>>ലേഖനം
സഞ്ചാരം ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍
ടി.കെ യൂസുഫ്
ടൂറിസ്റ് എന്ന പദം കേള്‍ക്കുമ്പോള്‍ ഒരു വലിയ ബാഗും തോളിലേറ്റി മുഷിഞ്ഞ ടീഷര്‍ട്ടും ട്രൌസറും ധരിച്ച് റെയില്‍വേ സ്റേഷനില്‍ ഉലാത്തുന്ന സായിപ്പിന്റെയോ കടല്‍തീരത്തെ പഞ്ചാരമണലില്‍ വിവസ്ത്രയായി കമഴ്ന്ന് കിടന്ന് ഇളനിര്‍ കുടിക്കുന്ന മദാമ്മയുടെയോ ചിത്രമായിരിക്കും നമ്മുടെ മനസ്സില്‍ തെളിഞ്ഞുവരിക. അതുകൊണ്ട് തന്നെ ടൂറിസത്തിന് ഇസ്ലാം പ്രോത്സാഹനം നല്‍കിയിട്ടുണ്ടെന്ന് പറയുമ്പോള്‍ പലര്‍ക്കും അത് അതിശയകരവും അവിശ്വസനീയവുമായിരിക്കും.
വിശുദ്ധ ഖുര്‍ആന്‍ സഞ്ചാരികളെ എണ്ണിയത്, ആരാധനയില്‍ ഏര്‍പ്പെടുകയും നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഉത്തമരായ സത്യവിശ്വാസികളുടെ കൂട്ടത്തിലാണ്. അല്ലാഹു പറയുന്നു: "പശ്ചാത്തപിക്കുന്നവര്‍, ആരാധനയില്‍ ഏര്‍പ്പെടുന്നവര്‍, സ്തുതികീര്‍ത്തനം ചെയ്യുന്നവര്‍, സഞ്ചരിക്കുന്നവര്‍, കുമ്പിടുകയും സാഷ്ടാംഗം നടത്തുകയും ചെയ്യുന്നവര്‍, സദാചാരം കല്‍പിക്കുകയും ദുരാചാരം വിലക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്റെ അതിര്‍വരമ്പുകള്‍ കാത്തുസൂക്ഷിക്കുന്നവര്‍, ഇങ്ങനെയുള്ള സത്യവിശ്വാസികള്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുക'' ( 9:112).
ഇസ്ലാം സഞ്ചാരത്തിന് എത്രമാത്രം പ്രാധാന്യം നല്‍കിയെന്ന് മനസ്സിലാക്കാന്‍ മേല്‍ വചനം തന്നെ ധാരാളം. തന്നെയുമല്ല, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ കണ്ടറിഞ്ഞ് അല്ലാഹുവിന്റെ അസ്തിത്വം മനസ്സിലാക്കണമെങ്കിലും ഭൂമിയിലൂടെയുള്ള സഞ്ചാരം അനിവാര്യമാണ്. ആകാശഭൂമികളിലുള്ള അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കാണണമെങ്കില്‍ ബാഹ്യ നേത്രങ്ങള്‍ക്കു പുറമെ അതിനു സന്നദ്ധമായ ഒരു അന്തരംഗം കൂടി വേണ്ടിവരും. അത് കരസ്ഥമാക്കണമെങ്കില്‍ സഞ്ചാരം അത്യാവശ്യമാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്. "ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളും കേട്ടറിയാനുള്ള കാതുകളും അവര്‍ക്ക് ലഭിക്കുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്'' (22:46). ചലനവും സഞ്ചാരവുമില്ലാതെ ഒരിടത്തു തന്നെ ചടഞ്ഞു കൂടുന്നത് മന്ദതക്കും ഹൃദയാന്ധതക്കും വഴിയൊരുക്കുമെന്ന സൂചനയും ഈ വചനം നല്‍കുന്നുണ്ട്.
ആവര്‍ത്തന വിരസമായ ജീവിത രീതി മനുഷ്യന്റെ ബൌദ്ധിക പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതക്ക് മങ്ങലേല്‍പിക്കുന്നതായി ആധുനിക മനഃശാസ്ത്ര പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. വിനോദ സഞ്ചാരം കൊണ്ട് ലഭിക്കുന്ന മാനസികോല്ലാസത്തിന് ഇതിന് അല്‍പമെങ്കിലും ആശ്വാസം നല്‍കാന്‍ കഴിയും. "നിങ്ങള്‍ മനസിന് ആശ്വാസം നല്‍കുക. കാരണം ആലസ്യം അതിനെ അന്ധമാക്കും'' എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഇമാമുകളില്‍ പ്രമുഖനായ ശാഫിഈയും സഞ്ചാരത്തെ വാനോളം പുകഴ്ത്തുന്നുണ്ട്. സഞ്ചാരമെന്ന റിസ്ക് എടുത്തെങ്കില്‍ മാത്രമേ ജീവിതത്തിന്റെ ത്രില്‍ ആസ്വദിക്കാന്‍ കഴിയൂ എന്ന മട്ടിലാണ് അദ്ദേഹമതിനെ കണ്ടിരിക്കുന്നത്. യാത്ര ചെയ്യാതെ ജന്മനാട്ടില്‍ ഒതുങ്ങി കൂടുന്നതിനെ, ഒഴുകാതെ കെട്ടി നിന്ന് ദുഷിക്കുന്ന ജലാശയത്തോടും, വേട്ടയാടാന്‍ കഴിയാതെ കൂട്ടില്‍ പട്ടിണി കിടന്ന് ക്ഷയിക്കുന്ന സിംഹത്തോടുമാണ് അദ്ദേഹം ഉപമിച്ചത്. സ്വര്‍ണത്തിനും ചന്ദനത്തിനും മൂല്യമുണ്ടാകുന്നത് അവ അവയുടെ വാസസ്ഥലം വിട്ട് കയറ്റുമതി ചെയ്യപ്പെടുമ്പോഴാണെന്നും മനുഷ്യനു അല്‍പം നിലയും വിലയുമുണ്ടാകണമെങ്കില്‍ നാടു വിടണമെന്നുമാണ് അദ്ദേഹം ബുദ്ധിശാലികളെ ഉപദേശിക്കുന്നത്.
മാനസിക പിരിമുറുക്കങ്ങള്‍ക്ക് അയവുവരുത്തുന്ന വിനോദ സഞ്ചാരം മനുഷ്യന്റെ സര്‍ഗ പ്രതിഭ വളര്‍ത്തുന്നതിലും കാര്യമായ പങ്കുവഹിക്കുന്നുണ്ട്. പല സാഹിത്യകാരന്മാര്‍ക്കും എഴുത്തിന് പ്രചോദനമാകുന്നത് അവരുടെ യാത്രകളാണ്. എഴുതാന്‍ ആഗ്രഹമുണ്ട്, പക്ഷേ എഴുതാന്‍ ഒന്നുമില്ല എന്ന അവസ്ഥയില്‍ നിന്ന് അവര്‍ക്ക് പലപ്പോഴും മോചനം നല്‍കാറുള്ളത് വികാര സാന്ദ്രമായ യാത്രാനുഭവങ്ങളാണ്.
യാത്രക്കാര്‍ക്ക് ഇസ്ലാം നമസ്കാരത്തില്‍ ഇളവും നോമ്പില്‍ ഇടയും നല്‍കിയതോടൊപ്പം സകാത്തിന്റെ ഒരു വിഹിതവും നീക്കി വെച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങള്‍ സഞ്ചാരികള്‍ക്കും ലഭിക്കേണ്ടതല്ലേ? കാരണം, ദേശാടനത്തിലൂടെ അവര്‍ ഒട്ടനവധി ജനങ്ങളുടെ ജീവിത രീതികളും ചിന്താഗതികളും പ്രവര്‍ത്തനങ്ങളും മനസ്സിലാക്കുകയാണല്ലോ. വിശുദ്ധ ഖുര്‍ആന്‍ ഒരു ദൃഷ്ടാന്തമായി എണ്ണിയ ഭാഷാ വര്‍ണ വൈവിധ്യം കണ്ടറിയണമെങ്കിലും ദേശാന്തരഗമനം അത്യാവശ്യമാണ്. "നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തമുണ്ട്'' (30:22).
ഭൂമുഖത്ത് ജനങ്ങളെ വിറപ്പിച്ച് ഭരണം നടത്തിയ അതിക്രമികളായ അധികാരികള്‍ക്ക് വന്നുഭവിച്ച ദുരന്തഫലങ്ങള്‍ കണ്ടറിയാനും സഞ്ചാരം സഹായകമാണ്. ഈജിപ്തിലെ പിരമിഡുകളിലേക്ക് നോക്കിയാല്‍ അവിടത്തെ പ്രാചീന ഭരണമേധാവികളായ ഫറോവമാരുടെ അനിതരസാധാരണമായ അധീശത്വവും അലംഘനീയമായ ആജ്ഞാ ശക്തിയും ഗ്രഹിക്കാന്‍ കഴിയും. പുരാതന ഈജിപ്തുകാരുടെ പുനര്‍ജന്മ വിശ്വാസവും അവിടത്തെ അടിമകളുടെ അത്യന്തം ക്ളേശപൂരിതമായ അവസ്ഥയും ആ കൂറ്റന്‍ ശവകുടീരങ്ങള്‍ മൂകമായ ഭാഷയില്‍ സഞ്ചാരികളോട് വിളിച്ചു പറയുന്നുണ്ട്. പ്രകൃതിവിരുദ്ധ രതിയുടെ ഞെട്ടിക്കുന്ന ദുരന്തഫലങ്ങള്‍ കാണണമെങ്കില്‍ ചാവുകടലിനരികിലൂടെ സഞ്ചരിച്ചാല്‍ മതി. പാപികളുടെ പര്യവസാനം കാണാന്‍ വേണ്ടിയുള്ള ഇത്തരം യാത്രകള്‍ക്കും ഇസ്ലാം പ്രോത്സാഹനം നല്‍കുന്നുണ്ട്. "ഇവര്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ പരിണാമം എങ്ങനെയെന്ന് നോക്കിക്കാണാന്‍ തക്കവണ്ണം ഇവര്‍ ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലേ. അവര്‍ ഇവരെക്കാള്‍ സംഖ്യബലമുള്ളവരും മഹാശക്തന്മാരും ഭൂമിയില്‍ പിന്‍ബലമുള്ളവരുമായിരുന്നു. എന്നാല്‍ അവര്‍ നേടിയത് അവര്‍ക്ക് ഉപകരിച്ചില്ല''( 40:82).
വിജ്ഞാന ചക്രവാളം വികസിപ്പിക്കുന്നതില്‍ വിനോദ സഞ്ചാരത്തിന് കാര്യമായ പങ്കുണ്ട്. മനുഷ്യന്‍ തന്റെ ചുറ്റുപാടിന്റെ സന്തതിയായതു കൊണ്ട് സ്ഥലകാല ചുറ്റുപാടുകളില്‍ നിന്ന് ആര്‍ജിക്കുന്ന അറിവും അനുഭവവും അവന്റെ വ്യക്തിത്വ വികാസത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. വീട്ടില്‍ ഒതുങ്ങിക്കൂടി ജീവിക്കുന്നവനേക്കാളും ഭേദമായിരിക്കുമല്ലോ നാട്ടിലേക്കും നഗരത്തിലേക്കും ഇറങ്ങിച്ചെല്ലുന്നവന്‍. ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ലംഘിച്ച് സഞ്ചരിക്കുന്നവര്‍ മറ്റുള്ളവരേക്കാളും അറിവും വിശാല വീക്ഷണവും ഉള്ളവരായിരിക്കും.
നാം ജീവിക്കുന്ന ലോകത്തിന്റെ അവസ്ഥയും പുരോഗതിയും, കണ്ടുപിടുത്തങ്ങളും വെല്ലുവിളികളും മനസ്സിലാക്കണമെങ്കില്‍ ഗൃഹാതുരത്വത്തിന്റെ പുറം തോട് പൊട്ടിച്ച് പുറത്ത് കടക്കേണ്ടിവരും. ജനങ്ങളുടെ പുരോഗതി, അധോഗതി, സമ്പന്നത, ദാരിദ്യ്രം, രോഗം, ആരോഗ്യം, യുദ്ധം, സമാധാനം തുടങ്ങി ഒട്ടേറെ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍കൊള്ളാന്‍ കഴിയുമെന്നതാണ് സഞ്ചാരത്തിന്റെ ഏറ്റവും വലിയ സവിശേഷത. തൊഴിലില്ലായ്മയുടെ ശാപത്തില്‍ നിന്ന് കരകയറാന്‍ പല രാജ്യങ്ങളെയും സഹായിക്കുന്നത് വിനോദ സഞ്ചാര വികസനമാണ്.
മാതൃകാ യോഗ്യരായ സഞ്ചാരികള്‍ ഇസ്ലാമിക പ്രബോധന രംഗത്ത് നിസ്തുലമായ പങ്ക് നിര്‍വഹിച്ചുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങളെ അധാര്‍മികതയിലേക്ക് തള്ളിവിടുന്ന സെക്സ് ടൂറിസവും, അവരെ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും അടിമകളാക്കുന്ന സിയാറത്ത് യാത്രകളും അരങ്ങുതകര്‍ക്കുന്ന ഇക്കാലത്ത് ഇസ്ലാമിക മാര്‍ഗ നിര്‍ദേശങ്ങള്‍ മുറുകെ പിടിക്കുന്ന ഫലപ്രദമായ ഒരു ടൂറിസ്റ് പാക്കേജ് അനിവാര്യമാണ്.
[email protected]