സല്‍ഭരണത്തിന്റെ തൊട്ടിലാണ് നീതി. നീതിയുടെ വെളിച്ചത്തിലാണ് രാജ്യവും ജനതയും അതിന്റെ നാഗരികതയും സുശക്തവും വികസ്വരവുമാകുന്നത്. അനീതിയും അക്രമവും അഴിമതിയുമൊക്കെ സമൂഹങ്ങളുടെ രോഗങ്ങളാണ്. നീതിയുടെ പാതയില്‍നിന്ന് വ്യതിചലിക്കുന്ന ഏതു ജനതയും ശൈഥില്യത്തിലേക്കാണ് ചുവടുവെക്കുക. സമുദായങ്ങളുടെ ഉത്ഥാനപതന ചരിത്രങ്ങള്‍ അനിഷേധ്യമായി സാക്ഷ്യപ്പെടുത്തിയ സത്യമാണിത്. പക്ഷേ, അധികാര പ്രമത്തരായ ഭരണാധികാരികള്‍ ഈ പാഠം ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നതിനാല്‍ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
ഈ ദുരന്തം ഒഴിവാക്കാനാണ് ആധുനിക രാഷ്ട്രതന്ത്രം നിയമനിര്‍മാണ വിഭാഗത്തില്‍നിന്നും ഭരണനിര്‍വഹണ വിഭാഗത്തില്‍നിന്നും സ്വതന്ത്രമായ സംവിധാനമായി നീതിന്യായ വ്യവസ്ഥയെ രൂപപ്പെടുത്തിയത്. ജുഡീഷ്യറി, അതിനെ സമീപിക്കുന്ന കക്ഷികളുടെ എന്ന പോലെ സര്‍ക്കാറിന്റെയും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കതീതമാണ്; ആയിരിക്കണം. ബഹുജനങ്ങളുടെ ക്ഷണിക വികാരങ്ങളും അത് പരിഗണിക്കേണ്ടതില്ല. നീതിയോടു മാത്രമേ ജുഡീഷ്യറിക്ക് പ്രതിബദ്ധതയുണ്ടാകൂ. നീതിയുടെ ഇരിപ്പിടമാണ് കോടതി. നീതിപീഠം കോടതിയുടെ പര്യായം തന്നെയാണല്ലോ. കോടതിയുടെ നീതിപീഠം എന്ന സങ്കല്‍പമാണ് പൗരസഞ്ചയത്തിന് അതിനോടുള്ള അനുസരണത്തിന്റെയും ആദരവിന്റെയും ആധാരം. ആ സങ്കല്‍പത്തിന് കോട്ടം തട്ടിയാല്‍ ജനമനസ്സില്‍ കോടതിയോടുള്ള ആദരവും മതിപ്പും ക്ഷയിച്ചുപോകും. കോടതിയോട് അനുസരണവും ആദരവും നിലനിര്‍ത്താന്‍ സര്‍ക്കാറും ജനങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതിലേറെ കോടതികളും ശ്രദ്ധിക്കണം. ന്യായാധിപന്മാര്‍ രാഷ്ട്രീയ നേതാക്കളെപ്പോലെ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന അവസ്ഥയുണ്ടായിക്കൂടാ. ജുഡീഷ്യറിയില്‍ 20 ശതമാനത്തോളം അഴിമതിക്കാരുണ്ടെന്ന് സുപ്രീംകോടതി തന്നെ പറയുകയുണ്ടായി. ഇന്ത്യന്‍ ജുഡീഷ്യറി ജനങ്ങളുടെ പൂര്‍ണ വിശ്വാസം അര്‍ഹിക്കുന്നില്ല എന്നാണിതിനര്‍ഥം. ചില കോടതി വിധികളെ സംബന്ധിച്ച് അടുത്ത കാലത്തുയര്‍ന്നുവന്ന ചര്‍ച്ചകള്‍ ആശങ്കയുണര്‍ത്തുന്നതാണ്. പൊതുനിരത്തുകളിലെ യോഗങ്ങള്‍ നിരോധിച്ചുകൊണ്ടുവന്ന വിധിയെ മുന്‍നിര്‍ത്തി ചില രാഷ്ട്രീയ നേതാക്കള്‍ കോടതിയെ അവമതിക്കുന്ന മട്ടില്‍ വരെ സംസാരിക്കുകയുണ്ടായി. ഭരണകൂടത്തിന്റെയും വരേണ്യ വര്‍ഗത്തിന്റെയും നിക്ഷിപ്ത താല്‍പര്യങ്ങളെ താങ്ങുന്നുവെന്ന തോന്നലുളവാക്കുന്ന വിധികളാണ് പലപ്പോഴും കോടതിയെ വിവാദവിധേയമാക്കുന്നത്. കോടതികള്‍ നീതി വിധിച്ചാല്‍ മാത്രം പോരാ, വിധിച്ചത് നീതിതന്നെ എന്ന് ജനങ്ങള്‍ക്ക് ബോധ്യമാവുകയും വേണം. ഇല്ലെങ്കില്‍ ന്യായാസനങ്ങള്‍ തെരുവില്‍ വിചാരണ ചെയ്യപ്പെടുന്ന അനാരോഗ്യകരവും അനാശാസ്യവുമായ അവസ്ഥയുണ്ടാകും. സര്‍ക്കാറും ജനങ്ങളും തമ്മിലുണ്ടാകുന്ന വ്യവഹാരങ്ങളില്‍ നീതിയേക്കാള്‍ മുഴങ്ങി കേള്‍ക്കുന്നത് 'വികസന'മാണ്. വികസനത്തിനു വേണ്ടിയുള്ള ത്യാഗങ്ങള്‍ സാധാരണക്കാര്‍ക്കും, വികസനം വരേണ്യ വിഭാഗത്തിനും എന്നതാണവസ്ഥ. ഈ നിലപാടിന്റെ അപകടകാരിത ജൂലൈ 21ന് സുപ്രധാനമായ ഒരു വിധിന്യായത്തില്‍ സുപ്രീംകോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നീതി അതിന്റെ സമയത്ത് ലഭിക്കുമ്പോഴേ നീതിയാകൂ. വൈകിയെത്തുന്ന നീതി, നീതിനിഷേധമാകുന്നു.
നടേ സൂചിപ്പിച്ച പ്രശ്‌നങ്ങളെല്ലാം തെളിഞ്ഞു കാണാവുന്ന, ദേശീയ പ്രാധാന്യമുള്ള ഒരു കോടതിവിധിയാണ് ഭോപാലിലെ യൂനിയന്‍ കാര്‍ബൈഡ് വ്യവസായശാലയിലുണ്ടായ വാതകച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ ഈയിടെയുണ്ടായത്. 15000 പേരെ മരണത്തിലേക്കും അതിലേറെ പേരെ നിത്യ യാതനയിലേക്കും തള്ളിവിട്ട ദാരുണ ദുരന്തമായിരുന്നു ആ വാതകച്ചോര്‍ച്ച. സംഭവം നടന്നത് കാല്‍നൂറ്റാണ്ട് മുമ്പാണ്. ഇക്കഴിഞ്ഞ ജൂണ്‍ 7-നാണ് കേസില്‍ വിധി വന്നത്. സംഭവത്തിനുത്തരവാദികളായി കണ്ടെത്തപ്പെട്ട എട്ടു പ്രതികള്‍ക്ക് വിധിച്ചത് കൂടിയാല്‍ രണ്ടു വര്‍ഷത്തെ തടവു മാത്രം. ഒരാഴ്ചക്കു ശേഷം വിഷവാതകച്ചോര്‍ച്ചാക്കേസിന്റെ നടപടികള്‍ അനന്തമായി നീണ്ടുപോകുന്നതിനെതിരെ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെയുള്ള കേസിലും വിധി വന്നു. മൂന്നു വര്‍ഷം തടവാണ് കോടതി അവര്‍ക്ക് വിധിച്ച ശിക്ഷ. ഭോപാല്‍ ദുരന്തത്തിന്റെ ഇരകളെ സഹായിച്ചുകൊണ്ടിരുന്ന സതിനാഥ് സാരംഗിയും അബ്ദുല്‍ ജബ്ബാറും, തങ്ങള്‍ക്കെതിരെയും പോലീസ്, കെട്ടിച്ചമച്ച ക്രിമിനല്‍ കേസുകളുണ്ടാക്കിയിട്ടുള്ളതായി പരാതിപ്പെടുന്നു. ക്രൂരമായ വ്യവസായ ദുരന്തത്തിനും പതിനായിരങ്ങളുടെ ദാരുണ മരണത്തിനും നിത്യദുരിതത്തിനും ഉത്തരവാദികളായവര്‍ ദുര്‍ബലമായ കുറ്റങ്ങള്‍ ചുമത്തി ലഘുവായി ശിക്ഷിക്കപ്പെടുകയും ആ കേസില്‍ നീതി കിട്ടാന്‍ വേണ്ടി രണ്ടര പതിറ്റാണ്ടുകാലം സമരം ചെയ്തവരും ദുരിതബാധിതരെ സഹായിച്ചവരും കെട്ടിച്ചമച്ച കുറ്റങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുകയും വിരട്ടപ്പെടുകയും ചെയ്യുക! ഇതാണ് നീതിയെങ്കില്‍ അനീതിയെന്നു വിളിക്കേണ്ടതെന്തിനെയാണ്?
ഇത് നീതിയുടെ പേരില്‍ അനീതി നടമാടുന്ന ഒറ്റപ്പെട്ട ഉദാഹരണമല്ല. സമ്പന്നരും ശക്തരുമായ കുറ്റവാളികള്‍ സുന്ദരമായി ഊരിപ്പോരുകയും പാവങ്ങളും പാര്‍ശ്വവത്കൃതരും നിരന്തരമായ നീതിനിഷേധത്തിനും പീഡനത്തിനും ഇരകളാവുകയും ചെയ്യുന്ന കേസുകള്‍ നിരവധിയാണ്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ബാബരി മസ്ജിദ് കേസിലും 1984-ല്‍ ആരംഭിച്ച ദല്‍ഹിയിലെ സിക്ക് വിരുദ്ധ കലാപക്കേസിലും 2002-ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യാ കേസുകളിലുമെല്ലാം പീഡിതര്‍ ഇപ്പോഴും നീതി കണ്ണ് തുറക്കുന്നതും കാത്തിരിപ്പാണ്. കുറ്റാന്വേഷണ ഏജന്‍സികള്‍, സ്‌പെഷ്യല്‍ കമീഷനുകള്‍, അവരുടെ റിപ്പോര്‍ട്ടുകള്‍, കേസുകള്‍ ഫയല്‍ ചെയ്യല്‍ എല്ലാം മുറക്ക് നടക്കുന്നുണ്ട്. എല്ലാം നികുതിദായകരുടെ പണമുപയോഗിച്ച് അവരുടെ കണ്ണില്‍ തന്നെ പൊടിയിടുന്ന വിദ്യകള്‍ മാത്രം. കോടതിവിധികള്‍ വൈകുന്നതിനും വിവാദ വിധികള്‍ വരുന്നതിനും വലിയൊരളവോളം കാരണം സര്‍ക്കാറിന്റെ അനാസ്ഥയും അശ്രദ്ധയും ഉദ്യോഗസ്ഥരുടെ കള്ളക്കളികളുമാണ്. 'അനാസ്ഥ'യും 'അശ്രദ്ധ'യും ആസൂത്രിതവും സശ്രദ്ധവുമാണെന്ന കാര്യം അജ്ഞാതമല്ല. ഭരണം നിര്‍വഹിക്കുന്നവരുടെ ആര്‍ജവമില്ലായ്മയില്‍നിന്നും സ്വാര്‍ഥ താല്‍പര്യങ്ങളില്‍നിന്നും ഉളവാകുന്ന ജീര്‍ണതയാണത്. അതിനെതിരെ കോടതികള്‍ കര്‍ശനമായ നിലപാടെടുക്കേണ്ടതുണ്ട്. ഭരണവര്‍ഗ-വരേണ്യവര്‍ഗ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപകരണമായി കോടതികളെ ഉപയോഗിക്കാന്‍ ആരെയും അനുവദിച്ചുകൂടാ. കേസുകളില്‍ മുഖം നോക്കാതെ, താമസംവിനാ തീര്‍പ്പുകല്‍പിക്കുമ്പോള്‍ ജനങ്ങള്‍ക്ക് നീതി ലഭിക്കും. നീതി ലഭിച്ചുകൊണ്ടിരിക്കുമ്പോള്‍ ജനങ്ങളില്‍ കോടതിയോട് ആദരവ് വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും.