>>കത്തുകള്‍
സ്ത്രീകളെ കണ്ണീര് കുടിപ്പിക്കുന്ന മഹാ വിപത്ത്!
"സ്ത്രീകളെ കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന മദ്യപാനം എന്ന മഹാ വിപത്തിനെതിരെ പോരാടാന്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഒമ്പതാം സംസ്ഥാനസമ്മേളനം ആഹ്വാനം ചെയ്തു. വര്‍ധിച്ചുവരുന്ന മദ്യപാന ശീലം നിയന്ത്രിക്കാനുള്ള ശ്രമം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു'' (ദേശാഭിമാനി 28-9-2010).
മദ്യപാനം സ്ത്രീകളെ കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തെയാകെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന മഹാ വിപത്താണെന്ന കാര്യം ഒരു പുതിയ അറിവൊന്നുമല്ല. കുടുംബ ശൈഥില്യം, ആത്മഹത്യ, മാരകരോഗങ്ങള്‍, ലൈംഗിക കൈയേറ്റം, കൊലപാതകം, വാഹനാപകടം തുടങ്ങി ഒട്ടനവധി തിന്മകള്‍ മദ്യപാനത്തിന്റെ സൃഷ്ടിയാണ് എന്നത് അനുഭവയാഥാര്‍ഥ്യമാണ്. മദ്യം തിന്മകളുടെ മാതാവാണെന്ന് തിരുനബിയും, വിഷമെന്ന് നാരായണ ഗുരുവും മഹാത്മാഗന്ധിയും മറ്റും പണ്ടേ സമൂഹത്തിന് താക്കീത് നല്‍കിയതാണ്.
എന്നാല്‍, സ്ത്രീകളെ കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന മഹാ വിപത്തെന്ന് സര്‍വരും സമ്മതിച്ചംഗീകരിച്ച മദ്യത്തിന്റെ വ്യാപനം തടയുന്നതിന് നാടു വാണ ഒരു സര്‍ക്കാറും ഇവിടെ ഒന്നും ചെയ്തില്ല എന്നതാണ് യാഥാര്‍ഥ്യം. മദ്യ വിപത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്വന്തം പാര്‍ട്ടി നേതൃത്വം വഹിക്കുന്ന സര്‍ക്കാര്‍ നാടിനെ ലഹരിയില്‍ മുക്കുകയും വ്യാജ മദ്യ ദുരന്തം സൃഷ്ടിക്കുകയും ചെയ്യുന്ന 'ജനസേവന'മാണ് ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്ന വൈരുധ്യം എന്തേ തിരിച്ചറിയപ്പെടാതെ പോവുന്നു?
ഉദയഭാനു കമീഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ കള്ള് വ്യവസായത്തില്‍ ഗുണപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രകടന പത്രികയില്‍ വ്യക്തമാക്കിയ സര്‍ക്കാര്‍, ഷാപ്പുകളുടെ എണ്ണം ക്രമേണ കുറച്ചുകൊണ്ടുവരണമെന്ന കമീഷന്റെ നിര്‍ദേശം വലിച്ചെറിഞ്ഞ്, ഷാപ്പുകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ആദ്യം പ്രധാന പട്ടണങ്ങളിലായിരുന്നു ബാര്‍ ഹോട്ടലുകള്‍ ആരംഭിച്ചതെങ്കില്‍ ഇപ്പോള്‍ ഗ്രാമ പ്രദേശങ്ങളില്‍ പോലും അവ നിലവില്‍ വന്നിരിക്കുകയാണ്. ബാര്‍ ഹോട്ടലുകളുടെ എണ്ണം 581 ആയി വര്‍ധിച്ചിരിക്കുന്നു.
പുരുഷന്മാരില്‍ 60 ശതമാനത്തിലേറെ മദ്യപാന തല്‍പരരാണിവിടെ. 2001-ല്‍ 19 വയസ്സായിരുന്നു മലയാളിയുടെ മദ്യപാനാരംഭ പ്രായമെങ്കില്‍, ഇന്ന് ബ്രിട്ടനിലെന്ന പോലെ 13-ാം വയസ്സില്‍ തന്നെ ഈ 'വിശിഷ്ട പാനീയം' നമ്മുടെ കൌമാരക്കാര്‍ അകത്താക്കാന്‍ തുടങ്ങിയിരിക്കുന്നു. ബിയര്‍ കഴിക്കുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിച്ചുവരുന്നു.
കുറ്റിപ്പുറം മദ്യദുരന്തത്തിന് ഇടയാക്കിയ വിഷക്കള്ളില്‍ അല്‍പംപോലും കള്ള് ഇല്ലായിരുന്നുവെന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനാ ഫലം വ്യക്തമാക്കുന്നത്. 100 രൂപയുടെ സ്പിരിറ്റില്‍നിന്ന് 10,000 രൂപയുടെ കള്ളുണ്ടാക്കാന്‍ കഴിയുന്ന കൊള്ള ലാഭത്തിന് മുന്നില്‍ ബന്ധപ്പെട്ടവര്‍ കണ്ണ് ചിമ്മുമ്പോള്‍ മദ്യദുരന്തം ആവര്‍ത്തിക്കാതിരിക്കുന്നതെങ്ങനെ? 'ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം' എന്ന നമ്പ്യാര്‍ കവിതയിലെ സാമ്പത്തിക നേട്ട സിദ്ധാന്തമല്ലേ മുന്നണി ഭേദമന്യേ സര്‍വ ഭരണച്ചെങ്കോലേന്തികളെയും അടക്കി ഭരിക്കുന്നത്!
മദ്യ ദുരന്തത്തിന്റെ രൂക്ഷത കണക്കിലെടുത്താണ് സുപ്രീം കോടതി 2006 ഏപ്രില്‍ 2-ന് എല്ലാ സംസ്ഥാന സര്‍ക്കാറുകളോടും ഭരണഘടനയുടെ 47-ാം വകുപ്പ് അനുസരിച്ച് മദ്യനിരോധം നടപ്പിലാക്കാന്‍ മുന്നോട്ടുവരണമെന്ന് കര്‍ശനമായി ആവശ്യപ്പെട്ടത്. മദ്യനിരോധം ഏര്‍പ്പെടുത്തുന്നത് പോയിട്ട് വ്യാജ മദ്യദുരന്തം തടയാനുള്ള നടപടികള്‍ പോലും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയുകയില്ല.
സ്ത്രീകളെ കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന മദ്യ വിപത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന മഹിളാ അസോസിയേഷന്‍, ഇപ്പറഞ്ഞ മഹാ പാതകത്തിന്റെ ചുക്കാന്‍ പിടിക്കുന്ന സ്വന്തം സര്‍ക്കാറിന്റെ മദ്യ വ്യാപന നടപടികള്‍ക്കെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങി, രാജ്യത്തെ കള്ള് ഷാപ്പുകള്‍ പൂട്ടിക്കാന്‍ മുന്നോട്ടുവരുമോ? നാട്ടിലെ കണ്ണീര് കുടിക്കുന്ന സകല സ്ത്രീകളും ജാതി മതഭേദമന്യേ ഈ ധര്‍മ സമരത്തില്‍ അവര്‍ക്കൊപ്പമുണ്ടാവുമെന്ന് തീര്‍ച്ചയാണ്. മദ്യപരായ ഭര്‍ത്താക്കന്മാരില്‍നിന്നും മോചനം ലഭിക്കാതെ വനിതാ വിമോചനം എന്ന മനോഹര സ്വപ്നം പൂവണിയുകയില്ലെന്ന തിരിച്ചറിവ് നമ്മുടെ വനിതാ വിമോചക സംഘങ്ങള്‍ക്ക് എന്നാണാവോ ഉണ്ടാവുക?
റഹ്മാന്‍ മധുക്കുഴി
തഫ്ഹീം എന്ന വിജ്ഞാന ഭണ്ഡാരം
മൌലാനാ മൌദൂദിയുടെ വിഖ്യാത ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആനെക്കുറിച്ച് നാല് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ഹൈദറലി ശാന്തപുരമെഴുതിയ ലേഖനം ചിന്താര്‍ഹമായി. ഞാന്‍ ഒരു നല്ല ഖുര്‍ആന്‍ വ്യാഖ്യാനം വായിക്കണമെന്നാഗ്രഹത്തോടെ പലരോടും അന്വേഷിച്ചപ്പോള്‍ മൌലാനാ മൌദൂദിയെ എതിര്‍ക്കുന്ന ചില പണ്ഡിതന്മാര്‍ പോലും തഫ്ഹീമിനെ പ്രശംസിച്ചപ്പോള്‍ അത് തെരഞ്ഞെടുക്കാന്‍ പ്രേരണയായി. ചെറിയ അധ്യായങ്ങളുള്ള ആറാം വാള്യം മുതല്‍ ഇടതു ഭാഗത്ത് നിന്ന് വായന ആരംഭിച്ചു.
ഓരോ അധ്യായത്തിന്റെയും ആദ്യം വരുന്ന ആമുഖം അതിലെ രത്നചുരുക്കം മനസ്സിലാക്കിത്തരുന്നു. നമുക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക് തുടക്കത്തില്‍തന്നെ കൃത്യമായി മറുപടി ലഭിക്കുന്നു. ഖുര്‍ആനിലെ ചരിത്രഭൂമികള്‍ സന്ദര്‍ശിച്ച് തയാറാക്കിയ പടങ്ങളും പല ഗ്രന്ഥങ്ങളെയും അവലംബിച്ച് തയാറാക്കിയ പഠനങ്ങളും മദ്ഹബിന്റെ ഇമാമുമാരുടെ അഭിപ്രായങ്ങളും തല്‍മൂദ്, ബൈബിള്‍ എന്നിവയില്‍ നിന്നുള്ള ഉദ്ധരണികളും വായിക്കുമ്പോള്‍ അക്കാലത്ത് ജീവിച്ചവരോടൊപ്പമാണ് നാമുള്ളതെന്ന് തോന്നിപ്പോകും. തഫ്ഹീം കൈയിലുള്ളവരില്‍ പലരും മുഴുവനായി വായിക്കാന്‍ അവസരം കണ്ടെത്തുന്നില്ലെന്നത് ഖേദകരമാണ്.
ആറ് വാള്യങ്ങള്‍ക്കും കൂടി പടങ്ങളടക്കം 3455 പേജാണുള്ളത്. ദിനംപ്രതി 19 പേജ് വായിക്കുകയാണെങ്കില്‍ ഒരു വര്‍ഷം മുഴുവനായി രണ്ട് പ്രാവശ്യം വായിച്ചുതീര്‍ക്കാനാകും. ഇംഗ്ളീഷ്, റഷ്യന്‍, അറബി തുടങ്ങിയ നിരവധി ഭാഷകളിലേക്കും മിക്ക ഇന്ത്യന്‍ ഭാഷകളിലേക്കും തര്‍ജമ ചെയ്യപ്പെട്ട തഫ്ഹീമിനെക്കുറിച്ച് കേരളീയര്‍ ഇന്നും വേണ്ടത്ര ബോധവാന്മാരല്ലെന്നതാണ് വസ്തുത.
എം.എ അഹ്മദ് തൃക്കരിപ്പൂര്‍
ഞാന്‍ അനുഭവിച്ചറിഞ്ഞ
സോളിഡാരിറ്റി
സോളിഡാരിറ്റിയെയും ജമാഅത്തെ ഇസ്ലാമിയെയും അടുത്തിടെ മനസ്സിലാക്കാന്‍ സാധിച്ചയാളാണ് ഈ കുറിപ്പുകാരന്‍. സാമ്രാജ്യത്വ കുത്തക ഭീമന്‍ കോളക്കെതിരെയുള്ള ഐതിഹാസികമായ പ്ളാച്ചിമട സമരത്തില്‍ സോളിഡാരിറ്റിയുടെ പങ്കിനെക്കുറിച്ച് ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്.
ദിശാബോധമില്ലാതെ അബദ്ധസഞ്ചാരം നടത്തിക്കൊണ്ടിരിക്കുന്ന കേരളീയ യുവസമൂഹത്തിന് ശരിയായ മാതൃക സോളിഡാരിറ്റിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷപാതങ്ങളും അനീതിയും അവഗണനയും മുഖമുദ്രയായ ഈ പുതിയ കാലത്ത് ഇങ്ങനെയൊരു സംഘടനയുടെ ഉയിര്‍ത്തെഴുന്നേല്‍പ് ദൈവനിശ്ചയമാകാം എന്ന് ഞാന്‍ വിചാരിക്കുന്നു. മാതൃകാപരമായ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങളുടെ നാട്ടിലെ നേതാക്കളുടെ കണ്ണുതുറപ്പിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ആദിവാസി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലക്ക്, കണ്ണൂര്‍ ജില്ലയിലെ ആറളത്ത് സോളിഡാരിറ്റി ചെയ്തു തന്ന സേവനങ്ങളും സഹായങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ നിങ്ങള്‍ വളരട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള അധര്‍മത്തിനെതിരെ വിരല്‍ചൂണ്ടുന്ന നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭസമ്പത്തായി സോളിഡാരിറ്റി എന്ന സംഘടന മാറിക്കഴിഞ്ഞു.
പനയം കുഞ്ഞിരാമന്‍
വാരം, കണ്ണൂര്‍
കേരള നാട്ടില്‍ വിളയും അന്ധവിശ്വാസം
സാക്ഷര കേരളം, പ്രബുദ്ധ കേരളം എന്നീ വിശേഷണങ്ങളുള്ള കേരള നാട്ടില്‍ അന്ധവിശ്വാസം തഴച്ചു വളരുകയാണെന്നാണ് സമീപകാല സംഭവങ്ങള്‍ നമ്മോട് പറയുന്നത്.
അന്യ സംസ്ഥാനക്കാര്‍ അന്ധവിശ്വാസ വിപണനത്തിന് കേരളത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രബുദ്ധരായ കേരളക്കാരെ പറ്റിച്ച് അന്യ സംസ്ഥാനക്കാര്‍ കോടികള്‍ നേടുന്നു. പെട്ടെന്ന് പണക്കാരനാകാനുള്ള യന്ത്രത്തിന്റെ പേര് എന്താണ് എന്ന് ചോദിച്ചാല്‍ ടി.വി കാണുന്ന കേരളീയ കുടുംബത്തിലെ ഓരോ അംഗവും വളരെ വേഗത്തില്‍ ഉത്തരം നല്‍കും കുബേര്‍ കുഞ്ചിയെന്ന്. കാരണം ചാനലുകാരും പത്രക്കാരും മലയാളിക്ക് പരിചയമില്ലാത്ത കുബേര്‍ കുഞ്ചി എന്ന വാക്ക് പരസ്യത്തിലൂടെ പഠിപ്പിച്ചു.
കുബേര്‍ കുഞ്ചി എന്ന 3375 രൂപ വിലയുള്ള ധനാകര്‍ഷണ യന്ത്രം വാങ്ങിയാല്‍ 45 ദിവസത്തിനകം ധനവാനാകാമെന്ന് പ്രബുദ്ധരായ കേരളീയരെ പറഞ്ഞു പറ്റിച്ചത് നമ്മുടെ ചാനലുകാരും പത്രക്കാരുമാണ്. കുബേര്‍ കുഞ്ചി ഫ്രാഞ്ചൈസി എന്ന തട്ടിപ്പു സംഘം കോടികളാണ് അന്ധവിശ്വാസ യന്ത്രം വിറ്റ് നേടിയത്. അതിന്റെ പരസ്യത്തിലൂടെ ചാനലുകാരും പത്രക്കാരും വന്‍ തുക പോക്കറ്റിലാക്കി. പരസ്യത്തില്‍ ആകൃഷ്ടരായി ധനാകര്‍ഷണ യന്ത്രം വാങ്ങിയവര്‍ വഞ്ചിതരാവുകയും ചെയ്തു. വായനക്കാരുടെയും പ്രേക്ഷകരുടെയും നന്മ ലക്ഷ്യമിടുന്ന പത്രങ്ങളും ചാനലുകളും ഒരിക്കലും അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഇത്തരം തട്ടിപ്പ് പരസ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സന്നദ്ധരാവുകയില്ല.
പുരോഗമനാശയക്കാരായി സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ നടത്തുന്ന പത്രങ്ങളും ചാനലുകളും അത്ഭുത ഏലസ്സിന്റെയും കുട്ടിച്ചാത്തന്‍ സേവാ മഠത്തിന്റെയും പരസ്യം നല്‍കി ജനങ്ങളെ അന്ധവിശ്വാസത്തിലേക്ക് മാടിവിളിക്കുകയാണ്.
അബ്ദുല്‍ ഖാദിര്‍ നായരങ്ങാടി
അല്‍ഖോബാര്‍
വീട് നിര്‍മാണത്തെപ്പറ്റിത്തന്നെ!
വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ജമാലുദ്ദീന്‍ പാലേരി എഴുതിയ കുറിപ്പ് (ലക്കം 17) വായിച്ചു. വീട് മോടി കൂട്ടുന്നതിന് ഇത്രമാത്രം പണം വ്യയം ചെയ്യുന്നതിന്റെ കാരണം വിവാഹക്കമ്പോളത്തില്‍ നിലനില്‍ക്കുന്ന ചില പ്രവണതകളാണ്. കല്യാണമന്വേഷിച്ചു വരുന്നവരുടെ പ്രധാന ഡിമാന്റ് കാണാന്‍ കൊള്ളാവുന്ന വീട് പെണ്‍കുട്ടിക്കുണ്ടായിരിക്കണം എന്നതാണ്. മുറ്റം വരെ റോഡുണ്ടായാല്‍ ബഹുഭേഷായി. വീടിന്റെ പ്രൌഢിയും അലങ്കാരങ്ങളും കണ്ടാല്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ സാമ്പത്തിക സ്ഥിതി ഊഹിക്കാന്‍ കഴിയും എന്നതായിരിക്കാം ഇതിന്റെ പിന്നിലുള്ള മനഃശാസ്ത്രം.
പി. മുഹമ്മദ് അലി