അന്താരാഷ്ട്ര മുസ്ലിം പണ്ഡിത വേദിയായ അല്‍ ഇത്തിഹാദുല്‍ ആലമി ലിഉലമാഇല്‍ മുസ്ലിമീന്റെ പ്രസിഡന്റായി ഡോ. യൂസുഫുല്‍ ഖറദാവി വീണ്ടും എതിരില്ലാതെ തെരഞ്ഞെടുത്തിരിക്കുന്നു. ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ തുര്‍ക്കിയിലെ ഇസ്തംബൂളില്‍ വെച്ച് ചേര്‍ന്ന പണ്ഡിത വേദിയുടെ മൂന്നാം വാര്‍ഷിക ജനറല്‍ ബോഡിയായിരുന്നു തെരഞ്ഞെടുപ്പിന്റെ വേദി. 30 അംഗ സെക്രട്ടറിയേറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഡോ. അലി ഖുര്‍റദാഗി, ഡോ. സല്‍മാന്‍ അല്‍ ഔദ എന്നിവരുള്‍പ്പെടെ 18 പേര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അഞ്ച് യുവാക്കളടക്കം 12 പേര്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ മൂന്നു പേര്‍ സ്ത്രീകളാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. അനാരോഗ്യം കാരണം സ്ഥാനമൊഴിഞ്ഞ ഡോ. സലീം അല്‍ അവാക്ക് പകരം ഡോ. ഖുര്‍റദാഗി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം സുന്നി, ഇബാളി, ശീഈ മദ്ഹബുകളെ പ്രതിനിധീകരിച്ച് മുന്‍ മൌറിത്താനിയന്‍ മന്ത്രി അബ്ദുല്ല ബിന്‍ ബേഹ്, ഒമാനിലെ മുഫ്തി അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീലി, വാഹിദ് സാദ അല്‍ ഖുറാസാനി എന്നിവരെ വൈസ് പ്രസിഡന്റുമാരായി ഡോ. ഖര്‍ദാവി നോമിനേറ്റു ചെയ്തു. ഡോ. റാശിദ് അല്‍ ഗനൂഷി, ഫഹ്മീ ഹുവൈദി തുടങ്ങിയ ഒട്ടേറെ പ്രഗത്ഭരുടെ സാന്നിധ്യം സമ്മേളനത്തെ അര്‍ഥവത്താക്കി. ഒരു പണ്ഡിത സംഘം ഗസ്സയിലേക്ക് സഹായവുമായി പോകാനും പണ്ഡിത വേദിയുടെ ആഭിമുഖ്യത്തില്‍ ഒരു ചാരിറ്റബ്ള്‍ ട്രസ്റ് രൂപവത്കരിക്കാനുമുള്ള ഖര്‍ദാവിയുടെ നിര്‍ദേശങ്ങളെ ജനറല്‍ ബോഡി അംഗീകരിച്ചു. ട്രസ്റിലേക്ക് ഡോ. ഖര്‍ദാവി വ്യക്തിപരമായി പത്ത് ലക്ഷം ഖത്തര്‍ റിയാല്‍ സംഭാവന നല്‍കുന്നതായി അറിയിച്ചു. തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ലോകത്തെ സര്‍ക്കാരിതര സാമൂഹിക സംഘടനകളുടെ പൊതു വേദിയാണ് പണ്ഡിത സഭയുടെ ജനറല്‍ ബോഡിക്ക് ഇസ്തംബൂളില്‍ ആഥിത്യമരുളിയത്. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നായി 900 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
തുര്‍ക്കി-ഇന്തോനേഷ്യ വ്യാപാര കരാര്‍
തുര്‍ക്കിയും ഇന്തോനേഷ്യയും തമ്മിലുള്ള വ്യാപാര വിനിമയം അടുത്തഭാവിയില്‍ തന്നെ അഞ്ഞൂറ് കോടി ഡോളറിന്റേതാക്കി ഉയര്‍ത്തുമെന്ന് പ്രസിഡന്റ് അബ്ദുല്ല ഗുല്‍ പ്രസ്ഥാവിച്ചു. 25 വര്‍ഷത്തിനു ശേഷം ആദ്യമായി തുര്‍ക്കി സന്ദര്‍ശിക്കുന്ന ഇന്തോനേഷ്യന്‍ പ്രസിഡന്റിനോടൊപ്പം പത്രസമ്മേളനം പങ്കിടുകയായിരുന്നു അദ്ദേഹം. 2009 ല്‍ ഇത് കേവലം 1.78 ബില്യന്‍ മാത്രമായിരുന്നു.
സുഊദിയില്‍പുതിയ ഫത്വ കമ്മറ്റി
സുഊദി അറേബ്യയിലെ പരമോന്നത പണ്ഡിത സഭ (ഹൈഅത്തു കിബാരില്‍ ഉലമ) അവരുടെ ഫത്വ സമിതിയായ 'ലജ്നതുല്‍ ബുഹൂസി വല്‍ ഫത്വ' യെ പ്രതിനിധീകരിച്ച് ഫത്വകള്‍ പുറപ്പെടുവിക്കാന്‍ 12 മുഫ്തിമാരെ നാമനിര്‍ദേശം ചെയ്തു. ശൈഖ് അബ്ദുല്ലാഹ് അല്‍തുവൈജിരി, ഖലഫ് അല്‍ മുത്ലക്ക്, അബ്ദുല്ലാഹ് അല്‍-ജബ്രീന്‍, ഡോ. ആബിദ് അല്‍-സുഫിയാനി, ഡോ. ഇബ്റാഹീം അല്‍-സുബൈഹി എന്നിവര്‍ അവരില്‍ ചിലരാണ്. മതവിധികള്‍ നല്‍കുന്നേടത്ത് കാണപ്പെടുന്ന അപാകതകള്‍ പരിഹരിക്കുന്നതിനും അതിന്റെ പുനക്രമീകരണത്തിനുമായി ശൈഖ് സാലിഹ് ബിന്‍ അബ്ദുല്‍ അസീസ് അല്ലുഹൈദാന്റെ അധ്യക്ഷതയില്‍ മറ്റൊരു ഏഴ് അംഗ പണ്ഡിത സഭയെയും തെരഞ്ഞെടുത്തു.