Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം



ബദ്റിലെ 'ചെറിയ' വലിയ യുദ്ധം

 

# ഡോ. യൂസുഫുല്‍ ഖറദാവി

 
 


എന്തിനാണ് വിശ്വാസിസമൂഹം ബദ്ര്‍ സ്മരണ പുതുക്കുന്നത്? എന്തിനാണ് ആ സംഭവത്തെക്കുറിച്ച് അവര്‍ ഇത്രയേറെ വാചാലരാകുന്നത്? ഖുര്‍ആന്‍ ആ സംഭവത്തെക്കുറിച്ച് വാചാലമായിട്ടുണ്ട് എന്നതുതന്നെ ഒന്നാമത്തെ കാരണം. പ്രവാചകന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നല്ലോ ബദ്റിലെ യുദ്ധവിജയം. ബദ്ര്‍ യുദ്ധാനന്തരമാണ് വിശുദ്ധ ഖുര്‍ആനിലെ അല്‍അന്‍ഫാല്‍ എന്ന അധ്യായത്തിന്റെ അവതരണം. ബദ്ര്‍ എന്ന പരാമര്‍ശം ഖുര്‍ആനില്‍ വന്നിട്ടുമുണ്ട്. നബി നയിച്ച സൈനിക നീക്കങ്ങളില്‍ പിന്നെ ഖുര്‍ആന്‍ പേരെടുത്ത് പറയുന്നത് ഹുനൈന്‍ മാത്രമാണ്.
സത്യവും അസത്യവും വേര്‍തിരിക്കുന്ന നാളില്‍ (യൌമുല്‍ ഫുര്‍ഖാന്‍) ഇരു സംഘങ്ങള്‍ ഏറ്റുമുട്ടി എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഒന്ന് വിശ്വാസികളുടെ സംഘം, മറ്റേത് അവിശ്വാസികളുടെ സംഘം. വിശ്വാസി സംഘത്തിന്റെ നേതാവ് മുഹമ്മദ് മുസ്ത്വഫാ(സ). അവിശ്വാസി സംഘത്തിന്റെ നേതാവ് അബൂജഹ്ല്‍. ഈ വിധിനിര്‍ണായക യുദ്ധത്തില്‍ പങ്കെടുത്ത വിശ്വാസികളുടെ ശ്രേഷ്ഠത ഒന്ന് വേറെത്തന്നെയാണ്. മക്കാ വിജയത്തിന് തൊട്ടുമുമ്പ് ഹാത്വിബ് ബ്നു അബീബല്‍തഅഃ എന്ന സ്വഹാബി വഞ്ചനക്ക് സമാനമായ ഒരു കുറ്റത്തിന് പിടിക്കപ്പെട്ടു. അദ്ദേഹത്തെ വധിക്കണം എന്നായി ഉമര്‍ ഉള്‍പ്പെടെയുള്ളവര്‍. എന്നാല്‍, ബദ്റില്‍ പങ്കെടുത്തയാള്‍ എന്ന പരിഗണനയില്‍ പ്രവാചകന്‍ ഹാത്വിബിന് മാപ്പ് നല്‍കുകയായിരുന്നു. ഇതാണ് ബദ്റിന്റെ ശ്രേഷ്ഠത. സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം. ഒരു ഭാഗത്ത് ദൈവത്തിന്റെ സൈന്യം; മറു ഭാഗത്ത് സകല ദുശ്ശക്തികളുടെയും സൈന്യം. ഈ പോരാട്ടത്തില്‍ പങ്കെടുത്തവന് (ബദ്രിയ്യ്) സ്വഹാബികള്‍ക്കിടയില്‍ വലിയ സ്ഥാനമായിരുന്നു. 'എന്റെ പിതാവ്, അല്ലെങ്കില്‍ പിതാമഹന്‍ ബദ്രിയ്യ് ആയിരുന്നു' എന്നൊക്കെ അവര്‍ അഭിമാനത്തോടെ പറയുമായിരുന്നു. ഇങ്ങനെ പിന്‍തലമുറകള്‍ വരെ അഭിമാനം കൊള്ളുന്ന ഒരു മഹാ സംഭവം.
* * *
ഭൌതികമായ അര്‍ഥത്തില്‍ നോക്കിയാല്‍ ഇതെത്ര നിസ്സാര യുദ്ധം! 313 വിശ്വാസികള്‍, ആയിരത്തോളം വരുന്ന ശത്രുസൈന്യത്തെ നേരിടുന്നു. പകലറുതിയോടെ യുദ്ധം തീരുന്നു. ശത്രുക്കളില്‍നിന്ന് 70 പേരെ വധിക്കുന്നു; 70 പേരെ ബന്ദികളായി പിടികൂടുന്നു. മുസ്ലിംകളില്‍ നിന്ന് 14 പേര്‍ രക്തസാക്ഷികളാകുന്നു. ലക്ഷങ്ങള്‍ കൊല്ലപ്പെടുകയോ യുദ്ധം വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുകയോ ഒന്നും ചെയ്യുന്നില്ല. പിന്നെ എന്തിനാണ് ഇതേച്ചൊല്ലി ഇത്രയധികം സംസാരങ്ങള്‍? കാരണം ബദ്റിന്റെ പ്രത്യാഘാതങ്ങളാണ് നാം പരിഗണിക്കുന്നത്. മനുഷ്യ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു ആ 'ചെറിയ' യുദ്ധം. 'ഇതില്‍ പരാജയപ്പെടുന്ന പക്ഷം നിനക്ക് ഇബാദത്തെടുക്കാന്‍ പിന്നെ ഭൂമിയില്‍ ആരുമുണ്ടാവില്ല' എന്ന് പ്രവാചകന്‍ പറഞ്ഞതിന്റെ പൊരുളും അതുതന്നെ. ഇസ്ലാമിന്റെ നിലനില്‍പ് യുദ്ധത്തിലെ ജയപരാജയങ്ങളെ ആശ്രയിച്ചാണെന്നര്‍ഥം.
* * *
അല്ലാഹു ഇഛിച്ചതൊന്ന്, വിശ്വാസികള്‍ ഇഛിച്ചത് മറ്റൊന്ന്. അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള കച്ചവട സംഘത്തെയോ അബൂജഹ്ലിന്റെ നേതൃത്വത്തിലുള്ള ശത്രുസൈന്യത്തെയോ കീഴ്പ്പെടുത്തിത്തരാമെന്ന് അല്ലാഹു വിശ്വാസികള്‍ക്ക് വാക്ക് നല്‍കിയിരുന്നു. സ്വാഭാവികമായും വിശ്വാസികള്‍ രക്തച്ചൊരിച്ചിലും യുദ്ധത്തിന്റെ കെടുതികളും ഒഴിവാക്കാന്‍ കച്ചവട സംഘത്തെ നേരിടാനാണ് ഇഷ്ടപ്പെട്ടത്. ശത്രുക്കളെ സാമ്പത്തികമായി ഞെരുക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. 'കാഠിന്യമില്ലാത്ത (ആയുധ സന്നാഹമില്ലാത്ത) സംഘത്തെയാണ് നിങ്ങള്‍ ആഗ്രഹിച്ചത്' എന്ന് ഖുര്‍ആനില്‍ പറയുന്നുണ്ട്. എന്നാല്‍, അസത്യത്തിന്റെ അടിവേരറുക്കുക, അങ്ങനെ അസത്യത്തിന് മേല്‍ സത്യത്തിന്റെ കൊടി പാറിക്കുക ഇതായിരുന്നു അല്ലാഹു ഉദ്ദേശിച്ചിരുന്നത്. ആയതിനാല്‍ ശത്രു പ്രമുഖര്‍ മുഴുവന്‍ അണിനിരക്കുന്ന സായുധ സൈന്യത്തെ തന്നെ വിശ്വാസികള്‍ക്ക് നേരിടേണ്ടതുണ്ടായിരുന്നു; അതിന് തക്ക ഭൌതിക സന്നാഹങ്ങളൊന്നും അവരുടെ പക്കല്‍ ഇല്ലെന്നാകിലും.
* * *
ഏതു സന്ദര്‍ഭത്തിലും കൂടിയാലോചിക്കൂ എന്നാണ് ബദ്റിന്റെ വലിയൊരു പാഠം. യുദ്ധത്തിന് മുമ്പും അതിനിടയിലും അതിന് ശേഷവും പ്രവാചകന്‍ കൂടിയാലോചന നടത്തിയതായി കാണാം. അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള കച്ചവട സംഘം രക്ഷപ്പെടുകയും സുശക്തമായ ഒരു സൈന്യത്തെ നേരിടേണ്ടിവരികയും ചെയ്ത നിര്‍ണായക വേളയില്‍ പ്രവാചകന്‍ പറഞ്ഞു: "ജനങ്ങളേ, നിങ്ങള്‍ എന്നോട് അഭിപ്രായങ്ങള്‍ പറയുക.'' ഉമര്‍, അബൂബക്കര്‍, മിഖ്ദാദ് ബ്നുല്‍ അസ്വദ് ഇവരെല്ലാം എഴുന്നേറ്റ് നിന്ന്, പ്രവാചകനോടൊപ്പം മരണം വരെ പോരാടുമെന്ന് വാക്കു കൊടുത്തുകൊണ്ടിരുന്നു. പ്രവാചകന്‍ ഇവരുടെ അഭിപ്രായമായിരുന്നില്ല കാത്തുകൊണ്ടിരുന്നത്. ഇവര്‍ പ്രവാചകനോടൊപ്പം അഭയാര്‍ഥികളായി മദീനയിലെത്തിയവരാണല്ലോ. മദീനയില്‍ പ്രവാചകനെ സഹായിച്ച തദ്ദേശവാസികളുണ്ട്- അന്‍സ്വാറുകള്‍. അവരാണ് ഭൂരിപക്ഷം. അവരുടെ നിലപാടാണ് പ്രവാചകന് അറിയേണ്ടിയിരുന്നത്. അപ്പോഴതാ അന്‍സ്വാരി പ്രമുഖന്‍ സഅദ്ബ്നു മുആദ് എഴുന്നേല്‍ക്കുന്നു. 'താങ്കളോടൊപ്പം ഏത് കടലിലേക്കും എടുത്തു ചാടാന്‍ ഞങ്ങള്‍ തയാറാണ്' എന്ന് പ്രഖ്യാപിക്കുന്നു. പ്രവാചകന്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍. ഇത് യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള കൂടിയാലോചന.
യുദ്ധത്തിനായി ഒരിടത്ത് താവളമടിച്ചപ്പോള്‍ ഹുബാബ്ബ്നു മുന്‍ദിര്‍ എന്ന സ്വഹാബി ചോദിച്ചു: "ഇത് ദൈവനിശ്ച യ പ്രകാരമാണോ, അതോ താങ്കളുടെ സ്വന്തം യുദ്ധ തന്ത്രമോ? ദൈവനിശ്ചയമെങ്കില്‍ നാം അനുസരിക്കുക തന്നെ വേണമല്ലോ.'' ഇത് തന്റെ സ്വന്തം അഭിപ്രായമാണെന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍, ഹുബാബ് മറ്റൊരു സ്ഥലം ചൂണ്ടിക്കാണിച്ചു കൊടുത്തു. "അവിടെ തമ്പടിച്ചാല്‍ നമുക്ക് വേണ്ട പോലെ വെള്ളം കിട്ടും; ശത്രുക്കളുടെ വെള്ളം കുടി മുട്ടിക്കുകയും ചെയ്യാം.'' പ്രവാചകന്‍ ആ നിര്‍ദേശം സ്വീകരിച്ചു. ഇത് യുദ്ധത്തിനിടയില്‍ നടന്ന കൂടിയാലോചന.
യുദ്ധം കഴിഞ്ഞപ്പോഴോ? തടവുകാരുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്നായി ചര്‍ച്ച. നമ്മുടെ സ്വന്തം ആളുകളല്ലേ, അവരുടെ പിന്‍മുറക്കാരില്‍ ഇസ്ലാമിന് സഹായികളുണ്ടാവില്ലേ, ആയതിനാല്‍ മോചനദ്രവ്യം സ്വീകരിച്ച് വിട്ടയക്കാം. ഇതായിരുന്നു അബൂബക്കറിന്റെ അഭിപ്രായം. മറ്റുള്ളവര്‍ക്ക് പാഠമാകാന്‍ അവരെ വധിക്കണമെന്നായി ഉമര്‍. പ്രവാചകന്‍ സ്വീകരിച്ചത് അബൂബക്കറിന്റെ അഭിപ്രായം. ഇത് യുദ്ധശേഷമുള്ള കൂടിയാലോചന.
അപ്പോള്‍ കൂടിയാലോചന(ശൂറാ) ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്. 'അവര്‍ അവരുടെ കാര്യങ്ങള്‍ കൂടിയാലോചനയിലൂടെ തീരുമാനിക്കും' എന്നത് മക്കയില്‍ അവതരിച്ച സൂക്തമാണ്. മദീനയില്‍ വെച്ചും സമാന ആശയമുള്ള ഒരു സൂക്തം അവതരിച്ചു: "അവരോട് നീ കൂടിയാലോചിക്കുക.''
* * *
ഭൌതിക മാനദണ്ഡം വെച്ചു നോക്കിയാല്‍ മുസ്ലിംകള്‍ ഈ യുദ്ധത്തില്‍ തോല്‍ക്കുകയല്ലാതെ വേറെ മാര്‍ഗമില്ല. ശത്രുസൈന്യത്തിന്റെ മൂന്നിലൊന്നില്‍ താഴെയാണ് അവരുടെ എണ്ണം. മുസ്ലിം പക്ഷത്ത് കുതിരയുള്ളത് സുബൈറിനും മിഖ്ദാദിനും മാത്രം. ശത്രുപക്ഷത്ത് നൂറ് അശ്വഭടന്മാര്‍. നമ്മുടെ കാലത്തെ ടാങ്കിന് തുല്യമാണ് അന്നത്തെ കുതിര. മുസ്ലിം സൈനികര്‍ക്ക് കഴിക്കാന്‍ കാരക്കയും അതുപോലുള്ളതും മാത്രം. ശത്രുസൈന്യം ഓരോ ദിവസവും പത്തു വരെ ഒട്ടകങ്ങളെ അറുത്ത് മൃഷ്ടാന്നഭോജനം നടത്തുന്നു.
ഇനി സഞ്ചരിക്കാനുള്ള മൃഗവാഹനങ്ങളാണെങ്കിലോ? മൂന്നും നാലും പേര്‍ക്ക് ഒരൊട്ടകം എന്ന നിലക്ക്. ഒരാള്‍ ഒട്ടകപ്പുറത്ത് കയറുമ്പോള്‍ ബാക്കി രണ്ടോ മൂന്നോ ആളുകള്‍ നടക്കും. അലിയും അബൂലുബാബയും ഉള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു നബി(സ). ഊഴം വെച്ച് പ്രവാചകനും അവരോടൊപ്പം വാഹനത്തില്‍ കയറുകയും ഇറങ്ങി നടക്കുകയും ചെയ്തു. 'പ്രവാചകരേ, ഞങ്ങള്‍ യുവാക്കളാണ്, താങ്കള്‍ വാഹനപ്പുറത്ത്തന്നെ ഇരുന്നാലും' എന്ന് അലിയും അബൂലുബാബയും പറഞ്ഞുനോക്കിയെങ്കിലും പ്രവാചകന്‍ വഴങ്ങിയില്ല. ഇനി യുദ്ധത്തെ മനഃശാസ്ത്രപരമായി കണ്ടു നോക്കൂ. യുദ്ധം ഒട്ടും നിനക്കാതെ പുറപ്പെട്ട ഒരു സംഘം. അതിന് വേണ്ട യാതൊരു ഒരുക്കവും അവര്‍ ചെയ്തിട്ടില്ല. പൊടുന്നനെ അവര്‍ സര്‍വായുധ സജ്ജമായ ഒരു സൈന്യത്തിന്റെ മുന്നില്‍ പെടുന്നു. തോല്‍ക്കാതെ വഴിയില്ല എന്ന് പറഞ്ഞത് അതുകൊണ്ടാണ്. എന്നിട്ടും അവര്‍ ശത്രുവിനെ നിലം പരിശാക്കി അവിസ്മരണീയ വിജയം കൊയ്തു.
* * *
ഈ വിജയത്തിന് മൂന്ന് കാരണങ്ങളാണ് ഞാന്‍ കാണുന്നത്.
ഒന്ന്, അല്ലാഹുവിന്റെ സഹായം. അല്ലാഹു മലക്കുകളെ അയച്ച് സഹായിച്ചു എന്ന് അന്‍ഫാല്‍ അധ്യായത്തില്‍ വ്യക്തമായി പറയുന്നുണ്ട്.
രണ്ട്, പ്രവാചകന്റെ നേതൃത്വം. പ്രവാചകനെപ്പോലെ ഒരു സേനാനായകനെ ലോകചരിത്രത്തില്‍ കാണാന്‍ കഴിയില്ലെന്നാണ് ശരീഫ് ഖിത്വാബ്, ജമാല്‍ മഹ്ഫൂള് പോലുള്ള ഉയര്‍ന്ന റാങ്കിലുള്ള സൈനികോദ്യോഗസ്ഥര്‍ പറയുന്നത്. അഖാദിന്റെ 'മുഹമ്മദിന്റെ പ്രതിഭ' എന്ന ഗ്രന്ഥത്തിലും ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. നെപ്പോളിയനുമായി താരതമ്യം ചെയ്തുകൊണ്ടാണ് പഠനം. എല്ലാവരുമായും കൂടിയാലോചിക്കുക, ഒരു സാദാ ഭടനെപ്പോലെ വാഹനത്തില്‍ കയറാതെ കല്ലും മുള്ളും താണ്ടി നടക്കുക- അനുയായികളുടെ ഹൃദയം കവരുന്ന ഇത്തരം മഹത് ഗുണങ്ങളൊന്നും നെപ്പോളിയനെപ്പോലുള്ള സേനാനായകരില്‍ നാം കാണുന്നില്ല.
മൂന്ന്, എന്തിനും സന്നദ്ധരായ അര്‍പ്പണബോധമുള്ള അനുയായികള്‍. പ്രവാചകന്‍ വളര്‍ത്തിയെടുത്ത ഈ വിശ്വാസി സമൂഹത്തിന് ലോകചരിത്രത്തില്‍ വേറെ മാതൃകയില്ല. സ്വന്തത്തേക്കാളുപരി അവര്‍ സ്വന്തം ആദര്‍ശ സഹോദരനെ സ്നേഹിച്ചു. നോക്കൂ, യുദ്ധമുന്നണിയില്‍ ആരൊക്കെയാണ് പരസ്പരം മുഖത്തോട് മുഖം നില്‍ക്കുന്നത്! അബൂബക്കര്‍(റ) സ്വന്തം മകനെ ശത്രുമുന്നണിയില്‍ കാണുന്നു. അബൂഉബൈദതുബ്നു ജര്‍റാഹ്(റ) ശത്രുനിരയില്‍ കാണുന്നത് സ്വന്തം പിതാവിനെ. ഈ രക്തബന്ധങ്ങളൊന്നും സത്യമാര്‍ഗത്തിലുള്ള പ്രയാണത്തിന് അവര്‍ക്ക് തടസ്സമാകുന്നില്ല.
ഈ മൂന്ന് കാരണങ്ങളാണ് ബദ്റില്‍ മുസ്ലിംകള്‍ക്ക് വിജയം സമ്മാനിച്ചത്.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly