Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


വികസന കാഴ്ചപ്പാടുകള്‍ക്ക് ദിശ നിര്‍ണയിച്ച വികസനഫോറം

വികസന ചര്‍ച്ചകൊണ്ട് സജീവമായ കേരളത്തില്‍ ജനപക്ഷ വികസനത്തിന്റെ പ്രായോഗിക പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് സോളിഡാരിറ്റി സംഘടിപ്പിച്ച വികസന ഫോറം കേരള വികസന ചരിത്രത്തില്‍ പുതിയ ചരിത്രം രചിച്ചു. വികസന ചര്‍ച്ചകളിലെ പതിവ് സംവാദങ്ങള്‍ക്ക് അപ്പുറത്തേക്ക് സഞ്ചരിക്കാനും ജനത്തെയും ജീവിതത്തെയും സമൂഹത്തെയും പ്രകൃതിയെയും അവരുടെ പക്ഷത്തുനിന്ന് ചര്‍ച്ച ചെയ്യാനുമാണ് കഴിഞ്ഞ മാര്‍ച്ച് 11,12,13 തീയതികളില്‍ എറണാകുളത്ത് കേരളത്തിലെ പൊതു സമൂഹത്തെ വിളിച്ചു ചേര്‍ത്തത്.
വികസന ചര്‍ച്ചയില്‍ ഇടപെടാന്‍ ഞങ്ങള്‍ക്കു മാത്രമേ കഴിയൂവെന്നും അതിന് എതിരു പറയുന്നവര്‍ വികസന വിരോധികളാണെന്നുമുള്ള മുതലാളിത്ത വികസന ഹുങ്കുകളെ ജനപക്ഷത്തുനിന്ന് നേരിടാനാണ് 'പുതിയ കേരളം: വികസന ഫോറം' ശ്രമിച്ചത്. ഇന്നത്തെ കേരളം ശ്രദ്ധിച്ചാല്‍ ഒത്തുതീര്‍പ്പുകളുടെയും സമവായത്തിന്റെയും ഇടമായി വികസന ചര്‍ച്ചകള്‍ മാറുന്നത് കാണാം. കക്ഷികളും പാര്‍ട്ടികളും നിറംമറന്നും ആശയം മറന്നും വികസനദാഹം തീര്‍ക്കാന്‍ ജലം ഊറ്റിക്കുടിച്ചും ജനങ്ങളുടെ വിഹിതം എടുത്തു ഭക്ഷിച്ചും മുന്നോട്ടു പോകുന്നു. ഇതിനിടയില്‍ വികസനത്തില്‍ സമവായം അല്ല തിരുത്താണ് വേണ്ടതെന്ന് വികസനഫോറം പ്രഖ്യാപിച്ചു. ജനങ്ങളെയാകെ തെരുവില്‍ ഇറക്കി വിട്ട് പ്രാഥമിക അവകാശത്തെപോലും ചോദ്യം ചെയ്താണ് അധികാരികളും മുതലാളികളും തങ്ങളുടെ വികസന ശകടം പായിക്കുന്നത്. ഈ പാച്ചിലിനിടയില്‍ വഴിയാധാരമാക്കപ്പെടുന്നവരുടെ അതിജീവനത്തിന്റെ രോദനങ്ങള്‍ അങ്ങനെയങ്ങ് അലിഞ്ഞുപോകാന്‍ അനുവദിക്കാത്തവരുടെ സംഗമ വേദികൂടിയായി വികസനഫോറം. വികസനം കൊണ്ട് പൊറുതിമുട്ടിയ കേരളത്തിന്റെ മുന്നില്‍ ജനപക്ഷത്തുനിന്നും പ്രതികരിക്കുന്ന ആക്ടിവിസ്റുകളെയും അക്കാഡമിഷ്യന്മാരെയും ശാസ്ത്രജ്ഞരെയും സാംസ്കാരിക പ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തകരെയും അഭിഭാഷകരെയും മത നേതാക്കളെയും അണിനിരത്തിയാണ് വികസനഫോറം കേരളത്തോട് സംവദിച്ചത്. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും വികസന ചര്‍ച്ചകള്‍ക്കും വികസന മാമാങ്കള്‍ക്കുമപ്പുറം സംസ്ഥാനത്തിന് എന്ത് വേണം എന്നു പറയുന്ന പ്രഖ്യാപനമായി വികസനഫോറം കേരള ചരിത്രത്തിലെ മറ്റൊരധ്യായമായിത്തീര്‍ന്നു.
പ്രതിബദ്ധതയുള്ള യുവസമൂഹത്തെ കഴിഞ്ഞ എട്ട് വര്‍ഷമായി പ്രതിനിധീകരിക്കുന്ന സംഘം എന്ന നിലയില്‍ വികസന രാഷ്ട്രീയ ചര്‍ച്ചകളുടെ പറമ്പിനകത്ത് കയറാന്‍ അനുവദിക്കാത്തവരെ ക്ഷണിച്ചുകൊണ്ടുവന്ന് അവര്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കാനാണ് വികസനഫോറം ശ്രദ്ധിച്ചത്.

ഉദ്ഘാടന സെഷന്‍
അസന്തുലിതമായ വികസനം ലോകം നേരിടുന്ന കടുത്ത വെല്ലുവിളിയാണെന്ന് ബയോടെക്നോളജി ആന്റ് ഫുഡ് സെക്യൂരിറ്റി ചെയര്‍മാനും ഇന്ത്യന്‍ എക്സ്പ്രസ് മുന്‍ ഡവലപ്മെന്റ് എഡിറ്ററുമായ ഡോ. ദേവീന്ദര്‍ശര്‍മ അഭിപ്രായപ്പെട്ടു. ജി.ഡി.പി കാണിച്ച് വാചകമടിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് ഭരണാധികാരികള്‍. യഥാര്‍ഥത്തില്‍ ജി.ഡി.പിയിലൂടെ പെരുപ്പിച്ചു കാണിക്കുന്ന കണക്കുകള്‍ വികസനത്തിന്റെ മാനദണ്ഡം ആകരുത്. സോളിഡാരിറ്റി സംഘടിപ്പിച്ച 'പുതിയ കേരളം വികസനഫോറം' എറണാകുളം ടൌണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വന്‍കിട കമ്പനികളില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും സച്ചാര്‍ കമ്മിറ്റി സെക്രട്ടറിയുമായ അബൂസാലേഹ് ശരീഫ് പറഞ്ഞു. ഒരു തൊഴിലവസരവും സൃഷ്ടിക്കാത്ത വികസനമാണ് ഇപ്പോള്‍ സ്വകാര്യ-സര്‍ക്കാര്‍ മേഖല നടപ്പിലാക്കുന്നത്. വികസനമെന്ന സങ്കല്‍പത്തെ പോലും ഭരണാധികാരികള്‍ ചൂഷണം ചെയ്യുകയാണെന്ന് ഗോവാ ഫൌണ്ടേഷന്‍ ഡയറക്ടര്‍ ക്ളോഡ് അല്‍വാരിസ് അഭിപ്രായപ്പെട്ടു.
വിശ്വാസികളുടെ കൂട്ടായ്മക്ക് സമാധാനപരമായി മാറ്റം കൊണ്ടുവരാനാകുമെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്രസമിതിയംഗം ടി.കെ അബ്ദുല്ല പറഞ്ഞു. വികസനം സംബന്ധിച്ച് ഇസ്ലാമിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. അത് പ്രകൃതി ബന്ധിതവും സന്തുലിതവും ആയിരിക്കണം. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുര്‍റഹ്മാന്‍ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. യു. ഷൈജു സമാഹരിച്ച സെമിനാര്‍ പ്രബന്ധങ്ങളുടെ പ്രകാശനം ക്ളോഡ് അല്‍വാരിസ്, ഡോ. സെബാസ്റ്യന്‍ പോളിന് നല്‍കി നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി, സോളാഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ നൌഷാദ് വികസന ഫോറം ഡയറക്ടര്‍ ടി. മുഹമ്മദ് വേളം എന്നിവരും സംസാരിച്ചു.

വികസനത്തിന് ക്രിയാത്മക
നിര്‍ദേശങ്ങള്‍ ഉയര്‍ത്തിയ ചര്‍ച്ചകള്‍
കേരള വികസനത്തിന്റെ വിവിധ മേഖലകളിലേക്കായി ക്രിയാത്മകവും പ്രായോഗികവുമായ ബദല്‍ വികസന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു എന്നതായിരുന്നു വികസന ഫോറത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഘടകം. ഊര്‍ജം, മാനവിക വികസനം, ഗതാഗതം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, മലബാര്‍ പിന്നാക്കാവസ്ഥ, പ്രവാസം, സംവരണം, മാലിന്യ സംസ്കരണം, ഭൂമി, ധനകാര്യം, കാര്‍ഷികം, ജനകീയ സമരങ്ങളും കേരള വികസനവും തുടങ്ങിയ മേഖലകളില്‍ ഏറെ ഗൌരവപ്പെട്ട അഭിപ്രായങ്ങളും പ്രശ്നങ്ങളുമാണ് ഫോറത്തിലൂടെ ഉരുത്തിരിഞ്ഞുവന്നത്. ഐക്യകേരളത്തില്‍ ആണ്ടുകളായി തുടരുന്ന വികസന പ്രവര്‍ത്തനങ്ങളിലെ വിഭാഗീയത കൊണ്ട് മാറ്റിനിറുത്തപ്പെട്ട മലബാര്‍ മേഖലയെക്കുറിച്ചു പറയാതെ ഏതൊരു വികസന ചര്‍ച്ചയും അപൂര്‍ണമാണെന്ന് വികസനഫോറം പ്രഖ്യാപിച്ചു.

കേരളീയ പൊതുമണ്ഡലത്തെ
വിചാരണ ചെയ്ത വിശകലന സെഷന്‍
കൊട്ടിഘോഷിക്കപ്പെടുന്ന കേരള വികസന മോഡലിനെ മുന്‍ നിര്‍ത്തി നടത്തപ്പെട്ട സാമൂഹിക സാംസ്കാരിക വിശകലന സെഷന്‍ പൊളിച്ചെഴുത്തിന്റെയും ചൂടേറിയ ചര്‍ച്ചകളുടെയും വേദിയായി മാറി. സിംഗപ്പൂര്‍ നാഷ്നല്‍ യൂനിവേഴ്സിറ്റിയിലെ പ്രഫ. ടി.ടി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളീയ സമൂഹികമണ്ഡലത്തിന്റെ ഏറ്റവും വലിയ ദൌര്‍ബല്യം ശക്തമായ ഒരു സിവില്‍ സൊസൈറ്റിയുടെ അഭാവമാണെന്നും ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ അളവില്‍ ദേശവിമര്‍ശനങ്ങള്‍ സാധിക്കുന്ന ഇടം കേരളമാണെന്നും വിഷയമതവതരിപ്പിച്ചുകൊണ്ട് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു. ഷാഹിന എന്ന പത്രപ്രവര്‍ത്തകക്കെതിരെ കര്‍ണാടക പോലീസ് അന്യായമായി കേസെടുത്തപ്പോള്‍ ദല്‍ഹിയിലും കര്‍ണാടകത്തിലുമുണ്ടായ പ്രതികരണത്തിന്റെ എത്രയോ കുറഞ്ഞ അളവില്‍ മാത്രമാണ് കേരളം അതിനോട് പ്രതികരിച്ചത്.
മതേതരത്വവും മതേതര ഭാവനകളും കീഴാള ന്യൂനപക്ഷ പ്രതിനിധാനങ്ങളെയും ഇടപെടലുകളെയും അക്രമാസക്തമായി തിരസ്കരിക്കുന്നതിന്റെ പിന്നിലെ ദാര്‍ശനികവും സാമൂഹികവും രാഷ്ട്രീയപരവുമായ കാരണങ്ങളെ വിശകലനം ചെയ്തു പ്രശസ്ത എഴുത്തുകാരനായ കെ.കെ ബാബുരാജ്. 'കേരളീയ മതേതരത്വം ഒരു പുനര്‍ വായന' എന്ന വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം എന്ന ചിന്താപദ്ധതിയുടെ സാമൂഹികവും രാഷ്ട്രീയവുമായ അനുഭവങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തി സമീപിക്കുന്നതിലൂടെ മാത്രമേ നവീനമായ ഒരു ജനാധിപത്യ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേവലം ആധുനിക ഭരണകൂടങ്ങളുടെനിര്‍മാണ ഇടപെടലുകളിലൂടെയല്ല മറിച്ച് ജാതി, സാമുദായിക, സാമൂഹികാധിപത്യങ്ങളിലൂടെയാണ് കേരള വികസനം പൂര്‍ണമാകുന്നതെന്ന് 'കേരള വികസന നിര്‍മിതിയില്‍ വിവിധ സാമൂഹിക വിഭാവങ്ങളുടെ പങ്ക്' എന്ന വിഷയമവതരിപ്പിച്ചുകൊണ്ട് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. കേരളീയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങളിലെ ഇസ്ലാമിന്റെ ഊര്‍ജത്തെക്കുറിച്ച് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി പി.കെ സാദിഖ് വിശകലനം നടത്തി. 'കേരളീയ പൊതു മണ്ഡലത്തിലെ ഇസ്ലാമിന്റെ ഇടപെടലുകള്‍' എന്ന വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സി.ഡി.എസ് ഗവേഷക മൈത്രി എം. പ്രസാദ്, കവിയും ആക്ടിവിസ്റുമായ എം.ആര്‍ രേണുകുമാര്‍, ഡോ. ഗോപകുമാര്‍, സി. ദാവൂദ്, എന്നിവരും സംസാരിച്ചു.

ജനപക്ഷ വികസന സമ്മേളനം
അവസാന ദിവസം വൈകീട്ട് കലൂര്‍ സ്റേഡിയത്തില്‍ നടന്ന ജനപക്ഷ വികസന സമ്മേളനം കേരളത്തിലെ ജനപക്ഷ സമര അനുഭവങ്ങളില്‍ ഏറെ തിളക്കമുള്ളതായി തീര്‍ന്നു. സംസ്ഥാനത്തെ നൂറുക്കണക്കിന് സമരഭൂമികളില്‍നിന്ന് ആയിരക്കണക്കിനാളുകളാണ് കലൂര്‍ സ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. കാടിറങ്ങിയും മലകടന്നും തീരങ്ങള്‍ താണ്ടിയും സോളിഡാരിറ്റിയുടെ വിളികേട്ട് സമരസഖാക്കള്‍ എറണാകുളത്തെത്തിച്ചേര്‍ന്നു. സംസ്ഥാനത്തെ 50-ഓളം സമര സംഘടനകള്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. കേരളത്തിന്റെ മണ്ണും വെള്ളവും വായുവും കാക്കുന്ന സമരഭടന്മാര്‍ക്ക് വിപ്ളവയൌവനം തങ്ങളുടെ സര്‍വ പിന്തുണയും ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു. തുടര്‍ സമരത്തിന് ആത്മവിശ്വാസത്തിന്റെ ഒരായിരം തിരികള്‍ കൊളുത്തിയാണ് അവര്‍ മടങ്ങിയത്. 
സമ്മേളനത്തില്‍ കേരളത്തിലെ നിരവധി സമരനേതാക്കളെ ആദരിച്ചു. കല്ലേല്‍ പൊക്കുടന്‍, പി.യു.സി.എല്‍ നേതാവ് പി.എ പൌരന്‍, മത്സ്യതൊഴിലാളി നേതാവ് ടി. പീറ്റര്‍, ആദിവാസി അവകാശ സമിതി നേതാവ് നീലിപ്പാറ മാരിയപ്പന്‍, പ്ളാച്ചിമട സമരനായിക മുത്തുലക്ഷ്മി അമ്മ, എന്‍ഡോസള്‍ഫാന്‍ സമരനായകരായ ലതാദാസ്, സിന്ധുഷാജി, കാതികൂടം സമര നേതാവ് അനില്‍ കാതികൂടം, കിനാലൂര്‍ സമര നായകരായ റഹ്മത്തുല്ലാ മാസ്റര്‍, ദേവദാസ് മോരിക്കര, അതിരപ്പള്ളി സമരനായകര്‍ മോഹന്‍ദാസ് മാസ്റര്‍, ദേശീയപാത സമരനേതാവ് ഹാഷിം ചേന്നാപ്പിള്ളി, വെളിച്ചിക്കാല സമരനേതാവ് സലിം അമാനി, ടി.കെ വാസു, നലൂര്‍കാവ് ലക്ഷ്മി, സുഭദ്രാമ്മ തോട്ടപ്പള്ളി, കെ.കെ കുന്നത്ത്, സി.കെ കുമാരന്‍ തുടങ്ങിയ സമരനേതാക്കള്‍ വന്‍ജനാവലിയെ സാക്ഷിനിര്‍ത്തി യുവകേരളത്തിന്റെ ആദരവ് ഏറ്റുവാങ്ങി.
ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതില്‍നിന്ന് ഭരണാധികാരികളെ പിന്തിരിപ്പിക്കാന്‍ ജനമുന്നേറ്റത്തിന് മാത്രമേ കഴിയൂവെന്ന് പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. ചെറുപ്പക്കാരുടെ കൂട്ടായ്മകള്‍ ഉയര്‍ന്നുവരണം. തെറ്റായ നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ഭരണാധികാരികള്‍ തന്നെ നിഷ്കാസനം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് വേണ്ടത്. ജനപക്ഷവികസന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തെ ഏറ്റവും വലിയ പത്ത് പണക്കാരില്‍ നാലുപേരും ഇന്ത്യക്കാരാണെന്നതല്ല രാജ്യത്തിന്റെ പുരോഗതിയുടെ മാനദണ്ഡം. രാജ്യത്തിന്റെ സമ്പത്ത് ചില കോര്‍പറേറ്റ് കുടുംബങ്ങളില്‍ കുന്നുകൂടുന്നതിന് ഭരണകൂടം ഒത്താശ ചെയ്യുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും ഈ കോര്‍പറേറ്റ് കുടുംബങ്ങള്‍ സ്വന്തമാക്കുന്നു. പ്രകൃതിസമ്പത്ത് കൊള്ളയടിക്കാന്‍ ഭരണകൂടം ഇവരെ അനുവദിക്കുകയാണ്.
പാശ്ചാത്യ രാജ്യങ്ങളിലെ ന്യൂക്ളിയര്‍ പവര്‍ കമ്പനികളെ സഹായിക്കാന്‍ രാജ്യത്ത് വ്യാപകമായി ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നവര്‍ ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലെ ആണവ നിലയങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി കാണണം. റഷ്യയിലെ പോലെ കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലേക്ക് ഭരണം മാറാതിരിക്കാന്‍ ഇന്ത്യയിലും ജനമുന്നേറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജനമുന്നേറ്റങ്ങള്‍ക്ക് ഇന്ത്യയില്‍ ഇടമില്ലെന്ന് വിശ്വസിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി പറഞ്ഞു. ജനങ്ങളുടെ ഇഛാശക്തിയുടെ ആവിഷ്കാരത്തിനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ഇസ്ലാം ഏകാധിപത്യത്തെയും സ്വേഛാധിപത്യത്തെയും ആണ് പ്രോത്സാഹിപ്പിക്കുന്നതെന്ന പാശ്ചാത്യ നുണയാണ് ഇതുവഴി തകര്‍ന്നു വീഴുന്നത്.
പ്രഫ. ടി.ടി ശ്രീകുമാര്‍, ഡോ. സെബാസ്റ്യന്‍ പോള്‍, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുര്‍റഹ്മാന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ് എന്നിവര്‍ സംസാരിച്ചു. പി.ഐ നൌഷാദ് സ്വാഗതവും കളത്തില്‍ ഫാറൂഖ് നന്ദിയും പറഞ്ഞു. പ്രശാന്ത്ഭൂഷന്റെ പ്രഭാഷണം എം. സാജിദ് പരിഭാഷപ്പെടുത്തി. 

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly