തിരുകേശം: ചില സംശയങ്ങള്‍
കശ്മീരിലെ ഹസ്രത്ത് ബാല്‍ പള്ളിയിലും കേരളത്തിലെ കാരന്തൂരിലും നബിയുടെ കേശം ഉണ്ടെന്ന് പറയപ്പെടുന്നു. ലോകത്ത് മറ്റെവിടെയെങ്കിലും നബിയുടെ ശരീരഭാഗങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ? കാരന്തൂരിലെ കേശം ഒറിജിനല്‍ അല്ലെന്ന് ഇതര സുന്നി വിഭാഗം പറയുന്നു. ശാസ്ത്ര പരിശോധനയിലൂടെ ഇവ രണ്ടിന്റെയും സമാനതയും കാലപ്പഴക്കവും തെളിയിക്കപ്പെട്ടാല്‍ അതിനോടുള്ള ഇസ്ലാമിന്റെ സമീപനമെന്ത്? പ്രവാചകന്റെ ശരീരഭാഗങ്ങള്‍ക്ക് ആദരവിന് അപ്പുറം ശിഫയോ പുണ്യമോ കല്‍പിക്കപ്പെട്ടിട്ടുണ്ടോ?
വന്‍ പ്രചാരണം നടത്തി മുസ്ലിംകളെ ദിശ തിരിച്ചുവിടുമ്പോള്‍ മുജാഹിദ്-ജമാഅത്ത് പ്രസ്ഥാനങ്ങള്‍ മൌനം അവലംബിക്കുന്നത് ഇസ്ലാമില്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം ഉള്ളതുകൊണ്ടാണോ?
പി.വി റഷീദ് കൊട്ടപ്പുറം
'രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ വിട്ടേച്ചു പോവുന്നു. രണ്ടും നിങ്ങള്‍ മുറുകെ പിടിക്കുന്നേടത്തോളം കാലം നിങ്ങള്‍ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതരുടെ ചര്യയുമാണത്.' റസൂല്‍(സ) അരുള്‍ ചെയ്തതായി ഏതാണ്ടെല്ലാ ഹദീസ് ഗ്രന്ഥങ്ങളും സ്ഥിരീകരിച്ചതാണിത്. തന്റെ മുടി, നഖം, വിയര്‍പ്പ്, മലം, മൂത്രം എന്നീ വസ്തുക്കള്‍ വിട്ടേച്ചുപോവുന്നുവെന്ന് നബി(സ) പറഞ്ഞില്ല. അവ സൂക്ഷിക്കണമെന്നോ ബര്‍ക്കത്തിന് വേണ്ടി ഉപയോഗിക്കണമെന്നോ നിര്‍ദേശിച്ചില്ല. തിരുമേനിയെ പ്രാണനു തുല്യം സ്നേഹിച്ച സ്വഹാബത്തും അവയൊന്നും സൂക്ഷിച്ചതായി തെളിവുകളില്ല. ശാഫിഈ മദ്ഹബിന്റെ ആധികാരിക പണ്ഡിതനായ ഇമാം നവവി(റ)യുടെ അഭിപ്രായത്തില്‍ മയ്യിത്തിന്റെ മുടിയും നഖവും കുഴിച്ചുമൂടേണ്ടതാണ്. സൃഷ്ടികളില്‍ ശ്രേഷ്ഠനായ മുഹമ്മദ് നബി(സ)യുടെ മുടിയോ നഖമോ അതുപോലുള്ള വസ്തുക്കളോ സഹാബത്ത് എടുത്ത് സൂക്ഷിച്ചില്ല, എല്ലാം ഖബറടക്കുകയാണ് ചെയ്തത്. 'ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്' എന്ന് പ്രഖ്യാപിക്കാനാണ് ഖുര്‍ആനില്‍ അല്ലാഹു നബിയോട് ആവശ്യപ്പെടുന്നത്. വഹ്യ് ലഭിച്ചു എന്നതാണ് സാധാരണ മനുഷ്യരില്‍നിന്ന് നബിയെ വേര്‍തിരിക്കുന്ന ഘടകമെന്നും ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. അതേറ്റവും വലുതും ശ്രേഷ്ഠവുമായ അന്തരം തന്നെ. പക്ഷേ, അതുമാത്രമാണന്തരം. അല്ലാതെ മനുഷ്യരുടെ സാമാന്യമായ തീറ്റ, കുടി, കുളി, ഉറക്കം, വസ്ത്രധാരണം, ആരോഗ്യം, രോഗം, വിയര്‍ക്കല്‍, വേദന, വിവാഹം, സന്താനോല്‍പാദനം തുടങ്ങിയ കാര്യങ്ങളിലെല്ലാം മനുഷ്യനില്‍നിന്ന് വ്യത്യസ്തനായ ഒരത്ഭുത ജീവിയായിരുന്നില്ല അദ്ദേഹം. ഇത്തരം കാര്യങ്ങളിലെല്ലാം മറ്റു മനുഷ്യരില്‍ നിന്ന് ഭിന്നനല്ലാത്ത ഒരാളെ വേണം അവര്‍ക്ക് മാതൃകാ പുരുഷനായി നിയോഗിക്കേണ്ടതെന്നതും അല്ലാഹുവിന്റെ തീരുമാനമായിരുന്നു.
പക്ഷേ, പ്രവാചകരെ അവരുടെ കാലശേഷം വ്യക്തിപൂജക്കും ദിവ്യത്വത്തിനും വിധേയരാക്കുക എന്നത് എക്കാലത്തും പുരോഹിതന്മാരുടെ കുതന്ത്രമായിരുന്നു. യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പറ്റിയ ആ ഭീമമായ തെറ്റ് തന്റെ കാര്യത്തില്‍ നിങ്ങള്‍ ആവര്‍ത്തിക്കരുത് എന്നാണ് നബി(സ)യുടെ ശക്തമായ താക്കീത്. പ്രവാചക ശിഷ്യന്മാരും മുന്‍ഗാമികളായ പണ്ഡിതന്മാരും ഈ ശാസന പ്രത്യക്ഷരം പിന്തുടരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പില്‍ക്കാലത്ത് ചില്ലിക്കാശിന് വേണ്ടി ദീനിനെ വില്‍ക്കുന്ന പണ്ഡിതന്മാരും പുരോഹിതന്മാരും ഇസ്ലാമിന്റെ ശാപമായി മാറിയപ്പോഴാണ് നബിജയന്തിയും മൌലിദും ലൈലത്തുല്‍ ഖദ്റിലെ റോഡ് ഷോയും വ്യാജ തിരുകേശ പൂജയും മറ്റനേകം മൂഢ വിശ്വാസാചാരങ്ങളും പിന്‍വാതിലിലൂടെ കടന്നുവന്നത്. പാവപ്പെട്ട വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള ഏര്‍പ്പാടല്ലാതെ ഒരു ഹുബ്ബുര്‍റസൂലും ഇതിലില്ല. നബി(സ)യുടെ മുടി തന്നെയാണതെന്ന് തെളിഞ്ഞാല്‍ പോലും അത് മുക്കിയ വെള്ളം കന്നാസിലാക്കി ലേലം ചെയ്യണമെന്നത് പ്രവാചകന്റെയോ ശിഷ്യരുടെയോ മദ്ഹബ് ഇമാമുകളുടെയോ കല്‍പനയല്ല; മാതൃകയുമല്ല. വിശ്വാസികളില്‍ നിന്ന് പിരിച്ചെടുത്തതും മറ്റു വിധത്തില്‍ സ്വരൂപിച്ചതുമായ കോടികള്‍ കൊണ്ട് വ്യാജ 'തിരുകേശം' സൂക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും പള്ളി പണിയുന്നത് മഹാ അപരാധമാണ്, അങ്ങനെ നിര്‍മിക്കുന്ന കെട്ടിടം യഥാര്‍ഥ ദൈവിക ഭവനം എന്ന പേരിനു പോലും അര്‍ഹമല്ല. ഈ മഹാ തട്ടിപ്പ് തടയേണ്ടവര്‍ വോട്ടില്‍ കണ്ണുനട്ട് മൌനവലംബിക്കുന്നതും ശരിയല്ല. ഇതൊക്കെ ചൂണ്ടിക്കാട്ടുമ്പോള്‍ അസൂയയില്‍നിന്ന് ഉടലെടുത്ത എതിര്‍പ്പാണെന്ന് മുദ്ര കുത്തുകയാണ് പതിവ്. അങ്ങനെയാണെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആവശ്യത്തിനുള്ള പള്ളികളും ആശുപത്രികളും അനാഥാലയങ്ങളുമൊക്കെ സ്ഥാപിക്കുന്നതിനോട് അസൂയയും എതിര്‍പ്പും ഉണ്ടാവേണ്ടതല്ലേ? അത്തരം നല്ല കാര്യങ്ങളോട് ഒരെതിര്‍പ്പുമില്ലെന്ന് മാത്രമല്ല, സഹകരണമാണുള്ളത്. ദിനംപ്രതി പുതിയ പുതിയ ബിദ്അത്തുകള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട പോലെയാണ് കാരന്തൂരിലെ തിരുകേശ പൂജാരികള്‍.
ഇതിനെതിരെ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചിട്ടുണ്ട്. പ്രബോധനം വാരിക (2011 മാര്‍ച്ച് 19) നോക്കുക. കെ.എന്‍.എം രണ്ട് വിഭാഗങ്ങളും അവയുടെ പോഷക സംഘടനകളും ഈ തട്ടിപ്പിനെ തുറന്നെതിര്‍ത്തിട്ടുണ്ട്. സമസ്ത ഔദ്യോഗിക വിഭാഗത്തിലെ ഡോ. ബഹാഉദ്ദീന്‍ നദ്വിയും അതിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയതും ശ്രദ്ധേയമാണ്. എസ്.കെ.എസ്.എസ്.എഫ് പോലുള്ള സംഘടനകളും മിണ്ടാതിരിക്കുന്നില്ല. ഒ. അബ്ദുല്ല തേജസ്സിലും വര്‍ത്തമാനത്തിലും തദ്വിഷയകമായി എഴുതിയ ലേഖനങ്ങള്‍ കേശ പൂജകരെ ശരിക്കും പ്രകോപിപ്പിച്ചിരിക്കുന്നു. എന്നാല്‍, സമുദായം ഒന്നടങ്കം ഇതിനെതിരെ പൊരുതിയേ മതിയാവൂ.
നാല്‍പത് കോടിയുടെ പള്ളി
"പ്രവാചകന്‍ തിരുമേനി നേരിട്ട് കൈമാറിയ മൂന്ന് തിരുകേശങ്ങള്‍ സ്ഥാപിക്കാനായി കാരന്തൂര്‍ മര്‍കസിന് കീഴില്‍ 40 കോടി രൂപയുടെ പള്ളി നിര്‍മിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ മസ്ജിദ് ജനകീയ പങ്കാളിത്തത്തോടെയാണ് നിര്‍മിക്കുക. ഇതിനായി ഒരാളില്‍ നിന്നും ചുരുങ്ങിയത് ആയിരം രൂപ പിരിക്കും. കോഴിക്കോട് നഗരത്തിനടുത്ത് 12 ഏക്കര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന പള്ളി ഇന്തോ സാരസന്‍ ശില്‍പ മാതൃകയിലായിരിക്കുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു'' (സിറാജ് ദിനപത്രം).
40 കോടിക്ക് പള്ളി നിര്‍മിക്കാന്‍ കഴിയുന്ന മുസ്ലിംകള്‍ തന്നെ തങ്ങള്‍ പിന്നാക്കമാണ്, സച്ചാര്‍ കമീഷന്‍ നടപ്പാക്കുക, സംവരണം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നു. സമുദായത്തിന്റെ ദുരവസ്ഥ കരഞ്ഞുപറയുകയും മുതലക്കണ്ണീര്‍ ഒഴുക്കുകയും ചെയ്യുന്നു. മൂന്ന് കോടി കേരളീയരില്‍ 75 ലക്ഷം വരുന്ന മുസ്ലിംകളെ സമ്പന്നമാക്കാന്‍ ഇത്തരം സംരംഭകര്‍ക്കാവുമല്ലോ? സ്ത്രീധനം നല്‍കാനാവാതെ മൈസൂര്‍ കല്യാണവും അറബിക്കല്യാണവും നടക്കുന്നത് കാണാത്തവര്‍ ആദ്, സമൂദ് സമൂഹം പോലെ കൂറ്റന്‍ കെട്ടിടങ്ങളും പള്ളികളും നിര്‍മിച്ച് ഹുങ്ക് നടിക്കുന്നതിന്റെ പരിണതി എന്തായിരിക്കും?
അഫ്നാന്‍ അഷറഫ്
കവ്വായി, ഒമാന്‍
വിശ്വാസപരമായും കര്‍മപരമായും ഇസ്ലാമില്‍ നിന്ന് ബഹുദൂരം അകന്നുപോയ നിലവിലെ മുസ്ലിം സമൂഹത്തെ സംസ്കരിച്ച് അവര്‍ക്ക് യഥാര്‍ഥ മതബോധവും ദിശാബോധവും നല്‍കേണ്ട ചുമതല എത്ര ഭാരിച്ചതാണെന്ന് ഓര്‍മപ്പെടുത്തുന്നു ഇത്തരം തട്ടിപ്പുകള്‍. ന്യൂനപക്ഷ പിന്നാക്ക സമുദായ മുസ്ലിംകളെ പുരോഗതിയുടെ മുഖ്യധാരയിലെത്തിക്കാന്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആവിഷ്കരിച്ച 'വിഷന്‍ 2016'ന്റെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കുന്ന സന്ദര്‍ഭം കൂടിയാണിത്. ഒരു നീതീകരണവും ഇല്ലാത്ത ധൂര്‍ത്തിന് വേണ്ടി 40 കോടി രൂപ സമാഹരിക്കുന്നതിലെ മൌഢ്യം ഇരിക്കട്ടെ, വിശ്വാസ ചൂഷണത്തിന്റെ പ്രത്യക്ഷവും സുസ്ഥിരവുമായ കേന്ദ്രം കൂടിയാവും വരാന്‍ പോകുന്ന പള്ളി എന്ന കാര്യത്തില്‍ സംശയമില്ല. കാരന്തൂര്‍ സുന്നി കേന്ദ്രത്തിന്റെ ആത്മീയാചാര്യന്റെ ഭാവി മഖ്ബറയും മഖാമും തദ്വാരാ തീര്‍ഥാടന കേന്ദ്രവും ആവാന്‍ പോവുന്നതും ഈ 'ശഅ്റെ മുബാറക് മസ്ജിദ്' തന്നെയാവും. അവിടെ ആണ്ടുതോറും ഇനി തെളിയാന്‍ പോവുന്നത് ഏത് 'ജ്യോതി'യാണെന്ന് കാത്തിരുന്ന് കാണാം.
കുഴപ്പങ്ങള്‍ക്ക് കാരണം സിദ്ധാന്തങ്ങള്‍?
"മുസ്ലിംലീഗില്‍ പ്രവര്‍ത്തിക്കുന്നവരേക്കാള്‍ ബുദ്ധിയുള്ളവരും മിടുക്കന്മാരുമാണ് ജമാഅത്തെ ഇസ്ലാമിയില്‍ ഉള്ളത്. അവരോടെനിക്ക് സ്നേഹവും മതിപ്പുമുണ്ട്. സോളിഡാരിറ്റിയുടെ പല പരിപാടികളിലും ഞാന്‍ പങ്കെടുക്കാറുമുണ്ട്. ഇടതുപക്ഷക്കാര്‍ ഉയര്‍ത്തിപ്പിടിക്കേണ്ട പല കാര്യങ്ങളും അവര്‍ ചെയ്യുന്നു. സൈദ്ധാന്തിക തലത്തിലാണ് എനിക്ക് അവരോട് എതിര്‍പ്പ്. അവരുടെ സിദ്ധാന്തത്തില്‍ നിന്നാണ് പല കുഴപ്പങ്ങളുമുണ്ടാകുന്നത്. പി.ഡി.പിയും എന്‍.ഡി.എഫുമൊക്കെ ജമാഅത്തിന്റെ സിദ്ധാന്തങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെയാണ് ലീഗിന്റെ പ്രസക്തി. മുസ്ലിം ലീഗിന് സിദ്ധാന്തമൊന്നും ഇല്ല. പക്ഷേ, ലീഗില്ലെങ്കില്‍ എന്‍.ഡി.എഫ് പോലുള്ള ഭീകര സംഘടനകള്‍ വര്‍ധിക്കും''- നിരീക്ഷണം അഡ്വ. ജയശങ്കറിന്റേത്. പൊതുസമൂഹത്തില്‍ എത്രമേല്‍ ഇടപെട്ടിട്ടും ജയശങ്കറിനെപോലുള്ളവരുടെ തെറ്റിദ്ധാരണ നിലനില്‍ക്കുന്നതിന്റെ കാരണമെന്താണ്? പൊതുസമൂഹം ഭയക്കുന്ന ജമാഅത്തിന്റെ സിദ്ധാന്തത്തില്‍ മാറ്റം വരുത്തരുതോ?
കെ.പി ബഹീജ് കണ്ണൂര്‍
തെറ്റായ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നവരും അവ ഉയര്‍ത്തിപ്പിടിക്കുന്നവരും പ്രവൃത്തിയില്‍ നല്ലവരായിരിക്കുക അസാധ്യവും അയുക്തികവുമാണ്. ഏറി വന്നാല്‍ അല്‍പകാലത്തേക്ക് നല്ല പിള്ള ചമഞ്ഞ് ജനങ്ങളെ കബളിപ്പിക്കാമെന്ന് മാത്രം. ജമാഅത്തെ ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തകരില്‍ കാപട്യം അഡ്വ. ജയശങ്കര്‍ ആരോപിക്കുന്നുമില്ല. അതിനര്‍ഥം, ജമാഅത്തിന്റെ സിദ്ധാന്തങ്ങള്‍ മൌലികമായി സമാധാനത്തിലും സൌഹൃദത്തിലും ഊന്നുന്നു എന്നുതന്നെ. അതുകൊണ്ടാണ് സാമുദായിക സംഘടനകളില്‍ നിന്നും പാര്‍ട്ടികളില്‍നിന്നും വ്യത്യസ്തമായി അവര്‍ക്ക് ജനകീയ പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നത്. ഒരു സാമ്പ്രദായിക മതസങ്കല്‍പമാണ് അവര്‍ക്കുണ്ടായിരുന്നതെങ്കില്‍ ജനങ്ങളെ ബാധിക്കുന്ന സജീവ പ്രശ്നങ്ങളില്‍ നിന്നൊക്കെ പിന്തിരിഞ്ഞ് ഉറുക്കും മന്ത്രവും കേശപൂജയും മറ്റും മറ്റുമായി അവരും നടക്കുമായിരുന്നു.
മുസ്ലിം തീവ്രവാദ ശക്തികള്‍ എന്നു പറയപ്പെടുന്നവരൊന്നും ജമാഅത്തെ ഇസ്ലാമിയുടെ സിദ്ധാന്തങ്ങളില്‍നിന്ന് ജന്മമെടുത്തവരോ ആവേശം ഉള്‍ക്കൊണ്ടവരോ അല്ലെന്ന് സാമാന്യ പഠനം വ്യക്തമാക്കും. ഇന്ത്യാ രാജ്യത്ത് സാമുദായിക ധ്രുവീകരണവും പ്രതിരോധ സിദ്ധാന്തവും തുല്യനാണയത്തിലെ തിരിച്ചടിയും വിനാശകരമാണെന്ന കൃത്യമായ ബോധം ജമാഅത്തെ ഇസ്ലാമിക്കുണ്ട്. അത് തുറന്നു പറയുന്നതിന്റെ പേരില്‍ ജമാഅത്തിനെ അത്തരം സംഘടനകള്‍ മുഖ്യപ്രതിയോഗികളായി കാണുകയും ചെയ്യുന്നു. അതേസമയം മുസ്ലിം ലീഗുമായി അവര്‍ സഹകരിക്കാന്‍ തയാറാണ് താനും. ജമാഅത്തിനെ പൊതുസമൂഹത്തിലെ പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നത് ശരിയാണ്. അവരുടെ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാന്‍ നിരന്തരം ശ്രമിക്കുകയല്ലാതെ ആക്ഷേപം ഭയന്ന് ശരിയായ ആദര്‍ശവും ലക്ഷ്യവും നയപരിപാടികളും തിരുത്താന്‍ പോവുന്നത് വിഡ്ഢിത്തമാണ്.
മിഥ്യയായ അവകാശവാദം
"ബാബരി മസ്ജിദ് ധ്വംസനകാലത്തെ അതിവൈകാരികതയില്‍ അഗ്നികുണ്ഠമാകുമായിരുന്ന കേരളത്തില്‍ സമന്വയത്തിന്റെയും സമാധാനത്തിന്റെയും മൃദു രാഷ്ട്രീയ മന്ത്രം ജപിച്ചുകൊണ്ടാണ് മുസ്ലിം ചെറുപ്പക്കാരെ പാണക്കാട് ശിഹാബ് തങ്ങള്‍ അടക്കി നിര്‍ത്തിയത്... കേരളത്തിലെ മുസ്ലിം സമൂഹം ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ വിവേകം വെടിഞ്ഞ് അതിവൈകാരികതയുടെയും വര്‍ഗീയ മനോഭാവത്തിന്റെയും പാതയിലേക്ക് നീങ്ങിയോ അപ്പോഴെല്ലാം അതിനെ നിയന്ത്രിക്കുകയും നിര്‍മാണാത്മകമായ ദിശകളിലേക്ക് തിരിച്ചുവിടുകയും ചെയ്തത് പാണക്കാട് തങ്ങന്മാരായിരുന്നു. അതേസമയം, പി.ഡി.പി, ജമാഅത്തെ ഇസ്ലാമി, എന്‍.ഡി.എഫ് പോലുള്ള സംഘടനകള്‍ ഈ അതിവൈകാരികതയെ തീവ്ര വര്‍ഗീയതയുടെ തീച്ചാലുകളിലേക്ക് നയിക്കാനാണ് അഹോരാത്രം ശ്രമിച്ചുപോന്നത്'' (കെ.എം ഷാജി, ചന്ദ്രിക ദിനപത്രം 2011 ഫെബ്രുവരി 27).
എന്നാല്‍ അതേ ദിവസം തന്നെ ചന്ദ്രികയൊഴികെ -ചന്ദ്രികയില്‍ ആ വാര്‍ത്തയേ ഇല്ല- മറ്റെല്ലാ പത്രങ്ങളുടെയും ലീഡ് വാര്‍ത്ത: 'നാദാപുരം നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം; മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മരിച്ചു' (2011 ഫെബ്രുവരി 27, മാധ്യമം, മാതൃഭൂമി, മനോരമ....). മുജീബ് എന്തു പറയുന്നു, ഈ വൈരുധ്യത്തെക്കുറിച്ച്?
എസ്.എസ് മുസ്ത്വഫ
അല്‍ജാമിഅ ശാന്തപുരം
പൊതുസമൂഹത്തിലെ ചില ബുദ്ധിജീവികളെപ്പോലും തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയിച്ച വെറും മിഥ്യയായ അവകാശവാദമാണ് യൂത്ത് ലീഗ് നേതാവിന്റേത്. ഒന്നാമത്, 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ മാത്രമല്ല, കര്‍ണാടകയിലും തമിഴ്നാട്ടിലും ആന്ധ്രയിലും യു.പിയിലും ബീഹാറിലും ബംഗാളിലും ആസാമിലുമടക്കം അസ്വസ്ഥാപൂര്‍ണമായ ശാന്തതയായിരുന്നു. മഹാരാഷ്ട്രയില്‍ മാത്രമാണ് ബി.ജെ.പി-ശിവസേന കൂട്ടുകെട്ട് സംഘര്‍ഷവും കലാപവും സൃഷ്ടിച്ചത്. മറ്റു ഭാഗങ്ങളില്‍ മുസ്ലിംകള്‍ ശാന്തരായിരുന്നത് ഏത് തങ്ങളുടെ പോരിശകൊണ്ടായിരുന്നു? രണ്ടാമത്, ബാബരി മസ്ജിദ് ധ്വംസനത്തില്‍ ദുഃഖവും പ്രതിഷേധവും പ്രകടിപ്പിച്ച് മുസ്ലിം കേരളം പിറ്റേന്ന് ഒറ്റക്കെട്ടായി മുസ്ലിം ലീഗിന്റെയോ ശിഹാബ് തങ്ങളുടെയോ ആഹ്വാനം കൂടാതെ ഹര്‍ത്താലാചരിച്ചു. മൂന്നാമത്, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മൂക്കിന് താഴെയാണ് കെ.എം ഷാജിയുടെ യൂത്ത് ലീഗ് പട പവിത്രമായ ലൈലത്തുല്‍ ഖദ്ര്‍ ദിവസത്തില്‍ കളങ്കിതനായ നേതാവിനെ സ്വീകരിക്കാന്‍ കരിപ്പൂരിലേക്ക് മാര്‍ച്ച് ചെയ്തതും വിമാനത്താവളം കലാപകലുഷമാക്കിയതും ദേശീയ പതാക പോലും പിഴുതെറിഞ്ഞ് തല്‍സ്ഥാനത്ത് ലീഗ് കൊടി നാട്ടിയതും. സ്വന്തം അനുയായികളെ ഈ റൌഡിസത്തില്‍നിന്ന് തടയാന്‍ തങ്ങളുടെ 'മൃദുമന്ത്ര'ത്തിനായില്ലെങ്കില്‍ പിന്നെ ഈ വിഗ്രഹവത്കരണത്തിന് എന്തര്‍ഥം?
മറിച്ച്, ബാബരി ധ്വംസനത്തെ തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമിയെ റാവു സര്‍ക്കാര്‍ തീര്‍ത്തും അന്യായമായി നിരോധിച്ചിട്ടുപോലും ഒരു പ്രതിഷേധ പ്രകടനമോ പ്രക്ഷോഭമോ നടത്താതെ നേരെ കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിക്കുകയായിരുന്നു ജമാഅത്ത്. അതിനു മുമ്പോ പിമ്പോ ഏതെങ്കിലും ഭീകരകൃത്യങ്ങളില്‍ ജമാഅത്ത് പങ്കാളിയായതിന് ഷാജിയുടെ പക്കല്‍ ദുര്‍ബലമായ തെളിവെങ്കിലുമുണ്ടോ? വ്യാജ വാക്കുകളാകുന്ന വേട്ടനായ്ക്കളെ അഴിച്ചുവിട്ട് ഇന്ത്യയിലെ ഏറ്റവും സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക പ്രസ്ഥാനത്തെ നിരന്തരം ആക്രമിക്കുന്ന യൂത്ത് ലീഗ് നേതാവിന് ദൈവം നല്‍കിയ ശിക്ഷയാണ് നരിക്കാട്ടേരിയിലെ നരബലി. ആ ഖാദുക സംഭവത്തിന് അയാളും പാര്‍ട്ടിയും പൊതുസമൂഹത്തോടും ഇരകളായ യുവാക്കളുടെ കുടുംബങ്ങളോടും മറുപടി പറഞ്ഞേ തീരൂ. ഒട്ടകപക്ഷിയെപ്പോലെ തല മണലില്‍ പൂഴ്ത്തിയതുകൊണ്ടായില്ല.
മഅ്ദനിക്കെതിരായ ഗൂഢാലോചന
"ഇതിനായി (തെരഞ്ഞെടുപ്പ് വിജയം) മഅ്ദനിയെ സ്വാധീനിക്കാനായി ദൂതായി അയച്ചതും റഊഫിനെയായിരുന്നു. റഊഫ് കോടികളുടെ വാഗ്ദാനവുമായി ദൌത്യനിര്‍വഹണത്തിനശ്രമിച്ചുവെങ്കിലും മഅ്ദനി ഓഫര്‍ നിരാകരിച്ചു... പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി അബ്ദുന്നാസിര്‍ മഅ്ദനിയെ ഏതെങ്കിലും സംസ്ഥാനത്തെ ജയിലില്‍ അടച്ചിടുക എന്ന ലളിതമായ മാര്‍ഗത്തെക്കുറിച്ചാണ് മലപ്പുറത്തും കാസര്‍കോടുമായി ചിന്തകള്‍ മുന്നേറിയത്. മഅ്ദനിയുടെ കുടകിലെ ഇഞ്ചികൃഷിയും തടിയന്റവിടെയും മറ്റു സാക്ഷികളും ബാംഗ്ളൂര്‍ സ്റേഡിയം സ്ഫോടനക്കേസിലെ പോലീസ് രേഖകളുമെല്ലാം ഓരോ ഘട്ടത്തില്‍ രൂപമെടുക്കുമ്പോള്‍ അതിനുള്ള ചാണക്യ ബുദ്ധി മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കാസര്‍ക്കോട്ടുനിന്നുമാണ് രൂപപ്പെടുത്തിയത് എന്നതിനും ഈ റാക്കറ്റിനുള്ളില്‍ നിന്നുതന്നെ തെളിവുകളുണ്ട്'' (കേരള ശബ്ദം വാരിക, 20.02.2011). അബ്ദുന്നാസിര്‍ മഅ്ദനിയെ ക്രൂരമായി പീഡിപ്പിക്കുന്നതിനു പിറകിലെ യഥാര്‍ഥ കരങ്ങള്‍ മുസ്ലിം ലീഗാണെന്ന ഗുരുതരമായ ഈ ആരോപണം വിശ്വസനീയമാണോ?
എം. ഹസനുല്‍ ബന്നാ കണ്ണൂര്‍
തെളിവുകളില്ലാതെ ആരുടെ മേലും ആരോപണങ്ങള്‍ ചുമത്തുന്നത് ശരിയല്ല. അബ്ദുന്നാസിര്‍ മഅ്ദനിയെ ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ തെളിവുകള്‍ കൃത്രിമമായി പടച്ചുണ്ടാക്കി ജയിലിലിട്ട പോലെയാവും വെറും സംശയങ്ങളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തില്‍ ഗൂഢാലോചനാരോപണം മുസ്ലിം ലീഗില്‍ ചുമത്തുന്നതും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പിന്തുണതേടി തന്നെ മഅ്ദനിയുടെ അടുത്തേക്ക് അയച്ചിരുന്നതായി റഊഫ് വെളിപ്പെടുത്തിയിട്ടുണ്ട്. തന്നെ റഊഫ് സമീപിച്ച കാര്യം മഅ്ദനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മുമ്പും ദക്ഷിണ കേരളത്തിലെ ഒരു മുന്‍ പി.ഡി.പി നേതാവ് മുഖേന മഅ്ദനിയുടെ പിന്തുണ നേടിയെടുത്തിരുന്നതായറിയാം. ഇത്തരം സംഭവങ്ങള്‍ വിശ്വാസിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ രാഷ്ട്രീയ സദാചാരം.
വ്യഭിചാരിയുടെ വധശിക്ഷ
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ആനും തിരുചര്യയുമാണെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. ഖുര്‍ആന്റെ വിശദീകരണവും വ്യാഖ്യാനവുമാണ് സുന്നത്ത്. ആ അടിസ്ഥാനത്തില്‍ ഖുര്‍ആനിലുള്ള നിയമനിര്‍ദേശങ്ങള്‍ക്ക് വ്യക്തതയും ശാഖാപരമായ നിയമങ്ങളുമാണ് സുന്നത്ത് നല്‍കുക. ഉദാഹരണത്തിന് ഖുര്‍ആന്‍ നമസ്കരിക്കാന്‍ കല്‍പിച്ചു. അതിന്റെ രൂപവും റക്അത്തുകളുടെ എണ്ണവുമൊക്കെ പ്രവാചകന്‍ പഠിപ്പിച്ചു. സകാത്ത് നല്‍കാന്‍ ഖുര്‍ആന്‍ കല്‍പിച്ചു. അതിന്റെ അളവും മറ്റു കാര്യങ്ങളും പ്രവാചകന്‍ പഠിപ്പിച്ചു. ഇങ്ങനെ മറ്റു കാര്യങ്ങളിലും സുന്നത്തിന്റെ പ്രസക്തി വളരെ ഏറെയാണ്.
എന്റെ സംശയം ഇതാണ്: ഖുര്‍ആന്‍ പറഞ്ഞ ഒരു നിയമത്തിനേക്കാളും വലിയ നിയമം സുന്നത്ത് നല്‍കുമോ? ഉദാഹരണത്തിന് വ്യഭിചാരത്തിനുള്ള ശിക്ഷയായി ഖുര്‍ആന്‍ പറയുന്നത് നൂറ് അടിയാണ്. വിവാഹിതര്‍ക്കുള്ള എറിഞ്ഞു കൊല്ലല്‍ ശിക്ഷയെ കുറിച്ച് അത് പരാമര്‍ശിക്കുന്നേയില്ല. നൂറ് അടിയേക്കാള്‍ വളരെ ഗൌരവമുള്ള ഈ ശിക്ഷ എന്തുകൊണ്ട് ഖുര്‍ആന്‍ പരാമര്‍ശിച്ചില്ല? സംശയത്തിനു വകയുള്ള ഹദീസ് വഴി ഇത്തരമൊരു നിയമം അല്ലാഹു നല്‍കുമോ? ഒരാളുടെ ജീവനെടുക്കുന്ന കാര്യമാണിതെന്നോര്‍ക്കണം. എറിഞ്ഞുകൊല്ലലിനെ കുറിച്ച് ഖുര്‍ആനും അടിശിക്ഷയെ കുറിച്ച് ഹദീസുമാണ് പറഞ്ഞതെങ്കില്‍ കുഴപ്പമില്ല. ഇവിടെ വലിയ ശിക്ഷ ഹദീസും ചെറിയ ശിക്ഷ ഖുര്‍ആനും നല്‍കുന്നത് ഒട്ടും ദഹിക്കുന്നില്ല. ഇതിനൊരു വിശദീകരണം?
കെ.സി മുഹമ്മദലി
കക്കാടം പുറം, എ.ആര്‍ നഗര്‍
മനുഷ്യ ജീവനോളം വിലപ്പെട്ടതായി ഭൂമിയില്‍ ഒന്നുമില്ല ഇസ്ലാമിന്റെ കണ്ണില്‍. തീര്‍ത്തും അനുപേക്ഷ്യമായ കാരണങ്ങളാലല്ലാതെ ഒരു പരിതസ്ഥിതിയിലും ഒരാളുടെ ജീവന്‍ എടുത്തുകൂടാ. കൊലപാതകവും രാജ്യദ്രോഹവുമാണ് ഖുര്‍ആന്‍ വധശിക്ഷ വിധിച്ച കുറ്റങ്ങള്‍. വിവാഹിതനായ പുരുഷനോ സ്ത്രീയോ വ്യഭിചാരക്കുറ്റം സമ്മതിച്ചാല്‍ അഥവാ നാല് നീതിമാന്മാരായ ദൃക്സാക്ഷികള്‍ മുഖേന തെളിഞ്ഞാല്‍ അത്തരം കുറ്റവാളികള്‍ക്കും വധശിക്ഷ പ്രാമാണികമായ ഹദീസുകളിലുണ്ട്. 'മൂന്ന് കാരണങ്ങളാലല്ലാതെ ഒരു മുസ്ലിമായ മനുഷ്യന്റെ രക്തം ചിന്താന്‍ പാടില്ല. വിവാഹിതനായ വ്യഭിചാരി, കൊലപാതകി, മതം ഉപേക്ഷിച്ച് സമൂഹത്തെ വിട്ടുപോയവന്‍' എന്ന് നബി(സ) പറഞ്ഞതായ ഹദീസിന്റെ നിവേദക പരമ്പര തികച്ചും കുറ്റമറ്റതാണ്. ഗാമിദിയ എന്ന വനിതയും മാഇസ് എന്ന പുരുഷനും വിവാഹിതരായിരിക്കെ വെവ്വേറെ സംഭവങ്ങളില്‍ നബിയുടെ സവിധത്തില്‍ വന്ന് വ്യഭിചാരക്കുറ്റം ചെയ്തതായി ഏറ്റു പറഞ്ഞപ്പോള്‍ അവരുടെ സമ്മതം തീര്‍ത്തും സ്വതന്ത്രവും സ്വബോധത്തോടു കൂടിയതുമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം തിരുമേനി അവരെ എറിഞ്ഞുകൊല്ലാന്‍ വിധിച്ചതും വിശ്വാസയോഗ്യമായ ഹദീസുകളിലുണ്ട്. എറിഞ്ഞുകൊല്ലല്‍ ശിക്ഷ വിശുദ്ധ ഖുര്‍ആനില്‍ തന്നെ ഉണ്ടായിരുന്നതായും പിന്നീടാ സൂക്തത്തിന്റെ വാചകങ്ങള്‍ ഒഴിവാക്കപ്പെട്ടുവെങ്കിലും ഉള്ളടക്കം നബി(സ) നിലനിര്‍ത്തുകയാണുണ്ടായതെന്നും ഉമര്‍(റ) പ്രസ്താവിച്ചതായി സ്ഥിരപ്പെട്ടിരിക്കുന്നു. ഇക്കാരണങ്ങളാലൊക്കെ നാല് മദ്ഹബുകളിലും സലഫീ വീക്ഷണ പ്രകാരവും എറിഞ്ഞുകൊല്ലല്‍ ശിക്ഷ ഇസ്ലാമിക ശരീഅത്തിലുണ്ട്. എല്ലാവരുടെയും അഭിപ്രായത്തില്‍ ഖുര്‍ആനിലെ 100 അടി ശിക്ഷ അവിവാഹിതര്‍ക്ക് മാത്രം ബാധകമാണ്.
എന്നാല്‍, ചോദ്യകര്‍ത്താവ് സൂചിപ്പിച്ചപോലെ അത്യപൂര്‍വ സാഹചര്യത്തില്‍ അനുപേക്ഷ്യമായാല്‍ മാത്രം നല്‍കേണ്ടതാണ് മരണശിക്ഷ എന്നിരിക്കെ, വിവാഹിതനായ വ്യഭിചാരിക്ക് കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ വിധിക്കുന്നത് ഇസ്ലാമിന്റെ കാരുണ്യത്തിനും മാനവികതക്കും നിരക്കുന്നതല്ല എന്ന് ചിന്തിച്ച ചിലര്‍ പില്‍ക്കാലത്തുണ്ടായിട്ടുണ്ട്. ഖുര്‍ആനില്‍ അതില്ലാത്തതിന്റെ കാരണവും അതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രഗത്ഭ പണ്ഡിതനായ മൌലാനാ അമീന്‍ അഹ്സന്‍ ഇസ്ലാഹി തന്റെ ഖുര്‍ആന്‍ വ്യാഖ്യാനമായ തദബ്ബുറെ ഖുര്‍ആനില്‍ ഈ പ്രശ്നം വിശകലനം ചെയ്ത ശേഷം ബലാത്സംഗത്തിനുള്ള ശിക്ഷയാണ് എറിഞ്ഞുകൊല്ലല്‍ എന്നാണഭിപ്രായപ്പെട്ടിരിക്കുന്നത്. ഇസ്ലാമിക ശരീഅത്ത് നടപ്പാക്കുന്ന രാജ്യങ്ങളിലെ ആധികാരിക പണ്ഡിതസഭകളാണ് ഇതേപ്പറ്റി അന്തിമമായി അഭിപ്രായം പറയേണ്ടത്.