Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

ടുണീഷ്യന്‍ ജനതക്കിത് നാലാമത്തെ അവസരം
റാശിദുല്‍ ഗനൂശി
അധര്‍മത്തെ കടപുഴക്കിയെറിഞ്ഞ എത്രയോ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അധര്‍മത്തിന് പകരം ധര്‍മത്തെ കൊണ്ടുവരാന്‍ പലപ്പോഴും ഈ പ്രക്ഷോഭങ്ങള്‍ക്ക് കഴിയാറില്ല. മുന്‍കാല അനുഭവങ്ങള്‍ വെച്ചു നോക്കുമ്പോള്‍, അത് തന്നെയാവുമോ തുനീഷ്യയില്‍ ഇനിയും സംഭവിക്കുക?
നിലവിലുള്ള ഭരണാധികാരികളേക്കാള്‍ എത്രയോ ആയുധബലവും ആള്‍ബലവുമുള്ള കൊളോണിയല്‍ ശക്തികളെ തുരത്തിയോടിച്ച വീരചരിതമാണ് വടക്കനാഫ്രിക്കയിലെ ജനങ്ങള്‍ക്ക് പറയാനുള്ളത്. അവരുടെ ഊര്‍ജസ്രോതസ്സ് ഇസ്ലാമിക പൈതൃകമായിരുന്നു. പക്ഷേ, നിര്‍ദിഷ്ട ബദല്‍ വ്യവസ്ഥ കൊണ്ടുവരാന്‍ ഈ പോരാട്ടങ്ങള്‍ക്ക് കഴിഞ്ഞില്ല. പോരാട്ടത്തിലുണ്ടായ ജീവാര്‍പ്പണം വെച്ചുനോക്കുമ്പോള്‍ അവയുടെ നേട്ടങ്ങള്‍ വളരെ നിസ്സാരമായിരുന്നെന്ന് പറയണം. സ്വേഛാധിപത്യങ്ങള്‍ പുതിയ പുതിയ വര്‍ണങ്ങളില്‍ പ്രത്യക്ഷപ്പെട്ടു എന്നത് മാത്രമായിരുന്നു ബാക്കിപത്രം.
1978-ലും '84-ലും '87-ലും ഇതുപോലെ ടുണീഷ്യയില്‍ വിജയകരമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1988 ഒക്ടോബറില്‍ അള്‍ജീരിയയിലുണ്ടായ പ്രക്ഷോഭം മറ്റൊരു ഉദാഹരണം. എടുത്തു പറയാവുന്ന ഒരു നേട്ടവും ഈ പ്രക്ഷോഭങ്ങള്‍ സമ്മാനിച്ചില്ല. എല്ലാം നൊടിയിടയില്‍ പഴയതു പോലെ തന്നെയായി. ബാഹ്യ രൂപങ്ങളിലും മുദ്രാവാക്യങ്ങളിലും ചില മാറ്റങ്ങളുണ്ടായെന്ന് മാത്രം.
ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ ഒരു സംഘമാളുകളുടെയോ പിടിയിലമരുന്ന രാജ്യം എന്നതാണ് അറബ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തം. ഈ വെട്ടിപ്പിടുത്തത്തിന് വിദേശ ശക്തികളുടെ സര്‍വ സഹായവും ലഭിക്കുന്നു. ഒരു വ്യക്തിയിലൂടെയോ കുടുബത്തിലൂടെയോ പ്രതിനിധീകരിക്കപ്പെടുന്ന രാഷ്ട്രത്തില്‍ എന്തൊക്കെ വിപ്ളവങ്ങളും അട്ടിമറികളുമുണ്ടായാലും ഫലം ശൂന്യമായിരിക്കും. അരനൂറ്റാണ്ടിലധികമായി നാമത് കണ്ടുകൊണ്ടിരിക്കുന്നു.
പാശ്ചാത്യ ശക്തികള്‍ ഇത്തരമൊരു രാഷ്ട്ര ഘടനയെ മാത്രമേ പിന്തുണക്കുകയുള്ളൂ. കാരണം സമൂഹവുമായി ബന്ധം വിഛേദിക്കപ്പെട്ടവരുമായി ഇടപാടുകള്‍ നടത്തുക എളുപ്പമാണ്. എന്ത് വ്യവസ്ഥകളും അടിച്ചേല്‍പിക്കാം. ജനഹിതം എന്തെന്നത് പ്രശ്നമാകില്ല. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടമാണെങ്കില്‍ പാര്‍ലമെന്റിനെയും പണിമുടക്കിനെയും ജനകീയ സമരങ്ങളെയുമെല്ലാം ഭയപ്പെടണം. ജനഹിതം മാനിച്ചില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ മാത്രമേ ഭരണകൂടത്തിന് ആയുസ്സ് ഉണ്ടാവുകയുള്ളൂ.
ഈ നാടുകളിലെ പ്രതിപക്ഷത്തിന് ജനകീയ വികാരം മാനിച്ച് ഐക്യത്തോടെ നിലകൊള്ളാന്‍ സാധിച്ചില്ല എന്നതും ഏകാധിപത്യത്തിന്റെ തുടര്‍ച്ച ഉറപ്പ് വരുത്തിയിട്ടുണ്ട്. നേരത്തെ പറഞ്ഞ ടുണീഷ്യന്‍ സമരങ്ങളുടെ കാര്യമെടുക്കുക. ജനം ഒന്നിച്ചപ്പോഴും പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം മത്സരിച്ചും ഛിദ്രിച്ചും കഴിഞ്ഞുകൂടുകയായിരുന്നു. ഇത് ചെന്നായക്ക് ഒന്നിന് പിറകെ ഒന്നായി ഓരോന്നിനെയും വേട്ടയാടി പിടിക്കാനുള്ള അവസരം നല്‍കി.
1987-ല്‍ ജനറല്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലി, വാര്‍ധക്യത്തിലെത്തിയ സ്വേഛാധിപതി ഹബീബ് ബുര്‍ഗീബയെ പുറത്താക്കി ടുണീഷ്യയില്‍ അധികാരം പിടിച്ചടക്കിയ സന്ദര്‍ഭം ഓര്‍ക്കുക. ബിന്‍ അലിക്ക് പിന്തുണയുമായി പ്രതിപക്ഷം ഓടിയെത്തുകയായിരുന്നു. ചില ബാഹ്യ മാറ്റങ്ങള്‍ മാത്രം വരുത്തി, നിലവിലുള്ള ഏകാധിപത്യ ഭരണ സംവിധാനം പൂര്‍വോപരി ശക്തിയോടെ ഊട്ടിയുറപ്പിക്കാന്‍ ഇത് ബിന്‍ അലിക്ക് അവസരമൊരുക്കി.
ഒരു തെരഞ്ഞെടുപ്പില്‍ ബിന്‍ അലിയുടെ പാര്‍ട്ടി തോല്‍ക്കുകയും ഇസ്ലാമിസ്റുകള്‍ വിജയിക്കുകയും ചെയ്തിരുന്നു. ബിന്‍ അലിയുടെയും ഇസ്ലാമിസ്റുകളുടെ തന്നെയും കണക്ക് കൂട്ടലുകള്‍ തെറ്റിച്ച തിളക്കമാര്‍ന്ന വിജയം. മാറ്റത്തിന് വേണ്ടിയുള്ള ജനാഭിലാഷമാണ് അതിലൂടെ പ്രതിഫലിച്ചത്. മുഖ്യ പ്രതിയോഗിയായ ഇസ്ലാമിക പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ് അന്ന് ബിന്‍ അലി ചെയ്തത്. 'മതമൌലിക ഭീഷണി' ഉയര്‍ത്തിക്കാട്ടി അയാള്‍ സെക്യുലരിസ്റുകളും ഇടതുപക്ഷക്കാരുമാക്കെയായ പ്രതിപക്ഷ കക്ഷികളെ ഒപ്പം കൂട്ടി. മുഖ്യ പ്രതിയോഗിയെ അമര്‍ച്ച ചെയ്ത് കഴിഞ്ഞാല്‍ 'യുദ്ധമുതലുകള്‍' ഓഹരി വെക്കാമെന്ന് വാഗ്ദാനം നല്‍കി. പ്രതിപക്ഷ കക്ഷികള്‍ ആ കുരുക്കില്‍ വീണു. താമസിയാതെ സ്വേഛാധിപത്യത്തിന്റെ ഉരുക്ക് മുഷ്ടികള്‍ തങ്ങള്‍ക്ക് നേരെയും നീണ്ടുവരുന്നത് അവര്‍ക്ക് നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഇങ്ങനെയാണ് കഴിഞ്ഞ മൂന്ന് തവണയും തുനീഷ്യന്‍ പ്രതിപക്ഷം യഥാര്‍ഥ മാറ്റത്തിനുള്ള അവസരം കളഞ്ഞുകുളിച്ചത്. ഇത് നാലാമത്തെ അവസരമാണ്. ഇത്തവണയെങ്കിലും അവര്‍ വിജയിക്കുമോ?


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly