പുല്ലുമേട് ദുരന്തം
ഇക്കഴിഞ്ഞ ജനുവരി 14-ന് ശബരി മലയിലെ പുല്ലുമേട്ടില്‍ 103 പേരാണ് ദാരുണമായി പിടഞ്ഞുമരിച്ചത്. കേരളത്തെ മാത്രമല്ല, ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ച മഹാദുരന്തമായിരുന്നു അത്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പ്രബോധനവും പങ്കുചേരുന്നു.
ലക്ഷക്കണക്കില്‍ അയ്യപ്പ ഭക്തന്മാര്‍ ഒരുമിച്ചുകൂടിയ, വിശാലമായ റോഡോ വൈദ്യുതിയോ മറ്റു നാഗരിക സൌകര്യങ്ങളോ ഇല്ലാത്ത വനപ്രദേശമായ പുല്ലുമേട്ടില്‍ രാത്രി നേരത്ത് രണ്ട് വാഹനങ്ങള്‍ തമ്മിലുണ്ടായ ചെറിയ ഉരസലില്‍ നിന്നുടലെടുത്ത പരിഭ്രാന്തിയാണ് നൂറുക്കണക്കില്‍ ജീവനുകള്‍ ചവിട്ടിയരക്കപ്പെടാനിയാക്കിയത്. ദുരന്തത്തിന്റെ ഉത്തരവാദിത്വം പതിവു പോലെ വലിയ തര്‍ക്കത്തിലാണ്. എല്ലാറ്റിനും കാരണം സംസ്ഥാന സര്‍ക്കാറിന്റെ അശ്രദ്ധയും പിടിപ്പുകേടുമാണെന്ന് പ്രതിപക്ഷം. കേന്ദ്രത്തിന്റെ അവഗണനയാണെന്ന് സര്‍ക്കാര്‍. പോലീസിന്റെ വീഴ്ചയെന്ന് ക്രൈംബ്രാഞ്ചും വനംവകുപ്പും. വനംവകുപ്പിന്റെ വീഴ്ചയാണെന്ന് പോലീസ്. പരസ്പരം പഴിചാരി ഉത്തരവാദിത്വമൊഴിയാന്‍ തത്രപ്പെടുകയാണെല്ലാവരും. ഒരാപത്തുണ്ടായാല്‍ അതെങ്ങനെ ഉണ്ടായി, ആരാണ് ഉത്തരവാദി എന്നൊക്കെ അറിഞ്ഞേ തീരൂ. എങ്കിലേ ഭാവിയില്‍ അത്തരം വിപത്തുകളൊഴിവാക്കാന്‍ കഴിയൂ. അന്വേഷണം പരസ്പരം പഴിചാരലും തോളൊഴിയലുമായി മാറിയാല്‍ യഥാര്‍ഥ കാരണത്തെയോ ഉത്തരവാദികളെയോ കണ്ടെത്താനാവില്ല. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ അധ്യക്ഷതയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സങ്കീര്‍ണമായ പ്രശ്നങ്ങളില്‍നിന്ന് തലയൂരാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സ്ഥിരം തന്ത്രമാണ് ജുഡീഷ്യല്‍ അന്വേഷണം. അതുകൊണ്ട് വിശേഷിച്ചൊന്നും സംഭവിക്കുകയില്ലെങ്കിലും സര്‍ക്കാര്‍ ഗൌരവമായ നടപടികളെടുക്കുന്നു എന്ന പ്രതീതി ജനിപ്പിച്ച് ജനവികാരം ശമിപ്പിക്കാം. ശബരിമലയില്‍ മുമ്പുണ്ടായ ഹില്‍ടോപ്പ് ദുരന്തത്തെ തുടര്‍ന്ന് നിയമിതമായ കമീഷനും വിദഗ്ധ സമിതികളും തന്നെ അതിനുദാഹരണങ്ങളാകുന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അപകടങ്ങളൊഴിവാക്കാന്‍ ഉന്നയിച്ച നിര്‍ദേശങ്ങളൊന്നും നടപ്പിലാക്കുകയുണ്ടായില്ല.
ശബരിമലയില്‍ അപകടങ്ങളൊഴിവാക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനവും പോലീസിന്റെ ജാഗ്രതയും അത്യാവശ്യമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, വന്‍ ജനക്കൂട്ടങ്ങളെ സംരക്ഷിക്കുക പോലീസിന്റെ ജാഗ്രത കൊണ്ടു മാത്രം പലപ്പോഴും സാധ്യമായെന്നു വരില്ല എന്നതും പരിഗണിക്കേണ്ട കാര്യമാണ്. അത് വലിയൊരളവോളം കൂട്ടം ചേരുന്ന ജനങ്ങളുടെ ആത്മനിയന്ത്രണത്തെയും അച്ചടക്കത്തെയും കൂടി ആശ്രയിച്ചിരിക്കുന്നു. ആത്മ നിയന്ത്രണമില്ലായ്മക്കും അച്ചടക്കരാഹിത്യത്തിനും പുല്ലുമേട് ദുരന്തത്തില്‍ നല്ല പങ്കുണ്ടെന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ കാണാം. തീര്‍ഥാടകര്‍ ശബരിമലയിലെത്തുന്നതിനു മുമ്പുതന്നെ അപകടങ്ങളൊഴിവാക്കാനും പ്രതിസന്ധികള്‍ മറികടക്കാനും ആവശ്യമായ ബോധവത്കരണവും പരിശീലനവും നല്‍കുന്നത് ഉചിതമായിരിക്കും. ദേവസ്വം ബോര്‍ഡ് അതിനു മുന്‍കൈയെടുക്കേണ്ടതാണ്.
ശബരിമല ദുരന്തെക്കുറിച്ചന്വേഷിക്കുമ്പോള്‍ ഏറെയൊന്നും പണിപ്പെടാതെ കണ്ടെത്താവുന്ന മറ്റൊരു സുപ്രധാന കാരണമുണ്ട്. എന്തുകൊണ്ടോ, ഉത്തരവാദപ്പെട്ടവര്‍ അത് പരിഗണിച്ചു കാണുന്നില്ല. പൊന്നമ്പലമേട്ടില്‍ സ്വയം ഭൂവായി പ്രത്യക്ഷപ്പെടുന്ന തീയില്ലാത്ത ദിവ്യജ്യോതി ഏറ്റം വ്യക്തമായി ദര്‍ശിച്ച് സായൂജ്യമടയാനാണ് രണ്ട് ലക്ഷത്തോളം അയ്യപ്പഭക്തന്മാര്‍ പുല്ലുമേട്ടിലെത്തിയത്. മകരജ്യോതി കൂടുതല്‍ നന്നായി കാണാന്‍ പുല്ലുമേട്ടില്‍ സൌകര്യമുണ്ടെന്ന് ക്ഷേത്ര സന്നിധിയില്‍ നിന്ന് വിളിച്ചറിയിക്കുന്നുമുണ്ടായിരുന്നു. മകരജ്യോതി ദിവ്യ പ്രതിഭാസമല്ലെന്നും മനുഷ്യന്‍ തന്നെ കാട്ടിനുള്ളില്‍ വിളക്കു കത്തിച്ചു കാട്ടി നടത്തുന്നതാണെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. മകരജ്യോതി മനുഷ്യന്‍ നിര്‍മിക്കുന്നതാണെന്ന് സന്നിധാനത്തിലെ തന്ത്രിയും സമ്മതിക്കുന്നു. എന്നിട്ടും ദേവസ്വം ബോര്‍ഡും സര്‍ക്കാറും ഇതിനെ പൊലിപ്പിച്ച് ജനങ്ങളെ ഭ്രമിപ്പിക്കുകയും ആ ഭ്രമത്തില്‍ നൂറുക്കണക്കിനാളുകള്‍ കുരുതി കൊടുക്കപ്പെടുകയുമാണ്.
മകരജ്യോതിയുടെ യാഥാര്‍ഥ്യം വിശദീകരിക്കാന്‍ ജനുവരി 20ന് കേരള ഹൈക്കോടതി ശബരിമലയിലെ പരികര്‍മികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ആ വിശദീകരണം പുറത്തുവരുമ്പോള്‍ ചില മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മകരജ്യോതി എന്ന അന്ധവിശ്വാസം തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രശസ്ത സാംസ്കാരിക നായകന്‍ സുകുമാര്‍ അഴീക്കോട് ആവശ്യപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ അന്ധത മരണത്തേക്കാള്‍ ഭയാനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. ഏതായാലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണം. മറ്റേത് ദുരന്തത്തിലുമെന്ന പോലെ, ഭരണ പ്രതിപക്ഷങ്ങള്‍ പരസ്പരം കുറ്റം ചാരി രക്ഷപ്പെട്ടാല്‍ വിദൂരമല്ലാത്ത ഭാവിയില്‍ ഇതുപോലുള്ള ദുരന്തങ്ങള്‍ക്ക് ഇനിയും നാം സാക്ഷികളാകേണ്ടിവരും.