>>വിശകലനം
ഇസ്‌ലാമിക പൈതൃക വിമര്‍ശം -2
അര്‍കൂന്‍:
ഖുര്‍ആന്‍ മൂലപാഠങ്ങളുടെ അപനിര്‍മാണം
വി.എ കബീര്‍
ഇസ്‌ലാമിക ധിഷണാ വിമര്‍ശം, ഇസ്‌ലാമിക ധിഷണയുടെ അപനിര്‍മാണം, ഇസ്‌ലാമിക ധിഷണയെക്കുറിച്ചുള്ള പുനര്‍വിചിന്തനം തുടങ്ങിയ പദാവലികള്‍ മുഹമ്മദ് അര്‍കൂന്റെ എഴുത്തുകളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നതായി കാണാം. തന്റെ മൊത്തം രചനകളിലൂടെ അര്‍കൂന്‍ പ്രകാശനം ചെയ്യുന്ന ആശയ പ്രപഞ്ചം ഇസ്‌ലാമിക ധിഷണയുടെയും തദനുബന്ധമായി വരുന്ന ഇസ്‌ലാമിക ധൈഷണിക പൈതൃകം പോലുള്ള ഇതര പ്രശ്‌നങ്ങളുടെയും വിമര്‍ശത്തില്‍ സംഗ്രഹിക്കാവുന്നതാണ്. ഇതിന് സ്വീകരിച്ച അപനിര്‍മാണ വിമര്‍ശ പദ്ധതിയിലൂടെ 'ചിന്തകനില്ലാത്ത വൃത്തം' എന്ന് താന്‍ വിശേഷിപ്പിക്കുന്ന സ്വരൂപിത മൂലപ്രമാണങ്ങളില്‍ നവചിന്തകളിലൂടെയുള്ള അട്ടിമറിയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ഇസ്‌ലാമിക ധിഷണാ വിമര്‍ശവും അപനിര്‍മാണവും കൊണ്ട് എന്താണ് മുഹമ്മദ് അര്‍കൂന്‍ അര്‍ഥമാക്കുന്നത്? അര്‍കൂനിയന്‍ വിമര്‍ശപദ്ധതിയുടെ അച്ചുതണ്ട് കറങ്ങുന്നത് ഖുര്‍ആനിക മൂലപാഠങ്ങളുടെയും (നസ്വ്:Texts) അതുമായി ബന്ധപ്പെട്ട വൈജ്ഞാനിക ഈടുവെപ്പുകളുടെയും ശിഥിലീകരണത്തിലാണെന്ന് തുനീഷ്യന്‍ ചിന്തകനും വെസ്റ്റ് മിനിസ്റ്റര്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷക പണ്ഡിതനുമായ റഫീഖ് അബ്ദുസ്സലാം ചൂണ്ടിക്കാട്ടുന്നു. പരസ്പരപൂരകമായ രണ്ട് ദിശകളിലൂടെയാണ് ഈ അപനിര്‍മാണ വിധ്വംസക പ്രക്രിയ അരങ്ങേറുന്നതെന്നാണ് റഫീഖ് അബ്ദുസ്സലാമിന്റെ നിരീക്ഷണം. ഒന്ന്, പാഠത്തെ അതിന്റെ വസ്തുനിഷ്ഠവും സന്ദേശ പ്രധാനവുമായ ധര്‍മത്തില്‍നിന്ന് ശൂന്യമാക്കി ആലങ്കാരികവും രൂപകാത്മകവുമായ അര്‍ഥധ്വനികള്‍ അധ്യാരോപിച്ച് ഭാഷാപരമായി അപനിര്‍മിക്കുക. ഖുര്‍ആന്റേതടക്കം ഒരു മതപാഠ(Text)ത്തിനും ഭാഷാപരമായ സക്രിയതക്കപ്പുറം, അന്തര്‍ഹിതമായ രൂപകാലങ്കാരചട്ടക്കൂടിന് പുറത്ത് യാഥാര്‍ഥ്യമില്ല. സ്ഥിരമൂല്യമുള്ള വസ്തുനിഷ്ഠ പ്രമേയത്തിലേക്കുള്ള അതിന്റെ ധ്വനി ഒരു പ്രതീതി യാഥാര്‍ഥ്യം മാത്രമാണ്. വേദപാഠങ്ങള്‍ക്ക് അത്തരം മൂടുറച്ച ധാരണകളുണ്ടാകാന്‍ കാരണം, അര്‍കൂന്റെ അഭിപ്രായത്തില്‍, പുരാതന ദൈവശാസ്ത്ര ചിന്തയെ ആസ്പദിച്ചു നില്‍ക്കുന്ന പരമ്പരാഗത ഭാഷാ ദര്‍ശനത്തിന്റെ സ്വാധീനമാണ്. പാഠങ്ങള്‍ യഥാവിധി ഗ്രഹിക്കുകയും പുനര്‍വ്യാഖ്യാനിക്കുകയും ചെയ്യണമെങ്കില്‍ മതത്തിന്റെ അതിഭൗതികപരമായ (Metaphysical) അവകാശവാദങ്ങള്‍ നിരാകരിക്കുകയും ഭാഷയുടെ ചരിത്രപരവും സാമൂഹികവുമായ സവിശേഷതയെ ഊന്നുകയും ചെയ്യുന്ന ആധുനിക ഭാഷാദര്‍ശനത്തിന്റെയും ഭാഷാ ശാസ്ത്ര (Linguistics)ത്തിന്റെയും വിശകലന രീതികള്‍ ആശ്രയിക്കേണ്ടതാവശ്യമാണ്.
ഖുര്‍ആന്‍ പാഠങ്ങളെ, അവയില്‍ അന്തര്‍ഹിതമായിരിക്കുന്നതായി അര്‍കൂന്‍ വാദിക്കുന്ന അധികാരവിധേയത്വങ്ങള്‍ കണ്ടെത്തുന്നതിലൂടെ ചരിത്രവത്കരിക്കുക എന്നതാണ് രണ്ടാമത്തെ തലം. ഖുര്‍ആനിക പാഠം അര്‍കൂന്റെ വീക്ഷണത്തില്‍ തോറയും സുവിശേഷങ്ങളും പോലുള്ള ഇതര വേദപാഠങ്ങള്‍ പോലെ തന്നെയാണ്. വാമൊഴി ഘട്ടം പിന്നിട്ടാണ് അതും വരമൊഴി ഘട്ടത്തിലെത്തി ഗ്രന്ഥരൂപം ആര്‍ജിക്കുന്നത്. വാമൊഴി വെളിപാടി(വഹ്‌യ്)നോട് ഈ ക്രോഡീകരണ പ്രക്രിയ ചേരുന്നത് പിന്നീടാണ്. കൃത്യതയും പരിശോധനയും ആവശ്യപ്പെടുന്ന ചില പ്രത്യേക ചരിത്ര സാഹചര്യങ്ങളിലൂടെയും സന്ദിഗ്ദ്ധതകളിലൂടെയുമാണ് അത് പൂര്‍ത്തിയാകുന്നത്. വാമൊഴി-ക്രോഡീകരണഘട്ടം മുതല്‍ക്കാണ് തോറ, ബൈബിള്‍, മുസ്വ്ഹഫ് (ഖുര്‍ആന്‍) എന്നീ മഹാ വേദപാഠങ്ങള്‍ രൂപീകൃതമാകുന്നത്. അര്‍കൂന്റെ അഭിപ്രായത്തില്‍ ഇതേ തുടര്‍ന്ന് ഈ പാഠങ്ങള്‍ ഗ്രന്ഥാവിഷ്‌കൃതമായ യാഥാര്‍ഥ്യത്തിന്റെ നിര്‍വഹണവും പൂര്‍ത്തീകരണവും അവകാശപ്പെട്ടു കൊണ്ട് ഔപചാരിക പാഠാധികാരം സ്ഥാപിച്ചെടുത്തിരിക്കുകയാണ്.
മുസ്വ്ഹഫിന്റെ ക്രോഡീകരണവുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ കാലാകാലമായി പുലര്‍ത്തിവരുന്ന ആധികാരിക വീക്ഷണത്തിന് വിരുദ്ധമായി ഇംഗ്ലീഷ്-ഫ്രഞ്ച് ഓറിയന്റലിസ്റ്റ് വൃത്തങ്ങളില്‍നിന്നുള്ള മറ്റു ചില റിപ്പോര്‍ട്ടുകളെയാണ് അര്‍കൂന്‍ ആധികാരിക രേഖകളായി സ്വീകരിക്കുന്നത്. ഖുര്‍ആനിക പാഠങ്ങളില്‍ പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കലുകളും മാറ്റത്തിരുത്തലുകളും നടന്നിട്ടുണ്ടെന്ന് വാദിക്കുന്ന തിയോ ഫൈല്‍ നോള്‍ഡിക് (Theophile Noldk), റെജിസ് ബ്ലാഷര്‍ എന്നിവരുടെ സ്രോതസ്സുകള്‍ക്ക് അര്‍കൂന്‍ കൂടുതല്‍ വിശ്വാസ്യതയും പ്രാബല്യവും കല്‍പിക്കുന്നതായി കാണാം. വിശുദ്ധ വേദങ്ങളെ ചരിത്രപരവും സാമൂഹികശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ വീക്ഷണകോണിലൂടെ സമീപിച്ചാല്‍ ദൈവശാസ്ത്രപരമായ പവിത്രതയെയും മേല്‍ക്കോയ്മയെയും സംബന്ധിച്ച അവയുടെ അവകാശവാദങ്ങള്‍ മുഴുവന്‍ ഉതിര്‍ന്ന് വീണുപോവുമെന്നാണ് അദ്ദേഹം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. പില്‍ക്കാലത്തെ ക്രോഡീകരണ വേളയില്‍ നടന്നതായി അര്‍കൂന്‍ അവകാശപ്പെടുന്ന ഖുര്‍ആനിലെ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും സ്ഥാപിച്ചെടുക്കാന്‍ ഖുര്‍ആന്റെ പാഠ ചരിത്രം മാന്തിക്കിളക്കുന്നതില്‍ തന്റെ പ്രതിഭയെ ധൂര്‍ത്തടിക്കുകയാണ് അര്‍കൂന്‍. ഖുര്‍ആന്റെ പവിത്ര സ്വഭാവത്തെയും ഔന്നത്യ ഗരിമയെയും നിഷേധിക്കുന്നതിലേക്ക് ഇത് അദ്ദേഹത്തെ നയിക്കുന്നു. ഇതര മതങ്ങളുടെ വേദപാഠങ്ങള്‍ പോലെയാണ് അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ ഖുര്‍ആനും. റഫീഖ് അബ്ദുസ്സലാം ചൂണ്ടിക്കാട്ടുന്നത് പോലെ സാമാന്യ വായനക്കാരെ സംബന്ധിച്ചേടത്തോളം അത്രക്ക് സുതാര്യമായി അദ്ദേഹമത് പറയുന്നില്ലന്നേയുള്ളൂ. എന്നാല്‍ അര്‍കൂന്റെ യൂറോപ്യന്‍ അഭിസംബോധിതര്‍ക്ക് അത് വായിച്ചെടുക്കാന്‍ എളുപ്പം സാധിക്കും. ഇസ്‌ലാമിന്റെ പാശ്ചാത്യ വിമര്‍ശകര്‍ക്ക് അര്‍കൂന്‍ വഴി വെട്ടിത്തെളിയിച്ചുകൊടുക്കുകയാണെന്ന ആരോപണം അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവന്നത് വെറുതെയല്ല.
ഖുര്‍ആനിക പാഠങ്ങളെ ചരിത്ര ലോകത്തിലേക്ക് ഇറക്കിവെക്കാനുള്ള ഈ യജ്ഞത്തിന്റെ ഉദ്ദേശ്യം അവയുടെ പവിത്ര സ്വഭാവം ഉരിഞ്ഞ് മാറ്റി ഇതര മാനുഷിക പാഠങ്ങളില്‍നിന്ന് ഒട്ടും ഭിന്നമല്ലാത്ത സാധാരണപാഠങ്ങളാക്കി ആത്മനിഷ്ഠമായ അര്‍ഥോല്‍പാദനം നടത്തുകതന്നെയാണെന്ന് വ്യക്തമാണ്. ഈ ദിശയില്‍ അര്‍കൂന്‍ നടത്തിയ മസ്തിഷ്‌ക മഥനം എത്ര കഠിനതരമാണെങ്കിലും പ്രഫ. റഫീഖ് അബ്ദുസ്സലാം ശരിയായി വിലയിരുത്തിയപോലെ ദുര്‍ബലമായിരുന്നു. നിസ്തന്ത്രമായ ചരിത്ര ഖനനം നടത്തിയിട്ടും ഖുര്‍ആനിലെ ചില അധ്യായങ്ങളുടെയും സൂക്തങ്ങളുടെയും ക്രമീകരണത്തില്‍ സംശയം ജനിപ്പിക്കുന്നതിലപ്പുറം കൊണ്ടെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല (മുസ്വ്ഹഫിലെ സൂക്തങ്ങളുടെ ക്രമീകരണം യഥാര്‍ഥമായ കാലികക്രമം പാലിച്ചതോ ബൗദ്ധികമോ യുക്തിപരമോ ആയ എന്തെങ്കിലും മാനദണ്ഡ പ്രകാരമുള്ളതോ അല്ലെന്ന് അര്‍കൂന്‍).
മൂന്ന് ഏകദൈവ മതധാരകള്‍ പങ്കിടുന്ന പൊതു പൈതൃകത്തെ വേദപാഠങ്ങളുടെ പവിത്ര ഹരണത്തിന് കൂട്ടുപിടിക്കാനുള്ള വൃഥാ ശ്രമവും അര്‍കൂന്‍ നടത്തുന്നുണ്ട്. ഇസ്‌ലാമും ക്രിസ്തുമതവും യഹൂദമതവും ഏകദൈവ സിദ്ധാന്തത്തിന്റെ പൊതു പൈതൃകത്തില്‍ ഒന്നിക്കുന്നുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍ ഈ മൂന്ന് മഹാമതങ്ങളുടെ വേദപാഠങ്ങളെല്ലാം ഒരുപോലെ ദീര്‍ഘകാലം വരമൊഴി മുക്തമായിരുന്നുവെന്ന വിതണ്ഡവാദത്തിലേക്ക് വലിച്ചിഴക്കാന്‍ ഈ വസ്തുതയെ നീട്ടിപ്പരത്തുന്നത് വ്യര്‍ഥ വ്യായാമമാണ്. തോറയില്‍ നിന്നും ബൈബിളില്‍നിന്നും ഭിന്നമായി അവതരണത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ ഖുര്‍ആന്‍ വരമൊഴിയില്‍ സുരക്ഷിതമാക്കപ്പെട്ടിരുന്നുവെന്നതാണ് ചരിത്ര യാഥാര്‍ഥ്യം. മുസ്‌ലിംകളിലെ വ്യത്യസ്ത ചിന്താസരണികളിലാര്‍ക്കും അഭിപ്രായ ഭേദമില്ലാത്ത വസ്തുതയാണിത്. അതിന്റെ മൂലപാഠരൂപം പ്രഥമ തലമുറ മുതല്‍ ഇതഃപര്യന്തം കൈമാറിപ്പോരുന്നു. ഇതല്ല തോറയുടെയും സുവിശേഷങ്ങളുടെയും സ്ഥിതി. പാഠതലത്തില്‍തന്നെ വലിയ തര്‍ക്കങ്ങള്‍ തദ്വിഷയകമായി പില്‍ക്കാല ക്രോഡീകരണവേളയില്‍ ഉണ്ടായിട്ടുണ്ട്. ദൈവശാസ്ത്രപരവും വിശ്വാസാനുഷ്ഠാനപരവുമായ പല ചേരിതിരുവുകളും തന്മൂലം നിലവില്‍ വരികയുണ്ടായി. ഏഴാം നൂറ്റാണ്ട് മുതല്‍ സ്പിനോസയുടേതടക്കം ചരിത്രപരവും ഭാഷാശാസ്ത്രപരവു(Philological)മായ നിരവധി വിമര്‍ശങ്ങള്‍ക്കും ധ്വംസനങ്ങള്‍ക്കും ബൈബിള്‍ പാഠങ്ങള്‍ വിധേയമായതായി കാണാം. എന്നാല്‍ പ്രവാചകന്റെ കാലത്ത് തന്നെ വെളിപാടി(വയ്ഹ്)ലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടതാണ് ചരിത്രം. നിരവധി പേരുടെ മനഃപാഠത്തില്‍ അത് സുരക്ഷിതമായി നിലനിന്നു. ആ മനഃപാഠങ്ങളിലൊന്നില്‍ പോലും പരസ്പര വ്യത്യാസം കാണപ്പെട്ടില്ല. അവതീര്‍ണമായ ആദ്യഘട്ടം മുതല്‍ നൂറ്റാണ്ടുകളായി മസ്ജിദുകളിലും സാമാന്യ ജനവും പാരായണം ചെയ്തുപോരുന്ന മുസ്വ്ഹഫിന്റെ അക്ഷരരൂപവും ഘടനാ രൂപവും ഒന്നുതന്നെ. നിയമമീമാംസപരവും രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ തര്‍ക്കങ്ങളും ചേരികളും ഈ ദീര്‍ഘ നൂറ്റാണ്ടുകളിലുണ്ടായിട്ടുണ്ടെങ്കിലും മുസ്വ്ഹഫിന്റെ (ഖുര്‍ആന്റെ ഗ്രന്ഥസ്വരൂപം) സാധുതയില്‍ തര്‍ക്കമോ സംശയമോ ഉണ്ടാവാതിരിക്കാന്‍ കാരണം അതാണ്. സുന്നികളും ശീഈകളും ഒരുപോലെ അംഗീകരിക്കുന്നതാണ് നിലവിലുള്ള ഖുര്‍ആന്റെ പാഠരൂപം. പ്രവാചകചര്യയുടെയും വചനങ്ങളുടെയും ആധാര വിഷയത്തില്‍ സുന്നി-ശീഈ വീക്ഷണങ്ങളിലെ അന്തരം മുസ്വ്ഹഫിന്റെ വിഷയത്തില്‍ ഒട്ടും ഗ്രസിച്ചിട്ടില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ശൃംഖലകളുണ്ട്. ആ ശൃംഖലയിലൂടെ ലഭ്യമാകുന്നവക്ക് മാത്രമേ അവര്‍ ആധികാരികത കല്‍പിക്കാറുള്ളൂ (പ്രവാചക കുടുംബവുമായി ബന്ധപ്പെട്ട ശൃംഖലയാണ് ശീഈകളുടെ ആധികാരിക റിപ്പോര്‍ട്ടര്‍മാര്‍. എന്നാല്‍ റിപ്പോര്‍ട്ടര്‍മാര്‍ വ്യത്യസ്തരാകുമ്പോഴും ഉദ്ധരിക്കപ്പെടുന്ന ഉള്ളടക്കത്തില്‍ പാഠസാമ്യതയുള്ളവ ധാരാളമാണെന്ന് കൂടി ഇവിടെ ഓര്‍ക്കണം).
ഈ ചരിത്ര വസ്തുതകളൊന്നും അര്‍കൂന്റെ പരിഗണനയില്‍ വരുന്നില്ല. കാരണം വിഷയവുമായി പ്രത്യക്ഷ ബന്ധമുള്ള പരമ്പരാഗത അറബ്-ഇസ്‌ലാമിക സ്രോതസ്സുകളെയും ഉപാദാനങ്ങളെയും പറ്റെ അവഗണിച്ച് ആധുനിക പടിഞ്ഞാറന്‍ ജ്ഞാനപദ്ധതികളെയാണ് അര്‍കൂന്‍ തന്റെ ഗവേഷണത്തിന് കൂട്ടുപിടിക്കുന്നത്. അതിനാല്‍ പ്രഫ. റഫീഖ് അബ്ദുസ്സലാം പറയുന്ന പോലെ 'നിഷേധാത്മകനായ ഒരു വാഹകന്‍' മാത്രമായിത്തീരുകയാണ് അദ്ദേഹം. ഖുര്‍ആനിക പാഠങ്ങളുടെ ഭാഷാശാസ്ത്രപര (Linguistic) ധ്വനികളുടെ ആദ്യ ഗവേഷകന്‍ എന്നാണ് അര്‍കൂന്റെ അവകാശവാദം. വാസ്തവത്തില്‍ പടിഞ്ഞാറന്‍ ധൈഷണിക വ്യവഹാരങ്ങളുടെ ഋണാത്മക സ്വീകരണി മാത്രമാണ് അദ്ദേഹത്തിന്റെ ഗവേഷണപദ്ധതിയെന്ന് അഭിപ്രായപ്പെടുന്ന റഫീഖ് അബ്ദുസ്സലാം വിവാദങ്ങളുടെ പൊടിപടലം സൃഷ്ടിക്കുന്നതിലപ്പുറം സമഖ്ശരി, ശാത്വബി, ഗസ്സാലി, ഇബനു തൈമിയ്യ എന്നിവരുടെ സംഭാവനകളുടെ ശാശ്വത മൂല്യം അര്‍കൂന്‍ കൃതികള്‍ക്ക് അവകാശപ്പെടാനാവുകയില്ലെന്ന് വിലയിരുത്തുന്നു. ഈ മഹാരഥന്മാരുടെ ചിന്തകളെ സൃഷ്ടിപരമായി വികസിപ്പിക്കാന്‍ അര്‍കൂന് സാധിക്കുമായിരുന്നു. പക്ഷേ, അവരുടെ തുടര്‍ച്ച പിന്നീടുണ്ടായില്ല എന്ന് പരിതപിക്കുമ്പോഴും അതല്ല അദ്ദേഹം ചെയ്തത്.
മതപൈതൃകത്തോടുള്ള അര്‍കൂന്റെ നിഷേധ മനോഭാവമാണ് ഇസ്‌ലാമിക പാരമ്പര്യത്തെ തന്റെ വാദമുഖങ്ങളുറപ്പിക്കാന്‍ യഹൂദ-ക്രൈസ്തവ പാരമ്പര്യത്തിലേക്ക് ഇറക്കി പ്രതിഷ്ഠിക്കാന്‍ അര്‍കൂനെ പ്രേരിപ്പിച്ചത്. യഹൂദ-ക്രൈസ്തവ പാരമ്പര്യങ്ങള്‍ പോലെ ഇസ്‌ലാമിക പാരമ്പര്യവും ചിന്തയുടെ വിപുലനത്തിനു തടയണ പണിയുകയാണെന്ന തെറ്റായ സാമാന്യവത്കരണം നടത്തുകയാണദ്ദേഹം. ഇതൊരു ദുര്‍ബല വാദമാണ്. കാരണം ഗവേഷണപരവും (ഇജ്തിഹാദി) വ്യാഖ്യാനപരവും (തഅ്‌വീലി) ആയ വിപുലന സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇസ്‌ലാമിക ധൈഷണിക വ്യവഹാരമണ്ഡലമെന്നാണ് സാമാന്യ മുസ്‌ലിംകള്‍ പോലും മനസ്സിലാക്കുന്നത്. കൂടാതെ ഇസ്‌ലാമില്‍ ഉള്ളടങ്ങിയ ഉദാര ചൈതന്യം അടഞ്ഞ വ്യവസ്ഥയുടെ പ്രതിനിധാനത്തെ നിരാകരിക്കുന്നതാണ്. അബ്‌റഹാമിക ഏകദൈവത്വ പൈതൃകത്തിന്റെ കണ്ണി മാത്രാണെന്നവകാശപ്പെടുന്ന ഇസ്‌ലാം യഹൂദ-ക്രൈസവ പാരമ്പര്യത്തിന്റെ വികസിത തുടര്‍ച്ചയായാണ് സ്വയം അവതരിപ്പിക്കുന്നത് തന്നെ; പൂര്‍വ പാരമ്പര്യത്തെ റദ്ദ് ചെയ്യുന്നതായല്ല. അതുകൊണ്ടാണ് വ്യത്യസ്ത മത സമുദായങ്ങളെ ചരിത്രത്തില്‍ ഉന്നതമായ സഹിഷ്ണുതയുടെ ചൈതന്യത്താല്‍ വിരുന്നൂട്ടാന്‍ മുസ്‌ലിം സമൂഹങ്ങള്‍ക്ക് സാധിച്ചത്. 'അഹ്‌ലുകിതാബ്' (വേദക്കാര്‍) എന്ന ശീര്‍ഷകത്തില്‍ ക്രൈസ്തവ-യഹൂദ വിഭാഗങ്ങള്‍ക്ക് ഇസ്‌ലാം സംരക്ഷണം നല്‍കിയപ്പോള്‍ ക്രൈസ്തവ ദൈവശാസ്ത്ര വീക്ഷണത്തില്‍ മാത്രമല്ല, സെക്യുലര്‍വത്കരിക്കപ്പെട്ട ഓറിയന്റലിസ്റ്റ് വീക്ഷണത്തില്‍ പോലും അത് 'പിഴച്ച മത'(Theological Hertique)മാണെന്നോര്‍ക്കണം. മുഹമ്മദ് നബി അവര്‍ക്ക് കേവലമൊരു ഗണികന്‍ മാത്രമാണ്. മാക്‌സിം റോഡിണ്‍സണിനു പോലും വിജയിച്ച ഒരു ഗോത്ര നേതാവിനപ്പുറം മുഹമ്മദ് നബിയെ വിലയിരുത്താനാകുന്നില്ല.
സുന്നീ-ശീഈ വിഭാഗങ്ങളുടെ വീക്ഷണാന്തരങ്ങളും വ്യാഖ്യാനപരം മാത്രമാണ്. ഖുര്‍ആനികമായ അടിസ്ഥാന പ്രമാണ പാഠങ്ങളെ അത് സ്പര്‍ശിക്കുന്നില്ല. ഏക ആഗോള സമുദായമെന്ന സങ്കല്‍പം ഉഭയ വിഭാഗങ്ങളും പങ്കിടുന്നു. ആധുനിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍, വിശിഷ്യാ ജമാലുദ്ദീന്‍ അഫ്ഗാനിയെപ്പോലുള്ള വ്യക്തിത്വങ്ങള്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ചില പ്രത്യേക ചരിത്ര സന്ദര്‍ഭത്തിലുണ്ടായ വിടവ് നികത്തുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. മുസ്‌ലിംകളുടെ വിശ്വാസമണ്ഡലത്തില്‍ പിളര്‍പ്പും ശൈഥില്യവും സൃഷ്ടിക്കുന്നതില്‍ കേന്ദ്രീകരിക്കുന്നു എന്നതാണ് അര്‍കൂന്റെ ധൈഷണിക സംഭാവനകളുടെ പൊതുസ്വഭാവം. അദ്ദേഹത്തിന്റെ അപനിര്‍മാണ പദ്ധതിയില്‍ യഥാര്‍ഥമായ നിര്‍മാണ ഘടകങ്ങള്‍ കുറവാണ്. നിലവിലെ ഇസ്‌ലാമിക ചിന്തയുടെ ഉപരിപ്ലവത അനാവരണം ചെയ്യുന്നതില്‍ സാന്ദ്രീകൃതമാണ് അര്‍കൂനിയന്‍ വിമര്‍ശപദ്ധതി. യൂറോപ്പിലെ നരവംശശാസ്ത്രപരവും അപനിര്‍മാണപരവും (Deconstructive) ഭാഷാ ശാസ്ത്രപരവുമായ വിമര്‍ശപദ്ധതികളെ ഇസ്‌ലാമിക ചിന്തകളുടെ പശ്ചാത്തലത്തില്‍ വിശദീകരിക്കാനും പ്രചരിപ്പിക്കാനുമാണ് അര്‍കൂന്‍ ശ്രമിച്ചത്. എന്നാല്‍ അതിന് തനതായ സമൂര്‍ത്ത രൂപം സൃഷ്ടിക്കുന്നതില്‍ പറയത്തക്ക സംഭാവനകളൊന്നും അര്‍പ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്ന് സിറിയന്‍ എഴുത്തുകാരനായ ശംസുദ്ദീന്‍ കീലാനി ഖേദിക്കുന്നു. ആ വശത്ത് ശൂന്യവും ന്യൂനവുമാണ് അദ്ദേഹത്തിന്റെ സംഭാവനകളെന്ന്. 'അര്‍കൂന്റെ നവീകരണത്വം ശൂന്യമായ നവീകരണത്വമാണെന്ന്' പ്രമുഖനായൊരു ഇസ്‌ലാമിക ഗവേഷക പണ്ഡിതനെ ഉദ്ധരിച്ചുകൊണ്ട് കീലാനി ചൂണ്ടിക്കാട്ടുന്നു. 'ഭദ്രമായ ഘടനയോട് കൂടിയ ചിന്താപദ്ധതിയുടെ നിര്‍മാണാവിഷ്‌കാരത്തേക്കാള്‍ വിമര്‍ശ പദ്ധതിയുടെ പ്രചാരാവിഷ്‌കാരമാണ'തെന്ന് പാരമ്പര്യ പക്ഷത്തിന്റെ വിരുദ്ധ ദിശയില്‍ നില്‍ക്കുന്ന നസ്വ്ര്‍ ഹാമിദ് അബൂ സൈദ് തന്നെയും പ്രകടിപ്പിച്ച അഭിപ്രായം ശ്രദ്ധേയമാണ്.
സി.ഇ എട്ടും പത്തും നൂറ്റാണ്ടുകള്‍ക്കിടയില്‍ അശ്അരി, ഇബ്‌നു ബാബവൈഹി, തൂസി എന്നീ മഹാരഥന്മാര്‍ നല്‍കിയ ധൈഷണിക സംഭാവനകള്‍ അതേപടി മുരടിച്ചു നില്‍ക്കുകയാണെന്നും പിന്നീടവക്ക് യാതൊരു വികാസവുമുണ്ടായിട്ടില്ലെന്നും അര്‍കൂന്‍ പറയുന്നതില്‍ കുറേയൊക്കെ ശരിയില്ലാതില്ല. എങ്കിലും അതിലെ അതിര് കവിഞ്ഞ ന്യൂനീകരണം കാണാതിരുന്നും കൂടാ. അഫ്ഗാനി പാരീസില്‍ നടത്തിയ തത്ത്വശാസ്ത്രപരമായ സംവാദ ഭാഷണങ്ങള്‍, കഴിഞ്ഞ നൂറ്റാണ്ടൊടുവില്‍ വിട പറഞ്ഞ ഇറാനിയന്‍ പണ്ഡിതനായ ഡോ. മുത്വഹരിയുടെ 'അല്‍ അദ്‌ലുല്‍ ഇലാഹി' (ദൈവനീതി) എന്ന ബൃഹദ് ഗ്രന്ഥം, ഇഖ്ബാലിന്റെ 'റീകണ്‍സ്ട്രക്ഷന്‍ ഓഫ് റിലീജസ് തോട്ട്‌സ്' തുടങ്ങിയ സംഭാവനകളൊക്കെ അബോധപൂര്‍വമായിട്ടാണെങ്കിലും ഇവിടെ തമസ്‌കരിക്കപ്പെടുകയാണ്.
ഇസ്‌ലാമിക ധിഷണയുടെ അടിസ്ഥാന സംരചനയുടെ തച്ചു സുഭദ്രമായ ഖുര്‍ആനിക പാഠ(Text)മാണ്. മതപ്രമാണ പാഠങ്ങള്‍ തകര്‍ന്നു വീഴുന്ന നാശാവിശിഷ്ടങ്ങളുടെ മുകളിലല്ലാതെ പടിഞ്ഞാറ് വാഗ്ദാനം ചെയ്യുന്ന 'ആധുനികത'യുടെയും 'സെക്യുലറിസ'ത്തിന്റെയും വിശാല കവാടം മുസ്‌ലിംകള്‍ക്കായി പ്രതിഷ്ഠിക്കാന്‍ സാധിക്കുകയില്ല. മുസ്‌ലിം വിശ്വാസ പാറയെ ദുര്‍ബലപ്പെടുത്തണമെങ്കില്‍ ഖുര്‍ആന്‍ പാഠങ്ങളുടെ അടിത്തറയെ ഇളക്കണം. പച്ചയായി പറയുന്നില്ലെങ്കിലും അര്‍കൂനിയന്‍ ചിന്താപദ്ധതി ഈയൊരു ബിന്ദുവിലാണ് കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മൊത്തം സംഭാവനകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും. ഇത് ചൂണ്ടിക്കാട്ടുമ്പോഴും അദ്ദേഹത്തിന്റെ മറ്റു ചില സംഭാവനകളുടെ മൂല്യത്തിനു നേരെ കണ്ണടക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയാകും. ഴാങ് അകോതെര്‍ (Jean Akuthier), ഴാങ് ഡാനിയല്‍(Jean Daniel), അമീന്‍ മഅ്‌ലൂഫ്, അബ്ദുല്ലത്വീഫ് കഅ്ബി, അബ്ദുല്‍ വഹാബ് മുഅദ്ദബ് തുടങ്ങി എഴുപത്തഞ്ചോളം ചരിത്രകാരന്മാരുടെയും എഴുത്തുകാരുടെയും സഹകരണത്തോടെ അര്‍കൂന്‍ പ്രസിദ്ധീകരിച്ച മധ്യ നൂറ്റാണ്ടുകള്‍ മുതല്‍ ഇന്നുവരെയുള്ള ഫ്രാന്‍സിലെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ചരിത്രം വിശദീകരിക്കുന്ന ബൃഹദ് വിജ്ഞാന കോശം അദ്ദേഹത്തിന്റെ വിലപ്പെട്ട വൈജ്ഞാനിക സംഭാവനകളായി എന്നും അനുസ്മരിക്കപ്പെടും.
സല്‍മാന്‍ റുഷ്ദിയുടെ 'സാത്താനിക് വേര്‍സസ്' വിവാദം കത്തിനിന്നകാലത്ത് 1989 ആഗസ്റ്റ് 15-ന് അര്‍കൂന്‍ 'ലിമോന്‍ദെ' പത്രത്തിലെഴുതിയ ലേഖനവും ഈ പ്രകരണത്തില്‍ അനുസ്മരണീയമാണ്. എഴുത്തുകാരന് എന്തും എഴുതാനുള്ള സ്വാതന്ത്ര്യത്തെ ഈ ലേഖനത്തില്‍ അര്‍കൂന്‍ ചോദ്യം ചെയ്തു. അതോടെ പൊടുന്നനെ അദ്ദേഹം ഫ്രഞ്ച് സെക്യുലര്‍ ബുദ്ധിജീവികള്‍ക്കിടയില്‍ മൗലികവാദിയായി മാറി. ഫ്രഞ്ച് പാഠശാലകളുടെ കരിക്കുലത്തില്‍ മതങ്ങളുടെ പഠനം ഉള്‍പ്പെടുത്താനുള്ള അദ്ദേഹത്തിന്റെ നിര്‍ദേശവും രൂക്ഷമായ വിമര്‍ശങ്ങള്‍ക്ക് പാത്രമാവുകയുണ്ടായി.
ഉള്‍ക്കാഴ്ചയോടും ന്യായയുക്തിയോടും കൂടിയുള്ള അക്കാദമി വിമര്‍ശം ആവശ്യപ്പെടുന്നതാണ് 'അറബ് വോള്‍ട്ടയറാ'യി കൊാണ്ടാടപ്പെടുന്ന അര്‍കൂന്റെ ചിന്തകള്‍. അദ്ദേഹത്തിന്റെ തന്നെ അളവ് കോലുകള്‍ തിരിച്ചുപ്രയോഗിച്ചുകൊണ്ടുള്ള അഭിമുഖീകരണങ്ങളും സമീപനങ്ങളും അത് അനിവാര്യമാക്കുന്നു. പ്രഫ. റഫീഖ് അബ്ദുസ്സലാം ചൂണ്ടിക്കാട്ടുന്ന പോലെ നിരുപാധിക സ്വീകാരത്തിനും പൂര്‍ണ നിരാകരണത്തിനും മധ്യേ അതിനു വിശാലമായൊരിടമുണ്ട്.
റഫറന്‍സുകള്‍
1. ഡോ. മുഹമ്മദ് അര്‍കൂന്‍, 'അല്‍ ഫിക്‌റുല്‍ ഇസ്‌ലാമി: നഖ്ദുന്‍ വ ഇജ്തിഹാദ് (ഇസ്‌ലാമിക ചിന്ത: വിമര്‍ശവും ഗവേഷണവും. ഹാശിം സാലിഹിന്റെ അറബി വിവര്‍ത്തനവും ടിപ്പണിയും സാഖി, ലണ്ടന്‍ മൂന്നാം പതിപ്പ്, 1998).
2. പ്രഫ. റഫീഖ് അബ്ദുസ്സലാം. മശ്‌റൂഉ നഖ്ദുല്‍ അഖ്‌ലില്‍ ഇസ്‌ലാമി. മുഹമ്മദ് അര്‍കൂന്‍ നമൂദജന്‍ (ഇസ്‌ലാമിക ധിഷണാ പദ്ധതി വിമര്‍ശം: അര്‍കൂന്‍ മോഡല്‍).
3. മുഹമ്മദ് അല്‍ മസ്ദീവി. 'റഹീലുല്‍ മുഫക്കിറില്‍ അറബി മുഹമ്മദ് അര്‍കൂന്‍ ('അറബ് ചിന്തകന്‍ മുഹമ്മദ് അര്‍കൂന്റെ അന്ത്യയാത്ര' ലണ്ടനിലെ അല്‍ഹയാത്ത് പ്രസിദ്ധീകരിച്ച ലേഖനം, 2010 സെപ്റ്റംബര്‍ 17).
4. മുഹമ്മദുല്‍ ഹദ്ദാദ്. 'മുഹമ്മദ് അര്‍കൂന്‍ അല്ലദീ യുറാജിഉ വലായതറാജഉ' ('പുനരാലോചന ചെയ്യുന്ന, പിന്‍മടങ്ങാത്ത മുഹമ്മദ് അര്‍കൂന്‍.' അല്‍ഹയാത്ത് ലേഖനം 2010 സെപ്റ്റംബര്‍ 11).
5. ശംസുദ്ദീന്‍ അല്‍ കീലാനി. 'ഖിറാഅത്തു അര്‍കൂന്‍ ലില്‍ ഇസ്‌ലാം' ('അര്‍കൂന്റെ ഇസ്‌ലാം വായന', അല്‍ഹയാത്ത് ലേഖനം 2010 സെപ്റ്റംബര്‍ 11).
6. ഡോ. അസ്മാ ബിന്‍ ഖാദ 'മുഹമ്മദ് അര്‍കൂന്‍: നുഖ്ത്വതു തഖാറുബ് ഔ തബാഉദ് ബൈനല്‍ അസ്ഹര്‍ വസ്സോര്‍ബോന്‍' ('മുഹമ്മദ് അര്‍കൂന്‍: അസ്ഹറും സോര്‍ബോണും തമ്മിലുള്ള അടുപ്പത്തിന്റെ ബിന്ദുവോ അകല്‍ച്ചയുടെ ബിന്ദുവോ?' അര്‍റായ ദിനപത്രം, ഖത്തര്‍ 2010 സെപ്റ്റംബര്‍ 22).
(അവസാനിച്ചു)