കേരളത്തിലെ ആദ്യത്തെ താലിബാന്‍ മോഡല്‍ ആക്രമണം എന്ന് പരക്കെ വ്യാഖ്യാനിക്കപ്പെട്ട മൂവാറ്റുപുഴയിലെ അത്യന്തം അപലപനീയമായ അക്രമത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന നാടകങ്ങളെ ഒരല്‍പം അസ്വസ്ഥതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. സംഭവത്തെ തുടര്‍ന്നുള്ള പോലീസിന്റെ മനുഷ്യവേട്ടകള്‍ മലയാളപത്രങ്ങളുടെ തലക്കെട്ടുകളായി നിറഞ്ഞുനില്‍ക്കുന്നു. പ്രത്യേകിച്ചും മാതൃഭൂമി പോലുള്ള പത്രങ്ങള്‍. ഏകശിലാത്മകമായ ഒരു സമുദായമാക്കി കേരളമുസ്ലിംകളെ ചിത്രീകരിക്കാനും താലിബാനിസത്തിന് ഈ സമുദായം ഒന്നടങ്കം ഉത്തരവാദികളാണെന്ന് വരുത്തിത്തീര്‍ക്കാനും പാടുപെട്ടുകൊണ്ടിരിക്കുകയാണീ പത്രം. പോപ്പുലര്‍ ഫ്രണ്ട് എന്ന മുസ്ലി സംഘടനയുടെ ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും നടക്കുന്ന റെയ്ഡുകളെക്കുറിച്ചും റെയ്ഡില്‍ കണ്ടെത്തിയ അപകടകരമായ ലഘുലേഖകളെയും സി.ഡികളെയും കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ ദിനേന വന്നുകൊണ്ടിരിക്കുന്നു. അതേ സമയം മാതൃഭൂമി ദിനപത്രം മുസ്ലിംസംഘടനകളെ ഒന്നാകെ ഭീതിയുണര്‍ത്തുന്ന ഭീകരസ്വത്വങ്ങളുടെ സാന്നിധ്യമായി ചിത്രീകരിച്ച് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അതിസാഹസികമായി ചെയ്തുകൊണ്ടിരിക്കുന്നു. 'ലൌ ജിഹാദ്' എന്ന തെറ്റായ പ്രൊപഗണ്ടയോടെ തുടങ്ങിയ ആക്രമണങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് പുതിയ വിവാദങ്ങളും. കേരളത്തിലെ പ്രബല മതസമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പരസ്പര വിശ്വാസവും സമാധാനവും തകരുക എന്നതായിരിക്കും ഈ വിവാദങ്ങളുടെ ഭീകരമായ ക്ളൈമാക്സ്. വളരെ സ്വാഭാവികമായ ഒരു പ്രവൃത്തി എന്ന രീതിയില്‍ സംഭവത്തെ വിശദീകരിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കന്മാരുടെ ശ്രമങ്ങള്‍ വരാനിരിക്കുന്ന അപകടകരമായ മറ്റൊരു തലത്തെയാണ് വെളിവാക്കുന്നത് (വടക്കന്‍ കേരളത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന മൃഗീയ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ക്ഷമാപണത്തോടെ സംസാരിക്കാന്‍ ബി.ജെ.പിയുടെയോ സി.പി.എമ്മിന്റെയോ ബോസുമാര്‍ തയാറാവാറില്ലെന്നത് മറ്റൊരു കാര്യം).
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നിഷ്ഠുരമായ ആക്രമണം എങ്ങനെയാണ് ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും എന്നതിനെക്കുറിച്ച് ദിനേന ടണ്‍കണക്കിന് തെളിവുകളാണ് മാധ്യമങ്ങള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. റെട്ടറികിന്റെ കരുത്ത് പരിപൂര്‍ണമായും ഉപയോഗിക്കപ്പെടുന്നുണ്ട്. ആരോപിതര്‍ ഒരുപാട് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഭീകരവാദത്തിനുള്ള തെളിവെന്ന പോലെയാണ് മുഖ്യധാരാ മാധ്യമങ്ങള്‍ വന്യമായ ഭാഷയില്‍ അലറിയത്. കാമാവശ്യങ്ങള്‍ കാര്യക്ഷമമായി മാനേജ് ചെയ്യാന്‍ ഒരുപാട് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന നിരവധിയാളുകളെ എനിക്കറിയാം. ഇവരെല്ലാം സംശയിക്കപ്പെടുന്ന താലിബാനികളാണോ? ലഘുലേഖകളുടെയും സി.ഡികളുടെയും ശേഖരത്തെക്കുറിച്ച ഹിസ്റീരിയ കലര്‍ന്ന റിപ്പോര്‍ട്ടുകളും ഇതുപോലെ വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്. അത്തരം വസ്തുക്കള്‍ കൈയില്‍ വെക്കുന്നത് പോലും താലിബാനിസത്തിനുള്ള സമ്മതവും കുറ്റകൃത്യവുമായാണ് എഴുതിപ്പിടിപ്പിക്കുന്നത്. 'കുലീന' മലയാളി സ്ത്രീത്വത്തെ ആഘോഷിക്കുന്ന ഒരുപാട് പ്രസിദ്ധീകരണങ്ങള്‍ എന്റെ പുസ്തകശേഖരത്തിലും ഓഫീസിലും കാണാന്‍ സാധിക്കും. ആത്മ-പര പീഡന ലൈംഗിക സൌന്ദര്യശാസ്ത്രത്തിന് വേണ്ടി വാദിക്കുന്ന പ്രസിദ്ധീകരണങ്ങളും എന്റെ പക്കലുണ്ട്. ഇത് എന്നെ കുലീനയായ അലൈംഗിക മലയാളി സ്ത്രീയോ (ദൈവം പൊറുക്കട്ടെ!) ആത്മ-പര പീഡന ലൈംഗികവാദിയോ ആക്കുമോ?
നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ നിയമാവലിയനുസരിച്ച് ഞാനിപ്പോള്‍ തീര്‍ച്ചയായും ആത്മ-പര പീഡന ലൈംഗിക സൌന്ദര്യശാസ്ത്രത്തിന്റെ പ്രൊപഗണ്ടിസ്റാണ്. കാരണം എന്റെ കൈയില്‍ അവര്‍ക്ക് വേണ്ടി വാദിക്കുന്ന ഒരുപാട് ലേഖനങ്ങളുടെ സമാഹാരങ്ങളുണ്ട്. അതുപോലെ മലയാളി സ്ത്രീത്വത്തിന്റെ ലക്ഷണമൊത്ത മാതൃകയായി എന്നെ ഒതുക്കാനും സാധ്യതയുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ജീവിച്ചിരുന്ന കെ. ചിന്നമ്മയുടെ തദ്ദേശീയ സ്ത്രീകള്‍ക്കുള്ള നിര്‍ദേശങ്ങളുടെ ധാരാളം കോപ്പികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എന്റെ കൈയിലുണ്ടല്ലോ. അവരെന്താണ് എന്റെ മുറിയില്‍ നിന്ന് കണ്ടുപിടിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ഇതെല്ലാം. സ്റാറ്റിസ്റിക്കല്‍ ഫാലസിയെന്ന ഭൌതികമായ പിഴവില്‍ നിന്ന് നമ്മുടെ പത്രപ്രവര്‍ത്തകരെ രക്ഷിച്ചെടുക്കുകയും ഒരല്‍പം യുക്തി അവര്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യേണ്ട സമയമാണിത്. വസ്തുവിവരണ കണക്കുകളുടെ മതിഭ്രമത്തിനപ്പുറം ഒരല്‍പം യുക്തി നമ്മുടെ പത്രപ്രവര്‍ത്തകര്‍ക്ക് പഠിപ്പിച്ച് കൊടുക്കേണ്ട സമയമാണിത്. വസ്തുനിഷ്ഠമായ ഒരുപാട് സംഭവങ്ങളില്‍ നിന്ന് നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് പലപ്പോഴും അബദ്ധങ്ങളാവാറുണ്ട് (ഉദാഹരണമായി വിസ്കിയും സോഡയും ലഹരിയുണ്ടാക്കുന്നു. വോഡ്കയും സോഡയും ലഹരിയുണ്ടാക്കുന്നു. റമ്മും സോഡയും ലഹരിയുണ്ടാക്കുന്നു. ഈ മൂന്ന് വസ്തുതകളില്‍ നിന്ന് സോഡ ലഹരിക്ക് കാരണമാകും എന്ന് ഉപസംഹരിക്കുന്നത് പോലെയാണ് നമ്മുടെ പത്രപ്രവര്‍ത്തകര്‍ വസ്തുവിവരണ കണക്കുകളുടെ മതിഭ്രമത്തില്‍ പെട്ട് നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്).
ആരാണ് ഈ ഭീകര പ്രവര്‍ത്തനത്തിന് പിറകിലുള്ളതെന്നും പോപ്പുലര്‍ ഫ്രണ്ട് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലാ എന്നും ഉറപ്പിച്ച് പറയാന്‍ എനിക്കാവില്ല. മുസ്ലിം വിരുദ്ധ വാഗ്ധോരണികളുടെ അന്തരീക്ഷത്തില്‍ കുറ്റാരോപിതരായ ആളുകളുടെ പ്രതികരണമല്ല ഇതെന്ന് പറയുന്നതും നിരുത്തരവാദപരവും വിഡ്ഢിത്തവും നീതീകരിക്കാനാവാത്തതുമാണ്. നിലവില്‍ മാധ്യമങ്ങള്‍ കൊണ്ടുവരുന്ന തെളിവുകള്‍ കുറ്റം തെളിയിക്കാന്‍ മാത്രം പര്യാപ്തമല്ല എന്നാണെന്റെ വാദം. കുറ്റാരോപിതര്‍ക്ക് അവര്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ കുറ്റവാളികളായി പ്രഖ്യാപിക്കുന്ന ഒരു രീതി നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. ഒരു ജനാധിപത്യ സമൂഹത്തില്‍ പോലീസ് വിവരണങ്ങളില്‍ നിന്നകലം പാലിച്ചുകൊണ്ടുള്ള അന്വേഷണങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
മുമ്പ് വര്‍ക്കലയില്‍ നടന്ന നിഷ്ഠുരമായ ഒരു കൊലപാതകത്തെത്തുടര്‍ന്ന് ദലിത് കോളനികളില്‍ പ്രവര്‍ത്തിക്കുന്ന ഡി.എച്ച്.ആര്‍.എം എന്ന സംഘടനയെ പ്രതിചേര്‍ത്തതുമായി പുതിയ സംഭവവികാസങ്ങള്‍ക്ക് സാദൃശ്യമുണ്ട്. അന്നും മുഖ്യധാരാ മാധ്യമങ്ങള്‍ പോലീസ് കണ്ടെത്തലുകളെ ഹര്‍ഷാരവങ്ങളോടെ തെളിവുകളുടെ കൂമ്പാരങ്ങളായി നക്കിയെടുത്തു. മേല്‍സൂചിപ്പിച്ച സാങ്കല്‍പിക അമൂല്യ രത്നത്തെ ദലിത് ഭീകരത എന്ന് പേരിടുകയും ചെയ്തു. മുവാറ്റുപുഴ സംഭവത്തിലേത് പോലെ രാഷ്ട്രീയ വകതിരിവില്ലാത്ത ആളുകളുടെ ക്രൂരവും ഹീനവുമായ പ്രവൃത്തിയായിരുന്നു വര്‍ക്കലയിലേതും. പ്രാഥമിക യുക്തിബോധം പോലുമില്ലാത്ത, അപകടകരമായ ഭ്രാന്ത് എന്ന് വിളിക്കാവുന്ന തരത്തിലുള്ള പ്രവൃത്തികളായിരുന്നു അത്. ഇപ്പോഴത്തെ സംഭവവും അതുപോലെ തന്നെയാണ്. ചോദ്യപ്പേപ്പറുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്ക് അധ്യാപകന്‍ ശിക്ഷിക്കപ്പെട്ടിരുന്നു. അതോടെ ആ പ്രശ്നം തീര്‍ന്നതുമാണ്.
മറ്റൊരു വശത്ത് കേരള മുസ്ലിംകള്‍ക്കിടയിലെ സോളിഡാരിറ്റിയെ പോലുള്ള ഊര്‍ജ്വസ്വലരായ യുവജനസംഘടനകള്‍ നിരന്തരമായി അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയും കേരളത്തില്‍ പകല്‍വെളിച്ചം പോലെ കാണാവുന്നതാണ്. ഈ സാഹചര്യത്തില്‍ ഇതു പോലുള്ള ഹിംസ രാഷ്ട്രീയ ആത്മഹത്യയേക്കാള്‍ കുറഞ്ഞ ഒന്നുമല്ല. വര്‍ക്കല കൊലപാതക കേസിലെപ്പോലെ പോലീസ് സൃഷ്ടിച്ച് മാധ്യമങ്ങള്‍ ഊട്ടി വളര്‍ത്തിയ തെളിവുകളുടെ കൂമ്പാരങ്ങള്‍ ഒരു പ്രത്യേക സമുദായത്തെ ക്രിമിനല്‍വത്കരിക്കാനും ഒരച്ചില്‍ വാര്‍ത്തെടുക്കാനുമാണ് ഉപയോഗിക്കപ്പെട്ടത്. പോലീസ് ഇപ്പോഴും വര്‍ക്കല കൊലപാതക കേസില്‍ സംശയിക്കുന്നവര്‍ക്കെതിരെ 'വിശ്വസനീയ'മായ തെളിവുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. സംശയിക്കപ്പെടുന്ന മാവോയിസ്റുകള്‍ എന്ന പേരില്‍ മുമ്പ് അറസ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരെയും ഇതുപോലുള്ള കഥകള്‍ പ്രചരിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ അവര്‍ ആരോപണങ്ങളൊന്നും തെളിയിക്കപ്പെടാതെ കുറ്റവിമുക്തരായിരിക്കുന്നു.
ഈ സംഭവങ്ങള്‍ നടന്ന സവിശേഷ സന്ദര്‍ഭങ്ങളാണ് എനിക്ക് ശ്രദ്ധേയമായി തോന്നിയത്. ചെങ്ങറ ഭൂസമരത്തിലെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പ്രത്യേക ഘട്ടത്തില്‍ നില്‍ക്കുന്ന സമയത്താണ് വര്‍ക്കല കൊലപാതകം നടക്കുന്നത്. ചെങ്ങറ ഭൂസമരത്തിലൂടെ ദലിതുകള്‍ നേടിയെടുത്ത രാഷ്ട്രീയ നേട്ടങ്ങളെ ഇല്ലാതാക്കാനാണ് ദലിത് വിരുദ്ധര്‍ ഈ സംഭവത്തെ ഉപയോഗപ്പെടുത്തിയത്. ഇപ്പോഴാകട്ടെ, മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ നവ ലിബറല്‍ ഇരപിടുത്തക്കാരെ കിനാലൂരില്‍ ഫലപ്രദമായി ചെറുത്തു തോല്‍പിച്ച സമയവും. ആഭ്യന്തരമന്ത്രി കോടിയേരി പറയുകയും ചെയ്തു: "സംസ്ഥാനത്തിന്റെ വികസന അജണ്ടകളെ തുരങ്കം വെക്കുന്നതില്‍ പങ്കാളികളായ ചില മനുഷ്യാവകാശ സംഘടനകളെ ഇന്റലിജന്‍സ് സൂക്ഷ്മമായി നീരീക്ഷിച്ചുവരികയാണ്'' (ഹിന്ദു, ജൂലൈ 15, തിരുവനന്തപുരം). ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു: "വിദേശ സാമ്പത്തിക സഹായങ്ങള്‍ ഇത്തരം സംഘടനകള്‍ക്ക് ലഭിക്കുന്നുണ്ട്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഒരു കാരണവശാലും അനുവദിക്കുകയില്ല.'' വ്യക്തമായ തെളിവുകളില്ലാതെ ഈ സംഭവങ്ങളെ കൂട്ടിവായിക്കാന്‍ ആരും ധൈര്യപ്പെടില്ലെന്ന് എനിക്കറിയാം. എന്നാലും മുഖ്യധാരാ മാധ്യമങ്ങള്‍ പോലീസ് ഭാഷ്യങ്ങളെ വര്‍ണച്ചായത്തില്‍ പകര്‍ത്തിവെക്കുമ്പോള്‍ പോലീസ് കണ്ടെത്തലുകളില്‍ നിന്നും സ്വതന്ത്ര അന്വേഷണങ്ങള്‍ക്കുമിടയില്‍ വിമര്‍ശനാത്മക അകലം പാലിക്കാന്‍ ഞാന്‍ ബാധ്യസ്ഥയാണ്.
കോടിയേരി ബാലകൃഷ്ണന്റെ ഗഹനമായ നിരീക്ഷണങ്ങള്‍ ഒരുപക്ഷേ പൂര്‍ണമായും നിഷ്കളങ്കമായേക്കാം. പക്ഷേ അതല്ല കാര്യം, തോരാതെ പെയ്യുന്ന മണ്‍സൂണ്‍ മഴയുടെ ഇടവേളകളില്‍ ലഭിക്കുന്ന സൂര്യപ്രകാശമുപയോഗിച്ച് കച്ചിത്തുരുമ്പ് ഉണക്കാനുള്ള ധീരമായ ശ്രമവുമായേക്കാം അദ്ദേഹത്തിന്റെ വാക്കുകള്‍. അത്രമേല്‍ നിരാശയിലാണ് ഇടതുപക്ഷം. പഞ്ചായത്ത് ഇലക്ഷന്‍ അടുക്കുന്നു. ഏതു വിധേനയെങ്കിലും ജയിച്ചേ മതിയാകൂ. മൂവാറ്റുപുഴ നാടകങ്ങളുടെ ചുരുളഴിഞ്ഞ് വരുമ്പോള്‍ അതിന്റെ രാഷ്ട്രീയ ഗുണഭോക്താക്കളായ എല്‍.ഡി.എഫ് മഹത്തായ ഗുണഭോക്തൃവേട്ടയിലായിരിക്കും. അടുത്ത ആഴ്ചകളില്‍ ഗവണ്‍മെന്റ് അത്ഭുതകരമായ രീതിയില്‍ ഹൌസിംഗ് ലോണുകള്‍, ഉച്ച ഭക്ഷണം, ആരോഗ്യം, പെന്‍ഷന്‍ എന്നിവ എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. എന്‍.ആര്‍.ഐ സന്തതികള്‍ അവഗണിച്ച സീനിയര്‍ സിറ്റിസണ്‍സ് മുതല്‍ അവിവാഹിതകളായ ആദിവാസി അമ്മമാര്‍ വരെ ഈ ക്ഷേമപദ്ധതികളില്‍ കണ്ണിചേര്‍ക്കപ്പെട്ടു കഴിഞ്ഞു. ഈ ഉത്സവങ്ങള്‍ അടുത്ത പഞ്ചായത്ത് ഇലക്ഷന്‍ വരെ നീണ്ടു നില്‍ക്കും. എന്നാല്‍ ഇടതുപക്ഷ മുന്നണിയുടെ സ്ട്രാറ്റജിയുടെ തന്നെ ഭാഗമായ വിദ്വേഷവേട്ട ഏത് കൊച്ചുകുഞ്ഞിനുമറിയാവുന്നതു പോലെ ഭൂരിപക്ഷ ഹൈന്ദവതയുടെ പക്ഷം ചേര്‍ന്നുകൊണ്ടുള്ളതാണ്. മോശം മുസ്ലിമില്‍ നിന്ന് സുരക്ഷിതരാവാന്‍ അതവരോട് ആവശ്യപ്പെടുന്നു എന്നതാണെന്റെ പ്രശ്നം.
നവ-ലിബറല്‍ ഇരപിടുത്തക്കാരെ പ്രതിരോധിക്കുന്ന 'വളരെ മോശം' മുസ്ലിംകളെ ഈ വിലപേശലുകള്‍ക്കിടയില്‍ ഒരാള്‍ക്ക് എളുപ്പം ഇല്ലായ്മ ചെയ്യാന്‍ കഴിയും. ഇതിന് വിശാലമായ ഐക്യനിര രൂപപ്പെട്ടിരിക്കുന്നു. എല്ലാവരും, കോണ്‍ഗ്രസും മുസ്ലിം ലീഗും ഇരപിടുത്തക്കാരുടെ കൈകളാല്‍ ഉണ്ണാന്‍ ആഗ്രഹിക്കുന്നവരാണ്. ഈ വിലപേശലില്‍ സ്വയം സെക്യുലര്‍ എന്ന വര്‍ണം പൂശാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. 'വികസനത്തിന്റെ' അര്‍ഥം 'നവ ലിബറലിസത്തിന്റെ വളര്‍ച്ച' എന്നാക്കാനെല്ലാവരും ആഗ്രഹിക്കുന്നു. 'ഗെയിം തിയറി'യുടെ ഫലപ്രദമായ ഉപയോഗം അനുഭവിച്ചറിയാവുന്ന രാഷ്ട്രീയ കാലാവസ്ഥയിലാണ് കേരളം. മഹത്തായ വിദ്വേഷവേട്ടയും ഗുണഭോക്തൃവേട്ടയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കളിയില്‍ വിജയം ഉറപ്പുവരുത്താനുള്ള അടവുകള്‍ മാത്രമാണ്. 'ഗെയിം തിയറി' പ്രകാരം ഒരു കളിക്കാരന് മാത്രമേ രണ്ടിലേക്കും പ്രവേശിക്കാനാവൂ. ഒന്നാമത്തേത് മാത്രമേ എല്ലാ കളിക്കാര്‍ക്കും ലഭ്യമാവുകയുള്ളൂ. അതുകൊണ്ട് തന്നെ ആരും അതിനെ ബലി കൊടുക്കാന്‍ ആഗ്രഹിക്കുകയില്ല. രണ്ടാമത്തതിന്റെ ഗുണം ഒരാള്‍ക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ, ഭരണകക്ഷിക്ക്. അതുകൊണ്ട് തന്നെ ഒന്നാമത്തേതിനെ കഴിയുന്നത്ര ഉപയോഗിച്ച് മറ്റുള്ളവര്‍ രണ്ടാമത്തേതിനെ നിയമവിരുദ്ധമാക്കാന്‍ ശ്രമിക്കും. എല്ലാ കളിക്കാരും നിരന്തരമായി മുന്നോട്ടുകയറുകയും കണക്കുകൂട്ടുകയും വാഗ്ദാനങ്ങള്‍ (മഹത്തായ രാഷ്ട്രീയ ആദര്‍ശങ്ങള്‍) നല്‍കുകയുമാണ് ചെയ്യുന്നത്. 'ഗെയിം തിയറി' പ്രകാരം എല്ലാ കളിക്കാരും നിരന്തരമായി ഫലശൂന്യമായ വാഗ്ദാനങ്ങള്‍ മുന്നോട്ട് വെക്കുമ്പോള്‍ ഇടതുമുന്നണി ഈ രണ്ട് സ്ട്രാറ്റജികളെയും ഉപയോഗിച്ച് എങ്ങനെ കളി ജയിക്കാം എന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. അഥവാ ഗുണഭോക്തൃവേട്ടയുടെയും വിദ്വേഷവേട്ടയുടെയും ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ് അവരുടെ ശ്രമം.
രാഷ്ട്രീയ പകിട കളികളുടെ അനന്തലോകത്തേക്ക് സ്വാഗതം. (കടപ്പാട്: കാഫില/ 2010 ജൂലൈ)