പ്രകൃതി ദുരന്തത്തിന്റെ ആത്മീയ മാനങ്ങള്‍
മാര്‍ച്ച് 11-നു ഉണ്ടായ ഭൂകമ്പവും സൂനാമിയും, സാങ്കേതിക മികവിന്റെയും സമ്പല്‍സമൃദ്ധിയുടെയും രംഗവേദിയയായി പരിലസിച്ച ജപ്പാന്‍ നഗരങ്ങളെ ദുരിത കേദാരങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ഇരുപതിനായിരത്തോളം ജീവിതങ്ങള്‍ പൊലിഞ്ഞുപോയി. ഭവനരഹിതരായവര്‍ ലക്ഷങ്ങളാണ്. അവര്‍ക്ക് ആഹാരമില്ല, കുടിനീരില്ല. ഉടുതുണിക്ക് മറുതുണിയില്ല. വൈദ്യുതിയില്ല, വാര്‍ത്താ വിനിമയ മാര്‍ഗങ്ങളില്ല. സഞ്ചരിക്കാന്‍ റോഡുകളും വാഹനങ്ങളുമില്ല. ഭൂമിയുടെ തുടര്‍ ചലനങ്ങള്‍ ആ ജനതയെ വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആണവ നിലയങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പൊട്ടിത്തെറികളാകട്ടെ, ഭൂഗോളത്തെ മുഴുവന്‍ അണുവികിരണ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. ജാപ്പ് സഹോദരന്മാരുടെ യാതനയില്‍ പങ്കുചേരേണ്ടത് എല്ലാ ജനങ്ങളുടെയും മാനുഷിക ബാധ്യതയാകുന്നു. വാക്കുകൊണ്ടുള്ള ഔപചാരികമായ അനുശോചനത്തിനപ്പുറം സക്രിയമായ ദുരിതാശ്വാസ സേവനങ്ങള്‍ക്ക് മുന്നോട്ടുവരേണ്ട സന്ദര്‍ഭമാണിത്.
പ്രകൃതിക്ഷോഭങ്ങള്‍ ഭൗതികശാസ്‌ത്രത്തിന്റെ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ വിശദീകരിക്കപ്പെടാറുണ്ട്. അതുവഴി മനുഷ്യര്‍ക്കേല്‍ക്കുന്ന ആപത്തുകള്‍ ലഘൂകരിക്കാന്‍ ചില മുന്‍കരുതല്‍ നിര്‍ദേശിക്കപ്പെടാറുമുണ്ട്. മനുഷ്യരുടേതെന്ന പോലെ പ്രകൃതിയുടെയും, ഏതൊരാക്രമണത്തെയും നേരിടാന്‍ അതിനൂതനമായ ശാസ്‌ത്രീയ സജ്ജീകരണങ്ങളൊരുക്കി വെച്ചിട്ടുള്ള രാജ്യമാണ് ജപ്പാന്‍. പക്ഷേ, ഭൂകമ്പവും സൂനാമിയുമുണ്ടായപ്പോള്‍ ആണവ നിലയങ്ങളെപ്പോലും സംരക്ഷിക്കാന്‍ അതൊന്നും പര്യാപ്‌തമായില്ല. അത്യാഹിതങ്ങളില്‍നിന്ന് രക്ഷ നേടാന്‍ ഭൗതികമായ മുന്‍കരുതലുകള്‍ക്ക് പുറമെ മറ്റു ചിലതുകൂടി അനിവാര്യമാണെന്നാണിത് മനസ്സിലാക്കിത്തരുന്നത്. മതവിശ്വാസികള്‍ അതിനെ പ്രകൃതിയുടെ വിധാതാവിന്റെ കാരുണ്യം എന്നു പറയും.
പ്രകൃതി വിപത്തുകള്‍ക്ക് ഗൗരവതരമായ ചില ആധ്യാത്മീയ മാനങ്ങളുണ്ട്. കഷ്‌ടനഷ്‌ടങ്ങള്‍ സഹനത്തോടെ നേരിട്ട് പുതിയ വഴികളും വാഹനങ്ങളും കണ്ടെത്തി മനുഷ്യനെ കൂടുതല്‍ ഭാസുരമായ ജീവിതാവസ്ഥയിലേക്ക് പ്രയാണം ചെയ്യാന്‍ പ്രചോദിപ്പിക്കുന്ന ദൈവിക നടപടി എന്നതാണതിലൊന്ന്. അതേപ്പറ്റി ദൈവം പറഞ്ഞു: ``ഭയാശങ്കകള്‍, ക്ഷാമം, ജീവനാശം, ധനനഷ്‌ടം, വിളനാശം മുതലായവയിലൂടെ നാം തീര്‍ച്ചയായും നിങ്ങളെ പരീക്ഷിച്ചുകൊണ്ടിരിക്കും. അത്തരം പരീക്ഷണങ്ങളെ സഹനത്തോടെ നേരിടുന്നവര്‍ക്കല്ലോ സുവിശേഷം'' (2:155). പ്രകൃതിക്കു നേരെ മനുഷ്യന്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കുള്ള തിരിച്ചടി എന്നതാണ് മറ്റൊരു മാനം. അതേപ്പറ്റി ഖുര്‍ആന്‍ പ്രസ്‌താവിച്ചു: ``മര്‍ത്യ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും വിനാശമുളവായിരിക്കുന്നു; തങ്ങള്‍ പ്രവര്‍ത്തിച്ച ചിലതിന്റെ രുചി അവരനുഭവിക്കാന്‍. അങ്ങനെ അവര്‍ അതിക്രമങ്ങളില്‍നിന്ന് വിരമിച്ചെങ്കിലോ'' (30:41). സാമൂഹിക ജീവിതം അസത്യജഡിലവും അധര്‍മങ്ങളാലും അനീതികളാലും മലീമസവുമാകുമ്പോള്‍ വീണ്ടുവിചാരത്തിലേക്കുള്ള ഉണര്‍ത്തലായും ചിലപ്പോള്‍ മഹാ വിപത്തുകള്‍ വന്നു ഭവിക്കാം. അല്ലാഹു അറിയിക്കുന്നു: ``അധര്‍മകാരികളെ പരലോകത്തെ മഹാ ശിക്ഷക്ക് മുമ്പ് ഈ ലോകത്തുതന്നെ നാം ലഘു ശിക്ഷകള്‍ രുചിപ്പിച്ചുകൊണ്ടിരിക്കും. അവര്‍ ധര്‍മധിക്കാരത്തില്‍നിന്ന് വിരമിക്കേണ്ടതിന്'' (32:21). ``നാടുകളിലുള്ളവര്‍ സത്യം കൈകൊള്ളുകയും ധര്‍മം പാലിക്കുകയും ചെയ്യുമ്പോള്‍ നാം മണ്ണിന്റെയും വിണ്ണിന്റെയും അനുഗ്രഹ കവാടങ്ങള്‍ അവര്‍ക്കായി തുറന്നു കൊടുത്തു. പക്ഷേ, സത്യധര്‍മങ്ങള്‍ തള്ളിക്കളഞ്ഞപ്പോള്‍ അവരുടെ കര്‍മദോഷം മൂലം നാം അവരെ ശിക്ഷിച്ചു. തങ്ങള്‍ രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ ദൈവശിക്ഷ വന്നെത്തുകയില്ലെന്ന് അവര്‍ സമാധാനിച്ചുവോ? അതോ, പകല്‍ വേളയില്‍ വിനോദിക്കുമ്പോള്‍ ശിക്ഷ വരില്ലെന്നു വിശ്വസിച്ചുവോ? അല്ലെങ്കില്‍ അല്ലാഹുവിന്റെ പ്രവര്‍ത്തന തന്ത്രത്തെക്കുറിച്ച് അവര്‍ നിര്‍ഭയരായോ? എന്നാല്‍ സര്‍വ നന്മകളും നഷ്‌ടപ്പെട്ടവരല്ലാതെ അല്ലാഹുവിന്റെ പ്രവര്‍ത്തന തന്ത്രങ്ങളെക്കുറിച്ച് നിര്‍ഭയരാവില്ല'' (ഖുര്‍ആന്‍ 7:96-99).
ജപ്പാനെ ഗ്രസിച്ചത് ഇതിലേതിനത്തില്‍ പെട്ട പ്രകൃതിക്ഷോഭമാണെന്ന് കൃത്യമായി പറയാന്‍ നമുക്കാവില്ല. ഒന്നു മാത്രം പറയാം: താന്‍ എന്തിനും പോന്നവനാണെന്നും തനിക്കു മീതെ ഒരു ശക്തിയുമില്ലെന്നും പ്രകൃതിയെ താന്‍ കീഴടക്കിക്കഴിഞ്ഞുവെന്നുമുള്ള മനുഷ്യന്റെ മൂഢ ധാരണക്കേറ്റ കൊടും പ്രഹരമാണിത്. തന്റെയും താനുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തിന്റെയും വിധാതാവിനെ കണ്ടെത്താനും അവനിലേക്ക് മടങ്ങാനും ദൈവത്തിന്റെ ഭാഗത്തുനിന്നുള്ള ഒരോര്‍മപ്പെടുത്തലായി വേണം മനുഷ്യന്‍ ഇതിനെ കാണാന്‍. ഇത്തരം ദുരന്തപൂര്‍ണമായ ഓര്‍മപ്പെടുത്തലുകള്‍ അതിന്റെ ആഘാതമേല്‍ക്കുന്നവര്‍ക്കു മാത്രമുള്ളതല്ല; മുഴുവന്‍ മനുഷ്യരാശിക്കുമുള്ളതാണ്. ലോക ദൂഷണത്തിനുത്തരവാദികള്‍ ദൂഷണത്തില്‍ നേരിട്ടു പങ്കെടുക്കുന്നവര്‍ മാത്രമല്ല. നിസ്സംഗരായി അത് കണ്ടു നില്‍ക്കുന്നവരും ഉത്തരവാദികളാണ്. ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കി: ``തങ്ങളില്‍ അധര്‍മം പ്രവര്‍ത്തിച്ചവരെ മാത്രമായിട്ടല്ലാതെ പൊതുവായി ബാധിക്കുന്ന പീഡനങ്ങളെ കാത്തുകൊള്ളുവിന്‍'' (8:25). ധര്‍മം പാലിക്കുന്നവര്‍ക്കു മാത്രമായിട്ടല്ല അല്ലാഹു പ്രകൃതിയുടെ അനുഗ്രഹങ്ങള്‍ വിതരണം ചെയ്യുന്നത്. പ്രകൃതിയുടെ പീഡനങ്ങള്‍ പങ്കുവെക്കുന്നത് അധര്‍മികള്‍ക്കു മാത്രമായിട്ടുമല്ല. എല്ലാവരും സത്യവും നീതിയും സൂക്ഷിക്കുമ്പോള്‍ എല്ലാവരും രക്ഷപ്പെടുന്നു. ചിലരുടെ അസത്യവും അനീതിയും മറ്റുള്ളവരെ കൂടി അപകടഗര്‍ത്തത്തിലേക്ക് തള്ളിവിടുന്നു.