വേണം പുതിയ സ്‌നേഹ സംവാദ സംസ്‌കാരം
ഇ.സി സൈമണ്‍ മാസ്റ്റര്‍
അതിപ്രാചീന ചരിത്രാതീതകാലത്തും ഏതെങ്കിലും തരത്തിലുള്ള മതവിശ്വാസവും ദൈവാരാധനയും മനുഷ്യനുണ്ടായിരുന്നതായി തെളിവുകളുണ്ട്. നൂറ്റാണ്ടുകള്‍ കടന്ന് യഹൂദ-ക്രൈസ്‌തവ-മുസ്‌ലിം മതങ്ങളുടെ കാലമായപ്പോഴേക്കും മതവിശ്വാസത്തിനും ഈശ്വരാരാധനക്കും വ്യക്തമായ രൂപവും ഭാവവും കൈവന്നു. ഓരോ മതത്തിനും അതിന്റേതായ വിശ്വാസ സിദ്ധാന്തങ്ങളും ആചാരാനുഷ്‌ഠാനങ്ങളും സാര്‍വത്രികമായി സ്വീകരിക്കപ്പെട്ടു.
സെമിറ്റിക് മതങ്ങളായ യഹൂദ-ക്രൈസ്‌തവ -ഇസ്‌ലാം മതതത്ത്വങ്ങള്‍ക്ക് പല കാര്യങ്ങളിലും ഉണ്ടായിരുന്ന അടുപ്പം അവ തമ്മിലുള്ള അകല്‍ച്ചക്കും കാരണമായി. ഓരോ മതസ്ഥരും മറ്റു മതസ്ഥരുടെ ആചാരക്രമങ്ങളില്‍ ബോധപൂര്‍വമായും അല്ലാതെയും ഇടപെടാന്‍ തുടങ്ങിയതോടു കൂടി മതസ്‌പര്‍ധയും മതവിരോധവും സാവധനത്തിലാണെങ്കിലും ഉടലെടുത്തു. അതില്‍ നിന്നുണ്ടാകുന്ന തീയും പുകയും ഇല്ലാതാക്കാന്‍ സമാധാനകാംക്ഷികളായ മനുഷ്യസ്‌നേഹികള്‍ ആശയവിനിയമങ്ങളിലൂടെയും സ്‌നേഹ സംവാദങ്ങളിലൂടെയും എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. പരസ്‌പരമുള്ള ഗുണകാംക്ഷയായിരുന്നു അവര്‍ക്കതിനുണ്ടായ പ്രേരണ.
പ്രബല മതങ്ങളായ ക്രൈസ്‌തവരും മുസ്‌ലിംകളും തമ്മിലുള്ള നിഴല്‍ യുദ്ധങ്ങളും പോര്‍വിളികളും ഇന്ന് ലോകത്തിന്റെ സൈ്വരജീവിതത്തിന് ഭീഷണിയാവുകയാണ്. ഇരു മതസ്ഥരുടെയും ഉള്ളില്‍ തിങ്ങിഞ്ഞെരുങ്ങി അമര്‍ന്നുകൂടുന്ന വിദ്വേഷ മര്‍ദം തടഞ്ഞുനിര്‍ത്തുന്ന ലോലമായ പുറംഭിത്തി ഭേദിച്ച് ഉഗ്രമായ ഒരു സ്‌ഫോടനം ലോകവ്യാപകമായി ഉണ്ടായേക്കുമോ എന്ന ഭയാശങ്കകള്‍ പ്രകടിപ്പിക്കുന്നവരാണ് സമചിത്തതയോടെ ചിന്തിക്കുന്ന പലരും.
മതവിദ്വേഷത്തിന്റെ അനന്തരഫലമെന്ന നിലയിലും മത സഹിഷ്‌ണുതയുടെ കുറവെന്ന നിലയിലും സംഭവിക്കാവുന്ന ആ പൊട്ടിത്തെറി ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ കഴിവുള്ളവരുടെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായും നിസ്വാര്‍ഥമായും ആരംഭിക്കുന്നതിനുള്ള സമയം ഇനിയും വൈകിപ്പോയിട്ടില്ല. കാലങ്ങളായി മനസ്സില്‍ കട്ടപിടിച്ചു കിടക്കുന്ന വെറുപ്പും വിദ്വേഷവും ഹൃദയത്തില്‍ നിന്ന് വേണം ആദ്യം നീക്കക്കളയാന്‍. ശത്രുതാ മനോഭാവത്തിന്റെ അന്ധകാരത്തിനു പകരം സ്‌നേഹത്തിന്റെ വെളിച്ചവും പ്രകാശവും കടന്നുചെല്ലണം. ആരും ആരെയും ആക്രമിക്കാനോ കൊല്ലാനോ വാളോങ്ങി എങ്ങും ഒളിച്ചു നില്‍ക്കുന്നില്ലെന്ന് ബോധ്യം വരണം. സംശയം പാടെ നീങ്ങണം. പരസ്‌പര ധാരണ ശക്തിപ്പെടുത്തുന്നതിനും അടുപ്പം വര്‍ധിപ്പിക്കുന്നതിനും സഹായകമായ ചര്‍ച്ചകളും സംവാദങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതാണ്. മറുഭാഗത്തെ പരാജയപ്പെടുത്തുകയല്ല സത്യം പരസ്‌പരം ബോധ്യപ്പെടുത്തുകയാവണം ലക്ഷ്യം. പ്രതിപക്ഷ ബഹുമാനവും മാന്യതയും നഷ്‌ടപ്പെടുത്താത്ത രീതിയിലായിരിക്കണം വിഷയം അവതരിപ്പിക്കുന്നതും ചര്‍ച്ച മുന്നോട്ട് നയിക്കുന്നതും. ഇരു ഭാഗവും തമ്മിലുള്ള സ്‌നേഹഭാവം സംവാദത്തിന്റെ ആദ്യാവസാനം നിലനില്‍ക്കുന്നതിന് പ്രത്യേകം ശ്രദ്ധ വെക്കേണ്ടതുണ്ട്. അന്യോന്യം വാങ്ങുകയും കൊടുക്കുകയും വേണം.വിട്ടുവീഴ്‌ചയോടെയുള്ള സമീപനം ഉണ്ടെങ്കിലേ സംവാദം മുന്നോട്ടുപോകൂ. ഞാന്‍ പറയുന്നത് ശരി, അതു മാത്രം മതി എന്ന മനഃസ്ഥിതി ഉണ്ടായിക്കൂടാ.
യഥാര്‍ഥമായ മതവിജ്ഞാനം മനുഷ്യനും മനുഷ്യനും തമ്മില്‍ കൂടുതല്‍ അറിയുന്നതിനും അടുക്കുന്നതിനും സഹായിക്കുന്നു, പരസ്‌പരം പൊരുതാനും പോരടിക്കാനുമല്ല മതം പഠിപ്പിക്കുന്നത്. മറിച്ച് സ്‌നേഹിക്കാനും സഹായിക്കാനുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``മനുഷ്യരേ, ഒരാണില്‍നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് നിങ്ങളെ നാം സൃഷ്‌ടിച്ചത്. അന്യോന്യം തിരിച്ചറിയാനാണ് നിങ്ങളെ വിവിധ ഗോത്രങ്ങളും വര്‍ഗങ്ങളും ആക്കിയത്. നിങ്ങളില്‍ കൂടുതല്‍ ഭക്തിയുള്ളവനാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നന്നായി ആദരിക്കപ്പെടുന്നവന്‍. അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു'' (49:13).
അല്ലാഹു വീണ്ടും പറയുന്നു: ``ജനങ്ങളേ, ഒരൊറ്റ ആത്മാവില്‍നിന്ന് നിങ്ങളെ സൃഷ്‌ടിച്ച അല്ലാഹുവിനോട് ഭക്തിയുള്ളവരാകുവിന്‍. അതേ ആത്മാവില്‍നിന്ന് അതിന്റെ ഇണയെയും സൃഷ്‌ടിച്ച് അവ രണ്ടില്‍നിന്നുമായി ധാരാളം സ്‌ത്രീ-പുരുഷന്മാരെ ലോകത്ത് പരത്തുകയും ചെയ്‌ത നിങ്ങളുടെ രക്ഷിതാവിനോട് ഭക്തിയുള്ളവരാകുവിന്‍. ആരുടെ പേരില്‍ നിങ്ങള്‍ പരസ്‌പരം അവകാശം ചോദിച്ചുകൊണ്ടിരുന്നുവോ ആ അല്ലാഹുവിനെ ഭയപ്പെടുവിന്‍; രക്തബന്ധങ്ങളെ കാത്തുസൂക്ഷിക്കുവിന്‍. നിശ്ചയം, അല്ലാഹു നിങ്ങളെ സദാ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നു'' (4:1).
ഖുര്‍ആന്‍ പ്രസ്‌താവനകളോട് യോജിച്ചുകൊണ്ട് ബൈബിള്‍ ഇങ്ങനെ പറഞ്ഞു: ``അതുകൊണ്ട് ദൈവമായ കര്‍ത്താവ് മനുഷ്യനെ ഗാഢ നിദ്രയിലാഴ്‌ത്തി, ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളില്‍ ഒന്ന് എടുത്തതിനു ശേഷം അവിടം മാംസം കൊണ്ട് മൂടി. മനുഷ്യനില്‍ നിന്ന് എടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്‌ത്രീക്ക് രൂപം കൊടുത്തു. അവളെ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവും. നരനില്‍നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും. അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോട് ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും'' (ഉല്‍പത്തി 2:21-24).
ഭൂമിയിലുള്ള മുഴുവന്‍ മനുഷ്യരുടെയും പൊതുസ്വഭാവം വിവരിച്ചുകൊണ്ട് അവരെ ചിന്തിപ്പിക്കുന്നതിനു വേണ്ടി ഏറ്റവും നിസ്സാരാവസ്ഥയില്‍ നിന്നുള്ള അവന്റെ വളര്‍ച്ചയും ഭാവിയിലെ അനിവാര്യമായ തിരിച്ചുപോക്കും ഖുര്‍ആന്‍ തന്മയത്വത്തോടെ കൃത്യമായി വിവരിക്കുന്നു: ``മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ച് ഇനിയും നിങ്ങള്‍ക്ക് സംശയമാണോ? എങ്കില്‍, ആദ്യം മണ്ണില്‍ നിന്നും പിന്നെ ബീജത്തില്‍ നിന്നും എന്നിട്ട് രക്തകട്ടയില്‍ നിന്നും അതു കഴിഞ്ഞ് രൂപമുള്ളതും ഇല്ലാത്തതുമായ മാംസക്കട്ടയില്‍നിന്നും നാമാണ് നിങ്ങളെ സൃഷ്‌ടിച്ചത്. കാര്യങ്ങള്‍ നിങ്ങളറിയാന്‍ വേണ്ടിയാണ് ഇങ്ങനെ വിശദീകരിക്കുന്നത്. നാമുദ്ദേശിക്കുന്നവയെ ഗര്‍ഭാശയങ്ങളില്‍ ഒരു നിശ്ചിത കാലം വരെ താമസിപ്പിക്കുന്നു. അതിനു ശേഷം ശിശുക്കളായി നിങ്ങള്‍ പുറത്തുവരുന്നു. പിന്നെ നിങ്ങള്‍ക്ക് പ്രായപൂര്‍ത്തിയെത്തുന്നു. എന്നാല്‍, ചിലര്‍ നേരത്തെ മരിച്ചുപോകുന്നു. വേറെ ചിലരാകട്ടെ പടു വാര്‍ധക്യത്തിലേക്ക് തള്ളപ്പെടുന്നു. എല്ലാം അറിഞ്ഞ ശേഷം യാതൊന്നും അറിയാത്തവരായി അങ്ങനെയവര്‍ മാറുന്നു.
ഭൂമി വരണ്ടു കിടക്കുന്നതു നിനക്ക് കാണാം, നാം മഴ പെയ്യിക്കുമ്പോള്‍ അത് ഉണരുകയും വികസിക്കുകയും കൗതുകമുള്ള പലതരം സസ്യങ്ങള്‍ മുളപ്പിക്കുകയും ചെയ്യുന്നു.
മരിച്ചുപോയവരെ ജീവിപ്പിക്കുന്നവനും എല്ലാത്തിനും കഴിവുള്ളവനുമായ അല്ലാഹുവാണ് പരമമായ സത്യം. അന്ത്യനാള്‍ വന്നെത്തുമെന്നതിലും കുഴിമാടങ്ങളില്‍ കിടക്കുന്നവരെ അല്ലാഹു എഴുന്നേല്‍പിക്കുമെന്നതിലും യാതൊരു സംശയവുമില്ല'' (22:5-7).
വളരെ ഹ്രസ്വമായ കാലത്തേക്കു മാത്രമുള്ള ഈ ജീവിതം വെറുപ്പും വിദ്വേഷവും നിറഞ്ഞ മത്സരത്തില്‍ കൂടി നശിപ്പിക്കാനുള്ളതല്ലെന്നും സഹജീവികള്‍ക്കു നന്മ ചെയ്‌തും നന്മ തിരിച്ചുവാങ്ങിയും സ്‌നേഹത്തിലും സൗഹൃദത്തിലും ജീവിക്കണമെന്നുമാണ് ഖുര്‍ആന്റെ ആഹ്വാനം. അതിലേക്ക് തന്നെയാണ് ബൈബിളിന്റെ വിളിയും. രണ്ട് ഗ്രന്ഥങ്ങളും കാണിക്കുന്ന വഴി ഒന്നുതന്നെ.
ക്രൈസ്‌തവരും മുസ്‌ലിംകളും തമ്മില്‍ പല കാര്യങ്ങളിലും വലുതായ അടുപ്പമുണ്ടെങ്കിലും കാലപ്പഴക്കം കൊണ്ട് വിശ്വാസകാര്യങ്ങളില്‍ പ്രവാചകന്മാര്‍ കാണിച്ചതും പഠിപ്പിച്ചതുമായ ദൈവിക മാര്‍ഗത്തില്‍ നിന്ന് ക്രൈസ്‌തവര്‍ ഏറെ അകന്നുപോകാനിടയായി. ഏകദൈവവിശ്വാസത്തിന്റെ കാര്യത്തിലും ഈ മാറ്റം സംഭവിച്ചതിനാല്‍ അവരെ ഇസ്‌ലാമിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് ക്ഷണിക്കേണ്ട ബാധ്യത മുസ്‌ലിംകള്‍ക്കുണ്ട്. നബി ആ ചുമതല പരമാവധി നിര്‍വഹിക്കുകയും ഖുര്‍ആന്‍ ഇപ്പോഴും അത് തുടരുകയും ആണെന്ന് കാണാം. എന്നാല്‍ വളരെ കരുതലോടെയും ബുദ്ധിപൂര്‍വകവും ആയിരിക്കേണ്ടതാണ് ആ പ്രക്രിയ എന്ന ബോധം എപ്പോഴും വേണം നല്ല പോലെ.
ഖുര്‍ആന്‍ തന്നെ അത് പറയുന്നു: ``വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്- അവരില്‍ നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്) പറയുക: ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന് കീഴ്‌പ്പെട്ടവരുമാകുന്നു'' (29:46).
``തത്ത്വദീക്ഷയോടും സദുപദേശത്തോടും കൂടി നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റവും നല്ല നിലയില്‍ നീ അവരോട് സംവദിക്കുകയും ചെയ്യുക. ദൈവമാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചവരെ നിന്റെ നാഥന് നന്നായി അറിയാം. സന്മാര്‍ഗം പ്രാപിച്ചവരെയും അവനറിയാം'' (16:125).
ഇസ്രയേല്‍ക്കാരെയും ക്രൈസ്‌തവരെയും പ്രത്യേകമായി അഭിസംബോധന ചെയ്‌ത് ഖുര്‍ആനില്‍ അല്ലാഹു ഇങ്ങനെ വിളിക്കുന്നു: ``വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന ഒത്തിരി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്‌ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ വേദവും വന്നെത്തിയിരിക്കുന്നു.
തന്റെ തൃപ്‌തി തേടിയവരെ അല്ലാഹു വേദം വഴി സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുന്നു. തന്റെ ഹിതത്താല്‍, അവരെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. നേരായ വഴിയിലൂടെ നയിക്കുകയും ചെയ്യുന്നു'' (5:15,16).
അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കികൊണ്ട് ആ മാര്‍ഗം സ്വീകരിക്കുന്നവര്‍ക്കായി അല്ലാഹു വെച്ചു നീട്ടുന്ന വാഗ്‌ദാനം അതിമഹത്തും വിലമതിക്കാനാവാത്തതുമാണ്. അതിങ്ങനെ: ``സത്യവിശ്വാസം സ്വീകരിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അവന്റെ ദൂതനില്‍ വിശ്വസിക്കുക. എങ്കില്‍ തന്റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ക്കവന്‍ രണ്ട് ഓഹരി നല്‍കും. നിങ്ങള്‍ക്ക് നടക്കാനാവശ്യമായ വെളിച്ചം സമ്മാനിക്കും. നിങ്ങള്‍ക്ക് മാപ്പേകും. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ'' (57:28).
ഇസ്‌ലാം എന്നാല്‍ എന്താണെന്നതിനെപ്പറ്റി അധികം പേര്‍ക്കുമില്ല ശരിയായ ഒരവബോധം. മുസ്‌ലിംകള്‍ പോലും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലാത്തതാണ് ആ പദമെന്നുള്ളതാണ് ഏറെ ഖേദകരം. മുസ്‌ലിം പേരുള്ളവരെല്ലാം മുസ്‌ലിംകള്‍ എന്നാണ് ഇന്നത്തെ പൊതുവായ ധാരണ. വിശുദ്ധ ഖുര്‍ആന്റെ വിവക്ഷയും വിശദീകരണവും വെച്ചു നോക്കുമ്പോള്‍ യഥാര്‍ഥ മുസ്‌ലിംകള്‍ ലോകത്താകമാനം തന്നെ തീരെ വിരളം എന്നാണ് അവസ്ഥ. അല്ലാഹുവിന് പൂര്‍ണമായി വഴങ്ങി അവന്റെ കല്‍പനകള്‍ പാലിച്ച് അവനു മാത്രം കീഴ്‌പ്പെട്ട് അവനെ മാത്രം ആരാധിച്ച് അവനോട് മാത്രം പ്രാര്‍ഥിക്കുന്നവരുടെ മതമാണ് ഇസ്‌ലാം. അങ്ങനെ ചെയ്യുന്നവരാണ്, അവര്‍ മാത്രമാണ് മുസ്‌ലിംകള്‍. അതുകൊണ്ടാണ് ഓരോ നേരത്തെ പ്രാര്‍ഥനാ നമസ്‌കാരങ്ങളിലും ഈ അര്‍ഥത്തിലുള്ള സത്യപ്രസ്‌താവന മുസ്‌ലിംകള്‍ ആവര്‍ത്തിക്കുന്നത്. ഇസ്‌ലാം എന്ന വാക്കിന് സമാധാനം എന്നുമുണ്ട് അര്‍ഥം.
ഖുര്‍ആന്‍ ഇങ്ങനെ വിശദീകരിക്കുന്നു: ``നിങ്ങള്‍ പ്രഖ്യാപിക്കുക: അല്ലാഹുവിലും ഞങ്ങള്‍ക്കവതരിച്ചു കിട്ടിയ പ്രബോധനത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു; ഇബ്‌റാഹീമിനും ഇസ്‌മാഈലിനും ഇസ്‌ഹാഖിനും യഅ്‌ഖൂബിനും സന്തതികള്‍ക്കും മൂസക്കും ഈസ(യേശു)ക്കും മറ്റു പ്രവാചകന്മാര്‍ക്കും സ്വന്തം നാഥനില്‍ നിന്ന് അവതരിച്ചു കിട്ടിയതിലും വിശ്വസിക്കുന്നു ഞങ്ങള്‍. അവരിലാര്‍ക്കും ഒരു വ്യത്യാസവും ഞങ്ങള്‍ കല്‌പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്‌പ്പെട്ടവരാണ്''(2:136).
``ചോദിക്കുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും നാഥനല്ലോ. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മഫലം. നിങ്ങള്‍ക്ക് നിങ്ങളുടേതും. ഞങ്ങള്‍ ആത്മാര്‍ഥമായും അവന് മാത്രം കീഴൊതുങ്ങിക്കഴിയുന്നവരാണ്'' (2:139).
യഹൂദ-ക്രൈസ്‌തവ മതങ്ങളെ സംബന്ധിച്ചുമുണ്ട് ഇതുപോലെ അബദ്ധ ധാരണ. പ്രവാചകന്മാരായ അബ്രഹാം (ഇബ്‌റാഹീം നബി), ഇസ്‌മായേല്‍, ഇസ്‌ഹാഖ്, യാക്കോബ് (യഅ്‌ഖൂബ്), അദ്ദേഹത്തിന്റെ സന്തതികള്‍ എന്നിവര്‍ യഹൂദരോ ക്രൈസ്‌തവരോ ആയിരുന്നില്ലെന്ന് ഖുര്‍ആന്‍ പറയുന്നു: ``ഇബ്‌റാഹീമും ഇസ്‌മാഈലും ഇസ്‌ഹാഖും യഅ്‌ഖൂബും അദ്ദേഹത്തിന്റെ സന്താനങ്ങളും ജൂതരോ ക്രിസ്‌ത്യാനികളോ ആയിരുന്നുവെന്നാണോ നിങ്ങള്‍ വാദിക്കുന്നത്? ചോദിക്കുക: നിങ്ങളാണോ ഏറ്റവും നന്നായി അറിയുന്നവര്‍? അതോ അല്ലാഹുവോ? അല്ലാഹുവില്‍ നിന്നു വന്നെത്തിയ തന്റെ വശമുള്ള സാക്ഷ്യം മറച്ചുവെക്കുന്നവനേക്കാള്‍ വലിയ അക്രമി ആരുണ്ട്? നിങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഒട്ടും അശ്രദ്ധനല്ല അല്ലാഹു'' (2:140).
(തുടരും