മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ഇന്ന് ആഗോള തലത്തില്‍ ശക്തമായി പോരാടുന്നത് രണ്ടത്താണി സഹയാത്രികനായ കമ്യൂണിസ്റ്റുകളോ, അദ്ദേഹത്തിന് പഥ്യമുള്ള ആത്മീയ-കള്‍ചറല്‍ ഇസ്‌ലാമോ അല്ല; വിമോചന പോരാളികളായ ഇസ്‌ലാമിസ്റ്റുകളാണ്. ഈ പോരാട്ട സംഘങ്ങളെ തകര്‍ക്കുക എന്ന ദുഷ്ട ലക്ഷ്യമാണ് സാമ്രാജ്യത്വത്തിനുള്ളത് എന്നതിന്റെ അനിഷേധ്യ തെളിവാണ് നൂറ്റാണ്ടിലെ ഇസ്‌ലാമിക വിപ്ലവ പ്രസ്ഥാന നായകന്മാരായിരുന്ന ഹസനുല്‍ ബന്നയെയും ശൈഖ് അഹമ്മദ് യാസീനെയും പോലുള്ളവരെ അവര്‍ വകവരുത്തിയത്.
ഇക്കാര്യം പ്രസിദ്ധ മനുഷ്യാവകാശ പ്രവര്‍ത്തക അജിത വ്യക്തമാക്കുന്നതിങ്ങനെ: ''അന്താരാഷ്ട്ര തലത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ഇന്ന് ശക്തമായി ചെറുത്തു നില്‍ക്കുന്നത് ഇസ്‌ലാമാണ്. ഒരു കാലത്ത് കമ്യൂണിസ്റ്റ് മൂവ്‌മെന്റ് ഇതേറ്റെടുത്തിരുന്നു. ഇന്നിപ്പോള്‍ അമേരിക്കക്ക് ഏറ്റവും പേടി ആഗോള ഇസ്‌ലാം നേതൃത്വത്തെയാണ്'' (കേരള ശബ്ദം 5.12.2004). ''കഴിഞ്ഞ 10 വര്‍ഷമായി സാമ്രാജ്യത്വത്തിനെതിരെ ആത്മാര്‍ഥതയോടെ ശബ്ദമുയര്‍ത്തുന്നത് മുസ്‌ലിം നേതാക്കള്‍ മാത്രമാണെന്നും ഇസ്‌ലാമിക സമൂഹമുണ്ടായിരുന്നില്ലെങ്കില്‍ ലോകത്ത് അമേരിക്കന്‍ ആധിപത്യം എന്നേ യാഥാര്‍ഥ്യമായിരുന്നു''വെന്നുമാണ് പ്രശസ്ത മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകന്‍ ക്ലോഡ് അല്‍വാരീസ് പറയുന്നത്. (മാധ്യമം 19.2.2007).
''നിരവധി പുസ്തകങ്ങള്‍ സംഭാവന ചെയ്ത് ജമാഅത്ത് മലയാള സാഹിത്യത്തെ സമ്പുഷ്ടമാക്കിയെന്നും ആശയരംഗത്ത് മൗദൂദിയെ അംഗീകരിക്കാത്തവര്‍ പോലും, ജമാഅത്തിന്റെ സാഹിത്യ സൃഷ്ടികളെയാണ് അവലംബിച്ചു പോരുന്നതെന്നും'' സ്വന്തം പത്രത്തിലൂടെ (സിറാജ് 25.5.2010) ദിവസങ്ങള്‍ക്ക് മുമ്പ് പ്രശംസ ചൊരിഞ്ഞ രണ്ടത്താണി മാര്‍ക്‌സിസ്റ്റുകാരുടെ ദേശാഭിമാനിക്ക് വേണ്ടി തൂലിക എടുത്തപ്പോള്‍ പറയുന്നത് ''ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സാഹിത്യങ്ങളും വ്യാഖ്യാനങ്ങളുമാണ് ഇന്നറിയപ്പെടുന്ന മിക്ക മുസ്‌ലിം ഭീകരവാദ സംഘടനകളുടെയും ആയുധം'' (ദേശാഭിമാനി 29.6.10) എന്നാണ്. അതുപോലെ 'സ്വതന്ത്ര മലയാള പത്രം' എന്ന് മാധ്യമത്തെ പ്രശംസിച്ച ലേഖകന്‍ (സിറാജ് 25.5.10) 'തങ്ങളുടെ ആശയങ്ങള്‍ സമര്‍ഥമായി ജനങ്ങളിലെത്തിക്കാന്‍ ജമാഅത്തിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങിയ ദിനപത്രം' എന്നും 'മതേതരത്വത്തിന്റെ മൂടുപടമിട്ട പത്രമെന്നും' മുദ്രകുത്തുന്നു. എന്നാല്‍ 'തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ജമാഅത്ത് തുടങ്ങിയ പത്രത്തെ'ക്കുറിച്ച് തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ് ചരിത്രപണ്ഡിതനായ ഡോ. എം. ഗംഗാധരനുള്ളത്: ''ജമാഅത്തിന്റെ ആശയങ്ങള്‍, ആ പത്രങ്ങള്‍ മുഖേന അവര്‍ പ്രചരിപ്പിക്കുന്നില്ല. മാധ്യമത്തിലെവിടെയും മൗദൂദി എന്ന വാക്ക് നമുക്കാര്‍ക്കും കാണാന്‍ കഴിയില്ല'' എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത് (മാതൃഭൂമി 2010, മെയ് 23).
ജമാഅത്ത് സ്ഥാപകനായ മൗദൂദി സാഹിബിന്റെ വീക്ഷണങ്ങളാണ് 'അഹ്മദിസം' ഉള്‍ക്കൊള്ളുന്നതെന്ന ശുദ്ധ വിവരക്കേടും രണ്ടത്താണി ദേശാഭിമാനിയില്‍ എഴുതിപിടിപ്പിച്ചിരിക്കുന്നു. 'അഹ്മദ്' എന്ന പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന, ഖാദിയാനികള്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അഹമ്മദിയാക്കളുടെ ശക്തനായ എതിരാളിയും ഖത്തമുന്നുബുവ്വത്ത് (പ്രവാചകത്വ പരിസമാപ്തി) എന്ന വിശ്രുത ഗ്രന്ഥത്തില്‍ അഹ്മദിയ്യ പ്രവാചകത്വ വാദത്തെ പ്രമാണങ്ങളുടെ പിന്‍ബലത്തോടെ നിലംപരിശാക്കിയ വ്യക്തിയുമായ മൗദൂദിയുടെ വീക്ഷണങ്ങളാണ് അഹമ്മദിയാക്കള്‍ പിന്തുടരുതെന്ന കണ്ടെത്തല്‍ ഇന്നോളം ലോകത്തൊരാളും പറയാത്തതും ചിരിക്ക് വക നല്‍കുന്നതുമാണ്.
റഹ്മാന്‍ മധുരക്കുഴി
ഈ ചോദ്യത്തിന്
ഉത്തരം കാണേണ്ടതുണ്ട്
ജൂലൈ 10 ലക്കം പ്രബോധനത്തില്‍ വന്ന ഡോ. യാസീന്‍ അശ്‌റഫിന്റെ ലേഖനമാണ് (പ്രവീണ്‍ സ്വാമി: കേട്ടപാതി) ഈ എഴുത്തിന് ആധാരം.
സത്യസന്ധമായ വാര്‍ത്തകളിലൂടെയും ശക്തമായ എഡിറ്റോറിയലുകളിലൂടെയും ശ്രദ്ധ നേടിയ ദ ഹിന്ദുവിന്റെ ഇപ്പോഴത്തെ പോക്ക്, തീര്‍ച്ചയായും വളരെ ഖേദകരമാണ്. ഉത്തരേന്ത്യന്‍ ഗോസായിമാരുടെ നേതൃത്വത്തിലിറങ്ങുന്ന മറ്റ് ഇംഗ്ലീഷ് പത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി, ഭാഷാ നിപുണത കൊണ്ടും വാര്‍ത്തകളിലെ വ്യതിരിക്തത കൊണ്ടും വേറിട്ട് നില്‍ക്കുന്നതായിരുന്നു തമിഴ്‌നാട്ടിലെ 'പട്ടരു'മാരുടെ നേതൃത്വത്തിലിറങ്ങുന്ന ഈ പത്രം.
എന്നാല്‍ ഇപ്പോള്‍, പത്രത്തിന്റെ നിയന്ത്രണം കൈയിലെടുത്ത് അസോസിയേറ്റ് എഡിറ്റര്‍ പ്രവീണ്‍ സ്വാമിയുടെ ഇടപെടലുകള്‍, ഈ പത്രത്തെയും 'മുഖ്യധാര'യിലേക്ക് കൊണ്ടെത്തിക്കുന്നതാണ്.
എഡിറ്റര്‍ ഇന്‍ ചീഫ് ആയ എന്‍. റാമിനെപോലും നിഷ്പ്രഭമാക്കിക്കൊണ്ടുള്ള പ്രവീണ്‍ സ്വാമിയുടെ ഇടപെടല്‍, ദ ഹിന്ദുവില്‍ കാണുമ്പോള്‍ നാം വീണ്ടും ചോദിച്ച് പോവുകയാണ്, 'എന്താണ് ഒരാള്‍ക്ക് ഇത്ര വലിയ അധികാരം കിട്ടാന്‍ കാരണം?'
പത്രഭീകരതയുടെ പല അണിയറക്കഥകളും പ്രബോധനം വായനക്കാര്‍ക്ക് 'മാറ്റൊലി' പംക്തിയിലൂടെ എത്തിച്ചു തന്ന 'ഇഹ്‌സാനി'ല്‍ നിന്ന് ഈ വിഷയത്തില്‍ ഒരു കനപ്പെട്ട ലേഖനം പ്രതീക്ഷിക്കുന്നു.
പി.പി.കെ സിയാദ് ജിദ്ദ
സായുധവിപ്ലവം: ചെഗുവേര പറഞ്ഞത്
ജനാധിപത്യം എന്ന സിദ്ധാന്തം സ്വയം ഒരു പ്രത്യയശാസ്ത്രമല്ല, മറിച്ച് വിവിധ ചിന്താധാരകള്‍ പ്രയോഗവല്‍കരിക്കാനും ജനങ്ങള്‍ക്കു മുമ്പാകെ വെക്കാനുമുള്ള ഒരു രീതി ശാസ്ത്രമാണ്. കൊളോണിയലിസം പോലുള്ള മനുഷ്യ വിരുദ്ധ ചിന്താധാരകള്‍ അതിനെ ചൂഷണം ചെയ്യുന്നതുകൊണ്ടാണ്, രാഷ്ട്രപിതാവിന് അതിനെ മച്ചിയും വേശ്യയുമായി പരിചയപ്പെടുത്തേണ്ടി വന്നത്. മൗലാനാ മൗദൂദി ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് എഴുതിയത് കാണുക. ''വിവേകമുള്ള ആരും ഇന്ത്യന്‍ ജനാധിപത്യത്തെ എതിര്‍ക്കുകയും പകരം രാജാധിപത്യമോ സ്വേഛാ പ്രഭുത്വമോ മറ്റേതെങ്കിലുമൊരു ഭരണ സമ്പ്രദായമോ സ്വീകരിക്കണമെന്ന് പറയുകയോ ചെയ്യുകയില്ല'' (മുസല്‍മാന്‍ ഔര്‍ മൗജൂദാ സിയാസി കശ്മകശ്). ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ അദ്ദേഹം പിന്തുണച്ചില്ല. സായുധ വിപ്ലവത്തെ കുറിച്ച്, ഗ്രന്ഥകാരന്‍ സിയാഉദ്ദീന്‍ സര്‍ദാറിന്റെ ചോദ്യത്തിന് ''നാം സ്വീകരിക്കേണ്ട ശരിയായ പാത അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല'' (മൗദൂദി സ്മൃതിരേഖകള്‍ പേ: 260) എന്നായിരുന്നു മറുപടി. വിശ്വസിക്കുന്ന ആദര്‍ശം തികഞ്ഞ ജനാധിപത്യ സ്വഭാവമുള്ളതായിരിക്കണം എന്നതുപോലെ ആദര്‍ശ സംസ്ഥാപന മാര്‍ഗവും ജനാധിപത്യമായിരിക്കണമെന്നാണ് മൗദൂദിയും അദ്ദേഹത്തിന്റെ പ്രസ്ഥാനവും വിശ്വസിച്ചിരുന്നത്.
എന്നാല്‍ സമത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്ന ഇടതു കമ്യൂണിസ്റ്റ് നേതാവിന്റെ നിലപാട് കാണുക. ചെഗുവേര എഴുതുന്നു; ''അധികാരം നേടാന്‍ എല്ലാമാര്‍ഗങ്ങളും ആരായണം. തെരഞ്ഞെടുപ്പു പ്രക്രിയ മാത്രമല്ല സായുധ വിപ്ലവ മാര്‍ഗവും പരിഗണിക്കണം. അധികാരം ഒഴികെ മികച്ച മറ്റെന്തു നേടിയാലും പ്രശ്‌ന പരിഹാരത്തിന് അതെല്ലാം അസ്ഥിരവും അപര്യാപ്തവും അസമര്‍ഥവും ആയിരിക്കും'' (ചെഗുവേര റീഡര്‍ ചിന്താ പബ്ലിഷേഴ്‌സ് പേ. 173). ഗറില്ലാ യുദ്ധമുറയെയും നേതാവ് പിന്തുണക്കുന്നുണ്ട്. ചെ എഴുതുന്നു: ''ഗറില്ലാ യുദ്ധത്തെപ്പറ്റി ഞങ്ങളുടെ വീക്ഷണവും ശരിയായ പ്രയോജനവും വ്യക്തമാക്കാന്‍ ഈ ലേഖനത്തില്‍ ഉദ്ദേശിക്കുന്നു. ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള ഒരു മാര്‍ഗമാണ് ഇത് എന്ന് ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നു. ഏതു വിപ്ലവകാരിയുടെയും അത്യന്താപേക്ഷിതമായ ലക്ഷ്യം രാഷ്ട്രീയാധികാരം നേടിയെടുക്കലാണല്ലോ'' (അതേ പുസ്തകം പേ. 91).
ആഗോള തലത്തില്‍ പല ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു, വിജയിക്കുന്നു. ജനകീയ മാതൃകയില്‍ അധികാര പങ്കാളിത്തം വഹിക്കുന്നു. എല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളും ജനാധിപത്യ രീതിയില്‍ നിലവില്‍ വന്നതാണോ? അല്ലെന്ന് മാത്രമല്ല പലയിടങ്ങളിലും ജനാധിപത്യത്തിന് തടയിട്ടു കൊണ്ടാണ് കമ്യൂണിസത്തിന്റെ നില്‍പ്.
മതം രാഷ്ട്രീയത്തിന്റെ മേലങ്കിയണിയുന്നുവെന്ന് വിലപിക്കുന്ന ഇടതു മന്ത്രിമാര്‍, സ്വന്തം ദര്‍ശനം ചരിത്രത്തില്‍ മുട്ടുമടക്കേണ്ടി വന്നത് പലപ്പോഴും ധാര്‍മിക പിന്തുണയുള്ള ഇസ്‌ലാമിക ശക്തികള്‍ക്ക് മുമ്പിലാണെന്ന് ഓര്‍ക്കണം. സാമൂഹിക ഇടപെടലിന് പ്രചോദനമാകാത്ത മതം കമ്യൂണിസ്റ്റ്-മുതലാളിത്ത അടുപ്പില്‍ വേവിച്ച, പാകമാവാത്ത മൂലധനം മാത്രമാണ്. വികസനത്തിന്റെ പേരില്‍ വിദേശ കമ്പനികള്‍ക്ക് ഭൂമി മുറിച്ചു വില്‍ക്കാനുള്ള തൊഴിലാളി ബൂര്‍ഷ്വകളുടെ ശ്രമം ചീറ്റിയപ്പോള്‍ എതിര്‍പ്പ് മുഴുവന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തോട് തീര്‍ക്കുകയാണ്.
പൊതുമുതല്‍ നശിപ്പിച്ച് സമരം നടത്തിയവരാണിന്ന് ഭരണ കസേരയിലിരുന്നു ജനകീയ സമിതികള്‍ക്കുമേല്‍ ആക്ഷേപം ചൊരിയുന്നത്. ഇതാണ് കപട രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖം. പൊതു സമൂഹത്തോടിപ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് പറയാനുള്ള ശ്രദ്ധേയമായ ഒരു കാര്യമിതാണ്: ജനങ്ങളോട് പ്രതിബദ്ധതയുള്ളവരാണ് അധികാരത്തില്‍ വരേണ്ടത്, അപ്പോള്‍ മാത്രമേ മതമില്ലാത്തവര്‍ക്കു പോലും നീതി ലഭ്യമാവുകയുള്ളൂ.
ഇടതു കുപ്രചാരണങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ തെല്ലും അലോസരപ്പെടുത്തുന്നില്ല. പാകിസ്താനില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ച സമയത്ത് മൗദൂദി പറഞ്ഞല്ലോ ''അവരെ സ്വതന്ത്രരായി വിടൂ. തുറന്ന മൈതാനത്തില്‍ ഞങ്ങളവരെ പരാജയപ്പെടുത്താം.'' മെയ്യഭ്യാസത്തിന്റെയും പാര്‍ട്ടി ഗ്രാമങ്ങളുടെയും കപട തൊഴിലാളി സ്‌നേഹത്തിന്റെയും പിന്തുണയോടെ എത്രകാലം പാര്‍ട്ടി പച്ചപിടിച്ചു നില്‍ക്കും.
ഇന്‍സാഫ് പതിമംഗലം
[email protected]
മാപ്പിള സംസ്‌കാരം: അധ്യായം 5
'മഹത്തായ മാപ്പിള സംസ്‌കാരത്തിലെ നാല് അധ്യായങ്ങള്‍' എന്ന കഥ (ലക്കം 5) നല്‍കുന്ന സന്ദേശം അതിഗംഭീരം. ആധുനിക തലമുറയുടെ സുതാര്യമായ പരിഛേദമാണ് ആ കഥ. ധൈര്യവും വീര്യവും ചോര്‍ന്നുപോയ, ആര്‍ജവമോ നിലപാടുകളോ ഇല്ലാത്ത, ജീവിതത്തിന്റെ സാരാംശമെന്തെന്ന് തിരിയാത്ത, ഒരു വിശേഷണത്തിനും അര്‍ഹമല്ലാത്ത പുത്തന്‍ തലമുറയെ ഏത് ഗണത്തില്‍ ഉള്‍പ്പെടുത്തും എന്ന ആശയകുഴപ്പത്തിലേക്ക് വായനക്കാരനെ എത്തിക്കുന്നതില്‍ കഥാകൃത്ത് വിജയിച്ചു. അതാണ് കഥയുടെ അടുത്ത അധ്യായവും. ജമീല്‍ അഹ്മദിനും വാരികക്കും അഭിനന്ദനങ്ങള്‍.
മുഹ്‌സിന്‍ തിരൂര്‍ക്കാട്
എസ്.എം.എസ് തട്ടിപ്പുകള്‍
'കാഴ്ചയുടെ കാണാപ്പുറങ്ങള്‍' എന്ന നാജിദബാനു ആദിരാജയുടെ ലേഖനം(ലക്കം 6) കാലിക പ്രസക്തമാണ്. അഭിനന്ദനങ്ങള്‍. ലേഖിക പറയാതെ വിട്ട ചില കാര്യങ്ങള്‍ കുറിക്കട്ടെ.
എസ്.എം.എസ് വോട്ടു ചോദിച്ചുകൊണ്ടുള്ള മത്സരാര്‍ഥികളുടെ അഭ്യര്‍ഥന കാണുമ്പോള്‍ ഹാര്‍മോണിയം വായിച്ച് തെരവു ഗായകര്‍ പാടുന്ന പാട്ടും തുടര്‍ന്നുള്ള യാചനയും ഓര്‍മവരുന്നു. ഒന്ന് ജീവിക്കാന്‍ വേണ്ടി യാചിക്കുന്നു. മറ്റേത് പ്രസിദ്ധിക്ക് വേണ്ടിയും. മത്സരാര്‍ഥികളുടെ നാട്ടിലും പരിസര പ്രദേശത്തും എസ്.എം.എസ് യാചിച്ചുകൊണ്ടുള്ള കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും ഇന്ന് നമുക്ക് കാണാം. കൂടാതെ കുടുംബാംഗങ്ങള്‍ വീടുകള്‍ തോറും എസ്.എം.എസ് വോട്ട് യാചിച്ച് സ്‌ക്വാഡ് വര്‍ക്ക് നടത്തുന്നു. കണ്ടാല്‍ അസംബ്ലി ഇലക്ഷനിലാണ് മകന്‍/മകള്‍ മത്സരിക്കുന്നതെന്ന് തോന്നും. ഇങ്ങനെ ഓരോ മത്സരാര്‍ഥിയും മത്സര വിജയത്തിന് എന്തൊക്കെ ചെയ്യുന്നു!
എം.സി ഫൈസല്‍ തിരുവട്ടൂര്‍
പരിയാരം