Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>പുസ്തകം


സ്വദേശാഭിമാനി വക്കം മൌലവി
കെ.എം അജീര്‍കുട്ടി
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും കേരളത്തില്‍ നടന്ന വിവിധ തലസ്പര്‍ശിയായ നവോത്ഥാന യത്നങ്ങളില്‍ എല്ലാ നിലയിലും ഭാഗഭാക്കായ വക്കം എം. മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൌലവി(1873-1932)ക്ക് കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനം തന്നെയുണ്ട്. ആദര്‍ശ ശാലിയായ പത്രപ്രവര്‍ത്തകന്‍/പത്രാധിപര്‍, ലക്ഷ്യബോധമുള്ള ഗ്രന്ഥകാരന്‍, സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് അവക്ക് ദിശാബോധം നല്‍കിയ ധിഷണാശാലി, സാമുദായിക ഐക്യത്തിന് ഗുണകരമായിത്തീരുമാറ് സംവാദങ്ങളിലേര്‍പ്പെട്ട അമരക്കാരന്‍, വിദ്യാഭ്യാസ പരിഷ്കരണ സംരംഭങ്ങളുമായി ഓടിനടന്ന സമുദായോദ്ധാരകന്‍, സര്‍വോപരി മത നവീകരണം എന്ന ആശയത്തെ സര്‍ഗാത്മകവും ചിന്താപരവും ഊര്‍ജസ്വലവുമായ പാതയിലൂടെ വഴിനടത്തിച്ച മഹാ പണ്ഡിതന്‍ എന്നിങ്ങനെ അദ്ദേഹത്തെ വിലയിരുത്തേണ്ടുന്ന വീക്ഷണ കോണുകള്‍ നിരവധിയാണ്. വക്കം മൌലവിയെപ്പോലെ ബഹുമുഖ പ്രതിഭാശാലിയായ ഒരു മഹാന്റെ ജീവചരിത്രം ഉണ്ടാകുന്നത് മലയാള ഭാഷക്കും സംസ്കാരത്തിനും ഒരു നേട്ടം തന്നെയായിരിക്കും. 'സ്വദേശാഭിമാനി വക്കം മൌലവി' എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ച ഡോ. ടി. ജമാല്‍ മുഹമ്മദിന്റെ ശ്രമം ആ വഴിക്കാണെന്നത് തീര്‍ത്തും ആശാവഹമാണ്.
വക്കം മൌലവിയെ സംബന്ധിച്ച് ലഭ്യമായ ഏതാണ്ടെല്ലാ രേഖകളും വെച്ച് കൊണ്ടാണ് ഡോ. ടി. ജമാല്‍ മുഹമ്മദ് ആ മഹാനുഭാവന്റെ ജീവചരിത്ര രചന നടത്തിയിരിക്കുന്നത്. തിരുവനന്തുപരത്തെ പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധപ്പെടുത്തിയ 324 പേജുള്ള പുസ്തകത്തില്‍ പത്ത് അധ്യായങ്ങളും മൂന്ന് അനുബന്ധ ലേഖനങ്ങളുമുണ്ട്. നേരത്തെ സൂചിപ്പിച്ചപോലെ വക്കം മൌലവിക്ക് ചരിത്രത്തില്‍ പല നിലകളിലുണ്ട് സ്ഥാനം. ബഹുമുഖ വ്യക്തിത്വമുള്ള മൌലവിയെ ഏതു വീക്ഷണ കോണില്‍ കൂടി നോക്കിക്കാണും എന്നത് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ നേരിടുന്ന ഒരു വലിയ പ്രശ്നമായിരിക്കും. ഡോ. ടി. ജമാല്‍ മുഹമ്മദ്, മൌലവിയെ പല നിലകളില്‍ പഠിച്ച് പൊതുവായി അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.
വ്യത്യസ്ത കര്‍മപഥങ്ങളില്‍ പല പരിപാടികളുമായി ഓടിനടന്ന എം. മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ 59-ാമത്തെ വയസ്സിലാണ് നിര്യാതനാകുന്നത്. അദ്ദേഹം തുടക്കമിട്ട പലതും അവയുടെ സയുക്തികമായ പരിപൂര്‍ത്തിയില്‍ എത്താതെ പോയതിന്റെ കാരണം അദ്ദേഹത്തിന് കുറെക്കാലം കൂടി ജീവിക്കാനായില്ല എന്നതുകൊണ്ട് കൂടിയാവാം. ശ്രീനാരായണ ഗുരുവിനെപ്പോലെ വക്കം മൌലവിക്ക് വിജയിക്കാനായില്ല എന്ന അതിരുങ്കല്‍ പ്രഭാകരന്റെ വാദമുഖത്തെ മൌലവിയുടെ ജീവചരിത്രകാരന്‍ നേരിടുന്നുണ്ട് (പേജ് 226). അതിരുങ്കല്‍ പ്രഭാകരനെ ഖണ്ഡിക്കാന്‍ ഡോ. ടി. ജമാല്‍ മുഹമ്മദ് നിരത്തുന്ന ന്യായങ്ങള്‍ വിവേകമതികള്‍ സമ്മതിക്കുകയും ചെയ്യും. എന്നാല്‍ വക്കം മൌലവിക്ക് പരാജയം നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് ഏറിയകൂറും സ്വസമുദായത്തില്‍നിന്നുതന്നെയായിരുന്നുവെന്ന കാര്യവും ഉറക്കെപ്പറയേണ്ടിയിരുന്നു. വിദ്യാലയങ്ങള്‍ തുടങ്ങാനുള്ള ശ്രമങ്ങളെ ഓടിനടന്ന് സഹായിച്ചതും പത്രങ്ങള്‍ നടത്തിയതും ഖുര്‍ആന്‍ തര്‍ജമ ചെയ്തു തുടങ്ങിയതും വക്കം മൌലവിയുടെ തൊപ്പിയിലെ തിളങ്ങുന്ന തൂവലുകള്‍ തന്നെയാണ്. ഇവയെ എതിര്‍ത്തവര്‍ പോലും പിന്നീട് ഒരര്‍ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍, അവയുടെ അനുകര്‍ത്താക്കളായില്ലേ? ഇസ്ലാമിനെ പഠിക്കാനും ആചരിക്കാനും ഖുര്‍ആനും സുന്നത്തും മതി എന്ന ആ മനീഷിയുടെ നിലപാടിനും പിന്നീട് ശക്തരായ പിന്തുടര്‍ച്ചക്കാര്‍ ഉണ്ടായില്ലേ? അപ്പോള്‍ വക്കം മൌലവിയുടെ ദൌത്യത്തിന് ലക്ഷ്യഭ്രംശം വന്നുവെന്നു പറഞ്ഞുകൂടാ.
ഡോ. ടി. ജമാല്‍ മുഹമ്മദിന്റെ രചന തീരെ കുറ്റമറ്റതാണെന്ന് ഇതിന് അര്‍ഥമില്ല. വക്കം മൌലവിയും പാറയില്‍ ഷംസുദ്ദീനും മഹാത്മാ ഗാന്ധിയെ കണ്ട് സംസാരിച്ചുവെന്ന് ഗ്രന്ഥകാരന്‍ എഴുതിയിട്ടുണ്ട്. പാറയില്‍ ഷംസുദ്ദീന്റെ കാര്യത്തില്‍ പ്രത്യേകിച്ചും, അവിശ്വസനീയമാണത്. പാറയില്‍ ഷംസുദ്ദീന്‍ ജനിച്ചത് 1925-ലാണ്. സൂചിത സമാഗമം നടക്കുന്നതോ 1922-ലും (പേജ് 253). 'സ്വദേശാഭിമാനി വക്കം മൌലവി' എന്ന ശീര്‍ഷകം പുസ്തകത്തിനു നല്‍കിക്കൊണ്ട് ആ വിശേഷണം രാമകൃഷ്ണ പിള്ളക്കല്ല, ആദര്‍ശശാലിയും ത്യാഗ ബുദ്ധിയുമായ മൌലവിക്കാണ് ചേരുക എന്നത്രെ വക്കം മൌലവിയുടെ ജീവചരിത്രകാരന്‍ സൂചിപ്പിക്കുന്നത്. അതില്‍ കഴമ്പുണ്ട് താനും. വക്കം മൌലവിയെ സംബന്ധിച്ച് കൂടുതല്‍ വിമര്‍ശനാത്മകവും വസ്തുനിഷ്ഠവുമായ പഠനം നടത്താന്‍ നിഷ്പക്ഷമതികളായ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഈ ഗ്രന്ഥം പ്രചോദനമേകും എന്ന കാര്യത്തില്‍ സംശയം വേണ്ട.


സ്വദേശാഭിമാനി വക്കം മൌലവി
ഡോ. ടി. ജമാല്‍ മുഹമ്മദ്
പ്രഭാത് ബുക് ഹൌസ്, തിരുവനന്തപുരം
വില 200 രൂപ


Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly