Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം



ആത്മീയ പാരമ്പര്യവും
രാഷ്ട്രീയാധിപത്യവും

 

# സദ്റുദ്ദീന്‍ വാഴക്കാട്

 
 


മൂസാനബിയുടെ പൈതൃകം അവകാശപ്പെടുന്നവരും ആത്മീയതയുടെ വിശുദ്ധ പാരമ്പര്യം വാദിച്ചവരുമായിരുന്നു ജൂതന്മാര്‍. അവരുടേതായിരുന്നു ആ സഖ്യകക്ഷി ആക്രമണത്തിനു പിന്നിലെ തലച്ചോര്‍. മൂസാനബിയുടെ അനന്തരഗാമിയായ മുഹമ്മദ് നബിയെ അംഗീകരിക്കേണ്ടവര്‍, തൌറാത്തിന്റെ തുടര്‍ച്ചയായി വന്ന വിശുദ്ധ ഖുര്‍ആനെ പിന്‍പറ്റേണ്ടവര്‍, പക്ഷേ, അവരുടെ വിശ്വാസ പ്രമാണങ്ങള്‍ക്കു നിരക്കാത്ത മക്കാ ഖുറൈശികളുടെ മതത്തിന് വിശുദ്ധ പരിവേഷം നല്‍കി! ഏകദൈവവിശ്വാസികളായ അവര്‍, ഏകദൈവത്വത്തേക്കാള്‍ ബഹുദൈവത്വത്തില്‍ മേന്‍മ കണ്ടു!
അഹ്സാബ് യുദ്ധത്തിന് കോപ്പുകൂട്ടാന്‍ ജൂതരെ പ്രകോപിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു?
കാലങ്ങളായി തങ്ങള്‍ കൈയടക്കിവെച്ച രാഷ്ട്രീയ മേധാവിത്വവും, ദൈവത്തിന് പ്രിയപ്പെട്ടവരും നബി പാരമ്പര്യമുള്ളവരുമെന്ന ആത്മീയ പദവിയും, പലിശ ഇടപാടിലൂടെയും മറ്റും നടത്തിവന്ന സാമ്പത്തിക ചൂഷണവും, ഗോത്രങ്ങളെ തമ്മിലടിപ്പിച്ച് നിലനിര്‍ത്തിയ സാമൂഹിക പദവിയും ഇസ്ലാമിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ഇടപെടലുകള്‍ വഴി തകര്‍ന്നുപോവുകയാണെന്ന അസ്വസ്ഥതയാണ് ജൂതന്മാരെ 'അഹ്സാബി'ന് നേതൃത്വം നല്‍കാന്‍ പ്രേരിപ്പിച്ചത്. അധികാര രാഷ്ട്രീയവും സാമ്പത്തിക താല്‍പര്യങ്ങളും തന്നെയാണ് ഇസ്ലാമിക മുന്നേറ്റങ്ങള്‍ക്കെതിരെ അവിശുദ്ധ മുന്നണികള്‍ രൂപപ്പെടാന്‍ എക്കാലവും കാരണമായിട്ടുള്ളത്.
ആത്മീയ പാരമ്പര്യം
2. യസ്രിബിന്റെ ആധിപത്യം ജൂതന്മാരുടെ കൈകളിലായിരുന്നു. യസ്രിബിലെ പ്രമുഖരായ ഔസ്-ഖസ്റജ് ഗോത്രങ്ങളെ തമ്മിലടിപ്പിച്ചാണ് സാമൂഹിക-രാഷ്ട്രീയ മേധാവിത്വം ജൂതന്മാര്‍ കൈക്കലാക്കിയത്. ഭിന്നിപ്പിക്കലിന്റെയും ഛിദ്രീകരണത്തിന്റെയും കുതന്ത്രമാണ് ജൂതന്മാര്‍ പയറ്റിയത്. ഔസും-ഖസ്റജും തമ്മിലടിച്ചതോടെ മേധാവിത്വം ജൂതരുടെ കൈകളില്‍ ഭദ്രമായി. 'ദൈവത്തിന്റെ ഇഷ്ടജനങ്ങള്‍, മൂസാനബിയുടെ അനന്തരാവകാശികള്‍' തുടങ്ങിയ അവകാശവാദങ്ങള്‍ വഴി (അല്‍മാഇദ: 18) 'ആത്മീയതയുടെ പാരമ്പര്യനേതൃത്വവും' ജൂതന്മാര്‍ക്ക് കൈവന്നു. ഈ, 'ആത്മീയ പാരമ്പര്യ'ത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അവര്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തി.
കാര്‍ഷിക-വ്യാപാര മേഖലകളില്‍നിന്നുള്ള വരുമാനവും പലിശക്ക് പണം കൊടുത്ത് നേടിയ ലാഭങ്ങളും അവര്‍ക്ക് സാമ്പത്തിക ഔന്നത്യവും നേടിക്കൊടുത്തു. അങ്ങനെ ജൂതന്മാര്‍ സുഖിച്ചുകഴിയുമ്പോഴാണ്, മുഹമ്മദ് നബിയും അനുചരന്മാരും മദീനയില്‍ രാഷ്ട്രീയ-സാമൂഹിക വിപ്ളവം പ്രയോഗവല്‍കരിച്ചത്.
ജൂതന്മാരുടെ രാഷ്ട്രീയ-സാമൂഹിക ആധിപത്യവും സാമ്പത്തിക മേധാവിത്വവും ആത്മീയപാരമ്പര്യത്തിന്റെ അപ്രമാദിത്വവും, ആഞ്ഞുവീശിയ ഇസ്ലാമിക മുന്നേറ്റത്തിന്റെ കാറ്റില്‍ തകര്‍ന്നു വീണപ്പോഴാണ് 'സഖ്യക്ഷി സൈന്യം' രൂപവത്കരിച്ച് അവര്‍ യുദ്ധത്തിനിറങ്ങിയത്.
'ആത്മീയ പാരമ്പര്യ'ത്തിന്റെ പരിവേഷമുപയോഗിച്ച് രാഷ്ട്രീയ സാമൂഹിക മേധാവിത്വം പതിറ്റാണ്ടുകള്‍ ജൂതര്‍ കൈയടക്കിവെച്ചതിന് ചരിത്രത്തിലും വര്‍ത്തമാനത്തിലും രൂപഭേദങ്ങളോടെയുള്ള ആവര്‍ത്തനങ്ങള്‍ കാണാം. അധികാര രാഷ്ട്രീയത്തിന്റെ സങ്കുചിത താല്‍പര്യങ്ങളും കാലങ്ങളായി കൈയടക്കി ചൂഷണം ചെയ്യുന്ന മേഖലകളും വിനഷ്ടമാകുമ്പോള്‍ സ്ഥാപിത താല്‍പര്യക്കാര്‍ ഇസ്ലാമിക മുന്നേറ്റത്തെ വളഞ്ഞിട്ടു തല്ലാനും ഒറ്റപ്പെടുത്തി തകര്‍ക്കാനും ശ്രമം നടത്തും. 'അഹ്സാബ്' യുദ്ധം ഇതിന് ഉത്തമോദാഹരണമാണ്.
സൌഹൃദ സന്ധിക്കു പിന്നിലെ അധികാര താല്‍പര്യങ്ങള്‍
യേശുവിനെ പീഡിപ്പിക്കുകയും ക്രൂശിക്കുകയും ചെയ്തതിന്റെ പേരില്‍, ശാം ക്രൈസ്തവര്‍ക്ക് ജൂതരോട് കടുത്ത പകയും ശത്രുതയുമുണ്ടായിരുന്നു. ഒരിക്കല്‍ ശാം ക്രൈസ്തവര്‍ ജൂതരെ നശിപ്പിക്കാനായി യസ്രിബ് ആക്രമിച്ചു. പക്ഷേ, വിജയിക്കാനായില്ല. പിന്നീട് ഔസ്-ഖസ്റജ് ഗോത്രക്കാരുടെ സഹായത്തോടെ ശാം ക്രൈസ്തവര്‍ നിരവധി ജൂതരെ കൊന്നൊടുക്കി. മദീനയില്‍ സ്വാധീനമുറപ്പിക്കാന്‍ വേണ്ടി ഒന്നിലേറെ തവണ അറബികളും ജൂതന്മാരെ ആക്രമിക്കുകയുണ്ടായി. ഈ സംഭവങ്ങളാണ്, ജൂതരെ മദീനയുടെ സാമൂഹിക-രാഷ്ട്രീയ നേതൃത്വത്തില്‍നിന്ന് ഒരു ഘട്ടത്തില്‍ താഴെയിറക്കിയത്.
അറബികളോടും ക്രൈസ്തവരോടും പകരം വീട്ടാനും നഷ്ടപ്പെട്ട മേധാവിത്വം തിരിച്ചു പിടിക്കാനും മുഹമ്മദ് നബിയുടെ സഹായം ഉപയോഗിക്കാം എന്ന ചിന്തയാണ്, നബിയുമായി സൌഹൃദക്കരാര്‍ ഒപ്പുവെക്കാന്‍ ചില ജൂത ഗോത്രങ്ങളെ പ്രേരിപ്പിച്ചത്. മാത്രമല്ല, സൌഹൃദക്കരാര്‍ വഴി സംജാതമായ നിര്‍ഭയത്വത്തിന്റെ അന്തരീക്ഷവും അനുകൂല സാധ്യതകളും വ്യാപാരാഭിവൃദ്ധിക്കും സാമ്പത്തിക വളര്‍ച്ചക്കും അവര്‍ ഉപയോഗിക്കുകയും ചെയ്തു. സൌഹൃദക്കരാറുകള്‍ക്ക് എന്നും ഇത്തരം ചില നേട്ടങ്ങളുണ്ടാകും.
മുഹമ്മദ് നബി മദീനയിലെത്തിയപ്പോള്‍ ജൂതര്‍ നബിയെ ഹൃദ്യമായി സ്വീകരിക്കുകയും ഇടപഴകുകയും ചെയ്തു. ആദ്യഘട്ടത്തില്‍ നബിയോട് അവര്‍ ശത്രുതയോടെ പെരുമാറിയില്ല. ജൂതരുമായുള്ള ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ നബിയും ഉത്സാഹിച്ചു. ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ വിശ്വാസ കാര്യങ്ങളിലുള്ള ചില സാധര്‍മ്യങ്ങള്‍ പരസ്പരം അടുക്കാന്‍ സഹായകമായി. നബി(സ) ജൂതന്മാരുമായി വിശ്വാസ-സ്വാതന്ത്യ്ര സംരക്ഷണ ഉടമ്പടിയുണ്ടാക്കി; ഒരു സൌഹൃദകരാര്‍. ബഹുസ്വരസമൂഹത്തിന്റെ ഐക്യവും ഭദ്രതയും പരസ്പരാദരവും നിലനിര്‍ത്താന്‍ പ്രതിജ്ഞ ചെയ്യുന്ന ഈ കരാറായിരുന്നു, മദീനാ രാഷ്ട്രത്തിന്റെ അസ്തിവാരങ്ങളിലൊന്ന്. ആത്മാര്‍ഥതയോടും ഹൃദയവിശാലതയോടും കൂടിയാണ് നബി ഈ കരാറില്‍ ഏര്‍പ്പെട്ടത്. നബി ആരോടും ഒരിക്കലും ഈ കരാര്‍ ലംഘിച്ചില്ല. ചില ഗോത്രങ്ങള്‍ പിന്നീട് നബിയെ വഞ്ചിക്കുകയാണുണ്ടായത്. അറബ് ഗോത്രങ്ങളും നബിയും തമ്മിലുള്ള ശത്രുതയില്‍നിന്ന് മുതലെടുക്കാം എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍, മുഹമ്മദ് നബിയെ തങ്ങളുടെ അധികാര-സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുകയില്ലെന്നും അദ്ദേഹം സ്വയം തന്നെ സാമൂഹിക-രാഷ്ട്രീയ ആധിപത്യത്തിലേക്ക് മുന്നേറുകയാണെന്നും ബോധ്യം വന്നപ്പോഴാണ് ജൂതഗോത്രങ്ങള്‍ സൌഹൃദക്കരാര്‍ ലംഘിക്കുകയും 'സഖ്യകക്ഷി' ആക്രമണത്തിന് നേതൃത്വം നല്‍കുകയും ചെയ്തത്. പലിശക്കെതിരായ ഇസ്ലാമിന്റെ പോരാട്ടവും സകാത്ത് വ്യവസ്ഥയും പലിശയെ സാമ്പത്തികാഭിവൃദ്ധിയുടെ വഴിയായി ഉപയോഗിച്ച ജൂതരുടെ താല്‍പര്യങ്ങള്‍ക്ക് തടയിടുകയും ചെയ്തു. ഇതും ജൂതരുടെ വൈരത്തിന് കാരണമായി.
ഒരു ഭാഗത്ത്, പ്രത്യക്ഷത്തില്‍ സൌഹൃദം നടിച്ചുകൊണ്ടിരിക്കെത്തന്നെ, മറുഭാഗത്ത് അവര്‍ ഇസ്ലാമിന്നെതിരെ ഗൂഢാലോചനകള്‍ നടത്തിക്കൊണ്ടിരുന്നു. മുസ്ലിംകള്‍ക്കെതിരെ എല്ലാ കുതന്ത്രങ്ങള്‍ക്കും അണിയറയില്‍ രൂപം കൊടുക്കുമ്പോള്‍ തന്നെ, പ്രവാചകന്റെ മുമ്പില്‍ പലപ്പോഴും അവര്‍ പുഞ്ചിരിതൂകി നിന്നു. പക്ഷേ, രാഷ്ട്രതന്ത്രജ്ഞതയുടെ അറ്റം കണ്ട മുഹമ്മദ് നബി ഇതെല്ലാം തിരിച്ചറിയുന്നുണ്ടായിരുന്നു.
അധികാര രാഷ്ട്രീയത്തില്‍ കണ്ണും നട്ടിരിക്കുന്നവര്‍ അത് നിലനിര്‍ത്താനും നഷ്ടപ്പെട്ടാല്‍ തിരിച്ചു പിടിക്കാനും സൌഹൃദക്കരാറുകളെ ഉപകരണമാക്കാറുണ്ട്. സൌഹൃദം നടിച്ച് ആളുകളെ വരുതിയില്‍ നിര്‍ത്താം എന്നവര്‍ കരുതുന്നു. പ്രതീക്ഷ അസ്ഥാനത്താകുമ്പോള്‍ പഴയകരാറുകള്‍ മറന്ന് അവര്‍ പുതിയ 'സഖ്യകക്ഷി' രൂപവത്കരിച്ച് ആക്രമണം അഴിച്ചുവിടാന്‍ ധൃഷ്ടരാകുന്നു. ഇത് അഹ്സാബ് യുദ്ധം നല്‍കുന്ന തിരിച്ചറിവാണ്.
പരാജയത്തില്‍നിന്ന്
പഠിക്കാതെ

ചെയ്തുകൂട്ടിയ അപരാധങ്ങളുടെ പേരിലാണ് ബനുന്നളീര്‍ ഉള്‍പ്പെടെയുള്ള ജൂതഗോത്രങ്ങള്‍ സൈനിക നടപടിക്ക് വിധേയരായത്. ഇസ്ലാമിക സമൂഹത്തോട് ഏറ്റുമുട്ടി പരാജിതരായ അവര്‍, നബിയോട് മാപ്പ് ചോദിച്ച് രക്ഷപ്പെടുകയായിരുന്നു. പക്ഷേ, മദീനയില്‍നിന്ന് നാടുകടത്തപ്പെട്ട ജൂതഗോത്രങ്ങള്‍ പിന്നീട് തെറ്റുകള്‍ തിരുത്തി, ഇസ്ലാമിക സമൂഹവുമായി നല്ലബന്ധത്തിലേര്‍പ്പെട്ട് തുടര്‍ന്നുപോകാനല്ല തുനിഞ്ഞത്. ഗൂഢാലോചനകള്‍ നടത്തിയും കുതന്ത്രങ്ങള്‍ മെനഞ്ഞും പ്രത്യേക ദൂതന്മാരെ നിശ്ചയിച്ച് പദ്ധതികള്‍ ആവിഷ്കരിച്ചും ഇസ്ലാമിക മുന്നേറ്റത്തെ നശിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്.
പരാജിതര്‍ തോല്‍വിയുടെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്താനും നല്ലവരായി തിരിച്ചുവരാനും സന്നദ്ധരാകുന്നത് ഉന്നതമായ നിലപാടാണ്. എന്നാല്‍, തെറ്റുകള്‍ കാരണം തോറ്റുപോയവര്‍ അത് തിരുത്താന്‍ സന്നദ്ധരാകാതെ, പരാജയത്തിന് കാരണമാകുംവിധം തെറ്റ് ചൂണ്ടിക്കാണിച്ചവര്‍ക്കെതിരെ പകനിറഞ്ഞ മനസോടെ പ്രതികാരത്തിനിറങ്ങുന്നത് ധിക്കാരമാണ്. ആ ധിക്കാരത്തിന്റെ ഫലം സര്‍വനാശമായിരിക്കുമെന്ന് അഹ്സാബ് യുദ്ധത്തിലെ സഖ്യകക്ഷി സൈന്യത്തിന്റെ പരാജയം നമുക്ക് പഠിപ്പിച്ചു തരുന്നു.
അവിശുദ്ധ മുന്നണിയിലെ ചേരുവകള്‍
ഭിന്നവിരുദ്ധമായ ആദര്‍ശങ്ങളും ആരാധനാ രീതികളുമുള്ളവരുടെ അവിശുദ്ധ മുന്നണിയാണ് അഹ്സാബില്‍ ഇസ്ലാമിക മുന്നേറ്റത്തെ തടയാന്‍ രൂപവത്കരിക്കപ്പെട്ടത്. പതിറ്റാണ്ടുകള്‍ ഏകദൈവവിശ്വാസത്തിന്റെ (തൌഹീദ്) ധ്വജവാഹകരായി കഴിഞ്ഞുവന്ന ജൂതന്മാരും ബഹുദൈവത്വത്തിന്റെ (ശിര്‍ക്) വക്താക്കളും കൈകോര്‍ത്തു. 'തൌഹീദി'ന്റെ ആളുകള്‍ 'ശിര്‍കി'ന്റെ വക്താക്കളെ നേതൃത്വമേല്‍പിക്കുകയെന്ന വിരോധാഭാസമാണ്, അബൂസുഫ്യാനെ നേതാവായി തെരഞ്ഞെടുക്കുന്നതിലൂടെ ജൂതന്മാര്‍ ചെയ്തത്.
ജൂതന്മാര്‍ പാരമ്പര്യമായി ഏകദൈവവിശ്വാസത്തിന്റെ വക്താക്കളായിരുന്നു; അഥവാ പാരമ്പര്യ മുസ്ലിംകള്‍. ഖുറൈശികള്‍ ഉള്‍പ്പെടെ അഹ്സാബില്‍ അണിനിരന്നവര്‍ ബഹുദൈവാരാധകരും. മുഹമ്മദ് നബിയാകട്ടെ, മൂസാനബിയുടെയും തൌറാത്തിന്റെയും പിന്തുടര്‍ച്ചയുമായി രംഗത്തുവന്ന ഏകദൈവത്വത്തിന്റെ പ്രബോധകനും. സ്വാഭാവികമായും ജൂതന്മാര്‍ മുഹമ്മദ് നബിയോടൊപ്പമായിരുന്നു നില്‍ക്കേണ്ടിയിരുന്നത്. പക്ഷേ, അവര്‍ തങ്ങളുടെ വിശ്വാസത്തിനെതിരായ ഒരു ആദര്‍ശത്തിന് ശ്രേഷ്ഠത കല്‍പിച്ചു. ഖുറൈശി മുശ്രിക്കുകള്‍ ജൂതന്മാരോട് ചോദിച്ചു: "ജൂതന്മാരേ നിങ്ങള്‍ ഒരു വേദഗ്രന്ഥത്തിന്റെ ആളുകളാണ്. ഞങ്ങളും മുഹമ്മദും തമ്മിലുള്ള അഭിപ്രായഭിന്നതയെപറ്റി അറിവുള്ളവരുമാണ്. അതിനാല്‍ പറയൂ, ആരുടെ മതമാണ് നല്ലത്? ഞങ്ങളുടേതോ, അവന്റേതോ? നിങ്ങളുടേതാണ് അവന്റേതിനേക്കാള്‍ നല്ലത്. അവനെ അപേക്ഷിച്ച് നിങ്ങളാണ് സത്യത്തില്‍ നിലകൊള്ളുന്നത്'' - ജൂതന്മാര്‍ പറഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ (അന്നിസാഅ് 51) ഇതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.
ഏകദൈവവിശ്വാസത്തെക്കാള്‍ വിഗ്രഹാരാധനക്ക് ശ്രേഷ്ഠത കല്‍പിച്ച ജൂതനിലപാടിനെക്കുറിച്ച് ഡോ. ഇസ്രാഈല്‍ വില്‍ഫിസ്റണ്‍, ദ ജ്യൂസ് ഇന്‍ അറേബ്യ എന്ന കൃതിയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: "ഇത്തരം ഭീമമായ ഒരബദ്ധം അവര്‍ക്ക് സംഭവിച്ചു കൂടാത്തതായിരുന്നു. തങ്ങളുടെ അഭ്യര്‍ഥന നിരാകരിക്കപ്പെടുമെങ്കില്‍പോലും വിഗ്രഹാരാധന ഇസ്ലാമിന്റെ ഏകദൈവത്വത്തെക്കാള്‍ ശ്രേഷ്ഠമാണെന്ന് അവര്‍ ഖുറൈശി നേതാക്കളുടെ മുമ്പില്‍ പ്രഖ്യാപിക്കാന്‍ പാടുണ്ടായിരുന്നില്ല. വിഗ്രഹാരാധകരായ ജനങ്ങള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി ഏകദൈവത്വത്തിന്റെ ധ്വജവാഹകരായിരുന്നു ജൂതന്മാര്‍. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍, ഏകദൈവത്വത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ മാത്രം മര്‍ദനത്തിനും വധത്തിനും വിധേയരാവുകയും വര്‍ണനാതീതമായ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്ത ഇസ്രയേല്‍ സന്തതികള്‍ ഈ വിഗ്രഹാരാധകരെ ഒറ്റപ്പെടുത്താന്‍ സ്വന്തം ജീവനും പ്രിയപ്പെട്ട സര്‍വതും ബലികൊടുക്കേണ്ടതായിരുന്നു. അത് ചെയ്തില്ലെന്നതോ പോകട്ടെ, വിഗ്രഹാരാധകരുമായി സഖ്യമുണ്ടാക്കുക വഴി തങ്ങള്‍ക്കെതിരെ തന്നെ യുദ്ധം പ്രഖ്യാപിക്കുകയാണവര്‍ ചെയ്തത്. വിഗ്രഹാരാധകരെ ചെറുക്കാനും അവരെ ശത്രുക്കളായി ഗണിക്കാനുമുള്ള തൌറാത്തീ അധ്യാപനങ്ങളെ അതുവഴി ലംഘിക്കുകയും ചെയ്തു.''
ചരിത്രത്തെക്കുറിച്ച വില്‍ഫിന്‍സ്റണിന്റെ ഈ നിരീക്ഷണം വര്‍ത്തമാനത്തിലും എത്രമാത്രം പ്രസക്തമാണ്! അതെ, അഹ്സാബ് യുദ്ധത്തിലെ 'അവിശുദ്ധ മുന്നണി' വലിയൊരു ചരിത്ര പാഠമാണ്. വിപ്ളവാത്മക ഇസ്ലാമിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ പാരമ്പര്യ സമുദായവും തൌഹീദിന്റെ ധ്വജവാഹകരെന്നവകാശപ്പെടുന്നവരും തങ്ങളുടെ തന്നെ വിശ്വാസ-ആദര്‍ശങ്ങളുടെ പ്രതിയോഗികളെ കൂട്ടുപിടിക്കും. അങ്ങനെ കിട്ടിയ ഇസ്ലാം വിരുദ്ധരായ കൂട്ടാളികളുടെ, ഇസ്ലാമിനോടേറ്റുമുട്ടുന്ന സിദ്ധാന്തങ്ങള്‍ക്ക് പോലും അവര്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കും. തങ്ങള്‍ എതിര്‍ക്കുന്ന വിപ്ളവാത്മക ഇസ്ലാമിന്റെ വക്താക്കള്‍ ഉയര്‍ത്തുന്ന ഇസ്ലാമിക മുദ്രാവാക്യങ്ങളെക്കാള്‍ ഉത്തമം ആ കൂട്ടാളികളുടെ ചിന്തകളാണെന്ന് പറയാനും ധൃഷ്ടരാകും. ജൂതന്മാര്‍ ബഹുദൈവത്വത്തിന് മേന്മകല്‍പിച്ചതുപോലെ! അഹ്സാബിന്റെ ചരിത്രം വര്‍ത്തമാനകാലത്ത് എത്ര കൃത്യമായാണ് പുനര്‍ജനിക്കുന്നതെന്ന്, ഇസ്ലാമിക മുന്നേറ്റത്തിനെതിരില്‍ ഇസ്ലാമിന്റെ കടുത്ത വിമര്‍ശകരെപോലും കൂട്ടുപിടിക്കുന്ന 'ആധുനിക ഗോത്രങ്ങള്‍' നമുക്ക് പറഞ്ഞു തരുന്നു.
3. ഇസ്ലാമിക സമൂഹവുമായി സഹകരിക്കുകയും സഖ്യത്തില്‍ കഴിയുകയും ചെയ്ത ഗോത്രങ്ങളെ പ്രലോഭനങ്ങളും പ്രകോപനങ്ങളും വഴി പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ജൂതന്മാര്‍ നടത്തുകയുണ്ടായി. പ്രവാചകനോട് ഏതെങ്കിലും കാരണത്താല്‍ എതിര്‍പ്പും ശത്രുതയുമുള്ള ഓരോരുത്തരെയും തേടിപ്പിടിച്ച് അണിനിരത്തുക മാത്രമല്ല ചെയ്തത്, നബിയോട് അടുപ്പം പുലര്‍ത്തുന്നവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാനും അവര്‍ പ്രയത്നിച്ചു.
ഭൌതിക നേട്ടങ്ങള്‍ വാഗ്ദാനം ചെയ്താണ്, ചില ഗോത്രങ്ങളെ ജൂതന്മാര്‍ സഖ്യകക്ഷി സൈന്യത്തില്‍ അണിനിരത്തിയത്. യുദ്ധം ജയിച്ചാല്‍ ഖൈബറിലെ കൃഷിയിടങ്ങളുടെയും തോപ്പുകളുടെയും ഒരു വര്‍ഷത്തെ ഉല്‍പ്പന്നം മുഴുവന്‍ ഗത്ഫാന്‍ ഗോത്രത്തിന് വാഗ്ദാനം ചെയ്തു. ഇസ്ലാമിക മുന്നേറ്റത്തിനെതിരില്‍ അവിശുദ്ധ മുന്നണിയുടെ ഭാഗമാകുന്ന ഗോത്രങ്ങളും ഗ്രൂപ്പുകളും അധികാരനേതൃത്വത്തില്‍നിന്ന് ലഭിക്കുന്ന ഭൌതിക നേട്ടങ്ങളില്‍ പ്രലോഭിതരായാണ് അതിന് തയാറാകുന്നത്, വിശ്വാസ പരമോ മതപരമോ ആയ കാരണങ്ങളാലോ ദൈവ പ്രീതി പ്രതീക്ഷച്ചോ അല്ല. ചരിത്രത്തിന്റെ മാത്രമല്ല, വര്‍ത്തമാനത്തിന്റെയും അനുഭവ യാഥാര്‍ഥ്യങ്ങള്‍ സഖ്യകക്ഷി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അധികാര രാഷ്ട്രീയ തമ്പുരാക്കന്മാരുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്നവരെയും സാമൂഹിക പ്രതിബദ്ധതയോടെ കര്‍മനിരതരായ ഇസ്ലാമിക സമൂഹത്തോട് സഹകരിക്കുന്നവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളെയും നമുക്ക് കാട്ടിത്തരുന്നു.
പ്രവാചകന്റെ
പ്രതിരോധതന്ത്രങ്ങള്‍

സഖ്യകക്ഷി ആക്രമണത്തില്‍ ഇസ്ലാമിക സമൂഹം ഭയചകിതരാവുകയും പകച്ചുനില്‍ക്കുകയും ചെയ്തപ്പോള്‍, അല്ലാഹുവില്‍ ഭരമേല്‍പിച്ചും പുതിയ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്കരിച്ചും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോവുകയാണ് മുഹമ്മദ് നബി ചെയ്തത്. സഖാക്കളെ വിളിച്ചുചേര്‍ത്ത് വിശദമായ കൂടിയാലോചനകള്‍ നടത്തിയും അവരില്‍നിന്ന് വിലപ്പെട്ട അഭിപ്രായങ്ങള്‍ സ്വീകരിച്ചുമാണ് പ്രതിരോധശ്രമങ്ങള്‍ നബി ആരംഭിച്ചത്. വിശദമായ ഈ കൂടിയാലോചന തന്നെയാണ്, സഖ്യകക്ഷികള്‍ക്കെതിരെ ഉറച്ചുനിന്ന് പോരാടാന്‍ സത്യവിശ്വാസികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന ഘടകങ്ങളില്‍ മുഖ്യം. പ്രവാചകന്‍ സ്വീകരിച്ച മറ്റ് തന്ത്രങ്ങളും മാര്‍ഗങ്ങളും അദ്ദേഹത്തിന്റെ നേതൃപാടവത്തെയും നയതന്ത്രജ്ഞതയെയും ദീര്‍ഘ ദൃഷ്ടിയെയും സൂചിപ്പിക്കുന്നു.
1. പരമ്പരാഗത യുദ്ധരീതികള്‍ തന്നെ പരീക്ഷിക്കാന്‍ 'സഖ്യകക്ഷി' ആക്രമണവേളയില്‍ നബി മുതിര്‍ന്നില്ല. അതുകൊണ്ട് മദീനക്ക് പുറത്ത് സഖ്യകക്ഷി സൈന്യവുമായി ഏറ്റുമുട്ടാന്‍ നബി ഒരുങ്ങിയതുമില്ല. മറിച്ച്, അറേബ്യക്ക് തികച്ചും പുതുമയുള്ളതും വൈദേശികവും പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തിന്റെ യുദ്ധതന്ത്രങ്ങളില്‍ പെട്ടതുമായ കിടങ്ങു നിര്‍മാണമായിരുന്നു നബി തെരഞ്ഞെടുത്തത്. അതാകട്ടെ സല്‍മാനുല്‍ ഫാരിസിയെന്ന പേര്‍ഷ്യക്കാരന്‍ സ്വഹാബി നിര്‍ദേശിച്ചതും. പരമ്പരാഗത പ്രതിരോധ തന്ത്രങ്ങളും യുദ്ധരീതികളും സഖ്യക്ഷി ആക്രമണത്തെ അതിജയിക്കാന്‍ പര്യാപ്തമാവില്ലെന്ന് തിരിച്ചറിയാനും തികച്ചും പുതുമയുള്ള ഒരു രീതി സ്വീകരിക്കാനും യഥാസമയത്ത് നബിക്ക് സാധിച്ചതാണ് 'അഹ്സാബി'ല്‍ ശത്രുസൈന്യം പരാജയപ്പെട്ടതിന്റെ ഭൌതിക കാരണങ്ങളില്‍ ഒന്നാമത്തേത്. കിടങ്ങുനിര്‍മാണം, വിദേശികളായ പേര്‍ഷ്യക്കാരുടേതാണെന്നു പറഞ്ഞ് മാറ്റിവെക്കാന്‍ നബി മുതിര്‍ന്നില്ല. എക്കാലത്തും തല്‍പരകക്ഷികളുടെ ആക്രമണത്തിനെതിരില്‍ പരമ്പരാഗത പ്രതിരോധങ്ങളും പ്രത്യാക്രമണ ശൈലികളും മാത്രം അവലംബിച്ച് ഇസ്ലാമിക മുന്നേറ്റത്തിന്റെ വക്താക്കള്‍ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് ഇത് പഠിപ്പിക്കുന്നു.
2. ഇസ്ലാമിക സമൂഹത്തിലെ മുഴുവന്‍ അംഗങ്ങളെയും കര്‍മനിരതരാക്കിയും ഓരോരുത്തര്‍ക്കും ഓരോ ഉത്തരവാദിത്തങ്ങള്‍ നിര്‍ണയിച്ചു കൊടുത്തും നേതൃത്വവും അനുയായികളും ഒരുമിച്ച് അധ്വാനിച്ചുമാണ് സഖ്യക്ഷി സൈന്യത്തെ നബിയും സഖാക്കളും പരാജയപ്പെടുത്തിയത്. കിടങ്ങു കുഴിക്കാന്‍ നിശ്ചിത സ്ഥലങ്ങള്‍ ഓരോ സംഘത്തിനും നിശ്ചയിച്ചു കൊടുക്കുകയായിരുന്നു. കിടങ്ങു കുഴിക്കാനറിയുന്നവരും ആയുധങ്ങളുള്ളവരും പരക്കെ പണിയെടുക്കാന്‍ ഇറങ്ങുകയായിരുന്നില്ല. മുഹമ്മദ് നബിയും പ്രമുഖ സ്വഹാബിമാരുമെല്ലാം സഹപ്രവര്‍ത്തകരോടൊപ്പം കര്‍മനിരതരായി. വിശപ്പ് സഹിക്കാനാകാതെ വയറ്റില്‍ കല്ല് വെച്ച് കെട്ടി കിടങ്ങു കുഴിച്ചുകൊണ്ടിരുന്ന നബി(സ) പാട്ടുപാടിയാണ് അനുചരന്മാര്‍ക്ക് ആവേശം പകര്‍ന്നത്. കിടങ്ങു നിര്‍മാണ ശേഷമുള്ള പ്രതിരോധത്തിലും കാവലിലും ചുമതലകള്‍ വീതംവെച്ചു കൊടുത്തുകൊണ്ടുള്ള ആസൂത്രണം കാണാം.
3. സഖ്യകക്ഷികളുടെ ഉപരോധവും മുസ്ലിംകളുടെ പ്രതിരോധവും ശക്തമായപ്പോള്‍ ളുഹര്‍, അസ്വ്ര്‍, മഗ്രിബ് എന്നീ നിര്‍ബന്ധ നമസ്കാരങ്ങള്‍ വരെ മാറ്റിവെക്കേണ്ട നിര്‍ബന്ധിതാവസ്ഥയുണ്ടായി. പോരാട്ടത്തിന്റെ മൂര്‍ധന്യതയില്‍ മുന്‍ചെന്ന നമസ്കാരങ്ങള്‍ പല ദിവസങ്ങളിലും മാറ്റിവെക്കേണ്ടിവരികയും അവ ഓരോ ദിവസവും രാത്രി ഒന്നിച്ച് നമസ്കരിക്കുകയുമാണ് ചെയ്തത്. ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളില്‍ ഒന്നായ നമസ്കാരം, എതിരാളികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാറ്റിവെക്കാന്‍ -ഉപേക്ഷിക്കുവാനല്ല- നബി സന്നദ്ധനായത് എന്തുകൊണ്ടായിരുന്നു. അടിസ്ഥാനപരമായ അനുഷ്ഠാനങ്ങള്‍ പോലും താല്‍ക്കാലികമായി മാറ്റിവെച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ദത്തശ്രദ്ധരാകണമെന്ന് താല്‍പര്യപ്പെടുന്ന ചില സന്ദര്‍ഭങ്ങളുണ്ടെന്നാണ് ഇതു നല്‍കുന്ന പാഠം.
4. സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനും അവരുടെ അണികളെ ശിഥിലമാക്കാനും നബി തന്ത്രങ്ങള്‍ ആവിഷ്കരിച്ചു. അതിനുവേണ്ടി എതിര്‍പക്ഷത്തുള്ള ഗോത്രത്തില്‍നിന്ന് ഇസ്ലാം സ്വീകരിച്ച ഒരാളുടെ ഇസ്ലാം സ്വീകരണം പരസ്യപ്പെടുത്താതെ അദ്ദേഹത്തെ ആ ദൌത്യത്തിന് നിശ്ചയിക്കുകയും ചെയ്തു നബി.
ജാഹിലിയ്യാ കാലം മുതല്‍ ഖുറൈള ഗോത്രത്തിന്റെ ഉറ്റസുഹൃത്തായിരുന്നു നുഐം ബിന്‍ മസ്ഊദ്. അദ്ദേഹം ഇസ്ലാം സ്വീകരിച്ചത് അവര്‍ അറിഞ്ഞിരുന്നില്ല. അവര്‍ക്ക് അതറിയാന്‍ കഴിയുംവിധം പരസ്യപ്രഖ്യാപനം നടത്താന്‍ നബി നിര്‍ദേശിച്ചില്ല. മറിച്ച്, നബിയുടെ ദൂതനായി മറ്റൊരു ദൌത്യം നിര്‍വഹിക്കാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. നുഐം ഖുറൈളക്കാരുടെ അടുത്തു ചെന്നു, സൌഹൃദം പുതുക്കി താന്‍ അവരുടെ ഗുണകാംക്ഷിയാണെന്ന് ബോധ്യപ്പെടുത്തിയ ശേഷം പറഞ്ഞു: "ഖുറൈശികള്‍ക്കും ഗത്ഫാന്‍കാര്‍ക്കും ഇപ്പോഴത്തെ ഉപരോധം തുടരാന്‍ കഴിയില്ല. അധികനാള്‍കഴിയും മുമ്പ് അവര്‍ പരാജിതരായി പിന്‍വാങ്ങും. പിന്നീട് ദുരന്തം മുഴുവന്‍ നിങ്ങള്‍ക്കായിരിക്കും. ഖുറൈശികള്‍ നിങ്ങളെ നിസഹായാവസ്ഥയില്‍വിട്ട് തിരിച്ച് പോകാതിരിക്കാന്‍ ഏതാനും ഖുറൈശികളെ നിങ്ങളുടെ അധീനതയില്‍ നിര്‍ത്തണം. ഏതാനും ഖുറൈശികളെ ജാമ്യക്കാരായി നിങ്ങള്‍ക്കു തന്നാല്‍ മാത്രമേ നിങ്ങള്‍ അവരോടൊപ്പം മുസ്ലിംകള്‍ക്കെതിരെ യുദ്ധത്തിനിറങ്ങാവൂ.'' ഖുറൈള ഗോത്രം ഇത് സ്വീകരിച്ചു.
പിന്നീട് നുഐം പോയത് ഖുറൈശികളുടെ അടുത്തേക്കാണ്. അവരോട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: "മുഹമ്മദുമായി ഉണ്ടാക്കിയിരുന്ന കരാര്‍ ലംഘിച്ചതില്‍ ബനൂ ഖുറൈളക്കാര്‍ ദുഃഖിതരാണ്. ഏതാനും ഖുറൈശികളെ മുഹമ്മദിന് പിടിച്ചുകൊടുത്ത് പ്രായശ്ചിത്തം ചെയ്യാനാണ് അവരുടെ ശ്രമം. അത് അനുവദിക്കരുത്.'' ഗത്ഫാന്‍കാരോടും നുഐം ഇതുതന്നെ പറഞ്ഞു. ഇരുവര്‍ക്കും അത് ശരിയാണെന്നു തോന്നി. പ്രവാചകന്റെ തന്ത്രം വിജയിച്ചു. ഖുറൈള ഗോത്രക്കാര്‍ ഖുറൈശികളോട് ഏതാനും പേരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടതോടെ, നുഐം പറഞ്ഞത് ശരിയാണെന്ന് ഖുറൈശികള്‍ക്ക് ബോധ്യപ്പെട്ടു. ഇതോടെ സഖ്യകക്ഷിയില്‍ ഭിന്നത ഉടലെടുത്തു. ഖുറൈളക്കാരുടെ വിശുദ്ധ ദിനമായ സാബത്ത് നാളില്‍ യുദ്ധം ചെയ്യണമെന്ന് ഖുറൈശികള്‍ നിര്‍ബന്ധം പിടിച്ചതോടെ ഇരുവിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമായി. അവരുടെ പരാജയത്തിന്റെ തുടക്കമായിരുന്നു അത്.
5. സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് സഖ്യകക്ഷി സൈന്യത്തില്‍നിന്ന് ചിലരെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തി. നബിയുടെ ഒരു ദൂതന്‍ ഗത്ഫാന്‍ ഗോത്രക്കാരെ സമീപിച്ച്, തിരിച്ചുപോകുന്ന പക്ഷം മദീനയിലെ ഉല്‍പന്നങ്ങളുടെ മൂന്നില്‍ ഒരുഭാഗം നല്‍കാന്‍ മുസ്ലിംകള്‍ തയാറാണെന്ന് അവരെ അറിയിച്ചു. ഇത് അവരുടെ മനസിളക്കി. പക്ഷേ, അതിന്റെ ആവശ്യമുണ്ടായില്ല. അതില്ലാതെ തന്നെ സഖ്യകക്ഷികള്‍ പരാജയപ്പെടുകയാണുണ്ടായത്.
6. സഖ്യകക്ഷികളുടെ ഭീഷണി അവസാനിക്കുകയും വിജയം കൈവരിക്കുകയും ചെയ്തപ്പോള്‍, എല്ലാം മറന്ന് നിശബ്ദനാകാനോ ചതിയന്മാരായ എതിരാളികളുമായി സൌഹൃദകരാര്‍ പുനരാരംഭിക്കാനോ നബി തയാറായില്ല. എന്നല്ല, ഖുറൈള ഗോത്രത്തിനെതിരെ സൈനിക നടപടി സ്വീകരിക്കുകയും അവരെ നാടുകടത്തുകയും ചെയ്തു. ഇനിയൊരാക്രമണത്തിന് ത്രാണിയില്ലാത്തവിധം എതിരാളികളെ തകര്‍ത്തു കളയുകയാണ് 'അഹ്സാബ്' യുദ്ധാനന്തരം നബി ചെയ്തത്. അത് ബനൂഖുറൈളക്കെതിരെ സൈനിക നടപടിയിലൂടെയായിരുന്നെങ്കില്‍, ഖുറൈശികള്‍ക്കെതിരെ ഹുദൈബിയാ സന്ധിയുടെ രൂപത്തില്‍ തന്ത്രപ്രധാന നീക്കത്തിലൂടെയായിരുന്നു.
7. ആകാശത്തിന്റെ വാതിലുകള്‍ തുറന്ന് ഒഴുകിയെത്തിയ അല്ലാഹുവിന്റെ സഹായവും മുസ്ലിംകളുടെ അചഞ്ചലമായ വിശ്വാസവും ധീരമായ പോരാട്ടവുമാണ് അഹ്സാബ് യുദ്ധത്തില്‍ അവിശുദ്ധ സഖ്യത്തെ പരാജയപ്പെടുത്തിയത്.
ഇസ്ലാമിക മുന്നേറ്റത്തെ പരാജയപ്പെടുത്താന്‍ പ്രതിയോഗികള്‍ ഒറ്റക്കും, അവിശുദ്ധ സഖ്യങ്ങളുണ്ടാക്കി ഒന്നിച്ചും നടത്തുന്ന ഒറ്റപ്പെടുത്തലുകളെയും ഉപരോധങ്ങളെയും ആക്രമണങ്ങളെയും ഇസ്ലാമിക വിപ്ളവത്തിന്റെ സമരഭടന്മാര്‍ എക്കാലത്തും പ്രതീക്ഷിച്ചുകൊണ്ടിരിക്കണം. പ്രവാചകന്റെ പോരാട്ട പാതയില്‍ അനന്തരാവകാശികളുണ്ടാകുന്ന കാലത്തോളം 'അഹ്സാബി'ന്നും പിന്തുടര്‍ച്ചയുണ്ടാകുമെന്ന് തിരിച്ചറിയണം. അതുകൊണ്ട് ഏത് ഗൂഢാലോചനകളെയും ചതി പ്രയോഗങ്ങളെയും പ്രതിരോധിക്കാനും അതിജയിക്കാനുമുള്ള ആസൂത്രണങ്ങളോടെ ജാഗ്രത്തായിരിക്കണം. സഖ്യകക്ഷി ആക്രമണങ്ങളുടെ പുതിയ എപ്പിസോഡുകള്‍ക്കുമുമ്പില്‍ പതറാതെ പ്രഖ്യാപിക്കാന്‍ കഴിയണം, ഇത് ചരിത്രത്തിന്റെ ആവര്‍ത്തനമാണെന്ന്. അഹ്സാബ് യുദ്ധവേളയില്‍ സ്വഹാബികള്‍ പറഞ്ഞതോര്‍മയില്ലേ: "സഖ്യകക്ഷി സൈന്യത്തെ കണ്ടപ്പോള്‍, ഇതാണ് അല്ലാഹുവും അവന്റെ പ്രവാചകനും ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതെന്നും അല്ലാഹുവും റസൂലും പറഞ്ഞത് സത്യമാണെന്നും സത്യവിശ്വാസികള്‍ പ്രഖ്യാപിച്ചു. അത് അവരുടെ ഈമാനും സമര്‍പ്പണ മനസ്ഥിതിയും വര്‍ധിപ്പിക്കുകയേ ചെയ്തുള്ളൂ'' (അഹ്സാബ് 22). അപ്പോള്‍ അല്ലാഹുവിന്റെ സഹായം സങ്കല്‍പാതീതമായി, അഭൌതികമായി വന്നിറങ്ങുകതന്നെ ചെയ്യും. പ്രതിസന്ധികളുടെ ഇരുള്‍ നിലങ്ങള്‍ പ്രതീക്ഷയുടെ പുതിയ പ്രഭാതങ്ങള്‍ക്ക് വഴിമാറും.
(അവസാനിച്ചു)

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly