>>ചരിത്രം
ദേശീയ ചരിത്രമെഴുത്തിന്റെ
പകര്‍ന്നാട്ടങ്ങള്‍
ശിഹാബ് പൂക്കോട്ടൂര്‍
നിലവിലുള്ള നമ്മുടെ വിജ്ഞാനശാഖകള്‍ യൂറോ കേന്ദ്രീകൃതമാണ്. പ്രത്യേകിച്ച് ചരിത്രമെഴുത്ത് വികസിച്ച് വന്നത് യൂറോ-അമേരിക്കന്‍ കേന്ദ്രീകൃതമായ വാര്‍പ്പു മാതൃകകളിലൂടെയാണ്. യൂറോപ്പ് പൗരസ്ത്യദേശത്തെയും മുസ്‌ലിംകളെയും നിര്‍മിച്ചെടുത്ത രീതിയില്‍ തന്നെയാണ് കോളനി രാജ്യങ്ങളിലെ ചരിത്രമെഴുത്തും ഇവ രണ്ടിനെയും വ്യവഹരിച്ചിട്ടുള്ളത്. കോളനൈസ്ഡായ രാജ്യങ്ങളിലെ അനുകരണങ്ങളെക്കുറിച്ച് മലിക് ബിന്നബി നിരീക്ഷിക്കുന്നുണ്ട്. അധിനിവേശരാജ്യങ്ങളുടെ അധികാരത്തെ കോളനീകരണാനന്തര വ്യവസ്ഥകളിലും നിലനിര്‍ത്താന്‍ ഇത്തരം അനുകരണ ശ്രമങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.
പൗരസ്ത്യദേശത്തെക്കുറിച്ച് യൂറോ-അമേരിക്കന്‍ കേന്ദ്രീകൃതമായ ചരിത്രങ്ങളില്‍ പ്രധാനമായും നാലു രീതിയിലാണ് വ്യവഹരിച്ചിട്ടുള്ളതെന്ന് എഡ്വേര്‍ഡ് സെയ്ദ് നിരീക്ഷിച്ചിട്ടുണ്ട്. കിഴക്കിനെ അപരിഷ്‌കൃതരും അയുക്തി നിറഞ്ഞവരും നശീകരണ ശേഷിയുള്ളവരും നിയന്ത്രിച്ച് നിര്‍ത്തേണ്ടവരുമായിട്ടാണ് യൂറോപ്പ് മനസ്സിലാക്കുന്നത് (Representation of the intellectual. Edward W. Said). മുസ്‌ലിംകളെ നിര്‍മിച്ചിട്ടുള്ളത് മൂന്ന് രീതികളിലാണെന്ന് മഹ്മൂദ് മംദാനിയും സമര്‍ഥിക്കുന്നുണ്ട്. നവനാഗരികതയോട് വിമുഖരായവര്‍, ആക്രമണോത്സുകരായ ജനക്കൂട്ടം, അമിത ലൈംഗികതയുള്ള അപരിഷ്‌കൃതര്‍ തുടങ്ങിയ വാര്‍പ്പു മാതൃകകളാണ് മുസ്‌ലിംകളെക്കുറിച്ച് യൂറോ കേന്ദ്രീകൃത വ്യവഹാരങ്ങളില്‍ നിലനില്‍ക്കുന്നത് (Good Muslim, Bad Muslim - Mahmood Mamdani).
ഇന്ത്യന്‍ ദേശീയതയുടെ വ്യവഹാരവും കൊളോണിയല്‍ വ്യവഹാരത്തില്‍ നിന്ന് വ്യത്യസ്തമല്ല. ആവര്‍ത്തിച്ചു വരുന്ന ഇത്തരം ദേശീയ ആഖ്യാനങ്ങള്‍ മുസ്‌ലിംകള്‍ ദേശത്തിന്റെ സുസ്ഥിരതയ്ക്കു ഭീഷണിയാവുന്ന ആപത്കാരികളായി അടയാളപ്പെടുത്തുന്നു. നിരന്തരമായി മറ്റുള്ളവരുടെ ആഖ്യാനങ്ങള്‍ക്ക് കീഴ്‌പ്പെടുകയെന്നാല്‍ സ്വന്തം കര്‍തൃത്ത്വത്തെ വിനിയോഗിക്കാനുള്ള സാമൂഹിക സ്ഥലങ്ങള്‍ അന്യമാവുക എന്നാണര്‍ഥം. മുസ്‌ലിംകളെക്കുറിച്ചും അവരുമായി ബന്ധപ്പെട്ട ഏതാഖ്യാനങ്ങള്‍ക്കും ദേശീയ അധിനിവേശ പാഠങ്ങളില്‍ ധാരാളം സാമ്യതകള്‍ ഉണ്ടാവുന്നു. ദേശീയവാദ പാഠങ്ങളില്‍ മുസ്‌ലിംകള്‍ ആക്രമണോത്സുകതയുള്ളവരും അവരുടെ അധികാര ശ്രമങ്ങള്‍ ഇരുണ്ടതായും പ്രത്യക്ഷപ്പെടാന്‍ കാരണം, ഓരോ ജനവിഭാഗങ്ങളെയും സമഗ്രമായി ആവിഷ്‌കരിക്കാന്‍ കഴിയുന്ന ആഖ്യാന വ്യവഹാരങ്ങള്‍ അപ്രസക്തമായിത്തീര്‍ന്നതാണ്. തെറ്റായി പ്രചരിച്ച ധാരണകള്‍ കാലക്രമേണ സാമാന്യബോധത്തിന്റെ ഭാഗമാവുന്നതും അത് പലതരം ആഖ്യാനങ്ങളിലേക്ക് സംക്രമിക്കുന്നതും ഉദാഹരണങ്ങള്‍ സഹിതം എം.ടി അന്‍സാരി തന്റെ 'മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍' എന്ന കൃതിയില്‍ സൂചിപ്പിക്കുന്നുണ്ട്. മലയാളികളായ രണ്ട് ദേശീയ ചരിത്രകാരന്മാരാണ് ഡോ. എം. ഗംഗാധരനും ഡോ. എം.ജി.എസ് നാരായണനും. ഇവര്‍ ഈയടുത്ത ദിവസങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നടത്തിയ ചരിത്രപരമായ നിരീക്ഷണങ്ങളെക്കുറിച്ച് ചില വിമര്‍ശനങ്ങളാണ് ഇവിടെ ഉന്നയിക്കുന്നത്. അധിനിവേശ പാഠങ്ങളില്‍നിന്ന് വ്യത്യസ്തമായൊരു നിരീക്ഷണവും മുസ്‌ലിംകളെക്കുറിച്ച് ഉയര്‍ത്തുവാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല.
''സെമിറ്റിക് മതങ്ങള്‍ക്കൊക്കെയുള്ള വലിയൊരു കുഴപ്പം മുസ്‌ലിംകള്‍ക്കും ഉണ്ട്. ഞങ്ങള്‍ വിശ്വസിക്കുന്നതും വിചാരിക്കുന്നതും മാത്രമാണ് ശരി എന്നും മറ്റുള്ളവരുടെ വിശ്വാസങ്ങളെല്ലാം തെറ്റാണ് എന്നുമുള്ള നിലപാട് ഒരു ബഹുസ്വര സമൂഹത്തില്‍ നല്ലതല്ല. കഴിയുന്നത്ര പേരെ തങ്ങളുടെ മതത്തില്‍ ചേര്‍ക്കണമെന്ന വിചാരവും മതപരിവര്‍ത്തനത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നത് അതുകൊണ്ടാണ്. അന്യമതക്കാരെ ശത്രുക്കളായി കാണുന്ന സ്വഭാവം ഉയര്‍ന്നുവരാന്‍ എളുപ്പമുള്ള സംവിധാനം കൂടിയാണിത്. മുഹമ്മദ് നബിയെക്കുറിച്ച് ആരോ എന്തോ പറഞ്ഞുവെന്ന് കേള്‍ക്കുമ്പോഴേക്കും അവനെ കൊല്ലണമെന്ന് ഫത്‌വ പുറപ്പെടുവിക്കുന്ന തരത്തിലുള്ള അസഹിഷ്ണുതയാണ് സെമിറ്റിക് മതസമുദായങ്ങളില്‍ ഇന്നും കാണപ്പെടുന്നത്'' (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ജൂലൈ 11-17 പേജ് 42. എം.ജി.എസ് നാരായണന്‍). ഇവിടെ പ്രശ്‌നങ്ങളുടെ തുടക്കക്കാര്‍ ഇസ്‌ലാമും മുസ്‌ലിംകളുമടങ്ങുന്ന സെമിറ്റിക് മതങ്ങളാണ്. 'മതഭ്രാന്തു'ള്ള സമൂഹമായിട്ടാണ് മുസ്‌ലിംകളെ ഇവിടെ വിവക്ഷിക്കുന്നത്. അസഹിഷ്ണുതയും നശീകരണ ശേഷിയുമുള്ള സമുദായമെന്നാണ് അധിനിവേശ ചരിത്രകാരന്മാര്‍ ഇസ്‌ലാമിനെ വിവരിച്ചിട്ടുള്ളത്. അതേ അനുകരണഭാവത്തോടെയാണ് എം.ജി.എസ് 'ദേശീയ' ആഖ്യാനം രചിക്കുന്നത്. പ്രവാചകനിന്ദ എന്നത് യൂറോപ്പ് നിരന്തരമായി ചരിത്രത്തിലൂടെ നിര്‍മിച്ചെടുത്ത ഒരസഹിഷ്ണുതയാണ്. പ്രവാചകനെക്കുറിച്ച് ആരോ, എന്തോ പറയുന്നതല്ല, മറിച്ച് ഗൂഢമായ ഇസ്‌ലാമിക വിമര്‍ശനത്തിന്റെ ഭാഗമായി പടിഞ്ഞാറ് വികസിപ്പിച്ചതാണ് മുഹമ്മദ് നബിയെ ടാര്‍ഗറ്റ് ചെയ്യുക എന്ന രീതി. ആദ്യത്തെ ഇസ്‌ലാമിക വിമര്‍ശനങ്ങളില്‍ മുഹമ്മദിനെ 'ലൈംഗികാസക്തിയുള്ളവനായും' 'അപരിഷ്‌കൃതനായും' ചിത്രീകരിച്ചു. രക്തക്കൊതിയനായ ഭരണാധികാരിയായിട്ടായിരുന്നു പിന്നീട് മുഹമ്മദിന്റെ രാഷ്ട്രീയത്തെ കൈകാര്യം ചെയ്തത്. അടുത്ത ഘട്ടത്തില്‍ ഖുര്‍ആന്‍ മുഹമ്മദിന്റെ സൃഷ്ടിയാണെന്ന വാദവുമായി അവര്‍ രംഗത്തുവന്നു. പ്രവാചകനെ അപഹസിക്കുന്ന എഴുത്തുകാര്‍ക്ക് രാഷ്ട്രീയ അഭയം നല്‍കുക, പ്രവാചക നിന്ദ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ മുഹമ്മദ് വിമര്‍ശനങ്ങള്‍ പടിഞ്ഞാറ് ഇന്നും തുടരുന്ന രീതിയാണ്. ദൈവത്തെ (അല്ലാഹു) അപഹസിക്കുമ്പോള്‍ ക്രിസ്ത്യാനിറ്റിയെക്കൂടി അത് ബാധിക്കുമെന്നത് കൊണ്ടാണ് മുഹമ്മദിനെ ടാര്‍ഗറ്റ് ചെയ്യാന്‍ പടിഞ്ഞാറിനെ പ്രേരിപ്പിച്ചതെന്ന് കരണ്‍ ആംസ്‌ട്രോങ് വ്യക്തമാക്കുന്നുണ്ട് (Muhammad A biography of the Prophet - Karen Armstrong). മുഹമ്മദ് നബിയെക്കുറിച്ച് വിമര്‍ശിക്കുമ്പോള്‍ പ്രകോപിതരാവുന്ന മുസ്‌ലിംകളെ ആക്ഷേപിക്കുന്ന ചരിത്രകാരന്‍, സരസ്വതി ദേവിയുടെ ചിത്രം വരച്ച എം.എഫ് ഹുസൈനെ വിമര്‍ശിച്ച സംഘപരിവാറിനെ ന്യായീകരിക്കുകയും ചെയ്യുന്നു. അവിടെയും കുഴപ്പക്കാരന്‍ എം.എഫ് ഹുസൈനാണ്, സംഘ്പരിവാരമല്ല. മുഹമ്മദിനെ ഭര്‍ത്സിക്കുമ്പോള്‍ ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന മുസ്‌ലിംകളുടേത് അസഹിഷ്ണുതയും സരസ്വതി ദേവിയെ നിന്ദിക്കുമ്പോള്‍ എം.എഫ് ഹുസൈനെ കായികമായി നേരിടുന്ന സംഘ്പരിവാര്‍ ഹിന്ദുത്വരുടേത് ദേശസ്‌നേഹവും. ദേശീയവാദ ചരിത്രത്തിലൂടെ നിലനിര്‍ത്തുന്ന അധികാരഘടന ആരുടേതാണ്? പി. പരമേശ്വരനും സുദര്‍ശന്‍ജിയും പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി എന്താണ് എം.ജി.എസ് പറയുന്നത്. ഡോ. എം. ഗംഗാധരനും തന്റെ അഭിമുഖത്തില്‍ പറയുന്നത് മുസ്‌ലിംകള്‍ 'ടച്ചി'യായ സമുദായമാണെന്ന വിമര്‍ശം തന്നെയാണ്. പെട്ടെന്ന് 'വയലന്റാ'കുന്ന, പ്രകോപിതരാവുന്ന ജനക്കൂട്ടമാണ് മുസ്‌ലിംകള്‍ എന്ന പടിഞ്ഞാറന്‍ വാര്‍പ്പു മാതൃകകളെ ദേശീയവാദ ചരിത്രത്തിലൂടെ പകര്‍ത്തിയെഴുതുകയാണ് ഡോ. ഗംഗാധരന്‍ ചെയ്യുന്നത്. ഇന്ത്യയില്‍ സ്വാതന്ത്ര്യാനന്തരം നടന്ന മൂവായിരത്തിലധികം വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയതാരായിരുന്നു? ഇതില്‍ മുസ്‌ലിംകളുടെ 'ടച്ചി'യായ സ്വഭാവത്തിന് എത്രയളവില്‍ പങ്കുണ്ട്? പതിനായിരക്കണക്കിന് ന്യൂനപക്ഷ സമുദായാംഗങ്ങളെ ചുട്ടുകൊന്നവര്‍ പ്രതിരോധകരും കൊല്ലപ്പെട്ടവര്‍ ആക്രമണകാരികളുമാണെന്ന വാദം, മോഡിയുടെ സവര്‍ണ ഹിന്ദുവിന്റെ പ്രതിനിധാനങ്ങള്‍ക്കപ്പുറം മതേതര/ദേശീയവാദത്തിന് ചലിക്കുക സാധ്യമല്ലെന്നതിന്റെ പ്രസ്താവമാണ്. ''മുസ്‌ലിം തീവ്രവാദം വടക്കെ ഇന്ത്യയില്‍ ശക്തിപ്പെട്ടതിന്റെ ഫലമായിട്ടാണ് ആര്‍.എസ്.എസ് ഉണ്ടാവുന്നത്. കൗണ്ടര്‍ എന്ന് പറയാവുന്നത് ആര്‍.എസ്.എസിനെക്കുറിച്ചാണ്'' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂലൈ 11-17. ഡോ. എം.ജി.എസ്).
'ഇന്ത്യയില്‍ വിഭജനവാദം കൊണ്ടുവന്നത് ആര്‍.എസ്.എസും ഗോള്‍വാര്‍ക്കറുമാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളും ഇവിടെനിന്ന് പുറത്തുപോവേണ്ടവരാണെന്നും അവരോട് നമ്മള്‍ ഹിന്ദുക്കള്‍ യാതൊരു ദയയും കാണിക്കേണ്ടതില്ലെന്നു' (നാം നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു - ഗോള്‍വാര്‍ക്കര്‍)മുള്ള പ്രസ്താവനകള്‍ക്ക് മുമ്പ് തന്നെ 1884ല്‍ രാമസഭയും 1925ല്‍ കേശവ് ബലിറാമും ഹിന്ദു/മുസ്‌ലിം രാഷ്ട്രങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതിനുശേഷമാണ് മുഹമ്മദലി ജിന്ന ദ്വിരാഷ്ട്രവാദവുമായി രംഗത്ത് വരുന്നത്. ഹിന്ദുക്കളുടെ മാത്രം രാഷ്ട്രത്തെ സേവിക്കാന്‍ (രാഷ്ട്രീയ സ്വയം സേവക് സംഘ്) 1925ല്‍ രൂപീകരിച്ചതും കേശവ് ബലിറാമായിരുന്നു. പുറത്ത് നിന്ന് വന്നവര്‍ തിരിച്ചുപോകണമെന്നും അല്ലെങ്കില്‍ ഇവിടത്തെ രാഷ്ട്രീയ ഘടനയില്‍ (സവര്‍ണഹിന്ദു)ലയിച്ചു ചേരണമെന്നും ഗോള്‍വാര്‍ക്കറും സവര്‍ക്കറും സുദര്‍ശനും മാത്രമല്ല എം.ജി.എസും പറയുന്നുണ്ട്. ആര്‍.എസ്.എസിനുവേണ്ടി ചരിത്രത്തെ കാവിവല്‍കരിക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോഴും ബാബരി മസ്ജിദ് 450 കൊല്ലം മുമ്പ് ഇന്ത്യയിലുണ്ടായിരുന്ന യഥാര്‍ഥ അവകാശികള്‍ക്ക് മുസ്‌ലിംകള്‍ വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് ചരിത്രത്തെ പകര്‍ത്തിയെഴുത്തായി/കൂലിയെഴുത്തായി മാത്രം കാണുന്നവര്‍ക്ക് മുസ്‌ലിംകള്‍ മതഭ്രാന്തരും തീവ്രവാദികളും, ഹിന്ദുക്കള്‍ സംഘടിച്ച് ചെറുത്തു തോല്‍പിക്കേണ്ട മഹാവിപത്തായും കാണേണ്ടിവരും. 'എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന (2002) സമയത്ത് തീവ്രവാദ പട്ടിക തയാറാക്കിയപ്പോള്‍ ആര്‍.എസ്.എസിനെ ഉള്‍പ്പെടുത്തിയതിനെതിരെ രോഷാകുലരായവരില്‍ ഏറെ പേരും ദേശീയവാദ ചരിത്രമെഴുത്തിന്റെയും സാഹിത്യത്തിന്റെയും ആളുകളായിരുന്നു. ആര്‍.എസ്.എസ് നിസ്വാര്‍ഥ രാഷ്ട്രസേവനത്തിന്റെ മാതൃകയാണ്. ഇങ്ങനെയുള്ള സംഘടനകളെ മതതീവ്രവാദി സംഘടനയായി മുഖ്യമന്ത്രി വിവരിച്ചത് വേദനാജനകമാണ് എന്ന പ്രസ്താവനയില്‍ ഒപ്പുവെക്കാന്‍ യാതൊരു മടിയും കാണിക്കാതിരുന്നവര്‍ 'ലൗ ജിഹാദി'നെതിരെ പ്രസ്താവന നടത്താന്‍ വിസമ്മതിക്കുകയും ചെയ്തു. (ഡോ. ഗംഗാധരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്). മുസ്‌ലിംകളെ ഇവിടെ സ്വീകരിക്കാന്‍ തയാറായി എന്നത് തന്നെ ഇന്ത്യയുടെ വലിയ സഹിഷ്ണുതയായി ഇവര്‍ ചിത്രീകരിക്കുന്നു. മാരക നശീകരണ ശേഷിയുള്ള ഈ ജനസമൂഹത്തെ 'സ്വീകരിച്ചു' എന്നത് തന്നെ വലിയ സഹനത്തിന്റെയും വിശാലതയുടെയും മുഖമുദ്രയാകുന്നു. എം.ജി.എസ് നാരായണന്റെ സ്വീകരണ സിദ്ധാന്തത്തെ പ്രമുഖ എഴുത്തുകാരനായ സക്കറിയ നിരീക്ഷിക്കുന്നതിങ്ങനെയാണ്: ''പ്രഫ. എം.ജി.എസ് നാരായണന്‍ എന്നോട് അടുത്തകാലത്ത് പറഞ്ഞു: 'ഞങ്ങള്‍ നിങ്ങളെ കേരളക്കരയില്‍ സ്വീകരിച്ചുവെന്നോര്‍ക്കണം' ഞാന്‍ പറഞ്ഞു: ''ആരാണ് ഞങ്ങളും നിങ്ങളും. ഞാനും മലയാളിയാണ് നിങ്ങളും മലയാളിയാണ്. ഞാന്‍ വേറെങ്ങുനിന്നും വന്നതല്ല. നിങ്ങളെപ്പോലെ ഇവിടത്തെ മണ്ണില്‍നിന്നും കിളിര്‍ത്ത ഒരു 'പൗരാണിക' മലയാളിയാണ്. ആരും ആരെയും സ്വീകരിച്ചില്ല. മറ്റൊരു ദൈവത്തില്‍ വിശ്വസിച്ചു എന്ന് കരുതി മലയാളിയല്ലാതെയായിപ്പോകുമോ. അത്രമാത്രം മനസ്സിലാക്കാനുള്ള സാമാന്യബോധം അന്നത്തെ സാമൂതിരിക്കും മറ്റു രാജാക്കന്മാര്‍ക്കുമുണ്ടായിരുന്നു. ഇന്നത്തെ 'ആധുനികര്‍ക്ക്' ഇല്ല. ആരാധിക്കുന്ന ദൈവത്തെ വെച്ചാണോ മനുഷ്യനെ അളക്കുന്നത്? എന്നെയും നിങ്ങളെയും ഇപ്പോളിവിടെ ബന്ധിപ്പിക്കുന്നത് മലയാളം എന്ന ഭാഷയാണ്. ഹിന്ദുമതം കേരളത്തിലേക്ക് വന്നപ്പോള്‍ അതിനെ നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'സ്വീകരിച്ചത്' ആരായിരുന്നു? .......ഇങ്ങനെ പോയാല്‍ മാര്‍ക്‌സിസത്തില്‍ വിശ്വസിക്കുന്നവരോടും എം.ജി.എസ് പറയേണ്ടിവരും, ഞങ്ങള്‍ നിങ്ങളെ സ്വീകരിച്ചു എന്നോര്‍ക്കണം.' കാരണം മാര്‍ക്‌സിസ്റ്റുകളുടെ സന്ദേശവും വിദേശത്തുനിന്നു വന്നതാണ്. അവരും ക്രിസ്ത്യാനികളെപ്പോലെയും മുസ്‌ലിംകളെപ്പോലെയും ഇവിടത്തുകാര്‍ തന്നെയാണ്. കുറെകൂടി ചരിത്രത്തില്‍ പിന്നാക്കം പോയാല്‍ ചരിത്രപണ്ഡിതനായ എം.ജി.എസ്, വിഷ്ണുവിലും ശിവനിലും മറ്റും വിശ്വസിക്കുന്ന ഇവിടത്തെ സവര്‍ണ ഹിന്ദുക്കളോടു പറയേണ്ടിവരും, 'ഞങ്ങള്‍ നിങ്ങളെ സ്വീകരിച്ചു' എന്നോര്‍ക്കണം. വേദോപനിഷത്തുകള്‍ ഇന്ത്യയിലേക്കെത്തിയത് മുന്‍സോവിയറ്റ് റഷ്യയുടെ ഭാഗമായി ചിതറിക്കിടന്ന മധ്യേഷ്യയിലെ ഇന്നത്തെ ഇസ്‌ലാമിക മേഖലയില്‍നിന്നാണ്.'' (സക്കറിയ: മലയാളികളുടെ അവസാനത്തെ അത്താഴം പേജ് 44). സ്വാംശീകരിക്കുക എന്നത് തന്നെ വലിയ ഭാരമായിട്ടാണ് ഇവിടത്തെ വ്യത്യസ്ത മതങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരനായ എം.എസ് പാണ്ഡ്യന്‍ ഇത്തരം സ്വാംശീകരണങ്ങള്‍ എങ്ങനെയാണ് വ്യത്യസ്ത വിഭാഗങ്ങളുടെ സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കാതെ ഒരു രാഷ്ട്രത്തില്‍ ഒരു ജനത്തിന് മാത്രമേ അവകാശങ്ങളും പ്രശ്‌നങ്ങളുമുള്ളൂവെന്ന് ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ ജയലളിത സര്‍ക്കാര്‍ മൃഗബലി നിരോധിച്ച് ബില്‍ കൊണ്ടുവന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്യാന്‍ ബി.ജെ.പി തയാറായി. ഇതിന്റെ കാരണം ഹിന്ദുമതത്തിലെ വ്യത്യസ്ത വിഭാഗങ്ങളുടെ ആചാരങ്ങളെ ഏകമതത്തിലേക്ക് സ്വാംശീകരിക്കാന്‍ ഈ നിയമം കൊണ്ടു സാധിക്കുന്നുവെന്നതാണ്. തമിഴിലെ നിരവധി പ്രാദേശിക പ്രസിദ്ധീകരണങ്ങളെ അപ്രസക്തമാക്കി ദ ഹിന്ദു എന്ന പത്രം വളര്‍ന്നുവെന്നതും ഈ സ്വാംശീകരണ യുക്തി ഉപയോഗിച്ചുകൊണ്ടായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. സ്വീകരിച്ചു, സ്വാംശീകരിച്ചുവെന്ന് പറയുന്നത് വിശാലമായ സഹിഷ്ണുത രൂപപ്പെടുത്താനുള്ളതല്ല, മറിച്ച് വളരെ ഹിംസാത്മകമായി ന്യൂനപക്ഷങ്ങളെ നേരിടാനുള്ള ബലതന്ത്രം വികസിപ്പിക്കുകയാണ്.
'മുസ്‌ലിംകളില്‍ തങ്ങളുടെ സമുദായത്തിന്റെ ബലം വര്‍ധിപ്പിക്കണമെന്ന വിചാരം രൂപപ്പെട്ടിട്ടുണ്ട്' എന്ന എം.ജി.എസിന്റെയും ഗംഗാധരന്റെയും നിരീക്ഷണം ലൗ ജിഹാദിനെ പിന്തുണക്കുന്നത് കൂടിയാണ്. മലപ്പുറം ജില്ല രൂപീകരണത്തെയും എം.ജി.എസ് എതിര്‍ക്കുവാനുണ്ടായ കാരണം അതൊരു മിനി പാകിസ്താനായി മാറുമെന്ന സംഘ്പരിവാറിന്റെ ആശങ്കയില്‍ വിശ്വാസമര്‍പ്പിച്ചത് കൊണ്ടായിരുന്നു. മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നുവെന്ന വ്യാപകമായ പ്രചാരണം കലാപങ്ങള്‍ക്ക് മുമ്പ് സംഘ്ശക്തികള്‍ നിരന്തരമായി ഉപയോഗിക്കുന്ന ഒരു നുണബോംബാണ്. ഇതിനെ ചരിത്രകാരന്മാര്‍ കൂടി ഏറ്റെടുക്കുന്ന അല്‍പത്തരമായിട്ടേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ''നമ്മുടെ രാഷ്ട്രത്തെ വിഭജിച്ച് പാകിസ്താന്‍ സൃഷ്ടിച്ച ശേഷം രാജ്യത്തെ മുസ്‌ലിം ജനസംഖ്യ വീണ്ടും ഇരുപത് കോടിയായിരിക്കുന്നു. അവര്‍ കുടുംബാസൂത്രണത്തില്‍ വിശ്വസിക്കുന്നില്ല. ഭരണഘടന അവര്‍ക്ക് നാലു ഭാര്യമാരെ അനുവദിച്ചിരിക്കുന്നു. ജനസംഖ്യ സ്‌ഫോടനാത്മകമായി വര്‍ധിച്ചിരിക്കുന്നു. അതാണ് അവരുടെ ഒരിന പരിപാടി. അവരുടെ എണ്ണം 30-35 ശതമാനമായി വര്‍ധിച്ചാല്‍ ഹിന്ദുക്കളുടെ സ്ഥിതി മോശമാവും. അവര്‍ അവരുടെ എണ്ണവും ആയുധവും ഉപയോഗിച്ച് ഇന്ത്യയില്‍ പാകിസ്താനുകള്‍ സൃഷ്ടിക്കും. ഇന്ത്യയെ മുസ്‌ലിം രാഷട്രമാക്കി പ്രഖ്യാപിക്കുകയും ചെങ്കോട്ടയില്‍ ഇസ്‌ലാമിന്റെ പച്ചക്കൊടി ഉയര്‍ത്തുകയും ചെയ്യും. കോളേജുകളിലും ജോലിസ്ഥലങ്ങളിലും മുസ്‌ലിം പയ്യന്മാരുടെ പ്രേമതട്ടിപ്പില്‍ നമ്മുടെ സഹോദരികളും പെണ്‍മക്കളും വീഴാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക. ഒരു മുസ്‌ലിം അധ്യാപകനില്‍നിന്ന് വിദ്യാഭ്യാസമോ പരിശീലനമോ ഞാന്‍ സ്വീകരിക്കില്ല. ഹിന്ദു വികസനത്തിന് ജയ് ശ്രീറാം'' (കടപ്പാട്: കമ്യൂണലിസം കോംബാറ്റ്). ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ വിതരണം ചെയ്ത സംഘ്പരിവാര്‍ ലഘുലേഖകളിലുള്ള പരാമര്‍ശങ്ങളാണ് ഇത്. ഇന്ത്യയില്‍ 1998ലെ കണക്കനുസരിച്ച് ഹിന്ദുമതക്കാരുടെ ഇടയില്‍ 5.8 ശതമാനം ബഹുഭാര്യത്വം ഉണ്ട്. മുസ്‌ലിംകള്‍ക്ക് 5.7 ശതമാനം മാത്രം! ഗോത്ര വര്‍ഗങ്ങള്‍ക്കിടയില്‍ 15.25 ശതമാനവും ഉണ്ട്. നാലുവിവാഹം വരെ ഖുര്‍ആന്‍ അനുവദിക്കുന്നുവെന്ന് പരിഹസിക്കുമ്പോള്‍ മനുസ്മൃതിയും നാലുവിവാഹത്തിന് അനുമതി നല്‍കുന്നു. ബ്രാഹ്മണന് നാലും ക്ഷത്രിയന് മൂന്നും വൈശ്യന് രണ്ടും ശൂദ്രന് ഒന്നും! പക്ഷേ, ഖുര്‍ആനില്‍ ഈ വിവേചനം ഇല്ല. ടാര്‍ഗറ്റ് ചെയ്യപ്പെട്ട സമുദായത്തെക്കുറിച്ച് ഭീതി സൃഷ്ടിക്കുകയും അതില്‍നിന്നും ഹോളോകാസ്റ്റിനുള്ള ന്യായീകരണം വികസിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ സംഭവിക്കുന്നത്. ഇതിന് ദേശീയവാദ ചരിത്രത്തിലൂടെ കിട്ടുന്ന വ്യാജപരിവേഷങ്ങള്‍ വലിയ ശക്തി നല്‍കുകയും ചെയ്യുന്നു.
(തുടരും)