Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>പ്രതികരണം


അവരിവിടെ എത്തിയതെന്തിന്?

 

# കെ.എ ഖാദര്‍ ഫൈസി

 
 




തൊടുപുഴ ന്യൂമാന്‍ കോളേജിലെ ഒരധ്യാപകന്‍ പ്രവാചകനിന്ദയടങ്ങിയ ചോദ്യപേപ്പറുണ്ടാക്കിയത് കാരണം മത-ജാതി-രാഷ്ട്രീയ ഭേദമന്യെ കേരള ജനത ഒന്നിച്ച് പ്രതിഷേധിക്കുകയും കോളേജ് അധികാരികളും സര്‍ക്കാരും ഉചിതമായ നിലപാട് സ്വീകരിച്ചതിനാല്‍ പ്രശ്നം കെട്ടടങ്ങുകയും ചെയ്തിരുന്നു. കലാപങ്ങളോ സംഘര്‍ഷങ്ങളോ പിന്നെയുണ്ടായില്ല. മത സൌഹൃദാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ കേരളം മാതൃക സൃഷ്ടിക്കുകയായിരുന്നു.
പെട്ടെന്നാണത് സംഭവിച്ചത്. ചില സാമൂഹിക ദ്രോഹികള്‍ അദ്ദേഹത്തിന്റെ കൈപത്തി വെട്ടി മാറ്റി. അന്തരീക്ഷം വീണ്ടും ചൂടുപിടിച്ചു; മുമ്പത്തെ പോലെത്തന്നെ. മത-ജാതി-രാഷ്ട്രീയ വ്യത്യാസമന്യെ ഈ കൊടുംക്രൂരതക്കെതിരെയും കേരളം ഒറ്റക്കെട്ടായി പ്രതിഷേധവുമായി രംഗത്തുവന്നു. കുറ്റവാളികളെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ക്രൈസ്തവ-ഇസ്ലാം മത നേതാക്കന്മാര്‍ അവസരത്തിനൊത്ത് ഉയരുകയും സൌഹൃദാന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ എന്തു ത്യാഗത്തിനും സന്നദ്ധരാവുകയും ചെയ്തു. എന്തിനധികം, അധ്യാപകന്റെ ശസ്ത്രക്രിയാവേളയില്‍ രക്തം നല്‍കിയും ആശുപത്രി വരാന്തയില്‍ ഉറക്കമിളച്ചും ത്യാഗസന്നദ്ധത പ്രകടിപ്പിച്ചവരും അവരിലുണ്ട്.
അധ്യാപകന്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തിന്റെ മതമേധാവികള്‍ അത്യപൂര്‍വമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. കൈവെട്ട് സംഭവം കേരളത്തിന്റെ മതേതര സ്വഭാവത്തിനേറ്റ ശക്തമായ പ്രഹരമാണെന്നും പ്രശ്നം കൂടുതല്‍ വഷളാക്കാനുള്ള നീക്കത്തില്‍നിന്ന് ക്രൈസ്തവ സമൂഹം പിന്തിരിയണമെന്നുമാണ് അവര്‍ അണികളോടാവശ്യപ്പെട്ടത്. ഏതായാലും ഈ കൊടുംക്രൂരതക്കെതിരെ സമൂഹ മനസ്സാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അന്വേഷണങ്ങള്‍ മുറക്ക് നടന്നുകൊണ്ടിരിക്കുന്നു. ചിലരെ പോലീസ് പിടികൂടിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളുടെയും സഹകരണം അവര്‍ക്ക് ലഭിച്ചുകൊണ്ടുമിരിക്കുന്നു.
ഇതിനിടയിലാണ് പുതിയൊരു സംഭവം നടക്കുന്നത്. കേരളത്തിന്റെ പുറത്തുനിന്നുള്ള ഒരു നാല്‍വര്‍ സംഘം എറണാകുളം സ്പെഷ്യാലിസ്റ് ആശുപത്രിയില്‍ ഈ പ്രഫസറെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ സഹോദരിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരിക്കുന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയതാണത്രെ ഈ സംഘത്തെ. അക്രമം നടന്ന സ്ഥലവും സംഘം സന്ദര്‍ശിച്ചു. മുന്‍ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ഹരീന്‍ പാണ്ഡെ എം.പി, ഗോവയിലെ മുന്‍ മന്ത്രി വില്‍ഫ്രെഡ് വിത്സി, പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. പിങ്കി ആനന്ദ്, സുപ്രീം കോടതി അഭിഭാഷകന്‍ ബാല സുബ്രമഹണ്യം എന്നിവരുള്‍പ്പെട്ടതായിരുന്നു സംഘം.
നമ്മുടെ ചോദ്യമിതാണ്: യഥാര്‍ഥത്തില്‍ ഇവരുടെ സന്ദര്‍ശനോദ്ദേശ്യമെന്താണ്? അധ്യാപകനെയും ബന്ധുക്കളെയും സമാശ്വസിപ്പിക്കുകയാണോ? അവര്‍ക്ക് നീതി ഉറപ്പ് വരുത്തുകയാണോ? കേരളത്തിലെ മത സൌഹൃദാന്തരീക്ഷം ശക്തിപ്പെടുത്തുകയാണോ? ഇതൊന്നുമാലോചിച്ചിട്ട് സാധാരണക്കാരന് യാതൊരു മറുപടിയും കിട്ടുന്നില്ല. കൈവെട്ട് സംഭവം കൊടുംക്രൂരത തന്നെ. പക്ഷേ, അതിലും വലിയ ക്രൂരതകള്‍ കേരളത്തില്‍ ധാരാളം നടന്നിട്ടുണ്ട്, നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഇരകള്‍ക്ക് നീതി ലഭിക്കാത്ത കേസുകള്‍ ഇവിടെ നിരവധിയാണെന്നത് ആര്‍ക്കും അജ്ഞാതമല്ല. എന്നാല്‍ രണ്ട് സമുദായങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണീ സംഭവമെന്നതാണ് ഇതിന്റെ കാതലായ വശം. അതുകൊണ്ടുതന്നെയാണല്ലോ ഇരു സമുദായങ്ങളുടെ മേധാവികളും ഭരണകൂടവുമെല്ലാം അതീവ ജാഗ്രത കാണിച്ചത്. പക്ഷേ, ഒരു ദേശീയ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ഇടപെടാന്‍ മാത്രം എന്തുണ്ടെന്നാണ് അവര്‍ക്കറിയാത്തത്. മാത്രമല്ല, ഒറീസ്സയിലും മറ്റും അധ്യാപകന്റെ സഹവിശ്വാസികളായ ക്രൈസ്തവ സമൂഹത്തെ അതിഭീകരമായി പീഡിപ്പിച്ചവരാണിവര്‍. ക്രിസ്ത്യാനിയായിപ്പോയി എന്നതിന്റെ പേരിലായിരുന്നുവല്ലോ ആ കുരുതികളെല്ലാം നടന്നത്.
അധ്യാപകന്റെ കൈവെട്ട് സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഇതിനു പിന്നില്‍ തീവ്രവാദ സംഘങ്ങളുടെ ഗൂഢാലോചനയുണ്ടെന്നും കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്നുമാണവര്‍ പത്രസമ്മേളനം നടത്തി പറഞ്ഞത്. ലോകമനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച ബാബരി മസ്ജിദ് തകര്‍ക്കല്‍ സംഭവം ആഹ്ളാദത്തോടെ വരവേറ്റ ഒരു പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ഇതൊക്കെ പറയാനുള്ള അര്‍ഹത എന്ത് എന്നാണ് ജനങ്ങള്‍ക്ക് മനസ്സിലാകാത്തത്.
ശ്രദ്ധേയമായ മറ്റൊരു വസ്തുതയുണ്ട്. അധ്യാപകന്റെ നിന്ദക്ക് വിധേയനായ പ്രവാചകന്റെ സമുദായത്തിലെ തീവ്രവാദികളെന്നു പറയപ്പെടുന്ന ഒരു വിഭാഗത്തെ ഉന്നം വെച്ച് കൊണ്ടാണ് അന്വേഷണ സംഘം ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ, അവരായിരിക്കാം പ്രതികള്‍. സാഹചര്യവും അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നു. കുറ്റം തെളിയിക്കപ്പെടുന്ന പക്ഷം അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക തന്നെ വേണമെന്ന കാര്യത്തിലാര്‍ക്കും തര്‍ക്കമില്ല. പക്ഷേ, സംശയം അതല്ല. തീവ്രവാദി വിഭാഗം മുസ്ലിംകളില്‍ മാത്രം പരിമിതമാണോ? രാജ്യത്തുടനീളം സ്ഫോടനങ്ങളും അക്രമങ്ങളും നടക്കുമ്പോഴെല്ലാം അന്വേഷണം മുസ്ലിം തീവ്രവാദികളില്‍ മാത്രം ഒതുക്കുന്ന സ്ഥിതിവിശേഷമാണിന്നുള്ളത്. അങ്ങനെ നിരവധി മുസ്ലിം ചെറുപ്പക്കാര്‍ പിടിക്കപ്പെടുകയും ശാരീരിക പീഡനങ്ങള്‍ക്ക് പുറമെ, മാധ്യമങ്ങളിലൂടെയുള്ള മാനസിക പീഡനങ്ങള്‍ക്കും വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ചില ഉദാഹരണങ്ങള്‍ കാണുക:
2007 ഫെബ്രുവരി 18ന് സംഝോത എക്സ്പ്രസ് സ്ഫോടനം നടന്നു. 68 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് എന്നീ മുസ്ലിം ഭീകര സംഘങ്ങളിലേക്കാണ് അന്വേഷണ സംഘം തിരിഞ്ഞത്. ഒരു പാകിസ്താന്‍കാരനടക്കം നിരവധി മുസ്ലിം യുവാക്കള്‍ അറസ്റ് ചെയ്യപ്പെട്ടു. പിന്നെ സംഭവിച്ചതെന്തായിരുന്നു? അന്വേഷണം വഴിതിരിഞ്ഞപ്പോള്‍ സന്ദീപ് ദാംഗെ, രാംജി എന്നീ രണ്ട് ആര്‍.എസ്.എസ് പ്രചാരകരെയാണ് ഇപ്പോള്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
2008 സെപ്റ്റംബര്‍ 29-ല്‍ മാലേഗാവ് സ്ഫോടനത്തില്‍ ഏഴു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന മുസ്ലിം തീവ്രവാദി സംഘടനയിലേക്കാണ് തുടക്കത്തില്‍ അന്വേഷണം തിരിഞ്ഞത്. പക്ഷേ, അന്വേഷണം പുരോഗമിച്ചതോടെ അഭിനവ് ഭാരത്, രാഷ്ട്രീയ ജാഗരണ്‍ മഞ്ച് എന്നീ ഹിന്ദു തീവ്രവാദി സംഘാംഗങ്ങളുടെ പങ്കാളിത്തമാണ് തെളിഞ്ഞത്. പ്രജ്ഞാ സിംഗ് ഠാക്കൂര്‍, ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, ദയാനന്ദ് പാണ്ഡെ എന്ന സ്വാമി അമൃതാനന്ദ് ദേവതീത്ഥ് എന്നിവരാണ് പിടിയിലായത്.
2007 മേയ് 18-ന് ഹൈദാരാബാദ് മക്കാ മസ്ജിദില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ 14 പേരാണ് മരിച്ചത്. 80-ഓളം മുസ്ലിംകള്‍ കസ്റഡിയിലെടുക്കപ്പെടുകയും 25 പേരെ അറസ്റ് ചെയ്യുകയുമുണ്ടായി. ആറു മാസത്തിനു ശേഷം മിക്കവരും നിരപരാധികളാണെന്ന് കണ്ട് വിട്ടയക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ സി.ബി.ഐ നല്‍കിയ ഒരറിയിപ്പിങ്ങനെ: "ഈ സ്ഫോടനത്തില്‍ പ്രതികളായ സന്ദീപ് ദാംഗെ, രാമചന്ദ്ര കത്സാംഗ്ര എന്നിവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഇനാം നല്‍കുന്നതാണ്.''
2007 ഒക്ടോബര്‍ 11-ന് അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്ഫോടനത്തിന് പിന്നിലും ആദ്യം സംശയിക്കപ്പെട്ടത് ഹൂജി, ലശ്കറെ ത്വയ്യിബ എന്നീ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളെയായിരുന്നു. കുറെ മുസ്ലിംകള്‍ ഇതിന്റെ പേരില്‍ അറസ്റിലുമായി. പക്ഷേ, സംഭവത്തോടനുബന്ധിച്ച് ഇക്കൊല്ലം രാജസ്ഥാന്‍ ഭീകര പ്രതിരോധ സ്കോഡ് അറസ്റ് ചെയ്തതാരെയെന്നോ? ഹിന്ദുത്വ തീവ്രവാദികളായ ദേവേന്ദ്ര ഗുപ്ത, ചന്ദ്രശേഖര്‍, വിഷ്ണു പ്രസാദ് പരിധര്‍ എന്നീ മൂന്നു പേരെ. സ്ഫോടനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട സുനില്‍ ജോഷിയാണ് ആസൂത്രകന്‍ എന്ന് കരുതപ്പെടുന്നു.
2006 സെപ്റ്റംബര്‍ 8-ന് 37 പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്ഫോടനത്തിലും ആദ്യം അറസ്റ് ചെയ്തത് മുസ്ലിംകളെ തന്നെയായിരുന്നു. പക്ഷേ, ഹിന്ദുത്വ ഭീകരരാണ് പിന്നിലെന്ന് ഇപ്പോള്‍ സംശയിക്കുന്നു. 2008 ജൂണ്‍ 4-നാണ് താനെയിലെ സിനിമാശാലയില്‍ സ്ഫോടനം നടക്കുന്നത്. ഹിന്ദുജന ജാഗുതി സമിതി, സനാതന്‍ സന്‍സ്താന്‍ എന്നിവയുമായി ബന്ധപ്പെട്ട രമേഷ് ഹനുമന്ത് ഗഡ്കരിയും മംഗേഷ് ദിനകര്‍ നാഗമും അറസ്റ് ചെയ്യപ്പെട്ടു.
2009 ഒക്ടോബര്‍ 16-ന് നടന്ന ഗോവാ സ്ഫോടനങ്ങളില്‍ സനാതന്‍ സന്‍സ്താന്‍ അംഗങ്ങളായ മാല്ഗോണ്ഡ പാട്ടീല്‍,യൊഗേഷ് നായിക് എന്നിവരാണ് പ്രതികള്‍.
2008 സെപ്റ്റംബര്‍ 27-ന് ദല്‍ഹിയില്‍ നടന്ന മെഹ്രോളി സ്ഫോടനത്തിലും ഹിന്ദുത്വ ശക്തികളുടെ പങ്കാണ് സംശയിക്കപ്പെടുന്നത്. 2008 ആഗസ്റില്‍ ബോംബ് നിര്‍മാണവേളയിലാണ് കാണ്‍പൂരിലെ രാജീവ് മിശ്ര, ഭൂപീന്ദര്‍ സിംഗ് എന്നീ രണ്ട് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.
ഇത് എഴുതുമ്പോള്‍ എന്റെ മുന്നിലുള്ള ഒരു പത്രവാര്‍ത്ത കൂടി ഇവിടെ ചേര്‍ക്കട്ടെ: "രാജ്യത്തെ ഞെട്ടിച്ച 2007-ല്‍ നടന്ന അജ്മീര്‍ സ്ഫോടന കേസിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയത് ആര്‍.എസ്.എസ് നേതാക്കളാണെന്ന് സി.ബി.ഐ. ഉത്തര്‍പ്രദേശിലെ ആര്‍.എസ്.എസ് നേതാക്കളായ അശോഖ് ബെറി, അശോക് വര്‍ഷനെ എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ വെളിപ്പെടുത്തല്‍'' (മാധ്യമം 2010 ജൂലൈ 11).
ചുരുക്കത്തില്‍, രാജ്യത്തെ നടുക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി അവ മുസ്ലിംകളുടെ മേല്‍ കെട്ടിവെക്കുകയും അങ്ങനെ രാജ്യത്തെ സൌഹൃദാന്തരീക്ഷം തകര്‍ക്കുകയും ചെയ്യുന്നവരാണ് കൈവെട്ട് സംഭവത്തില്‍ കുളം കലക്കാന്‍ ഇറങ്ങിയിരിക്കുന്നത്. കൊടും ഭീകരനെന്ന് തെളിയിക്കപ്പെട്ട മുത്തലിക്കിന്റെ സര്‍വ കേസുകളും എഴുതി തള്ളി കേരളത്തില്‍ നീതി ഉറപ്പുവരുത്താനും തീവ്രവാദ പ്രവര്‍ത്തനത്തില്‍ സര്‍ക്കാറിനെ അധിക്ഷേപിക്കാനും കേരളത്തിലെത്തിയ ബി.ജെ.പി സംഘത്തിന്റെ ഉള്ളിലിരുപ്പ് അതിനാല്‍ തന്നെ സംശയാസ്പദമാണ്.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly