Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

വഞ്ചകരുടെ പരിണതി
ഡോ. മുഹമ്മദ് അലി അല്‍ഹാശിമി
വിവ: അബ്ദുറഹ്മാന്‍ തുറക്കല്‍


മുസ്ലിമിനുണ്ടായിരിക്കേണ്ട സ്വഭാവ വിശേഷങ്ങളില്‍ അതിമഹത്തായ ഒന്നാണ് സത്യസന്ധത. സമൂഹത്തില്‍ മനുഷ്യനുണ്ടായിരിക്കേണ്ട ഉത്തമ സ്വഭാവങ്ങളില്‍ ഏറ്റവും പ്രധാനവുമാണിത്. കളവ് മനുഷ്യനെ നരകത്തിലേക്കടുപ്പിക്കുമ്പോള്‍, സത്യസന്ധത അവനെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്നു. നബി (സ) പറഞ്ഞു: "നിശ്ചയം, സത്യം നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുന്നു. അല്ലാഹുവിങ്കല്‍ സത്യസന്ധനെന്ന് രേഖപ്പെടുത്തുമാറ് മനുഷ്യന്‍ സത്യം പറഞ്ഞുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും കളവ് അധര്‍മത്തിലേക്കും അധര്‍മം നരകത്തിലേക്കും നയിക്കുന്നു. അല്ലാഹുവിങ്കല്‍ കളളനെന്ന് മുദ്രകുത്തപ്പെടുമാറ് മനുഷ്യന്‍ കളവ് പറഞ്ഞുകൊണ്ടിരിക്കുന്നു'' (ബുഖാരി, മുസ്ലിം).
മുസ്ലിം ചതിക്കുകയോ വഞ്ചിക്കുകയോ ഇല്ല. അതിനനുകൂലമായി മൌനം ദീക്ഷിക്കുകയുമില്ല. അത്തരം പ്രവണത ഇസ്ലാമിന് അന്യമാണെന്നവന്‍ മനസിലാക്കുന്നു. പ്രവാചകന്‍ പറഞ്ഞു: "ആരെങ്കിലും നമുക്ക് നേരെ ആയുധമേന്തിയാല്‍ അവന്‍ നമ്മില്‍ പെട്ടവനല്ല. ആരെങ്കിലും നമ്മെ വഞ്ചിച്ചാല്‍ അവനും നമ്മില്‍പ്പെട്ടവനല്ല.'' മുസ്ലിം ഉദ്ധരിച്ച മറ്റൊരു ഹദീസിലിങ്ങനെ കാണാം: നബി (സ) ഒരു ഭക്ഷ്യ കൂമ്പാരത്തിന് അരികിലൂടെ നടന്ന് പോവുകയുണ്ടായി. അദ്ദേഹം ഭക്ഷ്യകൂമ്പാരത്തില്‍ തന്റെ കൈ കടത്തിയപ്പോള്‍ വിരലുകളില്‍ നനവ് അനുഭവപ്പെട്ടു. പ്രവാചകന്‍ ചോദിച്ചു: "ഇതിന്റെ ഉടമസ്ഥന്‍ ആരാണ്?'' ഉടമ പറഞ്ഞു: "അല്ലാഹുവിന്റെ പ്രവാചകരേ, അത് മഴ കൊണ്ടതാണ്.'' പ്രവാചകന്‍ പറഞ്ഞു: "ഭക്ഷണത്തിന്റെ മുകളില്‍ ജനങ്ങള്‍ക്കത് കാണത്തക്ക വിധം പ്രദര്‍ശിപ്പിച്ചു കൂടേ? ആരെങ്കിലും വഞ്ചന നടത്തിയാല്‍ അവന്‍ നമ്മില്‍പ്പെട്ടവനല്ല.''
ഇസ്ലാമിക സമൂഹത്തിന്റെ അടിത്തറ സ്നേഹമാണ്. ഗുണകാംക്ഷയാണതിനെ നയിക്കുന്നത്. ആത്മാര്‍ഥതയും സത്യസന്ധതയും നീതിയുമാണ് അതിന്റെ മുഖമുദ്ര. പിന്നെയെങ്ങനെ ആ സമൂഹത്തില്‍ ചതിക്കും വഞ്ചനക്കും സ്ഥാനമുണ്ടാകുക! ചതിയും വഞ്ചനയും കാണിക്കുന്നവര്‍ക്ക്് കഠിന ശിക്ഷയുണ്ടാകുമെന്ന് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമൂഹത്തില്‍ നിന്ന് അതവരെ അകറ്റി നിര്‍ത്തുക മാത്രമല്ല, പരലോകത്ത് അല്ലാഹുവിന്റെ മുമ്പില്‍ അവരെ ഒരുമിച്ച് കൂട്ടുകയും അതിന്റെ കൊടിവാഹകരായി 'മഹ്ശറ'യില്‍ നിര്‍ത്തുകയും ചെയ്യും. പിന്നീടവര്‍ ചെയ്ത വഞ്ചനയും ചതിയും ജനങ്ങള്‍ കേള്‍ക്കെ ഒരാള്‍ വിളിച്ച് പറഞ്ഞുകൊണ്ടിരിക്കും. പ്രവാചകന്‍ പറഞ്ഞു: "അന്ത്യനാളില്‍ വഞ്ചകന്മാര്‍ക്കെല്ലാം ഒരു പതാക നല്‍കി കൊണ്ട് പറയും, ഇന്നയാളെ വഞ്ചിച്ചതിന്റെ ശിക്ഷയാണിത്'' (ബുഖാരി, മുസ്ലിം)
ഒന്നു ചിന്തിച്ചു നോക്കൂ, എത്രമാത്രം നിന്ദ്യമാണ് ആ രംഗം. ചെയ്തുപോയ തെറ്റുകള്‍ കാലം മറന്നു പോയിരിക്കുന്നുവെന്ന് ധരിച്ചിരിക്കുമ്പോഴാണ് വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തില്‍ സാക്ഷികളോടൊപ്പം വഞ്ചകരെ പരലോകത്ത് അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നത്. കടുത്ത ഭീതിയും ആശങ്കയും നിഴല്‍ പരത്തുന്ന ആ സന്ദര്‍ഭത്തില്‍ അനുചരന്മാര്‍ക്ക് വേണ്ടി പ്രവാചകന്‍ ശഫാഅത്തിനായി നില്‍ക്കുമ്പോള്‍ ചതിയന്മാര്‍ക്കെതിരില്‍ അല്ലാഹു ശക്തമായി രംഗത്ത് വരികയും അവര്‍ക്കെതിരെ വാദിക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്റെ കാരുണ്യവും പ്രവാചകന്റെ ശഫാഅത്തും നിഷേധിക്കപ്പെട്ടവരായി വഞ്ചകര്‍ അധപതിക്കുന്നു.
അല്ലാഹു പറഞ്ഞിരിക്കുന്നു: "അന്ത്യനാളില്‍ ഞാന്‍ മൂന്നാളുകളുടെ ശത്രുവായിരിക്കും. എന്റെ പേരില്‍ കരാര്‍ ചെയ്ത ശേഷം അത് പാലിക്കാത്തവന്‍, സ്വതന്ത്രനെ വിറ്റ് ആ കാശ് ഭക്ഷിക്കുന്നവന്‍, ജോലിക്ക് ആളെ വെച്ച് ആവശ്യം കഴിത്ത ശേഷം അവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കാത്തവന്‍'' (ബുഖാരി).
എന്തൊക്കെ നേട്ടങ്ങളുണ്ടെന്ന് കണ്ടാലും വഞ്ചന, ചതി എന്നിവയില്‍ നിന്ന് മുസ്ലിം അകന്ന് നിന്നിരിക്കും. അകന്ന് നിന്നില്ലെങ്കില്‍ അവരെ കപട വിശ്വാസികളായി കണക്കാക്കും. അവരാകട്ടെ അന്ത്യനാളില്‍ യാതൊരു സഹായികളില്ലാത്തവരും നരകത്തിന്റെ അടിത്തട്ടില്‍ വസിക്കുന്നവരുമായിരിക്കും. "തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തില്‍ ഏറ്റവും താഴെ അടിത്തട്ടിലായിരിക്കും. അവര്‍ക്കൊരു സഹായിയെ ഒരിക്കലും കാണുകയുമില്ല'' (അന്നിസാഅ്: 145). "നാല് കാര്യങ്ങള്‍ ആരിലുണ്ടായോ അവന്‍ വ്യക്തമായും കപടവിശ്വാസിയായിരിക്കുന്നു. അതില്‍ ഏതെങ്കിലുമൊന്ന് അവനിലുണ്ടായാല്‍ അതുപേക്ഷിക്കുന്നത് വരെ അവനില്‍ കാപട്യത്തിന്റെ ഒരംശം ഉണ്ടായിരിക്കും. വിശ്വസിച്ചാല്‍ വഞ്ചിക്കുക, സംസാരിച്ചാല്‍ കളവ് പറയുക, കരാര്‍ ചെയ്താല്‍ ലംഘിക്കുക, തര്‍ക്കിച്ചാല്‍ അസഭ്യം പറയുക'' (ബുഖാരി, മുസ്ലിം).

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly