Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>വായനാമുറി


നവലോകക്രമവും
പുതിയ വിമര്‍ശനങ്ങളും

 

# കെ. അശ്റഫ്

 
 




നോം ചോംസ്കി അറിയപ്പെടുന്ന രാഷ്ട്രീയ വിമര്‍ശകനാണ്. ഹെജമണി ഓര്‍ സര്‍വൈവല്‍, ഇന്റര്‍വെന്‍ഷന്‍സ്, വാട്ട് വീ സേ ഗോസ് തുടങ്ങി നിരവധി പുസ്തകങ്ങളുടെ കര്‍ത്താവാണ്. മസാച്യുസെറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഭാഷാ ശാസ്ത്രവും തത്ത്വചിന്തയും പഠിപ്പിക്കുന്നു. അറുപതുകളോടു കൂടി യു.എസ്.എയില്‍ ശക്തിപ്പെട്ട അക്കാദമിക് രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കളിലൊരാളാണ്.
ഈ വര്‍ഷം(2010) പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകമാണ് പ്രതീക്ഷകളും സാധ്യതകളും (Hope and Prospects). ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപടികളിലാണ് നാം നിലകൊള്ളുന്നത്. അതിനാല്‍ ഈ നൂറ്റാണ്ടിന്റെ പ്രതീക്ഷകളും സാധ്യതകളും എന്താണെന്നന്വേഷിക്കാന്‍ ചോംസ്കി ഉത്സുകനാകുന്നു. നിരവധി വെല്ലുവിളികള്‍ ഇന്ന് നമ്മുടെ ലോകം അഭിമുഖീകരിക്കുന്നു. ഉത്തര ദക്ഷിണ അര്‍ധ ഗോളങ്ങളിലെ രാഷ്ട്രങ്ങള്‍ തമ്മില്‍ ജീവിത നിലവാരത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭയാനകമായ അന്തരം, പ്രസിഡന്റ് ബറാക് ഒബാമയിലും തുടരുന്ന യു.എസ് അഹന്ത, ഇറാഖിന്റെയും അഫ്ഗാന്റെയും പുതിയ പരിണാമങ്ങള്‍, ഗസ്സക്കു മേലുള്ള യു.എസ്-ഇസ്രയേല്‍ കടന്നുകയറ്റം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ വെല്ലുവിളികള്‍ അദ്ദേഹം വിശദമായി പരിശോധിക്കുന്നു. അതോടൊപ്പം, ഈ വെല്ലുവിളികളെ തരണം ചെയ്യുന്നതിന് ലോകമെങ്ങും ഉയര്‍ന്നുവരുന്ന പുതിയ സാധ്യതകളെ വിശകലനം ചെയ്യുന്നു.
പന്ത്രണ്ട് ഉപന്യാസങ്ങളാണ് 325 പേജുള്ള പുസ്തകത്തിലുള്ളത്. 2006-ല്‍ ചിലിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ വികസിത രൂപമാണ് ആദ്യ മൂന്നധ്യായങ്ങള്‍. ആദ്യ മൂന്നധ്യായങ്ങളുടെയും ഉള്ളടക്ക സമാഹരണമാണ് നാലാം അധ്യായം. ഇത് 2008ല്‍ 'സോഷ്യല്‍ സമ്മിറ്റ് ഫോര്‍ ലാറ്റിന്‍ അമേരിക്ക'ക്കുവേണ്ടി നടത്തിയ വീഡിയോ കോണ്‍ഫറന്‍സാണ്.
തുടര്‍ന്നു വരുന്ന 8 അധ്യായങ്ങള്‍ 2008-2010 കാലയളവില്‍ എഴുതിയതാണ്. 2008ല്‍ ലോക വ്യാപകമായി ഉണ്ടായ ഭക്ഷ്യ കലാപത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഏറ്റവുമധികം ജനശ്രദ്ധയാകര്‍ഷിച്ച സ്ഥലങ്ങള്‍ ഹെയ്തിയും ബംഗ്ളാദേശുമായിരുന്നു. ഈ രണ്ടു രാജ്യങ്ങളും ലോകത്തിനു മുമ്പില്‍ തലകുനിച്ചു നില്‍ക്കേണ്ടി വന്നു. യു.എന്നും മനുഷ്യാവകാശ പ്രവര്‍ത്തകരും ആംനസ്റി ഇന്റര്‍നാഷനലുമൊക്കെ അവര്‍ക്കെതിരെ തിരിഞ്ഞു.
എന്നാല്‍ ഹെയ്തിയെയും ബംഗ്ളാദേശിനെയും ചോംസ്കി കാണുന്നത് മറ്റൊരു രീതിയിലാണ്. ചോംസ്കി തിരിയുന്നത് ചരിത്രത്തിലേക്കാണ്. ഇന്ന് കാണുന്ന പളപളപ്പുകള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന രക്തം പുരണ്ട ചരിത്രത്തിലേക്ക് ചോംസ്കി നടന്നു കയറുന്നു. അദ്ദേഹം ധാക്കയെക്കുറിച്ച് പറയുന്നത് മര്‍ഡോക്കിന്റെ ഭാഷയിലല്ല. ബംഗ്ളാദേശിന്റെ തലസ്ഥാനമായിരുന്ന ധാക്കയെ ബ്രിട്ടീഷ് സൈനിക മേധാവിയായിരുന്ന റോബര്‍ട്ട് ക്ളൈവ് വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു: "extensive, populous and as rich as the city of London." കൊന്നും കവര്‍ന്നും ഉണ്ടാക്കിയ ലണ്ടന്‍ നഗരത്തോടാണ് റോബര്‍ട്ട് ക്ളൈവ് ധാക്കയുടെ സ്വാശ്രയ സമ്പദ് വ്യവസ്ഥയെ ഉപമിച്ചത്. റോബര്‍ട്ട് ക്ളൈവ് വരുമ്പോള്‍ ധാക്കയിലെ ജനസംഖ്യ 150,000. ധാക്കയെന്ന സമ്പന്ന നഗരത്തെ കട്ടുമുടിച്ച് (ഒരു നൂറ്റാണ്ട് ഭരിച്ച്) റോബര്‍ട്ട് ക്ളൈവിന്റെ ബ്രിട്ടീഷ് പിന്മുറക്കാര്‍ മടങ്ങുമ്പോള്‍ ധാക്കയിലെ ജനസംഖ്യ 30,000 ആയി ചുരുങ്ങിയതായി ചോംസ്കി രേഖപ്പെടുത്തുന്നു. "It was reverting to jungle and malaria"എന്നാണ് ചോംസ്കി ഈ പതിതാവസ്ഥയെ വിശേഷിപ്പിക്കുന്നത്. ആദം സ്മിത്ത് വിശദീകരിക്കുന്നത്, "ക്ഷാമം മൂലം കര്‍ഷകര്‍ കഞ്ചാവ് കൃഷി ചെയ്യാന്‍ നിര്‍ബന്ധിതരായി'' എന്നാണ്. ബംഗ്ളാദേശിന്റെ പരുത്തി സമ്പത്ത് മാഞ്ചസ്ററിലെ തുണിമില്ലുകളില്‍ വലിയ വ്യവസായ സംരംഭങ്ങള്‍ക്ക് അടിത്തറ പാകുകയായിരുന്നുവെന്നും നാമോര്‍ക്കേണ്ടതുണ്ട്.
ഹെയ്തിയുടെ വിധിയും മറ്റൊന്നായിരുന്നില്ല. ലോകത്തെ അതിസമ്പന്ന രാജ്യങ്ങളോട് കിട പിടിക്കുന്ന പഞ്ചസാര ഉല്‍പാദക രാജ്യമായിരുന്ന ഹെയ്തിയെ തകര്‍ത്തത് ഫ്രാന്‍സായിരുന്നു. സ്വാതന്ത്യ്രം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ റൂസ്സോയും വോള്‍ട്ടയറുമൊക്കെ ഉരുവിടുന്ന കാലത്തു തന്നെയായിരുന്നു ഇതൊക്കെ അവര്‍ ചെയ്തു കൂട്ടിയത്.
കോളനി രാജ്യങ്ങളിലെ മാത്രമല്ല, സാമ്രാജ്യത്വ രാജ്യങ്ങളിലെയും അടിസ്ഥാനവര്‍ഗങ്ങള്‍ തങ്ങളുടെ രാജ്യങ്ങളില്‍ നരക യാതന അനുഭവിക്കുകയായിരുന്നു. കച്ചവടക്കാര്‍ക്കും ഉല്‍പാദകര്‍ക്കും മാത്രമാണ് അതുകൊണ്ട് വലിയ ലാഭങ്ങള്‍ നേടാനായത്. മാഞ്ചസ്ററിലെ തുണി മില്ലുകളിലെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ഈയിടെ പുറത്തിറങ്ങിയ ഫ്രെഡറിക് ഏംഗല്‍സിന്റെ The Froak Coated Communist എന്ന ജീവചരിത്രത്തിലും ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുന്നു. യൂറോപ്പില്‍ കോളനിവല്‍ക്കരണം ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ തന്നെയാണ് അവിടത്തെ തൊഴിലാളികള്‍ക്കിടയില്‍ കമ്യൂണിസത്തിനും അതുവഴി മാര്‍ക്സിസ്റ് വിശകലനങ്ങള്‍ക്കും വഴിയൊരുക്കിയതെന്നത് കൌതുകകരമാണ്.
ഇങ്ങനെ ദാരിദ്യ്രത്തിന്റെ ആഗോളീകരണത്തിന് വഴിയൊരുക്കിയ ചരിത്രപരമായ കാരണങ്ങള്‍ ചോംസ്കി അന്വേഷിക്കുന്നു.
വളരെ സൂക്ഷ്മമായ ഒരു താരതമ്യപഠനം ചോംസ്കി നടത്തുന്നുണ്ട്. 'ഫ്രീ ഇലക്ഷന്‍സ്, ഗുഡ് ന്യൂസ് ആന്‍ഡ് ബാഡ്' എന്ന ഒമ്പതാം അധ്യായം തന്നെയെടുക്കുക. വര്‍ധിച്ച ആഹ്ളാദത്തോടെയാണ് 2008-ലെ ലബനാന്‍ തെരഞ്ഞെടുപ്പിനെ അമേരിക്കന്‍ മാധ്യമങ്ങള്‍ സ്വാഗതം ചെയ്തത്. തോമസ് ഫ്രീഡ്മാനെ പോലുള്ളവര്‍ ന്യൂയോര്‍ക് ടൈംസില്‍ ലബനാനിലെ ജനങ്ങളുടെ ജനാധിപത്യാവബോധത്തെ ശ്ളാഘിച്ചു. കാടന്‍ സംസ്കാരത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നടന്നടുത്ത ലബനീസ് ജനത തങ്ങള്‍ക്കു ചെയ്യാനെന്തു കഴിയുമെന്നു തെളിയിച്ചു എന്നൊക്കെയാണ് കോര്‍പറേറ്റ് മാധ്യമങ്ങള്‍ എഴുതിയത്. കൊല്ലപ്പെട്ട പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ മകന്‍ സഅദ് ഹരീരിയായിരുന്നു അമേരിക്കയുടെ ആശീര്‍വാദങ്ങള്‍ക്ക് പാത്രമായ ഭാഗ്യവാന്‍. യഥാര്‍ഥത്തില്‍ നജാദിനെയാണ് അവിടെ ഒബാമ തോല്‍പിച്ചത്. ഇറാനും സിറിയയും ഹിസ്ബുല്ല വഴി ലബനാനില്‍ നടത്തുന്ന ഇടപെടലുകളാണ് അമേരിക്ക പരാജയപ്പെടുത്തിയതെന്ന് ചോംസ്കി പറയുന്നു. ഈ തോല്‍വി വര്‍ധിച്ച തോതിലുള്ള സാമ്പത്തിക/മാധ്യമ ഇടപെടലുകളിലൂടെ അമേരിക്ക സാധിച്ചെടുത്തതാണെന്നും ചോംസ്കി വെളിപ്പെടുത്തുന്നു. ഈ ഇടപെടലുകള്‍ ഫലസ്ത്വീനിലെ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനോട് (ഹമാസ്) പുലര്‍ത്തുന്ന ഇരട്ടത്താപ്പുകളുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചോംസ്കി പരിശോധിക്കുന്നത്.
'ഈ നൂറ്റാണ്ടിന്റെ വെല്ലുവിളി' എന്ന അധ്യായം ഇവിടെ സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു. അന്താരാഷ്ട്ര രംഗത്ത് ആയുധ രാഷ്ട്രീയത്തിന്റെ അന്തര്‍ നാടകങ്ങളിലേക്കാണ് ഈ ലേഖനം വിരല്‍ ചൂണ്ടുന്നത്. അമേരിക്ക തുടങ്ങിവെച്ച ആണവായുധ സംസ്കാരത്തിന്റെ കെടുതികളെക്കുറിച്ചാണ് ഈ ലേഖനം. ബര്‍ട്രന്‍ഡ് റസ്സലും ആല്‍ബര്‍ട്ട് ഐന്‍സ്റീനും ആണവായുധങ്ങളെ കുറിച്ച് നല്‍കിയ മുന്നറിയിപ്പുകള്‍ ശരിവെക്കുന്നതാണ് ഇന്നത്തെ ആണവായുധ സംസ്കാരം. പിന്നീട് ചോംസ്കി പരാമര്‍ശിക്കുന്നത്, പരിസ്ഥിതി മലിനീകരണമാണ്. ശുദ്ധജലം, ഭക്ഷണം എന്നീ അടിസ്ഥാന ജീവിതോപാധികള്‍ ഭൂമുഖത്ത് കിട്ടാക്കനിയായിക്കൊണ്ടിരിക്കുന്നു. എന്താണിതിനൊരു പരിഹാരം? നിരായുധീകരണം എന്നു മാത്രമാണ് ഉത്തരം. ഇതിന് ഏറ്റവും വലിയ തടസ്സം അമേരിക്കയാണ്. ആണവായുധ വിമുക്ത മേഖലകള്‍ക്ക് ഏകതടസ്സം അമേരിക്കന്‍ നയനിലപാടുകള്‍ മാത്രമാണെന്ന് ഇവ്വിഷയകമായി ലോകവ്യാപകമായി നടന്ന ചര്‍ച്ചകള്‍ പരിശോധിച്ച് ചോംസ്കി പറയുന്നു.
ചോംസ്കി അമേരിക്കന്‍ നയങ്ങളുടെ സൂക്ഷ്മ വിമര്‍ശകനായിരിക്കുമ്പോഴും, അദ്ദേഹത്തിന്റെ വിശകലനം അടിസ്ഥാനപ്പെടുത്തുന്നത് അമേരിക്കന്‍ അധികാരത്തിന്റെ അതേ ജ്ഞാന മണ്ഡലത്തെ തന്നെയാണ്. ഒരു വീട്ടിലെ ഫര്‍ണിച്ചറിന്റെ സ്ഥാന വ്യത്യാസത്തെക്കുറിച്ച ചര്‍ച്ച പോലെയാണ് അമേരിക്കയും ചോംസ്കിയുടെ വിമര്‍ശനങ്ങളുമെന്ന് പറയാറുണ്ട്. ഇന്നത്തെ ആഗോളാധികാരത്തിനെതിരായ പ്രതിരോധത്തെ അതിന്റെ തന്നെ സവിശേഷ പശ്ചാത്തലത്തില്‍ കാണാന്‍ അദ്ദേഹത്തിന് കഴിയാറില്ലെന്നും വിമര്‍ശകര്‍ പറയുന്നു.
അതേസമയം ചോംസ്കിയുടെ പുസ്തകങ്ങള്‍ അമേരിക്കയുടെ ക്രൂരതകള്‍ വെളിച്ചത്ത് കൊണ്ട് വരുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന സത്യം ഈ പോരായ്മകള്‍ക്കിടയിലും നാം വിസ്മരിക്കരുത്.
NOAM CHOMSKY
HOPE AND PROSPECTS (2010)

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly