Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

 

ഇസ്ലാമിലേക്കുള്ള എത്തിനോട്ടങ്ങള്‍
സി.ടി ബഷീര്‍
ഏകദേശം നാല്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് മുതല്‍ എന്റെ അലമാരയിലുള്ള കൊച്ചു ഗ്രന്ഥമാണ് ഏഹമിരല മ കഹെമാ. ശ്രീവാല്‍ജി ഗോവിന്‍ ജി രചിച്ച ഈ ഗ്രന്ഥം 1938-ലാണ് അഹമദാബാദിലെ നവജീവന്‍ പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ചത്. ഖുര്‍ആനും ഹദീസും ഇസ്ലാമിക ചരിത്രവും മനസ്സിലാക്കിയ ഒരു സനാതന ധര്‍മ വിശ്വാസിയെന്ന നിലയില്‍ വാല്‍ജി ഗോവിന്‍ജിയുടെ ശ്രമം സ്തുത്യര്‍ഹമാണ്. റൂമിയുടെയും ഹാഫിസിന്റെയും സഅ്ദിയുടെയും ടി.ഡബ്ള്യു ആര്‍നോള്‍ഡിന്റെയും വേര്‍ഡ്സ് വര്‍ത്തിന്റെയും ലോംഗ് ബ്രിഡ്ജിന്റെയും കൃതികളില്‍ നിന്നുള്ള ഉദ്ധരണികളും ധാരാളം ഹദീസുകളും ഈ പുസ്തകത്തെ സമ്പന്നമാക്കിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിനു അവതാരിക എഴുതിയത് മുന്‍ പ്രസിഡന്റ് ഡോ. സക്കീര്‍ ഹുസൈനാണ്. ജി. റോഡ്വെല്ലിന്റെയും സെയിലിന്റെയും ഖുര്‍ആന്‍ പരിഭാഷകളും ലൈന്‍പൂളിന്റെ നബിചരിതവും ആശ്രയിച്ചാണ് ഈ ഗ്രന്ഥരചന നടത്തിയിട്ടുള്ളത്. ആദ്യമായി ഹിന്ദിയില്‍ ഖുര്‍ആന്‍ പരിഭാഷ സമ്മാനിച്ച ഡോ. അഹ്മദ് ഷാ രാജ്പുരിയെ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. അജ്ഞതയുടെ സന്താനമായ പരസ്പര വൈരമാണ് മതസ്ഥര്‍ തമ്മിലുള്ള പക്ഷപാതത്തിനും സംശയങ്ങള്‍ക്കും കാരണം. അതിനുള്ള ഒറ്റമൂലിക വിജ്ഞാനം നേടല്‍ മാത്രമേയുള്ളൂവെന്നും, അതുകൊണ്ട് ഹിന്ദുക്കള്‍ മുസ്ലിംകളുടെയും മുസ്ലിംകള്‍ ഹിന്ദുക്കളുടെയും പുണ്യഗ്രന്ഥങ്ങള്‍ വായിക്കണമെന്നും ഗ്രന്ഥകാരന്‍ ഉപദേശിക്കുന്നു. മുസ്ലിംകള്‍ സൂക്ഷ്മദൃഷ്ടിയോടെ നോക്കിയാല്‍ ഹിന്ദുക്കളും ഏകദൈവവിശ്വാസികളാണെന്ന് കാണാന്‍ കഴിയുമെന്ന് ഗ്രന്ഥകാരന്‍ വിശ്വസിക്കുന്നു. 'ഏകം സത്വിപ്ര ബഹുധാവദന്തി' (സത്യം ഏകമാണ്. മനുഷ്യര്‍ അതിനെ പലവിധത്തിലും സംബോധന ചെയ്യുന്നു) എന്ന ഋഗ്വേദ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് തുടക്കം കുറിച്ചിട്ടുള്ളത്.

ഇസ്ലാമിലെ അഹിംസ
ചരിത്രത്തിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ ഇസ്ലാമും അക്രമവും പര്യായങ്ങളായി ചിത്രീകരിക്കപ്പെട്ടു. 'മതത്തില്‍ ബലപ്രയോഗം പാടില്ല' (2:256) എന്ന് ഖുര്‍ആനില്‍ വായിക്കുമ്പോള്‍തന്നെ മുസ്ലിം അധിനിവേശക്കാര്‍ ഒരു കൈയില്‍ വാളും മറു കൈയില്‍ ഖുര്‍ആനുമായി വന്നാണ് ആധിപത്യം സ്ഥാപിച്ചതെന്നായി പ്രചാരണം. മേല്‍ ഖുര്‍ആന്‍ വചനം ആദ്യമായി ഇസ്ലാംമതം സ്വീകരിച്ചുവന്ന അനുയായികള്‍ക്ക് മാര്‍ഗദര്‍ശകമായി കൂടി അവതരിച്ചതായിരുന്നു. അവരുടെ മക്കള്‍ ബഹുദൈവവിശ്വാസത്തിലോ ജൂത മതത്തിലോ തന്നെ ഉറച്ചുനിന്നിരുന്നു. എന്നാല്‍ പ്രവാചകന്‍ അവരെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നതില്‍ നിന്ന് തടഞ്ഞു. പിതാവ് തന്റെ മക്കളെ നിര്‍ബന്ധമായി മതപരിവര്‍ത്തനം നടത്തിയിട്ടില്ലെങ്കില്‍ അപരിചിതരെ നിര്‍ബന്ധിച്ചു മതത്തില്‍ ചേര്‍ത്തുന്ന പ്രശ്നമുദിക്കുന്നില്ല.
പ്രവാചകന്‍ ഒരു കന്യകയെ പോലെ ലജ്ജാലുവായിരുന്നു. അദ്ദേഹത്തിനു പത്തുകൊല്ലത്തോളം സേവനമനുഷ്ഠിച്ച അനസ് പറയുന്നു: അദ്ദേഹം എന്നോട് ഇക്കാലമത്രയും 'ഛേ' എന്ന വാക്ക് ഉച്ചരിച്ചിട്ടില്ല. 'എന്തിനിത് ചെയ്തു', 'എന്തുകൊണ്ട് അത് ചെയ്തില്ല' എന്നു ചോദിച്ചിട്ടില്ല. കുട്ടികളോട് അദ്ദേഹത്തിന് അപാരമായ സ്നേഹമായിരുന്നു. പോകുന്ന വഴിയില്‍ അവരെ കാണുമ്പോള്‍ അവരെ തലോടിക്കൊണ്ട് നടന്നു. ഒരാളെയും അദ്ദേഹം ജീവിതത്തില്‍ അടിച്ചിട്ടില്ല. അങ്ങേയറ്റം ഇങ്ങനെ പറയുകയേയുള്ളൂ: 'അവനെന്താണ് സംഭവിച്ചത്', 'അവന്റെ തല മണ്ണില്‍ താഴ്ത്തപ്പെടാത്തതെന്താണ്' (തല കുനിയാത്തതെന്താണ്). അദ്ദേഹത്തോട് ആരെയെങ്കിലും ശപിക്കണമെന്ന് ആവശ്യപ്പെട്ടാല്‍, ഞാന്‍ ശപിക്കാന്‍ അയക്കപ്പെട്ടവനല്ല, മനുഷ്യര്‍ക്ക് കാരുണ്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടവനാണ് എന്നായിരുന്നു പ്രതിവചിച്ചത്.
പ്രവാചകന്‍ രോഗികളെ സന്ദര്‍ശിക്കുക പതിവായിരുന്നു. ഭാരം പേറുന്നവരെ സഹായിച്ചു. അടിമയുടെ ഭക്ഷണം പോലും സ്വീകരിച്ചു. കീറിയ വസ്ത്രം തുന്നിക്കൂട്ടി. പാല്‍ കറന്നു. കല്ല് ചുമന്നു. കൈപിടിച്ച് കുലുക്കുന്ന വേളയില്‍ തന്റെ കൈ ആദ്യം പിന്‍വലിച്ചില്ല. കുടിലിലായിരുന്നു താമസം. കഴിച്ചുകൊണ്ടിരുന്ന ലളിതമായ ഭക്ഷണം സാധുക്കളുമായി പങ്കിട്ട് ഭക്ഷിച്ചു. അദ്ദേഹത്തിന്റെ വീട്ടിന്റെ പുറത്തുള്ള ബെഞ്ചില്‍ ഒരു പറ്റം സാധുക്കള്‍ സ്ഥലം പിടിക്കാറുണ്ടായിരുന്നു. ഇവരാണ് 'ബെഞ്ചുകാര്‍' എന്ന പേരില്‍ പിന്നീടറിയപ്പെട്ട പ്രശസ്തരില്‍ പലരും. പ്രവാചകന്റെ സാധാരണ ഭക്ഷണം ഈത്തപ്പഴവും ബാര്‍ലി കൊണ്ടുണ്ടാക്കിയ അപ്പവുമായിരുന്നു. തേനും പാലും വിശേഷ ഭക്ഷണം മാത്രം. അദ്ദേഹം അറേബ്യയിലെ ഭരണാധികാരിയായി മാറിയപ്പോഴും മരുഭൂമിയിലെ ജീവിതം ഇഷ്ടപ്പെട്ടു. അദ്ദേഹം പലപ്പോഴും പറയുമായിരുന്നു: 'ആഡംബരങ്ങളില്‍നിന്നും സുഖലോലുപതയില്‍നിന്നും അകന്നു നില്‍ക്കുക. അല്ലാഹുവിന്റെ ഇഷ്ടജനത ഭക്തിയില്‍ പ്രതിപത്തിയുള്ളവരാണ്, അവര്‍ ആഡംബര പ്രിയരാവില്ല.' പ്രവാചകന്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ സമ്പാദ്യമായി ഉണ്ടായിരുന്നത് ഒരു ഒട്ടകവും കുറച്ച് ആയുധങ്ങളും ഒരു ചെറിയ ഭൂവിടവുമായിരുന്നു. ഇവയെല്ലാം ഇഹലോകം വിടുന്നതിനു മുമ്പ് ദാനം ചെയ്തുതീര്‍ക്കാന്‍ അദ്ദേഹം ധൃതിപ്പെട്ടു.
അടിമകളും സ്ത്രീജനങ്ങളുമായിരുന്നു മക്കയില്‍ മഹാ കഷ്ടങ്ങള്‍ അനുഭവിച്ചത്. അവരുടെ മോചനത്തിനും ഉല്‍ഗതിക്കും വേണ്ടി ഉയര്‍ത്തെഴുന്നേറ്റ പ്രവാചകനാണ് മുഹമ്മദ് നബി. സാമൂഹിക മര്യാദകള്‍ പാലിക്കുന്നതിലൂടെ, സ്ത്രീകള്‍ക്ക് സ്വത്തവകാശം നല്‍കുന്നതിലൂടെ അവളുടെ സംരക്ഷണത്തിന്റെ ചുമതല പുരുഷനില്‍ അര്‍പ്പിച്ചതിലൂടെ 'ഇസ്ലാം' സ്ത്രീകളുടെ മതമാണെന്ന പരിഹാസം കൂടി നബിക്കന്ന് കേള്‍ക്കേണ്ടിവന്നു. പെണ്‍കുഞ്ഞുങ്ങളെ അഭിമാനത്തിന്റെ പേരില്‍ കുഴിച്ചുമൂടിയ ഒരു ജനതക്ക് അഭിമുഖമായി നിന്നുകൊണ്ട് അത്ഭുതകരമായ മാറ്റങ്ങളാണ് നബി അറേബ്യന്‍ സമൂഹത്തില്‍ വരുത്തിയത്. അതിന് ചരിത്രത്തില്‍ തുല്യതയില്ല.
ദാനമെന്ത്, ധനശേഖരണമെന്തിന്, ഭരണമെങ്ങനെ വേണം? മുഹമ്മദ് നബിയെ, കേള്‍ക്കുക:
"ദൈവം ഭൂമി സൃഷ്ടിച്ചപ്പോള്‍ അത് കുലുങ്ങുന്നതിനാല്‍ പര്‍വതങ്ങളെ കൊണ്ട് അത് ഉറപ്പിച്ചു. അപ്പോള്‍ മലക്കുകള്‍ ചോദിച്ചു: പര്‍വതങ്ങളേക്കാള്‍ ഉറപ്പുള്ളതായി വേറെ വല്ലതുമുണ്ടോ? ഉണ്ട്, ഇരുമ്പു പര്‍തങ്ങളേക്കാള്‍ ശക്തിയുള്ളതാണ്. മലക്കുകള്‍: ഇരുമ്പിനേക്കാള്‍ ശക്തിയുള്ള വല്ലതും നിന്റെ സൃഷ്ടിപ്പില്‍ ഉണ്ടോ? ഉണ്ട്, അഗ്നി. അത് ഇരുമ്പിനെ ഉരുക്കിക്കളയുന്നു. മലക്കുകള്‍: അഗ്നിയേക്കാള്‍ ശക്തിമത്തായത്? വെള്ളം. വെള്ളത്തേക്കാള്‍ ശക്തിമത്തായത്? കാറ്റ്. വെള്ളത്തെ അത് ചലിപ്പിക്കുന്നു. മലക്കുകള്‍ വീണ്ടും: കാറ്റിനേക്കാള്‍ ശക്തിമത്തായത് എന്താണ് ദൈവമേ? ഒരു സദ്വൃത്തന്‍ നല്‍കുന്ന ദാനം. അവനത് വലത് കരം കൊണ്ട് കൊടുക്കുമ്പോള്‍ ഇടത് കരം അറിയില്ലെങ്കില്‍ അത് എല്ലാ പ്രകൃതി ശക്തികളെയും അതിജയിക്കുന്നു.''

സഹിഷ്ണുത
ചരിത്രത്തിന്റെ താളുകള്‍ നിര്‍ബന്ധ പരിവര്‍ത്തനത്തെ പറ്റി പറഞ്ഞു ക്രിസ്തീയതയെയും ഇസ്ലാമിനെയും വികലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇസ്ലാമില്‍ നിര്‍ബന്ധ പരിവര്‍ത്തനം ഇല്ലതന്നെ. ഖുര്‍ആന്‍ അനുശാസിക്കുന്നത് പ്രബോധനം മാത്രമാണ്. മതത്തില്‍ യാതൊരു നിര്‍ബന്ധം ചെലുത്തലും പാടില്ലെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു (2:256). ഖുര്‍ആന്റെ സമീപനം ഇക്കാര്യത്തില്‍ സുവ്യക്തമാണ്. "നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെയെല്ലാം ഒന്നിച്ചു വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ, ജനങ്ങള്‍ സത്യവിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? യാതൊരാള്‍ക്കും അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്'' (ഖുര്‍ആന്‍ 10:99,100). (സത്യാന്വേഷണ ബുദ്ധിയും സത്യം സ്വീകരിക്കാന്‍ സന്നദ്ധതയുള്ളവരെ മാത്രമേ അല്ലാഹു നേര്‍വഴിയിലാക്കുകയുള്ളൂ. ആരുടെയും മേല്‍ അല്ലാഹു വിശ്വാസം അടിച്ചേല്‍പിക്കുകയില്ല- പരിഭാഷകന്റെ അനുബന്ധം).
(ഖുര്‍ആന്‍ 3:20, 16:35, 16:82, 24:54, 16:125 തുടങ്ങിയവ കാണുക).
ഇസ്ലാമിക പണ്ഡിതന്മാര്‍ ഈ ഖുര്‍ആന്‍ വാക്കുകള്‍ നീതിപൂര്‍വം മുറുകെപ്പിടിച്ചവരാണെന്ന് ആര്‍നോള്‍ഡ് തന്റെ കൃതിയില്‍ പറയുന്നുണ്ട്. ഉദാഹരണത്തിന് തുര്‍ക്കിയിലെ സുല്‍ത്താന്‍ സലീം ക്രിസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കും അന്ത്യശാസനം നല്‍കി; ഒന്നുകില്‍ ഇസ്ലാം സ്വീകരിക്കുക. അല്ലെങ്കില്‍ മരണം വരിക്കുക. ഇത് കേട്ടപ്പോള്‍ ഉലമാക്കള്‍ ശക്തിയുക്തം പറഞ്ഞു: പാവനമായ ശരീഅത്ത് ഇത് അംഗീകരിക്കുന്നില്ല. ഇസ്ലാമില്‍ ഇങ്ങനെ ഒരു നിബന്ധനയില്ല. സുല്‍ത്താന്‍ സലീം ഉലമാക്കളുടെ ഉപദേശം സ്വീകരിക്കുകയാണ് ചെയ്തത്.
താരീഖ് ദാവൂദില്‍ ഒരു സംഭവം വിവരിച്ച് കാണാം. 'താനേസ്വര്‍' കടന്നാക്രമിച്ച് കുരുക്ഷേത്രത്തില്‍ പുണ്യസ്നാനം ചെയ്യാന്‍ വന്ന ഭക്തജനങ്ങളെ മുഴുവന്‍ വാളിന്നിരയാക്കാന്‍ സിക്കന്തര്‍ ലോധി തീരുമാനിച്ചു. ഒരു കൊട്ടാര ഉപദേശകന്‍ പറഞ്ഞു- ഇക്കാര്യത്തില്‍ ഒരു പണ്ഡിതോപദേശം കേള്‍ക്കുന്നത് നല്ലതാണെന്ന്. സിക്കന്തര്‍ ലോധി അജോധാനിലെ മിയാന്‍ അബ്ദുല്ല എന്ന പണ്ഡിതനെ വിളിപ്പിച്ചു; അയാളോട് അഭിപ്രായം ആരാഞ്ഞു. അബ്ദുല്ല ചോദിച്ചു: "താങ്കള്‍ കടന്നാക്രമിക്കാന്‍ പോകുന്ന താനേസ്വറില്‍ പ്രത്യേകമായി എന്താണുള്ളത്? സിക്കന്തര്‍ പറഞ്ഞു, അവിടെ ഒരു കുളത്തില്‍ അനേകം അവിശ്വാസികള്‍ കുളിക്കല്‍ പതിവാക്കിയിരിക്കുന്നു.'' എത്രകാലമായി അവരത് തുടരുന്നുവെന്നായി അബ്ദുല്ലയുടെ ചോദ്യം. അപ്പോള്‍ സിക്കന്തര്‍ അത് അവരുടെ പുരാതനമായ ആചാരമാണെന്ന് പറഞ്ഞു. അബ്ദുല്ല ചോദിച്ചു: "സിക്കന്തറിന്നു മുമ്പ് ഏതെങ്കിലും മുസ്ലിം ഭരണാധികാരി ഇങ്ങനെ ഒരു പ്ളാനിട്ടിട്ടുണ്ടോ?'' "അവരെല്ലാം ഇവറ്റകളെ ഉപദ്രവിക്കാതെ വിട്ടതാണ് കഷ്ടം''- സിക്കന്തര്‍. പണ്ഡിത ശ്രേഷ്ഠനായിരുന്നു മിയാന്‍ അബ്ദുല്ല. അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു: "സിക്കന്തര്‍, ചിരപുരാതനമായ ഒരു ക്ഷേത്രം പൊളിക്കുന്നതും അവിടെ അനാദികാലം മുതല്‍ തുടരുന്ന ആചാരമായ പുണ്യസ്നാനം തടസ്സപ്പെടുത്തുന്നതും ശരിയല്ല.'' സുല്‍ത്താന്‍ സിക്കന്തര്‍ തന്റെ കാഠരയിലേക്ക് കരം താഴ്ത്തി ഇങ്ങനെ പറഞ്ഞു: "നിങ്ങള്‍ അവിശ്വാസികളുടെ കൂടെയാണ്. ഞാന്‍ ആദ്യം നിങ്ങളെ കൊന്നിട്ടേ കുരുക്ഷേത്രത്തിലേക്ക് പോകുന്നുള്ളൂ.'' അബ്ദുല്ല യാതൊരു കൂസലുമില്ലാതെ പ്രതികരിച്ചു: "ആര്‍ക്കും അല്ലാഹുവിന്റെ അനുമതിയില്ലാതെ മരിക്കാന്‍ വയ്യ. ഒരു ജനമര്‍ദകന്റെ അടുത്തേക്ക് പോകുന്നതിന് മുമ്പ് തന്നെ അവന്‍ മരണത്തിനു സന്നദ്ധനാകേണ്ടതുണ്ട്... താങ്കള്‍ എന്നോട് ചോദിച്ചപ്പോള്‍, പ്രവാചകന്റെ അരുളപ്പാടനുസരിച്ചുള്ള ഒരു ഉപദേശമാണ് നല്‍കിയത്. പ്രവാചകനോട് താങ്കള്‍ക്ക് ബഹുമാനമില്ലെങ്കില്‍ എന്നോട് ഇതെല്ലാം ചോദിച്ചതില്‍ എന്തര്‍ഥം?'' സിക്കന്തറിന് ആ മറുപടി ഹൃദയത്തില്‍ കൊണ്ടു. അയാള്‍ മിയാന്‍ അബ്ദുല്ലയോട് പറഞ്ഞു: "നിങ്ങള്‍ ഞാന്‍ പോകുന്നതിന് അനുകൂലമായി വിധി പറഞ്ഞിരുന്നെങ്കില്‍ എത്രയോ ആയിരം മുസ്ലിംകള്‍ അതുപോലെയുള്ള അബദ്ധം ചെയ്യുമായിരുന്നു.''
ഇസ്ലാമിലെ ഏകദൈവ വിശ്വാസം എല്ലാ മതസ്ഥര്‍ക്കും സ്വീകാര്യമാകണമെന്നും, ഇസ്ലാമില്‍ താന്‍ അഹിംസയും മതസഹിഷ്ണുതയും ദര്‍ശിക്കുന്നുവെന്നും മനുഷ്യ സാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന മതമാണ് ഇസ്ലാം എന്നും തെളിയിക്കാന്‍ ധാരാളം തെളിവുകള്‍ ഗ്രന്ഥകാരന്‍ നിരത്തുന്നുണ്ട്. നിര്‍ബന്ധ മതപരിവര്‍ത്തനം ഇസ്ലാമിന്റെ അജണ്ടയിലില്ല എന്നും അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അതേസമയം ദൈവം സ്ഥാപിച്ച എല്ലാ പൂര്‍വ മതങ്ങളും ഏതെങ്കിലും രൂപത്തില്‍ ലോകത്ത് നിലനില്‍ക്കുമെന്നും, എല്ലാ മതങ്ങളുടെയും പൊരുള്‍ ഒന്നു തന്നെയാണെന്നും എല്ലാ പാതയിലൂടെ പോയാലും ലക്ഷ്യസ്ഥാനത്ത് എത്തുമെന്നുമുള്ള സനാതന ധര്‍മ വിശ്വാസം ഈ ഗ്രന്ഥകാരന്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ഇതര മതങ്ങളെ പഠിക്കാന്‍ സാഹസപ്പെട്ടതും തന്റെ ഈ ദൃശ ചിന്തകള്‍ എഴുപതു കൊല്ലം മുമ്പ് അവതരിപ്പിച്ചതും ഇന്നത്തെ സാഹചര്യത്തില്‍ വായിക്കുമ്പോള്‍ ഗ്രന്ഥകാരനോടുള്ള ആദരവ് വര്‍ധിക്കുന്നു.

 

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly