തുറന്ന സംവാദങ്ങള്‍
തെറ്റിദ്ധാരണകള്‍ അകറ്റും
പാങ്ങോട് എ. ഖമറുദ്ദീന്‍ മൌലവി (ചീഫ് എഡിറ്റര്‍, അല്‍ബുസ്താന്‍)
ഇസ്ലാം, ഫോബിയ എന്നീ രണ്ടു വാക്കുകളുടെ സമന്വയമാണല്ലോ 'ഇസ്ലാമോഫോബിയ.' സമാധാനം എന്ന് വാക്കര്‍ഥമുള്ള ഇസ്ലാമിന്റെ വ്യാപ്തി വളരെ വലുതാണ്. മനുഷ്യന്റെ ഐഹിക ജീവിതത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന ഒരു വ്യവസ്ഥിതിയാണ് ഇസ്ലാം; പാരത്രിക ജീവിത വിജയത്തിന്റെ വഴിയും ഇസ്ലാം തന്നെ.
അകാരണമായുണ്ടാകുന്ന ഭയമാണ് ഫോബിയ. ഒന്നിനോടുള്ള അതൃപ്തിയും വിദ്വേഷവും കാരണം അതിനെ നശിപ്പിക്കാനുള്ള ഭ്രാന്തമായ മനസ്സ് കൊണ്ടും ഫോബിയ ഉണ്ടാകാം. ഇസ്ലാമിനെ കുറിച്ച അകാരണമായ ഭയംമൂലം അതിനെ നശിപ്പിക്കാനുള്ള മാനസികാവസ്ഥയാണ് ഇസ്ലാമോഫോബിയ എന്ന സംജ്ഞ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇസ്ലാമിനെതിരെ തീവ്ര-ഭീകര ബന്ധങ്ങള്‍ ആരോപിച്ച് അവമതിക്കാനുള്ള സാമ്രാജ്യത്വ സയണിസ്റ് ഫാഷിസ്റ് ശ്രമങ്ങളുടെ പ്രചണ്ഡമായ പ്രചാരണങ്ങളാണ് സാധാരണക്കാരന്റെ പോലും മനോമുകുരത്തില്‍ ഇസ്ലാമിനെ കുറിച്ച് ഭയവും വൈകാരികതയും സൃഷ്ടിച്ചുവിടുന്നത്. പലര്‍ക്കും സത്യവും മിഥ്യയും വിവേചിച്ചെടുക്കാനും അപഗ്രഥനം ചെയ്ത് സത്യം ബോധ്യപ്പെടുത്താനും അവസരം ലഭിക്കുന്നില്ല.
സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശത്തിന് വെല്ലുവിളിയായി നില്‍ക്കുന്നത് ഇസ്ലാമിന്റെ സനാതന മൂല്യങ്ങളും അധര്‍മങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെയുള്ള സന്ധിയില്ലാ വ്യവസ്ഥയുമാണ്. ഇതിനെ തകര്‍ത്താലല്ലാതെ സ്വതന്ത്രമായും എതിര്‍ ശബ്ദങ്ങളില്ലാതെയും ഇതര രാഷ്ട്രങ്ങളിലേക്ക് കടന്നുകയറാനും സംഹാര താണ്ഡവമാടാനും കഴിയാത്തതാണ് സാമ്രാജ്യത്വ ശക്തികള്‍ ഇസ്ലാമിനെതിരെ കലിതുള്ളാനുള്ള കാരണം.
ഇസ്ലാമിന്റെ ബദ്ധവൈരികളും തിരുത്തിയെഴുതപ്പെട്ട മതഗ്രന്ഥത്തിന്റെ പിന്‍തലമുറക്കാരുമായ സയണിസ്റ് ശക്തികള്‍, തങ്ങളുടെ മതനിയമങ്ങള്‍ തിരുത്തിയെഴുതിയതാണെന്ന് പുറംലോകം അറിയാതിരിക്കാനും ഖുര്‍ആന്‍ അവതരിപ്പിച്ചതോടു കൂടി മുന്‍ വേദഗ്രന്ഥങ്ങള്‍ അസ്ഥിരപ്പെടുത്തപ്പെട്ടു എന്ന സത്യം ഉള്‍ക്കൊള്ളാനും തുടര്‍ന്നുവന്ന പാരമ്പര്യങ്ങളെയും സംവിധാനങ്ങളെയും വിട്ടൊഴിയാനും മനസ്സില്ലാത്തതിനാലും സൈദ്ധാന്തികമായി (കാരണമുണ്ടാക്കി പ്രതികരിക്കുക) ഇസ്ലാമിനെ തകര്‍ക്കാന്‍ ഏതറ്റംവരെയും പോകാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഉദാഹരണാണ് സാമ്രാജ്യത്വ-സയണിസ്റ് കൂട്ടുകെട്ട്. ഫലസ്ത്വീന്‍ രാഷ്ട്രത്തെ ശിഥിലമാക്കി അവിടെ ഇസ്രയേല്‍ രാഷ്ട്രം സൃഷ്ടിച്ചെടുക്കുകയും കുടിയേറിയവര്‍ രാജ്യം സ്വന്തമാക്കുകയും ഉടമസ്ഥര്‍ ആട്ടിയിറക്കപ്പെടുകയും തെരുവില്‍ അലയുകയും ചെയ്യുന്നതും അണമുറിയാത്ത രക്തച്ചൊലിച്ചിലും ഈ ഫോബിയയുടെ ഉല്‍പന്നമാണ്.
നബി(സ)യെ മോശമായി ചിത്രീകരിച്ച് കാര്‍ട്ടൂണ്‍ വരച്ച ഡെന്മാര്‍ക്കിലെ ജിന്‍ലാന്റ് പത്രവും അതിനെ പ്രോത്സാഹിപ്പിച്ച 'മനോരോഗി'കളും പ്രവാചകനെ ആക്ഷേപിച്ചും അസത്യങ്ങള്‍ വിളമ്പിയും ഇസ്ലാമിനെ താറടിക്കുന്ന ക്ഷുദ്രകൃതികളും ഈ വലയിലെ കണ്ണികള്‍ തന്നെ. ഇസ്ലാമിന്റെ മേല്‍ ഭീകരത ആരോപിക്കുകയും മുസ്ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കുകുയം ചെയ്യുന്ന ഫാഷിസ്റുകള്‍ ഇസ്ലാമിനെ ബോംബുമായി ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്തി വരുന്നതിനിടെയാണ് ഹേമന്ത് കര്‍ക്കരെ എന്ന ധീരനായ പോലീസ് മേധാവി ഈ കെട്ടുകഥകളുടെ ചുരുളഴിച്ച് പല സ്ഫോടനങ്ങളുടെ അടിവേരും ശിഖരങ്ങളും സംഘ്പരിവാര ഫാഷിസ്റ് ശക്തികള്‍ തന്നെയാണ് എന്ന് തുറന്നു പ്രഖ്യാപിച്ചത്.
"ഫാഷിസത്തെ എതിര്‍ക്കുന്നവരെ നിഷ്കാസനം ചെയ്യും'' എന്ന പ്രഖ്യാപനത്തിന്റെ ഇരയായി അദ്ദേഹം മൃഗീയമായി കൊല്ലപ്പെട്ടതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.
മുസ്ലിംകളുടെ മേല്‍ കെട്ടിവെക്കപ്പെട്ട മാലേഗാവ് സ്ഫോടനത്തിന്റെ പിന്നില്‍ ഹിന്ദുത്വ ശക്തികള്‍ക്കുള്ള പങ്ക് പുറത്തുകൊണ്ടുവന്നതിനാല്‍ തനിക്ക് ഭീഷണിയുണ്ടെന്നും ജീവന്‍ അപകടത്തിലാണെന്നും കര്‍ക്കരെ പറഞ്ഞതും ആസൂത്രണം ചെയ്യപ്പെട്ട പദ്ധതിക്കനുസരിച്ച് അദ്ദേഹം കൊല്ലപ്പെട്ടതും ഫോബിയയുടെ മറ്റൊരു മുഖമാണ്. ഹിന്ദുത്വ ഭീകരര്‍ പല ബോംബുസ്ഫോടനങ്ങളിലും അറസ്റ് ചെയ്യപ്പെട്ടതോടെ സ്ഫോടനങ്ങള്‍ കുറഞ്ഞു എന്ന യാഥാര്‍ഥ്യവും ഇതോടൊപ്പം കാണേണ്ടതുണ്ട്.
അകാരണമായുണ്ടാകുന്ന ഈ ഇസ്ലാമോഫോബിയയുടെ മുള്‍മുനകള്‍ ഒരേ ബിന്ദുവില്‍ മാത്രമല്ല കേന്ദ്രീകരിക്കുന്നത്. ഇസ്ലാമിക സത്വത്തില്‍ ആപാദചൂഢം ഈ മുനകള്‍ നങ്കൂരം പോലെ ആഴ്ത്തിയിറക്കുകയാണ്.
അകാരണമായുള്ള ഭയവും സത്യത്തോടുള്ള വെറുപ്പുമാണ് ഫോബിയയുടെ മൂലകാരണമെങ്കിലും സത്യത്തെ തമസ്കരിക്കുകയും സത്യപ്രബോധനത്തെ ധ്വംസിക്കുകയും ചെയ്യുകയെന്ന താല്‍പര്യം കൂടി ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
മുഹമ്മദ് നബി(സ)ക്ക് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചതോടു കൂടി മുമ്പുണ്ടായിരുന്ന വേദഗ്രന്ഥങ്ങള്‍ ദുര്‍ബലമാക്കപ്പെട്ടത് ഇസ്ലാമിനോടും ഖുര്‍ആനോടും പ്രവാചകനോടും, വേദഗ്രന്ഥത്തിന്റെ അനുയായികളായിരുന്ന ജൂത ക്രൈസ്തവ സമൂഹങ്ങള്‍ക്ക് വിദ്വേഷം ജനിക്കാന്‍ കാരണമാവുകയും ഖുര്‍ആന്റെ അവതരണ കാലഘട്ടം മുതല്‍തന്നെ ഫോബിയയായി രൂപപ്പെടുകയും ചെയ്തു. നബി(സ)യെ ആക്ഷേപിക്കുകയും മതത്തെയും മതനിയമങ്ങളെയും തള്ളിപ്പറയുകയും നബിയെ വകവരുത്താന്‍ കുതന്ത്രങ്ങള്‍ മെനയുകയും സാധാരണ അസാധ്യമായ കാര്യങ്ങള്‍ (ചന്ദ്രനെ പിളര്‍ത്താനാവശ്യപ്പെട്ടതുപോലുള്ളവ) ചോദിച്ചും ആവശ്യപ്പെട്ടും തളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തത് ഇതിന്റെ ഭാഗമാണ്.
സത്യമത പ്രവാചകന്മാരെ വകവരുത്തി മതമൂല്യങ്ങളെ നശിപ്പിക്കാനും മതപ്രചാരണത്തെ തടയാനും ഇസ്ലാമിന്റെ ആദികാലം മുതല്‍ തന്നെ ശ്രമം നടന്നിട്ടുണ്ട്. ഇബ്റാഹീം നബി(അ)യെ തീകുണ്ഡത്തിലെറിഞ്ഞ് കരിച്ചുകളയുന്നതിലൂടെ ഇസ്ലാമിന്റെ പ്രചാരണം തടയാമെന്ന് മോഹിച്ച നംറൂദ് പൂര്‍വകാല 'ഇസ്ലാമോഫോബിയ' ബാധിച്ചവരില്‍ പ്രമുഖനാണ്. മൂസാ നബിയെയും വിശ്വാസികളെയും കൊന്നൊടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഫറോവയും ഈ ഗണത്തില്‍ തന്നെ.
പ്രവാചക ശൃംഖലയുടെ പ്രാരംഭ കണ്ണിയായ ആദം നബി(അ) മുതല്‍ അവസാന കണ്ണിയായ മുഹമ്മദ് നബി(സ) വരെയുള്ള മുഴുവന്‍ പ്രവാചകന്മാരും അതത് കാലഘട്ടത്തിലെ ഭരണകൂടത്തില്‍ നിന്നും ജനതയില്‍നിന്നും നേരിടേണ്ടിവന്ന പീഡനങ്ങള്‍ അവര്‍ണനീയമാണ്.
ഇസ്ലാമോഫോബിയ എന്ന വാക്ക് പുതിയതാണെങ്കിലും ഇതിന്റെ ആശയവും പ്രവര്‍ത്തനവും ഇസ്ലാമിന്റെ പ്രാരംഭ കാലം മുതല്‍ തന്നെയുണ്ടെന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. മുഹമ്മദ് നബി(സ) ഇസ്ലാമോഫോബിയയെ നേരിട്ട മാതൃക നമ്മുടെമുന്നിലുണ്ട്. ഇസ്ലാംവിരുദ്ധരെ നബി(സ) എങ്ങനെ തറപറ്റിച്ചുവെന്നും നമുക്കറിയാം.
ഇസ്ലാമിന്റെ യഥാര്‍ഥ മൂല്യങ്ങളെ സത്യസന്ധമായി മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ആവശ്യമായ പ്രചാരണങ്ങള്‍ നടത്തുന്നതിലൂടെ യാഥാര്‍ഥ്യമറിയാതെ വിമര്‍ശിക്കുന്നവരെ തടയിടാന്‍ കഴിയും. പ്രചാരണങ്ങളുടെ പട്ടികയില്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍, ഇന്റര്‍നെറ്റ്, ഇമെയില്‍, പത്രമാധ്യമങ്ങള്‍, ലഘുലേഖകള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ മുതലായവ ഉള്‍പ്പെടുത്തുകയും മുസ്ലിംകള്‍ അല്ലാത്തവരെ കൂടി ഈ വേദികളിലേക്ക് ക്ഷണിക്കുകയും ചെയ്താല്‍ വിദ്വേഷത്തിന്റെ ശക്തി കുറക്കാന്‍ ഉപകരിക്കും.
തീവ്രതയെന്നും ഭീകരതയെന്നും മറ്റുള്ളവര്‍ക്ക് തോന്നുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും മതവിഷയങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുക. പ്രവാചകനിന്ദ, ഖുര്‍ആന്‍ നിഷേധം, ഇസ്ലാമിനെ അവമതിക്കല്‍ എന്നിവ ഉണ്ടാകുമ്പോള്‍ കാലതാമസമില്ലാതെ തന്നെ അതിന് മാന്യമായ മറുപടി പറയുന്ന ലഘുലേഖകളും പുസ്തകങ്ങളും തയാറാക്കി ജനങ്ങളില്‍ എത്തിക്കുക. സ്നേഹസംവാദങ്ങളിലൂടെ സത്യം ബോധ്യപ്പെടുത്തുക. മുസ്ലിംകള്‍ക്കിടയിലെ ഛിദ്രതകളെയും അനാവശ്യ തര്‍ക്കങ്ങളെയും ഒഴിവാക്കുക.
മതവിഷയങ്ങളില്‍ മുസ്ലിംകള്‍ ഒറ്റക്കെട്ടാണ് എന്ന ബോധം മറ്റുള്ളവരില്‍ സൃഷ്ടിച്ചെടുക്കുക. മുസ്ലിംകള്‍ സാമ്രാജ്യത്വ സയണിസ്റ് ഫാഷിസ്റ് ശക്തികളുടെ ചട്ടുകമാകാതിരിക്കുക. മുസ്ലിംകളെ മുസ്ലിംകള്‍ക്കെതിരില്‍ ഇളക്കി വിടുന്ന പ്രവണതകളെ അവധാനതയോടെ കൈകാര്യം ചെയ്യുക. സംഘ്പരിവാറിന്റെ 'ദേശീയ മുസ്ലിം' പ്രലോഭനങ്ങളില്‍ അകപ്പെട്ട കാനേഷുമാരി മുസ്ലിം അല്ല യഥാര്‍ഥ മുസ്ലിം എന്ന് ബോധ്യപ്പെടുത്തുക. മതകാര്യങ്ങളില്‍ നുഴഞ്ഞു കയറി സമുദായത്തെ ശിഥിലമാക്കാന്‍ ഒരുക്കുന്ന കെണികളില്‍ കുടുങ്ങാതിരിക്കുക. രാഷ്ട്രീയ ചിന്തകള്‍ക്കും താല്‍പര്യങ്ങള്‍ക്കും ഉപരിയായി മതകാര്യങ്ങള്‍ക്കും ഐക്യത്തിനും ഉപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുക. പേനയും നാക്കും ദീനിന്റെ നന്മക്കായി വിനിയോഗിക്കുക. ഇത്തരം വഴികളിലൂടെ ഫോബിയയിലൂടെ ഉണ്ടാത്തീരുന്ന പകയും വിദ്വേഷവും ഒരു പരിധിവരെ നേരിടാന്‍ കഴിയും.
ആത്യന്തികമായി സമാധാനത്തിലൂടെയുള്ള ബോധവത്കരണമാണ് ഇസ്ലാമോഫോബിയയെ നേരിടാനുള്ള എളുപ്പവും സ്ഥായിയുമായ വഴി.