ചോ: ജമാഅത്തെ ഇസ്ലാമിയുടെ പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആദ്യവേദിയാണല്ലോ CWJ. ഇതുവഴി ഏതുതരം സാമൂഹിക മുന്നേറ്റമാണ് നിങ്ങള്‍ ലക്ഷ്യംവെക്കുന്നത്?
ഉ: ഇന്ത്യയിലെ രാഷ്ട്രീയ രംഗം പരിശോധിച്ചാല്‍ എളുപ്പം ബോധ്യപ്പെടുന്ന ചില വസ്തുതകളുണ്ട്. ഇവിടത്തെ ഭരണകൂട സംവിധാനങ്ങള്‍ പലപ്പോഴും ജനങ്ങള്‍ക്കിടയില്‍ സാമൂഹികനീതി സ്ഥാപിക്കുക, സര്‍വ ജനങ്ങളുടെയും പുരോഗതി ഉറപ്പുവരുത്തുക തുടങ്ങിയ മൌലിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ തന്നെ പരാജയപ്പെടുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അവസ്ഥയും വ്യത്യസ്തമല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ പലതരം താല്‍പര്യങ്ങള്‍ക്കായി ജനവിരുദ്ധപക്ഷത്ത് നിലയുറപ്പിക്കുകയാണ്. സ്വാതന്ത്യ്രം ലഭിച്ച് ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും നമ്മുടെ രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാതെ പോയത് ഈ രാഷ്ട്രീയ സമീപനം കൊണ്ടാണ്. എന്നല്ല മാറി മാറി ഭരിക്കുന്ന സര്‍ക്കാറുകളും അവരുടെ ഘടകങ്ങളായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും 73 ശതമാനം ഇന്ത്യക്കാരെയും ദാരിദ്യ്രരേഖയുടെ താഴേക്കു കൊണ്ടുവന്നു തള്ളി. ഈ പശ്ചാത്തലത്തിലാണ് പുതിയൊരു രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കാന്‍ ഇസ്ലാമിക പ്രസ്ഥാനം തീരുമാനിച്ചത്. ജനങ്ങളോടുള്ള അങ്ങേയറ്റത്തെ ഉത്തരവാദിത്വബോധത്തില്‍ നിന്നും ദൈവത്തോടുള്ള ബാധ്യതാ നിര്‍വഹണത്തില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന ജനസേവനത്തിന്റെ പുത്തന്‍ മേഖലയായിട്ടാണ് ഞങ്ങളിതിനെ നോക്കിക്കാണുന്നത്. ഇതൊരു ബദല്‍ രാഷ്ട്രീയ സംവിധാന (Alternative Politics)മാണ് മുന്നോട്ടു വെക്കുന്നത്.
ചോ: CWJ യുടെ രൂപവത്കരണത്തിലേക്ക് നയിച്ച വഴികള്‍?
ഉ: സമൂഹത്തിന്റെ പ്രശ്നങ്ങള്‍ നിരന്തരമായി ഉന്നയിക്കുകയും അവയെ വ്യതിരിക്തമായ വിശകലന രീതികളുപയോഗിച്ച് പഠിക്കുകയും ചെയ്യുക എന്നത് ജമാഅത്തെ ഇസ്ലാമിയുടെ എക്കാലത്തെയും പ്രധാന പ്രവര്‍ത്തനമായിരുന്നു. ആ അര്‍ഥത്തില്‍ സാമൂഹിക പ്രവര്‍ത്തനം നമുക്ക് പുത്തന്‍ മേഖലയല്ല. പ്രത്യേകിച്ചും 2005 മാര്‍ച്ചില്‍ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിലായി രൂപവത്കരിക്കപ്പെട്ട MPJ (മൂവ്മെന്റ് ഫോര്‍ പീസ് ആന്റ് ജസ്റിസ്) എന്ന സാമൂഹിക സംഘടന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തുറസ്സുകള്‍ ഞങ്ങള്‍ക്ക് സൃഷ്ടിച്ചുതന്നു. വിവിധ ജനവിഭാഗങ്ങളിലേക്കിറങ്ങിച്ചെല്ലുന്നതിനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അതുവഴി സാധിക്കുകയുണ്ടായി. ജനങ്ങളും വലിയ പ്രതീക്ഷകളോടെയാണ് അത്തരം മുന്നേറ്റങ്ങളെ നോക്കിക്കാണുന്നതും. തീര്‍ച്ചയായും അതിലൂടെ രൂപപ്പെട്ട ഒരു വഴിയിലൂടെയാണ് CWJയിലേക്കെത്തിച്ചേരുന്നത്.
ചോ: രാഷ്ട്രീയ ഭൂപടത്തില്‍ CWJ എവിടെ കേന്ദ്രീകരിച്ചാവും പ്രവര്‍ത്തിക്കുക?
ഉ: ഇപ്പോള്‍ പ്രവര്‍ത്തനമണ്ഡലമായി ഞങ്ങള്‍ തെരെഞ്ഞെടുത്തിരിക്കുന്നത് ഏറ്റവും താഴെ തട്ടിലുള്ള മുന്‍സിപ്പല്‍-പഞ്ചായത്ത് തലങ്ങളിലാണ്. ജനങ്ങള്‍ക്ക് ഏറെ അധികാരവും ജനങ്ങളെ സേവിക്കാന്‍ ഒട്ടേറെ അവസരവുമുണ്ടിവിടെ. രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റവും നിരുത്തരവാദപരമായി പെരുമാറുന്നതും ഈ മേഖലയില്‍ തന്നെയാണ്. 500 മുതല്‍ പതിനായിരം വരെ വോട്ടര്‍മാരാണ് നമ്മുടെ പഞ്ചായത്ത് വാര്‍ഡ് തലം മുതല്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് തലംവരെ ഉള്ളത്. നാം നമ്മുടെ പുത്തന്‍ രാഷ്ട്രീയം അവിടെനിന്ന് ആരംഭിച്ചാല്‍ ക്രമേണ അതിന്റെ ഫലം മുഴുവന്‍ മേഖലകളിലും ദൃശ്യമാവും എന്ന വിശ്വാസം നമുക്കുണ്ട്. വരുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ആന്ധ്രയില്‍ മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പ് നടക്കുകയാണ്. 2011 സെപ്തംബറില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പും നടക്കും. ആന്ധ്രപ്രദേശ് പ്രധാനമായും മൂന്ന് മേഖലകളിലാണ്. തെലുങ്കാന, റായല്‍സീമ, ആന്ധ്ര. ഇതില്‍ തെലുങ്കാന മേഖലയിലാണ് ഞങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 45 മുന്‍സിപ്പാലിറ്റികളില്‍ 20-ല്‍ മത്സരിക്കാനാണ് തീരുമാനം. ക്രമേണ മുഴുവന്‍ ആന്ധ്രയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.
ചോ: CWJ ഏതു വിഭാഗങ്ങളെയാണ് ലക്ഷ്യംവെക്കുന്നത്? സംഘടനയുടെ ഘടന എപ്രകാരമാണ്?
ഉ: സമൂഹത്തിലെ മുഴുവന്‍ ജനങ്ങളിലുമാണ് CWJയുടെ പ്രവര്‍ത്തനം. നമ്മുടെ സമൂഹത്തിലെ വളരെ ചെറിയൊരു ന്യൂനപക്ഷം ഒഴിച്ച് ബാക്കി ആളുകള്‍ പല കാരണങ്ങളാല്‍ അസ്വസ്ഥരാണ്. വിവിധ മത-ജാതി പ്രാദേശിക വിഭാഗങ്ങള്‍ക്ക് അവരുടേതായ ഒട്ടനവധി പ്രശ്നങ്ങളുണ്ട്. വ്യക്തികള്‍ എന്ന നിലയിലും കുടുംബങ്ങള്‍ എന്നനിലയിലും പ്രശ്നങ്ങളുണ്ട്. ഇവയൊക്കെ പരിഗണിക്കപ്പെടുകയും പരിഹരിക്കപ്പെടുകയും വേണം. ആ അര്‍ഥത്തില്‍ മുസ്ലിം-ദലിത്-റെഢി ജനവിഭാഗങ്ങളെയൊക്കെ അവരവരുടെ രാഷ്ട്രീയ അജണ്ടകളോടൊപ്പം, അവരുടെ സ്വത്വം അംഗീകരിച്ചുകൊണ്ട് ഈ രാഷ്ട്രീയ വേദിയില്‍ അണിനിരത്താനാണ് ഞങ്ങളുടെ ശ്രമം. ഇതൊരു മുസ്ലിം രാഷ്ട്രീയ പാര്‍ട്ടിയല്ല എന്നര്‍ഥം. പാര്‍ട്ടിയുടെ ഘടനയിലും എല്ലാതരം ജനങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടിരിക്കുകയാണ്.
സംഘടനയുടെ ഔദാേേഗിക പ്രഖ്യാപനം നടക്കുന്നതിന് മുമ്പ് തന്നെ വാര്‍ഡ്-മുന്‍സിപ്പല്‍ തലങ്ങളില്‍ ഘടകങ്ങള്‍ നിലവില്‍ വരികയുണ്ടായി. അതില്‍ എല്ലാ ജനവിഭാഗങ്ങളും ഉണ്ട്. പഞ്ചായത്ത് ഘടന പിന്നീട് നിലവില്‍ വരും. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതേയുള്ളൂ.
ചോ: സാമൂഹിക പ്രവര്‍ത്തനത്തിലെ പ്രധാന ഘടകമാണല്ലോ സ്ത്രീകള്‍. പ്രത്യേകിച്ചും പ്രാദേശിക തലങ്ങളില്‍ അവരുടെ പങ്കാളിത്തം മര്‍മപ്രധാനവുമാണ്. അവരെ എപ്രകാരമാണ് ഉള്‍ക്കൊള്ളുന്നത്?
ഉ: ലോക്കല്‍ ബോഡികളില്‍ ഇവിടെ 33 ശതമാനമാണ് വനിതാ സംവരണം. സാമൂഹിക പ്രവര്‍ത്തനത്തില്‍ വനിതകളുടെ പങ്ക് നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ CWJയുടെ എല്ലാ ഘടനയിലും വനിതകളുണ്ട്. മുഴുവന്‍ തലങ്ങളിലും അവര്‍ക്ക് സമാന്തര ഘടനയുമുണ്ട്.
ചോ: സ്ത്രീകള്‍ പൊതുരംഗത്തുവരുന്നതിനെ മുസ്ലിം സമുദായം, പ്രത്യേകിച്ച് പണ്ഡിതന്മാരും സംഘടനാ നേതാക്കളും എങ്ങനെയായിരിക്കും നോക്കികാണുക? സ്ത്രീകളുടെ പൊതുപ്രവര്‍ത്തന പങ്കാളിത്തം ഇന്നും മുസ്ലിം സമുദായത്തിനകത്ത് വലിയൊരു പ്രശ്നമാണ് എന്നതാണ് കേരളത്തിലെ അനുഭവം. മുസ്ലിം സ്ത്രീകളുടെ പൊതുപ്രവര്‍ത്തന രംഗത്തെ പരിചയക്കുറവ് CWJയുടെ പ്രവര്‍ത്തനത്തെയും ബാധിക്കില്ലേ?
ഉ: കേരളീയ സമൂഹം വിദ്യാഭ്യാസപരമായി ഏറെ മുന്നാക്കമാണെങ്കിലും ഇന്നും പുരുഷാധിപത്യ സമൂഹമാണ്് എന്നാണെന്റെ നിരീക്ഷണം. ഇവിടെ അത്തരമൊരു പ്രശ്നം രൂക്ഷമല്ല. നവാബുമാരുടെ ഭരണകാലത്ത് തന്നെ മുസ്ലിം സ്ത്രീകള്‍ സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. കലാ-സാംസ്കാരിക രംഗങ്ങളിലും അവരുടേതായ വലിയ സംഭാവനകള്‍ ഉണ്ടായിട്ടുണ്ട്. ഹൈദരാബാദിലെ മീനാബസാര്‍ അക്കാലത്തെ സ്ത്രീകളുടെ കച്ചവട കേന്ദ്രമായിരുന്നു. സാമൂഹിക പ്രവര്‍ത്തന രംഗത്ത് അവര്‍ വളരെ നേരത്തെ തന്നെ മുന്‍ നിരയില്‍ ഉണ്ട് എന്നര്‍ഥം. അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക എന്നതും, അവര്‍ ഇറങ്ങി പ്രവര്‍ത്തിക്കുക എന്നതും ഇവിടെ ആര്‍ക്കും പുതുമയുള്ള കാര്യമല്ല. 5 വര്‍ഷം മുമ്പ് ജമാഅത്തെ ഇസ്ലാമിയുടെ വനിതകള്‍ തന്നെ മുന്‍കൈയെടുത്ത് നടത്തിയ വലിയൊരു വനിതാ സമ്മേളനം ഹൈദരാബാദില്‍ നടക്കുകയുണ്ടായി. അത്തരമൊരനുഭവം ഇന്ത്യയില്‍ തന്നെ ആദ്യത്തേതായിരുന്നു. ആരും അതിനെതിരെ കാര്യമായി അപശബ്ദങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല. CWJ-യുടെ പ്രഖ്യാപന സമ്മേളനവേദിയില്‍ ഒരു സ്ത്രീ ഗാനം ആലപിക്കുകയുണ്ടായി. സ്റേജിലും സദസ്സിലും വിവിധ ചിന്താധാരകളില്‍പ്പെട്ട മുസ്ലിം പണ്ഡിതന്മാര്‍ ഉണ്ടായിരുന്നു. ആരും അതില്‍ ഒരസ്വാഭാവികതയും പ്രകടിപ്പിച്ചതുമില്ല. കുറച്ചുമാസങ്ങള്‍ക്കുമുമ്പ് ഇവിടെ വിവിധ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ മുസ്ലിം വനിതാ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്തിരുന്നു. അതില്‍ ഉന്നയിക്കപ്പെട്ട പ്രധാന കാര്യം സ്ത്രീകള്‍ സമൂഹത്തിന്റെ പൊതുപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രംഗത്തിറങ്ങണം എന്നതായിരുന്നു. അവര്‍ അവര്‍ക്കിടയിലേക്ക് മാത്രം പരിമിതപ്പെടരുതെന്ന്. ഇസ്ലാമിന്റെ പാരമ്പര്യവും അതുതന്നെയാണല്ലോ. ഉമറി(റ)ന്റെ കാലത്ത് ഒരു സ്ത്രീ മാര്‍ക്കറ്റിന്റെ ചുമതല വഹിച്ചിരുന്നല്ലോ. ഫ്യൂഡല്‍-കൊളോണിയല്‍ മൂല്യങ്ങളില്‍ നിന്നാണ് സ്ത്രീവിരുദ്ധമായ ഏതൊരാശയവും രൂപപ്പെടുന്നത്. അതില്‍ നിന്ന് മുസ്ലിം സമുദായമായിരുന്നു ആദ്യം പുറത്തുകടക്കേണ്ടിയിരുന്നത്.
ചോ: ഇത്തരമൊരു വേദി പ്രഖ്യാപനത്തോടുള്ള സമൂഹത്തിന്റെ പ്രതികരണമെന്തായിരുന്നു? മുസ്ലിം മതസംഘടനകള്‍ എങ്ങനെയാണതിനെ കണ്ടത്?
ഉ: വളരെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ ഇതിന്റെ വരവിനെ നോക്കിക്കാണുന്നത്. 2009 ഏപ്രില്‍ മാസത്തിലാണ് ഞങ്ങള്‍ ഇങ്ങനെയൊരാശയവുമായി ജനങ്ങളിലേക്കിറങ്ങുന്നത്. ജൂലൈയില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. അതില്‍ പല വിഭാഗക്കാരുമുണ്ടായിരുന്നു. മതസംഘടനകളും ഇതിനെ തുറന്ന മനസ്സോടെയാണ് സമീപിച്ചത്. പ്രഖ്യാപന സമ്മേളനത്തില്‍ ജംഇയ്യത്ത് അഹ്ലെ ഹദീസ് സംസ്ഥാന അധ്യക്ഷന്‍ മൌലാന ശഫീഅ് മദനി സാഹിബ്, ഹൈദരാബാദ് ജാമിഅ: നിസാമിയ്യയിലെ ശൈഖുല്‍ ഹദീസായ മുഫ്തി-ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ യാഥാസ്ഥിതിക ധാരയിലുള്ള മത പഠന കേന്ദ്രമാണത്- തുടങ്ങിയവര്‍ സ്റേജില്‍ തന്നെയുണ്ടായിരുന്നു. ധാരാളം മുസ്ലിം പണ്ഡിതന്മാരും പള്ളി ഇമാമുമാരും പരിപാടിയില്‍ സന്നിഹിതരായി. കടുത്ത യാഥാസ്ഥിതിക വിഭാഗമായ ബറേല്‍വി പണ്ഡിതന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരം ആളുകളുമായി ഞങ്ങള്‍ ബന്ധപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ കൂടുതല്‍ ആളുകള്‍ പിന്തുണയുമായി രംഗത്തെത്തുമെന്നാണ് പ്രതീക്ഷ.
ധാരാളം ആക്ടിവിസ്റുകള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതില്‍ ഇപ്പോള്‍ തന്നെ അണിനിരന്നിട്ടുണ്ട്. പ്രസിദ്ധ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എഞ്ചിനീയര്‍ ഇഖ്ബാല്‍ അഹ്മദ്, രാഷ്ട്രീയ നേതാവായ മുശ്താഖ് മലിക്, ഇടതുപക്ഷ ആക്ടിവിസ്റും മുന്‍ എം.എല്‍.സി (മെമ്പര്‍ ഓഫ് ലെജിസ്ളേറ്റീവ് കൌണ്‍സില്‍)യുമായ നാഗേശ്വര്‍, പ്രസിദ്ധ പത്രപ്രവര്‍ത്തകനായ എ.വി റാവു തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്.
ചോ: ജമാഅത്തെ ഇസ്ലാമിയുമായി പല നിലയില്‍ വിയോജിപ്പുള്ളവരാണല്ലോ ഇതര മുസ്ലിം മതസംഘടനകള്‍. എന്നിട്ടും ഈ വേദിയുമായി അവര്‍ക്ക് സഹകരിക്കാന്‍ കഴിയുന്നുണ്ടല്ലോ?
ഉ: ജമാഅത്തെ ഇസ്ലാമിക്കെതിരെ ഈ നാട്ടിലെ മുസ്ലിം സംഘടനകള്‍ ഉന്നയിക്കുന്ന മിക്ക ആരോപണങ്ങളുടെയും ഉള്ളടക്കം വിശ്വാസപരവും കര്‍മശാസ്ത്രപരവുമാണ്. ഞങ്ങളുടെ പ്രവര്‍ത്തന മണ്ഡലവും അതും തമ്മില്‍ യാതൊരു ബന്ധവുമില്ല. ജമാഅത്തെ ഇസ്ലാമിയുടെ അത്തരം ആശയങ്ങള്‍ പങ്കുവെക്കാനോ അവരുടെ അത്തരം ആശയങ്ങള്‍ ചര്‍ച്ചചെയ്യാനോ ഉള്ള വേദിയല്ല ഇതെന്ന് ഇരുകൂട്ടര്‍ക്കും നല്ല ബോധ്യമുണ്ട്. അതേസമയം രാഷ്ട്രീയപരമായി കൂടുതല്‍ ധാര്‍മികവും ജനപക്ഷപരവുമായ ഒരു മുന്നേറ്റം എന്നര്‍ഥത്തിലാണ് അവര്‍ ഇതിനെ മനസ്സിലാക്കുന്നത്.
ചോ: കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി പ്രായോഗിക രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചതോടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ചില മാധ്യമങ്ങളും ജമാഅത്തെ ഇസ്ലാമിയെ വലിയൊരു സാമൂഹിക പ്രശ്നമായി പൊതുസമൂഹത്തില്‍ ഉന്നയിക്കുന്ന ഒരു സവിശേഷ സാഹചര്യമുണ്ട്. ഇടതും വലതുമുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് ആ പ്രവണതയെ മുന്നോട്ട് നയിക്കുന്നത്. CWJയുടെ വരവിനെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഉ: നാല് മേഖലയില്‍ നിന്നുള്ള വെല്ലുവിളികള്‍ പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണ് ഞങ്ങള്‍ രംഗത്തിറങ്ങിയത്. ഒന്ന്, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍. രണ്ട്, മുതലാളിത്തലോബി. മൂന്ന്, മാധ്യമങ്ങള്‍. നാല്, മസില്‍ പവര്‍- ആന്ധ്ര രാഷ്ട്രീയത്തില്‍ മസില്‍ പവറും നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. പ്രാദേശികമായി പല സ്ഥലങ്ങളിലും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ മേഖലയില്‍ സജീവമാണ്. പ്രത്യേകിച്ച് മുസ്ലിം പോക്കറ്റുകളില്‍.
ഈ നാലു വിഭാഗങ്ങളും ഇതിനെ എതിര്‍ക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരായി ഇതുവരെയും ഒന്നും പ്രതികരിച്ചിട്ടില്ല.
ചില കോണ്‍ഗ്രസ് - ടി.ഡി.പി നേതാക്കള്‍ CWJയുടെ വരവിനെ അനൌദ്യോഗികമായി സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷേ, അവര്‍ ഉന്നയിച്ചത് ഇത് നിങ്ങള്‍ക്ക് നടക്കുന്ന കാര്യമല്ല, അത്രയും മലീമസമാണ് ഈ രംഗം, അതുകൊണ്ട് നിങ്ങള്‍ സ്വാഭാവികമായും ഫീല്‍ഡില്‍ നിന്ന് ഒഴിഞ്ഞു പോകും എന്നായിരുന്നു.
ചോ: അത്തരമൊരാശങ്ക പൊതുവെ ഉയര്‍ത്തപ്പെടുന്നുണ്ട്. അഥവാ അധാര്‍മികത, പണം മുതലായവയാണ് രാഷ്ട്രീയ പ്രവര്‍ത്തന മണ്ഡലത്തില്‍ വിജയിക്കാനാവശ്യമായ അടിസ്ഥാന ഉരുപ്പടി എന്ന്?
ഉ: നമ്മുടെ രാഷ്ട്രീയക്കാരില്‍ പലരും സ്വയം അധാര്‍മികരാവുകയും അതുവഴി രാഷ്ട്രീയരംഗത്തെ അധാര്‍മികവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ മണ്ഡലം സ്വയം അധാര്‍മികമല്ല. ജനസേവനത്തിന്റെ മഹത്തായൊരു മാധ്യമമാണത്. സത്യസന്ധത, ധാര്‍മികത, വിശുദ്ധി തുടങ്ങിയ മൂല്യങ്ങള്‍ക്ക് ഇന്നും ജനങ്ങളില്‍ വലിയ സ്വാധീനമുണ്ട്. അത്തരക്കാരിലാണ് നമ്മുടെ പ്രതീക്ഷ. ഇവിടെ ധാരാളം സമാന്തര രാഷ്ട്രീയക്കാരും വ്യക്തികളും രാഷ്ട്രീയത്തിന്റെ ഈ സാധ്യത പ്രായോഗികമായി തെളിയിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് ഞാന്‍ നേരത്തെ സൂചിപ്പിച്ച മുന്‍ എം.എല്‍.സി നാഗേശ്വര്‍. അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ 5 കോടി രൂപ പ്രചാരണത്തിനായി ഒഴുക്കിയപ്പോള്‍ 2 ലക്ഷം രൂപ മാത്രമാണ് അദ്ദേഹത്തിന് ചെലവായത്. എന്നിട്ടുമദ്ദേഹം ജയിച്ചുവന്നു. വോളന്ററി റിട്ടയര്‍മെന്റ് വാങ്ങി സാമൂഹിക പ്രവര്‍ത്തനരംഗത്തേക്കിറങ്ങിയ ജയപ്രകാശ് ഐ.എ.എസ് ലോക്സത പാര്‍ട്ടിയിലൂടെ ഒരു ലക്ഷം രൂപ പോലും ചെലവഴിക്കാതെ എം.എല്‍.എ ആയ അനുഭവവും ഇവിടെയുണ്ട്. അപ്പോള്‍ പണവും പവറും മാത്രമല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
പിന്നെ നമുക്ക് രംഗം വിട്ടോടേണ്ടി വരുന്ന ഒരവസ്ഥയുമില്ല. കാരണം 60 വര്‍ഷമായി നാം ഈ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നവരാണ്. ആറ് പതിറ്റാണ്ട് കാലത്തെ നമ്മുടെ പൊതുജീവിതം സംശുദ്ധമാണെന്ന് ജനത്തിനറിയാം. അതിന്റെ അംഗീകാരം രാഷ്ട്രീയത്തില്‍ അവര്‍ നമുക്ക് നല്‍കുക തന്നെ ചെയ്യും.
പിന്നെ ഇടതുപാര്‍ട്ടികള്‍ ആന്ധ്രയില്‍ അത്ര ശക്തമായ സാന്നിധ്യമല്ല. ഉള്ളവര്‍ ഞങ്ങളുമായി സഹകരിക്കുന്നുമുണ്ട്. വരവരറാവുവിനെ പോലുള്ള ഇടതുപക്ഷ പ്രവര്‍ത്തകര്‍, ജമാഅത്തെ ഇസ്ലാമിയുമായി ആശയപരമായി വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടുതന്നെയാണ് ഞങ്ങളുമായി സഹകരിക്കുന്നത്.
ചോ: അപ്പോള്‍ ജമാഅത്തെ ഇസ്ലാമി ഇസ്്ലാമിക രാഷ്ട്ര സ്ഥാപനത്തിനുവേണ്ടി ശ്രമിക്കുന്നുവെന്ന് അവര്‍ ഉന്നയിക്കാറില്ലേ?
ഉ: അതവര്‍ ഉന്നയിക്കാറുണ്ട്. പക്ഷേ, അതിനെക്കുറിച്ച അവരുടെ പ്രതികരണം വളരെ രസാവഹമാണ്. ഇന്ത്യയില്‍ അത് നടക്കുന്ന കാര്യമല്ലല്ലോ. നടക്കാത്ത ഒരു കാര്യത്തിന്റെ പേരില്‍ നിങ്ങളുമായി എന്തിന് ശണ്ഠകൂടണം. അതേസമയം സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെ ശക്തിപ്പെടുത്തല്‍, സാമൂഹിക നീതിയുടെ സ്ഥാപനം, മുതലാളിത്ത-ഫ്യൂഡല്‍-ജന്മി തേര്‍വാഴ്ച്ചക്കെതിരായ പോരാട്ടം, അഴിമതി രഹിത ഭരണം തുടങ്ങിയ ധാരാളം പ്രശ്നങ്ങളില്‍ നിങ്ങളുമായി സഹകരിക്കുന്നതിന് അതൊരു തടസ്സമാകേണ്ടതില്ല എന്നവര്‍ പറയുന്നു. മുഖ്യധാരാ ഇടതുപക്ഷ രാഷ്ട്രീയ ധാരക്ക് പുറത്തുള്ള ധാരാളം ഇടത് ആക്ടിവിസ്റുകളും ഞങ്ങളുമായി സഹകരിക്കുന്നുണ്ട്.
ചോ: തെലുങ്കാനയില്‍ പ്രത്യേകിച്ച് ഹൈദരാബാദ് കേന്ദ്രീകരിച്ച്് മുസ്ലിം മജ്ലിസെ ഇത്തിഹാദ് എന്ന പേരില്‍ നേരത്തെ തന്നെ ഒരു മുസ്ലിം രാഷ്ട്രീയ പാര്‍ട്ടി നിലവിലുണ്ടല്ലോ. ലോക്സഭാ-നിയമസഭാ മണ്ഡലങ്ങളില്‍ അവര്‍ക്ക് പ്രാതിനിധ്യവുമുണ്ട്. അവരുടെ പ്രതികരണം എന്താണ്?
ഉ: നാം ഉപഭോക്താക്കളാകുന്ന കാലത്തോളം എല്ലാ കച്ചവടക്കാര്‍ക്കും നാം ഏറെ പ്രിയങ്കരരായിരിക്കും. നമ്മെ അവര്‍ എന്നും സഹര്‍ഷം സ്വാഗതം ചെയ്തുകൊണ്ടിരിക്കും. അതേസമയം നാം സ്വന്തമായൊരു കട എവിടെയെങ്കിലും തുറന്നാലോ പിന്നെ അതിനെ തകര്‍ക്കാനാവും അവരുടെ ശ്രമം.
ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ മണ്ഡലത്തിലെ വളരെ ദുര്‍ബല സാന്നിധ്യമാണ്. അത് തന്നെ ചില വ്യക്തികളിലും കുടുംബങ്ങളിലും കറങ്ങിക്കൊണ്ടിരിക്കുന്നതും. കശ്മീരില്‍ അബ്ദുല്ല കുടുംബത്തിന്റേതാണെങ്കില്‍ ഹൈദരാബാദില്‍ ഉവൈസി കുടുംബത്തിന്റെതും. യു.പി.യില്‍ അന്‍സാരി കുടുംബത്തിന്റേതും ബിഹാറില്‍ ശിഹാബുദ്ദീന്‍ കുടുംബത്തിന്റേതുമാണത്. കേരളത്തിലും സ്ഥിതി സമാനം തന്നെയാണ്. അതുതന്നെ സമുദായത്തിലെ വളരെക്കുറച്ചാളുകളെ പ്രതിനിധീകരിക്കുന്നതുമാണ്.
അവര്‍ക്ക് രാജ്യത്തിന്റെയോ സംസ്ഥാനങ്ങളുടെയോ നയങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയുന്നില്ല എന്നുമാത്രമല്ല അവരുടെ നയങ്ങള്‍ മറ്റു പലരും രൂപപ്പെടുത്തുന്ന ഗതികേടുമുണ്ട്. ഈ അവസ്ഥ മാറണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. മുസ്ലിം സമുദായം ആരുടെയും കുത്തകയല്ല. മുസ്ലിം സമുദായത്തിന് കൂടുതല്‍ ഗൌരവതരമായ അജണ്ടകളും പ്രത്യുല്‍പന്നമതിത്വമുള്ള നേതൃത്വവും അനിവാര്യമായ ഒരു ചരിത്രഘട്ടത്തില്‍, നിലവിലുള്ള മുസ്്ലിം രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും കൂടുതല്‍ ഉള്ളുപൊള്ളയായികൊണ്ടിരിക്കുകയാണ്. അതിനെ മറികടക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. അതേസമയം ആരെയെങ്കിലും പ്രത്യേകമായി ടാര്‍ഗറ്റ് ചെയ്യുക എന്നതും ഞങ്ങളുടെ ലക്ഷ്യമല്ല.
ചോ: ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശത്തെ വര്‍ഗീയതയുടെ കടന്നുവരവായിട്ട് ചിലരെങ്കിലും ചിത്രീകരിക്കില്ലേ?
ഉ: വര്‍ഗീയത ഇവിടെ ഒരു വലിയ പ്രശ്നമല്ല. കാരണം ഇന്ത്യയിലെ വര്‍ഗീയത പാശ്ചാത്യ അധിനിവേശത്തിന്റെ സൃഷ്ടിയാണ്. അടിമത്തത്തിന്റെ ബാക്കിപത്രമാണത്. ഈ പ്രദേശം ഒരിക്കലും പശ്ചാത്യ അധിനിവേശത്തിനു കീഴിലമര്‍ന്നിരുന്നില്ല. മറിച്ച് നവാബ് ഭരണത്തിന്റെ കീഴിലായിരുന്നു ഈ സംസ്ഥാനത്തിന്റെ സിംഹഭാഗവും. അതുകൊണ്ടാണ് ഇത്ര വലിയൊരു ആന്ധ്രയില്‍ ബി.ജെ.പിക്ക് അവരുടെ രാഷ്ട്രീയ അജണ്ട ഇതുവരെ വിജയിപ്പിച്ചെടുക്കാന്‍ കഴിയാതെ പോകുന്നത്. ജമാഅത്തെ ഇസ്ലാമിക്കെതിരെ അത്തരം ആരോപണങ്ങള്‍ ഫലം ചെയ്യില്ലെന്ന് ഇവിടെ എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ടി.ഡി.പിയും ജമാഅത്തെ ഇസ്്ലാമിയുടെ സംസ്ഥാന ഓഫീസില്‍ പലവട്ടം വോട്ട് തേടിവന്നവരാണ്. ജമാഅത്തെ ഇസ്്ലാമി മുന്നോട്ട് വെച്ച ഇലക്ഷന്‍ മാനിഫെസ്റോ അംഗീകരിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ നേടിയെടുത്തതും.
ചോ: CWJ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റര്‍ ചെയ്ത് ചിഹ്നം സ്വീകരിച്ചുകൊണ്ടാണോ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നത്?
ഉ: വരുന്ന മുന്‍സിപ്പല്‍ പഞ്ചായത്ത് ഇലക്ഷനില്‍ ആന്ധ്രയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അവരുടെ ചിഹ്നത്തിലും പാര്‍ട്ടി നാമത്തിലും മത്സരിക്കാനുള്ള അനുവാദം ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയിട്ടില്ല. കാരണം ലോക്കല്‍ ബോഡി ഇലക്ഷന്‍ കക്ഷിരാഷ്ട്രീയം എന്നതിനേക്കാള്‍ ജനപക്ഷരാഷ്ട്രീയം എന്നതാണതിന്റെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ ഇണഖ എന്ന പേരിനും ചിഹ്നത്തിനും ആ അര്‍ഥത്തില്‍ പ്രസക്തിയുണ്ടാവുകയില്ല. അപ്പോള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പുത്തന്‍ രാഷ്ട്രീയ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഒരു വേദിയായി ഇത് പ്രവര്‍ത്തിക്കും. സംസ്ഥാന തലത്തില്‍ ഇപ്പോള്‍ ഒരു അഡ്ഹോക് കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ആക്ടിവിസ്റുകളെയും സാംസ്കാരിക പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും സംഘടനയോടൊപ്പം ചേര്‍ത്തശേഷം രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റര്‍ ചെയ്യാനാണ് തീരുമാനം. വരുന്ന ആഗസ്റ് ആദ്യവാരം ഇതിന്റെ മെമ്പര്‍ഷിപ്പ് കാമ്പയിനാണ്. എണ്‍പതിനായിരം മെമ്പര്‍മാരെ ആ കാലയളവില്‍ സംഘടനയില്‍ ചേര്‍ക്കാനാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. വെള്ളനിറത്തിന്റെ അരികില്‍ ചുവപ്പും പച്ചയും ചേര്‍ന്ന ത്രിവര്‍ണ പതാകയാണ് സംഘടനയുടേത്.
ചോ: തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും സംസ്ഥാന പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? തെലുങ്കാന സംസ്ഥാനം പോലുള്ളവ?
ഉ: മുന്‍സിപ്പല്‍-പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 90 ശതമാനവും പ്രാദേശിക പ്രശ്നങ്ങളാവും ഉന്നയിക്കുക. ഓരോ മുന്‍സിപ്പാലിറ്റിയെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന പ്രശ്നങ്ങളെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല.
തെലുങ്കാന പ്രശ്നം കേവലമൊരു തെരഞ്ഞെടുപ്പ് വിഷയമല്ല. സാമൂഹിക നീതിയുമായി ബന്ധപ്പെട്ട ആഴത്തിലുള്ള ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന വലിയൊരു സാമൂഹികപ്രശ്നമാണത്. അതു നേടിയെടുക്കുന്നതുവരെ നിരന്തരമായി തുടരേണ്ട പോരാട്ടമാണത്. നീതി ലഭിക്കാനുള്ള എല്ലാ ബദല്‍ വഴികളും പരാജയമാണെന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് ഇനി വിഭജനം മാത്രമാണ് ബദല്‍ എന്നാണ് ഞങ്ങളുടെ വിശ്വാസം.