Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

 

ബി.ജെ.പിയും ആര്‍.എസ്.എസ്സും തമ്മില്‍ ഒരു ബന്ധവുമില്ലേ?
ഇഹ്സാന്‍
ആസന്നമായ അസംബ്ളി തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ട് കേന്ദ്രസര്‍ക്കാറും മുഖ്യപ്രതിപക്ഷവും അരയും തലയും മുറുക്കി രംഗത്തിറങ്ങുകയായി. കോണ്‍ഗ്രസ് ഒരു ചുവടെങ്കിലും മുന്നിലാണിപ്പോള്‍. ആര്‍.എസ്.എസ്സിന്റെ പ്രതിഛായയുടെ 'യശോധാവള്യം' തട്ടി ബി.ജെ.പി പക്ഷേ വല്ലാതെ വിളറിപ്പോയിരിക്കുന്നു. ആസാം, ബംഗാള്‍, കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഇക്കൊല്ലം അസംബ്ളി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇത്തരം തെരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി നടക്കുന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗം മാധ്യമങ്ങളുടെ കൊട്ടും കുരവയുമായാണ് സാധാരണ അരങ്ങേറുന്നത്. ഇതാദ്യമായി ബി.ജെ.പി സ്വന്തം മുഖം ഒളിച്ചുവെക്കാന്‍ ഇടമന്വേഷിച്ച് പരക്കം പായുന്ന ഗതികേടിലായിരുന്നു. ജനുവരി 27 മുതല്‍ 29 വരെ ഗുവാഹതിയില്‍ നടത്താനിരുന്ന യോഗം ജനുവരി ആദ്യവാരത്തിലേക്ക് നേരത്തെയാക്കി. വാര്‍ത്താ ലേഖകരെ പാര്‍ട്ടി ഭയക്കുകയായിരുന്നുവെന്ന് വ്യക്തം. വര്‍ഷങ്ങളായി ഈ സംഘടനയുടെ ദേശീയ നിര്‍വാഹക സമിതി യോഗം റിപ്പോര്‍ട്ടു ചെയ്യുന്ന ലേഖകര്‍ക്ക് ബി.ജെ.പിയുടെ ആതിഥ്യമര്യാദയെ കുറിച്ച് പരാതിയുണ്ടാവാറില്ല. ഇതാദ്യമായി ഗുവാഹതിയിലെത്തുന്നവര്‍ക്ക് താമസ സൌകര്യം ഉണ്ടാവില്ലെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. ബി.ജെ.പിക്കാരായ, അല്ലെങ്കില്‍ ബി.ജെ.പിയോടു പ്രതിപത്തിയുള്ള പത്രങ്ങള്‍ മാത്രം യോഗത്തിനെത്തിയാല്‍ മതിയെന്ന് അവര്‍ ഒരുവേള തീരുമാനിച്ചിട്ടുണ്ടാവണം.
മറ്റു വിഷയങ്ങള്‍ ഇല്ലാത്തതു കൊണ്ടോ എന്തോ, കോണ്‍ഗ്രസിന്റെ അഴിമതിയെ കുറിച്ച് ഘോരഘോരം അട്ടഹസിച്ച ബി.ജെ.പി വേറെയും ചില പതിവുകള്‍ ഇക്കുറി തെറ്റിച്ചു. സമാപനവേദിയില്‍ മുഴുവന്‍ മുഖ്യമന്ത്രിമാരെയും അണിനിരത്തി ശക്തിപ്രകടനം നടത്തുന്ന പതിവ് ഗുവാഹതിയില്‍ ഉണ്ടായില്ല. കാരണം മറ്റൊന്നുമല്ല, കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയെയും ഇക്കൂട്ടത്തില്‍ ഇരുത്തണമല്ലോ. ഇന്ത്യാ ചരിത്രത്തില്‍ ഏതെങ്കിലുമൊരു സംസ്ഥാനം ഇതുപോലെ അഴിമതിയിലും കെടുകാര്യസ്ഥതയിലും നാറിപ്പുഴുത്തത് കാണാനാവില്ല. ശവപ്പെട്ടി കുംഭകോണവും ഭൂമി കുംഭകോണവും പെട്രോള്‍ ബങ്ക് അഴിമതിയും എല്ലാം വിസ്മരിച്ച് ബോഫോഴ്സിനെ കുറിച്ച് പറയാമെങ്കിലും വര്‍ത്തമാന കാല ഇമേജുകളെ മറച്ചു പിടിക്കുന്നതെങ്ങനെ? ഒടുവില്‍ പറഞ്ഞു കേള്‍ക്കുന്ന ന്യായം മോഡിയെ വേദിയിലിരുത്തിയാല്‍ ആസാമിലെ മുസ്ലിംകള്‍ പിണങ്ങുമെന്ന് പേടിച്ചാണ് ഒരു മുഖ്യമന്ത്രിയെയും ചടങ്ങില്‍ പങ്കെടുപ്പിക്കാതിരുന്നത് എന്നാണ്. നല്ല ന്യായം! മുസ്ലിംകളിപ്പോള്‍ ബി.ജെ.പിയിലേക്ക് അലമാലകള്‍ പോലെയല്ലേ വരുന്നത്, പ്രത്യേകിച്ചും അസിമാനന്ദ ഹീറോ ആയതു തൊട്ട്.
ഒടുവിലെങ്കിലും ബി.ജെ.പിക്ക് മാധ്യമങ്ങളെ ഭയക്കാനുള്ള കാലമെത്തി. ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ആര്‍.എസ്.എസ്സിനെ കുറിച്ച അസുഖകരമായ ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിന് മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കുന്നേടത്തേക്ക് ഈ അസ്വസ്ഥത പെരുകി. ഇന്ദ്രേഷ് കുമാര്‍ അരുണ്‍ ജയ്റ്റ്ലിയെ കണ്ട് നിയമോപദേശം തേടിയെന്ന വാര്‍ത്തകള്‍ ഒരു പ്രഫഷണല്‍ എന്ന നിലയില്‍ ന്യായീകരിക്കപ്പെടേണ്ടതു തന്നെ. അതേസമയം എസ്.എ.ആര്‍ ഗീലാനിക്ക് വേണ്ടി രാം ജത്മലാനി കോടതിയില്‍ വാദിക്കാനെത്തുമ്പോള്‍ പുറത്ത് കരിങ്കൊടി കാണിക്കുന്ന സംഘ്പരിവാരക്കാരന്റെ കാപട്യത്തെയാണ് ജയ്റ്റ്ലി തുറന്നു കാട്ടിയത്. അതേ ജയ്റ്റ്ലി പക്ഷേ, ആര്‍.എസ്.എസ്സിനെ കുറിച്ച പുസ്തകം പ്രസിദ്ധീകരിച്ച ചടങ്ങില്‍ നിന്നും വിട്ടുനിന്ന് പൊതുസമൂഹത്തിനു മുമ്പാകെ മാന്യനായി. ഗഡ്കരി മാത്രമായിരുന്നു ഇന്ദ്രേഷിനൊപ്പം ഈ ചടങ്ങില്‍ വേദി പങ്കിട്ടത്. ആര്‍.എസ്.എസ് തന്നെ നിയോഗിച്ചയച്ച ദൌത്യത്തില്‍ പരമദയനീയമായി പരാജയപ്പെട്ട അവസ്ഥയിലാണ് ഗഡ്കരി ഇന്നുള്ളത്. ബി.ജെ.പിയുടെ പാര്‍ലമെന്ററി നേതാക്കളെയും സംഘടനാ നേതാക്കളെയും രണ്ടാക്കി പകുത്ത് സംഘടനാ മേഖലയില്‍ ആര്‍.എസ്.എസ്സുകാരെ പരമാവധി തിരുകിക്കയറ്റാനുള്ള ഏര്‍പ്പാടുകളുമായാണ് മോഹന്‍ ഭഗവത് ഇയാളെ പറഞ്ഞുവിട്ടത്. പക്ഷേ ആസാമിലും ബംഗാളിലും അരുണ്‍ ജയ്റ്റ്ലിയെയും, തമിഴ്നാട്ടിലും കേരളത്തിലും സുഷമയെയും നിയോഗിച്ച് ബി.ജെ.പിയില്‍ വീണ്ടും അദ്വാനി അനുകൂലികളെ വാഴിക്കുക മാത്രമാണ് ഗഡ്കരി ചെയ്തത്. ആര്‍.എസ്.എസ്സില്‍ നിന്നും അകലം പാലിക്കാനുള്ള ഒരു പാഴ്ശ്രമം!
ഒന്നോര്‍ത്താല്‍ വിതച്ചത് കൊയ്യുകയാണവര്‍. ഇന്ത്യയുടെ വിദേശനയം അന്താരാഷ്ട്ര വലതുപക്ഷ അജണ്ടക്ക് സ്വീകാര്യമാക്കാനും മുസ്ലിംവിരുദ്ധ ചേരിയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാനുമായിരുന്നു അധികാരമേറ്റ ഒന്നാമത്തെ തീയതി മുതല്‍ വാജ്പേയി സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. ആ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ആര്‍.എസ്.എസ് എങ്ങനെയാണ് ബി.ജെ.പിയെ സഹായിച്ചിരുന്നത് എന്നാണല്ലോ അസിമാനന്ദയുടെ വെളിപ്പെടുത്തലിന്റെ പൊരുള്‍. ഇന്ത്യയിലെ മുസ്ലിംകളെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനായി അമേരിക്കന്‍ എംബസി നടത്തിയ മുഴുവന്‍ നീക്കങ്ങളും ശുദ്ധ പരാജയമായിരുന്നുവെന്ന് അന്നത്തെ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് സ്വന്തം നാട്ടിലേക്ക് 'റിപ്പോര്‍ട്ടയച്ചത്' ഈയൊരു പശ്ചാത്തലത്തിലാണ് വായിക്കേണ്ടത്. ഒറിജിനലിനെ വെല്ലുന്ന കള്ളത്താടിയും തൊപ്പിയും കുര്‍ത്തയുമിട്ട് ആര്‍.എസ്.എസ്സുകാരന്‍ ആ പണി ചെയ്തു. അജ്മീരില്‍ ബോംബുവെക്കാന്‍ പോയ ആര്‍.എസ്.എസ്സുകാരെ സഹായിക്കാന്‍ ഇന്ദ്രേഷ് കുമാര്‍ രണ്ട് മുസ്ലിം യുവാക്കളെ ദിവസക്കൂലിക്ക് സംഘടിപ്പിച്ചു കൊടുത്തതൊഴിച്ചാല്‍ ശേഷിച്ച സ്ഫോടനങ്ങളത്രയും പത്തരമാറ്റ് കാക്കിക്കളസങ്ങളാണ് ചെയ്തു കൂട്ടിയത്. ഭീകരതയെ കുറിച്ച ബി.ജെ.പിയുടെ മുന്‍കാല പ്രസ്താവനകള്‍ വരും തെരഞ്ഞെടുപ്പില്‍ പുനഃപ്രസിദ്ധീകരിച്ചാല്‍ തന്നെ ധാരാളം മതി, പാര്‍ട്ടിയുടെ മാനം പോവാന്‍.
ആര്‍.എസ്.എസ്സിലെ 'ചില കെട്ട ആപ്പിളുകളെ' മാത്രമായി ഇന്ത്യന്‍ സമൂഹം ഒറ്റപ്പെടുത്തുന്നതില്‍ ഒരു അര്‍ഥവുമില്ല. ആര്‍.എസ്.എസ്സിന്റെ വിധ്വംസക അജണ്ട നടപ്പിലാക്കാന്‍ സഹായിക്കുന്നത് ബി.ജെ.പിയല്ലെങ്കില്‍ ആരാണ്? കര്‍ക്കരെ കൊല്ലപ്പെട്ട രീതിയെ കുറിച്ച് സംശയമുണര്‍ത്തിയ ദിഗ് വിജയ് സിംഗിനെതിരെ ബി.ജെ.പി നേതൃത്വം പ്രസ്താവനയിറക്കുന്നത് 'ഭീകരതക്കെതിരെയുള്ള സമരത്തെ ദുര്‍ബലപ്പെടുത്തുന്നു' എന്നാണ്. അതേസമയം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ബോംബുവെച്ച, അസിമാനന്ദ കുറ്റസമ്മത മൊഴിയിലൂടെ സാക്ഷ്യപ്പെടുത്തിയ ആ 15 ഭീകരന്മാരെ മോഹന്‍ ഭഗവതിനു വേണ്ടി ഒളിപ്പിക്കുന്ന ശിവരാജ് സിംഗ് ചൌഹാനെ കുറിച്ച് എന്തു പറയാനുണ്ട്? ഇന്ദ്രേഷ് കുമാര്‍ എന്ന കള്ളന് കഞ്ഞിവെച്ചു കൊടുക്കുന്ന ജയ്റ്റ്ലിയെയും ഗഡ്കരിയെയും കുറിച്ച് എന്ത് പറയാനുണ്ട്? ഭീകരതക്ക് മതമില്ലെങ്കില്‍ ഇവരെയൊക്കെ ബി.ജെ.പി എന്തിന് തലയിലേറ്റണം?

 

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly