കേരളരാഷ്ട്രീയത്തില്‍ സജീവമാകുന്ന ജനപക്ഷ പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ ഇടതുപക്ഷേതരമായ പ്രത്യയശാസ്ത്രപരവും അല്ലാത്തതുമായ സ്രോതസ്സുകള്‍ക്ക് വലിയ സ്വാധീനം കാണാന്‍ പറ്റും. പക്ഷേ അവരില്‍ വര്‍ഗീയ മുദ്ര ചാര്‍ത്തുവാനോ, തീവ്രവാദ മുദ്ര ചാര്‍ത്തുവാനോ ആണ് സി.പി.എം അടക്കമുള്ള അധികാരവര്‍ഗം ശ്രമിക്കുന്നത്. എന്താണ് ഇതിന്റെ പിന്നിലെ ഗൂഢാലോചന?
നേരത്തെ പറഞ്ഞതിനു തുടര്‍ച്ചയായി ചിലതു പറയാനുണ്ട്. സൈലന്റ് വാലി ഒരു മാറ്റത്തിന്റെ ഘട്ടമാണ്. അന്ന് വിനാശകരമായ ഒരു പദ്ധതിക്ക് എതിരെ സമരം വരുന്നു. പക്ഷേ, അത് ഒരു ജനകീയ പ്രസ്ഥാനമായി മാറിയില്ല. കവികളും ശാസ്ത്ര സാഹിത്യ പരിഷത്തുമൊക്കെയാണ് അത് ഏറ്റെടുത്തത്. അത് വിജയിച്ചതിന്റെ യഥാര്‍ഥ കാരണം കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലാണ്. അല്ലാതെ ഇവിടെ അതിനെ പ്രതിരോധിക്കാന്‍ കഴിവുള്ള വിഭാഗമൊന്നും ഉണ്ടായിട്ടല്ല. കാരണം ഇവിടെ എല്ലാവരും ഒന്നിച്ചു നില്‍ക്കുകയാണ്. പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, ഉദ്യോഗസ്ഥ സംഘടനകള്‍, എഞ്ചിനീയര്‍മാരുടെ സംഘടന, ട്രേഡ് യുണിയന്‍, മാധ്യമങ്ങള്‍ തുടങ്ങി എല്ലാ ശക്തി കേന്ദ്രങ്ങളും ഒന്നിച്ചു നില്‍ക്കുകയാണ്. പക്ഷേ, ഒരു നല്ല സാഹചര്യം അന്ന് ഉണ്ടായിരുന്നത് എന്താണെന്നു വച്ചാല്‍, കേന്ദ്രത്തില്‍ ഈ പരിസ്ഥിതികാര്യങ്ങളോടുള്ള ആഭിമുഖ്യം ശക്തമായ സമയമായിരുന്നു. സ്റോക്ക്ഹോം സമ്മേളനത്തിന്റെ സ്വാധീനത്തിലായിരുന്ന ഇന്ദിരാ ഗാന്ധിയുടെ തീരുമാനപ്രകാരമാണ് പദ്ധതി നിര്‍ത്തി വെച്ചത്. അത് തന്നെ 25 കൊല്ലത്തേക്ക് നിര്‍ത്തി വെക്കനാണ് പറഞ്ഞത്. 25 കൊല്ലം കഴിഞ്ഞപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ള അത് ഏറ്റെടുത്തു. അതേ തുടര്‍ന്നാണ് വീണ്ടും പ്രശ്നമുണ്ടായത്. പരിസ്ഥിതി സമരത്തിന്റെ വിജയമെന്ന നിലക്ക് ആ സംഭവത്തെ കൊണ്ടാടുന്നുണ്ടെങ്കിലും, അത് ജനകീയ സമരങ്ങളുടെ ശക്തിയില്‍ ജയിച്ചതല്ല.
ഇപ്പോള്‍ കൂടുതല്‍ അവബോധം വന്നിട്ടുണ്ട്. തത്ത്വത്തില്‍ എല്ലാവരും മാറിയിട്ടുണ്ട്. എല്ലാവരും പരിസ്ഥിതിയെ കുറിച്ച് പറയുന്നുണ്ട്. പക്ഷേ, അടിസ്ഥാനപരമായി അവരുടെ സമീപനത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്ന് നമുക്ക് അറിയാം. മാറിയ സാഹചര്യത്തില്‍ ഇതു പറയേണ്ടിവരുന്നു. പരിസ്ഥിതി സൌഹൃദം കാക്കുന്നു എന്ന് പറഞ്ഞിട്ടേ ഇനി എന്തെങ്കിലും ചെയ്യാന്‍ പറ്റൂ എന്ന തിരിച്ചറിവ് ഭരണകൂടത്തിനുണ്ടായിട്ടുണ്ട്. ഞാന്‍ 90കളിലെഴുതിയ ഒരു ലേഖനത്തില്‍ ഈ വിഷയം പരാമര്‍ശിക്കുന്നുണ്ട്. പരിസ്ഥിതി, അഴിമതി, വികസനം -ഇവയുടെ പാരസ്പര്യത്തെ സംബന്ധിച്ചായിരുന്നു ലേഖനം.
കേരളം ഒരു പരിസ്ഥിതി ദുര്‍ബല പ്രദേശമാണ്. ഏറ്റവും കൂടിയ വീതി എന്നു പറയുന്നത് 150 കി.മീ. മറ്റോ ആണ്. അത് തന്നെ 3 ഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. വനമേഖല, തീരമേഖല, ഇടമേഖല. ഇതിലെ കാടു വെട്ടിത്തെളിച്ചിരിക്കുന്നു. അതാണ് ഇന്നത്തെ വലിയൊരു പ്രശ്നം. ഉരുള്‍ പൊട്ടല്‍ സംഭവങ്ങള്‍ ഈയിടെ കൂടുതലാണ്. 50 കൊല്ലം മുമ്പെടുക്കുകയാണെങ്കില്‍ ഇത്തരം സംഭവങ്ങള്‍ കാണാനാവില്ല. അതൊക്കെ വനം കുറഞ്ഞതിനാലാണ്. മൊട്ടക്കുന്നുകള്‍ കൂടി. പിന്നെ മഴവെള്ളം നേരെ അറബിക്കടലില്‍ ചെന്ന് ചേരുകയാണ്. ഗ്രൌണ്ട് വാട്ടര്‍ ഉണ്ടാകുന്നില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരപ്രദേശങ്ങളില്‍ മാലിന്യം ഒരു പ്രശ്നമാകുന്നു. 3 മേഖലകളും പാരിസ്ഥിതികമായി ദുര്‍ബലമാണ്. അങ്ങനയൊരു ബോധം ക്രമേണ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അത് ഭരണകൂടത്തിലും മധ്യവര്‍ഗത്തിലും നല്ല പോലെ ഉണ്ടായി എന്നു പറയാനാവില്ല.
എഴുപതുകള്‍ കഴിയുന്നതോടെയാണ്, കേരളത്തില്‍ പരിസ്ഥിതി പ്രസ്ഥാനങ്ങളൊക്കെ സജീവമാകുന്നത്. അതേ സമയത്താണ്, ഇരുമുന്നണികളും അവയിലെ പാര്‍ട്ടികളും ഒരേ തരത്തിലുള്ള സമീപനത്തിലേക്ക് വരുന്നത്. കിനാലൂരിലെ സംഭവം തെളിവാണ്. നാഷനല്‍ ഹൈവേ വിഷയത്തില്‍, സര്‍വകക്ഷി സമ്മേളനം വിളിച്ചു നടത്തിയപ്പോള്‍ രണ്ടു മുന്നണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സമരത്തില്‍ പങ്കെടുത്തവരെയൊന്നും വിളിച്ചിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഈ രണ്ടു മുന്നണികള്‍ ചേര്‍ന്ന് ഒരു തീരുമാനമെടുത്താല്‍ അത് കേരളത്തിന്റെ തീരുമാനമാണെന്ന് പറയാന്‍ കഴിയില്ല. നിയമസഭയിലുള്ളത് നമ്മുടെ പ്രതിനിധികളാകാമെങ്കിലും, നമ്മുടെ ജീവിതത്തെ സംബന്ധിക്കുന്ന അവസാന വാക്ക് പറയാനുള്ള അധികാരമൊന്നും അവര്‍ക്കില്ല. ഈ നാട്ടിലെ ജനങ്ങളുടെ ഭാഗധേയം നിര്‍ണയിക്കാനുള്ള അന്തിമമായ അവകാശം അവര്‍ക്ക് തീറെഴുതി കൊടുത്തിട്ടില്ല.
ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അതിനെതിരെ ആളുകള്‍ സംഘടിച്ച് മുന്നോട്ട് വരും. അതു കൊണ്ട് സര്‍വകക്ഷി സമ്മേളനം നടന്നാല്‍ എല്ലാമായി എന്ന ധാരണ ഉപേക്ഷിക്കണം. കിനാലൂരിന്റെ കാര്യത്തിലും സര്‍വകക്ഷി സമ്മേളനം വിളിച്ചു കൂട്ടണമെന്ന ആവശ്യമുണ്ട്. മുഖ്യമന്ത്രി പ്രക്ഷോഭകാരികളെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ അംഗീകരിച്ചില്ല. യു.ഡി.എഫ് മാത്രമാണെങ്കില്‍ ഓകെ ആണ്. കാരണം അവരുടെ താല്‍പര്യങ്ങള്‍ ഒന്നാണ്. അതുകൊണ്ട് അവര്‍ക്ക് എളുപ്പത്തില്‍ യോജിച്ച് തീരുമാനത്തിലെത്താന്‍ കഴിയും. പ്രക്ഷോഭക്കാര്‍ വന്നാല്‍ അവരുടെ താല്‍പര്യങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് വികസനം സംബന്ധിച്ച ഒരു തീരുമാനവും മുന്നണികള്‍ എടുത്തിട്ട് കാര്യമില്ല.
ഇതൊക്കെ സൂചിപ്പിക്കുന്നത് മുന്നണികള്‍ക്ക് ജനകീയാടിത്തറ നഷ്ടപ്പെടുകയാണ് എന്നല്ലേ?
അവര്‍ ജനങ്ങളുടെ താല്‍പര്യത്തില്‍ നിന്ന് മാറിപ്പോയിരിക്കുന്നു. എന്തു കൊണ്ടാണിത്? സാധാരണ ഗതിയില്‍ ജനപ്രതിനിധികള്‍ അവരുടെ താല്‍പര്യങ്ങള്‍ അറിയേണ്ടവരാണ്. കാരണം അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണവര്‍. അവരെ തെരഞ്ഞെടുത്തയക്കുന്ന ജനങ്ങളുടെ താല്പര്യങ്ങള്‍ക്കല്ല അവര്‍ പ്രാമുഖ്യം നല്‍കുന്നത്. സാമ്പത്തിക സഹായം നല്‍കാന്‍ കഴിവുള്ളവരോടാണ് അവരുടെ കൂറ്. അതാണ് നമ്മള്‍ നേരിടുന്ന ഒരു പ്രശ്നം.
തെരെഞ്ഞെടുപ്പു ജയിക്കാന്‍ കാശു വേണം. തെരഞ്ഞെടുപ്പില്ലെങ്കില്‍ തന്നെ ഒരു നേതാവിന് നിലനില്‍ക്കാന്‍ കാശു വേണം. ജയ് വിളിക്കാനാവശ്യമായ പത്തുപേരെ നിലനിര്‍ത്തണം. അവര്‍ക്ക് കാശോ കാശുണ്ടാക്കാനുള്ള വകുപ്പോ ഉണ്ടാക്കി കൊടുക്കണം. ഈ ചെലവേറിയ തെരെഞ്ഞെടുപ്പ് പ്രക്രിയ നിലനില്‍ക്കുന്നിടത്തോളം കാലം അഴിമതിയില്‍ നിന്ന് പുറത്തു വരാന്‍ പ്രയാസമാണ്. ഇപ്പോള്‍ കേരളം സ്ഥിതി സമത്വത്തിലേക്ക് നീങ്ങുന്നതിന് പകരം പുതിയ ഉച്ചനീചത്വങ്ങളിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. അതിന് പല കാരണങ്ങളുണ്ട്. അതില്‍ പ്രധാനം ഒരു പുതിയ സമ്പന്ന വിഭാഗം ഉയര്‍ന്നു വന്നതാണ്. ഗള്‍ഫിന്റെ സ്വാധീനമുണ്ട്. വലിയ വിഭാഗം ആളുകള്‍ ജോലി ചെയ്ത് നിലനില്‍ക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ ഒരു ചെറിയ വിഭാഗം ഒരുപാട് പണമുണ്ടാക്കിയിട്ടുണ്ട്. പണമുള്ളവന്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കും. പണമുള്ളവരുടെ ആവശ്യം അതുപയോഗിച്ച് സ്വാധീനം നേടി നിലനില്‍പ്പ് ഭദ്രമാക്കുക എന്നതാണ്. രാഷ്ട്രീയക്കാരന് പണം ആവശ്യമാണ്. ഇത് യഥാര്‍ഥത്തില്‍ കേരളത്തില്‍ കഴിഞ്ഞ 100 കൊല്ലത്തില്‍ നടന്നതിന്റെ ഒരു റിവേഴ്സിങ്ങാണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ നമ്മള്‍ സമത്വത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ കാണുന്നത് അസമത്വത്തിന്റെ കാലമാണ്. ഇത് നമ്മള്‍ ശ്രദ്ധിക്കുകയും പരിഹാരം തേടുകയും ചെയ്യേണ്ടതുണ്ട്.
ജനപക്ഷരാഷ്ട്രീയത്തിന്റെ പുതിയ മുന്നേറ്റങ്ങള്‍ നടക്കുമ്പോള്‍ നഷ്ടപ്പെടുന്ന അടിത്തറ പേടിച്ചുള്ള വെപ്രാളങ്ങളാണോ മുഖ്യധാരാ മുന്നണികള്‍ കാണിക്കുന്നത്?
മുന്നണികളെ പരിശോധിക്കുമ്പോള്‍, അവ ഉണ്ടാക്കിയ സമയത്ത് തന്നെ അവ തമ്മില്‍ ജനപിന്തുണയില്‍ വ്യത്യാസം വളരെ കുറവായിരുന്നു. ഇവിടെ ഒരു വലിയ വിഭാഗം കമ്മിറ്റഡ് വോട്ടേര്‍സ് ആണ്. പ്രത്യയശാസ്ത്രപരമോ വിഭാഗീയമോ ആയ കാരണങ്ങളാലോ ജാതി-മതപരമായ കാരണങ്ങളാലോ ഏതെങ്കിലും കക്ഷിയുമായുള്ള സ്ഥിര ബന്ധം വോട്ടായി നല്‍കുന്ന ഒരു വലിയ വിഭാഗമുണ്ട്. കേരളത്തില്‍ പൊതുവില്‍ നിലനില്‍ക്കുന്ന വിശ്വാസം, നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതെങ്കിലും പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തണം എന്നതാണ്. പക്ഷേ ഇപ്പോള്‍, കമ്മിറ്റഡ് വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞു വരികയാണ്, രണ്ടുഭാഗത്തും. മാറിയും തിരിഞ്ഞും വോട്ട് ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ആദ്യം, ഈ വ്യത്യാസം ഇല്ലാത്ത കാലത്ത് 140 പേരുള്ള അസംബ്ളിയില്‍, 75-56 അല്ലെങ്കില്‍ 72-68 എന്നൊക്കെയുള്ള അനുപാതമായിരുന്നു. കഴിഞ്ഞ ഇലക്ഷനില്‍ ഇത് 100-40 എന്നായി. ജയിക്കുന്നവര്‍ക്ക് 100. തോല്‍ക്കുന്നവര്‍ക്ക് 40. ഈ എണ്ണം വര്‍ധിച്ചാല്‍ കുറെ കൂടി അപകടകരമായ അവസ്ഥ വരും. 120-20, 130-10 എന്നൊക്കെ വന്നേക്കാം. ഈ അവസ്ഥ കാരണം ജനങ്ങള്‍ക്ക് രാഷ്ട്രീയപ്രസ്ഥാനങ്ങളെ നിയന്ത്രിക്കാനുള്ള അവസരം നഷ്ടപ്പെടുകയാണ്. കാരണം, ജനങ്ങളെ ഭയപ്പെടാന്‍ മാത്രം അനിശ്ചിതത്വം തെരെഞ്ഞെടുപ്പിനില്ലാതാവുകയാണ്.
അടുത്ത തെരെഞ്ഞെടുപ്പിലാര് ജയിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. പുതുതായി വന്നിരിക്കുന്ന മാറ്റം ഇതാണ്, ചില വിഭാഗങ്ങളുടെ അതൃപ്തി കാരണം അവര്‍ വിട്ടുനില്‍ക്കുന്നു. ആദിവാസികളും മുസ്ലിംകളും ഈ പ്രവണത കാണിക്കുന്ന വിഭാഗങ്ങളാണ്. ഇതെല്ലാം ഈ സംവിധാനം അവരോട് നീതി കാണിക്കുന്നില്ല എന്ന വിശ്വാസത്തില്‍ നിന്നാണ്. അത് ഏറെക്കുറെ ശരിയുമാണ്. ഇടതുപക്ഷത്തിന്റെ കാര്യമെടുക്കാം. ഇടതുപക്ഷം ഇത്രയൊക്കെ കഴിഞ്ഞിട്ടും അടിസ്ഥാനപരമായി ഒരു ഹൈന്ദവ പാര്‍ട്ടിയാണ്. അതിന്റെ അംഗത്വം എടുത്തു പരിശോധിച്ചാല്‍ മനസ്സിലാകും. കുറഞ്ഞ ശതമാനമാണ് മുസ്ലിംകളുടെ അംഗത്വം. ക്രിസ്ത്യാനികളുടെ അംഗത്വവും അങ്ങനെ തന്നെ. അതായത് പാര്‍ട്ടി അതിന്റെ അടിത്തറ വികസിപ്പിക്കുന്നതില്‍ വളരെയൊന്നും മുന്നേറിയിട്ടില്ല. സ്ത്രീകളുടെ കാര്യത്തിലും അങ്ങനെ തന്നെ. പാര്‍ട്ടി അംഗത്വമുള്ളത് 11 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ്.
അപ്പോള്‍ പാര്‍ട്ടി എന്നു പറയുന്നത് അടിസ്ഥാനപരമായി ഒരു ഹൈന്ദവ പുരുഷാധിപത്യ സംവിധാനമാണ്. സി.പി.ഐയുടെയും അവസ്ഥ ഇതു തന്നെയാണ്. കോണ്‍ഗ്രസ്സിന്റെ കാര്യമെടുക്കുകയാണെങ്കില്‍ അതിന്റെ നേതൃനിരയില്‍ ക്രൈസ്തവ സ്വാധീനമാണ്. ഇനി അതിന്റെ പുറത്ത് യു.ഡി.എഫ് എടുക്കുമ്പോള്‍ അതിനകത്ത് ഒരു മുസ്ലിം സംഘടന ഉണ്ട്. മലബാറില്‍ കേന്ദ്രീകരിക്കപ്പെട്ടത്. മധ്യ-തിരുവിതാംകൂറില്‍ ക്രൈസ്തവ പാര്‍ട്ടി. വളരെ വിഭാഗീയം തന്നെയാണ് രാഷ്ട്രീയ കക്ഷികളുടെയൊക്കെ അടിത്തറ. അതുകൊണ്ടുള്ള പ്രശ്നങ്ങളും കൂടും. എല്ലാ വിഭാഗങ്ങളെയും അക്കമഡേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു മുഖ്യധാര കേരളത്തില്‍ ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.
ന്യൂനപക്ഷരാഷ്ട്രീയത്തില്‍, പ്രത്യേകിച്ച്, മുസ്ലീം രാഷ്ട്രീയത്തില്‍ ഒരുപാട് ഗതിമാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. എസ്.ഡി.പി.ഐ പോലുള്ള പുതിയ നീക്കങ്ങള്‍. പി.ഡി.പി ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം രൂപവത്കരിക്കപ്പെട്ടതാണ്. ജമാഅത്തെ ഇസ്ലാമിയാവട്ടെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നു. ഈ രാഷ്ട്രീയത്തിന്റെ ചലനങ്ങള്‍ നിര്‍ണയിക്കുന്ന ഭാവിയെ താങ്കള്‍ എങ്ങനെ കാണുന്നു?
കേരളത്തെ സംബന്ധിച്ചേടത്തോളം യഥാര്‍ത്ഥത്തില്‍ ഇവിടെ ഒരു ഭുരിപക്ഷ സമുദായം ഇല്ല. ന്യൂനപക്ഷം എന്നു പറയുന്നത് ദേശീയാടിസ്ഥാനത്തിലുള്ള ഒരു ന്യൂനപക്ഷമാണ്. കേരളത്തിനകത്ത് ന്യൂനപക്ഷം എന്നു പറയുമ്പോള്‍ അത് എണ്ണത്തേക്കാള്‍ കൂടുതല്‍ മനഃശാസ്ത്രപരമാണ്. ആ ഘടകം നമ്മള്‍ കാണുന്നത് ഇന്ത്യയെ മൊത്തം എടുക്കുമ്പോഴാണ്. യുപിയിലെ മുസ്ലിംകള്‍ക്ക് തങ്ങള്‍ ന്യൂനപക്ഷമാണ് എന്ന ബോധം രൂഢമൂലമാണ്. കശ്മീരിലെ മുസ്ലിമിന് അതില്ല. കാരണം അയാള്‍ ജീവിക്കുന്നത് ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ്. അതിനാല്‍ അയാള്‍ക്ക് മൈനോറിറ്റി കോംപ്ളക്സ് ഇല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു വിഭാഗത്തിനും ഒരു മൈനോരിറ്റി കോംപ്ളക്സ് ഉണ്ടാവാന്‍ ഇടയില്ല. കാരണം ആ തരത്തിലുള്ള പ്രശ്നം ക്രിസ്ത്യാനികള്‍ക്കോ മുസ്ലിംകള്‍ക്കോ ഇവിടെ ഇല്ല. ഇന്നിപ്പോള്‍ മുസ്ലിംകളാണ് ഏറ്റവും വലിയ ഒറ്റ വിഭാഗം എന്നു പറയാവുന്നത്. പക്ഷേ, മുസ്ലിം സമുദായത്തിന് ചരിത്രപരമായ കാരണങ്ങളാല്‍ പല പ്രശ്നങ്ങളും ഉണ്ട്. ആ പ്രശ്നങ്ങളുന്നയിക്കാനായി പ്രത്യേക സംഘടനകളുണ്ടാക്കുന്നത് ആവശ്യമാണ്, ന്യായീകരിക്കാവുന്നതാണ്. പക്ഷേ, നമ്മുടെ പൊതു രാഷ്ട്രീയത്തില്‍ വരുന്നിടത്ത് ഇതു ഗുണകരമാകുമോ ഇല്ലേ എന്നതാണ് പ്രശ്നം.
പി.ഡി.പിയുടെ കാര്യം ഉദാഹരണമാക്കിയെടുക്കാം. മഅ്ദനി യഥാര്‍ഥത്തില്‍, ബാബരി മസ്ജിദിനു മുമ്പേ തന്നെ പൊതു പ്രവര്‍ത്തനത്തിലിറങ്ങിയ ആളാണ്. അന്ന് ഐ.എസ്.എസ്സിന്റെ പേരില്‍ നടത്തിയ പൊതുപ്രസംഗങ്ങളുടെ പേരിലാണ് ഇപ്പോള്‍ മഅ്ദനിയുടെ ഇമേജ് നിലനില്‍ക്കുന്നത്. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി. അതു ബാബരി തകര്‍ച്ചക്കു മുമ്പാണ്. എന്നതുകൊണ്ട് അത് ഹിന്ദുത്വ വര്‍ഗീയതയോടുള്ള പ്രതികരണമല്ല എന്നല്ല അതിന്റെ അര്‍ത്ഥം. ഹിന്ദുത്വ വര്‍ഗീയതയോടുള്ള പ്രതികരണമാണ്. അവിടെ അമ്പലം കെട്ടാനായിട്ട് രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും കല്ലുകള്‍ പൂജിച്ചു കൊണ്ട് വരാന്‍ ആവശ്യപ്പെട്ടതിന്റെ ഭാഗമായി ധാരാളം പൂജകള്‍ നടക്കുന്ന സമയത്താണത് സംഘടിപ്പിക്കപ്പെടുന്നത്. രോഗശയ്യയില്‍ കിടക്കുന്ന തകഴിയെ കാണാന്‍ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ പോയപ്പോള്‍ വഴിയിലൊക്കെ പൂജ നടക്കുന്നത് അന്ന് ഞാന്‍ കാണാനിടയായിട്ടുണ്ട്. അതിനോടൊക്കെയുള്ള പ്രതികരണമായിട്ടാണ് ഞാന്‍ മഅ്ദനിയുടെ കാര്യങ്ങളെ കാണുന്നത്. പിന്നീടാണ് ബാബരി മസ്ജിദ് പൊളിക്കുന്നത്. അതോടെ തന്നെ ആര്‍.എസ്.എസ് ബാന്‍ ചെയ്തതിനൊപ്പം ഐ.എസ്.എസും ബാന്‍ ചെയ്തു (ജമാഅത്തിനെയും ചെയ്തിരുന്നു) . അത് രണ്ടു കൂട്ടരെയും ബാലന്‍സ് ചെയ്യാനുള്ള ഒരു പരിപാടിയാണ്.
അങ്ങനെ ബാന്‍ ചെയ്ത ഘട്ടത്തിലാണ് മഅ്ദനി പിന്നെ പി.ഡി.പി ഉണ്ടാക്കുന്നത്. ഒരു വിശാലമായ പ്ളാറ്റ്ഫോം ഉണ്ടാക്കുന്നത്. മറ്റു സമൂഹങ്ങളില്‍ നിന്ന് കുറച്ചാളുകളെ മഅ്ദനിക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. പക്ഷേ അത് വളരെയൊന്നും വിജയിച്ചില്ല. പിന്നെ മുസ്ലിം സമൂഹത്തിനകത്ത് ഒരുപാട് മാറ്റങ്ങളുണ്ടായി. അതു തന്നെയും ഒരു ഏകീകൃത സ്വഭാവമുള്ള ഒന്നായിട്ടല്ല ഞാന്‍ കാണുന്നത്. തിരുവിതാംകൂര്‍ മുസ്ലിംകളുടെ സമീപനത്തിലും മലബാര്‍ മുസ്ലിംകളുടെ സമീപനത്തിലും വ്യത്യാസങ്ങള്‍ ഉണ്ട്. അതിന്റെ ഒരു കാരണമായി ഞാന്‍ കാണുന്നത്, കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ചലനങ്ങളുടെ ഭാഗമെന്ന നിലക്കാണ്. തെക്കാണെങ്കില്‍ വക്കം മൌലവിയുടെയൊക്കെ പ്രസ്ഥാനങ്ങളാണ്. മലബാറില്‍ ഇത് ഒരു പുരോഗമനപരമായ കാര്യമല്ല എന്ന വിലയിരുത്തലാണ് നടന്നത്. പൊതു സമൂഹത്തിലേക്കുള്ള ഇഴുകിച്ചേരല്‍ തിരുവിതാംകൂറിലെ മുസ്ലിംകള്‍ക്കിടയില്‍ അന്ന് ഏറെക്കുറെ നടന്നിരുന്നു. മലബാറിലന്ന് അത് നടന്നില്ല. അതിന്റെ പ്രകടമായ തെളിവായിട്ട് ഞാന്‍ കാണുന്നത്, തിരുവിതാംകൂറില്‍ മുസ്ലിം ലീഗിന്- അറുപതു തൊട്ട് ഭരണകൂടത്തിന്റെ ഭാഗമായ ലീഗിന്- സ്വാധീനമില്ല എന്നതാണ്. അത് ഇക്കാരണത്താലാണ്. മലബാറിലെ പ്രശ്നങ്ങള്‍ക്ക് ചരിത്രപരമായി തന്നെ വ്യത്യാസമുണ്ട്. പിന്നെ സമൂദായത്തിനകത്തുള്ള പ്രസ്ഥാനങ്ങള്‍. അവ മുസ്ലിം സമുദായത്തിനകത്ത് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ട്. അത് എങ്ങനെ പോകണമെന്നത് മുസ്ലിം സമൂഹം തന്നെ തീരുമാനിക്കേണ്ട കാര്യമാണ്. ഇതിനകത്ത് ഒരു കക്ഷി ചെയ്യുന്നതെല്ലാം ശരി, മറ്റുള്ളവര്‍ ചെയ്യുന്നതൊക്കെ തെറ്റ് എന്ന സമീപനത്തിന് സാധുതയില്ല. ഉദാഹരണത്തിന് സാമ്രാജ്യത്വത്തിന്റെ കാര്യത്തിലുള്ള നിലപാട് (തീര്‍ച്ചയായും, ഇതില്‍ മതപരമായ അംശവുമുണ്ട്). സാമ്രാജ്യത്വവിരുദ്ധ നിലപാട് എടുക്കുന്ന കക്ഷിയുടെ തന്നെ സ്ത്രീ സമത്വത്തിലെ നിലപാട് നമുക്ക് യോജിക്കാവുന്നതായിക്കൊള്ളണമെന്നില്ല. അത്തരം പ്രശ്നങ്ങള്‍ വെളിയിലിരിക്കുന്നവരെ ബാധിക്കുന്ന കാര്യമല്ല. അതിനകത്തുള്ള കാര്യങ്ങള്‍ മുസ്ലിം സമൂഹം തീരുമാനിക്കേണ്ടതാണ്.ഇതിനകത്തൊക്കെ പക്ഷേ, ഐഡന്റിറ്റിയുടെ പ്രശ്നമടങ്ങിയിട്ടുണ്ട്. അത് സംരക്ഷിക്കാനുള്ള പ്രവണത. പിന്നെ ഇതിനെ നിലനിര്‍ത്തുന്ന മറ്റൊരു ഘടകം, രാഷ്ട്രത്തിനകത്ത് നീതിയും അവസരസമത്വവും ഇല്ല എന്ന തോന്നലാണ്.
മുസ്ലിം രാഷ്ട്രീയത്തിലെ സവിശേഷമായ ധാര, പരമ്പരാഗത സാമുദായിക രാഷ്ട്രീയത്തില്‍ നിന്നു വ്യത്യസ്തമായി സമുദായത്തിനപ്പുറത്തേക്ക് രാഷ്ട്രീയമായി അഭിസംബോധന ചെയ്യുന്നവരാണ്. പക്ഷേ, കേരളത്തിന്റെ, സെക്കുലര്‍ ബോധം ഇത്തരം മതപശ്ചാത്തലങ്ങളില്‍ നിന്നുള്ള സാമൂഹ്യ ഇടപെടലുകളെ പൊതുമണ്ഡലത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാഗ്രഹിക്കുന്നു. താങ്കള്‍ തന്നെ സോളിഡാരിറ്റിയുമായി സഹകരിക്കുമ്പോള്‍ വിമര്‍ശമുയരുന്നു. ഇതിന്റെ ശരിയും തെറ്റും എന്താണ്?
വ്യക്തിപരമായി ഒരു കാര്യത്തിന്റെ ശരി തെറ്റുകള്‍ നിശ്ചയിക്കുന്നത് എന്റെ നീതി ബോധത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു വിഭാഗത്തോട് നീതി കാട്ടുന്നില്ല എന്ന് തോന്നുമ്പോള്‍ അവരുടെ ആവശ്യം ന്യായമാണോ, എങ്കില്‍ അവരുടെ കൂടെ. ഇതിനകത്ത് പരിഗണിക്കേണ്ടത് സമൂഹത്തിനകത്ത് ഉണ്ടാകുന്ന പ്രതിഫലനങ്ങളാണ്. പൊതുസമൂഹത്തിന്റെ വളര്‍ച്ചക്ക് ഇവ സഹായിക്കുമോ എന്നാണ് നോക്കേണ്ടത്. ജമാഅത്തെ ഇസ്ലാമി അടിസ്ഥാനപരമായി മതത്തിന്റെ അകത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണല്ലോ. സോളിഡാരിറ്റി വന്നിട്ടാണ് ഇതിനകത്ത് വലിയ ഒരു മാറ്റം വരുന്നത്. മാറ്റത്തിന്റെ തുടക്കമെന്നു പറയാനാവുന്നതാണ് മാധ്യമം പത്രത്തിന്റെ സ്ഥാപനം. അടിസ്ഥാനവര്‍ഗത്തെ സഹായിക്കുന്ന രീതിയിലുള്ള സംവിധാനവും സമീപനവുമാണ് അത് കൈ കൊണ്ടത്. എനിക്കറിയുന്ന സോളിഡാരിറ്റി, ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന, സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒന്നാണ്. ഒരേ പാര്‍ട്ടിയുടെ തന്നെ ചില കാര്യങ്ങള്‍ പുരോഗമനപരവും ചിലത് അതല്ലാതെയും എനിക്ക് അനുഭവപ്പെടാറുണ്ട്.
കേരളത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക തലങ്ങളില്‍ നടക്കുന്ന ജമാഅത്ത് വിരുദ്ധ കാമ്പയിനിന്റെ പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന എന്താണ്?
ജമാഅത്തെ ഇസ്ലാമിക്കെതിരെ സിപിഎം എടുത്തിട്ടുള്ള ഈ നിലപാടിനെ ഞാന്‍ കാണുന്നത്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാനുള്ള ശ്രമമായിട്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രകടമായി അവരുടെ കൂടെയുണ്ടായിരുന്ന പാര്‍ട്ടികളിലൊന്നാണ് പി ഡി പി. വളരെ തുറന്ന് തന്നെ മഅ്ദനിയുമായി ബന്ധം സ്ഥാപിച്ചു. ജമാഅത്തെ ഇസ്ലാമിയും കുറച്ചായി ഇടതിന് സഹായകമായ നിലപാടാണ് കൈകൊണ്ടിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ മുസ്ലീം ലീഗിന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുള്ള എല്ലാ മുസ്ലിംകളും എല്‍.ഡി.എഫിനനകൂലമായി നിലപാടെടുത്തിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ഡി.പി ബന്ധം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത് എന്ന ഒരു വിലയിരുത്തലുണ്ട്. അബ്ദുന്നാസര്‍ മഅ്ദനി എത്ര വോട്ട് കൊണ്ടുവന്നു എന്നതല്ല; എത്ര കുടുതല്‍ വോട്ടുകള്‍ അവര്‍ക്ക് നഷ്ടപ്പെടുത്തി എന്നതാണ് ചര്‍ച്ചാ വിഷയം. കാരണം മദനിയുടെ ഇമേജ് പഴയതില്‍ നിന്നിപ്പോഴും മോചിതമായിട്ടില്ല. സി.പി.എം പറഞ്ഞു, മഅ്ദനി മാറിയ ആളാണ് എന്നൊക്കെ. പക്ഷെ ആര്‍.എസ്.എസുകാര്‍ നിര്‍മിച്ചെടുത്ത ഇമേജ് സ്വീകരിച്ചവരുടെ കണ്ണില്‍ മഅ്ദനി മാറിയില്ല. ഇപ്പോള്‍ അവര്‍ മഅ്ദനിയില്‍ നിന്ന് അകലുന്ന ഒരു സാഹചര്യമാണ് കാണുന്നത്. ഈ വരുന്ന തെരഞ്ഞെടുപ്പില്‍, പ്രകടമായി തന്നെ, ഹൈന്ദവ പ്രീണനമാണ് വഴി. അതിനകത്ത് തന്നെ ഇപ്പോള്‍ എന്‍ എസ് എസിനെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ പരസ്യമായി തന്നെ സ്വീകരിച്ചിട്ടുണ്ട്. അപ്പോള്‍ മഅ്ദനിയുമായുള്ള കൂട്ടു കെട്ടുണ്ടാക്കിയ പ്രശ്നങ്ങള്‍ മറികടക്കാനായി മഅ്ദനിയേക്കാള്‍ വലിയൊരു ഭീകരനെ സൃഷ്ടിക്കേണ്ട ആവശ്യം സി. പി.എം കാണുന്നു. അതിന് യോജിച്ച ഇരയായി അവര്‍ കാണുന്നത് ജമാഅത്തെ ഇസ്ലാമിയെയാണ്. മഅ്ദനിയെ, പരസ്യമായി കൂട്ടു പിടിച്ചതിനാല്‍, ഇനി ഭീകരനെന്ന് പറഞ്ഞ് തള്ളാനൊക്കില്ല. വേറൊരു ഭീകരനെ വേണം . അതൊരു മുസ്ലിം ഭീകരനാവണം. അതേ സമയം നേരത്തെ പറഞ്ഞ പോലെ, പല സമരങ്ങളിലും പ്രക്ഷോഭങ്ങളിലും നിര്‍ണ്ണായക പങ്കുവഹിച്ച പാര്‍ട്ടിയാണ് സോളിഡാരിറ്റി. ജമാഅത്തെ ഇസ്ലാമി ഇതിനേക്കാള്‍ ഭീകരമെന്ന് വരുത്തിതീര്‍ക്കുകയാണ്. അത് വീരേന്ദ്രകുമാറിന്റെ ഭൂമിപ്രശ്നം പോലെയാണ്. കൂടെയുണ്ടായിരുന്ന സമയത്ത് അതൊരു പ്രശ്നമായിരുന്നില്ല. ഇതൊക്കെ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒരു കളി എന്നതിനപ്പുറം ഒന്നുമില്ല. ഇതാളുകള്‍ വിശ്വസിക്കുമോ ഇല്ലയോ എന്ന പ്രശ്നം വേറെയാണ്.
കക്ഷി രാഷ്ട്രീയത്തിലെ ഈ നീചമായ നിലപാടുകള്‍, മഅ്ദനി വിഷയത്തിലെ നീതിയെ സംബന്ധിച്ച ചോദ്യത്തെ മറച്ച് കളയുന്നില്ലേ? മുസ്ലീം ലീഗ് പോലും മഅ്ദനിയുടെ വിഷയത്തിലെ സാമുദായിക വിരുദ്ധ ഗൂഢാലോചന വകവെക്കാതെ രാഷ്ട്രീയ പ്രേരിതമായാണ് നീങ്ങുന്നത്. ഈ സമയത്ത് നീതിയുടെ പക്ഷം പറയാന്‍ ആളില്ലാതെയാവുകയല്ലേ? എന്താണ് മഅ്ദനിയുടെ പുതിയ പ്രശ്നത്തിന്റെ പശ്ചാത്തലം?
നമ്മുടെ ഔദ്യോഗിക സംവിധാനത്തെ രാഷ്ട്രീയം കീഴടക്കിയിരിക്കുന്നു എന്നതാണ് യഥാര്‍ഥ പ്രശ്നം. കേരളത്തിലൊക്കെ പ്രകടമായി പല സംഭവങ്ങളിലും നമുക്കിത് കാണാം. ഭരണകക്ഷിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിപ്പിക്കുകയാണ് ഭരണസംവിധാനത്തെ. കര്‍ണാടകത്തിലും ഇങ്ങനെയുണ്ടാവും. ഇവിടെ സി പി എമ്മിനും ഡിഫിക്കും എസ് എഫ് ഐക്കുമെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്നതു പോലെ അവിടെ ബജ്റംഗദളിനും മുത്തലികിനുമൊക്കെ എതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്നു. ഇത് എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന കാര്യമാണ്. ആര്‍ എസ് എസും ബി ജെ പിയും മഅ്ദനിയുടെ കാര്യത്തില്‍ സവിശേഷ താല്‍പര്യം എല്ലാ കാലത്തും എടുത്തിട്ടുണ്ട്. കോയമ്പത്തൂര്‍ കേസ് നടക്കുമ്പോഴും ബി ജെ പി തമിഴ്നാട്ടില്‍ ശക്തമായി ഇടപെട്ട പാര്‍ട്ടിയാണ്. കോയമ്പത്തൂര്‍ സംഭവവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസും പോലീസും നടത്തിയ മുസ്ലിം വേട്ടകളെ കുറിച്ച് റിപ്പോര്‍ട്ട് ഉണ്ട്. കോയമ്പത്തൂരില്‍ നിന്ന് വിട്ട ശേഷം മഅ്ദനിക്കെതിരെ അപ്പീലിന് പോകണമെന്ന് പറഞ്ഞ് ബി.ജെ.പി ബഹളം കൂട്ടിയിരുന്നു. ഈ കേസിലാണെങ്കില്‍ 42 ഓളം പേരെ ജീവപര്യന്തം ശിക്ഷിച്ചിട്ടുണ്ട്. കോടതി പ്രതികളെ എല്ലാവരെയും വെറുതെ വിടുകയായിരുന്നില്ല. 142പേര്‍ ശിക്ഷിക്കപ്പെട്ട കേസില്‍ ആണ് ഈ മനുഷ്യന്‍ നിരപരാധിയാണെന്ന് പറഞ്ഞു വിട്ടയച്ചത്. 42 പേരെ ജയിലിലടച്ചിട്ടും ആര്‍.എസ്.എസിന്റെ പ്രതികാര ദാഹം തീര്‍ന്നില്ല. ആ സാഹചര്യത്തിലാണ് നമ്മളീ കര്‍ണാടകത്തിലെ കേസിനെ കാണേണ്ടത്.
പിന്നെ, തിരിച്ചു വന്നതിനു ശേഷം മഅ്ദനി പോലീസ് അകമ്പടിയുള്ള ആളാണ്. അതുകൊണ്ട് മഅ്ദനി എവിടെ പോകുന്നു, ആരെ കാണുന്നു എന്നുള്ളതൊന്നും രഹസ്യമായ സംഭവമല്ല. മഅ്ദനി പറഞ്ഞിരിക്കുന്നത് ഐ ബി ഇതിന്റെ പിന്നിലുണ്ടെന്നാണ്. ഐ ബി ഇപ്പോള്‍ മാത്രമല്ല, അതിന്റെ ചരിത്രത്തിലുടനീളം രാഷ്ട്രീയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. കശ്മീരില്‍ ജീലാനിയെ സപ്പോര്‍ട്ട് ചെയ്യുന്ന സ്ട്രാറ്റജി എന്ന് പറയുന്നത് ഐ ബിയുടെ സ്ട്രാറ്റജി ആണ്. 1972ല്‍ നടന്ന ഇലക്ഷനില്‍ ഐ ബി സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. ഞാനതിന്റെ രേഖ കണ്ടിട്ടുള്ളതാണ്. കേരളത്തില്‍ തന്നെ ഇങ്ങനെയുള്ള ഇടപെടലുകള്‍ ഐ ബി നടത്തിയിട്ടുണ്ട്. ഇതൊക്കെ ഈ സംവിധാനത്തിലെ സത്യസന്ധതയെയും വിശ്വാസ്യതയെയും സംശയത്തിലാക്കുന്നു. ഈ സാഹചര്യത്തിലാണ് മഅ്ദനിക്കെതിരായ കേസ് വന്നിട്ടുള്ളത്.
കേരളത്തിലോ, ഇന്ത്യയില്‍ പൊതുവിലോ ജനാധിപത്യത്തിന് പ്രതീക്ഷ നല്‍കുന്ന എന്തെങ്കിലും ചലനങ്ങള്‍ താങ്കളുടെ നിരീക്ഷണത്തില്‍ വന്നിട്ടുണ്ടോ?
ഇതൊക്കെ താല്‍ക്കാലിക പ്രശ്നങ്ങളായിട്ടാണ് ഞാന്‍ കാണുന്നത്. നമ്മളിവിടെ അഭിമാനിക്കുന്ന ജനാധിപത്യം ഇല്ലാത്ത രാജ്യമെടുക്കൂ, പാകിസ്ഥാന്‍. അവിടെ ഒന്നിനു പിറകെ ഒന്നായി എത്ര പട്ടാള ഭരണം വന്നു? അവയൊക്കെ പോയില്ലേ? സിയാഉല്‍ ഹഖിനെ മാത്രമാണ് ആളുകള്‍ ഓടിക്കാഞ്ഞത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ബാക്കിയുള്ളവരെയൊക്കെ ജനങ്ങള്‍ ഓടിക്കുകയായിരുന്നു. ആ തരത്തിലുള്ള ശക്തി ജനങ്ങള്‍ക്ക് ഉണ്ട്. ഇവിടെ തന്നെ എന്താണ് സംഭവിച്ചത്? ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ കൊണ്ടു വന്നത് എന്തുകൊണ്ടാണ്? അവര്‍ 71ല്‍ കേന്ദ്രത്തിലും 72ല്‍ സംസ്ഥാനങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ആളാണ്. 75ല്‍ നിലനില്‍പിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നു. അത്ര ശക്തമായ പ്രക്ഷോഭങ്ങളാണ് ബീഹാറിലും ഗുജറാത്തിലും അന്ന് നടന്നത്. സര്‍ക്കാറുകളെ നിലനിര്‍ത്താന്‍ പറ്റാത്ത അവസ്ഥയായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പക്ഷേ, തെരഞ്ഞെടുപ്പ് വന്ന ഉടനെ ആളുകള്‍ അവരെ തൂത്തു കളഞ്ഞു. വളരെ നിര്‍ണ്ണായകമായ രീതിയിലല്ലേ തൂത്തു കളഞ്ഞത്? എതിര്‍ക്കാന്‍ വ്യവസ്ഥാപിതമായി ഒരു സംഘടന പോലുമുണ്ടായിരുന്നില്ല. ജനതാ പാര്‍ട്ടി അതിന് 40 ദിവസം മുമ്പ് ഉണ്ടായതാണ്. ആ പാര്‍ട്ടിയാണ് ഉത്തരേന്ത്യയില്‍ പലയിടത്തും അധികാരത്തില്‍ വന്നത്. ജനങ്ങളുടെ ശക്തിയെ കുറച്ച് കാണുന്നത് ശരിയല്ല. എല്ലാ കാലവും തങ്ങളുടെ ഇഷ്ടം തുടരാന്‍ പറ്റുമെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും കരുതേണ്ട.
ശക്തിപ്പെടുന്ന ദലിത് - അടിസ്ഥാനവര്‍ഗ സ്വത്വബോധങ്ങളെക്കുറിച്ച് താങ്കളുടെ നിരീക്ഷണം?
അവര്‍ ശക്തി പ്രാപിക്കുന്നു എന്നു കാണുമ്പോള്‍ അവരെ അക്കമഡേറ്റ് ചെയ്യാന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ തയ്യാറാവും. അത് ഏത് രീതിയില്‍ വരുന്നു എന്നുള്ളതാണ് വിഷയം. ബി.എസ്.പി ഒരു മാതൃകയാണ്. അവരീ കളി നല്ലപോലെ കളിച്ചു. അത് ഒരു തരത്തിലുള്ള ജനാധിപത്യത്തിന്റെ മുന്നേറ്റമാണ്. പക്ഷേ അതിന് ഒരു മറുവശമുണ്ട്. അത് ആരെയൊക്കെ കൂട്ടുപിടിച്ചാണ് വരുന്നത് എന്നുളളതാണ്.
വര്‍ക്കലയില്‍ നടന്നത് പോലുള്ളതിന്റെ സൂചന നല്ലതാണോ?
വര്‍ക്കലയില്‍ നടന്നത് കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ദളിത് വോട്ടുകള്‍ നഷ്ടമാകാന്‍ ദളിത് മുന്നേറ്റം കാരണമായി. അത് തിരിച്ചറിഞ്ഞതിന്റെ ഫലമായിട്ടാണ് അവര്‍ക്കെതിരെ തിരിയുന്നത്. അത് ഇടതുപക്ഷത്തിന്റെ വോട്ടായിരുന്നു. പിന്നെ പോലീസിന്റെയും മയക്കുമരുന്നുകാരുടെയും താല്‍പര്യങ്ങള്‍. ഇതിനെ തീവ്രവാദം ആക്കുന്ന ബുദ്ധികേന്ദ്രം തന്നെയാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെയും തീവ്രവാദമാരോപിക്കുന്നത്.
താങ്കള്‍ സൈബര്‍ ആക്ടിവിസത്തിലൊക്കെ വളരെ സജീവമാണല്ലോ. കേരളത്തിലെ യുവതലമുറയുമായി സോഷ്യല്‍ നെറ്റ്വര്‍ക്കിംഗിലൂടെ അടുത്ത ബന്ധം പുലര്‍ത്തുന്ന മുതിര്‍ന്ന ഒരു സാമൂഹിക പ്രവര്‍ത്തകനാണ്. ആ നിലക്ക് കേരളത്തിലെ യൂത്ത് കള്‍ച്ചറിനെ കുറിച്ചുള്ള നിരീക്ഷണം എന്താണ്? ഭാവി നിശ്ചയിക്കുന്ന തലമുറയെ കുറിച്ച് പറഞ്ഞ് ഉപസംഹരിക്കാം.
കേരളത്തിലെ ചെറുപ്പക്കാരെ സംബന്ധിക്കുന്ന ഒരു പ്രധാന ആരോപണം, അവര്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. അത് പൂര്‍ണ്ണമായും ശരിയാണ് എന്ന് ഞാന്‍ കരുതുന്നില്ല. കാരണം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒരു പാട് നല്ല പ്രസ്ഥാനങ്ങളില്‍ യുവാക്കള്‍ പ്രവര്‍ത്തിക്കുന്നു. പക്ഷേ, തീര്‍ച്ചയായും സാമ്പ്രദായിക രാഷ്ട്രീയത്തോട് ഒരു വിരക്തി ഉണ്ട്. അവരെ നല്ല ഇടങ്ങളിലേക്ക് നയിക്കാനുള്ള ആളുകളില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെയൊക്കെ ചെറുപ്പകാലത്ത് മാതൃക ആയി കാണാവുന്ന ആളുകള്‍ ഉണ്ട്. ഇന്നങ്ങനെയില്ല. സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പുറത്ത് ഒരു വേദിയില്ല. നിലനില്‍ക്കുന്ന സംവിധാനങ്ങളെയൊക്കെ രാഷട്രീയ കക്ഷികള്‍ കൈയടക്കി വെച്ചിരിക്കുന്നതിനാല്‍ പ്രവര്‍ത്തിക്കാന്‍ ഒരു പൊതു ഇടം ഇല്ല. സിവില്‍ സൊസൈറ്റി ഇല്ല കേരളത്തില്‍ എന്നു തന്നെ പറയാം. സിവില്‍ സൊസൈറ്റി എന്നു പറയുന്നത് അധികാരത്തിന്റെ പുറത്ത് രൂപപ്പെടുന്ന സംഘടനകള്‍ ആണ്. ഇവിടെ അങ്ങനെയല്ലാതെ എന്തെങ്കിലും രൂപപ്പെട്ടാല്‍ അതിനെ അധികാര രാഷ്ട്രീയത്തിന്റെ ഉള്ളിലേക്ക് കൊണ്ടുവരുന്ന അവസ്ഥയാണ് കാണാനാവുന്നത്. അതായത് യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള ഒരു പൊതുസമൂഹം, പൌരസമൂഹം കേരളത്തിലില്ല. അതിന്റെ ഒരു പ്രശ്നം ചെറുപ്പക്കാര്‍ക്ക് ഉണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നീതി പൂര്‍വം പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ നിസ്സഹായതയും ഉണ്ട്. പ്രത്യേക സ്വത്വത്തിന്റെയോ വിഭാഗത്തിന്റെയോ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുണ്ട്. അത്തരം പ്രസ്ഥാനങ്ങള്‍ക്ക് കലാലയങ്ങളിലെ ഹെജിമണിയെ ചലഞ്ച് ചെയ്യാന്‍ തക്ക വണ്ണം പൊതു ആവാന്‍ കഴിയാത്തത് വെല്ലുവിളിയാണ്. പല പ്രചോദനത്തില്‍ പ്രവര്‍ത്തിക്കുന്ന നല്ല പ്രസ്ഥാനങ്ങള്‍ ഏതെങ്കിലും തരത്തില്‍ യോജിച്ച് പൊതു പ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.
പഞ്ചായത്ത് തെരഞ്ഞടുപ്പ് അത്തരത്തിലുള്ള ഒരു മുന്നേറ്റത്തിന്റെ തുടക്കമാവാന്‍ സാധ്യതയുണ്ട് എന്ന് ഞാന്‍ കരുതുന്നു. കാരണം ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ആരായുന്നുണ്ട്. അങ്ങനെ വരികയാണെങ്കില്‍ അത്തരം പ്രസ്ഥാനങ്ങള്‍ തുടങ്ങാന്‍ പറ്റുന്ന ഒരു മണ്ഡലമാണ് തദ്ദേശ ഭരണം. കാരണം അവിടെ അടിസ്ഥാനപരമായി കക്ഷി രാഷ്ട്രീയം ആവശ്യമില്ല. സംസ്ഥാനം ഭരിക്കുന്ന പോലല്ല അത്. അതിനെ കക്ഷി രാഷ്ട്രീയമാക്കാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നു. യഥാര്‍ത്ഥത്തില്‍ പഞ്ചായത്ത് എന്നു പറയുന്നത് ഒന്നിച്ചൊരു ഭരണമാണ്; അതിനകത്ത് ഒരു പ്രതിപക്ഷമോ ഭരണപക്ഷമോ ഇല്ല. ഇങ്ങനെയൊരു മാറ്റമുണ്ടായാല്‍ പുതിയ സാഹചര്യമുണ്ടാകും. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാകാനും അവരുടെ നിലപാടുകളില്‍ മാറ്റം വരാനും ഇടവരുത്തും. അത് ഗുണകരമാകാനുള്ള സാധ്യത കാണുന്നുണ്ട്. ഇങ്ങനെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന്, സി.പി. എം നേതൃത്വവും കോണ്‍ഗ്രസ് നേതൃത്വവുമൊക്കെ മനസ്സിലാക്കുന്നുണ്ട് എന്നാണ് എന്റെ വിലയിരുത്തല്‍. അവര്‍ക്ക് അതിന് മുന്‍കൈ എടുക്കാനൊട്ട് കഴിയുകയുമില്ല. താല്‍പര്യവും കാണില്ല. അതിനുള്ള ചാലകശക്തി വരേണ്ടത് വെളിയില്‍ നിന്നാണ്. അങ്ങനെ വന്നാല്‍ അവര്‍ മാറാന്‍ നിര്‍ബന്ധിതരാകും.