Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>ശാസ്ത്രം



ഡാര്‍വിനിസത്തിന്റെ ശാസ്ത്രവിരുദ്ധതയും നിരീശ്വരവാദത്തിന്റെ അന്ത്യവും
പ്രഫ. പി.എ വാഹിദ്
ഏതാണ്ട് നാലു നൂറ്റാണ്ടു മുമ്പ് ആധുനികശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തോടെയാണ് മതത്തോടുള്ള നീരസം സമൂഹത്തില്‍ അനുഭവപ്പെടാന്‍ തുടങ്ങുന്നത്. ശാസ്ത്രസംഭാവനയായ ടെക്‌നോളജി ജീവിതത്തിന്റെ അവശ്യ ഘടകമായി മാറിയപ്പോള്‍ ശാസ്ത്രത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത കൂടുകയായിരുന്നു. ഇത് മുതലെടുത്ത് ചില സിദ്ധാന്തങ്ങളുടെ ബലത്തില്‍ മതം അന്ധമായ വിശ്വാസമാണെന്നും യുക്തിക്ക് നിരക്കാത്ത ആശയമാണെന്നും നിരീശ്വരവാദികള്‍ പ്രചരിപ്പിക്കുകയായിരുന്നു. സമൂഹത്തിലെ എല്ലാ അന്ധവിശ്വാസങ്ങളെയും മതത്തിന്റെ കണക്കില്‍ കുറിക്കാനും, ശാസ്ത്രവും മതവും പരസ്പരവിരുദ്ധമായ ആശയങ്ങളാണെന്നു സ്ഥാപിക്കാനുമാണ് നിരീശ്വരലോബി ലക്ഷ്യമിടുന്നത്. ശാസ്ത്രത്തോടുള്ള മതപണ്ഡിതന്മാരുടെ നിഷേധാത്മക സമീപനം ഈ തെറ്റായ ധാരണ ജനമനസ്സുകളില്‍ സ്ഥലം പിടിക്കാന്‍ പരോക്ഷമായെങ്കിലും സഹായകമാകുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ ദൈവവിശ്വാസത്തെ ഉന്മൂലനം ചെയ്യാനുതകുന്ന ഏറ്റവും ഫലവത്തായ രീതി നിരീശ്വരവാദത്തിലധിഷ്ഠിതമായ അശാസ്ത്രീയ സിദ്ധാന്തങ്ങള്‍ക്ക് ശാസ്ത്രമെന്ന വ്യാജേന ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാക്കുക എന്നതാണ്. നാസ്തികലോബിയുടെ ഈ പദ്ധതിയും അതിലടങ്ങിയിരിക്കുന്ന ഒളിയജണ്ടയും ഈശ്വരവിശ്വാസികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഈശ്വര വിശ്വാസമുള്ള ധാരാളം ശാസ്ത്രജ്ഞര്‍ ശാസ്ത്ര സമൂഹത്തിലുണ്ടെങ്കിലും നാസ്തിക ശാസ്ത്രജ്ഞരുടെ കൈകളിലാണ് ശാസ്ത്രത്തിന്റെ നിയന്ത്രണം. അവരുടെ ശക്തമായ സ്വാധീനവും, ശാസ്ത്ര മാധ്യമങ്ങളിലുള്ള ആധിപത്യവും, സാമ്പത്തികശേഷിയും ഈ പദ്ധതി നടപ്പാക്കുന്നതില്‍ ഏറെ സഹായിക്കുന്നു. ശാസ്ത്ര അക്കാദമികള്‍ ഏതെങ്കിലും ഒരു പ്രത്യേക മതത്തോടു വിദ്വേഷം പുലര്‍ത്തുകയല്ല ചെയ്യുന്നത്, മറിച്ച് മതത്തിന്റെ കാതലായ ഈശ്വരവിശ്വാസത്തിനെതിരെയാണ് പൊരുതുന്നത്. ബ്രിട്ടന്റെ റോയല്‍ സൊസൈറ്റി, സൃഷ്ടിപ്പ് വാദത്തെ (creationism) ശാസ്ത്രീയാടിത്തറയില്ലാത്ത ആശയമായാണ് കാണുന്നത്. അക്കാരണം കൊണ്ടുതന്നെ അത് ശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമാകരുതെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു. അമേരിക്കയിലെ നാഷനല്‍ അക്കാദമി ഓഫ് സയന്‍സ് 1981ല്‍ പുറപ്പെടുവിപ്പിച്ച പ്രമേയം മതത്തെയും ശാസ്ത്രത്തെയും വിലയിരുത്തിയത് ഇങ്ങനെയാണ്: ''മതവും ശാസ്ത്രവും മനുഷ്യചിന്തയുടെ വ്യത്യസ്തങ്ങളായ മേഖലകളാണ്. ഒരേ സന്ദര്‍ഭത്തിലുള്ള അവയുടെ അവതരണം ശാസ്ത്രസിദ്ധാന്തങ്ങളെയും മതവിശ്വാസത്തെയും തെറ്റിദ്ധരിപ്പിക്കുകയേയുള്ളു.'' കൂടാതെ അറുപത്തേഴു രാഷ്ട്രങ്ങളിലെ ശാസ്ത്ര അക്കാദമികള്‍, ഇന്റര്‍ അക്കാദമി പാനല്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ഇഷ്യൂസ് എന്ന സംയുക്ത ബാനറില്‍ പുറപ്പെടുവിച്ച പ്രസ്താവനയും മറ്റൊന്നായിരുന്നില്ല - ''വേദഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ജീവശാസ്ത്രപഠനം ഇളം മനസ്സുകളെ വികൃതമാക്കാനേ സഹായിക്കുകയുള്ളു.''
ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന്റെ വരവോടെ കഴിഞ്ഞ നൂറ്റിയമ്പത് വര്‍ഷങ്ങളായി ശാസ്ത്രസമൂഹം ദൈവവിശ്വാസത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ട്. ഇന്നും പൂര്‍വാധികം ശക്തിയോടെ സമരം തുടരുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിലുള്ള നിരാശയിലാണ് നാസ്തികലോബി. അമേരിക്കന്‍ അസോസിയേഷന്‍ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സും പ്യൂ റിസര്‍ച്ച് സെന്ററും ഒരുമിച്ചു കഴിഞ്ഞ വര്‍ഷം (2009ല്‍) നടത്തിയ ശാസ്ത്ര സര്‍വെ സൂചിപ്പിക്കുന്നത് മിക്ക (83%) അമേരിക്കക്കാരും ഈശ്വരവിശ്വാസമുള്ളവരാണെന്നും, അവരില്‍ 82 ശതമാനം പേരും ഏതെങ്കിലുമൊരു മതത്തില്‍ വിശ്വസിക്കുന്നവരാണെന്നുമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ശാസ്ത്രസമൂഹത്തിലെ മൂന്നില്‍ രണ്ടുഭാഗവും നിരീശ്വരവാദികളാണെന്നാണ് സര്‍വെ കണക്കുകള്‍ വെളിപ്പെടുത്തിയത്.
ഭൗതികശാസ്ത്രങ്ങളിലെ അശാസ്ത്രീയ
സിദ്ധാന്തങ്ങള്‍

ഒരു മുന്‍വിധിയുമില്ലാതെ, ഏതെങ്കിലും ആശയത്തോടോ വിശ്വാസത്തോടോ ചായ്‌വില്ലാതെ നിഷ്പക്ഷമായി വികസിപ്പിച്ചെടുക്കുന്ന ശാസ്ത്രത്തിനു മാത്രമേ വിശുദ്ധിയും വിശ്വാസ്യതയും അവകാശപ്പെടാന്‍ അര്‍ഹതയുള്ളൂ. അങ്ങനെയല്ലാത്ത 'ശാസ്ത്ര' വീക്ഷണങ്ങളെ തെറ്റിദ്ധാരണാജനകമായ ആശയമായിട്ടേ കാണാന്‍ പറ്റുകയുള്ളു. ശാസ്ത്രസമുദായത്തിലെ നിരീശ്വര ലോബിയുടെ അശാസ്ത്രീയവും അധാര്‍മികവും മനഃപൂര്‍വവുമായ ഇടപെടലുകളാണ് ശാസ്ത്രത്തെ ദൈവികപാതയില്‍ നിന്ന് തെറ്റായ ദിശയിലേക്ക് നയിക്കുന്നതെന്ന് ആധുനിക ശാസ്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാലറിയാം.
ഭൗതിക പ്രപഞ്ചത്തിന്റെയും സമയത്തിന്റെയും ഉത്ഭവം വിശദീകരിച്ചുകൊണ്ട് മഹാവിസ്‌ഫോടനസിദ്ധാന്തം (big bang theory) 1920 കളുടെ മധ്യത്തില്‍ അവതരിപ്പിക്കപ്പെട്ടതോടെയാണ് നിരീശ്വരലോബിയുടെ ഒളിയജണ്ട അക്ഷരാര്‍ഥത്തില്‍ പ്രകടമായത്. ഭൗതികശാസ്ത്രത്തിലെ ഈ സിദ്ധാന്തം പ്രപഞ്ചത്തിനു സ്രഷ്ടാവുണ്ടെന്ന സത്യം ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്താനുതകുന്നതായിരുന്നു. ക്രിസ്ത്യന്‍ കാത്തലിക്ക് ചര്‍ച്ച് 1951ല്‍ മഹാവിസ്‌ഫോടന സിദ്ധാന്തത്തെ ഔദ്യോഗികമായി അംഗീകരിക്കുകയുണ്ടായി. ഈശ്വര വിശ്വാസത്തിനു ശാസ്ത്രമുദ്ര ലഭിക്കുമെന്നുറപ്പായപ്പോള്‍ നാസ്തികലോബി ആ സിദ്ധാന്തത്തിനു പകരമായി മറ്റൊന്നു കൊണ്ടുവരാന്‍ നെട്ടോട്ടമോടുകയായിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹാക്കിന്‍സ് A Brief History of Time എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഈ വസ്തുത എടുത്തു പറയുന്നുണ്ട്: ''കാലത്തിനു (സമയത്തിനു) ഒരു ആരംഭമുണ്ടായിരുന്നെന്ന് സമ്മതിക്കാന്‍ പലരും ഇഷ്ടപ്പെടുന്നില്ലെന്നുള്ളതാണ് സത്യം. അതു സമ്മതിച്ചാല്‍ ദൈവത്തിന്റെ ഇടപെടല്‍ സ്ഥിരീകരിക്കപ്പെടുമോ എന്ന ഭയമായിരിക്കാം അതിന്റെ പിന്നിലെ ചേതോവികാരം.... അക്കാരണത്താല്‍ ആത്യന്തികമായി മഹാവിസ്‌ഫോടനത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകളെ തടയാനുള്ള ശ്രമം പലഭാഗത്തുനിന്നുമുണ്ടായി. ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് സുസ്ഥിര പ്രപഞ്ചസിദ്ധാന്ത(steady state theory)ത്തിനായിരുന്നു.... റഷ്യന്‍ ശാസ്ത്രജ്ഞരായ ഇവാന്‍ജെനി ലിഫ്ഷിറ്റ്‌സും ഐസക് കലത്‌നിക്കോവും 1963ല്‍ മഹാവിസ്‌ഫോടനം ഒഴിവാക്കിക്കൊണ്ടുള്ള സിദ്ധാന്തത്തിനായി മറ്റൊരു ശ്രമവും കൂടി നടത്തിയിരുന്നു.'' ഈ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത് ഈശ്വരവിശ്വാസത്തെ ഉന്മൂലനം ചെയ്യാനുള്ള ശാസ്ത്രസമുദായത്തിലെ നിരീശ്വരലോബിയുടെ കരുതിക്കൂട്ടിയുള്ള പദ്ധതിയെയാണ്. ശാസ്ത്രത്തിന്റെ മറവില്‍ അശാസ്ത്രം ജനിക്കുകയാണിവിടെ. ശാസ്ത്രം പുരോഗമിക്കുകയല്ല, മറിച്ച് നാസ്തിക ലോബിയുടെ ഹിതത്തിനൊത്ത് ശാസ്ത്രം രൂപപ്പെടുകയാണ്. അതിനു സഹായകമായ അന്തരീക്ഷവുമാണ് ലോകത്തുള്ളതും.
ശാസ്ത്രവിജ്ഞാനത്തെ രണ്ടായി തിരിക്കാവുന്നതാണ് - സാങ്കേതികവിദ്യയെ ലക്ഷ്യമാക്കുന്നതും അല്ലാത്തതും. ഏതെങ്കിലും സാങ്കേതികവിദ്യയില്‍ ചെന്നെത്തിക്കുന്ന ശാസ്ത്രമാണെങ്കില്‍ അതിനെ ആ ടെക്‌നോളജി തന്നെ നേരായ ദിശയിലൂടെ നയിക്കും; അല്ലെങ്കില്‍ ആ ടെക്‌നോളജി ഉടലെടുക്കില്ല. ആ ശാസ്ത്രം സത്യമായി വികസിക്കുകയും ചെയ്യും. ഏതെങ്കിലും സാങ്കേതികവിദ്യ ലക്ഷ്യമിടാത്ത പൊതുവിജ്ഞാനമാണെങ്കില്‍ ആ ശാസ്ത്രത്തെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയോടും അറിവോടും കൂടി ഇഷ്ടാനുസരണം രൂപപ്പെടുത്താന്‍ സാധിക്കും. പ്രപഞ്ചത്തെയും ജീവനെയും സംബന്ധിച്ച പല സിദ്ധാന്തങ്ങളും ഈ ഗണത്തില്‍ പെടുന്നവയാണ്. ശാസ്ത്രത്തിലും ശാസ്ത്രജ്ഞരിലും വിശ്വാസമര്‍പ്പിക്കുന്ന സാധാരണ ജനങ്ങളുടെ ചിന്തകളെ സ്വാധീനിക്കാന്‍ അത്തരം അശാസ്ത്രീയ സിദ്ധാന്തങ്ങള്‍ പര്യാപ്തമാണ്. പക്ഷേ, വ്യാജശാസ്ത്രം ഇന്നല്ലെങ്കില്‍ നാളെ ശാസ്ത്രമേഖലയില്‍ നിന്നും പുറംതള്ളപ്പെടുമെന്നാണ് ചരിത്രം ചൂണ്ടുന്നത്.
ഉദാഹരണമായി മഹാവിസ്‌ഫോടന സിദ്ധാന്തത്തിനെതിരെ ദുരുദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെട്ട സുസ്ഥിരപ്രപഞ്ചസിദ്ധാന്തത്തെ തന്നെ എടുക്കാം. റഷ്യന്‍ ഗണിതശാസ്ത്രജ്ഞനായ അലക്‌സാണ്ടര്‍ ഫ്രീഡ്മാന്‍ 1922ല്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ 1915ല്‍ രൂപം കൊടുത്ത പൊതു ആപേക്ഷിക സിദ്ധാന്തം (General Theory of Relativity) ഉപയോഗിച്ചു പ്രപഞ്ചോല്‍പ്പത്തി വിശദീകരിക്കുന്ന താത്ത്വിക മാതൃകകള്‍ അവതരിപ്പിക്കുകയുണ്ടായി. പൊതു ആപേക്ഷിക സിദ്ധാന്തം അസ്ഥിര (non-static) പ്രപഞ്ചത്തെയാണ് സൂചിപ്പിച്ചതെങ്കിലും അക്കാലത്ത് നിലനിന്നിരുന്ന സുസ്ഥിര (static) പ്രപഞ്ചമെന്ന ആശയത്തിന്റെ സ്വാധീനത്താല്‍ ഐന്‍സ്റ്റീന്‍ തന്റെ സിദ്ധാന്തത്തെ ആ ആശയത്തിനനുകൂലമായി ഭേദഗതി വരുത്തുകയുണ്ടായി. 'ഗുരുത്വാകര്‍ഷണവിരുദ്ധബലം' എന്ന ഘടകം അതില്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു ആ ഭേദഗതി. ഈ ഭേദഗതിയില്‍ അദ്ദേഹം പിന്നീട് ഖേദിക്കുകയും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായി അതിനെ വിശേഷിപ്പിക്കുകയും ചെയ്തു. അതേസമയം ഫ്രീഡ്മാന്‍ ആപേക്ഷിക സിദ്ധാന്തത്തിന്റെ അസ്ഥിര പ്രപഞ്ച വിവക്ഷയെ തെളിയിക്കുകയായിരുന്നു, ഫ്രീഡ്മാന്റെ ഗണിതമാതൃകകള്‍ എല്ലാ താരസമൂഹങ്ങളും (galaxies) പരസ്പരം അകലുകയാണെന്നു പ്രവചിച്ചു. അതായത് പ്രപഞ്ചം അതിന്റെ ഉത്ഭവം തൊട്ട് വികസിച്ചുകൊണ്ടേയിരിക്കുന്നുവെന്നര്‍ഥം. പതിനായിരം മുതല്‍ ഇരുപതിനായിരം മില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കാലബിന്ദുവില്‍ താരസമൂഹങ്ങളെല്ലാം അനന്ത സാന്ദ്രതയോടെ ഏതാണ്ട് പൂജ്യം വലുപ്പത്തില്‍ ഒന്നിച്ചായിരുന്നുവെന്നും ഈ ഗണിതമാതൃകകള്‍ സൂചിപ്പിച്ചു. പ്രപഞ്ച ചരിത്രത്തിലെ ഈ കാലബിന്ദുവിനു കേംബ്രിഡ്ജ് ശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയല്‍ 'മഹാവിസ്‌ഫോടനം' (big bang) എന്ന സുന്ദരവിശേഷണം നല്‍കി. ഈശ്വരനുണ്ടെന്നുള്ളതിനു തെളിവ് നല്‍കുന്ന ഈ സിദ്ധാന്തത്തെ എതിര്‍ത്തുകൊണ്ട് 1949ലാണ് ഫ്രെഡ് ഹോയലുമായിച്ചേര്‍ന്ന് ആസ്ട്രിയന്‍ ശാസ്ത്രജ്ഞരായ ഹെര്‍മാന്‍ ബോണ്ടിയും തോമസ് ഗോള്‍ഡും 'സുസ്ഥിര പ്രപഞ്ച സിദ്ധാന്തം' അവതരിപ്പിച്ചത്. ഈ സിദ്ധാന്ത പ്രകാരം, പ്രപഞ്ചം ആരംഭമില്ലാത്ത, അവസാനമില്ലാത്ത, മാറ്റമില്ലാതെ എന്നെന്നും നിലനില്ക്കുന്ന ഒരു വ്യവസ്ഥയാണ്. ഏതാണ്ട് രണ്ടു പതിറ്റാണ്ടുകാലം ഈ സിദ്ധാന്തത്തിനു ലോകശ്രദ്ധ പിടിച്ചു നിര്‍ത്താന്‍ സാധിച്ചെങ്കിലും തുടര്‍ച്ചയായ ദ്രവ്യോല്‍പാദനം നടക്കുന്നുണ്ടെന്ന അതിന്റെ പ്രവചനം സ്ഥാപിത ശാസ്ത്ര തത്ത്വങ്ങള്‍ക്കെതിരായതിനാല്‍, മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ പ്രവചനങ്ങള്‍ക്കു തെളിവുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ സുസ്ഥിര പ്രപഞ്ച സിദ്ധാന്തത്തിനു നിലനില്‍പില്ലാതാവുകയായിരുന്നു.
പ്രധാനപ്പെട്ട മൂന്നു തെളിവുകളാണ് മഹാവിസ്‌ഫോടന സിദ്ധാന്തത്തിനു അംഗീകാരം നേടിക്കൊടുത്തത്. അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബ്ബിളിന്റെ 1924ലെ കണ്ടുപിടുത്തമാണ് ഇവയില്‍ ആദ്യത്തേത്. പ്രപഞ്ചത്തില്‍ നമ്മുടെ ഗാലക്‌സി മാത്രമല്ല ഉള്ളതെന്നും അതിവിദൂരതയില്‍ സ്ഥിതിചെയ്യുന്ന കോടിക്കണക്കിന് നക്ഷത്രസമൂഹങ്ങള്‍ ഉണ്ടെന്നുമുള്ള അദ്ദേഹത്തിന്റെ കണ്ടെത്തല്‍ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കയാണെന്ന സൂചന നല്‍കുന്നതായിരുന്നു. നക്ഷത്രങ്ങളില്‍ നിന്നുള്ള വികിരണത്തെ വര്‍ണ്ണരാജി വിശകലനത്തിനു (spectral analysis) വിധേയമാക്കിയപ്പോള്‍ മിക്ക താരസമൂഹങ്ങളില്‍ നിന്നുമുള്ള രശ്മികള്‍ ചുവന്ന തരംഗത്തില്‍ (red shift) ഉള്‍പ്പെട്ടവയായിട്ടാണ് കണ്ടത്. ഈ വസ്തുത വികസിക്കുന്ന പ്രപഞ്ചത്തെ സ്ഥിരീകരിക്കാനുതകുന്നതായിരുന്നു.
മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ മറ്റൊരു പ്രവചനം, പ്രപഞ്ചവികാസം കാലാനുസൃതമായി താപനില കുറയാന്‍ കാരണമാകുമെന്നും പ്രപഞ്ചോല്‍പ്പത്തി സമയത്തെ അനന്ത താപനിലയില്‍ നിന്നും വളരെയധികം തണുത്തു ഏതാണ്ട് 5 ഡിഗ്രി കെല്‍വിന്‍ (5K) വരെ ഇപ്പോള്‍ എത്തിയിട്ടുണ്ടായിരിക്കുമെന്നുമാണ്. ഈ പ്രവചനത്തെ ശരിവെക്കുന്നതായിരുന്നു 1964ല്‍ അമേരിക്കയിലെ ബെല്‍ ലബോറട്ടറിയിലെ ഗവേഷകരായിരുന്ന ആര്‍ണോ പെന്‍സിയാസും റോബര്‍ട്ട് വില്‍സനും യാദൃശ്ചികമായി കണ്ടുപിടിച്ച പ്രപഞ്ചത്തിലെ മൈക്രോവേവ് പശ്ചാത്തല വികിരണം (Cosmic Background Radiation). ഇതിന്റെ താപനില 3K ആണ്.
മൂന്നാമത്തെ പ്രധാന തെളിവ് പ്രപഞ്ചത്തില്‍ ലഘുമൂലകങ്ങളുടെ ആധിക്യമാണ്. ഡ്യൂട്ടെരിയം, ട്രിഷിയം, ഹീലിയം, ലിഥിയം എന്നീ മൂലകങ്ങളുടെ അളവ് പ്രവചനങ്ങള്‍ക്കനുസൃതമായാണ് പ്രപഞ്ചത്തിലുള്ളത്. അങ്ങനെ ഈശ്വരന്‍ സത്യമാണെന്ന വിശ്വാസത്തെ തകര്‍ക്കാനായി രൂപം കൊണ്ട അശാസ്ത്രീയ സിദ്ധാന്തമായ സുസ്ഥിര പ്രപഞ്ച സിദ്ധാന്തം ഒരു തെളിവും ലഭിക്കാതെ തള്ളപ്പെട്ടപ്പോള്‍ പ്രബലമായ തെളിവുകള്‍ സഹിതം ഈശ്വരന്‍ സത്യമാണെന്നു പ്രഖ്യാപിക്കുന്ന മഹാവിസ്‌ഫോടന സിദ്ധാന്തം ശാസ്ത്രത്തില്‍ സ്ഥിരപ്പെടുകയായിരുന്നു.
ജീവശാസ്ത്രത്തിലെ
വ്യാജ സിദ്ധാന്തങ്ങള്‍

സുസ്ഥിര പ്രപഞ്ച സിദ്ധാന്തത്തിന്റെ പരാജയവും മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ വിജയവും നാസ്തിക ലോബിയെ സംബന്ധിേച്ചടത്തോളം അപ്രതീക്ഷിത പ്രഹരമായിരുന്നു. താങ്ങാവുന്നതിനപ്പുറമായിരുന്ന ആ ആഘാതത്തില്‍ നിന്ന് നേരിയ തോതിലെങ്കിലും ആശ്വാസം ലഭിക്കുവാനായി നിരീശ്വരവാദികള്‍ ഏതാണ്ട് പൂര്‍ണമായും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. അങ്ങനെ നിരീശ്വരവാദം നിലനിര്‍ത്താന്‍ അവസാനത്തെ വൈക്കോല്‍ തുമ്പായി നാസ്തിക ലോബി ജഡിക പ്രപഞ്ചശാസ്ത്രത്തില്‍ നിന്നും ജീവശാസ്ത്രത്തിലേക്ക് ചുവടുമാറിയ കാഴ്ചയാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. ഇന്ന് ജീവശാസ്ത്രം പല വ്യാജസിദ്ധാന്തങ്ങളുടെയും വിളനിലമായിരിക്കയാണ്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം കൂടാതെ ജീവോല്‍പ്പത്തി സിദ്ധാന്തങ്ങളും ജീന്‍-ജീനോം സിദ്ധാന്തങ്ങളുമെല്ലാം എങ്ങുമെത്താതെ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
ജീവന്റെ ശാസ്ത്രമായ ജീവശാസ്ത്രത്തില്‍ 'ജീവനെ' നിര്‍വചിക്കാന്‍ ഇന്നുവരെ സാധിച്ചിട്ടില്ല. ജീവനെന്താണെന്നറിയാതെയാണ് ജീവോല്‍പ്പത്തി സംബന്ധിച്ച ധാരാളം സിദ്ധാന്തങ്ങള്‍ ജീവശാസ്ത്രത്തില്‍ പ്രമുഖ സ്ഥാനം കൈയടക്കിയിരിക്കുന്നത്. തന്മാത്ര ജീനില്‍ (molecular gene) നിന്ന് ഉടലെടുത്ത ജിനോം (genome) സിദ്ധാന്തം ആധുനിക ജീവശാസ്ത്രത്തിന്റെ അടിത്തറയാണെന്നു പറയാമെങ്കിലും ജീന്‍ എന്താണെന്നു നിര്‍വചിക്കാന്‍ ഇതുവരെ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. വിവിധയിനം ജീവികള്‍ അഥവാ സ്പീഷിസുകള്‍ എങ്ങനെയാണ് ഈ ഭൂമുഖത്ത് ഉണ്ടായതെന്നു വിശദീകരിക്കുന്ന സിദ്ധാന്തമായിട്ടാണ് പരിണാമ സിദ്ധാന്തത്തെ കാണുന്നതെങ്കിലും അതിന്റെ കര്‍ത്താവായ ഡാര്‍വിന്നോ, അതിനെ പിന്താങ്ങുന്ന ശാസ്ത്രജ്ഞന്മാര്‍ക്കോ 'സ്പീഷിസ്' എന്താണെന്ന് നിര്‍വചിക്കാന്‍ സാധിച്ചിട്ടില്ല. ജീവശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ സ്പീഷിസിനെ സംബന്ധിച്ചു വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. ഇരുപതില്‍പരം നിര്‍വചനങ്ങള്‍ സ്പീഷിസിനുണ്ട്. ഇത് വ്യക്തമാക്കുന്നത് ജീവികളുടെ വംശപരമ്പര കാണിക്കുന്ന പരിണാമ വൃക്ഷം (evolutionary tree) വസ്തുനിഷ്ഠമല്ലെന്നും സ്പീഷിസിനെ എങ്ങനെ നിര്‍വചിക്കുന്നുവോ അതനുസരിച്ച് മാറുമെന്നുമാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ജനിതകാടിസ്ഥാനത്തിലാണ് സ്പീഷിസിനെ നിര്‍വചിച്ചതെങ്കില്‍ മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചാണുണ്ടായതെന്നായിരിക്കും ശാസ്ത്രജ്ഞന്മാര്‍ പറയുക. രൂപ (morphological) സ്പീഷിസ് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീഷിസിനെ നിര്‍വചിച്ചതെങ്കില്‍ മറ്റൊരു വംശപരമ്പരയായിരിക്കും മനുഷ്യനു ലഭിക്കുക. പരിണാമവാദത്തിന്റെ അശാസ്ത്രീയ വശങ്ങളില്‍പെട്ട ഒരു പ്രശ്‌നമാണിത്. ഈ സാഹചര്യത്തില്‍ ജീവശാസ്ത്രത്തിനു ജീവനെ സംബന്ധിച്ചോ, ജീവികളുടെ ഉല്പത്തിയെ സംബന്ധിച്ചോ, അര്‍ഥവത്തായ വിജ്ഞാനം സംഭാവനചെയ്യാന്‍ സാധ്യമല്ല.
ജീനോമാണ് (DNA) ജീവികളുടെ ജനിതക പ്രോഗ്രാമെന്നതാണല്ലോ ജീവശാസ്ത്രത്തിന്റെ പ്രഖ്യാപിത തത്ത്വം. ഒരു ജീവിയുടെ ശരീരത്തിലുള്ള എല്ലാ കോശങ്ങളിലും ഒരേ ജീനോമാണ് സ്ഥിതിചെയ്യുന്നതെന്നാണ് വിശ്വസിച്ചു പോന്നിരുന്നത്. ഈ ധാരണ ശരിയാണോയെന്ന് ഉറപ്പ് വരുത്താതെ (അതിനുള്ള എല്ലാ സാങ്കേതിക വിദ്യകളുണ്ടായിട്ടും)യാണ് ക്ലോണിംഗ് വഴി (ഒരു ജീവിയുടെ ശരീരകോശമുപയോഗിച്ച് ആ ജീവിയെതന്നെ സൃഷ്ടിക്കല്‍) ഒരു ജീവിയുടെ അതേ പതിപ്പ് (ഉദാ: ഡോളിയെന്ന ചെമ്മരിയാട്) ഉണ്ടാക്കിയെന്ന അത്ഭുതവാര്‍ത്ത ശാസ്ത്രലോകം പുറത്ത് വിട്ടത്. പക്ഷേ, കഴിഞ്ഞ വര്‍ഷം (2009ല്‍) ഹ്യൂമന്‍ മ്യൂട്ടേഷന്‍ എന്ന ശാസ്ത്രജേര്‍ണലില്‍ ശരീരത്തിലെ വിവിധ കോശങ്ങളില്‍ ഒരേ ജീനോമല്ല സ്ഥിതിചെയ്യുന്നതെന്നും വ്യത്യസ്തമായ ജീനോമുകളാണെന്നും പഠനങ്ങള്‍ തെളിയിച്ച വിവരം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഈ വസ്തുത സൂചിപ്പിക്കുന്നത് ക്ലോണിംഗ് എന്ന ആശയം തന്നെ തെറ്റാണെന്നും ക്ലോണിംഗ് സാധ്യമല്ലെന്നുമാണ്. അതായത് ഡോളിയെ അതിന്റെ ദാതാവിന്റെ പതിപ്പായി കാണുന്നത് ശരിയല്ല എന്നാണ്. പ്രകൃതിയില്‍ ക്ലോണിംഗിനോട് ഏറ്റവും അടുത്ത പ്രതിഭാസമാണ് ഒരു സിക്താണ്ഡത്തില്‍ നിന്നു വേര്‍തിരിഞ്ഞ രണ്ടുകോശങ്ങളില്‍ നിന്നുണ്ടാകുന്ന ഇരട്ടക്കുട്ടികള്‍ (monozygotic twins). ഈ രണ്ടു കുട്ടികളെ 'ഒരേപോലുള്ള ഇരട്ടക്കുട്ടികള്‍' (identical twins) എന്നു വിളിക്കുന്നുണ്ടെങ്കിലും വ്യത്യസ്ത സ്വഭാവഗുണങ്ങളുള്ള കുട്ടികളാണവരെന്നു പഠനങ്ങള്‍ നേരത്തെ തെളിയിച്ചതാണ്. ഈ പഠന ഫലങ്ങളെ അവഗണിച്ചാണ് ക്ലോണിംഗ് എന്ന തെറ്റായ ആശയം ജീവശാസ്ത്രജ്ഞര്‍ അവതരിപ്പിച്ചത്.
ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം
ആധുനിക ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ ഒരു സിദ്ധാന്തം അതിന്റെ അവതരണം മുതല്‍ വിവാദമായി തുടരുന്നത് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം മാത്രമാണ്. കഴിഞ്ഞ 150 വര്‍ഷക്കാലമായി നിരീശ്വരവാദികള്‍ ഈ സിദ്ധാന്തം ശാസ്ത്ര സിദ്ധാന്തമാണെന്ന് ഉരുവിട്ടുകൊണ്ടേയിരിക്കുന്നു. ഡാര്‍വിന്റെ സിദ്ധാന്തപ്രകാരം ഭൂമുഖത്തെ എല്ലാ ജീവികളും ഏതാനും കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് യാദൃശ്ചികമായുണ്ടായ ഒരു ജീവിയില്‍ നിന്നു കാലക്രമേണ പരിണമിച്ചമുണ്ടായതാണെന്നാണ്. പ്രകൃതിയില്‍ എല്ലാ ജീവികളും സ്വന്തം നിലനില്പിനുള്ള കടുത്ത മാത്സര്യത്തിലാണ്. ഒരു ജീവിയില്‍ അതിന് ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുന്ന ഒരു പൈതൃകവ്യതിയാനം ഉണ്ടാകുമ്പോള്‍ അത് മാത്സര്യത്തെ അതിജീവിക്കാന്‍ ജീവിയെ സഹായിക്കുകയും അടുത്ത തലമുറക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു. അങ്ങനെ സംഭവിക്കുന്ന ചെറുമാറ്റങ്ങള്‍ ജീവിയില്‍ ഒന്നിച്ചുകൂടി നീണ്ടകാലത്തിനുള്ളില്‍ പുതിയ ഘടനകളുണ്ടാകുന്നതോടെ പൂര്‍വാധികം മത്സരശേഷിയുള്ള പുതിയ ജീവിയായി രൂപാന്തരപ്പെടുന്നു. ഇങ്ങനെയാണ് ലക്ഷക്കണക്കിനു ജീവികള്‍ യാദൃഛികമായി ഭൂമിയിലുണ്ടായതെന്നാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം വാദിക്കുന്നത്.
പരിണാമസിദ്ധാന്തത്തെ നിഷ്പക്ഷമായി വിലയിരുത്തുകയാണെങ്കില്‍ അതിനെ ശാസ്ത്രമായി അംഗീകരിക്കാന്‍ സാധ്യമല്ല. നേരത്തെ വിവരിച്ച മഹാവിസ്‌ഫോടന സിദ്ധാന്തം പോലെ പരിണാമ സിദ്ധാന്തവും പല പ്രവചനങ്ങള്‍ നല്‍കുന്നുണ്ട്. പരിണാമ സിദ്ധാന്തത്തിന്റെ ശാസ്ത്രീയതയെ വിലയിരുത്താന്‍ ഒന്നു രണ്ടു പ്രവചനങ്ങള്‍ ഉദാഹരണങ്ങളായി എടുക്കാം. അതിപ്രാചീനകാലത്തെ അവശിഷ്ടങ്ങള്‍ (fossils) പരിണാമസിദ്ധാന്തത്തിനു തെളിവാണെന്നുള്ള ഡാര്‍വിന്റെ പ്രസ്താവന തന്നെ പരിശോധിക്കാം. അദ്ദേഹത്തിന്റെ 'ഒറിജിന്‍ ഓഫ് സ്പീഷിസ്' എന്ന വിശിഷ്ട കൃതിയില്‍ ഇങ്ങനെ പറയുന്നു: ''സ്പീഷിസുകള്‍ തമ്മിലും വംശനാശം സംഭവിച്ച ജീവികള്‍ തമ്മിലും പരിണാമത്തിനിടയില്‍, നിര്‍ണയിക്കാന്‍ പോലും സാധ്യമല്ലാത്തത്ര ധാരാളം ഇടനില ഇനങ്ങള്‍ (intermediate forms) ഉണ്ടായിരിക്കും. ഈ സിദ്ധാന്തം (അതായത് പരിണാമസിദ്ധാന്തം) ശരിയാണെങ്കില്‍ അത്തരം ജീവരൂപങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടുണ്ട്.'' ''പ്രകൃതി തിരഞ്ഞെടുപ്പിന്റെ (natural selection) ഫലമായി മാതൃജീവികളും ഇടയിലുള്ള ഇനങ്ങളും ഉന്മൂലനം ചെയ്യപ്പെട്ടതിനാല്‍ അവ പണ്ട് ജീവിച്ചിരുന്നുവെന്നതിനുള്ള തെളിവ് പുരാതന അവശിഷ്ടങ്ങളിലാണ് കണ്ടെത്തുക.'' പക്ഷേ, ഫോസ്സിലുകള്‍, ഇടയിലുള്ള ഇനങ്ങളെ കുറിച്ച് തെളിവൊന്നും നല്‍കാത്തതിനാല്‍ ഡാര്‍വിന്‍ ഇങ്ങനെ പ്രതികരിച്ചു: ''ഇതായിരിക്കാം എന്റെ സിദ്ധാന്തത്തിനോടുള്ള ഏറ്റവും ഗുരുതരമായ എതിര്‍പ്പ്. ഇതിന്റെ വിശദീകരണം, ഞാന്‍ വിശ്വസിക്കുന്നത്, ഫോസ്സില്‍ രേഖ അങ്ങേയറ്റം അപൂര്‍ണമാണെന്നാണ്.'' പരിണാമസിദ്ധാന്തത്തിനു രൂപം കൊടുക്കുമ്പോള്‍ തന്നെ ഡാര്‍വിനു അറിയാവുന്നതാണ് ഫോസ്സില്‍ രേഖ അദ്ദേഹത്തിന്റെ സിദ്ധാന്തത്തിനു തെളിവ് നല്‍കില്ലെന്ന്. ഈ വസ്തുത നല്ലപോലെ അറിയാമായിരുന്നിട്ടും ഫോസ്സിലിലാണ് പരിണാമസിദ്ധാന്തത്തിനനുകൂലമായ ഏറ്റവും വലിയ തെളിവ് കണ്ടെത്തുകയെന്നു പ്രസ്താവിക്കുന്നതു ശാസ്ത്ര പാരമ്പര്യത്തിനു കടകവിരുദ്ധമാണെന്നു മാത്രമല്ല അപഹാസ്യവുമാണ്. ദൈവസൃഷ്ടികളില്‍ ദൈവത്തിനെതിരെ തെളിവുകള്‍ കണ്ടെത്താനുള്ള മൂഢശ്രമമാണ് ഡാര്‍വിന്‍ നടത്തിയത്. സ്പീഷീസുകള്‍ക്കിടയിലുള്ള ഇനങ്ങള്‍ ഉണ്ടാകണമെന്നുള്ളത് ഡാര്‍വിന്റെ സിദ്ധാന്തത്തിന്റെ ആവശ്യമാണെന്നല്ലാതെ സ്രഷ്ടാവിന്റെ ആവശ്യമല്ല. അതുകൊണ്ടാണ് ഫോസ്സില്‍ രേഖയില്‍ ഇടനില ജീവികള്‍ ശൂന്യമായിരുന്നത്. ഫോസ്സില്‍ റിക്കാര്‍ഡ് അപൂര്‍ണമാണെന്നു പ്രഖ്യാപിച്ചു തന്റെ സിദ്ധാന്തത്തെ സാധൂകരിക്കാന്‍ ശ്രമിച്ചത് ശാസ്ത്രത്തോടുള്ള അവഹേളനമാണ്. ഒരു സിദ്ധാന്തം പ്രവചിക്കുന്ന തെളിവ് പ്രകൃതിയിലില്ലെങ്കില്‍ ആ സിദ്ധാന്തം തെറ്റാണെന്നാണത് സമര്‍ഥിക്കുന്നത്. ഇതിലേറെ വിസ്മയമുളവാക്കുന്നത്, പ്രകൃതിയെ പഴിച്ചുള്ള വിശദീകരണത്തെ തള്ളിക്കളയുന്നതിനു പകരം അതിനെ ശരിവെക്കാനുള്ള ശ്രമത്തിലാണ് നിരീശ്വരലോബി ഏര്‍പ്പെട്ടിട്ടുള്ളതെന്നതാണ്. ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ഫോസ്സില്‍ റിക്കാര്‍ഡിന്റെ 'അപൂര്‍ണത'യുടെ കാരണം കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു വിഭാഗം ലക്ഷ്യമിടുന്നത് ഫോസ്സില്‍ ജീവികളില്‍ നിന്നു തന്നെ (ഇല്ലാത്ത) ഇടവര്‍ഗങ്ങളെ തെരഞ്ഞെടുക്കാനാണ്.
പരിണാമസിദ്ധാന്തത്തിന്റെ മറ്റൊരു തത്ത്വം ഒരു ജീവിക്ക് പ്രയോജനപ്പെടാത്ത ഒരു ഘടകവും പ്രകൃതി തെരഞ്ഞെടുപ്പി (natural selection) ലൂടെ അതിന്റെ ജൈവരൂപ (phenotype) ത്തിലുണ്ടാകില്ലെന്നാണ്. ഈ ആശയപ്രകാരം ഒരു ജീവിക്കും മരണം തന്നെ സംഭവിക്കാന്‍ പാടില്ല. പക്ഷേ, ഈ ഭൂമുഖത്തുണ്ടായ ആദ്യ ജീവി തന്നെ മരണവുമായാണ് പ്രത്യക്ഷപ്പെട്ടത്. കൂടാതെ ഒരു ജീവിയുടെ സ്വഭാവഗുണങ്ങളില്‍ ഒന്നുപോലും മറ്റൊരു ജീവിക്ക് പ്രയോജനമാകരുതെന്ന് പരിണാമസിദ്ധാന്തം നിഷ്‌കര്‍ഷിക്കുന്നു. കാരണം, അങ്ങനെ സംഭവിച്ചാല്‍ ജീവികള്‍ തമ്മില്‍ നിലനില്‍പ്പിനുള്ള മാത്സര്യത്തിലാണെന്ന വാദം തന്നെ തകരും. പക്ഷേ, ആ ആശയത്തിനെതിരെയും ധാരാളം തെളിവുകള്‍ പ്രകൃതിയില്‍ നിഷ്പ്രയാസം കണ്ടെത്താവുന്നതാണ്. ഉദാഹരണമായി സസ്യ ഇനമായ വാഴയെ തന്നെ എടുക്കാം. വാഴ ഉല്‍പാദിപ്പിക്കുന്ന പഴം അതിനു പ്രയോജനം ചെയ്യുന്നില്ലെന്ന് മാത്രമല്ല മറ്റു ജീവികളുടെ (ഡാര്‍വിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ശത്രുക്കള്‍') ഭക്ഷണമായാണ് പ്രകൃതിയില്‍ അതുല്‍പാദിക്കപ്പെടുന്നത്. ഇതെപോലെ പരിണാമസിദ്ധാന്തത്തിന്റെ ഏതുവശം പരിശോധിച്ചാലും അതിനു ശാസ്ത്രബലമില്ലെന്നും തെളിവുകളെല്ലാം സിദ്ധാന്തത്തിനെതിരാണെന്നും മനസ്സിലാകുന്നതാണ്. പരിണാമസിദ്ധാന്തത്തിനെതിരായി പ്രതിഷേധമുയരുന്നത് കൂടുതലും ശാസ്ത്രസമൂഹത്തില്‍ നിന്നാണ്; പരിണാമവാദികള്‍ പ്രചരിപ്പിക്കുന്നത്‌പോലെ മതത്തില്‍ നിന്നല്ല. (കൂടുതല്‍ വിവരങ്ങള്‍ ഞാനെഴുതിയ Darwinism, The Great Gene Fiasco എന്നീ രണ്ടു പുസ്തകങ്ങളില്‍ കൊടുത്തിട്ടുണ്ട്. ഈ പുസ്തകങ്ങള്‍ www.islamic scienceforum.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.)
വിമര്‍ശനത്തോടുള്ള നാസ്തിക ലോബിയുടെ സമീപനം
പരിണാമ സിദ്ധാന്തത്തിനെതിരായ ശബ്ദം അടിച്ചമര്‍ത്താനും സിദ്ധാന്തത്തിനെതിരായ ശാസ്ത്ര കണ്ടെത്തലുകളെ പ്രാധാന്യം കൊടുക്കാതെ മുഖ്യധാരയില്‍ നിന്നു മാറ്റി നിര്‍ത്താനുമുള്ള പ്രവണത ജീവശാസ്ത്രത്തില്‍ വ്യക്തമായി കാണാവുന്നതാണ്. ശാസ്ത്ര മേഖലയുടെ നിയന്ത്രണം പൂര്‍ണമായും കൈയടക്കിക്കൊണ്ടു പക്ഷപാതപരവും അശാസ്ത്രീയവുമായ നിരീശ്വരലോബിയുടെ ഇടപെടല്‍ യഥാര്‍ഥ ശാസ്ത്രത്തിന്റെ വികസനത്തിനുതന്നെ ഹാനികരമാണ്. ഈശ്വരവിശ്വാസികളെ ശാസ്ത്രരംഗത്തുനിന്നു അകറ്റി നിര്‍ത്തുകയോ നിരോധിക്കുകയോ ചെയ്തിട്ടുള്ള സംഭവങ്ങള്‍ ജെറി ബെര്‍ഗ്മാന്റെ The Criterion എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ഈശ്വരവിശ്വാസിയെന്ന ഏകകാരണത്താല്‍ ഡോക്ടറേറ്റ് ബിരുദം നിഷേധിക്കപ്പെട്ടതും അധ്യാപന ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെട്ടതുള്‍പ്പെടെ ഒട്ടേറെ സംഭവങ്ങള്‍ അതില്‍ വിവരിക്കുന്നുണ്ട്.
പരിണാമ സിദ്ധാന്തത്തിന്റെ വിമര്‍ശകരെ അപമാനിക്കുകയെന്നത് പരിണാമവാദികളുടെ മറ്റൊരു തന്ത്രമാണ്. ബയോകെമിസ്റ്റ് മൈക്കല്‍ ബെഹെ Darwin’s Black Box: The Biochemical Challenge to Evolution എന്ന തന്റെ ഗ്രന്ഥത്തില്‍ ഡാര്‍വിന്റെ സിദ്ധാന്തത്തെ ചോദ്യം ചെയ്തപ്പോള്‍ പരിണാമവാദികള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ''ബെഹെയുടെ പരിണാമസിദ്ധാന്തത്തിലുള്ള അറിവിനെ സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വന്തം ശാസ്ത്രമേഖലയിലുള്ള അറിവും സംശയിക്കപ്പെടേണ്ടിയിരിക്കുന്നു. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലുമുള്ള വിജ്ഞാനവും അങ്ങനെതന്നെയാണ്.'' പ്രശ്‌സ്ത ഫ്രഞ്ച് സുവോളജിസ്റ്റും, Traite de Zoologie യുടെ 28 വാല്യങ്ങളുടെ എഡിറ്ററും, ഫ്രഞ്ച് ശാസ്ത്രഅക്കാദമിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന പിയറി പോള്‍ ഗ്രാസ്സെ ഡാര്‍വിനിസത്തിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ പ്രമുഖ പരിണാമവാദിയായ ഡോബ്‌ഴാന്‍സ്‌കി പറഞ്ഞത്, ''സമുന്നതനായ ഫ്രഞ്ച് ജന്തുശാസ്ത്രജ്ഞന് ശാസ്ത്രനിഗമനത്തിന്റെ നിയമങ്ങള്‍ മനസ്സിലാകില്ല'' എന്നാണ്. അടുത്തകാലത്തുണ്ടായ ഒരു സംഭവവും ഇവിടെ ഓര്‍മിക്കുന്നു. പ്രസിദ്ധമായ ഹ്യൂമന്‍ ജീനോം പ്രൊജക്ടിന്റെ മുന്‍ ഡയറക്ടറും ഇപ്പോള്‍ അമേരിക്കന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് ഹെല്‍ത്തിന്റെ (NIH) മേധാവിയുമായ ഫ്രാന്‍സിസ് കോളിന്‍സ് ശാസ്ത്ര ലോകത്ത് അറിയപ്പെടുന്ന ക്രിസ്തുമത വിശ്വാസിയും ഈശ്വരവാദിയുമാണ്. അദ്ദേഹത്തെ ഈ സ്ഥാപനത്തിന്റെ ഡയറക്ടറായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ നിരീശ്വര ലോബിക്ക് അതിനോടു യോജിക്കാന്‍ പ്രയാസമായിരുന്നു. പ്രശസ്ത ശാസ്ത്ര ജേര്‍ണലായ നേച്ചര്‍ (Nature 2009, 460, പേജ് 654) ഇതിനോടു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ''അമേരിക്കന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് ഹെല്‍ത്തിന്റെ ഡയറക്ടറായി ഫ്രാന്‍സിസ് കോളിന്‍സിനെ ഈയിടെ നാമനിര്‍ദ്ദേശം ചെയ്തത് ആ സ്ഥാപനത്തിന്റെ ഭാവി ദിശയെ സംബന്ധിച്ച ചോദ്യം ഉയര്‍ത്തുന്നതിലും കൂടുതലാണ്. അത് മറ്റൊരു ചോദ്യവും ഉയര്‍ത്തുന്നു. ശാസ്ത്രരംഗത്തെ ഉദ്യോഗം മതവിശ്വാസവുമായി പൊരുത്തപ്പെട്ടു പോകുമോ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു മഹാനായ ശാസ്ത്രജ്ഞന് കടുത്ത മതവിശ്വാസിയാകാമോ? ഹ്യൂമന്‍ ജീനോം പ്രൊജക്ടിന്റെ ഒരു ശില്പിയായിട്ടാണ് കോളിന്‍സ് നന്നായറിയപ്പെടുന്നത്. അഗാധ മതവിശ്വാസമുള്ള ബഹുമാന്യനായ ഒരു ശാസ്തജ്ഞനെന്ന കുപ്രസിദ്ധിയും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇരുപത്തേഴാം വയസ്സു മുതല്‍ ഒരു സുവിശേഷ പ്രസംഗകനായ കോളിന്‍സ് 2006ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ The Language of God: A Scientist Presents Evidence for Belief എന്ന ഗ്രന്ഥത്തില്‍ മതവും ശാസ്ത്രവും പൊരുത്തപ്പെടുത്താനുള്ള തന്റെ വീക്ഷണങ്ങള്‍ വിവരിക്കുന്നുണ്ട്.''
ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത് കുറച്ച് മാസങ്ങള്‍ക്കകം അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥം പുറത്തു വന്നു. അത് മറ്റൊരു വിവാദത്തിനു തിരികൊളുത്തി. പ്രമുഖ ശാസ്ത്ര ജേര്‍ണലായ സയന്‍സ് നൗ വീക്കിലി (Science NOW Weekly, ഫിബ്രവരി 25, 2010) ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് വളരെ ഗൗരവത്തോടുകൂടിയായിരുന്നു: ''നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് ഹെല്‍ത്തിന്റെ ഡയറക്ടറായ ഫ്രാന്‍സിസ് കോളിന്‍സ് തന്റെ മതവിശ്വാസങ്ങള്‍ പങ്കുവെച്ചു ചില ശാസ്ത്രജ്ഞന്മാരെ വീണ്ടും വെറുപ്പിക്കുകയാണ് - ഇത്തവണ മതവിശ്വാസത്തെക്കുറിച്ച് ഒരു പുതിയ ഗ്രന്ഥം പ്രസിദ്ധീകരിച്ചുകൊണ്ട്....കഴിഞ്ഞ വേനലില്‍ കോളിന്‍സ് NIH ന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചുരുക്കുമെന്നു പലരും ധരിച്ചിരുന്നു....ദൈവമുണ്ടോയെന്ന ചോദ്യത്തെ സംബോധനം ചെയ്യുന്ന Belief: Readings on the Reason for Faith (പുസ്തകം) പുറത്തിറങ്ങുന്നത് അറിയിച്ചുകൊണ്ട് (പ്രസാധകരായ) ഹാര്‍പര്‍ കോളിന്‍സില്‍ നിന്നുള്ള പത്രക്കുറിപ്പ് പലരിലും ആശ്ചര്യമുളവാക്കി. എങ്ങനെയാണ് അദ്ദേഹം ഒരു സുവിശേഷ പ്രസംഗകനായ ക്രിസ്ത്യാനിയായതെന്നു വിവരിച്ചുകൊണ്ടുള്ള കോളിന്‍സിന്റെ 2006ലെ പുസ്തകത്തിന്റെ തുടര്‍ച്ചയാണിത്. സൃഷ്ടിവാദ വിമര്‍ശന ബ്ലോഗറായ ജെറി കോയ്‌നെ ഇങ്ങനെ എഴുതുന്നു - കോളിന്‍സിനു നിയമപരമായി ആ ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ അവകാശമുണ്ടെങ്കിലും ''ദൈവം ഉണ്ടെന്നുള്ളതിനു ശാസ്ത്ര തെളിവുകളുണ്ടെന്നു അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രജ്ഞന്‍ പരസ്യമായി വാദിക്കുന്നത് വിവേകമല്ല.'' അദ്ദേഹത്തിന്റെ അഭിപ്രായം കോളിന്‍സ് രാജിവെക്കണമെന്നാണ്.''
നിരീശ്വരവാദികളില്‍ നിന്നുള്ള ഇത്തരം സന്ദേശങ്ങള്‍ ഈശ്വര വിശ്വാസികള്‍ വളരെ ഗൗരവമായിത്തന്നെ കാണേണ്ടതാണ്. കൂടാതെ, ശാസ്ത്രത്തെ നിരീശ്വരവാദം പ്രചരിപ്പിക്കാനുള്ള ഒരു മാധ്യമമായാണ് അവര്‍ ഉപയോഗിക്കുന്നതെന്ന തിരിച്ചറിവും നമുക്കുണ്ടാകേണ്ടിയിരിക്കുന്നു.
അമേരിക്കയിലും ഇതര പാശ്ചാത്യരാജ്യങ്ങളിലും പരിണാമ സിദ്ധാന്തത്തിനെതിരായ പ്രതിഷേധം ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കയാണ്. ക്രൈസ്തവ പുരോഹിതരും ക്രിസ്ത്യന്‍ ശാസ്ത്രജ്ഞന്മാരുമാണ് ഇതിനു പിന്നില്‍. സൃഷ്ടിവാദം എന്ന ലളിതമായ ആശയത്തില്‍ നിന്നും കൂടുതല്‍ ശാസ്ത്രീയമായ ‘Intelligent Design (ID)’എന്ന ആശയത്തിലേക്കു മാറി ഈശ്വരവാദത്തിനു പുതിയ മാനങ്ങള്‍ നല്‍കുകയാണ്. ഈശ്വരവാദം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുവാനുള്ള ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നു മാത്രമല്ല അവ നിയമയുദ്ധങ്ങള്‍ക്കുവരെ വഴി തെളിച്ചിരിക്കുന്നു.
മതനേതാക്കളും പരിണാമവാദികളും തമ്മിലുള്ള ആദ്യ വാഗ്വാദം നടന്നത് 1860ല്‍ ഓക്‌സ്‌ഫോര്‍ഡിലെ ബ്രിട്ടീഷ് അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സിന്റെ യോഗത്തില്‍ വെച്ചാണ്. 1926ലെ സ്‌കോപ്‌സ് കേസാണ് ആദ്യത്തെ നിയമയുദ്ധം. മൂന്നുതവണ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായിരുന്ന വില്യം ജെന്നിന്‍ഗ്‌സ് ബ്രയാന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ പാഠ്യവിഷയങ്ങളില്‍ നിന്നും ഡാര്‍വിന്റെ പരിണാമസിദ്ധാന്തം നീക്കം ചെയ്യുവാന്‍ നീണ്ട പോരാട്ടം തന്നെ നടന്നിരുന്നു. തദ്ഫലമായി അമേരിക്കയിലെ പതിനഞ്ചു സ്റ്റേറ്റുകളിലെ സ്‌കൂളുകളില്‍ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നതിനെതിരായി നിയമം വന്നു.
ജീവോല്‍പ്പത്തി സിദ്ധാന്തങ്ങള്‍
ജീവോല്‍പ്പത്തിയെ സംബന്ധിച്ചു നിരവധി സിദ്ധാന്തങ്ങളുണ്ട്. അവയെല്ലാം ഒരു കാര്യത്തില്‍ സമാനമാണ് - ജീവന്‍ എങ്ങനെയുണ്ടായിയെന്ന ഒരു നിര്‍ദ്ദേശം പോലും മുമ്പോട്ടുവെക്കുന്നില്ല. എന്നിരുന്നാലും അവയെല്ലാം ജീവോല്‍പ്പത്തി സിദ്ധാന്തങ്ങളായാണ് ശാസ്ത്രത്തില്‍ അറിയപ്പെടുന്നത്!
പ്രാചീന അന്തരീക്ഷത്തില്‍ കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് രാസപദാര്‍ഥങ്ങള്‍ പല ഘട്ടങ്ങളിലായി യാദൃഛികമായി സംയോജിച്ചു ജീവന്‍ രൂപപ്പെടുകയായിരുന്നു എന്നാണ് ശാസ്ത്ര സിദ്ധാന്തങ്ങളുടെയെല്ലാം വിവക്ഷ. ഈയൊരു ഊഹത്തെ ആസ്പദമാക്കിയാണ് കൃത്രിമ ജീവന്‍ സൃഷ്ടിക്കാനുള്ള പഠനങ്ങള്‍ ഇന്നു ലോകത്ത് തകൃതിയായി നടക്കുന്നത്. ജീവനെ ഒരു ഭൗതിക (പദാര്‍ഥ) പ്രതിഭാസമായാണ് ശാസ്ത്രലോകം കാണുന്നത്. ഒരു ജീവി പൂര്‍ണമായും രാസപദാര്‍ഥങ്ങളുടെ മിശ്രിതമല്ലാതെ മറ്റൊന്നുമല്ല എന്നാണ് വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് കൃത്രിമ ജീനോമും (synthetic genome) കൃത്രിമകോശവും (synthetic cell) സൃഷ്ടിച്ചു എന്നുള്ള വാര്‍ത്തകള്‍ ഈയിടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷേ യഥാര്‍ഥത്തില്‍ വാര്‍ത്തകളില്‍ വന്നതുപോലെ 'കൃത്രിമ' മായിരുന്നില്ല. ആ ഗവേഷണങ്ങളിലെല്ലാം തന്നെ ജീവനുള്ള കോശത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ജീവനുള്ള കോശം ഉപയോഗിച്ചാണ് കൃത്രിമ ജീനോമും കൃത്രിമകോശവും നിര്‍മിച്ചത്. ജീവനുള്ള കോശം ഉപയോഗിക്കാതെ രാസപ്രക്രിയയെ മാത്രം ആശ്രയിച്ച് ഉണ്ടാക്കുകയാണെങ്കില്‍ മാത്രമേ കൃത്രിമ ജീനോമെന്നും കൃത്രിമകോശമെന്നും വിളിക്കുന്നതില്‍ അര്‍ഥമുള്ളു. 'ക്ലോണിംഗ്' എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതുപോലെ 'കൃത്രിമ ജീനോം', 'കൃത്രിമകോശം', 'കൃത്രിമ ജീവന്‍' എന്നിങ്ങനെ പ്രയോഗിച്ച് നാസ്തികലോബി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണിപ്പോള്‍.
കൃത്രിമ ജീവനുണ്ടാക്കാനുള്ള ശ്രമം കൃത്രിമ കോശത്തില്‍ നിന്നു തുടങ്ങുന്നതിനു പകരം കൂടുതല്‍ പ്രായോഗികമായ വഴി ജീവനില്ലാത്ത കോശത്തെ രാസപ്രക്രിയകളുപയോഗിച്ച് ജീവനുള്ള കോശമായി മാറ്റുകയെന്നതാണ്. ജീവനില്ലാത്ത കോശവും ജീവനുള്ള കോശവും പദാര്‍ഥപരമായി ഒരു വ്യത്യാസവുമില്ല. അവ രണ്ടിലും ഒരേപോലെ ജീനോമും മറ്റെല്ലാ പദാര്‍ഥ ഘടകങ്ങളും ഉണ്ട്. ജീവനുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. കൃത്രിമമായി (അതായത് ജീവനുള്ള കോശത്തിന്റെ സഹായമില്ലാതെ പൂര്‍ണമായും രാസപ്രക്രിയ ഉപയോഗിച്ച്) ജീവനുണ്ടാക്കാന്‍ കഴിയുകയാണെങ്കില്‍ മതത്തിന്റെയും ദൈവത്തിന്റെയും പ്രസക്തിയില്ലാതാവും. ജീവന്‍ ഒരു ഭൗതികപ്രതിഭാസമല്ലെന്നുള്ള ദിവ്യവെളിപാടുകളെ പിന്തുണക്കുന്നതാണ് കൃത്രിമ ജീവനുണ്ടാക്കാന്‍ ഇന്നേവരെ നടത്തിയിട്ടുള്ള പരീക്ഷണങ്ങളുടെ പരാജയങ്ങള്‍. അത്തരം ശ്രമങ്ങള്‍ വിജയിക്കില്ലെന്നും, ജീവന്‍ ഈശ്വരനുമാത്രം സൃഷ്ടിക്കാവുന്ന പ്രതിഭാസമാണെന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നതുവരെ ഈ വിഷയത്തില്‍ പഠനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ജീവന്‍ ഭൗതിക (പദാര്‍ഥ) പ്രതിഭാസമല്ലെന്നു ഗവേഷണ പരാജയങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് ഈശ്വരന്‍ സത്യമാണെന്നതിനുള്ള ജീവശാസ്ത്രത്തിന്റെ സ്ഥിരീകരണമായിട്ടാണ്. അങ്ങനെ മഹാവിസ്‌ഫോടന സിദ്ധാന്തത്തിലൂടെ ഭൗതികശാസ്ത്രവും ജീവനെന്ന അഭൗതിക പ്രതിഭാസത്തിലൂടെ ജീവശാസ്ത്രവും ഈശ്വരനെന്ന സത്യം സ്ഥിരീകരിക്കുന്നതോടെ നിരീശ്വരവാദത്തിന്റെ അന്ത്യം കുറിക്കും.
e mail: [email protected]



Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly