Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

'ടുണീഷ്യന്‍ വിപ്ളവം' അയല്‍ നാടുകളിലേക്കും
പി.കെ നിയാസ്
ജനങ്ങളെ അടിച്ചമര്‍ത്തി സുഖലോലുപരായി കഴിയുന്ന ഏകാധിപതികളുടെ ഉറക്കം കെടുത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് അറബ് ലോകം പാകപ്പെട്ടിരിക്കുന്നുവെന്ന വ്യക്തമായ സന്ദേശമാണ് ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് പുറത്തുവരുന്നത്. പൌരാവകാശ ധ്വംസനങ്ങളിലൂടെ ഇരുപത്തിമൂന്നു വര്‍ഷമായി തുനീഷ്യയെ കുടുംബസ്വത്താക്കിവെച്ച സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ രാജ്യത്തുനിന്ന് കെട്ടുകെട്ടിച്ച ജനകീയ മുന്നേറ്റം മഗ്രിബ് രാജ്യങ്ങളായ അള്‍ജീരിയ, മൊറോക്കോ, മൌറിത്താനിയ എന്നിവിടങ്ങളില്‍ മാത്രമല്ല, ഈജിപ്തിലും ജോര്‍ദാനിലും വരെ അനുരണനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ ഇവിടങ്ങളില്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ നിരവധി യുവാക്കള്‍ ആത്മാഹുതി ചെയ്യുന്ന പുതിയ പ്രവണതക്കും തുടക്കമിട്ടിരിക്കുന്നു. തുനീഷ്യയില്‍ മാത്രം നൂറിലേറെ പേര്‍ക്ക് പ്രക്ഷോഭത്തില്‍ ജീവഹാനി നേരിട്ടുവെന്നാണ് യു.എന്‍ കണക്ക്. ദാരിദ്യ്രം, തൊഴിലില്ലായ്മ, അസംതൃപ്തി എന്നിവയാല്‍ അറബ് ഹൃദയങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് അറബ് നേതാക്കളുടെ സാമ്പത്തിക ഉച്ചകോടി ഉദ്ഘാടനം ചെയ്ത് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറ് മൂസ മുന്നറിയിപ്പ് നല്‍കിയത്. അപരിഹാര്യമായ രാഷ്ട്രീയ പ്രശ്നങ്ങള്‍ പൌരന്മാരെ അങ്ങേയറ്റം നിരാശയിലാക്കിയെന്നും ഇതുകാണാതെ മുന്നോട്ടുപോകുന്നത് വന്‍ ദുരന്തത്തിന് വഴിവെക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബര്‍ച ടുണീഷ്യന്‍ വാക്കാണ്. 'മതിയായി' എന്നര്‍ഥം. ജീവിതായോധന മാര്‍ഗം കൊട്ടിയടച്ച ഭരണകൂട മേലാളരുടെ ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിക്കാന്‍ സ്വയം തീകൊളുത്തി മരിച്ച ഇരുപത്താറുകാരനായ സര്‍വകലാശാല ബിരുദധാരി മുഹമ്മദ് ബൂ അസീസിയുടെയും വൈദ്യുതി കമ്പികള്‍ ദേഹത്തുവെച്ച് ജീവനൊടുക്കിയ ഹുസൈന്‍ നാജിയുടെയും സമരപോരാട്ടത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട തുനീഷ്യന്‍ ജനത ബിന്‍ അലി ഭരണത്തോട് പറഞ്ഞത് ബര്‍ച എന്നായിരുന്നു. ഈജിപ്തില്‍ പട്ടാളതുല്യമായ ഹുസ്നി മുബാറക്കിന്റെ സ്വേഛാധിപത്യ ഭരണകൂടത്തോട് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് രൂപപ്പെടുത്തിയ പ്രക്ഷോഭത്തിന്റെ തലക്കെട്ട് കിഫായ എന്നാണ്. രണ്ടും തുറന്നു പറയുന്നത്, ഏകാധിപതികളേ ഇറങ്ങിപ്പോകൂ എന്നാണ്. ബര്‍ച വിജയിച്ചു. കിഫായ വിജയം കാണാനിരിക്കുന്നു.
ജനവികാരം ശക്തിപ്പെടുകയും പിടിച്ചുനില്‍ക്കാനാവില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തപ്പോഴാണ് രാജ്യം വിടാന്‍ ബിന്‍ അലി തീരുമാനിച്ചത്. പരമോന്നത കോടതി ഉത്തരവിനെ തുടര്‍ന്ന് ആക്ടിംഗ് പ്രസിഡന്റായി സ്ഥാനമേറ്റ സ്പീക്കര്‍ ഫുആദ് മുബ്സിഅ് 60 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്നും ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചെങ്കിലും ബിന്‍ അലിയുടെ വലംകൈയായിരുന്ന പ്രധാനമന്ത്രി മുഹമ്മദ് ഗനൂശിയെയും ഭരണകക്ഷിയില്‍ പെട്ട നിരവധി മന്ത്രിമാരെയും ഉള്‍പ്പെടുത്തിയുള്ള പ്രഹസനമായി അത് മാറി. ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം എന്നീ സുപ്രധാന വകുപ്പുകള്‍ ബിന്‍ അലിയുടെ പഴയ ശിഷ്യന്മാര്‍ക്ക് തന്നെയാണ് നല്‍കിയത്. പ്രധാനമന്ത്രി ഉള്‍പ്പെടെ ബിന്‍ അലിയുടെ ശിങ്കിടികളെ മുഴുവന്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധം ശക്തിപ്പെട്ടപ്പോള്‍ ബിന്‍ അലിയുടെ പാര്‍ട്ടിയായ കോസ്റിറ്റ്യൂഷനല്‍ ഡെമോക്രാറ്റിക് റാലി (ആര്‍.സി.ഡി)യില്‍നിന്ന് തങ്ങള്‍ രാജിവെച്ചതായി പ്രഖ്യാപിക്കുകയാണ് പുതിയ പ്രസിഡന്റും പ്രധാനമന്ത്രിയും ചെയ്തത്. സ്വാതന്ത്യ്രം ലഭിച്ച് 55 വര്‍ഷത്തിനുശേഷം ഏകാധിപത്യ ഭരണം അവസാനിച്ചത് സ്വാഗതം ചെയ്യുന്നതിനാലാണ് ബിന്‍ അലിയുടെ സഹപ്രവര്‍ത്തകരോടൊപ്പം ഗവണ്‍മെന്റിന്റെ ഭാഗമായതെന്നായിരുന്നു പ്രതിപക്ഷത്തെ പ്രോഗസീവ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നജീബ് ശെബ്ബി അഭിപ്രായപ്പെട്ടത്. മൂന്ന് പ്രതിപക്ഷ നേതാക്കളെ ദേശീയ ഐക്യ സര്‍ക്കാറില്‍ ഉള്‍പ്പെടുത്തിയെങ്കിലും ജനരോഷം ഭയന്ന് 24 മണിക്കൂറിനകം അവര്‍ രാജിവെച്ചു. ചുരുക്കിപ്പറഞ്ഞാല്‍, പഴയ ഭരണകൂടത്തിന്റെ സകല ജീര്‍ണതകളുടെയും ശേഷിപ്പുമായി ആരും ഭരിക്കേണ്ടെന്ന വ്യക്തമായ മുന്നറിയിപ്പാണ് പ്രക്ഷോഭകര്‍ നല്‍കിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനമായ അന്നഹ്ദയെയോ കമ്യൂണിസ്റ് വര്‍ക്കേഴ്സ് പാര്‍ട്ടിയെയോ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് പോലും ക്ഷണിച്ചിട്ടില്ല. ബിന്‍ അലി രക്ഷപ്പെട്ട ദിവസം തന്നെയാണ് കമ്യൂണിസ്റ് നേതാവ് ഹമ്മ ഹമ്മാമി ജയില്‍ മോചിതനായത്. എന്നാല്‍ ഏറെക്കാലമായി ലണ്ടനില്‍ പ്രവാസിയായി കഴിയുന്ന അന്നഹ്ദ നേതാവ് റാശിദ് ഗനൂശിക്ക് ഇപ്പോള്‍ മടങ്ങിവരാനാവില്ലെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. ബിന്‍ അലി ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി 1992-ല്‍ ഗനൂശിക്കെതിരെ അദ്ദേഹത്തിന്റെ അഭാവത്തില്‍ പുറപ്പെടുവിച്ച ജീവപര്യന്തം തടവുശിക്ഷ നിലനില്‍ക്കുന്നുണ്ടെന്നാണ് അതിന് പറഞ്ഞ ന്യായം. എന്നാല്‍ ആരോപണം റാശിദ് ഗനൂശി പല തവണ നിഷേധിച്ചതാണ്. ഒരു സാധാരണ പൌരനായി നിര്‍ഭയം മാതൃരാജ്യത്തേക്ക് മടങ്ങിവരണമെന്നാണ് ഗനൂശിയുടെ ആഗ്രഹമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. അന്നഹ്ദയെ അല്‍ ഖാഇദയുമായി ബന്ധമുള്ള പാര്‍ട്ടിയാണെന്ന് പ്രചരിപ്പിച്ചാണ് അതിന്റെ നിരവധി പ്രവര്‍ത്തകരെ ബിന്‍ അലി ഭരണകൂടം വേട്ടയാടിയത്. പാര്‍ട്ടിയുടെ മുതിര്‍ന്ന വക്താവും അഭിഭാഷകനുമായ സമീര്‍ ദിലുവിനെയും പത്തു വര്‍ഷം തടവിലിട്ടു പീഡിപ്പിച്ചു
1956-ല്‍ ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്യ്രം നേടിയതു മുതല്‍ ഏകാധിപത്യ ഭരണത്തില്‍ കഴിയേണ്ടിവന്ന അറബ് രാജ്യമാണ് ടുണീഷ്യ. ദേശീയവാദിയും സെക്യുലറിസ്റുമായ ഹബീബ് ബുര്‍ഗീബയുടെ ഏകാധിപത്യ ഭരണത്തില്‍ മുപ്പതു വര്‍ഷം കഴിഞ്ഞ ജനത 1987 മുതല്‍ സൈനുല്‍ ആബിദിന്‍ ബിന്‍ അലിയുടെ സ്വേഛാധിപത്യം സഹിച്ചുപോരുകയായിരുന്നു. ബിന്‍ അലിയുടെ രണ്ടാം ഭാര്യ ലൈലയാണ് അഴിമതി ഭരണകൂടത്തിലെ നെടുംതൂണായി വര്‍ത്തിച്ചത്. ഒരു ബ്യൂട്ടീഷ്യന്‍ മാത്രമായിരുന്ന ലൈല ടുണീഷ്യയിലെ ഇമല്‍ഡ മാര്‍ക്കോസ് ആയാണ് അറിയപ്പെടുന്നത്. ഫിലിപ്പൈന്‍സിലെ അഴിമതി വീരനായിരുന്ന മുന്‍ പ്രസിഡന്റ് ഫെര്‍ഡിനാന്റ് മാര്‍ക്കോസിന്റെ പ്രഥമ വനിതക്ക് സ്വര്‍ണവും ഡയമണ്ടും പതിച്ച ആഡംബര ചെരുപ്പുകളോടും ഷൂസുകളോടുമായിരുന്നു പ്രിയമെങ്കില്‍ റിയല്‍ എസ്റേറ്റ് മേഖലയായിരുന്നു ലൈലയുടെ വിഹാര രംഗം. തലസ്ഥാനത്തും രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും നിരവധി ആഡംബര വില്ലകളും ഷോപ്പിംഗ് മാളുകളും ബിസിനസ് സ്ഥാപനങ്ങളും ലൈലയുടെയും ബന്ധുക്കളുടെയും പേരിലുണ്ട്. ചില വിദേശ രാജ്യങ്ങളിലും അവര്‍ക്ക് ബിസിനസ് സംരംഭങ്ങളും നിക്ഷേപങ്ങളുമുണ്ട്. ലൈലയുടെ ത്വറാബുല്‍സി കുടുംബത്തിന് പങ്ക് നല്‍കാതെ ഒരു വിദേശ വ്യവസായ സംരംഭകര്‍ക്കും രാജ്യത്ത പ്രവര്‍ത്തിക്കാനാവില്ലെന്ന് അമേരിക്കയുടെ മുന്‍ സ്ഥാനപതി റോബര്‍ട്ട് എഫ്. ഗോഡെക് വെളിപ്പെടുത്തുന്നു. ലൈല ദുബൈയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. ദുബൈയിലെ ആഡംബര കേന്ദ്രങ്ങളില്‍ നിത്യസന്ദര്‍ശകയാണ് അവര്‍.
ബിന്‍ അലിയുടെ പേരില്‍ മാത്രം 350 കോടി പൌണ്ടിന്റെ ആസ്തിയുണ്ടെന്നാണ് ഡെയിലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്. ഭാര്യ ലൈലയെയോ കോടീശ്വരനായ മരുമകന്‍ മുഹമ്മദ് സഖര്‍ അല്‍ മാത്വിരിയെയോ ആണ് തനിക്കുശേഷം പ്രസിഡന്റ് പദവിയില്‍ ബിന്‍ അലി കണ്ടുവെച്ചിരുന്നത്. ജനങ്ങള്‍ തൊഴിലില്ലാതെ പട്ടിണിയില്‍ കഴിയുമ്പോഴാണ് സഖര്‍ കോടികള്‍ മുടക്കി നടത്തിയ വിരുന്നില്‍ താന്‍ പങ്കെടുത്തതെന്നും ഗോഡെക് കുമ്പസരിക്കുന്നുണ്ട്.
ലൈലയുടെ കുടുംബം ടുണീഷ്യയെ കൊള്ളയടിക്കുകയാണെന്ന് വൈകിയാണെങ്കിലും ജനത്തിന് മനസ്സിലായി. പ്രക്ഷോഭം ശക്തിപ്പെട്ടപ്പോള്‍ മെഡിറ്ററേനിയന്‍ തീരപട്ടണമായ ഹാമ്മമതിലെ ത്വറാബുല്‍സി കുടുംബത്തിന്റെ പേരിലുള്ള രമ്യഹര്‍മങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. ബിന്‍ അലിയും പത്നിയും ഭാഗ്യം കൊണ്ടാണ് ജനരോഷത്തില്‍നിന്ന് രക്ഷപ്പെട്ടത്.
ബിന്‍ അലിയുടെയും കുടുംബത്തിന്റെയും നാറുന്ന അഴിമതിക്കഥകളും ജനങ്ങളിലെ വര്‍ധിച്ചുവരുന്ന അസംതൃപ്തിയും അമേരിക്കക്ക് നന്നായി അറിവുള്ളതാണെന്ന് വിക്കിലീക്സ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു. ബുഷ് ഭരണകൂടത്തിലെ പ്രതിരോധ മന്ത്രിയായിരുന്ന ഡൊണാള്‍ഡ് റംസ്ഫെല്‍ഡ് സൈനിക സഹകരണം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച അജണ്ടയുമായി തൂനിസ് സന്ദര്‍ശിച്ച് നാലു മാസത്തിനു ശേഷമാണ് യു.എസ് അംബാസഡര്‍ വില്യം ഹഡ്സന്‍ മേല്‍ റിപ്പോര്‍ട്ടുകള്‍ അയച്ചത്. ഉത്തരാഫ്രിക്കയില്‍ ഏറ്റവുമധികം പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യമാണ് ടുണീഷ്യയെന്നും സാമ്പത്തിക വളര്‍ച്ചാനിരക്ക് മികച്ചതാണെന്നും സൂചിപ്പിച്ച റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതില്‍ ഗവണ്‍മെന്റ് വന്‍ പരാജയമാണെന്ന് വ്യക്തമാക്കുന്നു. നിരവധി വിദ്യാര്‍ഥികള്‍ സര്‍വകലാശാലകളില്‍നിന്ന് പുറത്തുവരുന്നുണ്ടെങ്കിലും അവരെല്ലാം തൊഴിലില്ലാപ്പടയിലെ അംഗങ്ങളായി മാറുന്നു. ബിന്‍ അലി ഭരണകൂടത്തിന്റെ അഴിമതികളുമായി ഏതെങ്കിലും നിലക്ക് ബന്ധമുള്ളവര്‍ക്കേ ജോലികള്‍ തരപ്പെടുത്താന്‍ കഴിയൂവെന്ന ചിന്ത ജനങ്ങളില്‍ ശക്തമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
തെരഞ്ഞെടുപ്പ് പ്രഹസനങ്ങള്‍
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും പൌരാവകാശങ്ങള്‍ അടിച്ചമര്‍ത്തിയുമാണ് അറബ് രാജ്യങ്ങളിലെ ഏകാധിപത്യ ഭരണകൂടങ്ങള്‍ തെരഞ്ഞെടുപ്പ് പ്രഹസനങ്ങള്‍ നടത്തുന്നത്. ഈജിപ്തും ടുണീഷ്യയും അള്‍ജീരിയയുമൊക്കെ ഇതിന്റെ മകുടോദാഹരണങ്ങളാണ്. ഇസ്ലാമിസ്റുകളുടെ മുന്നേറ്റങ്ങള്‍ക്ക് തടയിടുകയെന്ന ഒരൊറ്റ അജണ്ടയുടെ പേരില്‍ ഇതിന് സര്‍വവിധ പിന്തുണയും നല്‍കിവരുന്ന അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ ഭരണകൂടങ്ങളാണ് ഇത്തരം ഏകാധിപതികളെ തീറ്റിപ്പോറ്റുന്നത്. അമേരിക്കയുടെയും കൂട്ടാളികളുടെയും താല്‍പര്യങ്ങള്‍ക്കൊത്തുള്ള ഗവണ്‍മെന്റിനെയല്ല ജനങ്ങള്‍ തെരഞ്ഞെടുത്തതെങ്കില്‍ പ്രസ്തുത ഭരണത്തെ നിലംപരിശാക്കാന്‍ ഏതറ്റം വരെയും അവര്‍ പോകുമെന്നതിന്റെ പച്ചയായ തെളിവുകളാണ് അള്‍ജീരിയയും ഫലസ്ത്വീനും.
അഞ്ചു വര്‍ഷം കാലാവധിയുള്ള പ്രസിഡന്റ് പദവി പരമാവധി രണ്ടു തവണ മാത്രമേ ഒരാള്‍ക്ക് വഹിക്കാവൂ എന്ന ഭരണഘടനാ നിയമം 2008-ല്‍ അള്‍ജീരിയ ഭേദഗതി ചെയ്തത് ഏകാധിപത്യ പ്രവണതകള്‍ക്ക് ശക്തിപകരാനായിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതഫ്ലീഖ 1999 മുതല്‍ സ്ഥാനത്തുണ്ട്. അള്‍ജീരിയന്‍ സ്വാതന്ത്യ്ര സമരത്തില്‍ സജീവമായുണ്ടായിരുന്ന നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് (എഫ്.എന്‍.എല്‍) എന്ന പാര്‍ട്ടിയുടെ ഏകാധിപത്യ ഭരണമാണ് രാജ്യത്ത് നടമാടുന്നത്. സ്വാതന്ത്യ്ര സമരത്തില്‍ പ്രമുഖ പങ്കുവഹിച്ചിരുന്ന ഇസ്ലാമിസ്റുകള്‍ ഉള്‍പ്പെടെയുള്ളവരെ അകറ്റിനിര്‍ത്തിയാണ് എഫ്.എന്‍.എല്‍ 1962 മുതല്‍ രാജ്യഭരണം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് നടത്താതെ എഫ്.എന്‍.എലിന്റെ ഏകാധിപത്യ ഭരണം തുടരുകയും വിലക്കയറ്റവും ദാരിദ്യ്രവും രൂക്ഷമാവുകയും ചെയ്തപ്പോള്‍ അബ്ബാസി മദനിയുടെയും അലി ബെല്‍ഹാജിന്റെയും നേതൃത്വത്തില്‍ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് (എഫ്.ഐ.എസ്) ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയായിരുന്നു. 1988-ല്‍ അരങ്ങേറിയ റൊട്ടിക്കുവേണ്ടിയുള്ള പ്രക്ഷോഭം (യൃലമറ ൃല്ീഹ) ഭരണകൂടത്തിന് ലഭിച്ച മുന്നറിയിപ്പായിരുന്നു. തുടര്‍ന്ന് പ്രാദേശിക കൌണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ ഭരണകൂടം നിര്‍ബന്ധിതരായി. ഇസ്ലാമിസ്റുകളുടെ വന്‍ വിജയത്തിലാണ് അത് കലാശിച്ചത്. തുടര്‍ന്ന് 1991-ല്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ റൌണ്ടിലും ഇസ്ലാമിസ്റുകള്‍ ഗംഭീര വിജയം നേടിയതോടെ രണ്ടാം റൌണ്ട് തെരഞ്ഞെടുപ്പ് റദ്ദാക്കുകയും എഫ്.ഐ.എസിനെ നിരോധിച്ച് നേതാക്കളെ ജയിലിലടക്കുകയും പട്ടാളഭരണം നടപ്പിലാക്കുകയുമായിരുന്നു. തുടര്‍ന്നാണ് നിര്‍ഭാഗ്യകരമായ ആഭ്യന്തര കലാപത്തിലേക്ക് അള്‍ജീരിയ എടുത്തെറിയപ്പെട്ടത്. അന്ന് ജനാധിപത്യത്തെ പരസ്യമായി ഗളഹസ്തം ചെയ്തപ്പോള്‍ അതില്‍ പ്രതിഷേധിക്കാനല്ല, പട്ടാള ഭരണത്തെ സ്വാഗതം ചെയ്യാനാണ് അമേരിക്കയും മേഖലയിലെ ഏകാധിപത്യ ഭരണകൂടങ്ങളും തയാറായത്.
ടുണീഷ്യയില്‍ 1994-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബിന്‍ അലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫലം വന്നപ്പോള്‍ 100 ശതമാനം വോട്ടും ബിന്‍ അലിക്ക്! 1999-ല്‍ വിജയ ശതമാനം 99.4. 2009-ല്‍ മത്സര രംഗത്തുണ്ടായിരുന്ന മൂന്നുപേരെയും ബഹുദൂരം പിന്നിലാക്കി 89.62 ശതമാനത്തോടെയായിരുന്നു വിജയം. അഴിമതിയുടെ കൂത്തരങ്ങായിരുന്നു തെരഞ്ഞെടുപ്പെന്നാണ് നിരീക്ഷകര്‍ വിധിയെഴുതിയത്. ഈജിപ്തില്‍ തെരഞ്ഞെടുപ്പ് പ്രഹസനത്തിലൂടെ മുപ്പതു കൊല്ലമായി അധികാരം വാഴുന്ന മുഹമ്മദ് ഹുസ്നി മുബാറക്കിനും വിജയ ശതമാനം 90-നും 100-നുമിടയിലാണ്. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയാണ് ഇത്രയുംകാലം മുബാറക് അധികാരത്തില്‍ അമര്‍ന്നിരുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പിന്തുണയോടെ മത്സരിക്കാന്‍ രംഗത്തുവന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മുന്‍ തലവന്‍ മുഹമ്മദ് അല്‍ ബറാദഇയെ വിലക്കുകള്‍ ഉയര്‍ത്തിക്കാട്ടി പിന്തിരിപ്പിച്ചു കഴിഞ്ഞു. ആരോഗ്യ കാരണങ്ങളാല്‍ അടുത്ത തവണ പ്രസിഡന്റ് പദവിയില്‍ തുടരാനായില്ലെങ്കില്‍ മകന്‍ ജമാലിനെ വാഴിക്കാനാണ് മുബാറക്കിന്റെ നീക്കം. ജമാലിനെ ഭരണകക്ഷിയായ നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍.ഡി.പി) സെക്രട്ടറി ജനറലായി വാഴിച്ച് അതിന് നേരത്തെ തുടക്കമിട്ടിട്ടുണ്ട്. അഴിമതിയും കള്ളവോട്ടുകളും വ്യാപകമായ തെരഞ്ഞെടുപ്പിലൂടെയാണ് മുബാറക്കിന്റെ പാര്‍ട്ടി വര്‍ഷങ്ങളായി അധികാരത്തിലെത്തുന്നത്. ഇത്തവണ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ രണ്ടാം റൌണ്ട് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു.
ദുരിതം പേറുന്ന ജനത
ജനങ്ങള്‍ ഗവണ്‍മെന്റില്‍നിന്ന് ആഗ്രഹിക്കുന്ന മൂന്നു കാര്യങ്ങളാണ് തൊഴിലും പുരോഗതിയും സുരക്ഷയും. ഗള്‍ഫ് രാജ്യങ്ങളില്‍ അഭിപ്രായ പ്രകടനത്തിനും സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കുകളുണ്ടെങ്കിലും ഇതര അറബ് രാജ്യങ്ങളെ അപേക്ഷിച്ച് മേല്‍ പറഞ്ഞവയില്‍ സാമാന്യം ഭേദപ്പെട്ട ട്രാക്ക് റെക്കോര്‍ഡുണ്ട്. അതിനാല്‍ ടുണീഷ്യയില്‍ തുടക്കമിട്ട ജനകീയ പ്രക്ഷോഭങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളെ പെട്ടെന്ന് ബാധിക്കാനിടയില്ല. പൌരന്മാര്‍ക്ക് അടുത്ത 14 മാസത്തേക്ക് സൌജന്യ ഭക്ഷണ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കുവൈത്ത് ഗവണ്‍മെന്റ് നടത്തിയ പ്രഖ്യാപനം പുതിയ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്.
ടുണീഷ്യയുടെ ഇംപാക്റ്റ് പല അറബ് ഏകാധിപതികളെയും പിടിച്ചുകുലുക്കിയിട്ടുണ്ട്. ജനജീവിതം ദുസ്സഹമാക്കുന്ന സാമ്പത്തിക നടപടികള്‍ പിന്‍വലിക്കാനോ ഇളവു വരുത്താനോ ഇവര്‍ തയാറായിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1989-നുശേഷം ഒമ്പതു തവണ എണ്ണ വില വര്‍ധിപ്പിച്ച ജോര്‍ദാനില്‍ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയപ്പോള്‍ എണ്ണ, പഞ്ചസാര തുടങ്ങിയ അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ നല്‍കാന്‍ 125 മില്യന്‍ ഡോളറിന്റെ പാക്കേജാണ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്. സിറിയയാവട്ടെ, ഊര്‍ജ മേഖലയിലെ സബ്സിഡി നിരക്കുകള്‍ വര്‍ധിപ്പിച്ചു. മൊറോക്കോയില്‍ പാവങ്ങളുടെ എണ്ണം ഒരു പതിറ്റാണ്ടു മുമ്പത്തെ 16.2 ശതമാനത്തില്‍നിന്ന് ഒമ്പതു ശതമാനത്തില്‍ താഴെയെത്തിയെന്ന കാര്‍ണഗി മിഡിലീസ്റ് സെന്ററിന്റെ പഠന റിപ്പോര്‍ട്ടാണ് ഭരണകൂടം ആശ്വാസമായി കാണുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും ജനരോഷത്തില്‍നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെടാനാവില്ലെന്നതാണ് യാഥാര്‍ഥ്യം.
അറബ് തെരുവുകള്‍ മരിച്ചിട്ടില്ലെന്നും ഇന്‍തിഫാദകള്‍ ഇനിയും തുടരുമെന്നുമുള്ള സന്ദേശമാണ് ടുണീഷ്യ നല്‍കുന്നതെന്നാണ് ലണ്ടനിലെ അല്‍ അറബി അല്‍ ഖുദ്സ് പത്രത്തിന്റെ എഡിറ്റര്‍ അബ്ദുല്‍ ബാരി അല്‍ അത്വാന്‍ അഭിപ്രായപ്പെട്ടത്. അല്‍ ഖാഇദക്കാരെ ശിക്ഷിക്കാനെന്ന പേരില്‍ ഗ്വാണ്ടനാമോയില്‍ പ്രത്യേക സംവിധാനമുണ്ടാക്കിയ അമേരിക്കന്‍ ഭരണകൂടം അറബ് ലോകത്തെ ഏകാധിപതികളായ തങ്ങളുടെ ചങ്ങാതിമാരെ പാര്‍പ്പിക്കാന്‍ പെസഫിക്ക് സമുദ്രത്തില്‍ പ്രത്യേക ദ്വീപ് പണിയണമെന്നും അദ്ദേഹം പരിഹസിക്കുന്നു. ഇതര അറബ് രാജ്യങ്ങളിലെ ഏകാധിപതികളെ അപേക്ഷിച്ച് ബിന്‍ അലി മെച്ചമാണെന്നും ടുണീഷ്യയിലെ ജീവിതനിലവാരം പ്രസ്തുത രാജ്യങ്ങളിലേക്കാള്‍ ഭേദമാണെന്നും അഭിപ്രായപ്പെടുന്ന നിരീക്ഷകര്‍ നിരവധിയാണ്. അതിനാല്‍ ഈജിപ്തും ലിബിയയും മൊറോക്കോയും അള്‍ജീരിയയുമൊക്കെ ടുണീഷ്യയേക്കാള്‍ മുമ്പ് ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഇടംപിടിക്കേണ്ട രാജ്യങ്ങളാണെന്ന് അവര്‍ വിലയിരുത്തുന്നു.


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly