'എനിക്കാരോടും കടപ്പാടില്ല; എന്റെ മാതാപിതാക്കളോടു പോലും! എന്തിനുണ്ടാവണം? അവര്‍ പരസ്പര ആസ്വദിച്ചതിന്റെ ഉല്‍പന്നമായിട്ടാണ് ഞാനുണ്ടായത്. പിന്നെ പോറ്റിവളര്‍ത്തിയതിന്റെ കാര്യം. അത് അവരുടെ സന്തോഷത്തിന്. ജനിച്ചവരെ വളര്‍ത്തുക ജനിപ്പിച്ചവരുടെ ബാധ്യതയാണല്ലോ. അതൊന്നും ഞാനാവശ്യപ്പെട്ടതല്ല. കുടുംബം അനാവശ്യമായ സ്ഥാപനം. അതു വ്യക്തിയുടെ മേല്‍ ബന്ധങ്ങളുടെ ബന്ധനങ്ങളും ബാധ്യതകളുടെ ഭാരവും കെട്ടിവെക്കുന്നു. സ്വതന്ത്ര ജീവിതം നിഷേധിക്കുന്നു.' ഇങ്ങനെയൊക്കെ വെട്ടിത്തുറന്നു പറയുന്നവര്‍ അപൂര്‍വമായിരിക്കാം. പക്ഷേ, ഈ വിധം ചിന്തിക്കുന്നവരുടെ സംഖ്യ വര്‍ധിച്ചു വരുന്നുണ്ട്. കുടുംബ വ്യവസ്ഥക്കും സാമൂഹിക ബന്ധങ്ങള്‍ക്കും മീതെ ഉരുണ്ടു കൂടുന്ന കാര്‍മേഘമാണിത്. ചിലയിടങ്ങളില്‍ അത് അരാജകത്വം പെയ്തു തുടങ്ങുകയും ചെയ്തിരിക്കുന്നു.
ജനിപ്പിച്ചതും വളര്‍ത്തിയതും ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല എന്ന വാദമെടുക്കുക. ഒന്നാമതായി, ജനനമരണങ്ങള്‍ ജനിക്കുന്നവരുടെയും മരിക്കുന്നവരുടെയും ആവശ്യാനുസരണം സംഭവിക്കുന്ന പ്രതിഭാസങ്ങളാണെങ്കിലേ അതു പ്രസക്തമാകൂ. അങ്ങനെയൊരവസ്ഥ ഈ പ്രപഞ്ചത്തിലില്ല. രണ്ടാമതായി മനുഷ്യന്റെ മാനവികത എന്ന ഉദാത്തമായ ഗുണത്തിന് അശേഷം നിരക്കുന്നതുമല്ല ആ ന്യായം. ബന്ധങ്ങളിലൂടെയും അതില്‍നിന്നുല്‍ഭൂതമാകുന്ന കടപ്പാടുകളിലൂടെയുമാണ് മനുഷ്യന്റെ മനുഷ്യത്വം യാഥാര്‍ഥ്യമാകുന്നത്. വിശന്നു വലഞ്ഞുവരുന്നവന് അന്നം കൊടുക്കുക നിങ്ങളുടെ -കൈയില്‍ ഉണ്ടെങ്കില്‍- ബാധ്യതയാണ്. അയാളോട് അന്നം തേടിവരാന്‍ നിങ്ങള്‍ ആവശ്യപ്പെട്ടതിന്റെ പേരിലല്ല ഈ ബാധ്യത. അയാളില്‍നിന്ന് എന്തെങ്കിലും പ്രതിഫലം കിട്ടുന്നതിന്റെയോ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതിന്റെയോ പേരിലുമല്ല. അത് മനുഷ്യത്വമാണ്. അയാള്‍ നിങ്ങളെപ്പോലെ മനുഷ്യനായതിന്റെ പേരില്‍ പ്രകൃതി നിങ്ങളില്‍ ചുമത്തിയ ബാധ്യത.
മക്കള്‍ മാതാപിതാക്കളോട് ജന്മവും പരിപാലനവും ആവശ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് മാതാപിതാക്കളോട് ബാധ്യതയില്ല എന്ന ന്യായം കമ്പോളത്തിന്റേതാണ്. ആവശ്യപൂര്‍ത്തീകരണം പ്രതിഫലബാധ്യതയുമായി ബന്ധപ്പെടുന്നത് ചന്തയിലാണ്. ജനിച്ചവരെ പോറ്റുക ജനിപ്പിച്ചവരുടെ ബാധ്യതയാണെന്നു പറയുന്നുണ്ടല്ലോ; ഈ ബാധ്യത എവിടന്നുണ്ടായി? ആരു ചുമത്തി? ആരും ചുമത്താതെ സ്വയം വന്നു ചേര്‍ന്നതാണോ? ഉത്തരമെന്തായാലും ജനിപ്പിച്ചവര്‍ക്ക് ജനിച്ചവരോടുള്ള ബാധ്യത ജനിച്ചവര്‍ക്ക് ജനിപ്പിച്ചവരോടുള്ള ബാധ്യതയെയും അനിവാര്യമാക്കുന്നു. പിന്നെ, കുടുംബ സംവിധാനം അനാവശ്യമാണ്, പ്രതിലോമപരമാണ് എന്നൊക്കെ വാദിക്കുന്നവര്‍ പോലും ഇങ്ങനെയൊക്കെ ചിന്തിക്കാനും പറയാനും പ്രാപ്തരായത് കുടുംബത്തിന്റെ പരിചരണത്തില്‍ വളര്‍ന്നു വലുതായതുകൊണ്ടാണ്. അല്ലാതെ അവരാരും ജനിച്ചയുടനെ കുടുംബം വെടിഞ്ഞ് തന്നത്താന്‍ വളര്‍ന്നു വലുതായവരല്ല. ആയിരുന്നുവെങ്കില്‍ കുടുംബം, സ്വാതന്ത്യ്രം തുടങ്ങിയ വാക്കുകള്‍ പോലും അവര്‍ക്കജ്ഞാതമാകുമായിരുന്നു. അതെ, കുടുംബത്തെ തള്ളിപ്പറയാനും തകര്‍ക്കാനും വേണം, കുടുംബത്തില്‍ വളരുക.
മാതാപിതാക്കളിലൂടെ സന്തതികള്‍ ജനിക്കുക വംശത്തിന്റെ നിലനില്‍പിന് പ്രകൃതി നിശ്ചയിച്ച മാര്‍ഗമാണ്. തിര്യക്കുകള്‍ ജനിച്ച് അധികം താമസിയാതെ സ്വന്തം പാടുനോക്കി മാതാപിതാക്കളില്‍ നിന്നു പിരിഞ്ഞു പോകുന്നു. മനുഷ്യന് ദീര്‍ഘകാലം മാതാപിതാക്കളുടെ പരിചരണം വേണം. ജന്തുക്കളെപ്പോലെ പ്രസവിച്ച് ഏതാനും ദിവസങ്ങള്‍ക്കകം മാതാപിതാക്കള്‍ ഉപേക്ഷിച്ചാല്‍ മനുഷ്യക്കുഞ്ഞ് മരിച്ചു പോകും. വിശിഷ്ട ജീവിയായ മനുഷ്യന്‍ മാത്രം എന്തുകൊണ്ടിത്ര ദുര്‍ബലനും പരാശ്രിതനുമായി ജനിക്കുന്നു? തിര്യക്കുകളെക്കാള്‍ മുമ്പേ ജീവിതം സ്വയം ഏറ്റെടുക്കാന്‍ കഴിയേണ്ടിയിരുന്നത് മനുഷ്യനായിരുന്നില്ലേ? ഈ ചോദ്യത്തിന് ഭൌതിക ശാസ്ത്രം അതിന്റേതായ വിശദീകരണം നല്‍കുന്നുണ്ടാകാം. അതു പക്ഷേ പദാര്‍ഥത്തിന്റെ ഘടനയും ചലന നിയമങ്ങളുമായി ബന്ധപ്പെട്ടതാണ്. മാനവികമായ അന്വേഷണത്തെ തൃപ്തിപ്പെടുത്താന്‍ അതു പര്യാപ്തമല്ല. എന്നാല്‍ മാനവികതയിലധിഷ്ഠിതമായ ജീവിത വീക്ഷണം നല്‍കുന്ന ഉത്തരം ലളിതവും ഉദാത്തവുമാണ്. തിര്യക്കുകള്‍ക്ക് കുടുംബ വ്യവസ്ഥയില്ല. സംസ്കാരവും പുരോഗമനോന്മുഖമായ സാമൂഹിക ബന്ധങ്ങളും പ്രകൃതി അവയില്‍നിന്നുദ്ദേശിച്ചിട്ടില്ല. അതൊക്കെ ഉദ്ദേശിച്ചിട്ടുള്ളത് മനുഷ്യനില്‍നിന്നാണ്. തിര്യക്കുകളെപ്പോലെ ജനിച്ചു വീണ ഉടനെ സ്വന്തം പാടുനോക്കി പോകാവുന്ന പരുവത്തിലാണ് മനുഷ്യനും ജനിക്കുന്നതെങ്കില്‍ അവനും അതുതന്നെ ചെയ്യുമായിരുന്നു. പിന്നെ അവന് കുടുംബവും സമൂഹവുമില്ല. സാമൂഹിക ബന്ധങ്ങളും തജ്ജന്യമായ സംസ്കാരവും നാഗരികതയുമില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അവന്‍ മനുഷ്യനാവില്ല. വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധങ്ങളുടെ സമുച്ചയമാണ് മനുഷ്യത്വമെന്നാണ് കാള്‍ മാര്‍ക്സ് നിരീക്ഷിക്കുന്നത്. മനുഷ്യന്‍ തീരെ ദുര്‍ബലനായി പിറന്ന് വളരെ വര്‍ഷങ്ങള്‍ മാതാപിതാക്കളുടെ പരിചരണത്തില്‍ വളരണമെന്ന് പ്രകൃതി നിശ്ചയിച്ചത്, അവനില്‍ മാനുഷിക ബന്ധങ്ങളും സാമൂഹികാവബോധവും രൂഢമാകുന്നതിനു വേണ്ടിയാണ്. മക്കള്‍ സ്വയം പര്യാപ്തരാകുന്നതുവരെ ആശ്രയം നല്‍കാനും പരിപാലിക്കാനും പ്രേരിപ്പിക്കുന്ന സ്നേഹവായ്പും ത്യാഗസന്നദ്ധതയും പ്രകൃതി മാതാപിതാക്കളില്‍ നിക്ഷേപിക്കുകയും ചെയ്തിരിക്കുന്നു.
മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രഥമവും ബലിഷ്ഠവുമായ പാശമാണ് കുടുംബം. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കൂറിന്റെയും കടപ്പാടിന്റെയും ഇഴകള്‍ കൊണ്ടാണ് കുടുംബപാശം പിരിച്ചുണ്ടാക്കുന്നത്. കുടുംബ ബന്ധങ്ങളുടെ വികാസമാണ് സാമൂഹിക ബന്ധങ്ങള്‍. കുടുംബത്തിന്റെ അഭാവത്തില്‍ മനുഷ്യന്‍ വെറുമൊരു ജന്തു മാത്രമേ ആകൂ. മാന്യതയില്ലാത്തവനെ 'കുടുംബത്തില്‍ പിറക്കാത്തവന്‍' എന്നു പറയാറുണ്ടല്ലോ. സ്നേഹത്തിന്റെയും സംസ്കാരത്തിന്റെയും ആരോഗ്യകരമായ പരസ്പര ബന്ധങ്ങളുടെയും ആദ്യ സ്രോതസ്സ് കുടുംബമാണ്. മാതാപിതാക്കള്‍ക്ക് മക്കളോടും നേരെ മറിച്ചും സ്നേഹമില്ലെങ്കില്‍ പിന്നെ ആര്‍ക്കിടയിലാണതുണ്ടാവുക? ബീജത്തിന്റെയും അണ്ഡത്തിന്റെയും ഉടമകളും അതില്‍നിന്നുണ്ടായ ഉല്‍പന്നങ്ങളും എന്ന ബന്ധമല്ല മാതാപിതാക്കളും മക്കളും തമ്മിലുള്ളത്. ഉല്‍പാദകരും ഉല്‍പന്നവും തമ്മിലുള്ള ആ അവകാശബന്ധം പൂച്ചയും അതിന്റെ മക്കളും തമ്മിലുള്ള ബന്ധം പോലെയാണ്. ഇര കൂടുതല്‍ കിട്ടുമ്പോള്‍ അതു മക്കളെ ഊട്ടും. ഒന്നും കിട്ടാതാകുമ്പോള്‍ മക്കളെ പിടിച്ച് സ്വയം ഉണ്ണും. അചിന്ത്യമാണ് മനുഷ്യര്‍ക്കിത്.
ജന്മം നല്‍കുക മഹത്തായ കാര്യമാണ്. ആണിനു പിതൃത്വവും പെണ്ണിനു മാതൃത്വവും ലഭിക്കുന്നതിലൂടെയാണതു മഹത്തരമാകുന്നത്. ജനിച്ചവര്‍ ജനിപ്പിച്ചവരെ മാതാപിതാക്കളായി തിരിച്ചറിയുന്നു, ആദരിക്കുന്നു. ലോകം അവരെ മാതാപിതാക്കളും മക്കളുമായി അടയാളപ്പെടുത്തുന്നു. ഈ തിരിച്ചറിവും ആദരവും തിര്യക്കുകള്‍ക്കിടയില്‍ ഇല്ല. ജന്മം യാദൃഛികമാണ്. പരിചരണവും സംരക്ഷണവും ബോധപൂര്‍വം ഏറ്റെടുക്കുന്നതാണ്. അതിനാല്‍ ജന്മം നല്‍കുന്നതിനേക്കാള്‍ മഹത്തരവും പുരസ്കാരാര്‍ഹവുമായ സേവനമാണ് മക്കളെ പോറ്റിവളര്‍ത്തി സമൂഹത്തില്‍ അംഗമാക്കുന്നതിലൂടെ മാതാപിതാക്കള്‍ ചെയ്യുന്നത്.