>>ലേഖനം
സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ ഹജ്ജ്
എ.കെ അബ്ദുന്നാസ്വിര്‍
അല്ലാഹുവിന്റെ വിളികേട്ട് 'സര്‍വസംഗപരിത്യാഗി'കളായി വിശ്വാസി ലക്ഷങ്ങള്‍ പരിശുദ്ധ മക്കയില്‍ സമ്മേളിച്ചിരിക്കുന്ന ചരിത്ര മുഹൂര്‍ത്തമാണിത്. ജനിച്ചത് മുതല്‍ അകക്കണ്ണ് കൊണ്ട് കണ്ടാനന്ദിക്കുകയും പ്രാര്‍ഥനയിലും ഉറക്കത്തിലും മുഖംതിരിച്ചുവെക്കുകയും ചെയ്ത പരിശുദ്ധ കഅ്ബയെ നേര്‍ക്കുനേര്‍ കണ്ട നിര്‍വൃതിയിലാണവര്‍. ആ നിര്‍വൃതി അനുഭവിച്ചറിയുക തന്നെ വേണം; പറഞ്ഞറിയിക്കാന്‍ വയ്യ!
ആര്‍ഭാടരഹിതവും ഉള്ള് പൊള്ളയുമായ ഈ ചതുരക്കട്ടക്ക് ചുറ്റുമാണ് ന്യൂക്ളിയസ്സിനു ചുറ്റും ആറ്റം കറങ്ങുന്നതുപോലെ ലോകം കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ നടക്കുന്ന നമസ്കാരങ്ങളില്‍ വിശ്വാസികള്‍ നിര്‍ബന്ധപൂര്‍വം മുഖം തിരിച്ചു നില്‍ക്കുന്നതും ഇങ്ങോട്ടുതന്നെ. ശില്‍പചാതുരിയും കരവിരുതുമല്ല 'കഅ്ബ'യെ ലക്ഷ്യസ്ഥാനവും പ്രിയങ്കരവുമാക്കുന്നത്, പ്രത്യുത അല്ലാഹുവിന്റെ ഭവനമെന്ന അതിന്റെ സ്ഥാനവും ഭൂമിയിലെ ആദ്യത്തെ പള്ളിയെന്ന പദവിയുമാണ്.
'അല്‍ ബൈത്തുല്‍ അതീഖ്' (ചിരപുരാതന ഭവനം), 'അല്‍ ബൈത്തുല്‍ ഹറാം' (പവിത്ര ഭവനം), 'കഅ്ബ', 'ഖിബ്ല' തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ ദൈവിക ഭവനമാണ് ഭൂമിയിലെ ആദ്യത്തെ പള്ളിയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പക്ഷേ, എപ്പോഴാണ് അതിന്റെ നിര്‍മാണം നടന്നതെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. മനുഷ്യ സൃഷ്ടിപ്പിന് മുമ്പ് അല്ലാഹുവിന്റെ കല്‍പന പ്രകാരം മലക്കുകളാണത് നിര്‍മിച്ചതെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ആദം നബിയാണ് നിര്‍മിച്ചതെന്ന് മറുവിഭാഗം പറയുന്നു. കാലാന്തരത്തില്‍ നാമാവശേഷമായ കഅ്ബ അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം പുനര്‍നിര്‍മിക്കുകയാണ് ഇബ്റാഹീം നബി ചെയ്തതെന്നാണ് ഈ വിഭാഗത്തിന്റെ വിശദീകരണം. പക്ഷേ, ഈ അഭിപ്രായത്തിന് പ്രാമാണിക പിന്‍ബലമില്ല. വിശുദ്ധ ഖുര്‍ആന്റെ വിശദീകരണമനുസരിച്ച് അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയുമാണ് കഅ്ബാലയം നിര്‍മിച്ചത്.
ഹജ്ജിന്റെ ത്വവാഫ് ഒഴിച്ചുള്ള കര്‍മങ്ങള്‍ക്ക് കഅ്ബയുമായി ബന്ധമില്ല. എങ്കിലും ഹജ്ജിന് ആ പേര് സിദ്ധിച്ചത് കഅ്ബയുമായി ബന്ധപ്പെട്ട് കൊണ്ടാണ്. "സാധിക്കുന്നവര്‍ ആ ഭവനം സന്ദര്‍ശിക്കുകയെന്നത് ജനങ്ങള്‍ക്ക് അല്ലാഹുവിനോടുള്ള ബാധ്യതയാണ്'' (ആലുഇംറാന്‍ 99) എന്നത്രെ ഖുര്‍ആന്റെ വിധി. കഅ്ബക്ക് വിശ്വാസികളുടെ ജീവിതത്തിലെന്നപോലെ ഹജ്ജ് കര്‍മത്തിലുമുള്ള സ്ഥാനമാണ് ഇവിടെ വ്യക്തമാവുന്നത്.
അല്ലാഹുവിന്റെ ചിഹ്നങ്ങള്‍
കഅ്ബക്ക് പുറമെ സഫാ, മര്‍വ, പവിത്ര മാസങ്ങള്‍, ബലിമൃഗം തുടങ്ങിയ ദൈവിക ചിഹ്നങ്ങളെക്കുറിച്ചും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവയോടുള്ള സ്നേഹാദരവുകള്‍ ദൈവഭക്തിയുടെ ഭാഗമാണ്. "അല്ലാഹു നിശ്ചയിച്ച ചിഹ്നങ്ങളെ വല്ലവരും ആദരിക്കുന്നുവെങ്കില്‍ അത് ഹൃദയങ്ങളുടെ ഭക്തിയാലത്രെ'' (ഹജ്ജ് 32). "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ ചിഹ്നങ്ങളെ അനാദരിക്കരുത്'' (അല്‍മാഇദ 2). ചിഹ്നങ്ങളോടുള്ള ഈ സ്നേഹ ബഹുമാനം ചിലര്‍ തെറ്റിദ്ധരിക്കുന്നത് പോലെ ബഹുദൈവ വിശ്വാസത്തിന്റെ അവശിഷ്ടങ്ങളല്ല, ദൈവത്തോടുള്ള സ്നേഹത്തിന്റെയും ഭക്തിയുടെയും കൊടിയടയാളങ്ങള്‍ മാത്രമാണ്. രാജ്യത്തോടുള്ള സ്നേഹത്തിന്റെയും കൂറിന്റെയും ഭാഗമായി ദേശീയ ഗാനം, ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവയെ ആദരിക്കുന്നത് പോലെ മാത്രമാണത്. ഹജറുല്‍ അസ്വദ് ചുംബിക്കുന്ന വേളയില്‍ ഉമര്‍(റ) പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക- നീ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വെറും കല്ലാണെന്ന് എനിക്കറിയാം. അല്ലാഹുവിന്റെ പ്രവാചകന്‍ നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല'' (മുസ്ലിം).
ഹജ്ജിന്റെ പ്രാധാന്യം
സാമ്പത്തികമായും ശാരീരികമായും കഴിവുള്ള, സുഗമവും സുരക്ഷിതവുമായ യാത്രാ സൌകര്യങ്ങളുള്ള, പ്രായപൂര്‍ത്തിയും വിവേകവുമുള്ള എല്ലാ വിശ്വാസികള്‍ക്കും ഹജ്ജ് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. എന്നാല്‍ കഴിവുകളൊത്തുവന്നാല്‍ പെട്ടെന്ന് തന്നെ അത് നിര്‍വഹിക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അബൂ ഹനീഫ, മാലിക്, അഹ്മദ് എന്നിവര്‍ ഉടനെ നിര്‍വഹിക്കണമെന്ന് പറയുമ്പോള്‍ ശാഫിഈയുടെ അഭിപ്രായം പിന്തിച്ചാല്‍ തെറ്റുകാരനാവില്ലെന്നാണ്. അതേസമയം അകാരണമായി പിന്തിക്കുകയും പിന്നെ മരണത്തിന് മുമ്പ് നിര്‍വഹിക്കാന്‍ പറ്റാതെ വരികയും ചെയ്താല്‍ തെറ്റുകാരനായിത്തീരുന്നതാണ്. ഇബ്നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: "ആരെങ്കിലും ഹജ്ജ് ഉദ്ദേശിച്ചാല്‍ വേഗം ചെയ്യട്ടെ. കാരണമവന്‍ രോഗിയായിത്തീരാനോ വാഹന സൌകര്യം ഇല്ലാത്തവനായിത്തീരാനോ ആവശ്യക്കാരനായിത്തീരാനോ സാധ്യതയുണ്ട'' (അഹ്മദ്, ബൈഹഖി). ഇബ്നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസ്: "നിങ്ങള്‍ ഹജ്ജ് വേഗം ചെയ്യുക. കാരണം നിങ്ങള്‍ക്ക് പിന്നീട് എന്തു സംഭവിക്കുമെന്ന് അറിയില്ല'' (അഹ്മദ്, ബൈഹഖി).
നേരത്തെ പറഞ്ഞ സൌകര്യങ്ങളും ഉപാധികളും പൂര്‍ത്തിയായവര്‍ ഹജ്ജ് അകാരണമായും അന്യായമായും നീട്ടിവെക്കുന്നത് ഗൌരവത്തിലെടുക്കേണ്ടതാണ്.
ഹജ്ജിന്റെ ശ്രേഷ്ഠതയും അളവറ്റ പ്രതിഫലവും വാഗ്ദാനം ചെയ്യുന്ന ധാരാളം ഹദീസുകളുണ്ട്. നബി(സ) അരുളി: "സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല'' (ബുഖാരി, മുസ്ലിം). "അശ്ളീലവും അധര്‍മവും പ്രവര്‍ത്തിക്കാതെ ആരെങ്കിലും ഹജ്ജ് ചെയ്താല്‍ പ്രസവിച്ചയുടനെയുള്ള കുട്ടിയുടെ നൈര്‍മല്യത്തോടെയായിരിക്കും അയാള്‍ തിരിച്ചെത്തുക'' (ബുഖാരി, മുസ്ലിം). നബിയോട് ആരോ ചോദിച്ചു: "ഏതു കര്‍മമാണ് ഏറ്റവും ഉത്തമം?'' അവിടുന്ന് പറഞ്ഞു: "അല്ലാഹുവിലും അവന്റെ പ്രവാചകനിലുമുള്ള വിശ്വാസം''. ശേഷം അവിടുന്ന് അരുളി: "അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ്'' "പിന്നെ?'' "സ്വീകാര്യമായ ഹജ്ജ്'' (ബുഖാരി).
ഇബാദത്തുകളെ ദിക്ര്‍ തസ്ബീഹുകള്‍ പോലെ വാചികമെന്നും നമസ്കാരം പോലെ ശാരീരികമെന്നും സകാത്ത് പോലെ സാമ്പത്തികമെന്നും നോമ്പ് പോലെ തിരസ്കാരവും വെടിയലുമെന്നും ഡോ. യൂസുഫുല്‍ ഖറദാവി വേര്‍തിരിക്കുന്നുണ്ട്. ഹജ്ജാകട്ടെ ഈ എല്ലാ ഇബാദത്തുകളുടെയും അംശങ്ങള്‍ കൂടിച്ചേര്‍ന്നതാണ്. ശാരീരിക ചലനങ്ങളും വിലക്കുകളും നിയന്ത്രണങ്ങളും സാമ്പത്തിക വ്യയവും കൂടിച്ചേര്‍ന്ന ഒരപൂര്‍വ ആരാധനയാണത്. സ്ഥലകാലങ്ങളുടെ പവിത്രത സമ്മേളിക്കുന്ന ഒരനുഷ്ഠാനം കൂടിയാണത്. പവിത്ര മാസങ്ങളില്‍ (അശ്ഹുറുല്‍ ഹുറും) പവിത്രമായ സ്ഥലത്ത് (ഹറം) നിര്‍വഹിക്കപ്പെടുന്ന കര്‍മം. ഒരുപക്ഷേ ഹജ്ജിന് വാഗ്ദാനം ചെയ്യപ്പെട്ട അളവറ്റ പ്രതിഫലത്തിന്റെ കാരണങ്ങള്‍ അതായിരിക്കും. "ഇമാം അബൂഹനീഫക്ക് ഹജ്ജ് നിര്‍വഹിക്കുന്നതുവരെ ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠമേതെന്ന കാര്യത്തില്‍ സംശയമായിരുന്നുവത്രെ. പക്ഷേ, ഹജ്ജ് നിര്‍വഹിച്ചതോടു കൂടി അതാണ് ഏറ്റവും ശ്രേഷ്ഠമെന്ന തീരുമാനത്തില്‍ എന്നദ്ദേഹം എത്തിച്ചേര്‍ന്നു'' (കശ്ശാഫ്). നബി(സ) ഹജ്ജിനെ ഏറ്റവും ശ്രേഷ്ഠമായ ജിഹാദെന്നും ചില ഹദീസുകളില്‍ വിശേഷിപ്പിക്കുന്നുണ്ട്. യാത്രാ താമസ ഭക്ഷണ കാര്യങ്ങളിലൊക്കെ വമ്പിച്ച സൌകര്യങ്ങള്‍ ഉണ്ടായിട്ടുള്ള ഈ കാലത്ത് പോലും ഹജ്ജ് ഒരു ജിഹാദായി അനുഭവപ്പെടാതിരിക്കില്ല. അങ്ങേയറ്റം ക്ഷമയും സഹനവും സമര്‍പ്പണവും ആവശ്യമുള്ള ആ കര്‍മം ശാരീരിക ക്ഷമതയുള്ള കാലത്ത് തന്നെ നിര്‍വഹിക്കാനാണ് ശ്രമിക്കേണ്ടത്.
ഹജ്ജിന്റെ പൊരുള്‍
ഇസ്ലാമിലെ മറ്റു ആരാധനകളെ അപേക്ഷിച്ച് വിശുദ്ധ ഖുര്‍ആന്‍ ഹജ്ജിനെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. നബി(സ) അതിന്റെ പ്രായോഗിക രൂപം കാണിച്ചുതന്നിട്ടുമുണ്ട്. മറ്റു ആരാധനകളെപ്പോലെ ദൈവഭക്തിയും ദൈവസ്മരണയും ഉണ്ടാക്കുകയാണ് ഹജ്ജ് കര്‍മങ്ങളുടെയും ലക്ഷ്യം. എന്നാല്‍ സാധാരണ മനുഷ്യബുദ്ധിക്കും യുക്തിക്കും വഴങ്ങാത്ത പല കര്‍മങ്ങളും ഹജ്ജില്‍ കണ്ടെത്താനാവും. അബുല്‍ ഹസന്‍ അലി നദ്വി എഴുതുന്നു: "ഹജ്ജ് അതിന്റെ സൂക്ഷ്മവും നിഗൂഢവുമായ അവസ്ഥയില്‍ പദാര്‍ഥത്തിന്റെയും ബുദ്ധിയുടെയും ആരാധകര്‍ക്കും ചിട്ടവട്ടങ്ങളുടെ തടവുകാര്‍ക്കും അപരിചിതവും സാമ്പ്രദായിക കാര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കാനും കേവല ദൈവകല്‍പനയെ അനുസരിക്കാനുമുള്ള ആഹ്വാനമാണത്. ബുദ്ധിയെ ഒരു നിശ്ചിത കാലത്തും സമയത്തും അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിവാക്കലും എപ്പോഴും എല്ലാ കാര്യങ്ങളിലും തെളിവും യുക്തിയും അന്വേഷിക്കുന്നതില്‍നിന്ന് ബുദ്ധിയെ അകറ്റിനിര്‍ത്തലുമാണത്'' (അര്‍കാനെ അര്‍ബഅ). അതെ, നീ വിധേയനാകൂ എന്ന് പറയുമ്പോള്‍ ഞാനിതാ വിനീത വിധേയനായിരിക്കുന്നുവെന്ന് പറഞ്ഞ (അല്‍ബഖറ 131) ഇബ്റാഹീം നബിയുടെ മാതൃക. സീമന്ത പുത്രനെ ബലിയറുക്കാന്‍ സ്വപ്നദര്‍ശനമുണ്ടാകുമ്പോഴേക്ക് കത്തിക്ക് മൂര്‍ച്ച കൂട്ടുന്ന സന്നദ്ധത; സമ്പൂര്‍ണ സമര്‍പ്പണം. അതാണ് ഹജ്ജ്.
ഇമാം ഗസ്സാലിയുടെ അഭിപ്രായം ഇങ്ങനെ വായിക്കാം. "ആവര്‍ത്തിച്ചുള്ള സഅ്യും ജംറയിലെ കല്ലേറും അത് പോലുള്ള കര്‍മങ്ങളും മനസ് ഉള്‍ക്കൊള്ളുന്നതോ ബുദ്ധിക്ക് അര്‍ഥം ഗ്രഹിക്കാവുന്നതോ അല്ല. അനുസരിക്കാന്‍ ബാധ്യസ്ഥമായ നിര്‍ബന്ധ ദൈവിക കല്‍പന നിറവേറ്റുകയെന്നതിലപ്പുറം ആ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ മറ്റൊരു പ്രേരകവും ഇല്ല.'' അദ്ദേഹം തുടരുന്നു: "കല്ലേറ് കൊണ്ട് അടിമത്തവും വിധേയത്വവും പ്രകടിപ്പിച്ചുകൊണ്ട് അല്ലാഹുവിന്റെ കല്‍പനക്ക് വഴിപ്പെടുക. ദൈവ കല്‍പന അനുസരിക്കുകയെന്നതിലപ്പുറം അവിടെ ബുദ്ധിക്ക് പ്രത്യേക സ്ഥാനമില്ല. അതോടൊപ്പം ഇബ്റാഹീം നബിയോട് സദൃശനാവുകയെന്നത് കൂടി ഉദ്ദേശിക്കുക'' (ഇഹ്യാ ഉലൂമിദ്ദീന്‍).
ഊര്‍ജസ്രോതസ്സ്
ആത്മീയതയെക്കുറിച്ച പരമ്പരാഗത സങ്കല്‍പവുമായി ഹജ്ജിലെ കര്‍മങ്ങളെ നിരീക്ഷിച്ചാല്‍ നിരാശയായിരിക്കും ഫലം. കഅ്ബ ലക്ഷ്യം വെച്ച് യാത്ര തിരിക്കുന്ന ഹാജിയുടെ ത്വവാഫൊഴിച്ചുള്ള ഒരു കര്‍മവും നടക്കുന്നത് കഅ്ബയുടെ ചാരത്തോ മസ്ജിദുല്‍ ഹറാമിലോ അല്ല. മിന, മുസ്ദലിഫ, അറഫ എന്നിവയെല്ലാം കഅ്ബയില്‍ നിന്നകലെയുള്ള തുറന്ന മൈതാനങ്ങളും മരുഭൂമിയുമാണ്. ജംറയിലെ കല്ലേറ് ഒഴിച്ചുനിര്‍ത്തിയാല്‍ പ്രത്യേകമായ ഒരനുഷ്ഠാനവും ഇവിടെ നിര്‍വഹിക്കപ്പെടുന്നില്ല. ദുല്‍ഹജ്ജ് 8-ന് മിനയിലേക്ക്. 9-ന് രാവിലെ അറഫയിലേക്ക്. മഗ്രിബോടെ മുസ്ദലിഫയിലേക്ക്. അവിടെ രാപ്പാര്‍ത്ത് ദുല്‍ഹജ്ജ് പത്തിന് വീണ്ടും മിനായിലേക്ക്. തുടര്‍ന്ന് ത്വവാഫിനു വേണ്ടി ഹറമിലേക്ക്. ഇബ്റാഹീം നബിയുടെ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന നിരന്തര ഒഴുക്ക്, ചലനം. ആ ഒഴുക്കില്‍ ഓരോ വിശ്വാസിയും ഞാനെന്ന ഭാവം വെടിഞ്ഞ് അലിഞ്ഞില്ലാതാവുന്നു. ബാഹ്യ നിരീക്ഷകന് അവിടെ വ്യക്തികളെ കാണാനാവില്ല. ജനസാഗരം മാത്രം. പക്ഷേ, ഓരോ വിശ്വാസിയും അല്ലാഹുവുമായി തനിച്ചാണവിടെ. തന്റെ സ്വകാര്യ ദുഃഖങ്ങള്‍ പങ്കുവെക്കുന്നു, സങ്കടങ്ങള്‍ ഇറക്കിവെക്കുന്നു, ആവശ്യങ്ങള്‍ സമര്‍പ്പിക്കുന്നു.പുതിയ ഊര്‍ജം ആവാഹിച്ച് ജീവിതത്തിന്റെ സമര മുഖത്തേക്ക് തിരിച്ചു പോകാനൊരുങ്ങുന്നു. ഡോ. യൂസുഫുല്‍ ഖറദാവി എഴുതുന്നു: "ഹജ്ജ് മുസ്ലിമിന് ഊര്‍ജം പകരുന്ന ഒരു വലിയ ആത്മീയ ബാറ്ററിയാണ്. അതവനില്‍ അല്ലാഹുവിനോടുള്ള ഭയഭക്തിയും സൂക്ഷ്മതയും അവനെ അനുസരിക്കാനുള്ള നിശ്ചയദാര്‍ഢ്യവും അവനെ ധിക്കരിക്കുമ്പോഴുള്ള ഖേദവും നിറക്കുന്നു. അല്ലാഹുവിനോടും പ്രവാചകനോടും, പ്രവാചകനെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും നബിക്കവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരോടുമുള്ള വൈകാരിക സ്നേഹവും അതവരില്‍ ഊട്ടിയുറപ്പിക്കുന്നു. വിവിധ ദേശക്കാരായ സ്വന്തം മതാനുയായികളോട് സാഹോദര്യ ബന്ധം ഉണ്ടാക്കുന്നു. അവന്റെ നെഞ്ചില്‍ ദീനിനോടുള്ളആവേശവും അതിന്റെ പവിത്ര ചിഹ്നങ്ങളെക്കുറിച്ച അഭിമാനവും ഉദ്ദീപിപ്പിക്കുന്നു'' (ഇബാദത്ത് ഇസ്ലാമില്‍ പേജ് 303).
ആത്മീയ ഭൌതിക സമന്വയം
ഇസ്ലാം ആത്മീതയെയും ഭൌതികതയെയും വെള്ളം കടക്കാത്ത അറകളായി വേര്‍തിരിച്ചിട്ടില്ല. ഇസ്ലാമില്‍ അവ രണ്ടും പരസ്പര പൂരകങ്ങളും പരസ്പര ബന്ധിതവുമാണ്. ഹജ്ജിന്റെ ഉദ്ദേശ്യം വിശദീകരിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നത്: "അവര്‍ക്കായി ഒരുക്കപ്പെട്ട പ്രയോജനങ്ങള്‍ കാണാന്‍''(ഹജ്ജ് 28) എന്നാണ്. ഈ 'പ്രയോജനങ്ങള്‍' കച്ചവടവും മറ്റു ഭൌതിക ഉപകാരങ്ങളുമാണെന്ന് ഇബ്നു അബ്ബാസും മുജാഹിദും വ്യക്തമാക്കുന്നു. ഇമാം സമഖ്ശരി കശ്ശാഫില്‍ എഴുതുന്നത്, അതുകൊണ്ടുള്ള വിവക്ഷ ഈ ഇബാദത്തുമായി ബന്ധപ്പെട്ടതും മറ്റു ഇബാദത്തുകളില്‍ ഇല്ലാത്തതുമായ 'ദീനി'യും 'ദുന്‍യവി'യുമായ എല്ലാ നേട്ടങ്ങളുമെന്നാണ്. മതപരമായ നേട്ടങ്ങള്‍ മാത്രമല്ല, ഭൌതിക നേട്ടങ്ങള്‍ കൂടി ഇതുകൊണ്ട് ഉദ്ദേശ്യമുണ്ടെന്ന് മൌലാനാ മൌദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍ വിശദീകരിക്കുന്നുണ്ട്.
ഹജ്ജ് തീര്‍ഥയാത്രകളില്‍ ഉപജീവനാര്‍ഥം കച്ചവടം പോലെയുള്ള 'ഭൌതിക'വൃത്തികളില്‍ ഏര്‍പ്പെടുന്നത് തെറ്റാണെന്ന ജാഹിലിയ്യാ വിശ്വാസത്തെ നിരാകരിച്ചുകൊണ്ട് ഖുര്‍ആന്‍ വ്യക്തമാക്കുന്നത് "അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ തേടുന്നതില്‍ നിങ്ങള്‍ക്ക് തെറ്റില്ലെന്നാണ്'' (അല്‍ബഖറ 198). ഈ സൂക്തത്തെ വിശദീകരിച്ച് ശഹീദ് സയ്യിദ് ഖുത്വ്ബ് എഴുതുന്നു: "അല്ലാഹുവിന്റെ ഔദാര്യമാണ് അദ്ദേഹം തേടുന്നത്. അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന് നല്‍കുന്നു. അന്നം കിട്ടാനുള്ള ഉപാധികളിലൂടെ അത് തേടുകയും കിട്ടുകയും സമ്പാദിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ ഔദാര്യമാണതെന്ന് മറക്കാതിരിക്കണം. ഈ ബോധത്തോടെ ഉപജീവന മാര്‍ഗം തേടുമ്പോള്‍ അത് ഇബാദത്തായിത്തീരും; ഹജ്ജെന്ന ഇബാദത്തുമായി ഏറ്റുമുട്ടാത്ത ഇബാദത്ത്'' (ഫീ ളിലാലില്‍ ഖുര്‍ആന്‍).
അതേസമയം ഭൌതിക സമ്പല്‍സമൃദ്ധിയില്‍ കണ്ണ് നട്ട് പരലോകത്തെ വിസ്മരിക്കുന്നവരുടെ പരിണതി എന്താണെന്ന് ഖുര്‍ആന്‍ ഹജ്ജുമായി ബന്ധപ്പെടുത്തി തന്നെ വ്യക്തമാക്കുന്നുണ്ട്. "നിങ്ങള്‍ ഹജ്ജു ചടങ്ങുകള്‍ നിര്‍വഹിച്ചുകഴിഞ്ഞാല്‍, പണ്ട് നിങ്ങളുടെ പൂര്‍വ പിതാക്കളെ സ്മരിച്ചിരുന്നതുപോലെ ഇനി അല്ലാഹുവിനെ സ്മരിക്കുവിന്‍. അല്ല, അതിലുപരി സ്മരിക്കുവിന്‍. ഞങ്ങളുടെ നാഥാ ഞങ്ങള്‍ക്ക് ഈ ലോകത്തുതന്നെ എല്ലാം നല്‍കേണമേ എന്നാണ് അവരില്‍ ചിലയാളുകള്‍ പ്രാര്‍ഥിക്കുന്നത്. ഇങ്ങനെയുള്ളവന് പരലോകത്തില്‍ ഒരു വിഹിതവുമില്ല. എന്നാല്‍ അവരില്‍ ചിലര്‍ പ്രാര്‍ഥിക്കുന്നു, ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ നീ ഈ ലോകത്തും പരലോകത്തും നന്മ ചൊരിയേണമേ, നരകശിക്ഷയില്‍നിന്ന് ഞങ്ങളെ നീ കാക്കുകയും ചെയ്യേണമേ! ഇങ്ങനെയുള്ളവര്‍ക്ക് (ഇരു സ്ഥലത്തും) ഇവര്‍ സമ്പാദിച്ചതിന്റെ വിഹിതമുണ്ട്. കാലവിളംബമില്ലാതെ കണക്കു നോക്കുന്നവനാകുന്നു അല്ലാഹു'' (അല്‍ബഖറ 200-202). ഹജ്ജിന് വന്ന് ഭൌതിക ക്ഷേമത്തിന് വേണ്ടി മാത്രം പ്രാര്‍ഥിച്ചിരുന്നവരെപ്പറ്റിയാണ് ഈ സൂക്തങ്ങള്‍ അവതരിച്ചതെന്ന് ഇബ്നു അബ്ബാസ്(റ) വ്യക്തമാക്കുന്നു.
ഈ സൂക്തത്തെ വിശദീകരിച്ചു ശഹീദ് സയ്യിദ് ഖുത്വ്ബ്: "സത്യവിശ്വാസികള്‍ ഇഹലോകത്തിന്റെ വിഷയം ഉപേക്ഷിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. ഈ ദുനിയാവില്‍ ഖിലാഫത്ത് ദൌത്യമേറ്റെടുക്കാനാണ് അവര്‍ സൃഷ്ടിക്കപ്പെട്ടത് തന്നെ. പക്ഷേ ആ വിഷയത്തിലും അല്ലാഹുവിലേക്ക് മുഖം തിരിക്കാനും ദുനിയാവ് ഒരു തടവറയായി അവരുടെ ചക്രവാളങ്ങളെ ഇടുക്കാതിരിക്കാനുമാണ് അല്ലാഹു ഇഛിക്കുന്നത്. ഈ ചെറിയ ഭൂമിയുടെ പരിമിതികളില്‍നിന്ന് മോചിതനായി 'വലിയവ'നായി അവിടെ പ്രവര്‍ത്തിക്കാനും അത്യുന്നത ചക്രവാളങ്ങളുമായി ബന്ധം സ്ഥാപിച്ചുകൊണ്ട് ഭൂമിയില്‍ 'ഖിലാഫത്ത്' ദൌത്യം നിര്‍വഹിക്കാനുമാണ് അല്ലാഹു ആഗ്രഹിക്കുന്നത്'' (ഫീ ളിലാലില്‍ ഖുര്‍ആന്‍).
വാല്‍കഷ്ണം: ഹാജിമാരുടെ ബാഹുല്യത്തെ കുറിച്ച് അബ്ദുല്ലാഹിബ്നു ഉമറി(റ)നോട് ആരോ ആശ്ചര്യം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: "അവരെത്ര കുറവ്, അഥവാ യഥാര്‍ഥ ഹാജിമാരെത്ര കുറവ്!!''