ചിതലരിച്ച മോഹങ്ങള്‍
ഉമ്മു അമ്മാര്‍, മനാമ, ബഹ്റൈന്‍
നിശ്ശബ്ദമാം നീലിമയില്‍
ശൂന്യമാം ഇടവേളകളില്‍
നിഴലുകള്‍
വേര്‍പിരിയുന്നു
മൌനിയായി
നീര്‍ക്കുമിളകള്‍ പോല്‍
നെടുവീര്‍പ്പുകള്‍
നെഞ്ചകത്തില്‍
ഉയര്‍ന്നുപൊങ്ങിയില്ലാതാകുന്നു
വിഷാദം
ചുണ്ടുകള്‍ വിതുമ്പി
ദുഃഖത്തിന്‍ ചുഴിയില്‍പെട്ട്
അഗാധമാം ഗര്‍ത്തങ്ങളിലേക്ക്
ആണ്ടിറങ്ങുന്നു...
നിദ്രവിഹീനമാം
യാമങ്ങളില്‍...
പാതി മയക്കത്തില്‍
കാണും സ്വപ്നങ്ങളും
കണ്ടുമടുത്ത
പേക്കിനാവുകളും
ഏകയാമെന്‍ തംബുരുവില്‍
ഉയര്‍ന്നു പൊങ്ങിയ
നിശ്വാസങ്ങള്‍
പകലുകള്‍
പലതായി പിറന്നു വീഴുന്നു
ഭൂവില്‍
ഇരുള്‍ പരന്ന
രാത്രിയും...
ചിതലരിച്ച
മോഹങ്ങളും
മാത്രം ബാക്കിയായി.....
ഓര്‍മയുടെ വരികള്‍
ബാബുലാല്‍ വര്‍ക്കല
മരണം,
വിധിയുടെ വിളികേള്‍ക്കാന്‍, പിന്നെ
വിധിയോട് മല്ലടിക്കാന്‍
ഇറയത്തെ മണ്‍പാത്രം വീണുടഞ്ഞു
കൂജയിലെ ജലം ധാരധാരയായി
മണ്ണിലേക്കൊഴുകി പറ്റിച്ചേര്‍ന്നു
ചുവന്ന മണ്ണ് പശിമയായിത്തീര്‍ന്നു
മരണം,
മോഹങ്ങളുടെ അര്‍ഥഭംഗം
കുന്നുകൂട്ടിയിട്ട പുസ്തകങ്ങള്‍
ബുക്കിനിടയില്‍ തിരുകിയ പുത്തന്‍ നോട്ടുകള്‍
ബസ്സുകാരന് ചില്ലറ ആവശ്യമായിരുന്നു
പുതിയ ബാങ്ക് അക്കൌണ്ടും അതിലൊരു
നാലായിരത്തി അഞ്ഞൂറ് രൂപയും
ഉമ്മയെ നോമിനിയാക്കി നെയ്ത
വര്‍ണരാജിയുടെ സ്വപ്നങ്ങള്‍
മരണം,
വയലിന്‍ പഠിപ്പിച്ച സാറ് വന്നിരുന്നു
അവന്റെ സൌഹൃദം സംസാരമായി
ഒരു മാസത്തെ പരിചയക്കാരന്‍
ഒരാണ്ട് കാലത്തെ സ്നേഹം പതിച്ചു നല്‍കി
വല നെയ്ത സൌഹൃദങ്ങള്‍
വിദ്യയോതിക്കൊടുത്ത കുരുന്നുകള്‍
ട്രെയിനിംഗ് അക്കാദമിയിലെ പരിചയക്കാര്‍
പിശുക്കാത്ത ആത്മബന്ധങ്ങള്‍
നിലവിളിച്ചുകൊണ്ടിരുന്ന മൊബൈലില്‍
ചോരയുടെ മണമുള്ള സംസാരങ്ങള്‍
മരണം,
എന്റുമ്മയുടെ കണ്ണുനീര്‍ കൊണ്ട്
ഭൂമി നനഞ്ഞു, ആകാശം തപിച്ചു
ഖബ്റിന്നരികെ പൊട്ടിക്കരയുമ്പോള്‍
എന്തെന്നില്ലാത്ത സമാധാനം.
ഒരു വിദ്യാദീപത്തിന്റെ ആളിക്കത്തല്‍
കെട്ടണഞ്ഞ് പോയ നക്ഷത്രം
വീണ്ടുംവരും വലകള്‍ എനിക്കായി
നിനക്കായി, പിന്നെ നമുക്കായി....
(ജനുവരി 26-ന് അണഞ്ഞുപോയ പൊന്നനുജന്‍ ബിലാലിന്റെ ഓര്‍മകളില്‍)
ആരോ ഒരാള്‍ പിറകിലുണ്ട്
സലാം കരുവമ്പൊയില്‍
മരണം,
ചില നേരം
സൌമ്യദീപ്തവും രസനിഷ്യന്ദിയുമായ
തൂവല്‍ സ്പര്‍ശം.
ചിലനേരം,
ഉച്ചൃംഖല ശബ്ദഘോഷങ്ങളോടെ,
സര്‍വാഢംബര വിഭൂഷിതമായ
സന്നിവേശം.
കടുകിട താളപ്പിഴയില്ലാതെ
ക്ഷണമാത്രയില്‍,
ഇരയുടെ മാംസളമായ
വാഴ്വിന്റെ ചെതുമ്പലിലേക്ക്
നിശിതമായ ഒരു ചൂണ്ടയേറ്!
അപ്പോള്‍,
ജലപ്പടര്‍പ്പോ
ഇലച്ചാര്‍ത്തോ
ഭൂമിയുടെ വിരല്‍തുമ്പോ,
ആകാശത്തിന്റെ
കണ്ണിറുക്കോ,
വെയിലിന്റെ
തുമ്പിച്ചിറകോ
ഒന്നും
പിടച്ചിലിനു
സാന്ത്വനമരുളുന്നില്ല...
മരണം,
നിരങ്കുശമായ സഞ്ചാരത്തിന്റെ
കമ്പാര്‍ട്ടുമെന്റുകള്‍.
എപ്പോഴും
മോര്‍ച്ചറിയുടെ ശീതീകരിച്ച അന്ധകാരത്തിലേക്ക്
ആസക്തമായ ഒരു കണ്ണ്,
അത് തുറന്നു പിടിച്ചിരിക്കും
താളഭ്രംശം സംഭവിച്ച
ട്രാക്കുകളുടെ
ആസുരമായ കാമനകളിലേക്ക്,
അത് ഇടക്ക് ചിറകൊടിഞ്ഞ
ഒരു പൂവിനെ ചീന്തിയെറിഞ്ഞു കൊടുക്കും*
ഉഛസ്ഥായിയിലെത്തി
കെട്ടടങ്ങിപ്പോയ നിലവിളിയുടെ
കരിയിലക്കീറുകള്‍ കൊണ്ട്,
അതിനെ പൊതിഞ്ഞുവെക്കും.
മുനിഞ്ഞു കത്തുന്ന കിനാവിന്റെ
ചിത്രശലഭങ്ങള്‍ക്കുമീതെ
തീവണ്ടി,
പിന്നെയും കുതികുതിക്കും...
രാകിയും കോതിയും മിനുക്കേണ്ട ഒരു തൃഷ്ണയും;
യാത്രകള്‍,
പാതിവെന്ത പ്രഭാതങ്ങളാണ്.
ഈയിടെ ട്രെയിനില്‍നിന്ന് റെയില്‍വേ ട്രാക്കിലേക്ക് തള്ളിവീഴ്ത്തി മൃഗീയമായി കൊല ചെയ്യപ്പെട്ട സൌമ്യ എന്ന പെണ്‍കുട്ടി