അല്‍ ജാമിഅഃ പ്രതീക്ഷകള്‍, കാല്‍വെപ്പുകള്‍
ഡോ. അബ്ദുസ്സലാം വാണിയമ്പലം/ബഷീറുദ്ദീന്‍ തൃപ്പനച്ചി
2011 ജനുവരി 30 ന് നടക്കുന്ന ശാന്തപുരം അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയ്യയുടെ ബിരുദദാന സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ അസി. ഡയറക്ടര്‍ ഡോ. അബ്ദുസ്സലാം വാണിയമ്പലം സംസാരിക്കുന്നു.
ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ നിന്ന് അല്‍ ജാമിഅ അല്‍ ഇസ്ലാമിയയിലേക്കുള്ള വളര്‍ച്ച വിശദീകരിക്കാമോ?
സ്വപ്നങ്ങള്‍, ആ സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കാനുള്ള കൃത്യമായ പ്ളാനിംഗ്, തുടര്‍ന്ന് അതിനുവേണ്ടിയുള്ള നിരന്തരമായ പ്രവര്‍ത്തനം. ഈ മൂന്നുകാര്യങ്ങള്‍ ചേര്‍ന്നാല്‍ ഏതൊരു പ്രൊജക്റ്റും വിജയിപ്പിച്ചെടുക്കാം. ശാന്തപുരം ഇസ്ലാമിയാ കോളേജിനെ ഒരു ജാമിഅഃ ആയി ഉയര്‍ത്താന്‍ 1999 ജുലൈ 18, 19 തീയതികളില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്ലാമി കേരള ശൂറ തീരുമാനിച്ചപ്പോള്‍ ഈ മുന്നുപാധികള്‍ ഭാഗികമായെങ്കിലും പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.
ശാന്തപുരം ഇസ്ലാമിയ കോളേജ് ലോകോത്തര നിലവാരമുള്ള ഒരിസ്ലാമിക സര്‍വകലാശാലയാകണം എന്നതായിരുന്നു സ്വപ്നം. ഇസ്ലാമിക വിജ്ഞാനീയത്തിന്റെ വിവിധ ശാഖകളില്‍ സ്പെഷലൈസേഷന്‍ സാധിക്കുന്ന വ്യത്യസ്ത ഫാക്കല്‍റ്റികളുള്‍ക്കൊള്ളുന്ന സര്‍വകലാശാല. അങ്ങനെയാണ് ഉസ്വൂലുദ്ദീന്‍, ശരീഅ, ഖുര്‍ആന്‍, ഹദീസ്, ദഅ്വാ, ഇസ്ലാമിക് ഇകണോമിക്സ് എന്നീ വിജ്ഞാനശാഖകള്‍ക്ക് അല്‍ ജാമിഅയില്‍ വെവ്വേറെ ഫാക്കല്‍റ്റികളുണ്ടായത്. എല്ലാ വിഷയങ്ങളും അല്‍പാല്‍പം പഠിപ്പിക്കുന്ന ഇസ്ലാമിയ കോളേജുകളുടെ പതിവുരീതികളില്‍ നിന്നുള്ളൊരു മാറ്റമായിരുന്നു അത്. ഇന്നിപ്പോള്‍ കേരളത്തിലെ മറ്റ് മതസംഘടനകളുടെ തന്നെ സ്ഥാപനങ്ങള്‍ ഈ രീതിയിലേക്ക് അവരുടെ സിലബസുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്.
ലോകത്തെ പ്രമുഖ ഇസ്ലാമിക സര്‍വകലാശാലകളുടെ സിലബസ്സുകള്‍ പഠിച്ച ശേഷം ഒരു വിദഗ്ധ സമിതി തയാറാക്കിയതായിരുന്നു അല്‍ ജാമിഅയുടെ സിലബസ്. ശേഷം ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ നേതൃത്വത്തിലുള്ള, ലോകപ്രശസ്ത പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരുമുള്‍ക്കൊള്ളുന്ന അഡ്വൈസറി കൌണ്‍സിലിനു മുമ്പില്‍ സിലബസ് അവതരിപ്പിക്കുകയും അവര്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ക്കനുസൃതമായി നിലബസിന് അന്തിമരൂപം നല്‍കുകയുമായിരുന്നു.
ഇത്തരമൊരു വിദ്യാഭ്യാസ സ്ഥാപനത്തിന് ഇന്‍ഫ്രാസ്ട്രക്ചര്‍ വളരെ പ്രധാനമാണെന്നതിനാല്‍ ഒരു മാസ്റര്‍ പ്ളാന്‍ തയാറാക്കുകയും തദടിസ്ഥാനത്തിലുള്ള കാമ്പസ് നിര്‍മിച്ചെടുക്കുകയും ചെയ്തു. 2000 ത്തില്‍ ആരംഭിച്ച മുന്നൊരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ 2003 മാര്‍ച്ച് ഒന്നിന് അമ്പതിനായിരത്തോളം പേര്‍ പങ്കെടുത്ത വിപുലമായ സമ്മേളനത്തില്‍ ശൈഖ് യൂസുഫുല്‍ ഖറദാവി അല്‍ ജാമിഅയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
അല്‍ ജാമിഅ വല്ലതും നേടിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം ടീം വര്‍ക്കാണ്. പ്രസ്ഥാന നേതൃത്വവും, കേരളത്തിനകത്തും ഗള്‍ഫുരാജ്യങ്ങളിലുമുള്ള പ്രവര്‍ത്തകരും ശൂറ ഇങ്ങനെയൊരു തീരുമാനമെടുത്തതു മുതല്‍ അല്‍ജാമിഅയെ തങ്ങളുടെ പ്രൊജക്റ്റായി ഏറ്റെടുത്തു. സാമ്പത്തികമായി സഹായിച്ചും തങ്ങളുടെ യോഗ്യതയുള്ള മക്കളെ അല്‍ ജാമിഅയില്‍ ചേര്‍ത്തും അവര്‍ ഈ പ്രയാണത്തിനു താങ്ങു നല്‍കി.
മതപഠന രംഗത്ത് കേരളീയ വിദ്യാര്‍ഥികള്‍ ബാഖിയാത്ത്, ഉമറാബാദ്, നദ്വ തുടങ്ങിയ സ്ഥാപനങ്ങളെയാണ് ഉപരിപഠനത്തിന് ആശ്രയിച്ചിരുന്നത്. ഇന്ന് ഈ സ്ഥാപനങ്ങളില്‍ നിന്നും മറ്റുത്തരേന്ത്യന്‍ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അല്‍ ജാമിഅയില്‍ എത്തുന്നു. ഇതെങ്ങനെ സാധിച്ചു?
എല്ലാറ്റിനും പറയപ്പെടുന്നൊരു 'കേരള മോഡലു'ള്ള പോലെ ഇസ്ലാമിക വിദ്യാഭ്യാസ രംഗത്തും ഒരു കേരള മോഡലുണ്ട്. കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനമാണ് അതിന്റെ ഉപജ്ഞാതാക്കള്‍. പിന്നീട് മറ്റുള്ളവരും അതു പകര്‍ത്തിയത് അതിന്റെ ആവശ്യകതയുടെ തെളിവായിരുന്നു.
പരമ്പരാഗത വിജ്ഞാനത്തിന്റെ വരണ്ട മനപാഠമാക്കലുകള്‍ക്കപ്പുറം ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ കാലിക വായനയും തദടിസ്ഥാനത്തില്‍ നവീനമായൊരു നവോത്ഥാന കാഴ്ചപ്പാട് രൂപപ്പെടുത്തലുമാണ് ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ കേരളമോഡലിനെ സവിശേഷമാക്കിയിരുന്നത്. ഇസ്ലാമിക പ്രസ്ഥാനം ഈ മോഡലിലൂടെ വളര്‍ത്തിയെടുത്തൊരു പണ്ഡിത തലമുറയുണ്ട്. അവര്‍ സാംസ്കാരിക കേരളത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ പ്രാപ്തരായത് ഈ വിദ്യാഭ്യാസ മോഡലിന്റെ പ്രത്യേകത കൊണ്ടുതന്നെയാണ്.
ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളെ ഈ കേരളമോഡലിലേക്ക് കൊണ്ടുവരികയും അവര്‍ അല്‍ ജാമിഅയില്‍ പഠനം പൂര്‍ത്തിയാക്കി തിരിച്ചു ചെന്നാല്‍ അതിന്റെ അനുരണനങ്ങള്‍ ഉത്തരേന്ത്യന്‍ പരിസരങ്ങളില്‍ പ്രകടമാകുകയും ചെയ്യണം എന്നത് തുടക്കം മുതലേ ലക്ഷ്യമായിരുന്നു. ഏതായാലും ആ ലക്ഷ്യം സഫലമായി. അല്‍ ജാമിഅ വിദ്യാര്‍ഥികളില്‍ ഇന്ന് ഏതാണ്ട് മൂന്നിലൊന്ന് കേരളത്തിനു പുറത്തുള്ളവരാണ്.
കേരളീയ കലാലയം എന്നതിനപ്പുറം ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളുന്നതിലേക്ക് അല്‍ ജാമിഅഃ വികസിച്ച ഈ സന്ദര്‍ഭത്തില്‍ കേരളത്തിന് പുറത്ത് വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് പദ്ധതികളുണ്ടോ?
ഇന്ത്യയെ ഒന്നിച്ചുകാണുമ്പോള്‍ കേരളത്തിനു പുറത്തേക്ക് അല്‍ ജാമിഅക്ക് വികസിക്കാതിരിക്കാനാവില്ല. പുറത്തുള്ള വിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതോടൊപ്പം അങ്ങോട്ട് ചെന്ന് അല്‍ ജാമിഅയുടെ ശാഖകളുണ്ടാക്കുന്നത് അല്‍ ജാമിഅഃ മോഡല്‍ കൂടുതല്‍ വ്യാപകവും ജനകീയവുമാകുന്നതിനു അനിവാര്യമാണ്. ഈ ഉദ്ദേശ്യാര്‍ഥം തമിഴ്നാട്ടിലും ദല്‍ഹിക്കടുത്തും അല്‍ ജാമിഅഃ ബ്രാഞ്ചുകളുണ്ടാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഇസ്ലാമിക വിഷയങ്ങളിലെ ഒരുന്നത പഠനകേന്ദ്രം എന്ന അര്‍ഥത്തില്‍ മാത്രം പരിമിതമാണോ അല്‍ ജാമിഅഃ? മറ്റു ഭൌതിക കോഴ്സുകള്‍ ഉള്‍ക്കൊള്ളുന്ന സംരംഭങ്ങള്‍ പ്രതീക്ഷിക്കാമോ?
അല്‍ ജാമിഅഃ ആരംഭിച്ചപ്പോള്‍ രണ്ടുഘട്ടമാണ് അതിന്റെ വിഭാവനയിലുണ്ടായിരുന്നത്. ആദ്യ ഘട്ടത്തില്‍ ദീനീ വിഷയങ്ങളില്‍ സ്പെഷലൈസേഷന്‍. രണ്ടാം ഘട്ടത്തില്‍ ഭൌതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇതില്‍ ആദ്യഘട്ടം ശാന്തപുരം കാമ്പസില്‍ ഏതാണ്ട് പൂര്‍ത്തിയായി. രണ്ടാംഘട്ടമായ ഭൌതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂപ്പലം കാമ്പസില്‍ ആരംഭിക്കുകയാണ്. വരുന്ന ബിരുദദാനസമ്മേളനത്തോടനുബന്ധിച്ച് അതിന്റെ തറക്കല്ലിടല്‍ നടക്കും. ആര്‍ട്സ്, സയന്‍സ് വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര പഠനങ്ങള്‍, ശക്തമായ മൂല്യബോധത്തോടും ഇസ്ലാമിക പ്രസ്ഥാനം പ്രതിനിധീകരിക്കുന്ന നവോത്ഥാന വീക്ഷണത്തോടും ഇഴചേര്‍ത്ത് നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായിരിക്കും പുതിയ കാമ്പസിലുണ്ടാകുക. ഈ ഗണത്തില്‍ പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടി വരുന്നതോടെയാണ് അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ (ഇസ്ലാമിക സര്‍വകലാശാല) സങ്കല്‍പം പൂര്‍ണമാകുന്നത്.
പഴയ ശാന്തപുരം കോളേജ് സന്തതികള്‍ വ്യത്യസ്ത മേഖലകളില്‍ കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമായവരും ഇന്നും സജീവമായി രംഗത്തുള്ളവരുമാണ്. അല്‍ ജാമിഅയുടെ പുതിയ സന്തതികള്‍ ഏതെല്ലാം രംഗത്താണുള്ളത്?
പുതിയ അല്‍ ജാമിഅ സന്തതികളുടെ സേവനങ്ങള്‍ പുറത്തുവരാനിരിക്കുന്നേയുള്ളൂ. ആറുവര്‍ഷത്തെ ഡിഗ്രി കോഴ്സും രണ്ട് വര്‍ഷത്തെ പി.ജി കോഴ്സും കഴിഞ്ഞ് പുറത്തുവന്നു തുടങ്ങിയിട്ടേയുള്ളൂ വിദ്യാര്‍ഥികള്‍. അവരില്‍ തന്നെ കുറേപേര്‍ അലീഗഢ്, ഹംദര്‍ദ്, ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റികളില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റുകളിലെ ഏറ്റവും നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികളായാണവര്‍ അറിയപ്പെടുന്നത്. ചിലര്‍ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുന്നു. വേറെ ചിലര്‍ മീഡിയ രംഗത്തേക്ക് പ്രവേശിക്കുകയും ജേര്‍ണലിസം കോഴ്സിലും മീഡിയ പ്രവര്‍ത്തനങ്ങളിലും പരിശീലനം നേടിക്കൊണ്ടിരിക്കുകയുമാണ്. ഇസ്ലാമിക് ഇകണോമിക്സ് കോഴ്സില്‍ പഠിച്ച ചിലര്‍ ഇന്ത്യക്കകത്തും പുറത്തും ഇസ്ലാമിക ധനകാര്യസ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. പല പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പുകാരും അധ്യാപകരുമാണ് കുറെ പേര്‍.
കേരളീയ പൊതുമണ്ഡലത്തില്‍ ഇസ്ലാമിക് ബാങ്കിംഗിനെക്കുറിച്ച് സജീവമായ ചര്‍ച്ച നടന്ന വേളയിലാണ് അല്‍ ജാമിഅയുടെ സഹകരണത്തോടെ ഈ വിഷയത്തില്‍ കൊച്ചിയില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്. ക്രിയാത്മകമായ അക്കാദമിക് ഇടപെടലുകള്‍ ഇനിയും പ്രതീക്ഷിക്കാമോ?
ഇന്ത്യയില്‍ ആദ്യമായി ഇസ്ലാമിക ഇകണോമിക്സ് പഠിപ്പിക്കാന്‍ ഫാക്കല്‍റ്റി ആരംഭിച്ച സ്ഥാപനമാണ് അല്‍ ജാമിഅഃ. രാജ്യത്ത് ഭാവിയില്‍ ഇസ്ലാമിക് ബാങ്കിംഗിനും ഫിനാന്‍സിംഗിനും തെളിഞ്ഞുവരുന്ന സാധ്യതകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള സംരംഭമായിരുന്നു അത്. ഈ രംഗത്ത് ചര്‍ച്ചകള്‍ സജീവമാക്കുക എന്നതായിരുന്നു കൊച്ചിയിലെ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നതില്‍ പങ്കുവഹിക്കുക വഴി അല്‍ ജാമിഅഃ ലക്ഷ്യമിട്ടത്. ഈ സംരംഭം മുന്നോട്ടുകൊണ്ടുപോകാന്‍ ഇസ്ലാമിക് ഫിനാന്‍സിലും ബാങ്കിംഗിലും സ്പെഷലൈസേഷന്‍ ലക്ഷ്യം വച്ച് വിശാലമായൊരു ഇന്റര്‍നാഷനല്‍ ഫിനാന്‍സ് അക്കാദമിയുടെ പ്രഖ്യാപനവും സെമിനാറിനോടനുബന്ധിച്ച് അല്‍ ജാമിഅഃ നടത്തിയിട്ടുണ്ട്. അടുത്ത അധ്യയനവര്‍ഷത്തില്‍ അതാരംഭിക്കണമെന്നാണുദ്ദേശിക്കുന്നത്.
അല്‍ ജാമിഅഃ കാമ്പസിലൊതുങ്ങുന്ന ഒരു സ്ഥാപനമല്ല, വിദ്യാഭ്യാസ പ്രസ്ഥാനം തന്നെയാണ്. അതിനാല്‍ ഇത്തരം അക്കാദമിക ഇടപെടലുകള്‍ സ്വാഭാവികമായും അതിനിയും നടത്തിക്കൊണ്ടിരിക്കും.
അല്‍ ജാമിഅയിലെ വിദ്യാര്‍ഥികളെ വിദ്യാഭ്യാസത്തിന്റെ മെയിന്‍ സ്ട്രീമില്‍ കൊണ്ടു വരാന്‍ ശ്രദ്ധിക്കുന്നുണ്ടോ?
അല്‍ജാമിഅഃ വിദ്യാര്‍ഥികള്‍ പല ഉന്നത സര്‍വകലാശാലകളിലും ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അലിഗഢ് യൂനിവേഴ്സിറ്റി, ഹംദര്‍ദ് യൂനിവേഴ്സിറ്റി, ഇഗ്നോ, മലേഷ്യന്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി, ഖത്തര്‍ യൂനിവേഴ്സിറ്റി, മദീന യൂനിവേഴ്സിറ്റി തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രശസ്ത സര്‍വകലാശാലകളുടെ അംഗീകാരം അല്‍ജാമിഅഃ നേടിയെടുത്തിട്ടുണ്ട്. വിദ്യാര്‍ഥികളുടെ മുമ്പില്‍ വിശാലമായ സാധ്യതകള്‍ തുറന്നിടണമെന്ന ഉദ്ദേശ്യത്തോടെ തുടക്കം മുതല്‍ തന്നെ ശ്രദ്ധിച്ച കാര്യമാണത്. ഈ രംഗത്തു ഇനിയും ചില സ്റെപ്പുകള്‍ ബാക്കിയുണ്ട്.
കേരളത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് ആണ്‍കുട്ടികളെക്കാള്‍ മുകളിലാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഈ കാലഘട്ടത്തില്‍ അല്‍ ജാമിഅയുടെ വിദ്യാഭ്യാസ സംരംഭങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയിട്ടുണ്ടോ?
വളരെ പ്രധാനമാണ് ഇക്കാര്യം. ലോകത്ത് തന്നെ ഇപ്പോള്‍ മുസ്ലിം പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ വളരെ മുന്നിലാണ്. ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം വളരെ പ്രതീക്ഷകള്‍ നല്‍കുന്ന പ്രവണതയാണിത്. ഈ പ്രവണതയുടെ പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്താതിരിക്കാനാവില്ല. തുടക്കത്തില്‍ വണ്ടൂര്‍ വനിതാ കോളേജിനെ അല്‍ ജാമിഅയുടെ വനിതാ വിദ്യാഭ്യാസ കേന്ദ്രമായി വികസിപ്പിച്ചു കൊണ്ടുവരാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ വിദേശത്തുനിന്നടക്കം പ്രഗത്ഭരായ അധ്യാപകര്‍, ഐ.ടി സെന്റര്‍, ലൈബ്രറി എന്നിവ ശാന്തപുരത്തിനു പുറമെ മറ്റൊരിടത്തു കൂടി സംവിധാനിക്കുക എളുപ്പമല്ലെന്നതിനാല്‍ ശാന്തപുരം കാമ്പസില്‍ തന്നെ വിദ്യാര്‍ഥിനികള്‍ക്ക് അഡ്മിഷന്‍ നല്‍കാന്‍ തീരുമാനിക്കുകയും കഴിഞ്ഞവര്‍ഷം മുതല്‍ അതാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഹോസ്റല്‍ സൌകര്യങ്ങള്‍ പൂര്‍ത്തിയായാല്‍ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ക്ക് അഡ്മിഷന്‍ നല്‍കാനാവും.
ഇത്രയും വിശാലമായ വിദ്യാഭ്യാസ സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ അല്‍ ജാമിഅഃ അഭിമുഖീകരിക്കുന്ന മുഖ്യ പ്രതിസന്ധികള്‍?
ഒന്നാമത്തെ പ്രതിസന്ധി സാമ്പത്തികം തന്നെയാണ്. സൌജന്യവിദ്യാഭ്യാസം നല്‍കുമ്പോള്‍ സ്ഥാപനത്തിനു സ്വാഭാവികമായും വലിയ ബാധ്യതകള്‍ വരും. ഇതിനെ മറികടക്കാന്‍ വരുമാനത്തിനുള്ള വഖ്ഫ് പ്രൊജക്റ്റുകള്‍ തുടക്കം മുതലേ പ്ളാന്‍ ചെയ്തിരുന്നെങ്കിലും അതിലൊന്നേ പൂര്‍ത്തിയായിട്ടുള്ളൂ. പെരിന്തല്‍മണ്ണയില്‍ ശാന്തപുരം ലോഡ്ജ് നിലനിന്നിരുന്ന സ്ഥലത്ത് രണ്ടാമത്തെ വഖഫ് പ്രൊജക്റ്റിന് ഈ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് തറക്കല്ലിടും. അല്‍ ജാമിഅഃ അലുംനിയുടെ യു.എ.ഇ ചാപ്റ്ററാണ് അതിനു മുന്‍കൈയെടുക്കുന്നത്. ഏതായാലും സാമ്പത്തിക പ്രതിസന്ധിയെ മറികടന്നേ പറ്റൂ. ഭൌതികമായ വികസനത്തിനു മാത്രമല്ല, അക്കാദമികമായ ക്വാളിറ്റി വര്‍ദ്ധിപ്പിക്കണമെങ്കിലും പണം വേണം.
യോഗ്യരായ അധ്യാപകരുടെ ലഭ്യതക്കുറവാണ് മറ്റൊരു പ്രശ്നം. കേരളത്തിനു പുറത്തുനിന്നു മാത്രമല്ല ഇന്ത്യയുടെ പുറത്തുനിന്നു തന്നെയും അല്‍ ജാമിഅ അധ്യാപകരെ കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിലെയും ഏറ്റവും മികച്ച അധ്യാപകരെ ലഭിച്ചിട്ടുണ്ട്. എങ്കിലും ഇനിയും ഈ രംഗത്തു വളരെ മുന്നോട്ടുപോകാനുണ്ട്.
യോഗ്യരായ വിദ്യാര്‍ഥികളാണ് മറ്റൊരു ഘടകം. എസ്.എസ്.എല്‍.എസിക്ക് ഉയര്‍ന്ന ഗ്രെയ്ഡുള്ളവര്‍ക്കു മാത്രം പ്രവേശനമെന്നു തീരുമാനിച്ചത് അതുകൊണ്ടാണ്. മറ്റുകഴിവുകളും ടെസ്റ് ചെയ്തേ പ്രവേശനം നല്‍കൂ എന്നും തീരുമാനിച്ചിരുന്നു. ഇതിനു വലിയ പ്രയോജനമുണ്ടായി. അല്‍ ജാമിഅയിലെ 70% വിദ്യാര്‍ഥികളും ഈയര്‍ഥത്തില്‍ നല്ല വിജയമാണ്.
അല്‍ ജാമിഅയുടെ പ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ എങ്ങനെ വിലയിരുത്തുന്നു?
അത് ചെയ്യേണ്ടത് ഇസ്ലാമിക പ്രസ്ഥാനമാണ്. വ്യക്തിപരമായ അഭിപ്രായമാണെങ്കില്‍, അറുപതു ശതമാനം വിജയം എന്നുപറയാം. പത്തുവര്‍ഷമല്ലേ ആയുള്ളൂ. ഒരു സ്ഥാപനത്തിന്റെ പ്രായത്തില്‍ അത് വളരെ കുറഞ്ഞ കാലമാണ്. ഇപ്പോഴുണ്ടായ പുരോഗതികള്‍ പത്തുവര്‍ഷത്തിനുള്ളിലാണെന്നത് സമാധാനം നല്‍കുന്നുണ്ട്. അറുപതു ശതമാനത്തില്‍ നിന്നു നൂറു ശതമാനത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് പ്രസ്ഥാനം ഇനി നടത്തേണ്ടത്.