തനിമയുള്ള വെളിച്ചത്തെ ഏറ്റുവാങ്ങുക
ജമീല്‍ അഹ്‌മദ്
കലയുടെയും സാഹിത്യത്തിന്റെയും കാതലായ അംശം മനുഷ്യന്റെ മനസ്സിനെ വിമലീകരിക്കുകയാണെന്നത് പുതിയ ആശയമല്ല. ആ തീര്‍പ്പും അതിനോടുള്ള എതിര്‍പ്പും കൊണ്ട് കലുഷിതമായിരുന്നു കലാസാഹിത്യ ചരിത്രംതന്നെ. മലയാളത്തില്‍പോലും `കല കലക്കുവേണ്ടി'യെന്നും `കല ജീവിതത്തിനുവേണ്ടി'യെന്നും `കല ജീവിതംതന്നെ'യാണെന്നും പലതരത്തില്‍ പറഞ്ഞ് ബഹളംകൂട്ടിയ കാലം കഴിഞ്ഞുപോയിട്ടേയുള്ളൂ. വിവാദങ്ങളെക്കാളും ശക്തമായി കലയും സാഹിത്യവും സമൂഹത്തില്‍ നിലനില്‍ക്കുന്നു ഇന്നും എന്നതാണ് ബാക്കിയാകുന്ന യാഥാര്‍ഥ്യം. സമൂഹമാണ് കലയെയും സാഹിത്യത്തെയും ഉല്‍പ്പാദിപ്പിക്കുന്നത്, സമൂഹത്തില്‍നിന്ന് വെള്ളവും വളവും സ്വീകരിച്ചാണ് അത് തഴക്കുന്നത്, സമൂഹത്തിന്റെ തണലിലാണ് അത് നിലനില്‍ക്കുന്നത്. എന്നിട്ടും പലപ്പോഴും കലയും കലാകാരും, എഴുത്തും എഴുത്തുകാരും സമൂഹവിരുദ്ധരായിത്തീരുന്നതെന്തുകൊണ്ടാണ്. പ്രതിഭകള്‍ ചരിത്രത്തിലങ്ങുനിന്നിങ്ങോളം അരാജകജീവിതത്തിന്റെയും അസാന്മാര്‍ഗിക വ്യക്തിത്വത്തിന്റെയും പ്രവാചകന്മാരായതെന്തുകൊണ്ടാണ്. ഈ അസ്വസ്ഥ സന്ദേഹങ്ങള്‍ക്ക് ബദല്‍ പറയാന്‍ ധൈര്യപ്പെടുന്നു എന്നതാണ് തനിമ കലാസാഹിത്യവേദി സംസ്ഥാനസമ്മേളനത്തിന് കേരളത്തിന്റെ കലാ ചരിത്രത്തിലുള്ള സ്ഥാനം. എന്തുകൊണ്ട് ഈ ധീരത പ്രകടിപ്പിക്കാന്‍ തനിമ ഇരുപത് വര്‍ഷത്തിലധികം കാത്തിരുന്നു എന്നായിരുന്നു 2011 മാര്‍ച്ച് ആറിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ രാവിലെ മുതല്‍ രാത്രി വൈകുംവരെ ഒത്തുകൂടിയ കലാ - സാഹിത്യ തല്‍പരര്‍ മനസ്സില്‍ ചോദിച്ചത്.
സൗന്ദര്യമുള്ള ജീവിതത്തിന് എന്ന സന്ദേശമാണ് തനിമ സംസ്ഥാനസമ്മേളനം മുന്നോട്ടുവെച്ച സന്ദേശം. തനിമ കലാസാഹിത്യവേദിയുടെ നിലപാടുപ്രഖ്യാപനംകൂടിയാണ് ആ മുദ്രാവാക്യം. കലയുടെ ആത്മാംശമാണ് സൗന്ദര്യം. വിശ്വാസവും ആത്മീയതയും ശുഭപ്രതീക്ഷയും സര്‍ഗജീവിതവും എല്ലാം ഉല്‍പാദിപ്പിക്കുന്നത് കേവലയുക്തിക്കപ്പുറമുള്ള പ്രസ്‌തുത സൗന്ദര്യമാണ് . മതാത്മകമായ ആ സൗന്ദര്യസത്തയെ ജീവിതത്തിലേക്ക് വീണ്ടെടുക്കാനുള്ള പരിശ്രമമാണ് യഥാര്‍ഥ കലാ സാഹിത്യ പ്രവര്‍ത്തനം എന്ന് തനിമ തിരിച്ചറിഞ്ഞു. പൂവിലെ ആണ്‍ബീജത്തെയും പെണ്‍ബീജത്തെയും വേര്‍തിരിക്കുന്ന ശാസ്‌ത്രമനസ്സിനപ്പുറം അതിലെ ദൈവികദൃഷ്‌ടാന്തത്തിന്റെ സൗന്ദര്യസുഗന്ധം കാണുന്ന പുതിയ കലാസമീപനം തനിമ ഉണര്‍ത്തുന്നു. കണ്ണീരിലെ രാസവസ്‌തുവിനെ വേര്‍തിരിക്കുന്നതിനുപകരം, കരയുന്നവന്റെ വേദന കാണുന്നതാണ് ശരിയായ കല എന്ന് തനിമ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെയാണ് തനിമ കലാസാഹിത്യവേദിയുടെ സംസ്ഥാന സമ്മേളനം മുന്നോട്ടുവെച്ച പ്രമേയം അത്രയും സാരവത്തായി മാറിയത്.
ദക്ഷിണേന്ത്യയിലെ പ്രമുഖ എഴുത്തുകാരനായ തോപ്പില്‍ മുഹമ്മദ് മീരാനാണ് സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്. അത്യധികം താല്‍പര്യത്തോടെയും ആഹ്ലാദത്തോടെയുമാണ് അദ്ദേഹം തനിമയുടെ ക്ഷണം സ്വീകരിച്ചിരുന്നത്. അത് ഉദ്‌ഘാടന പ്രഭാഷണത്തില്‍ അദ്ദേഹം സൂചിപ്പിക്കുകയും ചെയ്‌തു. മലയാളത്തിലും തമിഴിലും ഒരുപോലെ എഴുതുന്ന മീരാന്‍, പുതുമയുടെ കാര്യത്തിലും സാമൂഹികവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തിലും തമിഴ്, മലയാളത്തെക്കാള്‍ ഒരടി മുന്നില്‍ നില്‍ക്കുന്നുവെന്ന് തുറന്നു പറഞ്ഞു. സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും എഴുത്തുകാര്‍ പോരാടേണ്ടതുണ്ടെന്ന് ഓര്‍മിപ്പിക്കുകയും ആ പോരാട്ടം മതത്തെ നിരാകരിച്ചുകൊണ്ടും മതത്തിന് പുറത്തുകടന്നുകൊണ്ടുമല്ല, ശരിയായ മതത്തെ മനസ്സിലാക്കി അതിനുള്ളില്‍ ഉറച്ചുനിന്നാണ് വേണ്ടെതെന്ന് സ്വാനുഭവം മുന്‍നിറുത്തി തോപ്പില്‍ മുഹമ്മദ് മീരാന്‍ പ്രഖ്യാപിക്കുകയും ചെയ്‌തു.
തനിമയുടെ സമ്മേളനബുള്ളറ്റിന്‍ പ്രമുഖ കവി കല്‍പ്പറ്റ നാരായണന്‍ പ്രകാശനം ചെയ്‌തു. അങ്കണം കലാസാഹിത്യ വേദിയുടെ കണ്‍വീനറായ ഷംസുദ്ദീനാണ് ആദ്യ കോപ്പി ഏറ്റുവാങ്ങിയത്. തനിമ നോവല്‍ പുരസ്‌കാരത്തിന് അര്‍ഹമായ `ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍' എന്ന കൃതിക്കുള്ള അവാര്‍ഡ് മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ പാറക്കടവ് നല്‍കി. നോവലിസ്റ്റ് റഷീദ് പാറക്കല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തനിമ സംസ്ഥാന ഡയറക്‌ടര്‍ നജീബ് കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. ഫൈസല്‍ കൊച്ചി സ്വാഗതവും ഇസ്‌മാഈല്‍ പെരിമ്പലം നന്ദിയും പറഞ്ഞു.
ഉച്ചയ്‌ക്ക് സംസ്ഥാന കൗണ്‍സിലിന്റെ ആദ്യം യോഗം ചേര്‍ന്നു. സമ്മേളന നഗരിയുടെ വിവിധ സ്ഥലങ്ങളില്‍ സജ്ജീകരിച്ച മൂന്നു വേദികളില്‍ നടന്ന സമാന്തര സദസ്സുകള്‍ പുതുമനിറഞ്ഞതും ആകര്‍ഷണീയവുമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ഒന്നാം വേദിയില്‍ സാഹിത്യ സംവാദമാണ് നടന്നത്. `ഉത്തരാധുനികത മലയാള സാഹിത്യത്തോട് എന്തുചെയ്‌തു' എന്നതായിരുന്നു ചര്‍ച്ചാവിഷയം. കോഴിക്കോട് സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഉമര്‍ തറമേല്‍, ഉത്തരാധുനിക കവികളില്‍ പ്രധാനിയായ വീരാന്‍കുട്ടി, സോളിഡാരിറ്റി സാംസ്‌കാരികവേദിയുടെ സംസ്ഥാന കണ്‍വീനര്‍ ടി മുഹമ്മദ് വേളം എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്. എസ്.ഐ.ഒ സംവേദനവേദി മുന്‍ സംസ്ഥാന കണ്‍വീനര്‍ സലീം പൂപ്പലം മോഡറേറ്ററായിരുന്നു.
പ്രമുഖ ഹോളിവുഡ് സംവിധായകന്‍ മുസ്‌തഫാ അക്കാദിന്റെ പേരില്‍ സജ്ജീകരിച്ച രണ്ടാംവേദിയില്‍ ഡോക്യൂമെന്ററി പ്രദര്‍ശനവും ചര്‍ച്ചയുമാണ് നടന്നത്. അബ്‌ദുല്‍ ലത്തീഫ് സലാസര്‍ സംവിധാനം നിര്‍വഹിച്ച `ഗസ്സാലി, ദ ആല്‍ക്കമിസ്റ്റ് ഓഫ് ഹാപ്പിനസ്' എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിച്ചത്. ചലചിത്ര സംവിധായകനായ ആദം അയ്യൂബ് ആണ് ചര്‍ച്ച മുന്നോട്ടുകൊണ്ടുപോയത്. മഹ്‌ബൂബ് തിരുവനന്തപുരം മോഡറേറ്ററായിരുന്നു.
മൂന്നാമത്തെ എസ്.കെ പൊറ്റക്കാട് വേദി ചൂടുപിടിച്ച സംവാദത്തിന്റെ വേദികൂടിയായി. `മലയാള സിനിമ കലയോ കച്ചവടമോ' എന്ന വിഷയത്തിലുള്ള പൊതു സംവാദത്തില്‍ പ്രമുഖ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍, സിനിമാ നിരൂപക അഡ്വ. ആശ ഉണ്ണിത്താന്‍, കോളമിസ്റ്റ് സി ദാവൂദ്, സംവിധായകന്‍ മജീദ് ഗുലിസ്‌താന്‍ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചാവേദി വൈ. ഇര്‍ഷാദാണ് നിയന്ത്രിച്ചത്. വൈകുന്നേരം ടി.കെ അബ്‌ദുല്ലാസാഹിബ് നടത്തിയ പൊതുപ്രഭാഷണം അറിവിന്റെ ഗരിമകൊണ്ടും പുതുമകൊണ്ടും ശ്രദ്ധേയമായി. `കലയും ആത്മീയതയും' എന്നായിരുന്നു ടി കെയുടെ പ്രഭാഷണ വിഷയം. അറബിസാഹിത്യത്തിന്റെ ആഴങ്ങളില്‍ നിന്ന് വാരിയെടുത്ത മുത്തുകള്‍ ആധുനിക സാഹിത്യത്തിന്റെ സൗന്ദര്യസിദ്ധാന്തങ്ങളുടെ തെളിമയില്‍ പ്രദര്‍ശിപ്പിക്കാന്‍ ടി.കെ ആവേശംകൊണ്ടു. ഈ പ്രഭാഷണസദസ്സില്‍ വി.എ കബീര്‍, തനിമ സംസ്ഥാന സമിതി അംഗങ്ങളായ ടി.പി മുഹമ്മദ് ശമീം, സക്കീര്‍ ഹുസൈന്‍ എന്നിവരും സംസാരിച്ചു.
രാത്രി നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ തനിമ കലാസാഹിത്യവേദിയുടെ അടുത്ത പ്രവര്‍ത്തന കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദം അയ്യൂബിനെയും ജനറല്‍ സെക്രട്ടറി കെ.എ ഫൈസലിനെയും മുഖ്യരക്ഷാധികാരി ടി. ആരിഫലി സാഹിബ് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപന സമ്മേളനത്തിലെ മുഖ്യാതിഥിയായ തോപ്പില്‍ മുഹമ്മദ് മീരാന്‍ ഫലസ്‌തീനിനെപ്പോലെ, ബോസ്‌നിയയെപ്പോലെ ശ്രീലങ്കന്‍ മുസ്‌ലിംകളുടെ പ്രതിരോധ സാഹിത്യത്തെയും ജീവിതത്തെയും ശ്രീലങ്കന്‍ പ്രതിരോധ കവിതകള്‍ വായിച്ച് വെളിപ്പെടുത്തി. തനിമ രക്ഷാധികാരി ടി കെ ഹുസൈന്‍, സ്വാഗതസംഘം കണ്‍വീനര്‍ പി സി ബഷീര്‍, വി.എ കബീര്‍, ജമീല്‍ അഹ്‌മദ് എന്നിവരും പ്രഖ്യാപന സമ്മേളനത്തില്‍ സംസാരിച്ചു. അവസാനമായി നടന്ന കലാപരിപാടികള്‍ തനിമ മുന്നോട്ടുവെക്കുന്ന കലാ സാഹിത്യപ്രവര്‍ത്തനങ്ങളുടെ സ്വഭാവത്തെയും ശൈലിയെയും വെളിപ്പെടുത്തുന്നതുകൂടിയായിരുന്നു. തൃശൂരിലെ സി ആര്‍ രാജന്റെ നേതൃത്വത്തിലുള്ള നാടകസംഘം അവതരിപ്പിച്ച `തിയേറ്റര്‍ സ്‌കെച്ചസ്' എന്ന ലഘുനാടകാവതരണങ്ങള്‍ ലാളിത്യംകൊണ്ടും ആവിഷ്‌കാരഭംഗികൊണ്ടും സദസ്സില്‍ ആഹ്ലാദതരംഗങ്ങളുയര്‍ത്തി. പാട്ടിന്റെ ചരിത്രവഴിയിലൂടെയുള്ള സ്‌മൃതിയാത്രയായ `പാട്ടോര്‍മ' എന്ന പരിപാടിക്ക് അമീന്‍ യാസിര്‍ നേതൃത്വം നല്‌കി.
തനിമയുടെ സംസ്ഥാന സമ്മേളനം ലക്ഷ്യംവെച്ചത് നാളത്തെ കേരളത്തെ രൂപപ്പെടുത്തുന്ന ഒരു ബദല്‍ സാംസ്‌കാരിക വേദിയുടെ വ്യാപനമാണ്. കേരളത്തില്‍ നിലവിലുള്ള കലാസാംസ്‌കാരിക സംഘങ്ങള്‍ രാഷ്‌ട്രീയക്കാരുടെ തൊഴുത്തുകളായി ദുര്‍ഗന്ധംവമിച്ച് ജനങ്ങളില്‍നിന്ന് അകലേക്കകലേക്ക് പോയിക്കൊണ്ടിരിക്കുമ്പോള്‍, ജനങ്ങളുടെ പക്ഷത്തുനിന്ന് കലയെയും സാഹിത്യത്തെയും തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് തനിമ മുന്നോട്ടുവെക്കുന്നത്. ആ ലക്ഷ്യത്തിലേക്കുള്ള ഊര്‍ജമാണ് ഈ സമ്മേളനത്തില്‍നിന്ന് നൂറുകണക്കിന് തനിമ അംഗങ്ങളും പ്രതിനിധികളും ഏറ്റുവാങ്ങിയത്. അതുകൊണ്ടുതന്നെ സാംസ്‌കാരിക കേരളം ഇനിയെങ്ങനെ ഈ തനിമയാര്‍ന്ന വെളിച്ചത്തെ സ്വീകരിക്കാതിരിക്കും.