ഫോറം ഫോര്‍ ഫെയ്ത്ത് ആന്റ് ഫ്രറ്റേര്‍ണിറ്റി 'ഇസ്ലാമോഫോബിയ' എന്ന വിഷയത്തില്‍
കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറിലെ പ്രബന്ധങ്ങള്‍
സംവാദത്തിന്റെ വഴിമുടക്കരുത്
മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ (എഡിറ്റര്‍, ശബാബ് വാരിക)
ഇസ്ലാമോഫോബിയ ഒരു ആധുനിക പ്രതിഭാസമല്ല. ഇസ്ലാം ആവിര്‍ഭവിച്ച കാലം മുതല്‍ തന്നെ ഇസ്ലാമിനെതിരിലുള്ള കുപ്രചാരണങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. മാനവിക നാഗരികതയെ പുനര്‍നിര്‍മിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു പ്രസ്ഥാനം എന്ന നിലയില്‍, ഇസ്ലാം പരമ്പരാഗത മത വിശ്വാസികളിലും സാമൂഹിക സ്ഥാപനങ്ങളിലും ഭയം ജനിപ്പിക്കുമെന്നതില്‍ അസാംഗത്യമില്ലതാനും. മുഹമ്മദ് നബി(സ)യെ അദ്ദേഹത്തിന്റെ സമകാലീന ജനത തന്നെ അപകീര്‍ത്തിപ്പെടുത്തുകയും അദ്ദേഹത്തിനെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സംഭവങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലും ഉദ്ധരിച്ചിട്ടുണ്ടല്ലോ. അങ്ങേയറ്റം അക്രാമകമായ വിമര്‍ശനങ്ങളെ പോലും വിവേകം കൈവിടാതെ, അനിതരമായ പക്വതയോടും മാന്യതയോടും കൂടി അഭിമുഖീകരിച്ചുകൊണ്ടാണ് നബിതിരുമേനി ലോക ചരിത്രത്തില്‍ വിസ്മയം സൃഷ്ടിച്ചിട്ടുള്ളത്.
ഇസ്ലാമിന്റെ പ്രമാണങ്ങളെയും ചരിത്രത്തെയും ദുര്‍വ്യാഖ്യാനിച്ചും തെറ്റിദ്ധരിപ്പിച്ചും ഇസ്ലാംവിരോധം വളര്‍ത്താന്‍ ആസൂത്രിതമായ ശ്രമം തന്നെ കുരിശുപോരാളികള്‍ നടത്തുകയുണ്ടായി. പൌരസ്ത്യപഠനങ്ങള്‍, ഇസ്ലാംവിരോധ പ്രചാരണത്തിനുവേണ്ടി ഒരുക്കപ്പെട്ട വ്യവസ്ഥാപിതമായ പദ്ധതി തന്നെയായിരുന്നു. കോളണിയാനന്തരകാലത്തും ഓറിയന്റലിസം കെട്ടിപ്പടുത്ത ഇസ്ലാമോഫോബിക് ലോകബോധം അക്കാദമിക പഠന രംഗങ്ങളിലും സാഹിത്യവിജ്ഞാന മാധ്യമ മണ്ഡലങ്ങളിലും അദൃശ്യ ദുര്‍ഭൂതമായി വിഹരിച്ചുകൊണ്ടിരിക്കുന്നു. ആധുനിക കാലത്തെ 'ഇസ്ലാംഭീതി'യുടെ വക്താക്കളെയും ആ ദുര്‍ഭൂതങ്ങളാണ് ആവാഹിച്ചിരിക്കുന്നത്. സല്‍മാന്‍ റുഷ്ദി മുതല്‍ വിനോദ് ചോപ്രവരെയുള്ളവരുടെ പ്രവാചക വിമര്‍ശനങ്ങളുടെ ഉള്ളടക്കത്തില്‍ ഒരു മാറ്റവുമില്ലാത്തത് അതുകൊണ്ടാണ്.
ബ്രിട്ടീഷ് കോളനിയുടെ തണലില്‍ ക്രൈസ്തവ മിഷനറിയാണ് കേരളത്തില്‍ ഇസ്ലാം വിരോധം വ്യാപകമായി പ്രസരിപ്പിച്ചത്. മലയാള ഭാഷയില്‍ അച്ചടി ആരംഭിച്ച ഹെര്‍മന്‍ ഹുണ്ടര്‍ട്ട് തന്നെ പ്രവാചകനും ഇസ്ലാമിനുമെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്ന പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. യൂറോപ്പില്‍ അക്കാലത്ത് വ്യാപകമായിരുന്ന ഇസ്ലാമോഫോബിക് സാഹിത്യങ്ങളെ ഉപജീവിച്ചുകൊണ്ടുള്ള ധാരാളം കൃതികള്‍ ക്രൈസ്തവ പാതിരിമാര്‍ മുദ്രണം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. മലബാര്‍ കലാപം ഇസ്ലാം, ഭീതിയുടെ മതമാണെന്ന് 'തെളിയിക്കാനുള്ള' ഒന്നാന്തരം അവസരമായി കേരളത്തില്‍ ഉപയോഗിക്കപ്പെട്ടു. മാപ്പിളമാരുടെ ക്രൂരതകളെക്കുറിച്ച് നിറം പിടിപ്പിച്ച കഥകളാണ് അക്കാലത്ത് പത്രമാധ്യമങ്ങളില്‍ വന്നത്. 1921-ലെ മലബാര്‍ സമരവുമായി ബന്ധപ്പെട്ട് മലയാള മനോരമയും മാതൃഭൂമിയും നസ്രാണി ദീപികയും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ അതിന് മതിയായ രേഖകളാണ്. മലബാര്‍ കലാപത്തിന്റെ ഫ്യൂഡല്‍-സാമ്രാജ്യ വിരുദ്ധ ഉള്ളടക്കം തമസ്കരിച്ച് ഒരു ജിഹാദി കലാപമായി അതിനെ ചരിത്രപ്പെടുത്താനാണ് ബ്രിട്ടീഷ് അധികാരികള്‍ ശ്രമിച്ചതെന്ന് വില്യം ലോഗന്റെ മലബാര്‍ മാന്വല്‍ തന്നെ സാക്ഷ്യം പറയുന്നുണ്ട്. ബ്രിട്ടീഷ് ആഖ്യാനങ്ങള്‍ തന്നെയാണ് പിന്നീട് മലയാള പത്രമാധ്യമങ്ങളും സാഹിത്യരചനകളും പിന്തുടര്‍ന്നു പോന്നത്.
മലയാളത്തിന്റെ മുഖ്യധാര സാഹിത്യത്തില്‍ ഇസ്ലാമും മുസ്ലിംകളും ചിത്രീകരിക്കപ്പെട്ടത് മിക്കവാറും മുസ്ലിംകളെക്കുറിച്ച് പാശ്ചാത്യര്‍ നിര്‍മിച്ചുണ്ടാക്കിയ വാര്‍പ്പു മാതൃകകളെ ആന്തരീകരിച്ചുകൊണ്ടാണ്. കുമാരനാശാന്റെ ദുരവസ്ഥയും വള്ളത്തോളിന്റെ 'ക്രൂരനാം മുഹമ്മദരെ' കുറിച്ചുള്ള കാവ്യവും വയലാറിന്റെ 'ആയിഷ'യുമെല്ലാം അപരിഷ്കൃതരും ക്രൂരരുമായ മുസ്ലിംകളെക്കുറിച്ചുള്ള അതിവര്‍ണനകളാല്‍ സമൃദ്ധമാണല്ലോ.
'ഇസ്ലാമോഫോബിയ'യെ എങ്ങനെയാണ് നേരിടേണ്ടത് എന്നതാണ് നമ്മുടെ ആലോചനാവിഷയം. വിമര്‍ശകരുടെ തലയെടുക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചുകൊണ്ടോ ഇസ്ലാമോഫോബുകളുടെ കൈ വെട്ടിക്കൊണ്ടോ ഉള്ള അഭിമുഖീകരണങ്ങള്‍ ആശാവഹമാണോ? സത്യത്തില്‍, ഇസ്ലാം അപരിഷ്കൃതത്വത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും ഹിംസയുടെയും മതമാണെന്ന ആരോപണങ്ങളെ ആവര്‍ത്തിച്ചുറപ്പിക്കുക മാത്രമാണ് ഇത്തരത്തിലുള്ള വൈകാരിക പ്രതികരണങ്ങള്‍ ചെയ്യുന്നത്. ഇസ്ലാംവിരോധികളുടെ ലക്ഷ്യം നേടിക്കൊടുക്കുകയല്ലാതെ അതുകൊണ്ട് മറ്റു ഫലങ്ങളില്ല.
ഇസ്ലാമോഫോബിയയെ അഭിമുഖീകരിക്കുന്നതില്‍ മാതൃകാപരവും ജനാധിപത്യപരവുമായ ഒരു പാരമ്പര്യം കേരള മുസ്ലിംകള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. മലയാളത്തില്‍ ഇസ്ലാമിക പത്രസാഹിത്യപ്രസ്ഥാനം ഉത്ഭവിക്കുന്നതുതന്നെ ഇസ്ലാം വിമര്‍ശനങ്ങളോട് ക്രിയാത്മകമായി സംവദിച്ചുകൊണ്ടാണ്. കേരള മുസ്ലിം നവോത്ഥാന നായകന്മാരായ സയ്യിദ് സനാഉല്ല മക്തി തങ്ങളും വക്കം മൌലവിയും മറ്റും ആരംഭിച്ച പത്രപ്രസിദ്ധീകരണങ്ങളും സാഹിത്യങ്ങളുമെല്ലാം ഇസ്ലാമിനെതിരിലുള്ള കുപ്രചാരണങ്ങളെ നേരിടുകയാണ് ചെയ്തതെന്നു കാണാം.
ഒരു ബഹുസ്വര സമൂഹത്തില്‍ ഇസ്ലാം വിമര്‍ശനങ്ങളെ അഭിമുഖീകരിക്കേണ്ടത് എങ്ങനെയെന്ന് ആലോചിക്കുമ്പോള്‍ വക്കം മൌലവി കാണിച്ചുതന്ന മാതൃക ഓര്‍മവരുന്നു. കുമാരനാശാന്‍ 'ദുരവസ്ഥ' എഴുതി പ്രസിദ്ധീകരിച്ച സന്ദര്‍ഭം. 'ദുരവസ്ഥ'യിലെ മുസ്ലിംകളെ കുറിച്ചുള്ള അവാസ്തവ പരാമര്‍ശങ്ങളില്‍ അസംതൃപ്തനായ വക്കം മൌലവി, കുമാരനാശാനെ നേരില്‍ ചെന്നു കാണുകയാണ്. 'ദുരവസ്ഥ' മുന്‍നിര്‍ത്തി, ആശാനുമായി സംവദിച്ച വക്കം മൌലവി കുമാരാനാശാനെ പോലെ ഒരു മഹാകവിയില്‍ നിന്ന് ഇത്തരം അബദ്ധങ്ങള്‍ സംഭവിച്ചുകൂടെന്ന് വസ്തുതകളുടെ വെളിച്ചത്തില്‍ ബോധ്യപ്പെടുത്തുകയായിരുന്നു. അതേ തുടര്‍ന്ന് തന്റെ നിലപാട് മാറ്റാന്‍ കുമാരനാശാന്‍ സന്നദ്ധനാവുകയും 'ദുരവസ്ഥ'യുടെ അടുത്ത പതിപ്പില്‍ തെറ്റിദ്ധാരണാജനകമായ ഭാഗങ്ങള്‍ ഒഴിവാക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തു. ദൌര്‍ഭാഗ്യവശാല്‍, 'ദുരവസ്ഥ' പുനഃപ്രസിദ്ധീകരിക്കുന്നതിനു മുമ്പ് കുമാരനാശാന്‍ ഇഹലോകവാസം വെടിഞ്ഞു. 'ദുരവസ്ഥ'യുടെ ദുരവസ്ഥ പഴയ മട്ടില്‍ തുടരുകയും ചെയ്തു! അതെന്തായാലും ഇസ്ലാം വിമര്‍ശനങ്ങളുമായി ജനാധിപത്യപരമായ സംവാദമാണ് ആവശ്യമെന്ന ഒരു പാഠം വക്കം മൌലവി ഓര്‍മിപ്പിക്കുന്നുണ്ട്, ഈ സംഭവത്തിലൂടെ.
ഇസ്ലാമിനെയും പ്രവാചകനെയും അപകീര്‍ത്തിപ്പെടുത്തുന്ന പുതിയ പ്രവണതകള്‍ പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഓറിയന്റലിസ്റ് പഠനങ്ങളെപ്പോലെ കേവല വിജ്ഞാന ഗ്രന്ഥങ്ങളോ ഗവേഷണ പഠനങ്ങളോ ഉപയോഗിച്ചുകൊണ്ടല്ല ഇസ്ലാമോഫോബിയ ഇന്ന് ലോകത്തെ സ്വാധീനിക്കുന്നത്. പ്രത്യുത സര്‍ഗ സാഹിത്യങ്ങളിലൂടെയാണ്. സല്‍മാന്‍ റുഷ്ദിയും തസ്ലീമ നസ്റീനുമൊക്കെ നോവലുകളിലൂടെയാണ് പ്രവാചക നിന്ദ നടത്തിയത്. ഡന്മാര്‍ക്കിലെ കാര്‍ട്ടൂണ്‍ വിവാദം ചിത്രമെഴുത്തിലൂടെ ഇസ്ലാം വിരോധം പ്രചരിക്കുന്നതിന്റെ ഉദാഹരണമാണ്. കുമാരനാശാന്‍ മുതല്‍ക്കുള്ള കവികളുടെ കവിതകള്‍ ഇസ്ലാമോഫോബിയ വളരുന്നതിന് സഹായകമാകുന്നു എന്നു നാം കണ്ടു. നബിതിരുമേനി ജീവിച്ച കാലഘട്ടത്തില്‍ തന്നെ സര്‍ഗ സാഹിത്യങ്ങളിലൂടെ ഇസ്ലാമിനെയും പ്രവാചകനെയും വിമര്‍ശിക്കുക പതിവായിരുന്നു. അതിനെ നേരിടാന്‍ കവികളെ തന്നെ നിയോഗിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. കഅ്ബ്ബ്നു സുഹൈറും ഖന്‍സാഉമൊക്കെ കവിത ഒരു സംവാദ മാധ്യമമാക്കി ഇസ്ലാമിക ചരിത്രത്തില്‍ സുവര്‍ണ മാതൃക തീര്‍ത്തു. എന്നാല്‍, പില്‍ക്കാലത്ത് സര്‍ഗാത്മക സാഹിത്യ രംഗത്ത് ഇസ്ലാമിക സമൂഹം ബഹുദൂരം പിറകോട്ടടിക്കുകയായിരുന്നു. മലയാള ഭാഷ സ്വന്തം സ്വത്വത്തില്‍ ലയിപ്പിച്ചു ചേര്‍ത്ത കേരള മുസ്ലിംകളില്‍ നിന്ന് മുഖ്യധാര കവികളിലും എഴുത്തുകാരിലും എത്രപേരുണ്ടെന്ന് പരിശോധിക്കാവുന്നതാണ്. സര്‍ഗസാഹിത്യകാരന്മാരില്‍ ഇസ്ലാമിക ബിംബങ്ങളെ ബോധപൂര്‍വം ആവിഷ്കരിച്ച മുസ്ലിംകളും നന്നേ ശുഷ്കം. ഇസ്ലാമോഫോബിയയെക്കുറിച്ച് ആകുലപ്പെടുമ്പോള്‍, മുഖ്യധാരയുമായി സര്‍ഗാത്മകമായി സംവദിക്കാനുള്ള പ്രാപ്തി നേടിയെടുക്കാന്‍ സമുദായത്തിനകത്ത് എന്തൊക്കെ മെക്കാനിസം ആവശ്യമാണെന്നുകൂടി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
സാഹിത്യം പോലെ ചലച്ചിത്രവും ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് സ്റീരിയോ ടൈപ്പുകള്‍ രൂപപ്പെടുത്തി വിനിമയം ചെയ്യുന്നുണ്ട്. 'ആഗോള ഇസ്ലാമിക ഭീകരത' എന്ന രൂപകം വന്‍തോതില്‍ മാര്‍ക്കറ്റു ചെയ്തത് സിനിമകളാണ്. മലയാളത്തില്‍ ഈയടുത്ത് ചര്‍ച്ച ചെയ്യപ്പെട്ട അമല്‍ നീരദിന്റെ 'അന്‍വര്‍' എന്ന ചലിച്ചിത്രം അതില്‍ ഒടുവിലത്തെ ഉദാഹരണം മാത്രം. പക്ഷേ സിനിമയെ, ദൃശ്യമാധ്യങ്ങളെ അതേ മാധ്യമങ്ങള്‍ കൊണ്ടുതന്നെ അഭിമുഖീകരിക്കാന്‍ മുസ്ലിംകള്‍ക്ക് ദുര്‍ബലമായ ഉപാധികള്‍ പോലുമില്ലെന്നതല്ലേ സത്യം? ഇസ്ലാമോഫോബിയയെ യുക്തമായി നേരിടാന്‍ സാധിക്കണമെങ്കില്‍ നാം സ്വന്തം ആഭ്യന്തര ദൌര്‍ബല്യങ്ങളെ തിരിച്ചറിഞ്ഞ് തിരുത്തേണ്ടതുണ്ട്.