>>മുഖക്കുറിപ്പ്
മത-രാഷ്ട്രീയ നിഴല്‍ യുദ്ധം
മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഇന്ത്യയില്‍ - കേരളത്തില്‍ വിശേഷിച്ചും - എന്നും വിവാദ വിഷയമാണ്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഈ വിവാദത്തിന് ആക്കം കൂടുന്നതും സാധാരണം. ഇപ്പോള്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പും അതിനപവാദമായിട്ടില്ല. മതം രാഷ്ട്രീയത്തിലിടപെട്ടു കൂടെന്നത് സര്‍വ സമ്മതമായ പ്രമാണമാകുന്നു എന്ന സങ്കല്‍പത്തിലാണ് വിവാദങ്ങള്‍ കൊഴുക്കുന്നത്. ഈ സങ്കല്‍പത്തിന്റെ പുറത്തുകയറിനിന്ന് ഓരോ കക്ഷിയും തങ്ങള്‍ക്ക് വോട്ടു വാഗ്ദാനം ചെയ്യാത്ത മതവിഭാഗങ്ങളുടെയും നേതാക്കളുടെയും നിലപാടിനെ മതത്തിന്റെ രാഷ്ട്രീയത്തിലുള്ള ഇടപെടലായി ആക്ഷേപിക്കുന്നു. അവര്‍ വോട്ടുകൊടുക്കുന്ന കക്ഷികളെ വോട്ടിനുവേണ്ടി പ്രീണിപ്പിച്ച് മതത്തെ രാഷ്ട്രീയത്തിലിടപെടുവിക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു. ഇതിനിടയില്‍ ഇടതും വലതും ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ഒളിഞ്ഞും മറഞ്ഞും മതസഭകളുടെയും പുരോഹിതന്മാരുടെയും പിന്തുണ തേടുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാകുന്നു.
മതം രാഷ്ട്രീയത്തിലിടപെട്ടു കൂടാ എന്നതിനര്‍ഥം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മതവികാരം ഇളക്കി വിട്ടു കുഴപ്പമുണ്ടാക്കുകയോ മതവിശ്വാസത്തെ ചൂഷണം ചെയ്യുകയോ ചെയ്തു കൂടാ എന്നാണെങ്കില്‍ അതിലാര്‍ക്കും തര്‍ക്കമില്ല. ഏതെങ്കിലും മതം തങ്ങളുടെ പ്രത്യേകമായ വിശ്വാസങ്ങളും ആചാരങ്ങളും രാഷ്ട്ര സംവിധാനത്തിന്റെ ഭാഗമാക്കി മൊത്തം പൌരസഞ്ചയത്തിന്റെ മേല്‍ അടിച്ചേല്‍പിക്കരുത് എന്നാണര്‍ഥമാക്കുന്നതെങ്കില്‍ അതിലുമില്ല തര്‍ക്കം. അതിലപ്പുറം മതക്കാര്‍ക്ക് രാഷ്ട്രീയാഭിപ്രായമുണ്ടായിക്കൂടാ, പറഞ്ഞുകൂടാ എന്നാണുദ്ദേശ്യമെങ്കില്‍ അത് ജനാധിപത്യവിരുദ്ധമായ ആശയമാണ്. രാജ്യത്തെ ഓരോ പൌരനും രാഷ്ട്രീയക്കാരനാണ്. പ്രായപൂര്‍ത്തി വോട്ടവകാശമുള്ള ജനാധിപത്യ റിപ്പബ്ളിക്കിലെ പൌരന്‍ വോട്ടു ചെയ്യുക എന്നതുതന്നെ ഏറ്റവും മൌലികമായ രാഷ്ട്രീയ ഇടപെടലാണ്. പൌരന്റെ വോട്ടവകാശ വിനിയോഗത്തില്‍നിന്നാണ് ജനായത്തത്തിന്റെ മറ്റു സംവിധാനങ്ങളെല്ലാം രൂപം കൊള്ളുന്നത്. പുരോഹിതനും നേതാവും വിശ്വാസിയുമൊക്കെ രാജ്യത്തെ വോട്ടവകാശമുള്ള പൌരന്മാരാണെങ്കില്‍ അവര്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടുകൂടാ എന്നു പറയുന്നത് തികഞ്ഞ അസംബന്ധമല്ലാതൊന്നുമല്ല. രാഷ്ട്ര സംവിധാനത്തില്‍ തന്നെ പ്രതിനിധീകരിക്കേണ്ടത് ഏതു സ്ഥാനാര്‍ഥി, ഏതു പാര്‍ട്ടി, ഏതു പ്രത്യയശാസ്ത്രം എന്നൊക്കെ തീരുമാനിക്കാനും തുറന്നുപറയാനും ഓരോ പൌരനും അധികാരമുണ്ട്. ഈ അധികാരത്തിന്റെ വിനിയോഗമാണ് സമ്മതിദാനം.
തൊഴിലിനും കൃഷിക്കും കച്ചവടത്തിനും വ്യവസായത്തിനും രാഷ്ട്രീയമുണ്ട്. സിനിമക്കും നാടകത്തിനും കവിതക്കും കഥക്കും രാഷ്ട്രീയമുണ്ട്. ജാതിക്കും ദേശത്തിനും ഭാഷക്കും രാഷ്ട്രീയമുണ്ട്. ഓരോ വിഭാഗത്തിന്റെയും രാഷ്ട്രീയം അവരവരുടെ ജീവിത വീക്ഷണവുമായും സാമാജിക താല്‍പര്യങ്ങളുമായും ആവശ്യങ്ങളുമായും ബന്ധപ്പെട്ടതായിരിക്കും. അതവര്‍ തുറന്നു പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ ചുറ്റുപാടില്‍ മതസംഘങ്ങള്‍മാത്രം അരാഷ്ട്രീയമായിരിക്കണമെന്നു പറയുന്നതിന്റെ ന്യായമെന്താണ്? മൊത്തം പൌരസഞ്ചയത്തിന്റെ അവകാശങ്ങളും സ്വാതന്ത്യ്രങ്ങളും ഹനിച്ചുകൊണ്ട് സ്വാര്‍ഥ താല്‍പര്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളായാലും മതസഭകളായാലും തൊഴിലാളി യൂനിയനുകളായാലും കര്‍ഷക സംഘമായാലും അന്യായവും ആപല്‍കരവുമാണ്. എന്നാല്‍ മറ്റുള്ളവരുടെ അവകാശ സ്വാതന്ത്യ്രങ്ങളെയും രാഷ്ട്രത്തിന്റെ ക്ഷേമത്തെയും ഭദ്രതയെയും ബാധിക്കാത്ത വിധത്തില്‍ മതപരമോ മതേതരമോ ആയ കൂട്ടായ്മകള്‍ പുരോഗതി പ്രാപിക്കാനും സ്വത്വം നിലനിര്‍ത്താനും രാഷ്ട്രീയമായി ശ്രമിക്കുന്നത് ഒരിക്കലും തെറ്റാകുന്നില്ല.
മുസ്ലിംകള്‍ക്ക് റമദാന്‍ വ്രതമാസമാണ്. പകല്‍ അന്ന പാനീയങ്ങള്‍ വര്‍ജ്യമാണ്. അതിന്റെ പേരില്‍ റമദാന്‍ കാലത്ത് പകല്‍ ഭക്ഷണം രാജ്യമൊട്ടുക്കും നിരോധിക്കണമെന്നാവശ്യപ്പെടുന്നത് മതേതരത്വത്തിനും ജനാധിപത്യത്തിനും വിരുദ്ധമാകുന്നു. എന്നാല്‍ മുസ്ലിംകളുടെ വ്യക്തിനിയമം ഇസ്ലാമിക ശരീഅത്തു പ്രകാരം ക്രോഡീകരിക്കാന്‍ അനുവാദം വേണമെന്നുവാദിക്കുന്നത് ഇതര വിഭാഗങ്ങളുടെ അവകാശ സ്വാതന്ത്യ്രങ്ങളെ ബാധിക്കുന്ന ആവശ്യമല്ല. രാജ്യത്ത് എല്ലാവരും മാനിക്കുന്നതും മാനിക്കേണ്ടതുമായ ഒരു ഭരണ ഘടനയുണ്ട്. അതിന്റെ പരിധിക്കകത്ത് അതു നല്‍കുന്ന സ്വാതന്ത്യ്രം എല്ലാവര്‍ക്കും തുല്യമാണ്. മതപരമോ മതേതരമോ ആയ പ്രത്യയശാസ്ത്രങ്ങളിലുള്ള വിശ്വാസവും ആചാരവും ഭരണഘടനയുടെ പരിധിക്കകത്തായിരിക്കുന്നേടത്തോളം ആരെയും രാഷ്ട്രീയത്തില്‍നിന്നോ മറ്റവകാശങ്ങളില്‍നിന്നോ തടഞ്ഞുകൂടാ.
തടയേണ്ടത് ഏതെങ്കിലും മതവിഭാഗത്തിന്റെ വിശ്വാസമോ ആചാരമോ ഭരണഘടനക്കും ഭരണഘടനാനുസൃതമായ നിയമ വ്യവസ്ഥക്കും അതീതമായി അംഗീകരിക്കപ്പെടേണമെന്നാവശ്യപ്പെടുന്നതിനെയാണ്. നിര്‍ഭാഗ്യവശാല്‍ ഇത്തരം ആപല്‍ക്കരമായ നീക്കങ്ങള്‍ രാജ്യത്ത് വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ അഡ്മിനിസ്ട്രേഷനും ജുഡീഷ്യറിയും വരെ അതിനു വഴങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. ഒരു മതവിഭാഗത്തിന്റെ വിശ്വാസത്തെ മാനിച്ചുകൊണ്ട് പല സംസ്ഥാനങ്ങളും ഇതര വിഭാഗങ്ങളുടെ ഭക്ഷണ സ്വാതന്ത്യ്രം ഹനിക്കുന്ന നിയമം നടപ്പിലാക്കിയിട്ടുണ്ട്. തെളിവുകള്‍ക്കും പ്രമാണങ്ങള്‍ക്കും മീതെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസങ്ങള്‍ പ്രതിഷ്ഠിച്ചുകൊണ്ട് വ്യവഹാരങ്ങള്‍ക്ക് തീര്‍പ്പു കല്‍പിക്കുന്ന കീഴ്വഴക്കവും ആരംഭിച്ചിരിക്കുന്നു. ഇതൊക്കെയാണ് മതത്തിന്റെ രാഷ്ട്രീയത്തിലുള്ള ഗുരുതരവും മാരകവുമായ ഇടപെടല്‍. ആര്‍ജവമുള്ള മതേതര ജനാധിപത്യ കക്ഷികള്‍ ശക്തിയുക്തം ചെറുക്കേണ്ടത് ഇതിനെയാണ്. ഇതൊന്നും കാണാതെ ചില മതനേതാക്കള്‍ ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ പിന്തുണ കൊടുക്കുന്നതിനെയും പിന്‍വലിക്കുന്നതിനെയും മതത്തിന്റെ രാഷ്ട്രീയ ഇടപെടലായി വ്യാഖ്യാനിച്ച് വാചാടോപം നടത്തുന്നത് കേവലം നിഴല്‍ യുദ്ധമാകുന്നു.