റമദാന്‍ ഖുര്‍ആനിന്റെ മാസമാണ്. ഇതുപോലൊരു റമദാനിലെ അനുഗൃഹീത രാത്രിയിലാണ് വിശുദ്ധ ഖുര്‍ആന്റെ അവതരണ നാന്ദി കുറിക്കപ്പെട്ടത്. ലോകത്ത് നന്മയുടെ ഉറവ ഇടതടവില്ലാതെ ഉറന്നൊഴുകാന്‍ തുടങ്ങിയത് അന്ന് മുതല്‍ക്കാണ്. മാനവിക മൂല്യങ്ങളുടെ വിലയും നിലയും മനസ്സിലാക്കപ്പെട്ടതും അതിന്ശേഷം മാത്രം. റദമാന്‍ പല ചരിത്ര സംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. സത്യാസത്യ വിവേചനമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ബദ്റും ഇസ്ലാമിക ചരിത്രത്തിന്റെ ഗതിനിര്‍ണയിച്ച ഫത്ഹ് മക്കയും നടന്നത് ഈ മാസത്തിലാണ്. പക്ഷെ റമദാനിന്റെ പ്രത്യേകത ഇതൊന്നുമല്ല. റമദാന്‍ മാസത്തെ അല്ലാഹു പരിചയപ്പെടുത്തുന്നത് ഖുര്‍ആനുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്. മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സത്യാസത്യങ്ങളെ വിവേചിക്കുന്നതും സന്മാര്‍ഗം കാണിച്ചു തരുന്നതുമായ സുവ്യക്ത നിര്‍ദേശങ്ങളായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍ (അല്‍ബഖറ 185). അതുകൊണ്ട് തന്നെ ഓരോ റമദാനും ഖുര്‍ആനിന്റെ വാര്‍ഷികാഘോഷം കൂടിയാണ്. അല്ലാഹുവിന്റെ കലവറയില്ലാത്ത അനുഗ്രഹസാഗരം. ദാസന്മാരുടെ മേല്‍ കോരിച്ചൊരിയാന്‍ തുടങ്ങിയതിന്റെ വാര്‍ഷികം.
ഖുര്‍ആന്‍ നമ്മുടെ വഴികാട്ടിയും മാര്‍ഗദര്‍ശിയുമാണ്. ഖുര്‍ആനിക മാര്‍ഗദര്‍ശനമാണ് മനുഷ്യ സമൂഹത്തിന് ലഭ്യമായതില്‍ വെച്ചേറ്റവും വലിയ അനുഗ്രഹം. ഖുര്‍ആനികാധ്യാപനങ്ങള്‍ സ്വജീവിതത്തില്‍ പ്രായോഗികവല്‍ക്കരിക്കുമ്പോഴാണ് ഈ അനുഗ്രഹങ്ങളുടെ മൂല്യം ബോധ്യപ്പെടുന്നത്. ഖുര്‍ആന്‍ മാസമായ റമദാന്‍ അനര്‍ഘമാകണമെങ്കില്‍ ഖുര്‍ആനുമായുള്ള ബന്ധം കൂടുതല്‍ ദൃഢവും കരുത്തുമുള്ളതുമാക്കി മാറ്റാനാകണം. ഖുര്‍ആനുമായി നമ്മുടെ ബന്ധം നിലവില്‍ എങ്ങനെ തുടരുന്നു? ഖുര്‍ആനുമായി നമ്മുടെ യഥാര്‍ഥ സമീപനം എപ്രകാരമായിരിക്കണം? അതിനുള്ള വഴിയെന്ത്? തുടങ്ങിയ അന്വേഷണങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്.
ചെറിയ കാലയളവ് കൊണ്ട് ലോകമനസാക്ഷിയെ കീഴടക്കിയ ഗ്രന്ഥമെന്ന പദവി ഖുര്‍ആന്‍ പോലെ വേറെ ഒന്നിനും അവകാശപ്പെടാനാവില്ല. അപരിഷ്കൃതരും പരുക്കന്‍ പ്രകൃതക്കാരുമായ ഒരു ജനവിഭാഗമാണ് ഖുര്‍ആന്റെ പ്രഥമ അഭിസംബോധിതര്‍. ചെറിയ കാലയളവ് കൊണ്ട് തന്നെ ആ ജനതയെ മാനവ മൂല്യങ്ങളുടെ തിളങ്ങുന്ന മാതൃകകളാക്കി വളര്‍ത്തിയെടുക്കുകയും പിന്നീട് അവരിലൂടെ ലോക ജനതക്ക് നന്മയുടെ കൈത്തിരി തെളിയിച്ച് കൊടുക്കുകയും ചെയ്യുന്ന അത്ഭുതമാണ് പിന്നീടുണ്ടായത്. ഖുര്‍ആന്‍ എന്ന മഹദ്ഗ്രന്ഥത്തിന്റെ ദാര്‍ശനികത്വവും ലളിതമായ പ്രായോഗിക സമീപനങ്ങളുമാണ് ഈ അത്ഭുതത്തിന് നിമിത്തമായതെന്നത് സുവിദിതമാണ്.
വഴികേടുകളുടെ അപകട ഗര്‍ത്തങ്ങള്‍ ചൂണ്ടിക്കാട്ടിയും തിന്മയുടെ രാക്ഷസന്മാരുടെ മുഖത്തേക്ക് ആക്ഷേപത്തിന്റെ കുന്തം ചൂണ്ടിയും നന്മേഛുക്കള്‍ക്ക് ആവേശവും പ്രോത്സാഹനവും നല്‍കിയും കാലാതിവര്‍ത്തിയായി ഖുര്‍ആന്‍ ഇന്നും ജ്വലിച്ച് നില്‍ക്കുന്നു. "നിശ്ചയം ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴിയിലേക്ക് നയിക്കുന്നു.'' (അല്‍ ഇസ്റാഅ് 19). മനുഷ്യപ്രകൃതം മാനിച്ച് ജയപരാജയങ്ങളുടെ വഴിനിര്‍ണയിക്കുക മാത്രമാണ് ഖുര്‍ആന്‍ ചെയ്യുന്നത്. സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നതും നേരിടാവുന്നതുമായ എല്ലാ സാഹചര്യങ്ങളോടും സംവദിക്കുന്നു എന്നതാണ് ഖുര്‍ആന്റെ സവിശേഷത. ലോകം അറിഞ്ഞ ഭൌതിക ദര്‍ശനങ്ങളും അവയെ നയിച്ച ദാര്‍ശനികരും ഇക്കാര്യത്തില്‍ സമ്പൂര്‍ണ വിജയം വരിച്ചവരല്ല. ആത്മീയ പ്രസ്ഥാനങ്ങളും മനുഷ്യ പ്രകൃതത്തെ നിര്‍വചിക്കുന്നതില്‍ പരാജയപ്പെട്ട് പിന്‍വാങ്ങിയിട്ടുണ്ട്. മനുഷ്യന്‍ ചില ഭൌതിക പദാര്‍ഥങ്ങളുടെ സന്തുലിത ചേരുവയുടെ ഫലമായുണ്ടായ ഒരു സൃഷ്ടി മാത്രമാണെന്ന ഭൌതിക വാദത്തിനും, അവന്റെ ആത്മീയ വേരുകള്‍ മാത്രമേ പരിഗണിക്കേണ്ടതുള്ളൂവെന്ന യാഥാസ്ഥിതിക ആത്മീയവാദത്തിനും മധ്യേ മനുഷ്യാസ്തിത്വത്തെ നിര്‍ണയിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. പരലോക മോക്ഷവും ഇഹലോക ക്ഷേമവും സന്തുലിതമായി പരിഗണിച്ചുകൊണ്ടാണ് ഖുര്‍ആന്റെ പ്രയാണം.
ഖുര്‍ആനികാധ്യാപനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. അതിന്റെ അക്ഷരങ്ങളും വാക്യങ്ങളും ഭേദഗതികളില്ലാത്തതാണ്. പഴകും തോറും ദ്രവിക്കുകയും ഉപയോഗ ശൂന്യമാവുകയും ചെയ്യുക എന്നതാണ് പ്രകൃതിമതം. എന്നാല്‍ ഖുര്‍ആന്‍ കാലം കഴിയുംതോറും പുതുമയുള്ളതാവുകയും അതിന്റെ തിളക്കം വര്‍ധിക്കുകയും മാറ്റ് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മാറ്റമില്ലാതെ തുടരുന്ന വേദാധ്യാപനങ്ങള്‍ അനുനിമിഷം മാറുന്ന ലോകത്തിന്റെ സമസ്യകള്‍ക്ക് പരിഹാരമാകുന്നു എന്ന അത്ഭുതമാണ് ഇവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത്. അക്ഷരങ്ങളും വാക്യങ്ങളും മാറ്റമില്ലാതെ തുടരുമ്പോള്‍ തന്നെ അത് സമര്‍പ്പിക്കുന്ന ആശയ പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു. ആധുനികരെന്നോ പ്രാചീനരെന്നോ ഭേദമില്ലാതെ എക്കാലത്തും ജനങ്ങള്‍ ഖുര്‍ആനിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള കാരണവുമിതാണ്.
ആകര്‍ഷണീയമായ കെട്ടുംമട്ടുമൊക്കെയുള്ള കോടിക്കണക്കിന് ഖുര്‍ആന്‍ പ്രതികള്‍ പള്ളികളിലും വീടുകളിലും ലൈബ്രറികളിലും അലമാരകളില്‍ ഭദ്രമായി സൂക്ഷിച്ച് വെച്ചിരിക്കുന്നു. ഇങ്ങനെ ഖുര്‍ആനിനെ അത്യാദരവോടെ സൂക്ഷിച്ചുപോരുന്ന മുസ്ലിം സമൂഹത്തെ ആ ഗ്രന്ഥം എത്രത്തോളം സ്വാധീനിച്ചിരിക്കുന്നു എന്ന അന്വേഷണം ഈ വേളയില്‍ ഏറെ പ്രസക്തമാകുന്നു. ഖുര്‍ആന്‍ കൈവശം വെക്കുകയും അത് സ്വജീവിതത്തില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയും ചെയ്യുന്നത് എത്രമാത്രം അപകടകരമല്ല. നബിതിരുമേനി പറഞ്ഞു: "നിശ്ചയം അല്ലാഹു ഒരു വിഭാഗത്തെ ഈഗ്രന്ഥം കൊണ്ട് ഉയര്‍ത്തുകയും മറ്റൊരു വിഭാഗത്തെ ഇതുകൊണ്ടു താഴ്ത്തുകയും ചെയ്യുന്നു.'' (മുസ്ലിം). ഖുര്‍ആന്‍ കൈവശം വെച്ച് വളരുകയും തളരുകയും ചെയ്യുമെന്ന് ചുരുക്കം.
ഖുര്‍ആനിനെ എങ്ങനെ സമീപിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വളര്‍ച്ചയും തളര്‍ച്ചയും തീരുമാനിക്കുന്നത്. മുസ്ലിം സമൂഹം പൊതുവെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരാണ്. പുണ്യമുള്ള മഹത്തായ കര്‍മമായി അതിനെ അവര്‍ കണക്കാക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ അര്‍ഥമറിയാതെയും ആശയഗ്രാഹ്യതയില്ലാതെയും പാരായണം ചെയ്യുന്നതിന് പോലും പുണ്യമുണ്ട്. നബിതിരുമേനി പറഞ്ഞു: "ഒരാള്‍ ഖുര്‍ആനില്‍ നിന്നും ഒരക്ഷരം പരായണം ചെയ്താല്‍ അതൊരു നന്മയാണ്. ഒരു നന്മയാകട്ടെ, അതിന്റെ പത്തിരട്ടിക്ക് തുല്യവും! അലിഫ് ലാം മീം എന്നത് ഒരക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. അലിഫ് ഒരക്ഷരമാണ്. ലാമും മീമും വേറെ അക്ഷരങ്ങളാണ്.'' (തിര്‍മിദി). ചില അധ്യായങ്ങളുടെ തുടക്കം പ്രത്യക്ഷത്തില്‍ അര്‍ഥമോ ആശയമോ ഇല്ലാത്ത ഒറ്റയക്ഷരമാണ്. ഈ ശബ്ദങ്ങളെ 'ഹുറൂഫുന്‍ മുഖത്തഅഃ' എന്നാണ് പറയാറുള്ളത്. അത്തരം അക്ഷരങ്ങള്‍ക്ക് പോലും പത്തിരട്ടി പ്രതിഫലമുണ്ടെന്നാണ് ഹദീസ് ഭാഷ്യം. ഇത്തരം അക്ഷരങ്ങളുടെ അര്‍ഥവും ആശയവും പാരായകര്‍ അറിയുന്നില്ല. അഥവാ അറിയാന്‍ കഴിയില്ല. ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നത് സ്വയം ഒരു പുണ്യകര്‍മമാണ്. അതിന്റെ അര്‍ഥമറിയുക എന്നത് മഹത്തായ മറ്റൊരു പുണ്യകര്‍മവും.
എന്നാല്‍ അര്‍ഥമറിയാതെ ബര്‍ക്കത്തിനുവേണ്ടി പാരായണം ചെയ്യാന്‍ മാത്രമുള്ള ഗ്രന്ഥമല്ല ഖുര്‍ആന്‍. ആശയം ഗ്രഹിച്ചാലേ ഖുര്‍ആന്‍ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയുള്ളൂ. മനുഷ്യ ജീവിതത്തിലുണ്ടാകുന്ന നീറ്റലും വേദനയുമകറ്റി ആശ്വാസം നല്‍കുന്ന ഗ്രന്ഥമാണല്ലോ ഖുര്‍ആന്‍. ആരാധനയും പ്രാര്‍ഥനയും മുതല്‍ രാഷ്ട്രീയവും രാഷ്ട്രാന്തരീയവും വരെ ഖുര്‍ആനിക പ്രതിപാദ്യങ്ങളാണ്. ഇത് തിരിച്ചറിഞ്ഞ് വിപ്ളവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷികളാകുംവിധം ഖുര്‍ആന്‍ നെഞ്ചിലേറ്റാന്‍ നമ്മുക്കാവണമെങ്കില്‍ ആഴമുള്ളതും ഗൌരവമര്‍ഹിക്കുന്നതുമായ പഠനം ഖുര്‍ആനില്‍ നടന്നിരിക്കണം. ഖുര്‍ആന്റെ മുമ്പില്‍ നമ്മുടെ ഹൃദയ കവാടങ്ങള്‍ തുറന്നിടണം. അറ്റമില്ലാത്തതും ആനന്ദദായകവുമായ ഖുര്‍ആന്‍ പഠനം നമ്മുടെ ഹൃദയങ്ങള്‍ക്ക് ഉണര്‍വും കരുത്തുമേകുമെന്നതില്‍ തര്‍ക്കമില്ല. "അവര്‍ ഖുര്‍ആനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ? അതോ അവരുടെ ഹൃദയങ്ങള്‍ക്ക് പൂട്ടുകളിട്ടിരിക്കുകയാണോ? (മുഹമ്മദ് 24) എന്ന് അല്ലാഹു ചോദിക്കുന്നുണ്ട്. ഖുര്‍ആനിലേക്ക് ഇറങ്ങിച്ചെല്ലും തോറും അമൂല്യമായ വിജ്ഞാനശേഖരം അവന്റെ മുമ്പില്‍ തുറക്കപ്പെടുകയായി. നിങ്ങളില്‍ ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണെന്ന തിരുവചനം എത്ര അര്‍ഥഗര്‍ഭം!
ഖുര്‍ആന്‍ പഠനം അനന്തമാണ്. ലോകത്ത് വിവിധ ഭാഷകളില്‍ നൂറുകണക്കിന് ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ ഇതിനകം ഇറങ്ങിക്കഴിഞ്ഞു. ഇപ്പോഴും അത് തുടരുന്നു. ഖുര്‍ആനികാദര്‍ശത്തിന്റെ കേന്ദ്ര അച്ചുതണ്ടില്‍നിന്നുകൊണ്ട് പുതിയ ആശയ പ്രപഞ്ചങ്ങള്‍ തുറക്കുകയും സമകാലിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്നവയാണ് ഈ വ്യാഖ്യാനഗ്രന്ഥങ്ങളെല്ലാം. ദശക്കണക്കിന് വാള്യങ്ങളുള്ള ഈ ഗ്രന്ഥശേഖരം തന്നെയാണ് അറ്റമില്ലാത്ത ഖുര്‍ആന്‍ പഠനത്തിന്റെ നേര്‍സാക്ഷ്യം.
ഖുര്‍ആന്‍പഠനം ജീവിതത്തെ സ്വാധീനിക്കും വിധമായിരിക്കണം. ഖുര്‍ആനോടുള്ള നമ്മുടെ സമീപനത്തിന്റെ പ്രധാനഭാഗമാണിത്. മനസ്സിനെ സ്വാധീനിക്കാതെ ബാഹ്യപ്രകടനങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഖുര്‍ആന്‍ പഠനം ഭാവിജീവിതത്തില്‍ ദുരന്തങ്ങള്‍ മാത്രമാണ് സമ്മാനിക്കുക. "അല്ലാഹുവിനെ പറയപ്പെടുന്നത് കേട്ടാല്‍ ഹൃദയം പ്രകമ്പിതരാകുന്നവരത്രെ യഥാര്‍ഥ സത്യവിശ്വാസികള്‍. അവരുടെ സമക്ഷം അവന്റെ സൂക്തങ്ങള്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ അവര്‍ക്ക് വിശ്വാസം വര്‍ധിക്കുകയും സര്‍വസ്വവും തങ്ങളുടെ നാഥനില്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നു അവര്‍'' (അല്‍അന്‍ഫാല്‍ 2). വിശ്വാസിയില്‍ ഖുര്‍ആന്‍ പാരായണം ചെലുത്തുന്ന സ്വാധീനം ഖുര്‍ആന്‍ തന്നെ വരച്ചു കാട്ടുകയാണിവിടെ.
ഖുര്‍ആന്റെ മുഖ്യ പ്രമേയം മനുഷ്യജീവിതമാണ്. ആരാധനയും പ്രാര്‍ഥനയും മാത്രമല്ല അതിന്റെ പ്രതിപാദ്യം. മനുഷ്യന്റെ ആത്മീയദാഹം മാത്രം തീര്‍ക്കാനുള്ളതുമല്ലിത്. ആരാധനാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട അധ്യാപനങ്ങള്‍ ഖുര്‍ആനില്‍ താരതമ്യേന കുറവാണ്. മനുഷ്യന്റെ ജീവല്‍പ്രശ്നങ്ങളാണ് ഖുര്‍ആനികാധ്യാപനങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. സാമ്പത്തികം, കുടുംബം, സാമൂഹികം, നാഗരികം, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങി നാനാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. നിസ്സാരമെന്ന് കരുതുന്നതും നിത്യജീവിതത്തില്‍ അവഗണിക്കാന്‍ സാധ്യതയുള്ളതുമായ പലകാര്യങ്ങളും ഖുര്‍ആന്‍ ഗൌരവപൂര്‍വം ചര്‍ച്ചക്കെടുക്കുന്നു.
അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കാനുള്ള ദൈവിക കല്‍പന നടപ്പില്‍ വരുന്നത് ഖുര്‍ആന്‍ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുമ്പോള്‍ മാത്രമാണ്. ജീവിതം മുഴുവന്‍ ഖുര്‍ആനിക അച്ചുതണ്ടില്‍ കേന്ദ്രീകരിക്കപ്പെടണം. ഒരു സമൂഹം നന്മയില്‍ ചരിക്കണമെങ്കില്‍ ഇതനിവാര്യമാണ്. നന്മതിന്മകള്‍ വേര്‍തിരിക്കാനുള്ള അര്‍ഹത അല്ലാഹുവിന് മാത്രമാണ്. സൃഷ്ടാവിനാണ് സൃഷ്ടികളുടെ നോവും നനവും തിരിച്ചറിയാനാവുക. "അറിയുക! സൃഷ്ടിപ്പ് അവനാകുന്നു. കല്‍പിക്കാനുള്ള (നന്മയും തിന്മയും) അധികാരവും അവന് തന്നെ'' (അല്‍അഅ്റാഫ് 54)
ഖുര്‍ആനികാധ്യാപനങ്ങളുടെ പ്രയോഗവല്‍കരണം വ്യക്തിജീവിതത്തില്‍ നിന്ന് ആരംഭിക്കണം. വ്യക്തിയില്‍ ഖുര്‍ആന്‍ ഉള്‍ച്ചേര്‍ന്നാല്‍ മാനവികതയുടെ ഉയര്‍ന്ന തലങ്ങളില്‍ അവന്‍ എത്തിപ്പെടുന്നു. ഈ വ്യക്തി പ്രഭാവം ഒരു മാതൃകാ സമൂഹത്തിന്റെ നിര്‍മിതിക്ക് നിമിത്തമാകും. പ്രവാചക വിപ്ളവത്തിന്റെ സൂത്രവാക്യം കൂടിയാണിത്. ഖുര്‍ആന്റെ ജീവല്‍ സാക്ഷികളെ നിര്‍മിച്ചെടുക്കുന്ന ദൌത്യമാണ് പ്രവാചക പാഠശാലയില്‍ നിര്‍വഹിക്കപ്പെട്ടിരുന്നത്. നബിതിരുമേനി ജ്വലിക്കുന്ന മാതൃകയായി അവര്‍ക്കിടയില്‍ തിളങ്ങിനില്‍ക്കുകയും ചെയ്തു. താങ്കള്‍ മഹത്തായ സ്വഭാവത്തിന്റെ ഉടമായണെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച തിരുനബിയുടെ സ്വഭാവ മഹിമയെ കുറിച്ച് പ്രിയ പത്നി ആഇശയോട് ചോദിച്ചപ്പോള്‍ "അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനായിരുന്നു'' എന്നായിരുന്നു മറുപടി. സ്വജീവിതത്തിലൂടെ ഖുര്‍ആനിക സന്ദേശം പ്രചരിപ്പിക്കുകയും എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശമെന്ന് ഉറക്കെപ്പറയുകയും ചെയ്യുകയായിരുന്നു നബിതിരുമേനി. ഖുര്‍ആനിക വിപ്ളവത്തിന്റെ പൊരുള്‍ ഇതുതന്നെ. 'നിങ്ങള്‍ ഇത്(ഖുര്‍ആന്‍)കൊണ്ട് വലിയ ജിഹാദ് ചെയ്യുവിന്‍' എന്ന ഖുര്‍ആനികാഹ്വാനം വിരല്‍ ചൂണ്ടുന്നതും ഇതിലേക്ക് തന്നെ.
ഖുര്‍ആന്‍ മനുഷ്യ സമൂഹത്തിന്റെ വഴികാട്ടിയായത് കൊണ്ട് തന്നെ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കേണ്ടതുണ്ട്. പ്രവാചകത്വത്തിന് പരിസമാപ്തി കുറിക്കപ്പെട്ടതോടെ അതത് കാലത്തെ മുസ്ലിം സമൂഹത്തിന്റെ പൊതുബാധ്യതയാണിത്. എന്നാല്‍ ഖുര്‍ആന്‍ മുസ്ലിംകള്‍ അല്ലാത്തവര്‍ സ്പര്‍ശിക്കാവതല്ലെന്നും സ്പര്‍ശിച്ചവന്റെ കണ്ണ് പൊട്ടിപ്പോകുമെന്നും വരെയുള്ള അന്ധവിശ്വാസങ്ങള്‍ ഇപ്പോഴും മുസ്ലിം സമൂഹത്തില്‍നിന്ന് പൂര്‍ണമായും നീങ്ങിക്കഴിഞ്ഞിട്ടില്ല. പള്ളിയും ഖുര്‍ആനുമൊക്കെ സമുദായത്തിന്റെത് മാത്രമാണെന്ന് കരുതുന്ന ഒരു വലിയ വിഭാഗം ഇന്നും ഉണ്ട്. സ്വജീവിതത്തില്‍ ഖുര്‍ആന്‍ പകര്‍ത്തുന്നില്ലെന്നതിന് പുറമെ, അത് മറ്റുള്ളവരില്‍ നിന്ന് ഒളിപ്പിച്ച് വെക്കുകയും ചെയ്യുന്നുവെന്ന ഇരട്ടക്കുറ്റമാണ് അവര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.
ഖുര്‍ആന്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. തെറ്റിദ്ധാരണയുടെ ആഴവും പരപ്പും വര്‍ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടി പലകോണുകളിലും അരങ്ങേറിക്കൊണ്ടിരിക്കുന്നു. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കപ്പെട്ടതിന്റെ ഒമ്പതാം വാര്‍ഷികമായ വരുന്ന സെപ്റ്റംബര്‍ 11 'അന്താരാഷ്ട്ര ഖുര്‍ആന്‍ കത്തിക്കല്‍' ദിനമായി ആചരിക്കാനുള്ള ഫ്ളോറിഡയിലെ ചര്‍ച്ച് മേധാവിയുടെ ആഹ്വാനം' അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രം. ഭീകരവാദവും തീവ്രവാദവും ലോകഭീഷണിയായി വളരാനുള്ള കാരണം ഖുര്‍ആനാണെന്ന പ്രചാരണം വ്യാപകമാണിന്ന്. മുസ്ലിം സമൂഹത്തില്‍തന്നെ ഒരു ചെറിയ വിഭാഗം ഖുര്‍ആന്‍ ഇങ്ങനെയെല്ലാം ആഹ്വാനം ചെയ്യുന്നുണ്ടെന്ന് ധരിച്ചുവശായതിന്റെ കേരളാ മോഡലാണ് കൈവെട്ട് സംഭവത്തെ ന്യായീകരിച്ച് ഇന്നും പ്രചരിച്ച് കൊണ്ടിരിക്കുന്ന ലഘുലേഖകളും പ്രഭാഷണങ്ങളും.
ശത്രുക്കളാണെങ്കില്‍ പോലും അവരെ കൊന്നും കൈകാല്‍ വെട്ടിയും ഭൂമിയില്‍നിന്നും തുടച്ച് മാറ്റുന്ന ശുദ്ധികലശമല്ല ഖുര്‍ആനിക രീതിശാസ്ത്രം. സംവാദത്തിലൂടെയും ആശയപ്രചാരണത്തിലൂടെയും മനസ്സിനെ കീഴടക്കിയും ഖുര്‍ആനിക വ്യക്തിത്വം സ്വജീവിതത്തിലൂടെ പ്രകടമാക്കിയുമാണ് ആ ദൌത്യനിര്‍വഹണം സാധിക്കേണ്ടത്. ഒരു ബഹുസ്വര സമൂഹത്തില്‍ വ്യക്തികളും സംഘങ്ങളും നിയമം കൈയിലെടുത്ത്, ഇസ്ലാമിനെയും മുസ്ലിംകളെയും പൊതുസമൂഹം തെറ്റിദ്ധരിക്കുംവിധം ഒളിയാക്രമണങ്ങള്‍ നടത്തി ഒരു ജനതയെ ഒന്നടങ്കം പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്ന സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഖുര്‍ആനിന്റെ ഏത് ഭാഷയിലും ന്യായീകരണമര്‍ഹിക്കാത്ത പാതകമാണ്. കുഴപ്പം സൃഷ്ടിക്കലല്ല, ഇല്ലാതാക്കലാണ് നിര്‍ണായക ഘട്ടത്തിലെ യുദ്ധലക്ഷ്യം പോലും.
ഭൌതികലോകത്ത് ക്ഷേമവും പരലോകത്ത് മോക്ഷവും ഖുര്‍ആന്റെ വാഗ്ദാനമാണ്. അതിനുതകും വിധമുള്ള അധ്യാപനങ്ങളാണ് ഖുര്‍ആന്റെ ഉള്ളടക്കം. ഇത് തള്ളാനും കൊള്ളാനുമുള്ള സ്വാതന്ത്യ്രവും ഖുര്‍ആന്‍ വകവെച്ച് നല്‍കുന്നുണ്ട്. ഖുര്‍ആനിക നന്മകള്‍ ഉള്‍ക്കൊളളാന്‍ കഴിയാത്തവിധം പൊതുബോധം വിഷലിപ്തമാക്കാന്‍ ഖുര്‍ആന്‍ വിരോധം പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു പരിധിവരെ ഇന്ന് സാധിച്ചിട്ടുണ്ട്. അതിന്റെ ബഹളങ്ങളാണ് ഇന്ന് പെയ്തിറങ്ങിക്കൊണ്ടിരിക്കുന്നത്. ഖുര്‍ആനിന്റെ നേര്‍മാതൃകകളായി സ്വയം മാറുകയും ഖുര്‍ആനിക വെളിച്ചം എല്ലാവര്‍ക്കും സത്യസന്ധമായി പകര്‍ന്ന് നല്‍കുകയും ചെയ്യുക എന്നല്ലാതെ ഇതിനൊരു പരിഹാരമില്ല. ഖുര്‍ആനിന്റെ വെളിച്ചം പൊതുസമൂഹത്തിന്റെ അവകാശമാണെന്നിരിക്കെ അത് ഒളിപ്പിച്ച് വെക്കുന്നതും സത്യം പ്രചരിപ്പിക്കാതിരിക്കുന്നതും ഖുര്‍ആനിനോട് കാണിക്കുന്ന വലിയ അനീതിയായിരിക്കും. "നിശ്ചയം, നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍നവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് വിശദമാക്കി നല്‍കിയതിന് ശേഷം മറച്ച് വെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്'' (അല്‍ബഖറ 159). സംഭവലോകത്ത് തന്നെ ദൈവശാപമേല്‍ക്കുന്ന മഹാ അപരാധമായാണ് ഖുര്‍ആന്‍ ഇതിനെ കാണുന്നത്. പരലോകത്ത് ശിക്ഷ വേറെയും. "അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥത്തിലെ അധ്യാപനങ്ങള്‍ മറച്ച് വെക്കുകയും അതിന് വിലയായി തുഛമായ ഫലം നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്ന് നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയര്‍ത്തെഴുന്നേല്‍പ് നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. വേദനയേറിയ ശിക്ഷ അവര്‍ക്കുണ്ടായിരിക്കുകയും ചെയ്യും'' (അല്‍ബഖറ 174).
ഖുര്‍ആന്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കേണ്ടത് ഇങ്ങനെയൊക്കെയാണ്. നമ്മുടെ ജീവിത വിജയത്തിന്റെ ഏകോപാധിയാണ് ഖുര്‍ആന്‍. മനുഷ്യ സമൂഹത്തിന്റെ വിജയം ഉറപ്പ് വരുത്താന്‍ ഖുര്‍ആനിന്ന് മാത്രമേ സാധിക്കൂ. പരലോക വിജയമാണ് ഏറെ വലുത്. അത് ഖുര്‍ആനിലൂടെയല്ലാതെ ഉറപ്പ് വരുത്താനാകില്ല. ഖുര്‍ആന്‍ പരലോകത്ത് തണലും തുണയുമാകണം. മറിച്ച് സംഭവിക്കാനിടയായാല്‍ അതാണ് തീരാനഷ്ടവും പരാജയവും. ഖുര്‍ആന്‍ അര്‍ഹിക്കും വിധം പരിഗണിക്കപ്പെടാതെ പോയാല്‍ നബിതിരുമേനി അത്തരക്കാരെ സാക്ഷിയാക്കി നാഥനോട് ബോധിപ്പിക്കും: "നാഥാ, നിശ്ചയം എന്റെ ജനത ഈ ഖുര്‍ആനെ അഗണ്യതയില്‍ തള്ളിക്കളയുകയായിരുന്നു'' (അല്‍ഫുര്‍ഖാന്‍ 30).