>>ലേഖനം
ചരിത്രമുറങ്ങുന്ന മദീനയിലൂടെ
റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
ഇസ്ലാമിക ചരിത്രത്തില്‍ ഒട്ടേറെ പ്രാധാന്യമുള്ള പുണ്യഭൂമിയാണ് മദീന മുനവ്വറ. ഇസ്ലാമിന്റെ സമ്പൂര്‍ണ ജീവിതക്രമം പ്രായോഗിക ജീവിതത്തിലൂടെ അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്ത്വഫ(സ) ലോകത്തിന് സമര്‍പ്പിച്ച മണ്ണ്. പരിശുദ്ധ ഖുര്‍ആനിലെ വിധിവിലക്കുകളുമായി ബന്ധപ്പെട്ട എല്ലാ വലിയ അധ്യായങ്ങളും കുളിര്‍മഴയായി പെയ്തിറങ്ങിയ വിശുദ്ധ ദേശം. അല്ലാഹുവിന്റെ പുണ്യം ആഗ്രഹിച്ച് സത്യവിശ്വാസികള്‍ക്കു ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും തീര്‍ഥാടനം ചെയ്ത് മദീന ഹറമില്‍ വന്നു ചേരാം. ഇബ്റാഹീം(അ) മക്കയെ ഹറമായി പ്രഖ്യാപിച്ചതുപോലെ, നബി(സ) ഹറമായി പ്രഖ്യാപിച്ച ഭൂമിയാണ് പുണ്യ മദീന. മക്കയിലെ മസ്ജിദുല്‍ഹറാം, മദീനയിലെ മസ്ജിദുന്നബവി, ഫലസ്ത്വീനിലെ ബൈതുല്‍ മുഖദ്ദസ് എന്നീ മൂന്ന് പള്ളികളിലേക്കാണല്ലോ നബി(സ) തീര്‍ഥാടനം അനുവദിച്ചിട്ടുള്ളത്. നബി(സ) മക്കയില്‍നിന്നു മദീനയിലേക്കു ഹിജ്റ നടത്തിയതിനെ തുടര്‍ന്ന് നിലവില്‍വന്ന മാതൃകാ ഇസ്ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാന നഗരികൂടിയായിരുന്നു മദീന മുനവ്വറ. നബി(സ) ഇഹലോകത്തോട് വിടവാങ്ങിയ ശേഷം ഖലീഫമാരായ അബൂബക്കര്‍ സിദ്ദീഖ്(റ), ഉമര്‍(റ), ഉസ്മാന്‍(റ) തുടങ്ങിയ സ്വഹാബിമാരുടെ കാലത്തും മദീന തന്നെയായിരുന്നു ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രസ്ഥാനം. ഈ പുണ്യാത്മാക്കളും ആയിരത്തിലധികം സ്വഹാബിമാരും അന്ത്യവിശ്രമം കൊള്ളുന്നതും മദീനയില്‍ തന്നെയാണ്. മദീനയില്‍ മരിക്കുന്നവര്‍ക്ക് താന്‍ ശിപാര്‍ശ പറയുമെന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മരണം മദീനയില്‍ വെച്ചാകാന്‍ ഉമര്‍(റ) പ്രാര്‍ഥിക്കാറുണ്ടായിരുന്നു. നബി(സ)യുടെ ഖബറിന്നരികെ വന്ന് അവിടുത്തേക്ക് സലാം പറയണമെന്ന് ആഗ്രഹിക്കാത്ത സത്യവിശ്വാസികളുണ്ടാകുമോ? മദീനയില്‍ വരുമ്പോഴാണ് ആ അഭിലാഷം പൂവണിയുന്നത്.
ലോകത്തെ ഏറ്റവും വിശുദ്ധരും കര്‍മധീരരുമായ വ്യക്തിത്വങ്ങളായിരുന്നു സ്വഹാബികള്‍. അവരുടെ കര്‍മഭൂമികൂടിയാണ് മദീന. അഥവാ അവര്‍ ചവിട്ടിനടന്ന മണല്‍തരികളിലൂടെയാണ് ഇവിടെ എത്തുന്ന ഓരോ സന്ദര്‍ശകനും നടന്നു നീങ്ങുന്നത്. ദൈവ മാര്‍ഗത്തില്‍ എല്ലാം സമര്‍പ്പിച്ച ആ വിപ്ളവകാരികളുടെ ഉജ്വല സ്മരണകളാണ് മദീന വിശ്വാസികള്‍ക്കു പകര്‍ന്നു നല്‍കുന്നത്.
ത്വാബ, ത്വൈബ, ദാറുല്‍ ഹിജ്റ, ഖുബ്ബതുല്‍ ഇസ്ലാം തുടങ്ങി നിരവധി പേരുകള്‍ ഈ പുണ്യനഗരത്തിനുണ്ട്. ആദ്യകാലത്ത് യസ്രിബ് എന്നും നബി(സ)യുടെ ആഗമനത്തോടെ മദീനതുര്‍റസൂല്‍ എന്നും ആധുനികകാലത്ത് പ്രശോഭിത നഗരം എന്നര്‍ഥം വരുന്ന മദീന മുനവ്വറ എന്നും അറിയപ്പെടുന്ന ഇസ്ലാമിക ചരിത്ര ഭൂമിയിലെ ചില സുപ്രധാന സ്ഥലങ്ങളെ സംക്ഷിപ്തമായി പരിചയപ്പെടുത്തുകയാണ് ഇവിടെ. മസ്ജിദുന്നബവി, ബഖീഅ്, ഉഹ്ദ്, ഖിബ്ലതൈന്‍, ഖന്ദഖ്, ഖുബാ എന്നീ സ്ഥലങ്ങള്‍ മാത്രമേ ഇവിടെ വരുന്നവര്‍ സാധാരണ കാണാറുള്ളൂ. എന്നാല്‍ പ്രവാചക നഗരിയുടെ ചുറ്റുവട്ടങ്ങളിലുള്ള മറ്റുചില ചരിത്രസ്ഥലങ്ങളെ കൂടി ഉള്‍പ്പെടുത്തി 30ഓളം സ്ഥലങ്ങളെ പരിചയപ്പെടുത്താനാണ് ഈ കുറിപ്പ്. ചരിത്രാന്വേഷികള്‍ക്ക് മദീനയെക്കുറിച്ച് അല്‍പംകൂടി വിശദാംശങ്ങള്‍ നല്‍കാന്‍ ഇത് ഉപകാരപ്പെട്ടേക്കും. ഈ സ്ഥലങ്ങളൊക്കെ സന്ദര്‍ശിക്കണം എന്നല്ല പറയുന്നത്. അത് എല്ലാ തീര്‍ഥാടകരെ സംബന്ധിച്ചും പ്രായോഗികമോ എളുപ്പമോ അല്ല. ചില ചരിത്ര വിവരങ്ങള്‍ നല്‍കുക മാത്രമാണ്. പരിചയപ്പെടുത്താന്‍ പോകുന്നവയില്‍ ചിലത് പുതുതായി രൂപംകൊണ്ടവയാണ്. ഹിജാസ് റെയില്‍വെ, മദീന യൂനിവേഴ്സിറ്റി, ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ളക്സ് പോലുള്ളവ.
1. മസ്ജിദുന്നബവി
നബി(സ) മക്കയില്‍നിന്ന് മദീനയിലേക്കു പലായനം ചെയ്ത ശേഷം ആദ്യമായി ചെയ്ത പ്രവൃത്തികളിലൊന്നാണ് മസ്ജിദുന്നബവിയുടെ നിര്‍മാണം. അവിടുത്തെ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്തായിരുന്നു പള്ളിനിര്‍മാണം. അസ്അദുബ്നു സുറാറയുടെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന സഹ്ല്‍, സുഹൈല്‍ എന്നീ അനാഥബാലന്മാരുടേതായിരുന്നു പള്ളി നിര്‍മിക്കാന്‍ നബി(സ) തെരഞ്ഞെടുത്ത സ്ഥലം. അബൂബക്കര്‍ സിദ്ദീഖി(റ)ല്‍ നിന്ന് 10 ദീനാര്‍ വാങ്ങി ആ തുക കുട്ടികള്‍ക്കു ഭൂമിയുടെ വിലയായി നല്‍കിയാണ് നബി(സ) സ്ഥലം വാങ്ങിയത്. വളരെ ചെറിയ ഒരു കുടില്‍പോലെയായിരുന്നു അന്ന് പ്രവാചകന്റെ പള്ളി. അതിന്റെ മേല്‍ക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകള്‍ ചുട്ട ഇഷ്ടിക കട്ട കൊണ്ട് പടുത്തതുമായിരുന്നു. ഈത്തപ്പനത്തടികളായിരുന്നു തൂണുകള്‍. നിലത്ത് ഒന്നും വിരിക്കാനുണ്ടായിരുന്നില്ല. മണലിലായിരുന്നു നമസ്കാരം. പള്ളിയോട് ചേര്‍ന്ന് കിഴക്കു വശത്തായിരുന്നു നബി പത്നിമാര്‍ക്കുവേണ്ടി പണിത കുടിലുകള്‍. അവിടെയായിരുന്നു നബി(സ)യുടെ താമസം. ഉള്ളില്‍ കടക്കുമ്പോള്‍ ഈത്തപ്പനയോല തലക്കു മുട്ടുന്നത്ര കൊച്ചു വീടുകളായിരുന്നു അവ. ഒന്നും പാകം ചെയ്യാനില്ലാത്തതിനാല്‍ അടുപ്പില്‍ പുകയുയരാതെ, പട്ടിണിയും പരിവട്ടവുമായി എത്രയെത്ര നാളുകള്‍ നബിയും കുടുംബവും ആ കൊച്ചു കുടിലുകളില്‍ കഴിച്ചുകൂട്ടി! പരുക്കന്‍ ഈത്തപ്പനയോലയില്‍ ആ ലോകാനുഗ്രഹി കിടന്നുറങ്ങി. ആ വീടുകളുണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോള്‍ നബി(സ)യുടെ ഖബര്‍ സ്ഥിതിചെയ്യുന്നത്.
ആഇശ(റ)യുടെ വീട്ടില്‍ വെച്ചാണല്ലോ നബി(സ) ഇഹലോകവാസം വെടിഞ്ഞത്. തൊട്ടടുത്തായി അബൂബക്കര്‍ സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവരുടെ ഖബ്റുകളും കാണാം. വിവിധ കാലഘട്ടങ്ങളിലെ ഭരണകര്‍ത്താക്കള്‍ ജനത്തിരക്കില്‍നിന്ന് സംരക്ഷിക്കാന്‍വേണ്ടി പണിത മതില്‍ക്കെട്ടുകള്‍ക്കകത്ത് മണലില്‍ തന്നെയാണ് നബി(സ)യുടെ ഖബ്ര്‍. മതില്‍കെട്ടിന്റെ തുടക്കത്തില്‍ കാണുന്ന ആദ്യരണ്ട് ദ്വാരങ്ങള്‍ ശൂന്യമാണ്. പിച്ചളയില്‍ തീര്‍ത്ത മൂന്നാമത്തെ വലിയ ദ്വാരത്തിലൂടെ നോക്കിയാലാണ് നബി(സ)യുടെ ഖബ്ര്‍ കാണാനാവുക. അവിടെ വെച്ചാണ് പ്രവാചകന് സലാം പറയേണ്ടത്. തൊട്ടടുത്ത് രണ്ട് ചെറിയ ദ്വാരങ്ങളിലൂടെ നോക്കിയാല്‍ അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരുടെ ഖബ്ര്‍ കാണാം. അവര്‍ക്കും സലാം പറയാം. പിന്നീട് കാണുന്ന രണ്ട് ദ്വാരങ്ങളും ശൂന്യമാണ്. കെട്ടിട നിര്‍മാണത്തിന്റെ ഭാഗമാണവ.
2. റൌദ
നബി(സ)യുടെ വീടിന്റെയും പള്ളിയിലെ പ്രസംഗപീഠത്തിന്റെയും ഇടയിലുള്ള ഇളംപച്ച കാര്‍പ്പറ്റിട്ട സ്ഥലമാണ് റൌദശരീഫ്. 'എന്റെ വീടിന്റെയും പ്രസംഗപീഠത്തിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗപ്പൂന്തോപ്പുകളിലൊന്നാണ്' (റൌദതും മിന്‍രിയാദില്‍ ജന്ന) എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഇബാദത്തിന് ഏറ്റവും പ്രതിഫലം കിട്ടുന്ന സ്ഥലമാണിത്. സ്ത്രീകള്‍ക്കും ഇവിടെ വന്ന് നമസ്കരിക്കാനും പ്രാര്‍ഥിക്കാനും പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്. റൌദയും പരിസരവും മാത്രമായിരുന്നു നബിയുടെ കാലത്തെ മസ്ജിദുന്നബവിയുടെ വിസ്തൃതി. റൌദക്കടുത്ത് നബി(സ) നമസ്കാരത്തിന് നേതൃത്വം നല്‍കിയ സ്ഥലത്ത് നിര്‍മിക്കപ്പെട്ട മിഹ്റാബ് കാണാം. ഉമറുബ്നു അബ്ദില്‍ അസീസ്(റ) ആണ് ആ സ്ഥലത്ത് മിഹ്റാബ് നിര്‍മിച്ചത്. റൌദയിലെ ചില തൂണുകള്‍ക്കും ചരിത്രപ്രാധാന്യമുണ്ട്.
വിവിധ ഘട്ടങ്ങളില്‍ മസ്ജിദുന്നബവി വിപുലീകരിക്കുകയുണ്ടായി. ഇപ്പോള്‍ ഏകദേശം 7 ലക്ഷത്തിലധികം പേര്‍ക്ക് ഒരേസമയം പള്ളിക്കകത്തും മുകള്‍തട്ടിലും മുറ്റത്തുമായി നമസ്കരിക്കാം. 10 മിനാരങ്ങളും 27 ചലിക്കുന്ന കമാനങ്ങളും ഹറമിന്റെ മുറ്റത്ത് തണല്‍ നല്‍കാന്‍ 400 ലധികം കൂറ്റന്‍ കുടകളും 5000ത്തോളം കാറുകള്‍ക്കു ഒരേസമയം താഴെ പാര്‍ക്കു ചെയ്യാനുള്ള സംവിധാനവുമെല്ലാം ഇന്ന് പ്രവാചക പള്ളിക്കുണ്ട്. 41 വാതിലുകളാണ് മസ്ജിദുന്നബവിയില്‍. നബി(സ)ക്ക് സലാം പറയാന്‍വേണ്ടി പ്രവേശിക്കുന്ന മുന്‍വശത്ത് വലതു ഭാഗത്തുള്ള ബാബുസ്സലാമാണ് ഒന്നാം നമ്പര്‍ കവാടം. സലാം പറഞ്ഞ് പുറത്തിറങ്ങുന്നതു ബാബുല്‍ ബഖീഇലൂടെയാണ്. തൊട്ടടുത്തായി ബാബു ജിബ്രീല്‍, സ്ത്രീകളുടെ പ്രവേശന കവാടമായിരുന്ന ബാബുന്നിസാഅ് എന്നിവയും കാണാം.
1984 മുതല്‍ 1994 വരെ ഫഹദ് രാജാവിന്റെ ഭരണ കാലത്താണ് മസ്ജിദുന്നബവിയുടെ ഏറ്റവും ബൃഹത്തായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത്. 21-ാമത്തെ ഗെയ്റ്റ് അഥവാ കിംഗ് ഫഹദ് ഗെയിറ്റാണ് പള്ളിയുടെ പ്രധാന കവാടം. 10-ാം നമ്പര്‍ ഗെയ്റ്റുള്ള ഭാഗത്ത് പള്ളിക്കു മുകളില്‍ ബൃഹത്തായ ഒരു ലൈബ്രറിയും ബാബു ഉമറില്‍ ഗവേഷകര്‍ക്കുവേണ്ടിയുള്ള മ്യൂസിയവുമുണ്ട്. അബൂത്വല്‍ഹല്‍ അന്‍സ്വാരി വഖ്ഫ് ചെയ്ത ബിഅ്റുഹാ തോട്ടവും കിണറും ഉണ്ടായിരുന്ന സ്ഥലം പള്ളിക്കകത്ത് 21ാം ഗെയ്റ്റിനടുത്താണ്.
3. ഹദീഖതുല്‍ ബൈഅ
മസ്ജിദുന്നബവിയുടെ മുറ്റം കഴിഞ്ഞ് പുറത്ത് പടിഞ്ഞാറു വശത്ത് ഇപ്പോഴും പൂക്കളും മരങ്ങളും നിറഞ്ഞു കാണുന്ന തോട്ടമാണിത്. 'സത്യപ്രതിജ്ഞ നടന്ന തോട്ടം' എന്നാണിതിന്റെഅര്‍ഥം. 'ഹദീഖതു സഖീഫതു ബനീ സാഇദ' എന്നും ഇതറിയപ്പെടുന്നു. നബി(സ) മരണപ്പെട്ടപ്പോള്‍ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഒന്നാമത്തെ അധിപതിയായി അബൂബക്കര്‍ സിദ്ദീഖി(റ)നെ തെരഞ്ഞെടുക്കാന്‍ അന്‍സ്വാറുകളും മുഹാജിറുകളും ഒത്തുചേര്‍ന്ന തോട്ടമാണിത്. അദ്ദേഹത്തെ തെരഞ്ഞെടുത്ത് ബൈഅത്ത് ചെയ്ത് രണ്ട് നാളുകള്‍ക്കു ശേഷമാണ് നബി(സ)യുടെ മയ്യിത്ത് സഹാബികള്‍ ഖബറടക്കിയത്. ഇസ്ലാമിനു ഏക നേതൃത്വമുണ്ടാകേണ്ടതിന്റെ പ്രാധാന്യം സന്ദര്‍ശകര്‍ക്ക് പകര്‍ന്നു നല്‍കുന്നതിന് വേണ്ടി ഈ സ്ഥലം ഇപ്പോഴും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതെ അതേപടി നിലനിര്‍ത്തിയിരിക്കുകയാണ്. മലിക് അബ്ദുല്‍ അസീസ് ലൈബ്രറിക്കു സമീപമാണ് ഈ തോട്ടം.
അടുത്ത കാലത്ത് ഈ ഭാഗത്ത് ഈത്തപ്പനത്തടികളില്‍ റാന്തല്‍വിളക്ക് സ്ഥാപിച്ചുകൊണ്ട് തീര്‍ത്ത മതിലില്‍ സൂഖു മദീനതില്‍ ഖദീം എന്ന് രേഖപ്പെടുത്തിയത് കാണാം. പ്രവാചക(സ)ന്റെ കാലത്ത് ഇവിടെയായിരുന്നു കച്ചവടമാര്‍ക്കറ്റ്. വഞ്ചനയും ചതിയുമില്ലാത്ത ഇസ്ലാമിക കമ്പോള സംസ്കാരം വളര്‍ന്നു പരിലസിച്ച സ്ഥലം. നേരത്തെ ജൂത മാര്‍ക്കറ്റായിരുന്നു ഇത്.
4. മസ്ജിദുല്‍ ഗമാമ
ഹദീഖതുല്‍ ബൈഅയില്‍നിന്ന് ഹറമിന്റെ മുന്‍വശത്തേക്കു പുറത്തുകൂടി നേരെ നീങ്ങിയാല്‍ മറ്റൊരു പുരാതന പള്ളിയിലെത്തിച്ചേരും -മസ്ജിദുല്‍ ഗമാമ. നബി(സ) പെരുന്നാള്‍ നമസ്കാരവും മഴക്കുവേണ്ടിയുള്ള നമസ്കാരവും ഹറമിന്നു പുറത്ത് ഈ ഭാഗത്തുവെച്ചായിരുന്നു നിര്‍വഹിച്ചിരുന്നത്. അതിനാല്‍ പണ്ടു ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം 'മൈദാനുല്‍ മുസ്വല്ല' എന്ന പേരില്‍ അറിയപ്പെട്ടു. ഒരിക്കല്‍ നബി(സ) മഴയ്ക്കുവേണ്ടി നമസ്കരിച്ച ഉടന്‍ ആകാശം മേഘാവൃതമായി; തുടര്‍ന്ന് നല്ല മഴയും. അതിനാലാണ് പില്‍കാലത്ത് ആ സ്ഥലത്ത് നിര്‍മിക്കപ്പെട്ട പള്ളിക്കു മേഘം, മഴ എന്നെല്ലാം അര്‍ഥം വരുന്ന മസ്ജിദുല്‍ ഗമാമ എന്നുപേര്‍ വന്നത്.
5. ബഖീഉല്‍ ഗര്‍ഖദ്
ഇനി മസ്ജിദുന്നബവിയുടെ മുന്‍വശത്തെ മാര്‍ബിളിട്ട മുറ്റത്തുകൂടി, അതായത് ഇമാമിന്റെ മിഹ്റാബും പ്രവാചക ഖബ്റും നമ്മുടെ ഇടതുവശത്താക്കി മുന്നോട്ടു നടക്കാം. അപ്പോള്‍ അകലെ കാണുന്ന കുറ്റന്‍ മതില്‍ക്കെട്ടിനകത്താണ് മദീനയിലെ പ്രമുഖ ഖബറിസ്ഥാന്‍ (ബഖീഉല്‍ ഗര്‍ദഖ്) സ്ഥിതി ചെയ്യുന്നത്. ഇതിന് സാധാരണ ജന്നത്തുല്‍ ബഖീഅ എന്നാണ് പറയാറുള്ളതെങ്കിലും, ബഖീഉല്‍ ഗര്‍ഖദ് എന്നാണ് നബിവചനത്തില്‍ വന്ന ശരിയായ പ്രയോഗം. ഒരുതരം മുള്‍ചെടിയാണ് ഗര്‍ഖദ്. അവയുണ്ടായിരുന്ന സ്ഥലം എന്നര്‍ഥത്തിലാണ് ഈ പേര്. ഈ ഖബറിസ്ഥാനിലാണ് ഖദീജ(റ), മൈമൂന(റ) എന്നിവരൊഴികെ ബാക്കി എല്ലാ പ്രവാചക പത്നിമാരെയും ഖബ്റടക്കിയിട്ടുള്ളത്. മൂന്നാം ഖലീഫ ഉസ്മാന്‍(റ), അബ്ബാസ്(റ), നബിയുടെ മകള്‍ ഫാത്വിമ(റ), നബിയുടെ അമ്മായി സ്വഫിയ്യ(റ), നബി(സ)ക്ക് മുലയൂട്ടിയ ഹലീമ(റ), നാല് മദ്ഹബീ ഇമാമുകളുടെ കൂട്ടത്തിലെ ഇമാം മാലികുബ്നു അനസ്, അദ്ദേഹത്തിന്റെ ഗുരുവര്യന്‍ ഇമാം നാഫിഅ് തുടങ്ങി അനേകം പ്രമുഖര്‍ അന്ത്യവിശ്രമം കൊള്ളുന്നതും ഇവിടെ തന്നെ. മദീനയില്‍ മരണപ്പെടുന്ന സ്വദേശികളെയും വിദേശികളെയും ഇവിടെയാണ് ഇപ്പോഴും അടക്കം ചെയ്യുന്നത്. സുബ്ഹിക്കും അസ്വറിനും ശേഷം ഖബര്‍ സന്ദര്‍ശിക്കാന്‍ പുരുഷന്മാര്‍ക്കു ഇതിന്നകത്തേക്കു പ്രവേശനമുണ്ട്. കെട്ടിപ്പൊക്കിയ നിലയില്‍ ഒറ്റ ഖബ്റും ഇതിന്നകത്തില്ല. ഇസ്ലാമിക സമ്പ്രദായപ്രകാരമുള്ള സാധാരണ ഉയരമേ ഈ മഹാ വ്യക്തിത്വങ്ങളുടെ ഖബ്റുകള്‍ക്കുള്ളൂ.
6. ഉഹ്ദ് മലയും
രണാങ്കണവും
ഹറമും പരിസരവും പിന്നിട്ട് മദീനയുടെ ചുറ്റുവട്ടങ്ങളിലേക്കാണ് അടുത്ത യാത്ര. മുന്നില്‍ ഉഹ്ദ് രണാങ്കണം. ഹിജ്റ 3-ാം വര്‍ഷം നടന്ന ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ യുദ്ധമാണല്ലോ ഉഹ്ദ്. ആദ്യയുദ്ധം മദീനയില്‍നിന്ന് ഏകദേശം 155 കി.മീ അകലെ ബദ്റില്‍ നടന്നു (അവിടേക്ക് ഇപ്പോള്‍ തീര്‍ഥാടകര്‍ക്കു പ്രവേശനം നല്‍കാറില്ല). ബദ്റില്‍ 313 സ്വഹാബികള്‍ ആയിരത്തിലധികം വരുന്ന ശത്രുക്കളെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരം വീട്ടാനാണ് അടുത്ത വര്‍ഷം 3000ത്തിലധികം ഖുറൈശികള്‍ വിശ്വാസികളുടെ തട്ടകത്തേക്കു പുറപ്പെട്ടത്. ശത്രുക്കളെ എങ്ങനെ നേരിടണമെന്ന് നബി(സ) മസ്ജിദുന്നബവിയില്‍ വെച്ച് സ്വഹാബികളുമായി കൂടിയാലോചിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദുന്നബവിയില്‍നിന്ന് ഏകദേശം നാല് കി.മീ. മാത്രം അകലെയുള്ള ഉഹ്ദ് മലയുടെ താഴ്വാരത്തേക്ക് നബിയും സ്വഹാബികളും പുറപ്പെട്ടത്.
അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട മലകളിലൊന്നാണ് ഉഹ്ദ്. ഏകദേശം 8 കി.മീ നീളവും ചിലയിടങ്ങളില്‍ രണ്ട് കി.മീ വീതിയുമുള്ള കൂറ്റന്‍മല. ഉഹ്ദ് മല ഹദീസില്‍ നിരവധി തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ നബി(സ) പറഞ്ഞു; "നമ്മെ സ്നേഹിക്കുന്ന മലയാണ് ഉഹ്ദ്. നാം ഉഹ്ദിനെയും സ്നേഹിക്കുന്നു.'' സ്വര്‍ഗത്തിലെ മലകളിലൊന്നാണ് ഉഹ്ദ് എന്നും പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. മറ്റു മലകളില്‍നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്നതിനാലാണ് ഈ മലയ്ക്ക് ഉഹ്ദ്(ഒറ്റപ്പെട്ടത്) എന്ന പേരു വന്നത്.
നബി(സ)യോടൊപ്പം 1000 പേരാണ് ഉഹ്ദ് യുദ്ധത്തിനു പുറപ്പെട്ടത്. ഇതില്‍ 300 പേര്‍ അവസരവാദികളായ കപടന്മാരായിരുന്നു. അവര്‍ അബ്ദുല്ലാഹിബ്നു സുലൂലിന്റെ നേതൃത്വത്തില്‍ വഴിയില്‍വെച്ച് തിരിച്ചുപോന്നു. ബാക്കി 700 വിശ്വാസികളാണ് ഉഹ്ദ് ലക്ഷ്യമാക്കി നീങ്ങിയത്. ഉഹ്ദ് മലയുടെ മുമ്പിലുള്ള മറ്റൊരു ചെറിയ മലയാണ് ജബലുര്‍റുമാത്. ജബലു ഐനൈന്‍ എന്നാണ് ഇതിന്റെ ആദ്യ പേര്. യുദ്ധക്കളത്തിലെ തന്ത്രപ്രധാന സ്ഥലമായതിനാല്‍ അസ്ത്രവിദ്യക്കാരായ 50 സ്വഹാബികളെ അബ്ദുല്ലാഹിബ്നു ജുബൈറി(റ)ന്റെ നേതൃത്വത്തില്‍ സേനാനായകന്‍ കൂടിയായ നബി(സ) ഈ മലയ്ക്കു മുകളില്‍ കാവല്‍ക്കാരായി നിശ്ചയിച്ചു. ശത്രു ഏത് ഭാഗത്തുകൂടി ആക്രമണം നടത്തിയാലും അവരെ അമ്പെയ്തു വീഴ്ത്തുക എന്നതായിരുന്നു ഇവരുടെ ചുമതല. യുദ്ധത്തില്‍ മുസ്ലിംകള്‍ പരാജയപ്പെട്ട് അവരുടെ തലകള്‍ പക്ഷികള്‍ കൊത്തിക്കൊണ്ടു പോയാലും, തന്റെ അനുവാദം ലഭിക്കുന്നതിനു മുമ്പ് മലയില്‍നിന്ന് ഇറങ്ങിപ്പോകരുതെന്ന നബി(സ) അവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. യുദ്ധം തുടങ്ങി അധികം കഴിയുന്നതിനു മുമ്പ് തന്നെ വിശ്വാസികള്‍ ശത്രുക്കളെ തുരത്തിയോടിച്ചു. അടര്‍ക്കളത്തില്‍ അവര്‍ ഇട്ടേച്ചുപോയ യുദ്ധമുതലുകള്‍(ഗനീമത്ത്) ശേഖരിക്കുന്നതിലായി പിന്നീട് വിശ്വാസികളുടെ ശ്രദ്ധ. ഇതു കണ്ടപ്പോള്‍ ജബലുര്‍റുമാതിന് മുകളില്‍ നിര്‍ത്തിയ സ്വഹാബികളില്‍ 40ഓളം പേര്‍ തങ്ങള്‍ക്കും ഗനീമത് സ്വത്തുക്കള്‍ ശേഖരിക്കാനായി മലയില്‍നിന്ന് താഴോട്ടിറങ്ങി. പ്രവാചകന്റെ അനുവാദമില്ലാതെയായിരുന്നു ഈ മലയിറക്കം. ശത്രുക്കള്‍ ഈ അവസരം മുതലെടുത്ത് ജബലുര്‍റുമാതിന് പിറകിലൂടെ വന്ന് യുദ്ധമുതലുകള്‍ ശേഖരിച്ചുകൊണ്ടിരുന്ന വിശ്വാസികള്‍ക്കുമേല്‍ പിറകില്‍നിന്ന് കനത്ത ആക്രമണം നടത്തി. വിശ്വാസികള്‍ക്കു പ്രതിരോധിക്കാന്‍ സാധിച്ചില്ല. അങ്ങനെയാണ് എന്നത്തെയും വിശ്വാസികള്‍ക്ക് ഒട്ടേറെ പാഠങ്ങള്‍ നല്‍കി ഉഹ്ദിലെ പരാജയം സംഭവിച്ചത്. 70 പ്രഗത്ഭ സ്വഹാബികള്‍ ഈ യുദ്ധത്തില്‍ രക്തസാക്ഷികളായി. ഹംസ(റ), മിസ്അബ്ബ്നു ഉമൈര്‍(റ), അബ്ദുല്ലാഹിബ്നു ജഹ്ശ്(റ) എന്നിവര്‍ അവരില്‍ പ്രധാനികളാണ്.
നബി(സ) മദീനയിലെത്തുന്നതിനു മുമ്പുതന്നെ മദീനക്കാര്‍ക്ക് ഇസ്ലാമും ഖുര്‍ആനും പഠിപ്പിക്കാന്‍ വേണ്ടി പ്രവാചകന്‍(സ) അയച്ച മദീനയിലെ ദൌത്യവാഹകന്‍ കൂടായിയിരുന്നു മിസ്്അബ്(റ). മക്കയില്‍ ഏറ്റവും ധനികനായി ജീവിച്ച വ്യക്തിത്വം. അവസാനം ദൈവമാര്‍ഗത്തില്‍ ശഹീദായപ്പോള്‍ അദ്ദേഹത്തിന്റെ മയ്യിത്ത് മുഴുവനായി പൊതിയാന്‍ വലിപ്പമുള്ള ഒരു തുണിപോലും ഉണ്ടായിരുന്നില്ല. ഉള്ള തുണികൊണ്ട് അദ്ദേഹത്തിന്റെ തലഭാഗം പൊതിഞ്ഞ് കാലിന്റെഭാഗം ഉഹ്ദ് മലയില്‍നിന്ന് പറിച്ചെടുത്ത 'ഇദ്ഖിര്‍' എന്ന പുല്ലുകൊണ്ടാണ് കഫന്‍ ചെയ്തത്. ഉദാത്തമായ സമര്‍പ്പണത്തിന്റെ ആള്‍രൂപമായിരുന്ന മിസ്അബിനെ ഒരു ഖബ്റിലും ഹംസ(റ), അദ്ദേഹത്തിന്റെ സഹോദരി പുത്രന്‍ അബ്ദുല്ലാഹിബ്നു ജഹ്ശ്(റ) എന്നിവരെ മറ്റൊരു ഖബ്റില്‍ ഒന്നിച്ചുമാണ് ഖബ്റടക്കിയത്. ആ 3 പേരാണ് ഇവിടെയുള്ള കെട്ടിനകത്തു കാണുന്ന രണ്ട് ഖബറുകളില്‍ അന്ത്യവിശ്രമം കൊള്ളുന്നത്. ബാക്കി 67 ശുഹദാക്കളെ ഇതേ കെട്ടിന്നകത്ത് ഒന്നിച്ച് മറമാടിയെന്നും, അതല്ല ബഖീഇലാണ് അവരെ മറമാടിയതെന്നും രണ്ടഭിപ്രായം ഉണ്ട്. ഇവര്‍ക്ക് സലാം പറയാനും പ്രാര്‍ഥിക്കാനും വേണ്ടിയാണ് സന്ദര്‍ശകര്‍ ഇവിടെ എത്തുന്നത്. ബഖീഇലെ പോലെ, ഖബ്ര്‍ കാണുമ്പോള്‍ ചെല്ലേണ്ട പ്രാര്‍ഥന ഇവിടെയും ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. ഹംസ(റ)യുടെ പേരില്‍ പില്‍കാലത്ത് ഉഹ്ദില്‍ നിര്‍മിക്കപ്പെട്ട പള്ളിയും തൊട്ടടുത്തുണ്ട്. നബിയെ സംരക്ഷിക്കാന്‍ വേണ്ടി ഉഹ്ദില്‍ ആയുധമെടുത്ത് പോരാടിയ സ്വഹാബി വനിത ഉമ്മു ഉമാറ(റ), സ്വര്‍ഗത്തിന്റെ വാസന അനുഭവിച്ച് മണിയറയില്‍ പ്രിയതമയെ ഒറ്റക്കാക്കി അടര്‍കളത്തിലെത്തി വീരമൃത്യു വരിച്ച ഹന്‍ളല(റ) എന്നിവരും ഉഹ്ദില്‍ സ്മരിക്കപ്പെടുന്ന പ്രമുഖ സ്വഹാബികളാണ്.
(തുടരും)