ഈ അംഗീകാരം സമാധാനത്തിനും സുസ്ഥിരതക്കുമായി സമര്‍പ്പിക്കുന്നു- അബ്ദുല്ല ബദവി
രിയാദ്: അറബ്ലോകത്തെ നോബല്‍ സമ്മാനം എന്ന് വിശേഷിപ്പിക്കാവുന്ന കിംഗ് ഫൈസല്‍ അവാര്‍ഡിന് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അബ്ദുല്ല അഹ്മദ് ബദവി അടക്കം ഏഴുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു. മലേഷ്യക്കകത്തും പുറത്തും അബ്ദുല്ല ബദവി ഇസ്ലാമിനും മുസ്ലിം ലോകത്തിനും നല്‍കിയ മികവുറ്റ സേവനങ്ങളാണ് ശ്രദ്ധേയമായ പുരസ്കാരം നേടിക്കൊടുത്തത്. 2003-ലും 2008-ലും ലോക ഇസ്ലാമിക സമ്മേളനം നടത്താന്‍ നേതൃത്വം കൊടുത്തതും, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ മാനവിക ഐക്യവും സഹവര്‍ത്തിത്വവും വളര്‍ത്തുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകളും, ഇസ്ലാമിക വൈജ്ഞാനിക രംഗത്തും മലേഷ്യയുടെ സാമ്പത്തിക പുരോഗതിയിലും നല്‍കിയ പങ്കും അവാര്‍ഡ് നിര്‍ണയ കമ്മിറ്റി പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. 'സമാധാനത്തിനും സുസ്ഥിരതക്കുമായി ഈ അംഗീകാരം സമര്‍പ്പിക്കുകയാണെന്ന്' അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അബ്ദുല്ല ബദവി നടത്തിയ പ്രഖ്യാപനം നിറഞ്ഞ കരഘോഷങ്ങളോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.
ഇസ്ലാമിക പഠനത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് തുര്‍ക്കിയിലെ ഖലീല്‍ ഇബ്റാഹീം, ജോര്‍ദാനിലെ മുഹമ്മദ് അദ്നാന്‍ ബക്ഷിത് അല്‍ ശെയ്യാബ് എന്നിവര്‍ പങ്കിട്ടു. വൈദ്യശാസ്ത്ര രംഗത്തെ സേവനത്തിനുള്ള പുരസ്കാരം അമേരിക്കയിലെ ജെയിംസ് എ. തോംസനും ജപ്പാനിലെ ശിന്‍യ യമനകയും പങ്കിട്ടു. ശാസ്ത്രവിഭാഗത്തില്‍ അമേരിക്കക്കാരായ ജോര്‍ജ് വൈറ്റ്സൈഡും റിച്ചാര്‍ഡ് സാറെയും അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. അറബി ഭാഷാ സാഹിത്യവിഭാഗത്തില്‍ മേന്മ അവകാശപ്പെടാവുന്ന രചനകളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ഇത്തവണ ഈ വിഭാഗത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നില്ല.
കിംഗ് ഫൈസല്‍ ഫൌണ്ടേഷന്‍ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം രിയാദില്‍ ഒരുക്കിയ പരിപാടിയില്‍ സുഊദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ അഭാവത്തില്‍ ആഭ്യന്തര മന്ത്രിയും രണ്ടാം കിരീടാവകാശിയുമായ നായിഫ് ബിന്‍ അബ്ദുല്‍ അസീസാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. രണ്ട് ലക്ഷം ഡോളര്‍, സ്വര്‍ണമെഡല്‍, സാക്ഷ്യപത്രം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. രിയാദ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, കിങ് ഫൈസല്‍ ഫൌണ്ടേഷന്‍ ഡയറക്ടറും മക്ക ഗവര്‍ണറുമായ ഖാലിദ് ബിന് ഫൈസല്‍, തുര്‍ക്കി അല്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് തുടങ്ങി രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, നയതന്ത്ര പ്രതിനിധികള്‍, സാംസ്കാരിക നായകന്മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ച പ്രൌഢമായ സദസ്സിനെ സാക്ഷിനിര്‍ത്തിയാണ് അവാര്‍ഡ് ജേതാക്കള്‍ പുരസ്കാരം ഏറ്റുവാങ്ങിയത്.
സുഊദിയിലെ മൂന്നാമത്തെ ഭരണാധികാരിയായിരുന്ന ഫൈസല്‍ രാജാവിന്റെ പേരില്‍ 1976-ല്‍ സ്ഥാപിതമായ കിംഗ് ഫൈസല്‍ ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് വിഖ്യാത പണ്ഡിതന്‍ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി ഉള്‍പ്പെടെ 40 ഓളം ലോകരാജ്യങ്ങളില്‍ നിന്നുള്ള 209 പേരാണ് ഇതിനകം തെരഞ്ഞെടുക്കപ്പെട്ടത്. 2012 ലെ കിംഗ് ഫൈസല്‍ പുരസ്കാരത്തിനുള്ള വിഷയങ്ങളും മാനദണ്ഡങ്ങളും വു://ംംം.സളള.രീാ വിലാസത്തില്‍ ലഭ്യമാണ്. അവാര്‍ഡിന് നാമനിര്‍ദേശം നല്‍കാനുള്ള അവസാന തീയതി 2011 മെയ് 1 വരെയായിരിക്കുമെന്ന് കിംഗ് ഫൈസല്‍ അവാര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു.
കെ.സി.എം അബ്ദുല്ല