>>ദേശീയം
വിഷന്‍ 2016: ആസാമില്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു
വിഷന്‍ 2016-ന്റെ കീഴിലുള്ള ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ ആസാമില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ന്യൂനപക്ഷ സമുദായങ്ങളും ബോര്‍ഡ് പരീക്ഷയില്‍ 60 ശതമാനത്തിലധികം മാര്‍ക്ക് നേടിയവരുമായ 300 പേരെയാണ് അനുമോദിച്ചത്. ഓരോ വിജയിക്കും ആയിരം രൂപയും സര്‍ട്ടിഫിക്കറ്റുകളും ഉപഹാരമായി നല്‍കി. മികച്ച പ്രകടനം നടത്തിയ മൂന്ന് ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പുരസ്കാരം നല്‍കി. ഹസ്രത്ത് ഉമര്‍ മോഡല്‍ അക്കാദമി-ഹൌളി, അല്‍ അമീന്‍ അക്കാദമി-ബദര്‍പൂര്‍, ജീവന്‍ ജ്യോതി ജാതീയ ബിദ്യാലയബാര്‍പേട്ട എന്നീ സ്കൂളുകളാണ് പുരസ്കാരത്തിനര്‍ഹരായത്. ഗുഹാവത്തിയിലെ രബീന്ദ്ര ഭവനില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി ദേശീയ ഡെപ്യൂട്ടി അധ്യക്ഷനും ഹ്യൂമന്‍ വെല്‍ഫയര്‍ ഫൌണ്ടേഷന്‍ ജന. സെക്രട്ടറിയുമായ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ മുഖ്യാതിഥിയായിരുന്നു. ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ നിരാശാജനകമായ പ്രകടനം തിരുത്തപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ആസാം സംസ്ഥാന അമീറും ആസാം ഫലാഹ് സൊസൈറ്റി പ്രസിഡന്റുമായ ഷംസ് അഹ്മദ് അധ്യക്ഷനായിരുന്നു. ആസാം സംസ്ഥാന ആരോഗ്യ അണ്ടര്‍ സെക്രട്ടറി എ.എച്ച് ഖണ്ടാകര്‍, ഗുഹാവതി സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. രാമാനന്ദ ദാസ്, ബി.ബി കിഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാബ് നാഗ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മുസ്ലിം ലീഗ് തമിഴ്നാട് സമ്മേളനം
ഡിസംബര്‍ 11-ന്
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ തമിഴ്നാട് സംസ്ഥാന സമ്മേളനം വരുന്ന ഡിസംബര്‍ 11-ന് ചെന്നെയിലെ താമ്പരം റെയില്‍വെ മൈതാനത്ത് നടക്കും. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും മുന്‍ എം.പിയുമായ പ്രഫ. കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിക്കും. ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ ഇ. അഹ്മദ്, കേരള പ്രസിഡന്റ് ഹൈദറലി ശിഹാബ് തങ്ങള്‍, തമിഴ്നാട് ഉപമുഖ്യമന്ത്രി കെ.എം സ്റാലിന്‍, പി.കെ കുഞ്ഞാലിക്കുട്ടി, തമിഴ്നാട്ടിലെ മുസ്ലിം ലീഗ് എം.എല്‍.എമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിക്ക് സാമുദായിക സൌഹാര്‍ദ അവാര്‍ഡ് നല്‍കും. സമ്മേളനത്തിന് മുന്നോടിയായി ക്രോമെപേട്ടില്‍ നിന്നാരംഭിക്കുന്ന റാലിയില്‍ ഒരു ലക്ഷം പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. രാവിലെ നടക്കുന്ന സെഷനില്‍ സംസ്ഥാനത്തെ പതിനായിരത്തിലധികം മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ സംബന്ധിക്കും. ശരീഅ പഞ്ചായത്തുകള്‍ വഴിയുള്ള പ്രശ്ന പരിഹാരം, ഐക്യം, സാമുദായിക സൌഹാര്‍ദം എന്നിവ പരിഗണിച്ച് മികച്ച മൂന്ന് മഹല്ലുകള്‍ക്ക് അവാര്‍ഡ് നല്‍കും.
ആസാം: തെരഞ്ഞെടുപ്പിനു മുമ്പ് ന്യൂനപക്ഷ പ്രീണനം
അടുത്ത വര്‍ഷം തുടക്കത്തില്‍ നടക്കാനിരിക്കുന്ന 126 അംഗ ആസാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പാര്‍ട്ടികള്‍ ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 30 മില്യന്‍ വരുന്ന സംസ്ഥാന ജനസംഖ്യയില്‍ 30 ശതമാനം വരുന്ന മുസ്ലിംകള്‍ നിര്‍ണായക ശക്തിയാണ്. 40 മണ്ഡലങ്ങളിലെ വിധി നിര്‍ണയിക്കുന്നത് മുസ്ലിം വോട്ടുകളാണ്. ഇതിനു പുറമെ ചായത്തോട്ട തൊഴിലാളികള്‍, നേപ്പാളി കുടിയേറ്റക്കാര്‍, ചെറു വംശീയ ഗ്രൂപ്പുകള്‍ എന്നിവയും നിര്‍ണയാക ശക്തികളാണ്. 2001, 2006 ഇലക്ഷനുകളില്‍ പരാജയപ്പെട്ട ആസാം ഗണപരിഷത്ത് മുസ്ലിം വോട്ടുകള്‍ ആകര്‍ഷിക്കുന്നതിന് തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്.സ്ഥിരമായി മുസ്ലിം വോട്ടുകള്‍ നേടുന്ന കോണ്‍ഗ്രസ് സമുദായത്തിന് വഞ്ചന മാത്രമേ നല്‍കിയിട്ടുള്ളൂ എന്നാണ് എ.ജി.പിയുടെ പ്രചാരണം. എ.ജി.പിക്ക് പെട്ടെന്നുണ്ടായ ന്യൂനപക്ഷ പ്രേമം കപടമാണെന്നാണ് കോണ്‍ഗ്രസ് മറുപടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ കരസ്ഥമാക്കി എ.യു.ഡി.എഫ് ന്യൂനപക്ഷ വോട്ടുകള്‍ ഒറ്റക്ക് തന്നെ നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്. നാല് മില്യന്‍ വരുന്ന ചായത്തോട്ട തൊഴിലാളികള്‍ 32 മണ്ഡലങ്ങളില്‍ വിധിനിര്‍ണയിക്കാന്‍ പ്രാപ്തിയുള്ളവരാണ്. തങ്ങള്‍ക്ക് പട്ടിക വര്‍ഗ പദവി ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.
രക്തദാന ക്യാമ്പ്
മംഗലാപുരത്തിനടുത്ത് ബന്ദ്ഹലില്‍ ജമാഅത്തെ ഇസ്ലാമി ഘടകവും കെ.എം.സി ബ്ളഡ് ബാങ്കും ചേര്‍ന്ന് രക്തദാന ക്യാമ്പ് നടത്തി. 51 പേര്‍ രക്തദാനം നടത്തി. വിത്തല്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ കര്‍ണാടക പി.സി.സി മെമ്പര്‍ എം.എസ് മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് രാംനാഥ് വിത്തല്‍, പി.യു കോളേജ് പ്രിന്‍സിപ്പല്‍ വെങ്കട്ട് രമണ ഭട്ട്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എ. റഹ്മാന്‍, ജമാഅത്തെ ഇസ്ലാമി യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് സിദ്ദീഖ് ജാക്കിര്‍ ബേട്ടു തുടങ്ങിയവര്‍ സംബന്ധിച്ചു.