Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>വാര്‍ത്തകള്‍/വിശേഷങ്ങള്‍


ഇന്തോനേഷ്യയിലെ 'വമി' സമ്മേളനം സമാപിച്ചു
ജക്കാര്‍ത്ത: വേള്‍ഡ് അസംബ്ളി ഓഫ് മുസ്ലിം യൂത്തി(വമി)ന്റെ പതിനൊന്നാമത് അന്താരാഷ്ട്ര സമ്മേളനത്തിന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ അത്യുജ്ജ്വല പരിസമാപ്തി. 80 രാജ്യങ്ങളില്‍ നിന്നുള്ള ഇസ്ലാമിക സംഘടനകളുടെ പ്രതിനിധികള്‍, അക്കാദമിക പണ്ഡിതന്മാര്‍, ആക്ടിവിസ്റുകള്‍ തുടങ്ങി 700 പേര്‍ സമ്മേളനത്തിന് അതിഥികളായി എത്തി. പുറമെ ഇന്തോനേഷ്യയിലെ വിവിധ ഇസ്ലാമിക കൂട്ടായ്മകളെ പ്രതിനിധീകരിച്ചെത്തിയ സ്ത്രീകളും യുവാക്കളും അടങ്ങിയ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ഇന്തോനേഷ്യന്‍ മതകാര്യമന്ത്രി സൂര്യധര്‍മ അലി പരമ്പരാഗത രീതിയില്‍ വാദ്യശബ്ദം മുഴക്കിക്കൊണ്ടാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. വമി പ്രസിഡന്റും സുഊദി മതകാര്യമന്ത്രിയുമായ ശൈഖ് ഇബ്നു അബ്ദുല്‍ അസീസ് ആലുശ്ശൈഖ് അധ്യക്ഷത വഹിച്ചു.
യുവാക്കളും സാമൂഹിക ദൌത്യവും എന്നതായിരുന്നു ഇത്തവണ സമ്മേളനം മുന്നോട്ടു വെച്ച പ്രമേയം. ഉദ്ഘാടന സമ്മേളനം, ചര്‍ച്ചാ സമ്മേളനം, പ്രബന്ധാവതരണ സമ്മേളനം, പ്രഭാഷണ സെഷന്‍, സമാപന സമ്മേളനം തുടങ്ങി വിവിധ സെഷനുകളിലായി മൂന്ന ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ സുഡാന്‍ മുന്‍ മതകാര്യ മന്ത്രി ഡോ. ഇസാം ബഷീര്‍, ഡോ. അംറ് ഖാലിദ് (ഈജിപ്ത്), ശൈഖ് സല്‍മാന്‍ ഔദഃ(സുഊദി അറേബ്യ), വമി ജനറല്‍ സെക്രട്ടറി ഡോ. സാലിഹ് അല്‍ വുഹൈബി, ഡോ. അലി അല്‍ ഖുര്‍റദാഗി (ഖത്തര്‍), സുഊദി സാമൂഹികക്ഷേമ മന്ത്രി ഡോ. അലിയ്യുബ്നു ഇബ്റാഹീം നംലഃ, സഈദ് ബ്നു നാസ്വിര്‍ അല്‍ ഗാമിദി (മലിക് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി) തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഡോ. ഹിദായ നൂര്‍ വാഹിദ്, ഡോ. അമല്‍ അബ്ദുല്‍ ഫത്താഹ് ശംസ് (ഈജിപ്ത്), ഡോ. ഹനാന്‍ തുടങ്ങിയ വനിതാപണ്ഡിതരും സമ്മേളനത്തെ അഭിമുഖീകരിച്ചു. ഇന്ത്യയില്‍ നിന്ന് ഡോ. സഫര്‍ ഇസ്ലാം ഖാന്‍, ഡോ. സാകിര്‍ നായിക്, ആര്‍. യൂസുഫ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധമവതരിപ്പിച്ചു. ഡോ. അബ്ദുല്ല ഉമര്‍ നസ്വീഫ്, ഡോ. അഹ്മദ് തൂതന്‍ജി, ടി.കെ ഇബ്റാഹീം ടൊറോണ്ടോ, സല്‍മാന്‍ നദ്വി, ശ്രീലങ്കന്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ തുടങ്ങിയ പ്രമുഖര്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു.

ബറാദഈ ബഹിഷ്കരിക്കുന്നു
അടുത്ത നവംബറില്‍ നടക്കാനിരിക്കുന്ന ഈജിപ്ഷ്യന്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ അല്‍ ബറാദഇയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യന്‍ സൊസൈറ്റി ഫോര്‍ ചേഞ്ച് എന്ന സംഘടന തീരുമാനിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ തലവനായിരുന്ന അല്‍ബറാദഇ ഹുസ്നി മുബാറകിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു. പരമ്പരാഗത രാഷ്ട്രീയ കക്ഷിയായ വഫ്ദ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവര്‍ത്തന സ്വാതന്ത്യ്രമില്ലെങ്കിലും ഇഖ്വാനുല്‍ മുസ്ലിമൂനും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തല്‍സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ ആദ്യത്തില്‍ ഉണ്ടാകുമെന്നായിരുന്നു രാഷ്ട്രീയ വേദികളില്‍ അഭ്യൂഹം.

ഡോ. അദ്നാന്‍ സഅദുദ്ദീന്‍ അന്തരിച്ചു
സിറിയയിലെ അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്റെ മുറാഖിബുല്‍ ആം ആയിരുന്ന ഡോ. അദ്നാന്‍ സഅദുദ്ദീന്‍ ഇക്കഴിഞ്ഞ ജൂലൈ 31-ന് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ അന്തരിച്ചു. മരിക്കുമ്പോള്‍ പ്രായം 81. അമ്മാന്റെ പടിഞ്ഞാറു അബ്ദൌണിലെ മസ്ജിദ് ആഇശയില്‍ നടന്ന ജനാസനമസ്കാരത്തില്‍ വന്‍ ജനാവലി പങ്കെടുത്തു.
1945-ല്‍ സിറിയയിലെ ഇസ്ലാമിക പ്രസ്ഥാനത്തില്‍ അണിചേര്‍ന്ന അദ്ദേഹം തുടക്കം മുതലേ സ്ഥാപക നേതാവ് ഡോ. മുസ്ത്വഫ സിബാഇയുടെ സഹപ്രവര്‍ത്തകനായിരുന്നു. 1976 മുതല്‍ 1981 വരെയും 1986 മുതല്‍ 1996 വരെയും ഇഖ്വാന്റെ മുറാഖിബുല്‍ ആം ആയി സേവനം അനുഷ്ഠിച്ചു. അന്‍പതുകളിലും അറുപതുകളിലും ദമസ്കസില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ശിഹാബ് വാരികയിലും ലിവാ, മനാര്‍ തുടങ്ങിയ ദിനപത്രങ്ങളിലും സ്ഥിരമായി എഴുതിയിരുന്ന അദ്ദേഹം അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണ്. 'ഇഖ്വാനുല്‍ മുസ്ലിമൂന്‍ സിറിയയില്‍: ഓര്‍മകളും കുറിപ്പുകളും' എന്ന അഞ്ച് വാള്യങ്ങളുള്ള കൃതിയാണ് അവയില്‍ പ്രധാനം.

തല മറച്ചതിനു ജോലി പോയി
അമേരിക്കയില്‍ കാലിഫോര്‍ണിയ സംസ്ഥാനത്ത് ഡിസ്നി ലാന്റിലെ സിയോറി ടെല്ലര്‍ എന്ന റെസ്റോറന്റില്‍ ഹോസ്റസ് ആയി ജോലി നോക്കിയിരുന്ന മൊറോക്കക്കാരിയായ ഈമാന്‍ ബുദയാല്‍(26), റമദാന്‍ ആസന്നമായപ്പോള്‍ വസ്ത്രധാരണത്തില്‍ മാറ്റം വരുത്തി. ഉടനെ യാതൊരു ആനൂകൂല്യങ്ങളും കൊടുക്കാതെ മാനേജ്മെന്റ് അവരെ പിരിച്ചു വിട്ടു. ഇക്കഴിഞ്ഞ ജൂണില്‍ അമേരിക്കന്‍ പൌരത്വം സ്വീകരിച്ച അവര്‍ പ്രത്യാഘാതങ്ങള്‍ എന്തുതന്നെയായാലും മതാധ്യാപനങ്ങള്‍ കൈവെടിയാന്‍ തയാറല്ലെന്ന നിലപാടിലാണ്.

ബലാത്സംഗ ഭീകരത!
കിഴക്കന്‍ കോംഗോവിലെ സായുധ ഗ്രൂപ്പുകള്‍ മുന്നൂറില്‍ പരം സ്ത്രീകളെ ഇക്കഴിഞ്ഞ ജൂണില്‍ മാത്രം ബലാത്സംഗം ചെയ്തതായി ഐക്യ രാഷ്ട്ര സഭാ റിപ്പോര്‍ട്ടില്‍ പറയുന്നു. കോംഗോ സൈന്യവും ഐക്യ രാഷ്ട്ര സഭയുടെ സമാധാന സംരക്ഷണ സേനയും ഒരുപോലെ ഈ ഭീകരത തടയുന്നില്‍ പരാജയപ്പെട്ടിരിക്കുകയാണ്.

എണ്ണത്തില്‍
എന്തിരിക്കുന്നു?

ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം 1271 ആണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ 20 ശതമാനം കൂടുതലാണിതെന്ന് ഐക്യ രാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായി ക്രിസ്ത്യന്‍ സയന്‍സ് മോണിറ്റര്‍ പത്രം വെളിപ്പെടുത്തുന്നു. എന്നാല്‍ ആംനസ്റി ഇന്റര്‍നാഷ്നല്‍ പറയുന്നത് 31 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട് എന്നാണ്. താലിബാന്‍കാരുടെ കുഴിബോംബുകളും ചാവേറുകളുമാണ് ഇതിന് കാരണമെന്ന് പാശ്ചാത്യ റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍, അധിനിവേശ ശക്തികള്‍ താലിബാനെ ജനമധ്യത്തില്‍ കരിവാരിത്തേക്കാന്‍ പാശ്ചാത്യര്‍ കളവ് മെനയുകയാണെന്ന് താലിബാനും പറയുന്നു.


Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly