സംഘര്‍ഷ വേളകളില്‍ വിശ്വാസികളുടെ നിലപാട്
അതീഖുര്‍റഹ്മാന്‍ ഫൈസി
നമ്മുടെ നാട്ടിലും മുസ്ലിം സമുദായത്തിലും അസ്വസ്ഥതകള്‍ വിതക്കുന്നതായി വാര്‍ത്തകള്‍ ഈ അടുത്ത കാലത്ത് തുടരെ തുടരെ നാം കേട്ടുകൊണ്ടിരിക്കുന്നു. അതിലെ ഏറ്റവും അവസാനത്തേതാണ് നിരപരാധിയായ നമ്മുടെ കുഞ്ഞു സഹോദരന്‍ നടുറോഡില്‍ വെട്ടേറ്റ് വധിക്കപ്പെട്ട സംഭവം. നാട്ടുകാരൊന്നടങ്കം നിരപരാധിയെന്ന് പറയുന്ന സഹോദരന്‍ തീര്‍ച്ചയായും സൌഭാഗ്യവാനാണ്. "അക്രമിക്കപ്പെട്ടു വധിക്കപ്പെട്ടവന്‍ രക്തസാക്ഷിയാണ്.'' എന്ന പ്രവാചക വചനം അതാണല്ലോ സൂചിപ്പിക്കുന്നത്. അല്ലാഹു സഹോദരന്റെ പാപങ്ങള്‍ പൊറുത്തുകൊടുത്ത് സ്വര്‍ഗപൂന്തോപ്പില്‍ പ്രവേശിക്കുമാറാകട്ടെ!
മനുഷ്യരെന്ന നിലക്ക് ഇത്തരം ഘട്ടങ്ങളില്‍ വൈകാരിക പ്രതികരണങ്ങള്‍ ഉയരുക സ്വാഭാവികമാണ്. അതിനാല്‍ ചില കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ.
"നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കേണ്ടത് യുക്തിയുടെയും സാരസമ്പൂര്‍ണമായ ഉപദേശത്തോടും കൂടിയാണ്. ഏറ്റവും ഉല്‍കൃഷ്ടമായ വഴിയിലൂടെ അവരോടു സംവദിക്കുക. അവന്റെ വഴിയില്‍നിന്ന് പിഴച്ച് പോയവര്‍ ആരാണെന്ന് നിന്റെ രക്ഷിതാവിനു നന്നായറിയാം. നിങ്ങളെ എത്രയാണോ പ്രഹരിച്ചത് അത്ര കണ്ട് നിങ്ങള്‍ അവരെ പ്രഹരിക്കുക. അതിലപ്പുറം ഒന്നും സ്വീകരിക്കാന്‍ പാടില്ല.'' ഇതാണ് ഖുര്‍ആന്റെ നിലപാട്.
10000 സൈന്യവുമായി മക്ക വിജയിച്ചടക്കിയ സന്ദര്‍ഭത്തിന്റെ അമ്മാറിനെയും യാസിറിനെയും ഖബ്ബാബിനെയും വകവരുത്തിയവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ അവസരം ലഭിച്ച നബി(സ) തന്നെ ഉപദ്രവിച്ച സഹോദരന്മാരോട് യൂസുഫ്(അ) സ്വീകരിച്ച നന്മയുടെ നിലപാടു സ്വീകരിക്കാനാണ് മുതിര്‍ന്നത്. 'നിങ്ങളോട് യാതൊരു ഈര്‍ഷ്യവും പകയുമില്ല. അര്‍ഹമുറാഹിമായ പടച്ച തമ്പുരാന്‍ നിങ്ങള്‍ക്കു പൊറുത്തു തരട്ടെ' എന്നായിരുന്നുവല്ലോ പ്രവാചകന്‍ അവരോട് പ്രതികരിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാമും എന്തു നടപടിയാണു സ്വീകരിക്കേണ്ടതെന്ന മുന്നറിയിപ്പുകള്‍ ഖുര്‍ആനിലുണ്ട്. "പ്രവാചകരേ താങ്കള്‍ ക്ഷമിക്കുക. ആ ക്ഷമ അല്ലാഹുവിനു വേണ്ടിയുള്ളതാണ്'' എന്നാണ് ഖുര്‍ആന്റെ പാഠം. അതുകൊണ്ട് നമ്മുടെ ക്ഷമ ആരെയും തൃപ്തിപ്പെടുത്താനുള്ളതല്ല. അല്ലാഹുവിന്റെ കല്‍പനകള്‍ പാലിച്ചു കൊണ്ടുള്ള നിലപാടാണ്. നാട്ടില്‍ കുഴപ്പം സൃഷ്ടിക്കുക എന്നത് നമ്മുടെ നയമല്ല.
ശത്രുക്കള്‍ അധികാരവും രാഷ്ട്രീയ മുന്നേറ്റങ്ങളും ലക്ഷ്യം വെച്ച് സമൂഹത്തില്‍ ശൈഥില്യമുണ്ടാക്കാന്‍ ഒരുപാട് അജണ്ടകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു പശ്ചാത്തലം കൂടി നമുക്ക് മുന്നിലുണ്ട്. സ്വന്തം ആളുകളെ വധിച്ചും, സ്വന്തം മതസ്ഥാപനങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയും ക്രൂരമായ ധ്രുവീകരണം ഉണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് അവര്‍. എങ്ങനെയെങ്കിലും മറുഭാഗത്തുനിന്ന് പ്രതികരണം ഉണ്ടാക്കിക്കുക എന്നതാണ് അവരുടെ മുഖ്യ അജണ്ട. നാം വളരെ സൂക്ഷ്മതയോടെ നിലപാടുകള്‍ സ്വീകരിക്കേണ്ട സന്ദര്‍ഭമാണിത്.
പ്രിയ സഹോദരന്മാരെ, ഉത്തമ സമൂഹമായ നമ്മളില്‍ ഉണ്ടായിരിക്കേണ്ട വലിയ ഗുണങ്ങളെക്കുറിച്ച് നാം തിരിച്ചറിയേണ്ടതുണ്ട്. അതില്‍ ആദ്യമായിട്ടുള്ളത് ആയുധ ശക്തിയെയും ആള്‍ബലത്തെയും കവച്ചുവെക്കുന്ന ഈമാനിന്റെ അടിത്തറയാണ്. ഈമാന്‍ കാര്യത്തിന്റെയും ഇസ്ലാം കാര്യത്തിന്റെയും എണ്ണം അറിഞ്ഞാല്‍ നാം ഈമാനുള്ളവരായിത്തീരുമോ? ഇല്‍മ് ആണ് ഈമാനിലേക്കുള്ള വിശ്വാസികളുടെ വഴി. അറിവില്ലായ്മയുടെ എല്ലാ ഘട്ടങ്ങളും തരണം ചെയ്തു അല്ലാഹുവിനെയും റസൂലിനെയും മനസ്സിലാക്കുമ്പോഴാണ് ഈമാന്‍ ഉണ്ടാകുന്നത്. ഇതാണ് മുന്‍ഗാമികളുടെ മാര്‍ഗം. മാത്രമല്ല, ഈമാന്‍ ശുഷ്കിച്ച് പോകുന്ന വഴികളില്‍നിന്ന് നാം ജാഗ്രത പാലിക്കുകയും ഈമാന്‍ വര്‍ധിക്കാനുള്ള അവസരങ്ങളെ നാം ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. രണ്ടാമതായി ഉത്തമ സമുദായം എന്ന നിലക്കുള്ള നമ്മുടെ ഉത്തരവാദിത്വം പൂര്‍ണമായും നിറവേറ്റുക എന്നതാണ്. പ്രവാചകനു ശേഷം മുസ്ലിം സമുദായത്തില്‍ ജനിക്കുന്ന എല്ലാവരും ഉത്തമ സമുദായത്തില്‍ പെട്ടവരാണെന്നാണ് നമ്മുടെ തെറ്റിദ്ധാരണ. പക്ഷേ, അല്ലാഹു ഉത്തമ സമൂഹത്തെ പരിചയപ്പെടുത്തുന്നത്. 'ജനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമൂഹമാണ് നിങ്ങള്‍' എന്നാണ്. ജനങ്ങളുടെ പ്രശ്നവും പ്രയാസവും നമുക്ക് അറിയാന്‍ സാധിക്കണം. ജനങ്ങളുടെ രക്ഷിതാവായ പടച്ചവന്‍ അവന്റെ ജനങ്ങളിലേക്ക് വിശ്വാസികളെ അവന്റെ പ്രതിനിധികളായി നിശ്ചയിച്ചിരിക്കുകയാണ് എന്ന ബോധവും നമ്മില്‍ ഉണ്ടാകണം. നന്മകല്‍പിക്കുകയും തിന്മതടയുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യണം - ഇതാണ് ഉത്തമ സമൂഹത്തിന്റെ ഉത്തരവാദിത്വം.
മൂന്നാമതായി നാം ചെയ്യേണ്ടത് സൌഹൃദ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കുക എന്നതാണ്. ഇതൊരു പ്രീണന നയമാണെന്ന വിമര്‍ശനം തെറ്റാണ്. മുസ്ലിംകള്‍ ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഇസ്ലാമിക രാഷ്ട്രത്തിലാണെങ്കിലും അല്ലെങ്കിലും പുലര്‍ത്തേണ്ട നിലപാടാണിത്. ന്യൂനപക്ഷമാകുമ്പോള്‍ മാത്രം ഭൂരിപക്ഷത്തെ ഭയപ്പെട്ട് പുലര്‍ത്തുന്ന ഒരു അടവ് നയമല്ല ഇത്. പ്രവാചകന്‍(സ)യുടെ അങ്കി മരണമടയുന്ന സമയത്ത് പോലും ഒരു ജൂത സുഹൃത്തിന്റെ കൈയിലായിരുന്നുവെന്ന സത്യം നാം വിസ്മരിക്കരുത്. അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) തുടങ്ങി എന്തും സാധിച്ചു കൊടുക്കുന്ന അനുയായി വൃന്ദം ഇല്ലാത്തത് കൊണ്ടല്ലല്ലോ പ്രവാചകന്‍ ഈ നിലപാട് സ്വീകരിച്ചത്. സൌഹൃദത്തിന്റെ ഉന്നതമായൊരു മാതൃകയാണത്.
നാലാമത്തേത് ബോധവല്‍ക്കരണമാണ്. 'മുസ്ലിംകളുടെ അധഃപതനം മൂലം ലോകത്തിന് സംഭവിച്ച നഷ്ടമെന്ത്?' എന്ന പ്രശസ്ത പണ്ഡിതന്‍ അലിമിയാന്റെ രചന അത്തരത്തിലുള്ള ഒരു ശ്രമമാണ്. അവര്‍ക്ക് നാം നേടിക്കൊടുത്ത അവസരങ്ങളെക്കുറിച്ച് മനസിലാക്കിക്കൊടുക്കണം. ആത്യന്തികമായി നാം മനസിലാക്കേണ്ടത് ഇതൊരു പ്രീണന നയമല്ല എന്നുള്ളതാണ്. അതുകൊണ്ട് സംഘടനാ കെട്ടുപാടുകളൊഴിവാക്കി നാം ഐക്യപ്പെടേണ്ട നയമാണിത്. മുസ്ലിംകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, മുഴുവന്‍ ലോകരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി നാം ശബ്ദിക്കണം. അക്രമികള്‍ ആരായാലും അവരെ ഒറ്റപ്പെടുത്തണം.
(14/2/2011 ന് കാസര്‍കോഡ് ടൌണ്‍ ഹസനത്തുല്‍ ജാരിയ ജുമാ മസ്ജിദില്‍ നടത്തിയ ഖുത്വ്ബയുടെ സംഗ്രഹം)