Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

 

1921-ലെ ഖിലാഫത്ത്‌ പ്രക്ഷോഭവും
ഇസ്‌ലാമിന്റെ സാമൂഹിക രാഷ്‌ട്രീയ ഭാവങ്ങളും

ശിഹാബ്‌ പൂക്കോട്ടൂര്‍

മലബാര്‍ സ്വാതന്ത്യ്രത്തിന്റെ 90-ാം വാര്‍ഷികം ആഘോഷിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുകയാണ്. ഇടതുപക്ഷ സംഘടനകളും മുസ്ലിംലീഗും ഔദ്യോഗികമായി ആഘോഷപരിപാടികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സംഘ്പരിവാര്‍ പതിവ് പോലെ ഇതിനെതിരെ വിഷം ചീറ്റിതുടങ്ങി. ഖിലാഫത്ത് പ്രക്ഷോഭം സ്വാതന്ത്യ്ര സമരമാണെന്നു ആഘോഷ കക്ഷികളും അല്ല, അത് വെറും മാപ്പിള ലഹളയായിരുന്നുവെന്നു സംഘികളും വാദകോലാഹലങ്ങള്‍ മുഴക്കിക്കൊണ്ടിരിക്കുന്നു. 1921ല്‍ മലബാറിലെ പോരാട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രചോദനമെന്തായിരുന്നുവെന്നും ചരിത്രത്തില്‍ എങ്ങനെയാണവ രേഖപ്പെടുത്തിയയെന്നതും മുഖ്യധാര ചരിത്രമെഴുത്തില്‍നിന്നും അസന്നിഹിതമാക്കപ്പെട്ടതെങ്ങനെയെന്നും വിലയിരുത്തുമ്പോഴാണ് ഈ ആഘോഷങ്ങളുടെ പുറംപകിട്ട് തകര്‍ന്ന് വീഴുന്നത്.
ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഇത് കാര്‍ഷിക കലാപമാണ്. ജന്മിയും കുടിയാനും തമ്മിലുള്ള വര്‍ഗസംഘര്‍ഷമായിട്ടാണ് ഖിലാഫത്ത് പ്രക്ഷോഭത്തെയും അതിനനുബന്ധമായി നടന്ന മറ്റു സമരങ്ങളെയും ഇടതുപക്ഷ ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. മാര്‍ക്സിസ്റ് വ്യാഖ്യാനത്തില്‍ സാമ്പത്തിക പ്രശ്നങ്ങളാണ് നിര്‍ണയിക്കുന്ന മുഖ്യഘടകം. കര്‍ഷകര്‍ക്കും സമ്പന്നവര്‍ഗങ്ങള്‍ക്കും ഇടയിലുള്ള വ്യത്യാസമാണ് ഇതിന്റെ ഘടകമെന്നും സമര്‍ഥിക്കുന്നു. "സാമ്രാജ്യത്വ വിരുദ്ധത കേവലം ഒരു ദേശീയ വികാരം മാത്രമായിരുന്നില്ല. ഒരു ദൈനംദിന ജീവിത പ്രശ്നമായിരുന്നു. അതുകൊണ്ട് സ്വമേധയാ ഉള്ള കര്‍ഷക സമരങ്ങള്‍ മലബാറില്‍ വികസിച്ചു തുടങ്ങി.''1
"1921ലെ കലാപം ഒരു വര്‍ഗീയ ലഹള ആയിരുന്നില്ല എന്ന് വാദിക്കുമ്പോഴും കലാപത്തില്‍ മതഭ്രാന്തിന്റെ അംശമൊന്നും ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ അര്‍ഥമാക്കുന്നില്ല. മതഭ്രാന്ത് കലാപത്തിന്റെ ഒരു ഉല്‍പന്നം ആയിരുന്നു. കാരണം ഉറച്ച മതവിശ്വാസികളും തീരെ വിദ്യാഭ്യാസമില്ലാത്തവരും സുസംഘടിതരുമായ മാപ്ള സമുദായത്തില്‍ കാഫിറുകളെ കൊല്ലുകയോ മതം മാറ്റുകയോ ചെയ്താല്‍ തങ്ങള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി കൂടുതല്‍ സുഗമമാകും എന്ന വിശ്വാസം തലയിലുറപ്പിച്ച മതഭ്രാന്തന്മാര്‍ ഉണ്ടാകാനിടയുണ്ട്. കൂടാതെ നിസ്സഹായരായ ഹിന്ദുക്കള്‍ ചിലപ്പോള്‍ കലാപകാരികളെക്കുറിച്ച് പട്ടാളത്തിന് വിവരം നല്‍കാന്‍ നിര്‍ബന്ധിതരായിരിക്കും. ഇത് മാപ്ളമാരില്‍ ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷവും സംശയവും ഉണ്ടാവാന്‍ ഇടയാക്കി. ഇങ്ങനെയാണ് സാധാരണക്കാരിലൊരു വിഭാഗം നടത്തിയ വര്‍ഗീയമല്ലാത്ത ഒരു പ്രസ്ഥാനം ആത്യന്തികമായി വര്‍ഗീയ സ്വഭാവമുള്ള മാപ്പിളകലാപം ആയി മാറിയത്.''2
"ആഹ്വാനവും താക്കീതും എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് കലാപത്തിന്റെ ആദ്യഘട്ടത്തിലെ സാമ്രാജ്യത്വ വിരുദ്ധ, ഫ്യൂഡല്‍ വിരുദ്ധ വികാരങ്ങള്‍ നല്‍കിയ ആഹ്വാനവും രണ്ടാം ഘട്ടത്തിലെ വര്‍ഗീയതക്കെതിരായ താക്കീതുമായിരുന്നു''3
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മലബാറിലെ ഖിലാഫത്ത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിലയിരുത്തലില്‍ യഥാര്‍ഥ കാരണം പറയുന്നതിനുപകരം 'സ്വമേധയാ' എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. മലബാറിലെ മാപ്പിളമാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത് സ്വമേധയായുള്ള ഒരെടുത്തുചാട്ടമായിരുന്നു. രണ്ടാമതായി ഇതിന്റെ വിശകലനത്തില്‍ അദ്ദേഹം ഊന്നുന്നത് അതിന്റെ കാര്‍ഷിക ബന്ധത്തിലാണ്. മൂന്നാമതായി ദേശീയ ചരിത്രമെഴുത്തുമായി അദ്ദേഹം താരതമ്യപ്പെടുകയും ചെയ്യുന്നു. ഇതിലെ മത (ഇസ്ലാം)ത്തിന്റെ സ്വാധീനം വര്‍ഗീയ ലഹളക്ക് കാരണമായി എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മാപ്പിളമാരുടെ സാമ്രാജ്യത്വ വിരുദ്ധതയെയും ഫ്യൂഡല്‍ വിരോധത്തെയും രൂപപ്പെടുത്തിയ ഇസ്ലാമിന്റെ സ്വാധീനത്തെ ബോധപൂര്‍വം അദ്ദേഹം അവഗണിക്കുന്നു.
മലബാര്‍ പ്രക്ഷോഭത്തില്‍ മതത്തിന്റെ ക്രിയാത്മക ഇടപെടലുകളുണ്ടായിരുന്നുവെന്ന പഠനങ്ങള്‍ പുറത്തുവന്നതിനു ശേഷവും മാര്‍ക്സിസ്റ് ചരിത്ര വിശകലനം അതിനെ ന്യൂനീകരിക്കുന്നതായി കാണാം. കെ.എന്‍ പണിക്കര്‍ മലബാര്‍ കലാപത്തിന്റെ പിന്നിലുള്ള മതത്തെ വിലയിരുത്തുന്നത് അത്തരത്തിലുള്ള ഒരു രീതിയിലാണ്. "മതത്തിന്റെ മധ്യവര്‍ത്തിത്വം ഒരു ഇരട്ടപ്പങ്കാണ് നിറവേറ്റിയത്. ഒരുവശത്ത് അത് കര്‍ഷകരെ അടിച്ചമര്‍ത്തലിനെതിരെ പോരാടാന്‍ സഹായിച്ചു. മറുവശത്താകട്ടെ, പരലോകത്തിന്റെ ആനന്ദങ്ങളിലേക്ക് അവരുടെ കാഴ്ചപാടിനെ പരിമിതപ്പെടുത്തിക്കൊണ്ട് അവരുടെ സാധ്യതകളെ നിരാകരിച്ചു. മാപ്പിള കര്‍ഷകരെ സംബന്ധിച്ചേടത്തോളം മതം ഒരേസമയം പ്രവര്‍ത്തനത്തിനുള്ള പ്രത്യയശാസ്ത്രവും ഒരു മയക്കുമരുന്നും ആയിരുന്നു.''4 മതത്തെ 'അസംതൃപ്തിയെ പ്രവര്‍ത്തനമാക്കി പരിഭാഷപ്പെടുത്താന്‍ സഹായിച്ച പ്രത്യയ ശാസ്ത്രം' എന്നാണ് പണിക്കര്‍ വിലയിരുത്തുന്നത്. മതം ഒരു മരുന്നായിട്ടാണ് അവര്‍ക്ക് അനുഭവപ്പെട്ടത്. ജന്മിയും കുടിയാനുമുള്ള കാര്‍ഷിക സമരത്തില്‍തന്നെ ഉള്‍ച്ചേര്‍ന്ന ഘടകങ്ങളെ പരിഗണിക്കാന്‍ മാര്‍ക്സിസ്റ് വിശകലനത്തിന് സാധിക്കുന്നില്ല. മറിച്ച് മതത്തിന്റെ വര്‍ഗീയ ഭാവത്തെയും നശീകരണ പ്രക്രിയകളെയും കുറിച്ചുളള ആവലാതിയാണ് അവര്‍ ഉയര്‍ത്തുന്നത്.
ഇനി ദേശീയവാദ ചരിത്രമെഴുത്ത് ഖിലാഫത്ത് പ്രക്ഷോഭത്തെ എങ്ങനെ അടയാളപ്പെടുത്തുന്നുവെന്ന് പരിശോധിക്കാം. യൂറോപ്യന്‍ ചരിത്രകാരന്മാര്‍ വികസിപ്പിച്ചെടുത്ത കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായി രേഖപ്പെടുത്താന്‍ ദേശീയവാദ ചരിത്രമെഴുത്തിന് സാധിച്ചിട്ടില്ല. ഹാലിളക്കം, മതഭ്രാന്ത്, വര്‍ഗീയ ലഹള തുടങ്ങിയ പദനിര്‍മിതികളാണ് ഖിലാഫത്ത് പ്രക്ഷോഭത്തെ വിലയിരുത്താന്‍ അവര്‍ പൊതുവേ ഉപയോഗിച്ചിട്ടുള്ളത്. സ്വാതന്ത്യ്ര സമരത്തിന്റെ ഭാഗമല്ല മലബാറിലെ പ്രക്ഷോഭങ്ങള്‍ എന്ന് വരുത്തിത്തീര്‍ക്കാനാണ് ഇതിലൂടെ ശ്രമിച്ചത്. 1921 നവംബര്‍ 20-ാം തീയതിയിലെ വാഗണ്‍ ട്രാജഡി മാത്രമാണ് ദേശീയവാദ ചരിത്രപാഠങ്ങളില്‍ കാണാനിടയുള്ളത്. എന്നാല്‍ 1919 ഏപ്രില്‍ 19-ന് ജാലിയന്‍ വാലാബാഗില്‍ (ഔദ്യോഗിക കണക്കനുസരിച്ച്) 379 ആളുകള്‍ കൊല്ലപ്പെട്ടു. 1922 ഫെബ്രുവരി 5-ന് 23 പോലീസുകാരെ രോഷാകുലരായ കര്‍ഷകര്‍ ചുട്ടുകൊന്നുകളഞ്ഞ ചൌരിചൌരാ സംഭവവും ജാലിയന്‍ വാലാബാഗും നാം മറച്ചുവെക്കാറില്ല. മലബാര്‍ കലാപവുമായി താരതമ്യപ്പെടുത്തുമ്പോള്‍ (ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1921ലെ മലബാര്‍ കലാപത്തില്‍ ആകെ 2337 കലാപകാരികള്‍ കൊല്ലപ്പെട്ടു, 1652 പേര്‍ക്ക് മുറിവുപറ്റി, 45404 പേരെ തടവിലാക്കി ) മറ്റു സംഭവങ്ങളുടെ വ്യാപ്തി പരിമിതമാണ്. ഇതിലുള്ള മതപരിവര്‍ത്തനത്തെയും കൊല്ലപ്പെട്ട ഹിന്ദുക്കളെയും മാത്രമാണ് ദേശീയ ചരിത്രം അന്വേഷിച്ചത്. സംഘ്പരിവാറിന് ഇതിലും നല്ലൊരു പ്രമാണം വേറെയാവശ്യം വന്നിട്ടില്ല. ദേശീയ ചരിത്രത്തിലെ വിശകലനങ്ങളിലും മലബാറിലെ സ്വാതന്ത്യ്ര സമരത്തെയല്ല, മതഭ്രാന്തിനെയാണ് ചരിത്രവല്‍ക്കരിക്കുന്നത്.
തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി, പൂക്കോട്ടൂര്‍, ഇരുമ്പുഴി, മഞ്ചേരി, പാണ്ടിക്കാട്, മേല്‍മുറി, വെള്ളുവമ്പ്രം, നെല്ലിക്കുത്ത്, പൊന്മള തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ മുഖ്യ ആസൂത്രണങ്ങള്‍ നടന്നത്. കര്‍ഷകരും കുടിയാന്മാരും മതപണ്ഡിതന്മാരും ഇതില്‍ പങ്കുകൊണ്ടിരുന്നു. നേരത്തെ തന്നെ പോര്‍ച്ചുഗീസ് വിരുദ്ധ പ്രക്ഷോഭത്തില്‍ മുസ്ലിം സമൂഹം വലിയ പങ്ക് വഹിച്ചിരുന്നത് പൊന്നാനി മഖ്ദൂമുമാരുടെ കീഴിലായിരുന്നു. ഇതിന്റെയൊരു ചിട്ട ഈ കലാപങ്ങളിലും പുലര്‍ത്തിയതായി കാണാം.
സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ചുരുക്കം സ്ഥലങ്ങളൊഴികെ ഏറനാട്, വള്ളുവനാട് താലൂക്കുകള്‍ മുഴുവനായും കോഴിക്കോട് താലൂക്കുകളുടെ ചില ഭാഗങ്ങളും ഏറക്കുറെ മാപ്പിളമാരുടെ നിയന്ത്രണത്തിലായിരുന്നു. വ്യവസ്ഥാപിതമായ ഒരു ദേശം ഇവിടെ രൂപപ്പെട്ടിരുന്നു. എടുത്തുചാട്ടമായിരുന്നു മലബാറിലെ പ്രക്ഷോഭങ്ങളെന്ന ആരോപണം അടിസ്ഥാനരഹിതമായിരുന്നു. ആള്‍കൂട്ടത്തിന്റെ ആവേശമായിരുന്നില്ല, ആസൂത്രണങ്ങളുടെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലുള്ള സ്വാതന്ത്യ്ര പോരാട്ടമായിരുന്നു മലബാര്‍ കലാപം.
പക്ഷേ, ഇതിനെ ഹിംസയുടെ പരിശീലനക്കളരിയായി വിശേഷിപ്പിക്കാനായിരുന്നു ചരിത്രകാരന്മാര്‍ക്ക് താല്‍പര്യം. "മലബാര്‍ കലാപത്തിന്റെ വ്യാപ്തി, തീവ്രത, കാലയളവ് എന്നിവ രാഷ്ട്രീയവും സാമൂഹികവുമായ തലങ്ങളിലുള്ള ഹിംസയുടെ ഗണനീയമായ പ്രാധാന്യത്തെയാണ് വെളിപ്പെടുത്തുന്നത്.''5 മലബാര്‍ കലാപത്തിന്റെ കൂടുതല്‍ അടിസ്ഥാനപരവും ക്രിയാത്മകവുമായ ഘടകങ്ങളാണ് അന്വേഷിക്കേണ്ടത്. സമരത്തില്‍ പങ്കെടുത്തവരുടെ രാഷ്ട്രീയാഭിലാഷങ്ങളെയും ആശയങ്ങളെയും സങ്കല്‍പങ്ങളെയും കുറിച്ചുള്ള കൃത്യമായ വിശകലന രീതികള്‍ ചരിത്രത്തില്‍ തീരെയില്ലായെന്നു തന്നെ പറയാം. ആക്രമണകാരികളായ ഒരു സംഘം മാപ്പിളമാരുടെ വൈകാരിക പ്രകടനങ്ങള്‍ മാത്രമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ദേശീയ ചരിത്ര വിശകലനത്തെയാണ് സംഘ്പരിവാര്‍ ഉപയോഗിക്കുന്നത്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട കേവല സാമുദായിക ധ്രുവീകരണത്തിന്റെ ചരിത്ര 'വീരകഥകള്‍' മാത്രമാണ് മുസ്ലിം ലീഗിനു പറയാനുള്ളത്. അതില്‍ ഉള്ളടങ്ങിയ ദേശീയ അന്തര്‍ദേശീയ പരികല്‍പനകള്‍, സാമ്രാജ്യത്വ വിരുദ്ധത, അടിസ്ഥാന ജനവിഭാഗങ്ങളുടെ രാഷ്ട്രീയ സഹകരണം, സര്‍വോപരി ഇസ്ലാമിന്റെ രാഷ്ട്രീയം എന്നിവയെക്കുറിച്ച സാമാന്യ ധാരണയും മുസ്ലിംലീഗിന് ഈ ആഘോഷത്തിലൂടെ നിലനിര്‍ത്താനില്ല. വരേണ്യ മുസ്ലിം വിഭാഗത്തിന്റെ പ്രതിനിധാനം മാത്രം നിര്‍വഹിക്കുന്ന മുസ്ലിം ലീഗിന് അടിസ്ഥാന/ദരിദ്ര സാമുദായിക സഹകരണത്തെക്കുറിച്ചും ഇസ്ലാമിലെ രാഷ്ട്രീയ പ്രചോദനത്തെക്കുറിച്ചും ഒന്നും അടയാളപ്പെടുത്താനില്ല. മാപ്പിളമാരുടെ വീരകഥകളായതുകൊണ്ട് ആഘോഷിക്കാന്‍ ഏറ്റവും അര്‍ഹരായവര്‍ തങ്ങളാണെന്ന വിചാരത്തിലൂടെ അവര്‍ ശരിവെക്കുന്നത് ദേശീയ ചരിത്രത്തിന്റെ അസത്യമായ വാദങ്ങളെ തന്നെയാണ്. സംഘ്പരിവാര്‍ ഖിലാഫത്ത് പ്രക്ഷോഭത്തിന് തുര്‍ക്കി ഖിലാഫത്തുമായുള്ള ബന്ധം തീവ്രവാദവും ഹിംസയുമായി ചിത്രീകരിക്കുമ്പോള്‍, മുസ്ലിംകളുടെ ആഗോള രാഷ്ട്രീയത്തെ നിരാകരിക്കുകയും കേവല സാമുദായിക വാദങ്ങളിലേക്കതിനെ ചുരുക്കിയെടുക്കുകയും ചെയ്യുന്നതിലൂടെ ശക്തിപ്പെടുന്നത് മാപ്പിളമാരുടെ മതഭ്രാന്ത് തന്നെയാണ്. മാപ്പിളമാരുടെ മതഭ്രാന്തിനെ ഹിംസയായി സംഘ്പരിവാറും വീരകഥയായി മുസ്ലിംലീഗും വര്‍ഗീയമായി ദേശീയ പ്രസ്ഥാനവും വിലയിരുത്തുന്നു. ഇതിലൂടെ ദേശീയ ചരിത്രമെഴുത്ത് (യൂറോപ്പിന്റെയും) ആവര്‍ത്തിച്ച അസത്യങ്ങളെ കൂടുതല്‍ ജ്വലിപ്പിച്ച് നിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ രാഷ്ട്രീയാഭിലാഷം രൂപപ്പെടുത്തിയത് മത(ഇസ്ലാം) വിശ്വാസമായിരുന്നു. മതത്തിന്റെ തന്നെ ഭാഗമായിട്ടാണ് സ്വാതന്ത്യ്രസമരവും ജന്മി(ഫ്യൂഡല്‍) വിരുദ്ധ കലാപവും സാമ്രാജ്യത്വ വിരുദ്ധ നിലപാടും (തുര്‍ക്കി ഖിലാഫത്ത് സ്ഥാപിക്കുക) മാപ്പിളമാര്‍ രൂപപ്പെടുത്തിയത്. മതവിശ്വാസം രാഷ്ട്രീയത്തിലെ പ്രചോദനമാകുന്നതിലൂടെ 'വലിയ അപകടം' സംഭവിക്കുമെന്ന സംഘ്പരിവാറിന്റെയും ദേശീയവാദത്തിന്റെയും, ഒരുപരിധിവരെ മാര്‍ക്സിസ്റ് വാദത്തിന്റെയും നിലപാടു തന്നെയാണ് മുസ്ലിംലീഗും പിന്തുടരുന്നത്. മതവും രാഷ്ട്രീയവും തമ്മില്‍ അകലം പാലിച്ചില്ലെങ്കില്‍ തീവ്രവാദവും ഹിംസയും വെളിപ്പെടുമെന്ന് തന്നെയാണ് മുസ്ലിംലീഗ് വിചാരിക്കുന്നത്. "മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിച്ചേര്‍ക്കുമ്പോള്‍ സംഭവിക്കുന്ന അപകടകരമായ പ്രവണതകള്‍''6 ഉണ്ടാവുമെന്നാണ് ലീഗ് വിശ്വസിക്കുന്നത്. ഖിലാഫത്ത് പ്രക്ഷോഭ വാര്‍ഷികാഘോഷത്തില്‍ സംഘ്പരിവാറില്‍നിന്ന് വ്യത്യസ്തമായ യാതൊന്നും ലീഗിനവകാശപ്പെടാനില്ലാത്ത ഗതികേട് അതുകൊണ്ടാണ് സംഭവിക്കുന്നത്.
ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ അന്തര്‍ധാരയെ വികലമാക്കി വിശകലനം ചെയ്യുന്നതിലൂടെ മാര്‍ക്സിസ്റ് വാദ നിലപാടും ഇതിനെ ഒരു പരിധിവരെ സംരക്ഷിച്ച് നിര്‍ത്തുന്നു. ആലിമുസ്ലിയാരും വാരിയന്‍കുന്നത്തും കേവല വീരനായകരായി അവതരിപ്പിക്കുകയും അവരുടെ അതിസാഹസികതകളെ മാത്രം അനുസ്മരിക്കുകയും ചെയ്യുന്നതിലൂടെ മുസ്ലിം മതസംഘടനകളും 'വലിയ അപകടത്തെ' മറച്ച് വെക്കുന്നു. ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഈ പോരാട്ടത്തെ വിലയിരുത്തുന്നതില്‍ മതസംഘടനകളും മറച്ച് വെക്കുന്നത് യഥാര്‍ഥ പ്രചോദനത്തെ തന്നെയാണ്. കേവലാനുഷ്ഠാനങ്ങളില്‍ മതത്തെ പരിമിതപ്പെടുത്തിയവര്‍ക്ക് ഇസ്ലാമിക രാഷ്ട്രീയത്തെ അനുസ്മരിക്കുന്നത് അപകടകരമാണെന്ന് ധാരണ രൂപപ്പെട്ടിട്ടുണ്ട്. മതസംഘടനകളടക്കം ഒരു വിധത്തില്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് മാപ്പിളമാരുടെ എടുത്തുചാട്ടത്തെയും 'പൊട്ടിത്തെറി'യെയും മാത്രമാണ്. ഖിലാഫത്ത് പ്രക്ഷോഭ വാര്‍ഷികാഘോഷത്തിലൂടെ സാമുദായിക രാഷ്ട്രീയവും സാമുദായിക സംഘടനകളും ഇടതുപക്ഷ പ്രസ്ഥാനവും സംഘ്പരിവാറും സമര്‍ഥിക്കുന്നതിന് ഒരേ സ്വരമുണ്ടാവുന്നത് അതുകൊണ്ടാണ്. പുതുതായി ഒന്നും പറയാനില്ലാത്ത ഒരു ആചാരമായി ഈ ആഘോഷം മാറുന്നതും അതേ കാരണത്താലാണ്. ന്യൂനപക്ഷ പ്രീണനം, ന്യൂനപക്ഷ സംരക്ഷണം, ന്യൂനപക്ഷ പീഡനം തുടങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന ആഘോഷങ്ങളില്‍ അസാമാന്യമായ രീതിയില്‍ ചേര്‍ച്ച അനുഭവപ്പെടുന്നു.
1921 ജൂണ്‍ മുതല്‍ നവംബര്‍ വരെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ മാപ്പിള സമുദായത്തിനിടയില്‍ രൂപപ്പെട്ട പ്രക്ഷോഭങ്ങളാണ് ഖിലാഫത്ത് പ്രക്ഷോഭങ്ങളായി വിലയിരുത്തുന്നത്. ഈ കലാപത്തില്‍ ഹിന്ദു വിഭാഗത്തിലെ അധഃസ്ഥിതരായ ജാതികളും മാപ്പിളമാരുടെ കൂടെ പങ്കെടുത്തിരുന്നു. ഇതില്‍ കാര്‍ഷികബന്ധങ്ങള്‍ക്ക് വലിയൊരളവോളം പങ്കുണ്ട്. പക്ഷേ, മുസ്ലിംകളെ പ്രചോദിപ്പിച്ചത് യഥാര്‍ഥത്തില്‍ മതം തന്നെയായിരുന്നു. അധഃസ്ഥിത വിഭാഗങ്ങളുമായി ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിച്ചത് മതത്തിന്റെ തന്നെ സാമൂഹിക സ്വഭാവമായിരുന്നു. മതപണ്ഡിതന്മാര്‍ തന്നെയായിരുന്നു ഈ പ്രക്ഷോഭത്തില്‍ അവരെ നയിച്ചിരുന്നത്. മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിക്കുന്ന ഒരു ഘടകവും അവരില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. മതപണ്ഡിതന്മാരുടെ രാഷ്ട്രീയബോധവും നേതൃത്വവും അവര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിന്റെ ഈ ശേഷിയെക്കുറിച്ച ഒരു സംശയവും (ഇപ്പോള്‍ ലീഗിനും മുസ്ലിം സംഘടനകള്‍ക്കും സംരക്ഷകരായ എം.എന്‍ കാരശ്ശേരി, ഹമീദ് ചേന്ദമംഗല്ലൂര്‍ പ്രഭൃതികള്‍ക്കും ഉള്ളത് പോലെ) അവരില്‍ രൂപപ്പെട്ടിരുന്നില്ല. 2011-ല്‍ ഈജിപ്തിലും തുനീഷ്യയിലും യമനിലും രൂപപ്പെട്ടുവരുന്ന ജനാധിപത്യ പോരാട്ടങ്ങളില്‍ ഇസ്ലാമിന്റെ ഈ ശേഷി കൂടുതല്‍ നമുക്ക് ബോധ്യപ്പെട്ടതുമാണ്.
ദേശീയവാദ ചരിത്രവും യൂറോപ്പും അതിനെ പിന്താങ്ങുന്ന വര്‍ഗ സമീപനവും ഇസ്ലാമോഫോബിയയുടെ ഭാഗമായി ഇതിന്റെ 'ഇസ്ലാം സ്വാധീനം' അപായമാണെന്ന് സമ്മതിക്കുന്നതില്‍ യോജിക്കുന്നു. "സമുദായമെന്ന നിലയില്‍ സാമൂഹികമായി യോജിച്ചു നില്‍ക്കുന്നവരാണ് മാപ്പിളമാര്‍. അവര്‍ക്ക് ഹിംസയുടെ പാരമ്പര്യവും അത് സംഘടിപ്പിക്കുന്നതില്‍ പ്രാവീണ്യവുമുണ്ട്''7 എന്ന നിലപാടിലാണ് ഇവര്‍ എത്തിച്ചേരുന്നത്. ഇസ്ലാമിനെ ഒരു ദര്‍ശനമായി രൂപപ്പെടുത്തുമ്പോള്‍ ഈ ആരോപണവുമായി രംഗത്ത് വരുന്നവരും ഈ വീക്ഷണത്തെ പിന്താങ്ങുകയാണ്. ഇസ്ലാം തന്നെയായിരുന്നു ഖിലാഫത്ത് പ്രക്ഷോഭത്തിലും ഏറ്റവും ക്രിയാത്മകമായ സാന്നിധ്യമെന്ന് നിരീക്ഷിക്കുന്ന പഠനങ്ങളും നടന്നിട്ടുണ്ട്. "മാപ്പിള പ്രക്ഷോഭങ്ങളും കലാപവും നമുക്ക് കാണിച്ചു തരുന്നത്, മതത്തെ ചരിത്രപരമായി കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ മനസ്സിലാക്കാന്‍ കഴിയുക അതിനെ സമുദായത്തിന്റെ മൊത്തം ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി കാണുമ്പോഴാണ് എന്നത്രേ. അതിനെ രാഷ്ട്രീയത്തില്‍നിന്നും വേര്‍പെടുത്താന്‍ കഴിയില്ല. മതത്തെക്കുറിച്ചുള്ള ഇത്തരത്തില്‍ ചലനാത്മകമായ ഒരു കാഴ്ചപ്പാട് കര്‍ഷക കലാപങ്ങളുടെ കാര്യപരിപാടിയെയും മുന്‍കൈയിനെയും പുനസംഘടിപ്പിക്കാനുള്ള ഒരു പുനര്‍വായന ആവശ്യമാക്കിത്തീര്‍ത്തു.''8
ഖിലാഫത്ത് പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഒരു പുനര്‍വായന തന്നെയാണ് ഇവിടെ ആവശ്യമായി വരുന്നത്. ഇതിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചിരുന്ന മതത്തിന്റെ ചലനാത്മകത ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മതത്തിന്റെ സ്വഭാവങ്ങളെ പുനര്‍നിര്‍ണയിക്കുന്ന നവോത്ഥാന ശ്രമങ്ങളില്‍ ഏര്‍പ്പെട്ടത് ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനമാണ്. മലബാര്‍ പ്രക്ഷോഭത്തിന്റെ അന്തര്‍ധാരകള്‍ പല രീതിയില്‍ വികസിച്ചുവന്നിട്ടുണ്ട്. അതിന്റെ വകഭേദങ്ങളെ നൂതനമായ രീതിയില്‍ ഉപയോഗിക്കുന്നതും ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. മലബാര്‍ കലാപത്തിലെ ഫ്യൂഡല്‍ വിരുദ്ധത, സാമ്രാജ്യത്വ വിരോധം, സാര്‍വലൌകിക മനോഭാവം, അധഃസ്ഥിത ജനവിഭാഗങ്ങളുമായുള്ള സഹകരണം തുടങ്ങിയ മതത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ഭാവങ്ങളുമായി കണ്ണിചേരേണ്ടത് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ധാര്‍മികവും ചരിത്രപരവുമായ ഒരാവശ്യമാണ്. പ്രത്യേകിച്ച് ഖിലാഫത്ത് വാര്‍ഷികാഘോഷങ്ങളില്‍ സമര്‍ഥമായി 'ഇസ്ലാമിന്റെ ചലനാത്മകത' മറച്ചുവെക്കുന്ന സാഹചര്യത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ആവശ്യമായിതീരുന്നു. ഇസ്ലാമിന്റെ ഏകാത്മകതയെയും വൈവിധ്യത്തെയും ഇന്ന് ലോകം മതിപ്പോടെ ശ്രദ്ധിക്കുന്ന അവസരത്തില്‍ കേരളത്തില്‍ നടന്ന ഐതിഹാസികമായ ഒരു വിമോചന പോരാട്ടത്തെ സമുചിതമായി അടയാളപ്പെടുത്തുന്നത് ഒരു ചരിത്ര ദൌത്യമാണ്.
വെശവമയുസൃശീെ@ഴാമശഹ.രീാ
കുറിപ്പുകള്‍
1. ഋങട ചമായീീവേശൃശുമറ, 1984, ു 89
2. അതേ പുസ്തകം പേജ് 90
3. ആഹ്വാനവും താക്കീതും, പേജ് 17, 1997. ഇ.എം.എസ് നമ്പൂതിരിപ്പാട്
4. കെ.എന്‍ പണിക്കര്‍, 1989, ജ. 195
5. മലബാര്‍ കലാപം 1921 '22 - ഡോ. എം. ഗംഗാധരന്‍ പേജ് 305
6. കെ.എം ഷാജി (മാതൃഭൂമി ആഴ്ചപ്പതിപ്പ്)
7. ദി മാപ്പിളാസ് ഓഫ് മലബാര്‍ 1498-1922 സ്റീഫന്‍ ഡെയല്‍ ഓക്സ്ഫോര്‍ഡ് പ്രസ്.
മാപ്പിള മുസ്ലിം ഓഫ് കേരള - റൊളാങ് ഇ. മില്ലര്‍ - 1992
എ. ഷോര്‍ട്ട് ഹിസ്ററി ഓഫ് ദി. വെസന്റ് മൂവ്മെന്റ് ഇന്‍ ഇന്ത്യ - ഋങട ഢീഹ. 2 ജ. 180. വില്യം ലോഗന്‍, മലബാര്‍ മാന്വല്‍, പേജ് 198
8. മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍, ചരിത്ര-സാഹിത്യ പാഠങ്ങള്‍ - എം.ടി അന്‍സാരി.

 

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly