Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

 

ഇറാന്‍ മണ്ണിലെ വികാരങ്ങള്‍
ഐക്യദാര്‍ഢ്യത്തിന്റെ തീച്ചുവടുകള്‍-3
ബിശ്റുദ്ദീന്‍ ശര്‍ഖി

അര്‍ധരാത്രിക്കു ശേഷമായിരുന്നു, ദല്‍ഹിയില്‍ നിന്നും തെഹ്റാനിലേക്കുള്ള വിമാനം. മുന്‍ ഇറാനിയന്‍ പ്രസിഡന്റ് ഹശ്മി റഫ്സഞ്ചാനിയുടെ ഉടമസ്ഥതയിലുള്ള മാഹാന്‍ എയറിലാണ് ഞങ്ങള്‍ സഞ്ചരിച്ചത്. പുലര്‍ച്ചെ ഇമാം ഖുമൈനി ഇന്റര്‍നാഷ്നല്‍ എയര്‍പോര്‍ട്ടില്‍ ഞങ്ങളെ സ്വീകരിക്കാന്‍ ഇറാനിയന്‍ പാര്‍ലമെന്റംഗങ്ങളടക്കം ഒരു വലിയ സംഘം കാത്തുനിന്നിരുന്നു. ആഇശ ഇഫ്തികാരി എന്നു പേരുള്ള വനിതാ എം.പിയും കൂട്ടത്തിലുണ്ടായിരുന്നു. അറബിയില്‍ അവര്‍ അനായാസം സംസാരിച്ചു. പൂക്കളും ഇറാന്റെയും ഫലസ്ത്വീന്റെയും കൊച്ചു പതാകകളുമായി ധാരാളം പെണ്‍കുട്ടികളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. അവര്‍ 'ഫലസ്ത്വീന്‍ ഫിറൂസ് അസ്ത് ഇസ്രയേല്‍ നാബൂദ അസ്ത്' എന്ന് കൊച്ചു കൈകളുയര്‍ത്തി മുദ്രാവാക്യം വിളിച്ചുകൊണ്ടേയിരുന്നു. ഫലസ്ത്വീന്‍ വിജയിക്കട്ടെ, ഇസ്രയേല്‍ തകരട്ടെ എന്നാണ് അവര്‍ പറയുന്നത്. ഉയരം കൂടിയ കരുത്തരായ ഇറാനിയന്‍ പുരുഷന്മാര്‍ പുരാതനമായ പേര്‍ഷ്യന്‍ പാരമ്പര്യത്തെയും പ്രതാപത്തെയും ഓര്‍മിപ്പിച്ചു. മുമ്പ് മക്മല്‍ ബഫിന്റെയും മാജിദ് മജീദിയുടെയും സിനിമകളില്‍ മാത്രം കണ്ടിരുന്ന നീളം കുപ്പായമണിഞ്ഞ ഇറാനിയന്‍ സ്ത്രീകള്‍, മുന്നില്‍ നിന്ന് മുഷ്ഠിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നത് കൌതുകത്തോടെ നോക്കിക്കണ്ടു. ഇനിയങ്ങോട്ട് പത്തു പന്ത്രണ്ട് ദിവസങ്ങള്‍ മരുഭൂമികളിലൂടെയും പര്‍വത പ്രാന്തങ്ങളിലൂടെയുമുള്ള യാത്രയാണ്. മഹ്ദിയുടെ ആഗമനത്തെ നിറകണ്ണുകളോടെ കാത്തിരിക്കുന്ന, ഊണിലും ഉറക്കിലും വാക്കിലും നോക്കിലും സാമ്രാജ്യത്വത്തിനെതിരെ തീരാരോഷം കരുതിവെച്ച ഇറാനിലെ സാധാരണ പൌരന്മാരുടെ കൂടെയുള്ള സ്വപ്ന തുല്യമായ യാത്ര.
യൂനിയന്‍ ഓഫ് യൂനിഫൈഡ് ഉമ്മ എന്ന സംഘടനയാണ് ഇറാനില്‍ കാരവന് ആതിഥ്യമരുളുന്നത്. അതിന്റെ നേതാക്കള്‍ സലിം ഗഫൂരി, റൂഹുല്ല റസ്വി, അലി ഖുമൈലി തുടങ്ങിയ ചെറുപ്പക്കാര്‍ അത്യാഹ്ളാദത്തോടെയാണ് ഞങ്ങളെ സ്വീകരിച്ചത്. സലിം ഗഫൂരി ഇറാനില്‍ അറിയപ്പെടുന്ന ഡോക്യുമെന്ററി സംവിധായകനാണ്. ഫലസ്ത്വീന്‍, സോമാലിയ, സുഡാന്‍ എന്നിവിടങ്ങളെക്കുറിച്ച് ശ്രദ്ധേയമായ ഡോക്യമെന്ററികള്‍ ഒരുക്കിയിട്ടുണ്ട്, മിതഭാഷിയായ അദ്ദേഹം. ഇറാനിലെ മുഴുവന്‍ പരിപാടികളും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് നടന്നിരുന്നത്. റൂഹുല്ല റസ്വി ഇന്ത്യന്‍ വംശജനാണ്. കശ്മീരില്‍ നിന്ന് തെഹ്റാനിലേക്ക് ബിസിനസിനു വേണ്ടി കുടിയേറിപ്പാര്‍ത്തവരാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. അലി ഖുമൈലി ഖുമ്മിലെ പ്രസിദ്ധ മതകലാലയത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആളാണ്. ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹമുള്ള അലി, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നിലധികം എന്‍.ജി.ഒകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു.
സെഹ്ദാനിലേക്ക്
തെഹ്റാനിലെ ഇന്റര്‍നാഷ്നല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പ്രഭാത നമസ്കാരത്തിനും ഭക്ഷണത്തിനും ശേഷം പുറത്തിറങ്ങിയ ഞങ്ങള്‍ നേരെ ഡൊമസ്റിക് ടെര്‍മിനലിലേക്കാണ് പോയത്. ഞങ്ങള്‍ക്ക് പോകേണ്ടത് സെഹ്ദാന്‍ (ദലവറമി) എന്ന നഗരത്തിലേക്കാണ്. അവിടെ നിന്നാണ് ഞങ്ങളുടെ പര്യടനം യഥാര്‍ഥത്തില്‍ ആരംഭിക്കുന്നത്. അഫ്ഗാനിസ്താനുമായും പാകിസ്താനുമായും ഇറാന്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് സെഹ്ദാന്‍. ഏതാണ്ട് ഒരു മണിക്കൂര്‍ നേരത്തേ പറക്കലിനു ശേഷം സെഹ്ദാനിലെ ചെറിയ വിമാനത്താവളത്തില്‍ ഞങ്ങളെത്തിച്ചേര്‍ന്നു. വിമാനത്തിന്റെ ചവിട്ടുപടികള്‍ക്കടുത്തു നിന്നു തന്നെ തുടങ്ങുന്ന സ്വീകരിക്കാനെത്തിയ കുട്ടികളുടെ നിര കണ്ട് ഞങ്ങള്‍ അമ്പരന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപാട് പേര്‍ പൂക്കളും കൊടികളുമായി ഞങ്ങളെ കാത്തിരിക്കുകയാണ്. ചിലരുടെ കൈകളില്‍ കാരവന് സംഭാവന നല്‍കാനായി ചില്ലറത്തുട്ടുകള്‍ ഇട്ടു സൂക്ഷിച്ച മണ്‍കുടുക്കകളുണ്ട്. എയര്‍പോര്‍ട്ടധികൃതരും പോലീസുകാരും നാട്ടു പ്രമാണിമാരും സ്ത്രീകളുമൊക്കെ വിമാനത്താവളത്തിന് അകത്തുതന്നെ ഞങ്ങളുടെ ആഗമനം പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു. പുറത്ത് വന്‍ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്. ഇസ്രയേലിനും അമേരിക്കക്കും എതിരെയുള്ള മുദ്രാവാക്യങ്ങള്‍ കൊണ്ട് അന്തരീക്ഷം പ്രകമ്പനം കൊണ്ടു. ഫലസ്ത്വീന്‍ ജനതക്കും ഗസ്സ നിവാസികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാനങ്ങള്‍ കുട്ടികള്‍ ഉറക്കെപ്പാടി. കാരവനിലെ ഓരോ അംഗത്തെയും നാട്ടുകാര്‍ ആശ്ളേഷിച്ചു. ഹസ്തദാനം തരാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവരും മത്സരിച്ചു. 'ബിദ്ദം ബിര്‍റൂഹ് നഫ്ദിക യാ ഗസ്സ' (ഞങ്ങളുടെ ജീവനും രക്തവും നിനക്കാണ് ഗസ്സാ) എന്ന അറബി മുദ്രാവാക്യം എങ്ങും കേട്ടുതുടങ്ങി. കാരവനിലെ അംഗങ്ങളെല്ലാം ഈ മുദ്രാവാക്യത്തിന്റെ പദങ്ങളും അര്‍ഥവും പെട്ടെന്നു തന്നെ ഗ്രഹിച്ചു. പിന്നീടങ്ങോട്ട് ഇതായിരുന്നു കാരവന്റെ മുദ്രാവാക്യം.
സെഹ്ദാന്‍ സിറ്റിയില്‍ നല്ലൊരു ത്രീസ്റാര്‍ ഹോട്ടലിലായിരുന്നു ഞങ്ങള്‍ക്ക് താമസം ഏര്‍പ്പെടുത്തിയിരുന്നത്. ഗസ്സയിലേക്ക് പോകുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന നിലക്ക് ഞങ്ങള്‍ക്ക് ടെന്റുകളോ ഡോര്‍മിറ്ററികളോ താമസിക്കാന്‍ ഏര്‍പ്പാടാക്കിയാല്‍ മതിയെന്ന് ഞങ്ങള്‍ സംഘാടകരോട് പറഞ്ഞുനോക്കി. ഗസ്സയിലേക്ക് പോകുന്നവരായതിനാലാണ് നിങ്ങള്‍ക്ക് സ്റാര്‍ ഹോട്ടലില്‍ താമസമൊരുക്കിയത് എന്നായിരുന്നു അവരുടെ മറുപടി. സിസ്താന്‍-ബലൂചിസ്താന്‍ ഗവര്‍ണറുടെ താല്‍പര്യ പ്രകാരമായിരുന്നു ഞങ്ങളെ അവിടെ താമസിപ്പിച്ചിരുന്നത്. ഓരോ പ്രവിശ്യകളിലെയും ഗവര്‍ണര്‍മാര്‍ നേരിട്ടാണ് താമസവും ഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നത്. സാമ്രാജ്യത്വ വിരോധത്തിന്റെ ഈ സ്നേഹാവേശങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റു വഴികളില്ലായിരുന്നു.
സെഹ്ദാന്‍ യൂനിവേഴ്സിറ്റിയില്‍ നടന്ന സ്വീകരണ പരിപാടി ആവേശകരമായിരുന്നു. ഫലസ്ത്വീന്‍ പ്രശ്നങ്ങള്‍ വിവരിക്കുന്ന ഡോക്യുമെന്ററികളും വീഡിയോ ക്ളിപ്പുകളും പരിപാടിയുടെ തുടക്കത്തില്‍ തന്നെ പ്രദര്‍ശിപ്പിച്ചിരുന്നു. വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും അതിയായ ആവേശത്തോടെ ഞങ്ങളുടെ ചുറ്റും കൂടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ സാന്നിധ്യവും ഇടപെടലുമാണ് എടുത്തുപറയേണ്ട കാര്യം. പരിപാടികളുടെ സംഘാടനത്തില്‍ പെണ്‍കുട്ടികള്‍ക്കാണ് മുന്‍കൈ. അവര്‍ ഹാള്‍ നിയന്ത്രിക്കുകയും മുദ്രാവാക്യം വിളിച്ചുകൊടുക്കുകയും ഒക്കെ ചെയ്തു. സെഹ്ദാനു ശേഷം ഞങ്ങള്‍ സന്ദര്‍ശിച്ച കിര്‍മാന്‍, യസ്ദ് ഇസ്ഫഹാന്‍, ഖും, തെഹ്റാന്‍, സന്‍ജാന്‍, തബ്രീസ് തുടങ്ങി എല്ലാം നഗരങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം ഞങ്ങള്‍ വളരെയധികം കൌതുകത്തോടെ ശ്രദ്ധിച്ചു. സെഹ്ദാനിലെ ഗോത്ര വര്‍ഗക്കാര്‍ നല്‍കിയ സ്വീകരണം മറക്കാനാവാത്ത അനുഭവമാണ്. അലങ്കരിച്ച ഒട്ടകങ്ങളെയും മറ്റും അണിനിരത്തി പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് വ്യത്യസ്തമായ രീതിയിലാണ് ഞങ്ങളെ വരവേറ്റത്. അതിഥികള്‍ക്കിരിക്കാനുള്ള അലങ്കരിച്ച ടെന്റുകളും മറ്റും തയാറാക്കിവെച്ചിരുന്നു. ചിലരൊക്കെയും ഉര്‍ദു ഭാഷ അറിയുന്നവരായിരുന്നു. പലര്‍ക്കും കേട്ടാല്‍ മനസ്സിലാകുന്നത്രയും അറിയാം ഉര്‍ദു ഭാഷ. പാകിസ്താന്റെയും അഫ്ഗാന്റെയും അതിര്‍ത്തി ആയതിനാലാണത്.
കിര്‍മാനില്‍
കിര്‍മാനിലെത്തുമ്പോഴേക്കും പലേടങ്ങളിലും നിരവധി സ്വീകരണങ്ങള്‍ ഞങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഞങ്ങളുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിലെല്ലാം വിവരമറിഞ്ഞ് വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. സ്ത്രീകളും കുട്ടികളും അര്‍ധരാത്രിക്കു ശേഷവും മൈനസ് ഡിഗ്രി തണുപ്പത്ത് പലേടങ്ങളിലും ഞങ്ങളുടെ സംഘത്തെ കാണാനായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇറാനിലുടനീളം ഈ അനുഭവം ഞങ്ങള്‍ക്കുണ്ടായി. പുറത്ത് കണ്ണീര്‍ വാര്‍ത്തു നില്‍ക്കുന്ന സ്ത്രീകളെ കണ്ട് ബസ്സിനകത്ത് ഇരുന്ന് കരഞ്ഞു പല സംഘാംഗങ്ങളും. ഞങ്ങള്‍ ഇറങ്ങാത്തിടങ്ങളില്‍ അവര്‍ കൈവീശിക്കാണിച്ചു. ഞങ്ങള്‍ക്കു വേണ്ടി രണ്ടു കൈകളും മേല്‍പോട്ടുയര്‍ത്തി പ്രാര്‍ഥിച്ചു. ഞങ്ങളുടെ വാഹനത്തെ കൈകൊണ്ട് സ്പര്‍ശിച്ച് അതിന്മേല്‍ ഉമ്മ വെച്ചു തങ്ങളുടെ സ്നേഹവും ആഹ്ളാദവും പ്രകടിപ്പിച്ചു ചിലര്‍. കാരവനിലെ പല അംഗങ്ങള്‍ക്കും ഈ കാഴ്ച ഹൃദയത്തില്‍ തട്ടിയ അനുഭവമായിരുന്നു. മതപരമോ രാഷ്ട്രീയമോ ഏതുമാവട്ടെ, ഒരു കാര്യത്തിനു വേണ്ടിയുള്ള ഇതുപോലൊരു സമര്‍പ്പണം പലരും ആദ്യമായിട്ട് അനുഭവിക്കുകയായിരുന്നു.
കിര്‍മാനിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ സ്വീകരണമുണ്ടായിരുന്നു. ഫലസ്ത്വീന്‍ പ്രശ്നത്തിന്റെ ചരിത്രവും വര്‍ത്തമാനവും ആഴത്തില്‍ അപഗ്രഥിക്കുന്ന പണ്ഡിതോചിതമായ പ്രഭാഷണങ്ങളുണ്ടായിരുന്നു അവിടെ. സ്വീകരണത്തിനു ശേഷം വിദ്യാര്‍ഥികളുടെ ഒരു സംഘം ഇസ്രയേല്‍-അമേരിക്കന്‍ പതാകകള്‍ കൂട്ടിയിട്ട് കത്തിച്ച് ഞങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ടു. വിവിധ സംഘടനകളും ഗ്രൂപ്പുകളും എല്ലാ സ്വീകരണ പരിപാടികളിലും അവരുടേതായ പങ്കു വഹിച്ചു. കിര്‍മാനില്‍, നഗരത്തിലെ സൈക്കിളോട്ടക്കാരുടെ സംഘം കിലോമീറ്ററുകളോളം ഞങ്ങളെ അനുഗമിച്ചത് വ്യത്യസ്തമായൊരു അനുഭവമായിരുന്നു.
ഇസ്ലാം-സെക്യുലരിസം സംവാദങ്ങള്‍
കിര്‍മാനിലെത്തിയപ്പോഴേക്കും ഹമാസിന്റെ പച്ച നിറത്തിലുള്ള കൊടികളും ഹിസ്ബുല്ലയുടെ മഞ്ഞ നിറത്തിലുള്ള കൊടികളും ഇറാന്‍ -ഫലസ്ത്വീന്‍ പതാകകളോടൊപ്പം പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു. 'ലാ ഇലാഹ ഇല്ലല്ലാഹ്' 'അല്ലാഹു അക്ബര്‍' തുടങ്ങി മുദ്രാവാക്യങ്ങള്‍ കൂടുതല്‍ ആവേശത്തില്‍ സ്വീകരണ പരിപാടികളില്‍ മുഴങ്ങി. കൂടെയുണ്ടായിരുന്ന, മതേതരരായ ചിലര്‍ക്ക് ഹമാസ്-ഹിസ്ബുല്ല സാന്നിധ്യവും അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രയാസങ്ങളുണ്ടാക്കി. മതപരമായ ഒരു നിറം കാരവന് വരുന്നതായി അവര്‍ പരിഭവിച്ചു. സ്വീകരണ പരിപാടികളിലെ പ്രഭാഷകര്‍ 'ജിഹാദ്' എന്ന പദം ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ചിലര്‍ക്ക് പനിയും വിറയലും ഉണ്ടാക്കി. ചെറിയൊരു ന്യൂനപക്ഷത്തിനു മാത്രമാണ് ഇത് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നത്. ഡോ. സന്ദീപ് പാണ്ഡേ, ഡോ. സുരേഷ് ഖൈര്‍നാര്‍, എന്‍.ടി.യു.ഐയുടെ ദേശീയ സെക്രട്ടറി അസിം റോയി തുടങ്ങിയവര്‍ അസ്വസ്ഥതയുള്ളവരെ കാര്യങ്ങള്‍ വിശദീകരിച്ച് മനസ്സിലാക്കിക്കൊടുക്കുന്നത് കാണാമായിരുന്നു. 'അല്ലാഹു അക്ബര്‍' എന്ന മുദ്രാവാക്യം നിങ്ങള്‍ മനസ്സിലാക്കുന്നതുപോലെ കേവലമായൊരു മന്ത്രമല്ലെന്നും അത് ഈ മേഖലയിലെ രാഷ്ട്രീയ മുദ്രാവാക്യമാണെന്നും മതത്തെയും രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്ന വിശാല ആശയപ്രപഞ്ചം അതില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു. ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ സംഘടനകളുടെ പ്രാധാന്യവും രാഷ്ട്രീയ ഉള്ളടക്കവും അവര്‍ ശരിക്ക് മനസ്സിലായിട്ടുണ്ട്. വിയോജിപ്പുകള്‍ ഉള്ളതോടൊപ്പം തന്നെ വിശാലമായ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന് ഹമാസും ഹിസ്ബുല്ലയും എത്രമേല്‍ പ്രസക്തമാണെന്ന് അവര്‍ ഒപ്പമുള്ളവരെ ബോധ്യപ്പെടുത്തി. ഇറാനിലെത്തിയതോടെ കാരവന്‍ അംഗങ്ങള്‍ക്കിടയില്‍ ഒരു ഇസ്ലാം-സെക്യുലരിസം സംവാദം രൂപപ്പെട്ടുവന്നു. ഞങ്ങള്‍ രണ്ടു പേരുമായിരുന്നു സംഘത്തിലെ ഇസ്ലാമിസ്റുകള്‍. ഇസ്ലാമിന്റെ രാഷ്ട്രീയ സാമൂഹിക ഉള്ളടക്കങ്ങളും ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ദൌത്യവും ഏതെല്ലാം വിധത്തില്‍ ഇസ്ലാം ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നു എന്നതും പല സന്ദര്‍ഭങ്ങളിലായി ഞങ്ങള്‍ അവരോട് സംവദിച്ചു. ഗവേഷക വിദ്യാര്‍ഥികളായ പലരും ഇസ്ലാമിനെക്കുറിച്ച് വെച്ചു പുലര്‍ത്തുന്ന അജ്ഞത ഞങ്ങളെ വല്ലാതെ ആശ്ചര്യപ്പെടുത്തി.
ഇടതുപക്ഷ- ട്രേഡ് യൂനിയന്‍ സംഘടനാ പ്രവര്‍ത്തകരായിരുന്നവര്‍ ഇത്തരം സംവാദങ്ങളില്‍ വളരെ ഉയര്‍ന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇസ്ലാമിന്റെ രാഷ്ട്രീയ ആവിഷ്കാരങ്ങളോട് സൈദ്ധാന്തികമായി വിയോജിപ്പ് സൂക്ഷിക്കുന്നതോടൊപ്പം തന്നെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ ഇസ്ലാമിന്റെയും ഇസ്ലാമിക പോരാട്ട പ്രസ്ഥാനങ്ങളുടെയും പങ്ക് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ബംഗാളിലെ സപന്‍ ഗാംഗൂലിയും അസിറോയിയും കേരളത്തില്‍ നിന്നുള്ള എന്‍.ടി.യു.ഐയുടെ പ്രവര്‍ത്തകരും എടുത്ത നിലപാടുകള്‍ എടുത്തു പറയേണ്ടതാണ്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇറാന്റെ ഇടപെടലിനെ അവര്‍ അങ്ങേയറ്റം വിലമതിച്ചു. ഫലസ്ത്വീന്‍ പോരാട്ടത്തില്‍ ആശയപരമായി അവര്‍ ഫത്ഹിനോടൊപ്പമാണെങ്കിലും, ഇസ്ലാമിക പ്രസ്ഥാനമായ ഹമാസാണ് പോരാട്ടത്തിന്റെ കുന്തമുന എന്നവര്‍ രാഷ്ട്രീയമായിത്തന്നെ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു.
ഇമാം ഹുസൈന്റെ
ഓര്‍മകളും സാമ്രാജ്യത്വ വിരുദ്ധ വികാരവും
മുന്‍ ഇറാനിയന്‍ പ്രസിഡന്റ് മുഹമ്മദ് ഖാത്തമിയുടെ ജന്മദേശമായ യസ്ദ് പട്ടണമായിരുന്നു പിന്നീട് ഞങ്ങള്‍ സന്ദര്‍ശിച്ചത്. സൊരാഷ്ട്രീയന്‍ സംസ്കാരത്തിന്റെ കേന്ദ്രമാണ് യസ്ദ്. മനോഹരമായ കരകൌശല വസ്തുക്കള്‍ക്കും ചിത്രപ്പണികള്‍ക്കും പേരുകേട്ട സ്ഥലമാണ് യസ്ദ്. യസ്ദ് യൂനിവേഴ്സിറ്റിയില്‍ ഞങ്ങള്‍ക്ക് സ്വീകരണമുണ്ടായിരുന്നു. ഫലസ്ത്വീനികളുടെ ദുരിതങ്ങള്‍ വിവരിക്കുന്ന ചിത്രങ്ങളും ഇസ്രയേലിനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകളും പ്രദര്‍ശിപ്പിച്ചിരുന്നു, കാമ്പസിലെല്ലായിടത്തും. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ ഖബ്റിടങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. മുഹര്‍റം സമയമായതിനാല്‍ എല്ലായിടങ്ങളിലും 'യാ ഹുസൈന്‍, യാ അലി' എന്നെഴുതിയ കറുത്ത ബാനറുകളും കൊടികളും കാണാമായിരുന്നു. ജനങ്ങളധികപേരും കറുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. സലിം ഗഫൂരി, റൂഹുല്ല റസ്വി, അലി ഖുമൈലി, സലിം ഗുമസാംദേഹ് തുടങ്ങിയ സംഘാടകരെല്ലാം കറുത്ത ഷര്‍ട്ടിട്ടിരുന്നു. കൈയടിയും അമിതാഹ്ളാദ പ്രകടനങ്ങളും മുഹര്‍റം ദുഃഖാചരണം പ്രമാണിച്ച് ഒഴിവാക്കണമെന്ന് ഞങ്ങളോട് നേരത്ത നിര്‍ദേശിക്കപ്പെട്ടിരുന്നു. 'മാഅ്തം' എന്ന് വിളിക്കുന്ന, ഹുസൈന്‍(റ)യുടെ വീരചരമത്തെ സ്മരിക്കുന്ന പരിപാടികളായിരുന്നു എല്ലാ നഗരങ്ങളിലും. ഞങ്ങള്‍ ശ്രദ്ധിച്ച ഒരു കാര്യം മറ്റിടങ്ങളില്‍ കാണുന്നതുപോലെ, ചാട്ടവാറുകൊണ്ടടിച്ച് ശരീരം പൊട്ടിക്കുന്നതോ ആയുധം കൊണ്ട് മുറിവേല്‍പ്പിക്കുന്നതോ തരത്തിലുള്ള മുഹര്‍റം ആഘോഷങ്ങള്‍ ഇറാനില്‍ ഇല്ലെന്നതാണ്. പിന്നീട് അന്വേഷിച്ചപ്പോള്‍ മനസ്സിലായി, ഇറാനില്‍ അങ്ങനെ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന്. ചിലര്‍ അങ്ങനെ ചെയ്യുന്നുണ്ടാകാം. പക്ഷേ, പോലീസിനു വിവരം കിട്ടിയാല്‍ അറസ്റ് ചെയ്തു കൊണ്ടുപോകും. ഞങ്ങള്‍ ഇറാനിലുണ്ടായിരുന്ന 12 ദിവസങ്ങളില്‍ ഒരിക്കല്‍ പോലും ഇത്തരം 'ക്രിമിനല്‍' ആഘോഷങ്ങള്‍ കാണുകയുണ്ടായില്ല. മറിച്ച്, കറുത്ത വസ്ത്രങ്ങളണിഞ്ഞ ജനക്കൂട്ടം രാഗാര്‍ദ്രമായി ഗാനങ്ങളാലപിക്കുന്നതും മൃദുവായി നെഞ്ചത്തടിച്ചും താളാത്മകമായി വടി നിലത്തടിച്ചും പ്രത്യേക രീതിയില്‍ വശങ്ങളിലേക്ക് നടന്നു നീങ്ങുന്ന, 'മാഅ്തം' മൈതാനങ്ങളിലെത്തുന്ന ശീഈ വിശ്വാസികളെയാണ് ഞങ്ങള്‍ കണ്ടത്.
ഇമാം ഹുസൈന്‍ ഇറാന്‍ ജനതക്ക് അവരുടെ സാമ്രാജ്യത്വ വികാരങ്ങള്‍ക്ക് ചൂടുപകരുന്ന ഓര്‍മയാണ്. അധികാര ദുഷ്പ്രമത്തതയോട് ഏറ്റുമുട്ടിയാണ് ഇമാം ഹുസൈന്‍ വീരചരമമടഞ്ഞതെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു. അങ്ങനെ എല്ലാ അധര്‍മങ്ങള്‍ക്കുമെതിരായ ആക്രോശമായി 'യാ ഹുസൈന്‍' വിളി രൂപാന്തരം പ്രാപിക്കുന്നു. മുഹര്‍റം സമയത്ത് ഗസ്സയിലേക്കുള്ള ഏഷ്യന്‍ കാരവനെ സ്വീകരിക്കാനായത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്ന് കൂടെയുണ്ടായിരുന്ന വനിതാ വളണ്ടിയര്‍ പറഞ്ഞതോര്‍ക്കുന്നു. ഇമാം അലിയോടും ഇമാം ഹുസൈനോടും ആരാധനയോളമെത്തുന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്ന ആളുകള്‍ ഇറാനിലുണ്ട്. അത്തരം ആളുകളെ സമീപിച്ച് ഇസ്ലാഹ് നടത്തുകയാണ് തങ്ങളുടെ നിത്യ ജോലികളിലൊന്ന് എന്നവര്‍ പറഞ്ഞു. എന്തൊക്കെയായാലും ഇമാം ഹുസൈന്‍ ഒരു മത സിംബല്‍ എന്നതിനേക്കാളേറെ ഒരു രാഷ്ട്രീയ പ്രയോഗമായിട്ടാണ് ഇറാന്‍ ദിനങ്ങളില്‍ അനുഭവപ്പെട്ടത്. ഇമാം ഹുസൈനു വേണ്ടി വിളിക്കുന്ന ഓരോ വരിയിലും ഒരു ഇറാന്‍ പൌരന്‍ ഇന്നത്തെ സാമ്രാജ്യത്വത്തെ മുന്നില്‍ കാണുന്നു. 'യാ ഹുസൈന്‍' എന്ന് ചങ്കുപ്പൊട്ടുമാറുറക്കെ വിളിച്ച് അയാള്‍ കണ്‍ തുറക്കുന്നത് അധര്‍മങ്ങളും ദുശ്ശാസനകളുമില്ലാത്ത, ദൈവിക നീതിപുലരുന്ന ഒരു പുതുലോകത്തേക്കാണ്.
(തുടരും)

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly