ഇസ്‌ലാം എടുക്കാ ചരക്കോ?
30 വര്‍ഷക്കാലം സകലമാന മൗലികാവകാശങ്ങളും ഹനിച്ച് തങ്ങളെ അടക്കി ഭരിച്ച ഏകാധിപതിയെ 18 ദിവസത്തെ രക്തരഹിത ജനകീയ പ്രക്ഷോഭത്തിലൂടെ സ്ഥാനഭ്രഷ്‌ടനാക്കിയ ഈജിപ്‌ഷ്യന്‍ ജനത ലോകത്തെങ്ങുമുള്ള ജനാധിപത്യ സമൂഹത്തിന്റെ സ്‌നേഹാദരവുകള്‍ പിടിച്ചുപ്പറ്റിയിരിക്കുന്നു. ഈ വിപ്ലവത്തിന്റെ ക്രഡിറ്റ് പ്രത്യേകം ഒരു വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ലെങ്കിലും 1928-ല്‍ ശഹീദ് ഹസനുല്‍ ബന്നാ സ്ഥാപിച്ച മുസ്‌ലിം ബ്രദര്‍ ഹുഡ് ഈ ജനകീയ പ്രക്ഷോഭത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
എന്നാല്‍, `ചിറ കെട്ടാനാകാത്ത അറേബ്യന്‍ കാറ്റ്' എന്ന എന്‍. മാധവന്‍ കുട്ടിയുടെ ലേഖനം (ദേശാഭിമാനി 3-3-2011), മുസ്‌ലിം ബ്രദര്‍ ഹുഡിന്റെ വിപ്ലവ പങ്കാളിത്തത്തെ വിലകുറച്ചു കാണാന്‍ ശ്രമിക്കുകയാണ്. ``തീര്‍ച്ചയായും കമ്യൂണിസ്റ്റ് പാര്‍ട്ടികളോ സംഘടിത തൊഴിലാളി വര്‍ഗ പാര്‍ട്ടികളോ ആയിരുന്നില്ല ഈ മുന്നേറ്റങ്ങളിലെ ചാലകശക്തി'' എന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിതനായ ദേശാഭിമാനി ലേഖകന്‍, വിപ്ലവത്തിലെ തങ്ങളുടെ പങ്ക് നാമാത്രമായിരുന്നുവെന്ന് സമ്മതിക്കുകയാണ്. `മതവ്യത്യാസമില്ലാതെ, ആണും പെണ്ണും തൊഴിലാളികളും തൊഴില്‍ രഹിതരും കൈകോര്‍ത്ത്' രംഗത്തിറങ്ങിയ പ്രക്ഷോഭമെന്ന് ലേഖകന്‍ തന്നെ വിശദീകരിക്കുന്ന ഒരു ജനകീയ പ്രക്ഷോഭത്തില്‍, `ജനപഥങ്ങള്‍ തിങ്ങി നിറഞ്ഞ പ്രകടനക്കാരില്‍ നിന്ന്, തക്‌ബീര്‍ വിളികള്‍ മുഴങ്ങിയില്ല' എന്നതിനെ, ഈജിപ്‌തില്‍ അരങ്ങ് തകര്‍ത്ത ജനകീയ പ്രക്ഷോഭത്തിന്റെ വിഭാഗീയതക്കതീതമായ സര്‍വ ജനമുന്നേറ്റമായി കാണുന്നതിന് പകരം, `മതതത്ത്വശാസ്‌ത്രം ചരിത്രത്തിലെ എടുക്കാ ചരക്കായി മാറിയതിനുള്ള' അനിഷേധ്യ തെളിവ് എഴുന്നള്ളിക്കാന്‍ ശ്രമിക്കുന്നത് അല്‍പത്തമല്ലാതെ മറ്റെന്താണ്?
എന്നാല്‍, `ശക്തമായ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കും ഇസ്‌ലാമിനും സഹവര്‍ത്തിത്വത്തോടെ ഒന്നിച്ചു നീങ്ങാന്‍ കഴിയുമെന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് ഈജിപ്‌ത് മുന്നേറ്റം' (ദേശാഭിമാനി 14.2.2011) എന്നു പറയാന്‍ പ്രകാശ് കാരാട്ടിനെ പ്രേരിപ്പിച്ചത്, ചരിത്രത്തിലെ എടുക്കാ ചരക്കായി മാറിയെന്ന് മാധവന്‍ കുട്ടിയെ പോലുള്ളവര്‍ പുലമ്പുന്ന ഇസ്‌ലാമിക പ്രത്യയശാസ്‌ത്രം ഈ ജനകീയ പ്രക്ഷോഭത്തിന്റെ മഹത്തായ പാതയില്‍ ചാലകശക്തിയായി വര്‍ത്തിച്ചത് കൊണ്ടാണെന്ന് കാണാതെ പോവരുത്.
`ജനങ്ങളുടെ ഭാവി ഭാസുരമാക്കാന്‍ വിപ്ലവത്തിന് കഴിയുമെങ്കില്‍, അതിന്റെ അടിസ്ഥാനം മതദര്‍ശനമോ, മാര്‍ക്‌സിസ്റ്റ് ദര്‍ശമോ എന്നത് പ്രശ്‌നമല്ലെന്നും മതത്തിനും വിപ്ലവത്തിനുമിടയില്‍ വൈരുധ്യമില്ലെന്നും' ഇറാനിലെ ഇസ്‌ലാമിക വിപ്ലവാനന്തരം അമേരിക്കന്‍ വാരികയായ ടൈമിന്റെ (4-2-1980) പത്രാധിപര്‍, ക്യൂബന്‍ വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോയുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞതിന്റെ സാരാംശം ഉള്‍ക്കൊള്ളാന്‍ പുതിയ കാലത്തെ ചില മാര്‍ക്‌സിസ്റ്റ് കോളമെഴുത്തുകാര്‍ക്ക് കഴിയാതെ പോവുകയാണ്.
`സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ മുന്നണിക്ക് മാത്രമേ ലോകത്തെങ്ങുമുള്ള ഏകാധിപത്യ വിരുദ്ധ ശക്തികളെ പിന്തുണക്കാന്‍ അര്‍ഹതയും അവകാശവുമുള്ളൂ'വെന്ന അവകാശവാദമുന്നയിച്ച് ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ തിരിച്ചടി നേരിട്ട, കാലഹരണപ്പെട്ടെന്ന് ജനം വിധി എഴുതിയ, എടുക്കാ ചരക്കായി മാറിയ തങ്ങളുടെ സ്വന്തം പ്രത്യയശാസ്‌ത്രത്തിന്റെ ഇല്ലാമഹിമ ഇപ്പോഴും പാടിപ്പുകഴ്‌ത്തി ആശ്വാസം കൊള്ളാന്‍ വൃഥാ ശ്രമം നടത്തുന്നവരുടെ സാഹസം ആരിലാണ് ചിരിയുണര്‍ത്താത്തത്?
ഏകാധിപത്യവും സമഗ്രാധിപത്യവും മുടിയഴിച്ചാടിയിരുന്ന കമ്യൂണിസ്റ്റ് രാഷ്‌ട്രങ്ങളിലെ പോയകാലങ്ങളിലെ പ്രകടനങ്ങളും ഇപ്പോഴും അരങ്ങ് തകര്‍ക്കുന്ന ആധിപത്യ വാഴ്‌ചയും പശ്ചിമ ബംഗാളില്‍ സമീപകാലത്ത് അവിടത്തെ മാര്‍ക്‌സിസ്റ്റ് ഭരണകൂടം കാഴ്‌ചവെച്ച ജനകീയ പ്രക്ഷോഭ അടിച്ചമര്‍ത്തലുകളുമെല്ലാം തീര്‍ച്ചയായും `ഏകാധിപത്യ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണക്കാന്‍ തങ്ങള്‍ക്ക് മാത്രമുള്ള `അര്‍ഹത'യും `അവകാശ'വും വിളിച്ചോതുന്നത് തന്നെ!'
റഹ്‌മാന്‍ മധുരക്കുഴി
മകരജ്യോതിയും മകരവിളക്കും
2011 ജനുവരി 29-ാം തീയതി പ്രസിദ്ധീകരിച്ച പ്രബോധനം വാരികയിലെ മുഖക്കുറിപ്പില്‍ ``മകരജ്യോതി ദിവ്യ പ്രതിഭാസമല്ലെന്നും മനുഷ്യന്‍ തന്നെ കാട്ടിനുള്ളില്‍ വിളക്കുകത്തിച്ചു കാട്ടി നടത്തുന്നതാണെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. മകരജ്യോതി മനുഷ്യന്‍ നിര്‍മിക്കുന്നതാണെന്ന് സന്നിധാനത്തിലെ തന്ത്രിയും സമ്മതിക്കുന്നു'' എന്നെഴുതിക്കാണുന്നത് ശരിയല്ല. മകരജ്യോതി ദിവ്യപ്രതിഭാസം തന്നെയാണ്. ആകാശത്ത് ഉദിക്കുന്ന ഒരു നക്ഷത്രമാണ് മകരജ്യോതി. മകരവിളക്കാണ് കാട്ടില്‍ ആരോ തെളിയിക്കുന്ന വിളക്ക്. ഈ രീതിയിലാണ് ക്ഷേത്രം തന്ത്രിയും വിശദീകരിച്ചിട്ടുള്ളത്.
ഡോ. സി.ആര്‍ ദേവരാജന്‍, മുളക്കുളം സൗത്ത്
ദലിതന് ആറടി മണ്ണുനല്‍കുന്നത് കൊണ്ട് വിശ്വാസിക്ക് എന്ത് ചേതം?
പൊതുശ്‌മശാനമോ സ്വന്തം ഭൂമിയോ ഇല്ലാത്തതിനാല്‍ മുക്കാല്‍ സെന്റ് സ്ഥലങ്ങളില്‍ കെട്ടിപ്പൊക്കിയ കൂരയുടെ കിടപ്പറയിലും അടുക്കളയിലും ഉറ്റവരുടെ മൃതദേഹങ്ങള്‍ മറവുചെയ്യേണ്ട ദുരവസ്ഥയിലാണത്രെ കേരളത്തിലെ ഒരുപറ്റം ദലിത് കുടുംബങ്ങള്‍. കിളിമാനൂരില്‍ ഗൃഹനാഥനെ മറവ് ചെയ്യാന്‍ ഒരു സെന്റ് ഭൂമിയിലുള്ള സ്വന്തം കിടപ്പാടം പൊളിക്കാന്‍ ദലിത് കുടുംബം നിര്‍ബന്ധിതമായ വാര്‍ത്തയാണ് (ഗള്‍ഫ് മാധ്യമം 14 മാര്‍ച്ച് 2011) ഇക്കൂട്ടത്തില്‍ അവസാനത്തേത്. സ്വന്തം കുടില്‍ പൊളിച്ച് കുഴിമാടം വെട്ടേണ്ട ദുരവസ്ഥ ദലിതുകളെ ഇന്നും വേട്ടയാടുന്നുണ്ടെന്ന വസ്‌തുത സാംസ്‌കാരിക കേരളത്തിന് ലജ്ജാകരമല്ലേ? സ്വന്തം ഭൂമിയില്ലാത്ത ഒരാള്‍ മരണപ്പെട്ടാല്‍ മറമാടാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ബാധ്യതപ്പെട്ട ഭരണകൂടം ഇതിന് തയാറായില്ലെങ്കില്‍ അവരെ നിലക്ക് നിര്‍ത്താന്‍ നമുക്ക് കഴിയേണ്ടിയിരുന്നു, എന്നാല്‍ ഭരണത്തിന് ചുക്കാന്‍ പിടിക്കുന്ന രാഷ്‌ട്രീയക്കാരനും അവന് മുമ്പില്‍ ഓഛാനിച്ചുനില്‍ക്കുന്ന വോട്ടര്‍മാരും നിസ്സാംഗരായി കഴിയുകയാണ്.
എന്നാല്‍ മനുഷ്യനെയും മൃതശരീരത്തെയും അങ്ങേയറ്റം ആദരിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് പഠിപ്പിക്കുന്ന മതങ്ങള്‍ക്ക് രാഷ്‌ട്രീയക്കാരെപ്പോലെ ഇവിടെ നിസ്സംഗരാകാന്‍ പറ്റുമോ? ഇക്കാര്യത്തില്‍ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്ക് എന്തെങ്കിലും ചെയ്‌തുകൂടെ? പള്ളികളുടെ ശ്‌മശാന ഭൂമികളില്‍ ഒരിഞ്ച് ഭൂമിപോലുമില്ലാത്ത ഇത്തരം ഹതഭാഗ്യന്മാര്‍ക്ക് മരണശേഷമെങ്കിലും ആറടി മണ്ണ് നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ മുസ്‌ലിം നേതൃത്വത്തിന് കഴിയുമോ? (സൗകര്യം ചൂഷണം ചെയ്യപ്പെടാതെ) അതുകൊണ്ട് വിശ്വാസികള്‍ക്ക് എന്തെങ്കിലും ചേതമുണ്ടോ? അതൊരു സല്‍ക്കര്‍മാകില്ലേ? കേരളീയ സമൂഹത്തില്‍ വിപ്ലവകരമായ ചുവടുവെപ്പും മാതൃകയുമാകില്ലേ? കേരളത്തില്‍ ബഹുസ്വര ഇടപെടലുകള്‍ക്ക് മാനവിക മുഖം നല്‍കുകയും ജനസേവന രംഗത്ത് ക്രിയാത്മക പങ്ക് വഹിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് ഇക്കാര്യത്തില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാശിക്കുകയാണ്. സാക്ഷരകേരളത്തില്‍ ഇനിയെങ്കിലും സ്വന്തം അടുക്കളയിലും കിടപ്പറയിലും ബന്ധുക്കളുടെ മൃതദേഹം മറവുചെയ്യുകയും അവിടെതന്നെ താമസിക്കുകയും ചെയ്യേണ്ട ദുരവസ്ഥ ഉണ്ടാകാതിരിക്കേണ്ടത് നാം ബാധ്യതയായി ഏറ്റെടുക്കേണ്ടതല്ലേ?
അബൂഫാതിമ രിയാദ്
അവര്‍ ഏത് പുസ്‌തകമാണ് വായിച്ചത്?
മൗദൂദി ഉര്‍ദുവില്‍ നൂറോളം കനപ്പെട്ട കൃതികളെഴുതുകയും അവ വിവിധ ലോക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പട്ട് ഇസ്‌ലാമിന്റെ സുന്ദരമുഖം ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്‌തു. എന്നാല്‍ മൗദൂദിയുടെ പുസ്‌തകങ്ങള്‍ വായിച്ചാണ് ലോകമെമ്പാടും തീവ്രവാദികളുണ്ടായതും അവര്‍ ബോംബുണ്ടാക്കാന്‍ പഠിച്ചതെന്നുമാണ് കുറെകാലങ്ങളായി മുസ്‌ലിം ലീഗും അവരുടെ വിനീത വിധേയ സംഘടനകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അള്‍ട്രാ സെക്യുലര്‍ നാട്യക്കാരായ ചില മുസ്‌ലിം നാമധാരി എഴുത്തുകാരും ആ വഴിക്കുതന്നെ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍, യഥാര്‍ഥ ബോംബ് നിര്‍മാതാക്കളെയും ഉപഭോക്താക്കളെയും അന്ധമായ മൗദൂദി-ജമാഅത്ത് വിരോധം സൗകര്യപൂര്‍വം തമസ്‌കരിക്കുന്നു. സ്റ്റേജിലും പേജിലും നുണ ബോംബ് വര്‍ഷിക്കാന്‍ മാത്രമല്ല, ഒറിജിനല്‍ ബോംബ് നിര്‍മാണവും തങ്ങളുടെ അജണ്ടയിലുണ്ടെന്നും അനുഭവത്തിലൂടെ അവര്‍ തെളിയിച്ചു. എവിടെ ബോംബും തീവ്രവാദവുമുണ്ടോ അതെല്ലാം ഗവേഷണം നടത്തി മൗദൂദി പുസ്‌തകത്തിനു കുറ്റം ചാര്‍ത്തുന്നവരാണിവര്‍. മൗദൂദിയുടെ പുസ്‌തകങ്ങള്‍ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തകരാരും ബോംബു നിര്‍മിച്ച് ശത്രുസംഹാരം നടത്തിയതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഡോക്‌ടര്‍മാരും ഡോക്‌ടറേറ്റ് നേടിയവരും എഞ്ചിനീയര്‍മാരും ശാസ്‌ത്ര വിദ്യാര്‍ഥികളുമൊക്കെ ഉണ്ടായിട്ട് അവരാരും ഇതുവരെ ബോംബുണ്ടാക്കാന്‍ പഠിച്ചില്ല. പക്ഷേ, മുസ്‌ലിം ലീഗുകാര്‍ ബോംബ് നിര്‍മാണത്തിലും സ്വയം ഹത്യയിലും മുന്നേറുന്നു. മത നേതൃത്വവും ആത്മീയ നേതാവും സത്യം മനസ്സിലാക്കി ജനങ്ങളോട് തുറന്നു പറയുക; ദൈവിക കോടതിയില്‍ വിശ്വാസമുണ്ടെങ്കില്‍.
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ
വിദ്യാര്‍ഥികള്‍ക്കു വേണ്ടി
ഇസ്‌ലാമിക വിജ്ഞാനത്തിന്റെ പ്രാധാന്യം ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. പ്രബോധനം വാരികയില്‍ വരുന്ന ഹദീസുകള്‍ ഞങ്ങളെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരുപാട് അറിവ് നല്‍കുന്നുണ്ട്. വര്‍ത്തമാനകാലത്ത് നടക്കുന്ന ഈജിപ്‌ഷ്യന്‍ വിപ്ലവവും മറ്റും ഞങ്ങള്‍ക്ക് പ്രചോദനമാകുന്നത് പ്രബോധനം വാരികയുടെ ലേഖനങ്ങളിലൂടെയാണ്. കെ. ജാബിറിന്റെ `വാഇല്‍ ഗനീം വിളിച്ചു, ഈജിപ്‌ഷ്യന്‍ യുവത വിളികേട്ടു' എന്ന ലേഖനം(ഫെബ്രു 26) വായിച്ചു. കാര്യങ്ങള്‍ കുറച്ചൊക്കെ മനസ്സിലാക്കി. ഈജിപ്‌ഷ്യന്‍ ജനതയുടെ മുന്നേറ്റം ഇസ്‌ലാമിക ഭരണത്തിന്റെ തുടക്കമാണെന്ന് വിശ്വസിക്കാം. ട്വീറ്റുകളുടെ അവതരണ രീതി ഈജിപ്‌ഷ്യന്‍ ജനതക്ക് മാത്രമല്ല നമുക്ക് കൂടിയുള്ളതാണല്ലോ. വിദ്യാര്‍ഥികള്‍ക്ക് വായിക്കാവുന്ന ലളിതമായ ലേഖനങ്ങളും മറ്റും പ്രതീക്ഷിക്കുന്നു.
കെ.ടി മുഫീദ
പ്ലസ്‌ടു വിദ്യാര്‍ഥിനി,
അമ്മിനിക്കാട്, പെരിന്തല്‍മണ്ണ