വിശുദ്ധ ഖുര്‍ആനെ പരിണയിച്ച പണ്ഡിതന്‍
കെ.എം ബശീര്‍ ദമ്മാം
ജമാല്‍ മലപ്പുറത്തെ ആദ്യമായി കാണുന്നത് കോഴിക്കോട് ഇസ്ലാമിക് യൂത്ത് സെന്ററില്‍ വെച്ചാണ്. കെ.പി കമാലുദ്ദീന്‍ സാഹിബുമൊത്ത് ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കളികഴിഞ്ഞ് പുറത്തുവന്ന് പരിചയപ്പെട്ട ജമാല്‍ സാഹിബ് പേരും സ്ഥലവും പഠിക്കുന്ന സ്ഥാപനവുമുള്‍പ്പെടെ ചോദിച്ചറിഞ്ഞു. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ യൂത്ത് സെന്ററില്‍ നിന്ന് കണ്ടുമുട്ടിയിരുന്നെങ്കിലും അടുത്തിടപഴകാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് 1984ല്‍ ഞാന്‍ ദമ്മാമില്‍ ജോലി തേടിയെത്തിയപ്പോഴാണ് ജമാല്‍ സാഹിബിനെ അടുത്തറിയുന്നത്. അന്ന് മുതല്‍ അതൊരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു. കഴിഞ്ഞ 26 വര്‍ഷമായി ആ ബന്ധം പൂത്തുലഞ്ഞു തന്നെ നിന്നു. വൈജഞാനികവും ചിന്താപരവുമായ വളര്‍ച്ചയില്‍ ആ ബന്ധം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഗുരുസ്ഥാനീയനായ സ്നേഹിതനെയും സഹപ്രവര്‍ത്തകനെയുമാണ് ജമാല്‍ സാഹിബിന്റെ വിയോഗത്തിലൂടെ എനിക്ക് നഷ്ടപ്പെട്ടത്. ഏത് സംശയ നിവാരണത്തിനും എപ്പോഴും മുട്ടാമായിരുന്ന ആ വാതില്‍ ഇനി തുറക്കപ്പെടില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ മനസ്സ് വിസമ്മതിക്കുകയാണ്.
പരന്ന വായനയിലൂടെ ലഭിക്കുന്ന പുതിയ അറിവുകള്‍ സഹപ്രവര്‍ത്തകര്‍ക്ക് പകര്‍ന്ന് നല്‍കുന്നതില്‍ പ്രത്യേക ആത്മ നിര്‍വൃതി അനുഭവിച്ചു, പുസ്തകങ്ങളുടെ ഈ കൂട്ടുകാരന്‍. മരണം വരെയും പഠന പാരായണത്തിനും വിജഞാന സമ്പാദനത്തിനുമൊപ്പം അത് പകര്‍ന്ന് നല്‍കുന്നതിനും ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പ്രവര്‍ത്തകരില്‍ വായനാശീലം കുറഞ്ഞുപോകുന്നതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളേജ് അലുംനിയുടെ ജിദ്ദ ഘടകം സംഘടിപ്പിക്കുന്ന പരിപാടിയില്‍ വായനയെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തേണ്ട ദിവസമാണ് പുസ്തകങ്ങളും വായനയുമില്ലാത്ത ലോകത്തേക്ക് അദ്ദേഹം വിടപറഞ്ഞത്. പുതിയ പുസ്തകങ്ങള്‍ തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര പല പുസ്തക ശാലകളിലും അദ്ദേഹത്തെ നിത്യ സന്ദര്‍ശകനാക്കി. പുസ്തകങ്ങള്‍ സ്വന്തമാക്കുന്നതിന് മടിയേതുമില്ലാതെ പണം ചിലവഴിക്കുകയും ചെയ്തു.
വിശുദ്ധ ഖുര്‍ആനോട് അനുരാഗാത്മക ബന്ധമായിരുന്നു ജമാല്‍ സാഹിബ് പുലര്‍ത്തിയത്. ഖുര്‍ആന്‍ പഠനവും ഗവേഷണവും എന്നും ഹരമായി കൊണ്ടുനടന്ന അദ്ദേഹം ഏത് വിഷയവും ഖുര്‍ആനെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്നതില്‍ അസാധാരണമായ കഴിവാണ് പുലര്‍ത്തിയത്. ഖുര്‍ആന്‍ പഠനത്തിന് ആധുനികവും പൌരാണികവുമായ തഫ്സീറുകളും മറ്റ് ഗൌരവമാര്‍ന്ന പഠനങ്ങളും തേടിപ്പിടിച്ചു വായിച്ചു. ഖൂര്‍ആന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് അതിലെ മുത്തുകളും പവിഴങ്ങളും പെറുക്കിയെടുത്ത അദ്ദേഹം അതെല്ലാം അനുവാചകര്‍ക്ക് പകര്‍ന്ന് നല്‍കി അവരെ ഖൂര്‍ആന്റെ ആശയപ്രപഞ്ചത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോകാനും ശ്രദ്ധിച്ചു.
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പാര്‍ട്ടി ഘടനയെയും ആദര്‍ശലക്ഷ്യങ്ങളെയും നയനിലപാടുകളെയും ഖുര്‍ആന്റെ പിന്‍ബലത്തോടെ പ്രവര്‍ത്തകര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ദര്‍സുകള്‍ പുത്തനറിവും ആവേശവും നല്‍കുന്നതായിരുന്നു. എഴുത്തിലും പ്രസംഗത്തിലും ഖുര്‍ആനിക കാഴ്ച്ചപ്പാടുകള്‍ സമൃദ്ധമായി പ്രതിഫലിപ്പിച്ചു. ഖുര്‍ആന്റെ പരിഭാഷയിലോ വിശദീകരണങ്ങളിലോ സംഭവിച്ചുപോകാറുള്ള നേരിയ സ്ഖലിതങ്ങള്‍ പോലും ഖുര്‍ആനെ പരിണയിച്ച ആ പണ്ഡിതനെ അസ്വസ്ഥനാക്കി. അത്തരം പോരായ്മകളും വീഴ്ചകളും ബന്ധപ്പെട്ടവര്‍ക്ക് ചൂണ്ടിക്കാണിക്കാനും അദ്ദേഹം ജാഗ്രത പുലര്‍ത്തിയിരുന്നു.
ചില പ്രത്യേക ലക്ഷ്യങ്ങളോടെ എം.എന്‍ കാരശ്ശേരി രചിച്ച 'തിരുവരുള്‍' എന്ന തെരഞ്ഞെടുത്ത ഖുര്‍ആന്‍ വചനങ്ങളുടെ പരിഭാഷയെ നിഷ്കരുണം നിരൂപണം ചെയ്തു. ദുരുദ്ദേശ്യത്തോടെയുള്ള അത്തരം ശ്രമങ്ങളെ മുളയിലേ നുള്ളികളയുന്നതില്‍ അദ്ദേഹം വിജയിച്ചു. കാരശ്ശേരിയുടെ 'തിരുവരുള്‍' ആധുനിക ഭൌതിക മതേതര സര്‍വമത സത്യവാദ ദേശീയ ജനാധിപത്യ ഏകസിവില്‍കോഡ് വിവര്‍ത്തനാഭാസമാണെന്നും തെളിവുകള്‍ നിരത്തി ജമാല്‍ സാഹിബ് സമര്‍ഥിച്ചു. പ്രബോധനം 1989 ജൂലൈ 29, ഓഗസ്റ്റ് 5, 12 ലക്കങ്ങളിലായി തിരുവരുളിന്റെ എഴുതാപ്പുറങ്ങള്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം വിവാദങ്ങള്‍ സൃഷ്ടിച്ചു. പരേതനായ എന്‍.പി മുഹമ്മദ്, കേരള യൂനിവേഴ്സിറ്റി മുന്‍ പ്രോ. വൈസ് ചാന്‍സലര്‍ ഡോ. എന്‍.എ കരീം, ഡോ. എം.എം ബഷീര്‍ തുടങ്ങിയവരും വിവാദത്തില്‍ പങ്കുചേര്‍ന്നു. 'മദ്വചനങ്ങള്‍ക്ക് മാര്‍ദ്ദവമില്ലെങ്കിലും' എന്ന തലക്കെട്ടില്‍ ജമാല്‍ സാഹിബ് മറുപടി എഴുതിയതോടെ വിവാദങ്ങളുടെ മുനയൊടിയുകയും സംവാദം അവസാനിക്കുകയും ചെയ്തു.
പ്രബോധനം ആഴ്ചപ്പതിപ്പ് അദ്ദേഹത്തിന് ആവേശവും വികാരവുമായിരുന്നു. പ്രബോധനം ഇറങ്ങിയാല്‍ അത് ലഭിക്കുന്നത് വരെ അദ്ദേഹത്തിന് സ്വസ്ഥത ലഭിച്ചിരുന്നില്ല. എണ്‍പതുകളില്‍ തപാലിലാണ് സുഊദിയില്‍ പ്രബോധനം ലഭിച്ചിരുന്നത്. പത്തും പതിനഞ്ചും ദിവസം വൈകി എത്താറുള്ള പ്രബോധനം അന്ന് പലപ്പോഴും ജമാല്‍സാഹിബിനെക്കാള്‍ മുന്‍പ് എനിക്ക് ലഭിച്ചിരുന്നു. പ്രബോധനം എത്തി എന്നറിഞ്ഞാല്‍ അദ്ദേഹം താമസിച്ചിരുന്ന അല്‍ഖോബാറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള എന്റെ താമസസ്ഥലത്തേക്ക് ടാക്സിയില്‍ വരുമായിരുന്നു. ഒറ്റയിരിപ്പിന് അത് വായിച്ച് തീര്‍ത്ത് അതിലെ ലേഖനങ്ങളും പഠനങ്ങളും വിശകലനം നടത്തിയും നിരൂപണം ചെയ്തും സമയം ചിലവഴിക്കുന്ന അദ്ദേഹം ടാക്സിയില്‍ തന്നെ മടങ്ങുകയും ചെയ്യും. വിജ്ഞാനപ്രദമായ ഈ ഒത്തുചേരല്‍ അദ്ദേഹം 90ല്‍ ജിദ്ദയിലേക്ക് സ്ഥലം മാറിപ്പോകുന്നതുവരെ തുടര്‍ന്നു. പിന്നീടാണ് പ്രബോധനം ഏജന്‍സി മുഖേന വിതരണം ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം പ്രബോധനം ഇന്റര്‍നാഷണല്‍ എഡിഷന്‍ ആരംഭിച്ചതോടെ നാട്ടില്‍ പ്രസിദ്ധീകരിക്കുന്ന ദിവസം തന്നെ സുഊദിയിലും ലഭിച്ചുതുടങ്ങി. പ്രസില്‍ നിന്ന് ഒരു ദിവസം നേരത്തെ തന്നെ എനിക്ക് ഒരുകോപ്പി ലഭിക്കും. ഇതറിയാവുന്ന ജമാല്‍ സാഹിബ് അന്നേ ദിവസം ഫോണ്‍ ചെയ്ത് പ്രബോധനത്തിന്റെ ഉള്ളടക്കത്തെകുറിച്ചും, ലേഖകരെകുറിച്ചും പുറം ചട്ടയെകുറിച്ചുമൊക്കെ വിശദമായി ആരായുമായിരുന്നു. ചിലപ്പോള്‍ ലേഖനങ്ങള്‍ സ്കാന്‍ ചെയ്ത് ഇമെയിലില്‍ അയച്ചുകൊടുക്കാനും ആവശ്യപ്പെടും. പിറ്റേ ദിവസം തന്നെ പ്രിന്റ് എഡിഷന്‍ കൈയില്‍ കിട്ടുമെങ്കിലും അതിന് കാത്തിരിക്കാന്‍ കഴിയുമായിരുന്നില്ല. ജമാല്‍ സാഹിബില്‍നിന്ന് കഴിഞ്ഞ കുറേമാസങ്ങളായി എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ വന്നിരുന്ന ആ ഫോണ്‍ വിളി ഇനി ഒരിക്കലും ഉണ്ടാകില്ലെന്നുറപ്പാണെങ്കിലും ആ വിളിക്കായി വെറുതെ കാതോര്‍ത്തുപോകുന്നു.
പ്രബോധനത്തില്‍ വരുന്ന ചെറിയ പിഴവുകള്‍ പോലും അദ്ദേഹത്തിന് അസഹനീയമായിരുന്നു. മരിക്കുന്നതിനു തലേ ദിവസം നടന്ന ദീര്‍ഘമായ ഫോണ്‍ സംഭാഷണത്തില്‍ അടുത്തയാഴ്ച അല്‍കോബാറില്‍ ഖുര്‍ആന്‍ സ്റഡി സെന്ററിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ അതേസമയത്ത് എത്തുന്ന പ്രബോധനം മാനേജര്‍ ഹുസൈന്‍ സാഹിബുമായി ഒരുമിച്ചിരിക്കണമെന്നും പ്രബോധനം ഇന്റര്‍നാഷ്നലിന്റെ അഡീഷ്നല്‍ പേജുകള്‍ കുറച്ചുകൂടി മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യണമെന്നും പറഞ്ഞിരുന്നു. ഹുസൈന്‍ സാഹിബ് കഴിഞ്ഞ ദിവസം എത്തി. ജമാല്‍ സാഹിബ് അല്ലാഹുവിന്റെ സവിധത്തിലേക്കും. എന്തായിരിക്കും അദ്ദേഹം പറയാന്‍ ബാക്കി വെച്ചിട്ടുണ്ടാവുക? പ്രബോധനത്തെ എന്നും നെഞ്ചിലേറ്റിയ പണ്ഡിതനും കൃതഹസ്തനുമായ ആ എഴുത്തുകാരനെ അര്‍ഹിക്കുംവിധം അനുഭവിക്കാനുള്ള അവസരം പ്രബോധനം വായനക്കാര്‍ക്ക് ലഭിച്ചുവോ?
ഇസ്ലാമിക പ്രസ്ഥാനത്തെ പ്രാണന് തുല്യം സ്നേഹിച്ചിരുന്നു അദ്ദേഹം. കിടക്കപ്പായയില്‍ മൂത്രമൊഴിക്കുന്ന പ്രായത്തില്‍ വാപ്പ തന്നെ പ്രസ്ഥാനത്തിനു ഏല്‍പ്പിച്ചു കൊടുത്തതാണെന്ന് പലപ്പോഴും പറയുമായിരുന്നു. അദ്ദേഹം തന്നെ അതിങ്ങനെ കുറിച്ചിട്ടു:
"പിതാവ് എന്തിനിവിടെ വന്നുവെന്ന് വളരെ കഴിഞ്ഞാണ് ഞാനറിയുന്നത്. ഞാനൊരു ക്ളാസ്സിലേക്കും ഒന്നുകൊണ്ടും ഫിറ്റായിരുന്നില്ല. പോരാത്തതിന് ഇടക്കെങ്കിലും കിടക്കപ്പായയില്‍ കുശലായി മൂത്രമൊഴിക്കുന്ന സ്വഭാവവും. പായ കഴുകി ഉണക്കി തന്നു ശുശ്രൂഷിക്കാന്‍ ആളെ വെച്ചിട്ടുള്ള ഒരു അനാഥാലയമൊന്നുമായിരുന്നില്ലല്ലോ ശാന്തപുരം കോളേജ്. പിതാവിനെ കത്തയച്ചു വിളിച്ചു വരുത്തിയത് മകനെ തിരികെ കൊണ്ടുപോകാനായിരുന്നു. ഓഫീസ് റൂമില്‍ വെച്ച് എല്ലാം സമ്മതിച്ച് പുറത്തു വന്ന പിതാവ് മകനെ അരെയും കാണാതെ കടന്നു കളഞ്ഞു!
ഇസ്ലാമിക പ്രസ്ഥാനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച്, ഇപ്പോള്‍ തന്റെ മകനെ കൂടി പ്രസ്ഥാനത്തെ ഏല്‍പ്പിച്ചിരുന്ന ഒരു പാവം മനുഷ്യന്റെ വികാരങ്ങള്‍ കണക്കിലെടുത്താകണം കോളേജധികൃതര്‍ എന്നെ സഹിക്കാന്‍ തീരുമാനിച്ചത്'' (അല്‍ജാമിഅ സുവനീര്‍ 2003).
പ്രസ്ഥാനവുമായുള്ള ബന്ധം ഏറ്റവും പുഷ്കലമായി നിന്ന സമയത്താണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്. ഒരു പണ്ഡിതനെന്ന നിലക്ക് സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഭയലേശമന്യേ അതു പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലക്ക് പ്രസ്ഥാനത്തിന്റെ തീരുമാനങ്ങളെ അംഗീകരിച്ചു.
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ശൂറാ സംവിധാനവും ഉള്‍പ്പാര്‍ട്ടി വിമര്‍ശനവും ഭദ്രമാക്കി നിലനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ശൂറാ സംസ്കാരം മുറുകെപ്പിടിക്കാന്‍ പ്രവര്‍ത്തകരെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. അതിനായി എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. ഒരിക്കല്‍ അദ്ദേഹവുമായി ബന്ധപ്പെട്ട സംഘടനാപരമായ ഒരു വിഷയത്തില്‍ ഇടപെടേണ്ടി വന്നപ്പോള്‍ തനിക്ക് പറയാനുള്ളത് പൂര്‍ണമായും അവതരിപ്പിച്ച ജമാല്‍ സാഹിബ് പ്രസ്ഥാനത്തോടുള്ള നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്: "എനിക്ക് പറയാനുള്ളതും നേതൃത്വം പൂര്‍ണമായും കേള്‍ക്കണമെന്നേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. നിങ്ങളെടുക്കുന്ന ഏതു തീരുമാനവും ഞാന്‍ അംഗീകരിക്കും.'' മരണം വരെ അദ്ദേഹം അത് പാലിക്കുകയും ചെയ്തു.
എണ്‍പതുകളുടെ തുടക്കം മുതല്‍ ദമ്മാമിലെ മലയാളി സമൂഹത്തിനിടയില്‍ ഇസ്ലാമിക പ്രവര്‍ത്തനത്തിനു കരുത്തു പകര്‍ന്നുകൊണ്ട് ജമാല്‍ സാഹിബിന്റെ സാന്നിധ്യമുണ്ടായിരുന്നു. 'അല്‍ ഹലാല്‍ വല്‍ ഹറാം' എന്ന ശീര്‍ഷകത്തിലും കുടുംബ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അദ്ദേഹം തുടര്‍ച്ചയായി എടുത്ത പൊതുക്ളാസുകള്‍ പ്രവര്‍ത്തകരുടെ സംസ്കരണത്തിനും, പുതിയ ആളുകളെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാനും കുറച്ചൊന്നുമല്ല പ്രയോജനപ്പെട്ടിരുന്നത്.
ദമ്മാമിലെ ആദ്യത്തെ പ്രവാസി മലയാളി മുസ്ലിം കൂട്ടായ്മയായ ജനസേവന രംഗത്ത് നിശ്ശബ്ദ സേവനം നിര്‍വഹിച്ചു പോരുന്ന സുഊദി കേരള ഇസ്ലാമിക് ഫോറത്തിന്(സ്കിഫ്) ദിശാബോധം നല്‍കുന്നതിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിലും അനല്‍പമായ പങ്ക് ജമാല്‍ സാഹിബ് വഹിച്ചിട്ടുണ്ട്.
കെ.ഐ.ജി പ്രവര്‍ത്തകര്‍ക്ക് പ്രാസ്ഥാനിക വിഷയങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നതിലും പ്രസ്ഥാനത്തിനു നേരെ വരുന്ന ആശയപരമായ എതിര്‍പ്പുകളെ നേരിടുന്നതിലും അവരെ ബോധവത്കരിക്കുന്നതിലും എന്നും അദ്ദേഹം ജാഗ്രത കാണിച്ചു പോന്നിട്ടുണ്ട്. ജമാഅത്ത് മെമ്പര്‍ഷിപ്പ് ലഭിച്ചതില്‍ അദ്ദേഹം അത്യധികം ആഹ്ളാദിച്ചിരുന്നു. ഹല്‍ഖാ അമീറിന്റെ സാന്നിധ്യത്തില്‍ തജ്ദീദെ ശഹാദത്ത് കഴിഞ്ഞ ഉടനെ എന്നെ ഫോണില്‍ വിളിച്ച് അശ്രുകണങ്ങള്‍ പൊഴിച്ചു കൊണ്ട് ഒരു കൊച്ചുകുട്ടിയപ്പോലെ ആ സന്തോഷം പങ്ക് വെച്ചത് മനസ്സില്‍
പച്ച പിടിച്ചു നില്‍ക്കുന്നു. ഹൃദയ
ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷവും പരമാവധി ചിട്ടകള്‍ പാലിച്ചു കൊണ്ട് പ്രവര്‍ത്തനരംഗത്ത് കര്‍മ നിരതനായി നിലകൊണ്ടു. ജിദ്ദയിലെ നാല്
പരിപാടികളില്‍ പങ്കെടുക്കാമെന്നേറ്റിരുന്ന വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാഥങ്കലേക്ക് യാത്രയായത്.
നാലു വര്‍ഷം മുമ്പ് നടന്ന ആ ഹൃദയ ശസ്ത്രക്രിയക്ക് ഒരുങ്ങുമ്പോള്‍ നാട്ടില്‍ പോയി ഓപ്പറേഷന്‍ നടത്തുന്നതിനെ കുറിച്ച് ആലോചന നടന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് 'വര്‍ഷങ്ങളായി എന്നെ സ്നേഹിക്കുന്ന, ഞാന്‍ സ്നേഹിക്കുന്ന എന്റെ സഹപ്രവര്‍ത്തകരെ വിട്ടു പോകാന്‍ ഖൈറായാലും ശര്‍റായാലും ഞാനാഗ്രഹിക്കുന്നില്ല' എന്നായിരുന്നു.
മരണത്തിന് മുമ്പ് വീണ്ടുമൊരു ഓപറേഷന് തയാറെടുക്കുമ്പോള്‍ പ്രാദേശിക ജമാഅത്ത് അമീര്‍ ജമാല്‍ ആലുവായിയെ വിവരമറിയിക്കാനാണ് മരുമകന്‍ ഷായോട് പറഞ്ഞത്. മയ്യിത്ത് നമസ്കാരത്തിന് പള്ളിയിലെ ഇമാം നേതൃത്വം നല്‍കുന്ന പതിവേ ഇവിടെയുള്ളൂ. ബന്ധുക്കളെ ഇമാമത്ത് നില്‍ക്കാന്‍ അനുവദിക്കാറുമില്ല. എന്നാല്‍ വളരെ യാദൃഛികമായി അവസാന നിമിഷം ജമാല്‍ ആലുവായിക്കു തന്നെ നമസ്കാരത്തിന് നേതൃത്വം നല്‍കാന്‍ അവസരം ലഭിച്ചു. അവസാന നിമിഷം വരെയും പ്രാസ്ഥാനിക സാന്നിധ്യം ഉണ്ടാവണമെന്ന പരേതന്റെ ആഗ്രഹം അല്ലാഹു നിറവേറ്റുകയായിരുന്നു.
ജിദ്ദയിലെ കെ.ഐ.ജി പ്രവര്‍ത്തകര്‍ മരണവാര്‍ത്തയറിഞ്ഞതു
മുതല്‍ ഒരു ദിവസം പൂര്‍ണമായും അദ്ദേഹത്തിനായി നീക്കിവെച്ചു കൊണ്ട് തങ്ങളുടെ പ്രിയങ്കരനായ ജമാല്‍ സാഹിബിനോടുള്ള ആദരവ് പ്രകടിപ്പിച്ചു. അദ്ദേഹം അവര്‍ക്കു നേതാവും സഹപ്രവര്‍ത്തകനും ഉത്തമ സുഹൃത്തും ഗുരുനാഥനും ഒക്കെ ആയിരുന്നുവല്ലോ.
തന്നെ താനാക്കിയ ശാന്തപുരം ഇസ്ലാമിയ കോളേജിനെ കുറിച്ച് ഏറെ അഭിമാനത്തോടെയാണ് അദ്ദേഹം സംസാരിക്കുക. ആ വികാരം അദ്ദേഹം ഇങ്ങനെ പകര്‍ത്തി.
"ആദര്‍ശപരമായ ദിശാബോധം നല്‍കി എന്റെ ചിന്താഗതിയെയും മനസ്ഥിതിയെയും ജീവിത രീതിയെയും ഇസ്ലാമിക മൂശയില്‍ വാര്‍ത്തെടുക്കാന്‍ സഹായിച്ചത്, വിവിധ ഭാഷകളുടെ വാതായനങ്ങള്‍ തുറന്നു തന്നത്, എന്റെ വായനാശീലത്തെ പരിപോഷിപ്പിച്ചത് ഇങ്ങനെ മൂന്നു കാര്യങ്ങളാണ് എന്നെ ഞാനാക്കിയതില്‍ ശാന്തപുരത്തിന്റെ മുഖ്യ സംഭാവനകള്‍. 'അല്ലാഹു നിന്നെ വലക്കുകയില്ല' എന്ന് എപ്പോഴും ആശീര്‍വദിക്കുമായിരുന്ന പിതാവ് ജമാഅത്തെ ഇസ്ലാമിക്കാരനായിരുന്നില്ലെങ്കില്‍ ഞാനീ പറഞ്ഞ ഒന്നുമാകുമായിരുന്നില്ല. എന്റെ അരിച്ചോറിനും തലച്ചോറിനും ഒരുപോലെ ഞാന്‍ ശാന്തപുരത്തോട് കടപ്പെട്ടിരിക്കുന്നു. ഒരു തീവണ്ടിയുടെ വേഗം തീരുമാനിക്കുന്നത് അതിന്റെ അവസാനത്തെ ബോഗി എവിടെ എത്തി എന്നതിനെ ആസ്പദിച്ചാണെങ്കില്‍ എന്നെ നോക്കി ശാന്തപുരം പരീക്ഷണത്തിന്റെ അപാര സാധ്യതകളെ വിലയിരുത്താം'' (അല്‍ജാമിഅ സുവനീര്‍ 2003).
ജമാഅത്ത് റുകുനുകളുടെ ദല്‍ഹി സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചെങ്കിലും അതിന് സാധിച്ചില്ല. ഫെബ്രുവരിയില്‍ നടക്കുന്ന ജമാഅത്ത് റുകുനുകളുടെ സംസ്ഥാന സംഗമത്തില്‍ പങ്കെടുക്കാന്‍ എയര്‍ ടിക്കറ്റ് വരെ ബുക്ക് ചെയ്ത് നേരത്തെ തയാറെടുത്തുകൊണ്ടിരുന്ന സമയത്താണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കെ.ഐ.ജിയുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ആ ജീവിതത്തിന് തിരശ്ശീല വീണത്. അദ്ദേഹം ആഗ്രഹിച്ചതു പോലെ കര്‍മരംഗത്ത് നിറഞ്ഞു നിന്നു കൊണ്ട്, രോഗിയായി കിടക്കാതെ, രോഗ സന്ദര്‍ശനത്തിന് മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കാതെ. അദ്ദേഹത്തെ വേണ്ടുവോളം അനുഭവിക്കാന്‍ നമുക്ക് കഴിഞ്ഞോ എന്ന സംശയം ബാക്കി വെച്ചു കൊണ്ടായിരുന്നില്ലേ ആ അന്ത്യയാത്ര? കാരുണ്യവാനായ നാഥാ, ഞങ്ങളുടെ ജമാല്‍ സാഹിബിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കണമേ ആമീന്‍.