വ്രതാനുഷ്ഠാനം ഉള്‍പ്പെടെയുള്ള എല്ലാ ഇബാദത്തുകളുടെയും ലക്ഷ്യം തഖ്വയാണെന്നും ദൈവഭക്തിയിലധിഷ്ഠിതമായ ഒരു മാനസികാവസ്ഥയാണതെന്നും ഈ കോളത്തില്‍ നേരത്തെ സൂചിപ്പിച്ചുവല്ലോ. അല്ലാമ സയ്യിദ് സുലൈമാന്‍ നദ്വി തഖ്വയെ വിശദീകരിക്കുന്നതിങ്ങനെയാണ്: 'മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങളെ സമ്പൂര്‍ണമായി ഒറ്റപദത്തില്‍ അവതരിപ്പിക്കണമെന്നുണ്ടെങ്കില്‍ 'തഖ്വ' എന്ന പദത്തിലൂടെ നമുക്കത് സാധിക്കും. ഇസ്ലാമിന്റെ എല്ലാ അധ്യാപനങ്ങളും അതിന്റെ കര്‍മമൂശയില്‍ തഖ്വയുടെ ചൈതന്യം തുടിക്കണമെന്ന് താല്‍പര്യപ്പെടുന്നുണ്ട്.... മുഹമ്മദീയ വെളിപാടിന്റെ സാങ്കേതിക ഭാഷയില്‍, അല്ലാഹുവിന്റെ സാന്നിധ്യത്തെയും നിരീക്ഷണത്തെയും സംബന്ധിച്ച ബോധം സദാ സജീവമായി നിലനില്‍ക്കുകയും അതില്‍നിന്ന് നന്മതിന്മകളുടെ വിവേചനത്തില്‍ ജാഗ്രതയും നന്മയില്‍ ആഭിമുഖ്യവും തിന്മയില്‍ വിരക്തിയും, ഉളവാകുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയുടെ പേരാണ് തഖ്വ. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ കല്‍പനയനുസരിച്ച് കൈകാര്യം ചെയ്യാനുള്ള അതീവ താല്‍പര്യവും അതിനെതിരാകുന്നതിലുള്ള കടുത്ത നീരസവുമുള്ള ഒരന്തരാളം - മനഃസാക്ഷി.' (സീറതുന്നബി അഞ്ചാംഭാഗം) ഇമാം ബൈദാവി തന്റെ തഫ്സീറില്‍ അല്‍ബഖറ 21-ാം സൂക്തം വിശദീകരിച്ചുകൊണ്ടെഴുതി: "സന്മാര്‍ഗചാരികളുടെ അവസാനത്തെ പടിയാണ് 'തഖ്വ' എന്നുണര്‍ത്തിയിരിക്കുകയാണ് അല്ലാഹു ഇവിടെ. അല്ലാഹുവല്ലാത്ത എല്ലാത്തില്‍നിന്നും മുക്തനായി അല്ലാഹുവില്‍ മുഴുകുകയാണത്. അല്ലാഹുവിനെ ആരാധിക്കുന്നവര്‍ തങ്ങളുടെ ആരാധനയില്‍ വഞ്ചിതരായിക്കൂടാ. അവര്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ ഭയവും അനുഗ്രഹത്തില്‍ പ്രതീക്ഷയും ഉള്ളവരായിരിക്കണം.'' ഇതേ ആശയം സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി തന്റെ 'തഹ്രീകെ ഇസ്ലാമി കി അഖ്ലാഖീ ബുന്‍യാദേന്‍' എന്ന കൃതിയില്‍ കുറെക്കൂടി വിസ്തരിച്ചവതരിപ്പിച്ചതായി കാണാം.
മനുഷ്യര്‍ ദൈവിക ചിഹ്നങ്ങളെ ആദരിക്കുന്നത് ഹൃദയങ്ങളിലുള്ള തഖ്വയുടെ ഫലമായിട്ടാണെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട് (22:32). തത്ത്വശാസ്ത്രങ്ങളെയും സ്ഥാപനങ്ങളെയുമൊക്കെ പ്രതിനിധീകരിക്കുന്ന എല്ലാം അതിന്റെ ചിഹ്നങ്ങളാകുന്നു. രാജ്യങ്ങള്‍ക്ക് ദേശീയപതാക, പാര്‍ട്ടികള്‍ക്ക് മുദ്രാവാക്യങ്ങള്‍, സ്കൂളുകള്‍ക്ക് യൂനിഫോം തുടങ്ങിയവ ഉദാഹരണങ്ങള്‍. അല്ലാഹു പാവനമെന്ന് കല്‍പിച്ച സ്ഥലങ്ങള്‍, വസ്തുക്കള്‍, ചടങ്ങുകള്‍, വേദപ്രമാണങ്ങള്‍, ദൃഷ്ടാന്തങ്ങള്‍ തുടങ്ങിയവ അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെടുന്നു. രാജ്യസ്നേഹികള്‍ക്ക് ദേശീയ പതാകയെയും പാര്‍ട്ടി കൂറുള്ളവര്‍ക്ക് പാര്‍ട്ടി മുദ്രാവാക്യങ്ങളെയും അനാദരിക്കാന്‍ കഴിയാത്തതുപോലെ തഖ്വയുള്ളവര്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളെയും അനാദരിക്കാനാവില്ല.
തഖ്വ മാനസികാവസ്ഥയാണെങ്കില്‍ ആ അവസ്ഥയുടെ പ്രകടനരൂപമാണ് ഇഹ്സാന്‍. നന്മ ചെയ്യല്‍ എന്നാണ് ഇഹ്സാന്റെ സാമാന്യ അര്‍ഥമെങ്കിലും സൂക്ഷ്മമായ അര്‍ഥത്തില്‍ ഇഹ്സാന്‍ നല്ലത് നല്ല രീതിയില്‍ നിര്‍വഹിക്കലാണ്. ഈ അര്‍ഥത്തിലുള്ള ഇഹ്സാനാണ് തഖ്വയുടെ പ്രത്യക്ഷീകരണമാകുന്നത്. ആരാധനാ കര്‍മങ്ങള്‍ തഖ്വയുടെ അനിവാര്യ താല്‍പര്യമാണ്. എങ്കിലും അരാധനകളനുഷ്ഠിച്ചതുകൊണ്ടുമാത്രം ഒരാള്‍ മുത്തഖിയാകുന്നില്ല. ഏറ്റം നല്ല ആരാധനയാണ് നമസ്കാരം. പക്ഷേ, നല്ല നിലയിലല്ല നിര്‍വഹിക്കുന്നതെങ്കില്‍ അത് ശാപഹേതുകമായി ഭവിക്കുന്നു. നമസ്കാരം നല്ല രീതിയില്‍ അനുഷ്ഠിക്കുകയെന്നാല്‍ ഫര്‍ദുകളും ശര്‍തുകളും സുന്നത്തുകളും കൃത്യമായി പാലിച്ചുകൊണ്ട് നമസ്കരിക്കുക മാത്രമല്ല. അതൊക്കെ കൃത്യമായി പാലിച്ചാലും നമസ്കാരം ജീവിതത്തെ സ്വാധീനിക്കുന്നില്ലെങ്കില്‍ നമസ്കാരക്കാര്‍ അഭിശപ്തരാകും. ആരാധനാ കര്‍മങ്ങളില്‍ എത്ര നിഷ്ഠയുള്ളവരായാലും പട്ടിണിപ്പാവങ്ങളുടെ വിശപ്പകറ്റാന്‍ ശ്രമിക്കാത്തവന്‍ മതനിഷേധിയാണെന്നും പരസ്പരം ഉപകാരം ചെയ്യാന്‍ കൂട്ടാക്കാത്തവരുടെ നമസ്കാരം കപടനാട്യമാണെന്നും ഖുര്‍ആന്‍ പറയുന്നു (107:1-7). തഖ്വയും അതിന്റെ പ്രത്യക്ഷരൂപമായ ഇഹ്സാനും, നിര്‍ണിതവും നിര്‍ബന്ധവുമായ അനുഷ്ഠാനങ്ങളിലും വിധിവിലക്കുകളുടെ പാലനത്തിലും പരിമിതമാകുന്നില്ല എന്നാണിത് വ്യക്തമാക്കിത്തരുന്നത്. അനുഷ്ഠാനങ്ങളുടെ പ്രചോദനം അല്ലാഹുവിനോടുള്ള ഭക്തിയും സ്നേഹവുമാകണം. അല്ലാഹുവിനെ സ്നേഹിക്കുന്നവര്‍ അവന്റെ ഗുണങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കും. അല്ലാഹു സ്നേഹമയന്‍ (റഹീം), സമാധാനം (സലാം), ദയാലു (റഊഫ്) അങ്ങനെ പലപല സല്‍ഗുണങ്ങളുടെ ഉറവിടമാണ്. അല്ലാഹുവിനെ ആരാധിക്കുന്നവന്‍ സമസൃഷ്ടികളോട് സ്നേഹത്തോടെ, സമാധാനത്തോടെ, പരസ്പരം സഹകരിച്ചും സേവിച്ചും വാഴുമ്പോഴാണ് മുത്തഖിയും മുഹ്സിനുമാകുന്നത്.
ഇഹ്സാനിനെ ഏറ്റം ലളിതമായും സമഗ്രമായും മുഹമ്മദ് നബി(സ) വിശദീകരിച്ചു തന്നിട്ടുണ്ട്: "നിങ്ങള്‍ അല്ലാഹുവിനെ നേരില്‍ കണ്ടുകൊണ്ടിരിക്കുന്നു എന്നവണ്ണം അനുസരിക്കുക. നിങ്ങള്‍ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിങ്ങളെ കാണുന്നുണ്ടല്ലോ'' (ബുഖാരി). മനസ്സില്‍ ദൈവബോധം സദാ സജീവമാണെങ്കില്‍ ദൈവം നമ്മുടെ കണ്‍മുമ്പില്‍ നില്‍ക്കുന്നതുപോലെ തന്നെയാണ്. അല്ലാഹുവിനെ കണ്ടുകൊണ്ട് അവനിഷ്ടിമല്ലാത്ത ജീവിതം നയിക്കാന്‍ നമുക്കാവില്ല. ദൈവവിചാരം മനസ്സില്‍ പരത്തുന്ന വെളിച്ചമാണ് തഖ്വ. ആ വെളിച്ചത്തിലുള്ള പ്രായോഗിക ജീവിതമാണ് ഇഹ്സാന്‍. തഖ്വ ആര്‍ജിച്ചു കഴിഞ്ഞാല്‍ പിന്നെ മുന്നോട്ടു പോകാനുള്ള വഴി അതുതന്നെ നിര്‍ണയിച്ചു തരും. "അല്ലയോ സത്യവിശ്വാസികളായവരേ, അല്ലാഹുവില്‍ തഖ്വയുള്ളവരാകുവിന്‍. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സത്യാസത്യങ്ങള്‍ വിവേചിക്കുന്ന ഒരു ഉരകല്ല് നിശ്ചയിച്ച് തരുന്നതാകുന്നു. നിങ്ങളുടെ ദോഷങ്ങള്‍ പരിഹരിക്കുകയും പാപങ്ങള്‍ പൊറുക്കുകയും ചെയ്യും. അല്ലാഹു മഹത്തായ ഔദാര്യമുടയവനല്ലോ''(9:29). "അല്ലാഹുവില്‍ തഖ്വയുള്ളവര്‍ക്ക് അവന്‍ ക്ളേശങ്ങള്‍ തരണം ചെയ്യാന്‍ വഴിയൊരുക്കി കൊടുക്കുന്നതും അവര്‍ക്ക് ഊഹിക്കാന്‍ പോലുമാവാത്ത മാര്‍ഗങ്ങളിലൂടെ വിഭവങ്ങള്‍ പ്രദാനം ചെയ്യുന്നതുമാകുന്നു'' (65:2).