>>അഭിമുഖം
'എല്ലാ ഇന്ത്യക്കാരെയും ഉള്‍ക്കൊള്ളുന്നതാകണം രാഷ്ട്രീയ പ്രസ്ഥാനം'
അലി അല്‍ഖുര്‍റദാഗി/അസ്ഹര്‍ പുള്ളിയില്‍
അന്താരാഷ്ട്ര പണ്ഡിതസഭ സെക്രട്ടറി ജനറല്‍ എന്ന നിലക്ക് ഇന്ത്യന്‍ ജനതയോട്, പ്രത്യേകിച്ചും ഇന്ത്യന്‍ മുസ്ലിംകളോട് പണ്ഡിതസഭക്ക് പറയാനുള്ളത്?
ലോക സംസ്കാരത്തിലെ ഏറ്റവും പൌരാണികവും ശ്രദ്ധേയവുമായ രാജ്യം എന്ന നിലക്ക് ഇന്ത്യയെയും ലോകത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷം എന്ന നിലക്ക് ഇന്ത്യന്‍ മുസ്ലിംകളെയും അന്താരാഷ്ട്ര പണ്ഡിതസഭ നന്നായി പരിഗണിക്കാറുണ്ട്. ഇസ്ലാമിക രാജ്യങ്ങളുമായി കാലഘട്ടങ്ങളിലൂടെ വളര്‍ന്ന ശക്തമായ ബന്ധമാണ് ഇന്ത്യ പുലര്‍ത്തിപ്പോരുന്നത്. ഇന്ത്യയിലെ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മുസ്ലിം ന്യൂനപക്ഷങ്ങളെയും അന്താരാഷ്ട്ര പണ്ഡിതസഭ ഗൌനിക്കാറുണ്ട്. ഇന്തോനേഷ്യ കഴിച്ചാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ വസിക്കുന്ന രാജ്യമാണ് ഇന്ത്യ.
ലോകത്തെ വിവിധ ന്യൂനപക്ഷങ്ങളോട് പണ്ഡിതസഭയുടെ ആഹ്വാനം?
ന്യൂനപക്ഷങ്ങളോട് പ്രത്യേകിച്ച് പണ്ഡിതസഭക്ക് ആവശ്യപ്പെടാനുള്ളത് ചില സുപ്രധാന കാര്യങ്ങളാണ്. ഒന്നാമതായി, അവര്‍ സമാധാനത്തിന്റെ പാത കൈവിട്ട് തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും നീങ്ങരുത്. ന്യൂനപക്ഷങ്ങള്‍ തങ്ങള്‍ ജീവിക്കുന്ന രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കാന്‍ തയാറാവണം. രാഷ്ട്രനിയമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ അവര്‍ക്ക് വിവിധ മേഖലകളില്‍ ഉയരാനും വളരാനുമാവും. വിദ്യാഭ്യാസം, സംസ്കാരം, അവകാശ സംരക്ഷണം എന്നീ മേഖകലളില്‍ പ്രത്യേകിച്ചും. പൊതുജന പങ്കാളിത്തത്തോടെ മനുഷ്യാവകാശ വേദികള്‍ രൂപീകരിച്ച് അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തണം.
മുസ്ലിം സംഘടനകള്‍ക്കിടയില്‍ ഐക്യത്തിന് വേണ്ടി പരിശ്രമിക്കണമെന്നാണ് ന്യൂനപക്ഷങ്ങളോട് മൊത്തത്തിലും, ഇന്ത്യന്‍ മുസ്ലിംകളോട് പ്രത്യേകിച്ചും എനിക്ക് ആവശ്യപ്പെടാനുള്ള മറ്റൊരു കാര്യം. ന്യൂനപക്ഷ രാജ്യങ്ങളിലെ മുസ്ലിംകളുടെ ഐക്യം ലക്ഷ്യമാക്കി അന്താരാഷ്ട്ര പണ്ഡിതസഭ മുന്‍കൈയെടുത്ത് ഖത്തറില്‍ ത്രിദിന സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഐക്യപ്പെടാനാവില്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ദുര്‍ബലരായിത്തീരും. നമ്മുടെ ഛിദ്രത മറ്റുള്ളവര്‍ മുതലെടുക്കുകയും ചെയ്യും. ഐക്യം ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ അനിവാര്യവും നിര്‍ബന്ധവുമാണ്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കാവട്ടെ അത് നിര്‍ബന്ധത്തിനും ഉപരിയായ ഘടകമാണ്. ഭിന്നിച്ചാല്‍ നാം തന്നെ ഇല്ലാതാവും. ഛിദ്രതയില്‍ നിന്ന് നമുക്കൊന്നും നേടാനാവില്ല.
വൈജ്ഞാനികവും സാംസ്കാരികവും നാഗരികവും രാഷ്ട്രീയവുമായി ശക്തിപ്രാപിക്കുകയാണെങ്കില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് അവരുടെ ലക്ഷ്യം നേടാനാവും. ഭദ്രമായ കാല്‍വെപ്പുകളാണ് ഈ രംഗത്ത് ആവശ്യമായിട്ടുള്ളത്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് ധാരാളം സാധ്യതകളുണ്ട്. ഇന്ത്യന്‍ മുസ്ലിംകള്‍ ഇപ്പോഴും അവരുടെ അവകാശങ്ങള്‍ പൂര്‍ണമായി നേടിയെടുത്തിട്ടില്ല. 15 ശതമാനം മുസ്ലിംകളുള്ള രാജ്യത്ത് ഭരണതലത്തില്‍ അവരുടെ പങ്കാളിത്തം വെറും നാമമാത്രമാണ്. വിദ്യാഭ്യാസ രംഗത്ത് മുസ്ലിംകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വിഹിതം അവരര്‍ഹിക്കുന്നതിനേക്കാള്‍ എത്രയോ കുറവാണ്. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കാതെ തന്നെ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് തന്നെ ഇന്ത്യന്‍ മുസ്ലിംകളെ വൈജ്ഞാനികമായി വളര്‍ത്തിക്കൊണ്ട് വരേണ്ടതുണ്ട്. നാഗരികതയുടെ താക്കോല്‍ വിജ്ഞാനമാണ്. വിജ്ഞാനത്തിന്റെ താക്കോലാവട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്. രാഷ്ട്രത്തിന്റെ ഫണ്ട് ഉപയോഗിച്ച് സ്കൂളുകളും സര്‍വകലാശാലകളും സ്ഥാപിക്കേണ്ടതുണ്ട്. അജ്ഞതയും നിരക്ഷരതയും മറികടക്കാനായില്ലെങ്കില്‍ അവ നമുക്ക് അപകടം വരുത്തിവെക്കും. പരിശുദ്ധ ഖുര്‍ആനിലെ ആദ്യ സൂക്തം അവതരിച്ചത് വിജ്ഞാനത്തിന് പ്രേരിപ്പിച്ചുകൊണ്ടല്ലേ?
തുര്‍ക്കി പോലുള്ള മുസ്ലിം ലോക പരീക്ഷണത്തിന്റെ വെളിച്ചത്തില്‍, ഇന്ത്യയിലെ പുതിയ രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം?
മുസ്ലിംകള്‍ രാഷ്ട്രീയ മേഖലയിലേക്ക് പ്രവേശിക്കുന്നത് വികസന മുഖമുള്ള, പൊതുജന താല്‍പര്യം മുന്‍ നിര്‍ത്തിയുള്ള പാര്‍ട്ടികളിലൂടെയായിരിക്കണം. മുസ്ലിം താല്‍പര്യത്തിന് വേണ്ടി മാത്രമായി പാര്‍ട്ടി രൂപവത്കരിക്കരുത്. രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നത് വിഭാഗീയത ഉദ്ദേശിച്ചാവരുത്. തുര്‍ക്കിയിലെ എ.കെ പാര്‍ട്ടിയുടെ പേരു പോലും ഇതിന് ഉദാഹരണമാണ്. പരിഷ്കരണവും വികസനവുമാണ് അവരുടെ മുഖമുദ്ര. ഇസ്ലാമിക പേരുകളില്‍ രൂപപ്പെടുന്നതെന്തും ഇന്ന് ജനങ്ങള്‍ മുന്‍വിധിയോടെയാണ് വീക്ഷിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അത് മുസ്ലിംകളുടെ മാത്രം പാര്‍ട്ടിയാവരുത്. മറിച്ച് എല്ലാ ഇന്ത്യക്കാരനെയും ഉള്‍ക്കൊള്ളാന്‍ അതിന് കഴിയണം.
എന്റെ ഇതുവരെയുള്ള പഠനമനുസരിച്ച് ജൂതന്മാര്‍ക്ക് ഇന്നുവരെ പടിഞ്ഞാറന്‍ രാജ്യങ്ങളിലോ പൌരസ്ത്യ ദേശത്തോ സ്വന്തം പേരില്‍ ഒരു പാര്‍ട്ടിയില്ല. മറിച്ച് മറ്റു പാര്‍ട്ടികളില്‍ അവര്‍ സജീവ സാന്നിധ്യമാണ്. ഉദാഹരണത്തിന്, ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയില്‍ മത്സരിച്ച രണ്ട് പേരും ജൂതന്മാരാണ്. സ്വതന്ത്രമായ പേരുകളില്‍ ജൂതന്മാരാണ് പടിഞ്ഞാറിനെ ഭരിച്ചുകൊണ്ടിരിക്കുന്നത്. തികഞ്ഞ ആസൂത്രണത്തിലൂടെയാണ് അവര്‍ ഭരണത്തിലെത്തുന്നത്.
മറിച്ച് മറ്റൊരു അനുഭവം പറയാം. ബ്രിട്ടനില്‍ തന്നെയുള്ള ഒരു മുസ്ലിം സഹോദരന്‍ പാര്‍ട്ടിക്ക് രൂപം നല്‍കി. ഇസ്ലാമിക് പാര്‍ലമെന്റ് എന്നാണ് പാര്‍ട്ടിക്ക് പേര് നല്‍കിയത്. ഞാന്‍ ആ സഹോദരനോട് പറഞ്ഞു: "ഞങ്ങള്‍ മുസ്ലിം രാജ്യങ്ങളുടെ ചക്രവാളത്തിലെവിടെയും ഇസ്ലാമിക് പാര്‍ലമെന്റ് രൂപീകരിച്ചിട്ടില്ല. എന്നിട്ട് താങ്കള്‍ ന്യൂനപക്ഷ രാജ്യത്ത് ഏകാംഗമായിരിക്കെ ബ്രിട്ടനില്‍ ഇസ്ലാമിക് പാര്‍ലമെന്റ് രൂപീകരിക്കാന്‍ ശ്രമിക്കുന്നുവോ?''
പാര്‍ട്ടിയുടെ പേരില്‍ പോലും മനുഷ്യത്വപരമായ സമീപനം നിഴലിക്കണം. മാനുഷിക ചായ്വുള്ള സമീപനങ്ങളാണ് മാറ്റത്തിന്റെ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കുന്നത് എന്നാണ് ഇബ്നുല്‍ അറബി എന്ന പണ്ഡിതന്‍ പറഞ്ഞിട്ടുള്ളത്.
ഇന്ത്യന്‍ മുസ്ലിംകളോടുള്ള ഉപദേശം?
മൂന്ന് ഗുണങ്ങളുള്ളവരായിരിക്കണം നിങ്ങള്‍. നിങ്ങളില്‍ ഓരോരുത്തരും ഹാദിഅ് (ശാന്ത പ്രകൃതക്കാരന്‍), ഹാദി (സന്മാര്‍ഗി), ഹാദിഫ് (ലക്ഷ്യബോധമുള്ളവന്‍) ആയിരിക്കണം. ഹാദിഅ് അഥവാ ശാന്തപ്രകൃതക്കാരന്‍ ഒരിക്കലും പ്രകോപിതനാവില്ല. തീവ്രവാദിയാകില്ല. അവന്റെ വ്യക്തിപരവും സാമൂഹികവുമായ ചലനങ്ങളില്‍ അവന്‍ ഭദ്രമായ കാഴ്ചപ്പാടുള്ളവനായിരിക്കും. ഹാദി (സന്മാര്‍ഗി) എന്നതിന് ഖുര്‍ആന്റെ വെളിച്ചത്തില്‍ ഇമാം ശാഫിഈ പറഞ്ഞ രണ്ട് അര്‍ഥമുണ്ട്. ഒന്ന് സ്വയം സന്മാര്‍ഗം ഉള്‍ക്കൊള്ളുക. മറ്റൊന്ന് തന്റെ ചുറ്റുമുള്ള ജനങ്ങള്‍ക്ക് സന്മാര്‍ഗം കാണിക്കുന്നവനാവുക.
മൂന്നാമത്തേത് “ഹാദിഫ്’ അഥവാ ലക്ഷ്യബോധമുള്ളവനാവുക എന്നതാണ്. അവന്റെ എല്ലാ ചലനങ്ങളും ലക്ഷ്യത്തിലേക്കുള്ളതായിരിക്കും. അവന്‍ എഴുതുന്നതും പറയുന്നതും ലക്ഷ്യത്തിന് വേണ്ടിയായിരിക്കും. അല്ലാഹുവിന്റെ തൃപ്തി അവന്റെ പരമമായ ലക്ഷ്യവുമായിരിക്കും.